കൊറിയന്‍ മുഖങ്ങളുള്ള ലോക സിനിമകള്‍


ടി സുരേഷ്ബാബു

2004-ല്‍ കിം കി ഡുക്ക് സംവിധാനം ചെയ്ത 3-അയേണ്‍ എന്ന ചിത്രവുമായി ബ്രെത്തിനു സമാനതകളുണ്ട്. രണ്ടു ചിത്രങ്ങളിലും കഥാനായകന്മാര്‍ സംസാരിക്കുന്നില്ല. ആറു വീടുകളും തടവറയുമാണ് 3-അയേണില്‍ പ്രത്യക്ഷപ്പെടുന്നത്.

കിം കി ഡുക്ക്| Photo: AFP

അന്തരിച്ച ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ ബ്രെത്ത് (Breath)ന്ന സിനിമയുടം പഠനം വായിക്കാം. ടി. സുരേഷ് ബാബു രചിച്ച് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ കാഴ്ചയുടെ ഭൂപടം എന്ന പുസ്തകത്തില്‍ നിന്നും

ന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രിയങ്കര സാന്നിധ്യമാണ് കിം കി ഡുക്കിന്റെ സിനിമകള്‍. 1996-ല്‍ ക്രൊക്കഡൈല്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ തെക്കന്‍ കൊറിയക്കാരന്‍ വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചലച്ചിത്രമേളകളില്‍ എത്തിക്കാറുണ്ട്. സാധാരണമനുഷ്യരുടെ വേദനകള്‍ അസാധാരണമായ ഉള്‍ക്കാഴ്ചയോടെ രേഖപ്പെടുത്തുന്നു ഈ ചിത്രങ്ങള്‍.

ജീവിതവും മരണവും സ്‌നേഹവും സ്‌നേഹനിരാസവും ബന്ധവും ബന്ധനങ്ങളും ആത്മീയതയും വയലന്‍സും രതിയുമൊക്കെ കിമ്മിന്റെ ക്യാമറക്കണ്ണില്‍ കടുത്ത ചായങ്ങളോടെ പതിയുന്നു. ഇതൊക്കെയാണെങ്കിലും ജന്മനാട്ടില്‍ കിം അത്ര ജനപ്രിയനല്ല. തങ്ങള്‍ക്ക് അഹിതമായ ചില ഘടകങ്ങള്‍ കൊറിയന്‍ ജനത കിമ്മിന്റെ ചിത്രങ്ങളില്‍ കണ്ടെത്തുന്നു. തങ്ങളുടെ ജീവിതമല്ല കിം പകര്‍ത്തുന്നതെന്ന് അവര്‍ക്ക് തോന്നുന്നു. കിം ചിത്രങ്ങളിലെ കടുത്ത രതിരംഗങ്ങളും സ്ത്രീവിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന നിലപാടും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. തെക്കന്‍ കൊറിയക്കാരുടെ തോന്നലുകള്‍ ഒരര്‍ഥത്തില്‍ ശരിയാണ്. ഏതെങ്കിലുമൊരു പ്രത്യേക ജനവിഭാഗത്തിന്റെ കഥയല്ല കിം തന്റെ ചിത്രങ്ങളില്‍ പറയുന്നത്. കഥാപാത്രങ്ങള്‍ക്ക് കൊറിയന്‍ മുഖങ്ങളുണ്ടെന്നേയുള്ളൂ. അവര്‍ ജീവിക്കുന്നത് കൊറിയയില്‍നിന്ന് ഏറെ അകലമുള്ള വ്യത്യസ്തമായ പരിസരങ്ങളിലാണ്.

മനുഷ്യബന്ധങ്ങളിലെ അടുപ്പങ്ങളും അകല്‍ച്ചകളും ഏതോ അദൃശ്യശക്തിയുടെ ചരടുവലികളാണെന്ന് വിശ്വസിക്കാനാണ് കിമ്മിനിഷ്ടം. ഈ വിശ്വാസമാണ് ബ്രെത്ത് (Breath) എന്ന ചിത്രത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്. 2007-ല്‍ കാന്‍ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്. ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന യുവാവും അയാളോടു സ്‌നേഹം തോന്നുന്ന വീട്ടമ്മയായ യുവതിയും തമ്മിലുള്ള അപൂര്‍വബന്ധത്തിന്റെ കഥയാണ് ബ്രെത്ത്. ഭാര്യയെയും രണ്ടു മക്കളെയും കൊന്നതാണ് ജാങ് ജിന്‍ എന്ന യുവാവിന്റെ പേരിലുള്ള കുറ്റം. മരണം കാത്തുള്ള കിടപ്പ് അവനെ അസ്വസ്ഥനാക്കുന്നു. സ്വയം വിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണവന്‍. തന്റെ സെല്ലിലെ ചിത്രകാരന്റെ അറ്റം കൂര്‍ത്ത ടൂത്ത് ബ്രഷ് കഴുത്തില്‍ കുത്തിയിറക്കി ജാങ് മരിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, ശ്രമം വിജയിക്കുന്നില്ല. ടെലിവിഷനില്‍ വാര്‍ത്തയിലൂടെയാണ് യുവതി ജാങ്ങിന്റെ കഥയറിയുന്നത്. അവള്‍ ജയിലില്‍ അവനെ കാണാനെത്തുന്നു.

breath
ബ്രെത്ത് (Breath)

അവന്റെ മുന്‍ കാമുകി എന്നു വിശേഷിപ്പിച്ചാണ് അവള്‍ സന്ദര്‍ശനാനുമതി നേടുന്നത്. കഴുത്തില്‍ ആഴത്തിലേറ്റ മുറിവു കാരണം ജാങ്ങിന്റെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ആദ്യത്തെ കാഴ്ചയില്‍ത്തന്നെ അവള്‍ സംസാരിച്ചത് മരണത്തെക്കുറിച്ചാണ്. ഒന്‍പതു വയസ്സുള്ളപ്പോള്‍ വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ചുനിന്ന് അഞ്ചു മിനിറ്റുനേരം മരണത്തെ മുഖാമുഖം കണ്ട അനുഭവം. ഒന്നും ശബ്ദിക്കാനാവാതെ അവന്‍ അവളുടെ സംസാരം കേട്ടിരുന്നു. അവള്‍ വീണ്ടും വീണ്ടും അവനെ കാണാനെത്തി. ജയിലഴികള്‍ക്കു പുറത്ത് മറ്റൊരു മുറിയില്‍ അദൃശ്യനായ ഒരു ജയിലധികാരിയുടെ വീഡിയോ നേത്രങ്ങള്‍ക്കു ചുവടെ അവര്‍ പരസ്പരം അടുക്കുന്നു. തന്റെ ഭര്‍ത്താവ് പഴയ കാമുകിയുമായി ഇപ്പോഴും തുടര്‍ന്നുവരുന്ന ബന്ധമാണ് യുവതിയെ പ്രകോപിതയാക്കുന്നത്. ഭര്‍ത്താവറിഞ്ഞിട്ടും അവള്‍ ജയില്‍സന്ദര്‍ശനം നിര്‍ത്തുന്നില്ല. അവസാനം, കുടുംബത്തിന്റെ തണലിലേക്കും സാന്ത്വനത്തിലേക്കും ആഹ്ലാദത്തിലേക്കും ഭാര്യയും ഭര്‍ത്താവും തിരിച്ചുപോകുന്നതോടെ സിനിമ അവസാനിക്കുന്നു.

രണ്ടു പശ്ചാത്തലങ്ങളേ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഒന്ന് വീടാണ്. മറ്റൊന്ന് തടവറയും. കഥാനായികയുടെ വീക്ഷണത്തില്‍ വീടും തടവറയും ഒന്നാണ്. അവിശ്വസ്തനായ ഭര്‍ത്താവിന്റെ വഞ്ചനയാണ് അവളെ മറ്റൊരു ബന്ധത്തിനു പ്രേരിപ്പിക്കുന്നത്. ചിത്രകാരിയും ശില്പിയുമാണവള്‍. എപ്പോഴും അസ്വസ്ഥമാണ് അവളുടെ മനസ്സ്. കുട്ടിക്കാലത്ത് നോട്ടുപുസ്തകങ്ങളില്‍ ചിത്രം വരച്ചതിന് അച്ഛന്‍ അവളെ തല്ലുമായിരുന്നു. ഇപ്പോള്‍ അരസികനായ ഭര്‍ത്താവും അവളുടെ കലാവാസനയെ നികൃഷ്ടമായാണ് കാണുന്നത്. കളിമണ്ണില്‍ ശില്പമുണ്ടാക്കുന്ന നേരംകൊണ്ട് പുറത്തിറങ്ങി നാലാളെ കണ്ടുകൂടേ എന്നാണയാളുടെ ഉപദേശം.

ഓരോ രംഗവും സൂക്ഷ്മമായി അടുക്കിവെച്ച് തടവറയിലെ പ്രണയം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നത് കിം നമുക്ക് കാണിച്ചുതരുന്നു. ആദ്യം, ഒരു ചില്ലുമതിലിന്നിപ്പുറവും അപ്പുറവുമായാണ് ജാങ്ങിന്റെയും യുവതിയുടെയും കൂടിക്കാഴ്ച. ചില്ലിലെ ചെറിയ ദ്വാരത്തിലൂടെ അവളുടെ ഒരു മുടിയിഴ പറിച്ചെടുത്ത്, ചില്ലിന്മേല്‍ ഒരു ചുംബനവും പതിച്ച് അവന്‍ തടവറയിലേക്കു തിരിച്ചുപോകുന്നു. വീണ്ടും അവള്‍ വരുമ്പോള്‍ അവര്‍ക്കിടയില്‍ ചില്ലുമതിലില്ല. ഒരു മുറിയിലാണവരുടെ തുടര്‍ന്നുള്ള കൂടിക്കാഴ്ചകള്‍. മരണത്തിലേക്ക് നടന്നടുക്കുന്ന തടവുകാരനില്‍ ഋതുഭേദങ്ങളെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും രതിയെക്കുറിച്ചുമുള്ള ചിന്തകളുണര്‍ത്തുകയാണ് സംവിധായകന്‍. ഓരോ തവണയും ചുമരില്‍ പതിക്കാനുള്ള ചിത്രങ്ങളുമായെത്തുന്ന യുവതി ആ കൊച്ചുമുറിയില്‍ അവനുവേണ്ടി വസന്തവും ഗ്രീഷ്മവും ശരത്കാലവും സൃഷ്ടിക്കുന്നു.

സിയോറാക് മലയില്‍ പൂക്കളെ സ്‌നേഹിച്ചു നടന്ന പെണ്‍കുട്ടിയുടെ കാമുകനെക്കുറിച്ചും ഭര്‍ത്താവായപ്പോള്‍ അയാളെ തനിക്കു നഷ്ടപ്പെട്ടതിനെക്കുറിച്ചും അവള്‍ പറയുന്നു. ആദ്യസന്ദര്‍ശനത്തില്‍ ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രമാണ് അവള്‍ ജാങ്ങിനു നല്കുന്നത്. പിന്നീടത് യുവതിയുടെ ചിത്രമായി. ഒടുവില്‍, ഓട്ടോമാറ്റിക് ക്യാമറയില്‍ പകര്‍ത്തിയ തന്റെ നഗ്നചിത്രമാണവള്‍ നല്കാന്‍ ശ്രമിക്കുന്നത്. എല്ലാം ഒരു സ്വപ്‌നം എന്നു വിശ്വസിക്കാന്‍ പ്രേരിപ്പിച്ച് കിം സിനിമ അവസാനിപ്പിക്കുന്നു. തടവറയിലെ ചുമരില്‍ ടൂത്ത് ബ്രഷ് കൊണ്ട് ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യം കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമ തടവറയില്‍ത്തന്നെയാണ് അവസാനിക്കുന്നതും. (അവസാനരംഗം: മഞ്ഞ് പെയ്തുകൊണ്ടിരിക്കേ യുവതിയും ഭര്‍ത്താവും മകളും കാറില്‍ വീട്ടിലേക്ക് മടങ്ങുകയാണ്. അവളപ്പോള്‍ പാടുന്നത് തന്റെ സ്വപ്‌നങ്ങളില്‍ പടര്‍ന്നുകയറിയ ഊഷ്മളമായ പുഞ്ചിരിയെക്കുറിച്ചാണ്. ക്യാമറ തടവറയിലേക്ക് നീങ്ങുമ്പോള്‍ നമ്മള്‍ കാണുന്നത് സഹതടവുകാരന്‍ പിന്നിലൂടെ ജാങ്ങിന്റെ കഴുത്തില്‍ കൈയിട്ട് ഞെരിക്കുന്നതാണ്. അടുത്ത രംഗത്തില്‍ കാര്‍ നമുക്കഭിമുഖമായി വരുന്നു. വീണ്ടും തടവറ. നാലു തടവുകാരും വട്ടത്തില്‍ ചുരുണ്ടുകൂടിക്കിടക്കുകയാണ്. അതില്‍ രണ്ടുപേര്‍ ഉരുണ്ട് പിന്നിലേക്ക് മാറുന്നു. ഇപ്പോള്‍, ക്ലോസപ്പില്‍ ജാങ് ജിന്നും സഹതടവുകാരനും മാത്രം.)

kazhcha
പുസ്തകം വാങ്ങാം

2004-ല്‍ കിം കി ഡുക്ക് സംവിധാനം ചെയ്ത 3-അയേണ്‍ എന്ന ചിത്രവുമായി ബ്രെത്തിനു സമാനതകളുണ്ട്. രണ്ടു ചിത്രങ്ങളിലും കഥാനായകന്മാര്‍ സംസാരിക്കുന്നില്ല. ആറു വീടുകളും തടവറയുമാണ് 3-അയേണില്‍ പ്രത്യക്ഷപ്പെടുന്നത്. ആറു വീടുകളും ഒരര്‍ഥത്തില്‍ അസംതൃപ്തരുടെ ലോകമാണ്. അടച്ചിട്ട ആ വീടുകളില്‍ അതിക്രമിച്ചുകയറി ഒന്നോ രണ്ടോ ദിവസം അവിടെ താമസിക്കുന്ന ടോ-സുക്ക് എന്ന ചെറുപ്പക്കാരനാണ് 3-അയേണിലെ നായകന്‍. ഒരു സമ്പന്നന്റെ അസംതൃപ്തയായ ഭാര്യയെയും അവന്‍ സ്വന്തമാക്കുന്നു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Kim ki duk movie Breathe Malayalam review

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented