ധ്യാനപൂർണമായ വാക്കുകളാണ് ഖലീൽ ജിബ്രാന്റേത്. അവയ്ക്ക് സുഗന്ധമുണ്ട്, ദൈവികതയുടെ സ്പർശമുണ്ട്. ജിബ്രാന്റെ ‘ആത്മീയ സുഭാഷിതങ്ങൾ’ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങളാണ് ഇവ. 

 • തുഷാരബിന്ദുവിലെ ധ്യാനത്തില്‍ ഞാന്‍ സമുദ്രത്തിന്റെ രഹസ്യം കണ്ടെത്തി.
 • പ്രേരണകളാലും ശീലങ്ങളാലുമല്ലാതെ, യുക്തി മുഖേന നയിക്കപ്പെടുന്ന ഒരു മനുഷ്യനെ ഞാനെവിടെയാണു കണ്ടെത്തുക?
 • പുരസ്‌കാരങ്ങള്‍ അധികരിക്കുമ്പോള്‍ ഒരാള്‍ക്ക് സുഹൃത്തുക്കള്‍ കുറയുന്നു.
 • നിങ്ങളൊരു ദരിദ്രനാണെങ്കില്‍, സമ്പന്നതയുടെ മുഴക്കോലുകൊണ്ട് മനുഷ്യരെ അളക്കുന്നവരില്‍നിന്ന് അകന്നുനില്ക്കുക.
 • സ്വപ്നങ്ങളും അഭിലാഷങ്ങളും ഇല്ലാത്തവരുടെ അധിപതിയായിരിക്കുന്നതിനെക്കാള്‍, ഏറ്റവും എളിയവരുടെ ഇടയില്‍, പൂര്‍ത്തീകരിക്കാനുള്ള ദര്‍ശനങ്ങളോടെ, സ്വപ്നംകാണുന്ന ഒരുവനായി ജീവിക്കുന്നതിനാണ് ഞാനാഗ്രഹിക്കുന്നത്.
 • പ്ലേഗിനെക്കുറിച്ച് ആളുകള്‍ പറയുന്നത് ഭയത്തോടെയും ഭീതിയോടെയുമാണ്. എന്നാല്‍ അലക്‌സാണ്ടറിനെയും നെപ്പോളിയനെയും പോലെയുള്ള വിധ്വംസകരെക്കുറിച്ച് നിര്‍വൃതിജനകമായ ഭക്ത്യാദരങ്ങളോടെയാണവര്‍ സംസാരിക്കുന്നത്.
 • സ്പന്ദിക്കുന്ന സന്തോഷമാണു പ്രണയം. 
 • ജീവിതത്തിന്റെ പരമപ്രധാനമായ രണ്ടു സമ്മാനങ്ങള്‍, സൗന്ദര്യവും സത്യവും. ഇവയിലൊന്നാമത്തേത് ആര്‍ദ്രതയുള്ളൊരു ഹൃദയത്തിലും രണ്ടാമത്തേത് തൊഴിലാളിയുടെ കൈയിലും ഞാന്‍ കണ്ടെത്തി.
 • ലുബ്ധന്മാരിലൊഴികെ, മിതവ്യയം ആഭിജാത്യമായ ഒന്നാണ്.
 • അവര്‍ ഭക്ഷിക്കുന്നതു ഞാന്‍ കണ്ടു; അവരാരെന്ന് എനിക്കു മനസ്സിലായി.
 • സ്വന്തം സ്വപ്നങ്ങളെ സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും പരിഭാഷപ്പെടുത്തുന്നതിലും കൂടുതലായി ഒരാള്‍ക്കും അധഃപതിക്കാനാവില്ല.
 • പിടിവാശിക്കാരനായ ഒരു ജല്പകനോട് ഒരാള്‍ പറഞ്ഞു, 'നിങ്ങളുടെ സംഭാഷണം വേദനിക്കുന്ന ഹൃദയത്തെ ആശ്വസിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.' അതുകേട്ട് അയാള്‍ നിശ്ശബ്ദനാകുകയും താനൊരു ഭിഷഗ്വരനാണെന്നവകാശപ്പെടുകയും ചെയ്തു.
 • ചുംബിക്കുമ്പോള്‍ കരണത്തടിക്കുകയും കരണത്തടിക്കുമ്പോള്‍ എന്റെ കാലടി ചുംബിക്കുകയും ചെയ്യുന്നവനെക്കുറിച്ച് ഞാനെന്തു പറയും?
 • സ്‌നേഹത്തിനുവേണ്ടി യാചിച്ച് വൈകാരികത കൈവരുന്ന ഒരാളുടെ ജീവിതം എത്ര കഠിനമാണ്.
 • ദൈവത്തോടടുക്കാന്‍ മനുഷ്യരുമായി അടുപ്പത്തിലാകുക.
 • വിവാഹമെന്നത് ജീവിതമോ മരണമോ ആണ്; അതിനിടയിലുള്ള ഒന്നുമല്ല.
 • 'ഞാന്‍ ജനങ്ങളുടെ വഴി പ്രകാശമാനമാക്കുന്നതിനുള്ള മെഴുകുതിരിയാണ്' എന്നു പറയുന്നവരില്‍നിന്ന് എന്നെ അകറ്റിനിര്‍ത്തുക. പക്ഷേ, ആളുകള്‍ ചൊരിയുന്ന വെളിച്ചത്തിലൂടെ തന്റെ വഴി തേടുന്ന ഒരുവനുണ്ടെങ്കില്‍, അവനെ എന്റെയരികിലേക്കു കൊണ്ടുവരിക.  
 • ശരീരത്തിന്റെ ഭാഗമായി മാറിയിട്ടില്ലാത്ത മനസ്സില്‍ ജീവിക്കുക എന്നത് അടിമത്തമാണ്.
 • ചില മസൃണമുഖങ്ങള്‍ പരുക്കന്‍തുണികൊണ്ട് മൂടപ്പെട്ടിരിക്കുന്നു.
 • ചിലരെ കാണുന്നതൊഴിവാക്കുന്നതിനായി കണ്ണുകളടയ്ക്കുമ്പോള്‍, അവര്‍ക്കുനേരേ ഞാന്‍ കണ്ണുചിമ്മിയതായി അവര്‍ കരുതുന്നു.
 • എന്റെ ദൃഷ്ടാന്തം അജ്ഞാനിയെ ബോധ്യപ്പെടുത്തുന്നു, ബുദ്ധിമാന്റെ ദൃഷ്ടാന്തം എനിക്കു ബോധ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ, ജ്ഞാനത്തിനും അജ്ഞാനത്തിനും ഇടയില്‍ യുക്തി വര്‍ത്തിക്കുന്ന ഒരാളെ എനിക്ക് ബോധ്യപ്പെടുത്താനാവില്ല, അയാള്‍ക്ക് എന്നെയും.
 • മതത്തിന്റെ ലക്ഷ്യം പ്രതിഫലമാണെങ്കില്‍, ദേശസ്‌നേഹം സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടിയുള്ളതാണെങ്കില്‍, വിദ്യാഭ്യാസം നേടുന്നത് സ്ഥാനക്കയറ്റത്തിനുവേണ്ടിയാണെങ്കില്‍ ഞാനൊരു മതവിശ്വാസിയോ ദേശസ്‌നേഹിയോ ആകാനാഗ്രഹിക്കുന്നില്ല, ഒരെളിയ അജ്ഞാനിയായിത്തന്നെ തുടരുകയും ചെയ്യും.
 • നാം, വാനരന്മാരുമായുള്ള ബന്ധുത്വം നിഷേധിച്ചതുപോലെ, ജനങ്ങള്‍ നമ്മോടുള്ള ബന്ധുത്വം നിഷേധിക്കുന്ന കാലത്ത് ഒരു യുഗം പിറക്കുന്നു.
 • ചിലര്‍ കാതുകള്‍കൊണ്ടു കേള്‍ക്കുന്നു, ചിലര്‍ ഉദരംകൊണ്ടു കേള്‍ക്കുന്നു, ചിലര്‍ കീശകൊണ്ടു കേള്‍ക്കുന്നു, ചിലരാണെങ്കിലോ കേള്‍ക്കുന്നതേയില്ല.
 • ചില ആത്മാക്കള്‍ സ്‌പോഞ്ചുപോലെയാണ്. നിങ്ങളില്‍നിന്ന് ആഗിരണം ചെയ്തതല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കവയില്‍നിന്ന് പിഴിഞ്ഞെടുക്കാനാവില്ല.
 • രണ്ടു വ്യക്തികള്‍ സമാനരായാല്‍, ലോകം അവരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വലുപ്പപ്പെടില്ല.
 • ജനനം, വിവാഹം, മരണം; ജനനം, വിവാഹം, മരണം; ജനനം, വിവാഹം, മരണം; ഇതാണു മനുഷ്യചരിത്രം. എന്നാലപ്പോള്‍ വിചിത്രമായ ആശയങ്ങളുള്ള ഒരു ഭ്രാന്തന്‍ ജനങ്ങള്‍ക്കുമുന്‍പില്‍ പ്രത്യക്ഷപ്പെടുകയും ജനനത്തിനും വിവാഹത്തിനും മരണത്തിനുമപ്പുറം ഏറെ കാര്യങ്ങള്‍ തങ്ങളുടെ സ്വപ്നത്തില്‍ കാണുന്ന ഏറെ പരിഷ്‌കൃതരായവരുടെ മറ്റൊരു ലോകത്തെക്കുറിച്ചു പറയുകയും ചെയ്യുന്നു.
 • ഒരിക്കലുമൊരു വിത്തു വിതയ്ക്കുകയോ ഒരു കല്ലു പാകുകയോ ഒരു കുപ്പായം നെയ്യുകയോ ചെയ്യാതെ, രാഷ്ട്രീയം തന്റെ ഉപജീവനത്തിനുള്ള തൊഴിലാക്കിമാറ്റുന്ന ഒരുവന്‍ തന്റെ ദേശത്തിന് ദുരന്തങ്ങള്‍ സമ്മാനിക്കുന്നു.
 • അലങ്കാരങ്ങള്‍കൊണ്ടൊരാള്‍ തന്റെ വൈരൂപ്യത്തെ ഏറ്റുപറയുന്നു.
 • സംതൃപ്തിയിലാണു നിശ്ശബ്ദത വസിക്കുന്നതെന്നവര്‍ പറയുന്നു; പക്ഷേ, തിരസ്‌കരണവും നിഷേധവും നിന്ദയും നിശ്ശബ്ദതയില്‍ കുടികൊള്ളുന്നെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
 • എന്റെ ആത്മാവില്‍ വേരുകള്‍ ആഴ്ത്തിയിട്ടില്ലാത്ത ഒരജ്ഞാനിയെയും ഞാനിനിയും കണ്ടുമുട്ടിയിട്ടില്ല.
 • സത്യം പ്രബോധനത്തിന്റെ മകളാണ്; വിശകലനവും സംവാദവും ആളുകളെ സത്യത്തില്‍ നിന്നകറ്റുന്നു.
 • ചെയ്യാത്ത പാപത്തിന് നിങ്ങളോടു ക്ഷമിക്കുന്ന ഒരാള്‍ സ്വന്തം കുറ്റത്തിന് സ്വയം മാപ്പു നല്കുന്നു.
 • അഭിലാഷമെന്നത് ഒരുവിധത്തിലുള്ള പ്രവൃത്തിയാണ്.
   

( ഖലീൽ ജിബ്രാന്റെ ‘ആത്മീയ സുഭാഷിതങ്ങൾ’ എന്ന പുസ്തകത്തില്‍ നിന്ന് )

Conte Highlights : khalil gibran, Aathmeeya Suvhashithangal, khalil gibran books