.jpg?$p=6b433e0&f=16x10&w=856&q=0.8)
ഖാദർ മാങ്ങാട് | ഫോട്ടോ: മാതൃഭൂമി
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ഖാദര്‍ മാങ്ങാടിന്റെ ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാന്‍സലര്‍ പദവിയും എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ജലീല്‍ സാഹിബ് വൈസ് ചാന്‍സലര്‍, ഫാറൂഖ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍. നേരിട്ടു കാണാന്‍ ഖാലിദും അയൂബും നാസറും ഞാനും വി.സി. താമസിക്കുന്ന ബംഗ്ലാവിലേക്ക്. കാവല്ക്കാരന് കടത്തിവിട്ടില്ല. ഖാലിദ് സെനറ്റ് മെംബര്‍. ഇത് പറഞ്ഞതോടെ പ്രവേശനം നടന്നു.
വലിയ സ്വീകരണമുറിയില്‍ വി.സി. ഇരിക്കുന്നു. ആദരവും ബഹുമാനവും ദ്യോതിപ്പിക്കുന്ന മുഖം. കാര്യം ചോദിച്ചപ്പോള്‍ ഞങ്ങള്‍ വിരണ്ടു. വെറുതേ വന്നതാണെന്ന് പറയാനും കഴിയില്ല. അവസാനം എം.എ. പരീക്ഷ നീട്ടിവെക്കാന്‍ അപേക്ഷിക്കാന്വേണ്ടി വന്നതാണെന്ന് പറഞ്ഞു. എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആശ്വാസം. പിന്നെ എങ്ങനെയൊക്കെയോ അവിടെനിന്നും രക്ഷപ്പെട്ടു. പതിറ്റാണ്ടുകള്‍ക്കുശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സിയുടെ അധികചുമതലയില്‍ ഇതേ ബംഗ്ലാവില്‍ താമസിച്ചത് വിധിയുടെ മായാജാലം. ഒരു രാത്രിവാസത്തിന് അന്നത്തെ സുഹൃത്തുക്കള്‍ മൂന്നുപേരും അതിഥികളായി എത്തിയതും ദൈവകൃപ.
വി.സി. സ്ഥാനത്തെത്തിയ പൂര്‍വവിദ്യാര്‍ഥിയായ എന്നെ ആദരിക്കുന്ന ചടങ്ങ് കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ നടക്കുന്നു. 'ഖാദര്‍ വി.സി. ആയത് എന്റെ ലുങ്കിയുടെ ബലത്തില്‍.' എം.എ. ക്ലാസ്മേറ്റ് ടി.എ. ഖാലിദിന്റെ പ്രസ്താവന എല്ലാവരെയും അദ്ഭുതപ്പെടുത്തി. ലുങ്കി ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചതായി കേട്ടിട്ടുണ്ട്. വി.സി. ആകാന്‍ ഉപയോഗിച്ചതായി കേള്‍ക്കുന്നത് ആദ്യം. ഖാലിദ് പറയുന്നത് കേള്‍ക്കാന്‍ കൗതുകത്തോടെ എല്ലാവരും ചെവികൂര്‍പ്പിച്ചു.
പ്രസംഗം കത്തിപ്പടരുന്നു. വിശദീകരണം ഇങ്ങനെ: ഫാറൂഖ് കോളേജിലെ പഠനം കഴിഞ്ഞ് ഹോസ്റ്റല്‍ വിടാന്‍ ഞങ്ങള്‍ ഒരുങ്ങിനില്ക്കുന്നു. പ്രായമുള്ള ഒരു സാധുസ്ത്രീ ഹോസ്റ്റല്‍ മുറിയില്‍. എന്തെങ്കിലും കൊടുക്കണം. ഞാന്‍ പാക്കിങ് കഴിഞ്ഞ് കട്ടിലില്‍ വെറുതേ ഇരിക്കുന്നു. പെട്ടി തുറന്നുവെച്ച് ഓര്‍മകള്‍ അയവിറക്കി അലസതയോടെ ഖാലിദ് കട്ടിലില്‍. സ്ത്രീ പോകുന്ന മട്ടില്ല. അതാ കിടക്കുന്നു ഖാലിദിന്റെ ലുങ്കി അയയില്‍. എല്ലാം പൊതുസ്വത്തുപോലെ കൈകാര്യം ചെയ്തവര്‍ ഞങ്ങള്‍. പെട്ടെന്ന് എണീറ്റ് ഞാന്‍ ഖാലിദിന്റെ ലുങ്കിയെടുത്തു സ്ത്രീക്ക് കൊടുത്തു. സ്ത്രീക്ക് സന്തോഷം. അവര്‍ രണ്ടു കൈകളും മേലോട്ട് ഉയര്‍ത്തി പ്രാര്‍ഥിച്ചു: 'ലുങ്കി നല്കിയ കുട്ടിയെ ഭാവിയില്‍ വലിയ പദവിയില്‍ ഇരുത്തേണമേ.' അങ്ങനെ പാവം സ്ത്രീയുടെ പ്രാര്‍ഥന ദൈവം കേട്ടുവെന്നും ഞാന്‍ വൈസ് ചാന്‍സലര്‍ ആയെന്നുമാണ് ഖാലിദിന്റെ നിരീക്ഷണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..