പ്രതീകാത്മക ചിത്രം
ബി.സി. നാലാം നൂറ്റാണ്ടുമുതല്‍ സമീപകാലം വരെ കേരളം സന്ദര്‍ശിച്ചിട്ടുള്ള അമ്പത്തിരണ്ടു പ്രമുഖ വിദേശസഞ്ചാരികളുടെ കേരളത്തെക്കുറിച്ചുള്ള വിവരങ്ങളുടെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സഞ്ചാരികള്‍ കണ്ട കേരളം എന്നൊരു പുസ്തകം വേലായുധന് പണിക്കശ്ശേരി തയ്യാറാക്കിയിട്ടുണ്ട്. കേരളത്തില്‍ നിലനിന്നിരുന്ന വിവിധ സമുദായങ്ങളില്‍പ്പെട്ട ജനങ്ങളുടെ ജീവിതരീതികള്‍, ഭക്ഷണം, ആചാരാനുഷ്ഠാനങ്ങളും ആരാധനാക്രമങ്ങളും, രാജാക്കന്മാരുടെ ഭരണരീതികളും നീതിന്യായവ്യവസ്ഥയും യുദ്ധരീതികളും ഗൃഹനിര്മ്മാണരീതികളും ആരോഗ്യശുചിത്വ പരിപാലനവും, പക്ഷിമൃഗാദികളും വൃക്ഷലതാദികളും കയറ്റുമതിയും ഇറക്കുമതിയും തുടങ്ങി ജീവിതത്തിന്റെ നാനാതലങ്ങളെയും സ്പര്‍ശിക്കുന്ന രസകരമായ വിവരങ്ങളാണ് ഇതിലുള്ളത്. അവയില്‍ ചിലത് നമുക്കു പരിചയപ്പെടാം.
കറുത്തപൊന്നിന്റെ കരുത്ത്
കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയഭൂപടം രൂപപ്പെടുത്തുന്നതില്‍ കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളകും മറ്റു സുഗന്ധദ്രവ്യങ്ങളും വഹിച്ച പങ്ക് അദ്ഭുതാവഹമാണ്. ബി.സി. 3000ത്തിനു മുമ്പു മുതല്‍തന്നെ അന്നത്തെ ലോകരാജ്യങ്ങളില്‍ ഒരു അമൂല്യവസ്തുവായിക്കഴിഞ്ഞിരുന്നു കുരുമുളക്. കുരുമുളകിന്റെയും ഏലം, കറുകപ്പട്ട, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളുടെയും അക്കാലത്തെ ഏക ഉത്പാദനകേന്ദ്രം നമ്മുടെ കൊച്ചു കേരളമായിരുന്നു. വമ്പിച്ച ലാഭസാദ്ധ്യതയുള്ള ഈ സുഗന്ധദ്രവ്യവ്യാപാരത്തിന്റെ ആധിപത്യം പിടിച്ചെടുക്കാന്‍ കിടമത്സരങ്ങളും കൊള്ളയും കൊലയും ഉപജാപങ്ങളും നടത്തിയ രാജ്യങ്ങള്‍ അനവധിയാണ്.
എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്ലീനി മുതല്‍ ഒട്ടേറെ വിദേശ സഞ്ചാരികള്‍ തങ്ങളുടെ വിവരണങ്ങളില്‍ കുരുമുളകിന്റെ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ യൂറോപ്യന്മാര് ശൈത്യകാലത്തെ ഭക്ഷ്യക്ഷാമം നേരിടാനായി വേനല്‍ക്കാലത്ത് കന്നുകാലികളെ കൊന്ന് ഇറച്ചിയില്‍ കുരുമുളകു പുരട്ടി ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ചിരുന്നു. ഈജിപ്തിലെ രാജ്ഞിമാര്‍ ബി.സി. 1500 മുതല്‍തന്നെ മണിയറകള്‍ മാദകമാക്കാന് കേരളത്തില്‍നിന്നെത്തിയ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. സംസ്കൃത ഗ്രന്ഥകാരന്മാര് കുരുമുളകിന് യവനപ്രിയ (യവനന്മാര്‍ക്കു പ്രിയപ്പെട്ടത്) എന്നാണ് പേരിട്ടിരിക്കുന്നത്. ഗ്രീക്കുകാര്‍, റോമക്കാര്‍, പേര്‍ഷ്യക്കാര്‍, അറബികള്‍ തുടങ്ങിയവരെയാണ് യവനന്മാര് എന്നു വിശേഷിപ്പിക്കുന്നത്. അവര്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും പോലെ പ്രിയപ്പെട്ടതായിരുന്നു കുരുമുളകും. 13ാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ ചൈനയുമായുള്ള കുരുമുളകുവ്യാപാരത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. ചൈനക്കാര്‍ ദിവസവും 43 ചുമട് (10,449 പൗണ്ട്) കുരുമുളക് കേരളത്തില്‍നിന്ന് ശേഖരിക്കുന്നുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. കുരുമുളക് ഇറക്കുമതിവഴി ചൈനയിലെ രാജാവിനു ലഭിക്കുന്ന വന്‍ നികുതികളെക്കുറിച്ചും, ചൈനയിലേക്ക് കുരുമുളക് കയറ്റിപ്പോകുന്ന കപ്പലുകളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു.
തയ്യല്‍ക്കാരനും പാദരക്ഷയുമില്ലാത്ത നാട്
13ാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരിയായ ജോണ്‍ ഓഫ് മോന്ടികോര്വിനോയും വെനീസുകാരനായ മാര്‍ക്കോപോളോയും കേരളീയരുടെ ഉടുപ്പിനെയും നടപ്പിനെയും വിലയിരുത്തുന്നതു കേള്‍ക്കുക:
'ഇവിടുത്തെ സ്ത്രീപുരുഷന്മാര് നാമമാത്രവസ്ത്രധാരികളും നഗ്നപാദരുമാണ്. അതിനാല്‍ ഇവിടെ തയ്യല്‍ക്കാരുടെയും ചെരുപ്പുകുത്തികളുടെയും ആവശ്യം നേരിടുന്നില്ല. എട്ടുവയസ്സുവരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും യാതൊന്നും ധരിക്കാറില്ല.'
ജോണ്‍ ഓഫ് മോന്ടികോര്വിനോ
'കേരളം മുഴുവന്‍ തിരഞ്ഞാലും ഒരു തയ്യല്‍ക്കാരനെ കണ്ടെത്താന്‍ കഴിയുകയില്ല. ഇവിടെ തയ്യല്‍ക്കാരന്റെ ആവശ്യമില്ല. ഇവിടുത്തുകാര്‍ കോട്ടോ ഷര്‍ട്ടോ ധരിക്കുന്നില്ല. ഒരു തുണിക്കഷണം അരയില്‍ തൂക്കിയിടുക മാത്രമേ ചെയ്യുന്നുള്ളൂ. മറ്റു ഭാഗങ്ങളെല്ലാം നഗ്നമായി കിടക്കും. രാജാവിന്റെ വസ്ത്രധാരണവും ഇതില്‍നിന്നും വിഭിന്നമല്ല. എന്നാല്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വിലപിടിപ്പുള്ളതും രത്നക്കല്ലുകള്‍ പതിപ്പിച്ചതുമായിരിക്കും. പട്ടുചരടില്‍ കോര്‍ത്ത രത്നമാല അദ്ദേഹം കഴുത്തില്‍ അണിഞ്ഞിരിക്കും. 108 രത്നങ്ങളോ മുത്തുകളോ ആയിരിക്കും മാലയിലുണ്ടായിരിക്കുക. കൈകാലുകളില്‍ രത്നങ്ങള്‍ പതിച്ച കാപ്പുകളും ധരിക്കും. വലിയ രത്നങ്ങള്‍ പതിച്ചിട്ടുള്ള മോതിരങ്ങള്‍ കൈവിരലുകളിലും കാല്‍വിരലുകളിലും അണിഞ്ഞിട്ടുണ്ടാവും.'
മാര്‍ക്കോപോളോ
മലബാറിലെ ക്രമസമാധാനം
'മുലൈബാറി (മലബാര്‍)നെപ്പോലെ ഇത്രയും നിര്‍ഭയമായി സഞ്ചരിക്കാവുന്ന പാതകള്‍ ലോകത്ത് ഒരിടത്തും എനിക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കും ഇത്രയും കടുത്ത ശിക്ഷ നല്കുന്ന രാജ്യങ്ങളും വിരളമാണ്. ഒരു നാളികേരം മോഷ്ടിച്ചാല്‍ മതി, അയാള്‍ക്ക് വധശിക്ഷ ലഭിക്കുകയായി. നാളികേരമോ പഴമോ വീണുകിടക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉടമസ്ഥന് കാണുന്നതുവരെ അതവിടെത്തന്നെ കിടക്കും. മറ്റാരും എടുക്കുകയില്ല. ആരെങ്കിലും എടുത്തതായി അറിയുകയാണെങ്കില്‍ കടുത്തതും മാതൃകാപരവുമായ ശിക്ഷ നല്കാന് രാജാവ് ഒരിക്കലും അമാന്തിച്ചിരുന്നില്ല.'
ഇബ്നുബത്തൂത്ത (14ാം നൂറ്റാണ്ട്)
വെറ്റിലമുറുക്ക്
മലയാളിയുടെ വെറ്റിലമുറുക്കിനെപ്പറ്റി ഒട്ടേറെ വിദേശസഞ്ചാരികള്‍ വളരെ പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട്.
ഇന്നാട്ടുകാര്‍ക്ക് വളരെ വിശേഷപ്പെട്ടതാണ് വെറ്റിലമുറുക്ക്. പുരുഷന്മാരും സ്ത്രീകളും എപ്പോഴും വെറ്റില മുറുക്കുന്നതുകൊണ്ട് അവരുടെ പല്ല് കറുത്തിരിക്കും. വെറ്റിലക്കറ വീണ പല്ല് വളരെ വിശേഷമാണെന്നാണ് അവരുടെ വിചാരം. വെറ്റില മുറുക്കാത്തവരെ മാന്യന്മാരായി കണക്കാക്കുന്നില്ല.
ബഹുമാന്യനായ ഒരാള്‍ മറ്റൊരാളുടെ വീട്ടില്‍ ചെന്നാല്‍ ആതിഥേയന് അതിഥിക്ക് അഞ്ച് വെറ്റില കൊടുക്കും. ഉദ്യോഗസ്ഥന്റെയോ നാട്ടുപ്രമാണിയുടെയോ നാടുവാഴിയുടെയോ കൈയില്‍നിന്ന് വെറ്റില ലഭിക്കുന്നത് ഏറ്റവും വലിയ ബഹുമതിയായി കരുതപ്പെടുന്നു. സ്വര്‍ണ്ണവും വെള്ളിയും ലഭിച്ചാല്‍ത്തന്നെ ഇത്രയും ബഹുമതി കല്പ്പിക്കുന്നതല്ലെന്നും കേരളം സന്ദര്‍ശിച്ച വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
വാസ്കോ ഡ ഗാമയുടെ പ്രഥമദര്‍ശനവേളയില്‍ വെറ്റില മുറുക്കിത്തുപ്പിക്കൊണ്ടിരിക്കുന്ന സാമൂതിരിയെപ്പറ്റി അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക:
'ഒരു സേവകന് വായവട്ടമുള്ള സ്വര്‍ണ്ണചഷകം (കോളാമ്പി) കൈയിലേന്തി രാജാവിന്റെ അരികില്‍ നില്ക്കുന്നു. ആ ചഷകത്തിലാണ് രാജാവ് തുപ്പുന്നത്. വായ കഴുകാന്‍ അരികിലെ സ്വര്‍ണ്ണക്കിണ്ടിയില്‍ വെള്ളം വെച്ചിട്ടുണ്ട്. കട്ടിലിനരികെ സ്വര്ണ്ണപ്പീഠത്തിന്മേല് കൊത്തുപണികളോടുകൂടിയ സ്വര്ണ്ണത്താമ്പാളം വെച്ചിട്ടുണ്ട്. അതില്‍നിന്നു ചില പച്ചിലകളെടുത്ത് ഉള്ളിലെന്തോ ചില സാധനങ്ങളും വെച്ച് ചുരുട്ടി ഒരു ബ്രാഹ്മണന് അദ്ദേഹത്തിന്റെ കൈയില്‍ കൊടുക്കുകയും അദ്ദേഹം അതു വാങ്ങിച്ചു ചവച്ച് സ്വര്ണ്ണചഷകത്തില് തുപ്പുകയും ചെയ്യുന്നു. ബ്രാഹ്മണന് ചുരുട്ടിക്കൊടുത്ത ഇല നാരകത്തിന്റെ ഇലയോളം വലിപ്പമുള്ളതാണ്. സാമൂതിരി എപ്പോഴും അത് ചവച്ചുകൊണ്ടിരിക്കും. ഒരു ചുരുള്‍ വാങ്ങി ചവച്ചു തുപ്പിയാല്‍ മറ്റൊരു ചുരുള്‍ വാങ്ങുകയായി. ഇതിന്റെ നീരു മാത്രമേ അദ്ദേഹം ആസ്വദിക്കുന്നുള്ളൂ. ഈ ഇല വെറ്റിലയും അതില്‍ ചേര്‍ക്കുന്നത് ചുണ്ണാമ്പും അടക്കയും മറ്റുമാണത്രേ. ഇവയെല്ലാംകൂടി ചവച്ചാല്‍ വായും പല്ലും ചുവക്കും. ശ്വാസോച്ഛ്വാസം സുഖമായിരിക്കുകയും ചെയ്യും.'
നായര്‍പ്പടയാളികള്‍
കേരളത്തിലെ നായര്പ്പടയാളികളെപ്പറ്റി ഒട്ടുമിക്ക വിദേശസഞ്ചാരികളും അവരുടെ വിവരണക്കുറിപ്പുകളില്‍ വാചാലരാവുന്നുണ്ട്. ഏഴോ എട്ടോ വയസ്സാകുമ്പോള്‍ മുതല്‍തന്നെ അമ്പെയ്ത്തും ആയോധനകലകളും അവര്‍ അഭ്യസിക്കാന്‍ തുടങ്ങുന്നു. അമ്പെയ്ത്തില്‍ അവര്‍ അതിസമര്‍ത്ഥരാണ്. തുടര്‍ച്ചയായി വിടുന്ന അസ്ത്രങ്ങളുടെ അതിവേഗംകൊണ്ട് ഒന്ന് മറ്റതിനെ ഖണ്ഡിച്ചുകളയുമോ എന്നുകൂടി സംശയിക്കും. വാളും കുന്തവും പ്രയോഗിക്കുന്നതിലും അവര്‍ അതിനിപുണരാണെന്നും സഞ്ചാരികള്‍ പറയുന്നു. നായര്‍പ്പടയാളികളുടെ ആരോഗ്യത്തെയും ശരീരഭംഗിയെയും അവര്‍ വാനോളം പുകഴ്ത്തുന്നുണ്ട്.
'അരോഗദൃഢഗാത്രരായ ഇവര്‍ അംഗസൗഷ്ഠവമുള്ളവരാണ്. അരയ്ക്കു മീതേ വസ്ത്രം ധരിക്കാറില്ല. പൊക്കിളിനു താഴേവെച്ച് ഒരു തുണിക്കഷണം ചുറ്റുന്നത് മുട്ടോളമെത്തുന്നു. കാതു കുത്തി ആഭരണങ്ങള്‍ അണിയുന്ന ഇവര്‍ മുടിയും നഖവും നീട്ടിവളര്‍ത്തുന്നു. വളരെ ലളിതമായ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. സൈനികസേവനത്തിന് തുച്ഛമായ വേതനം മാത്രമാണു ലഭിക്കുക. സ്ഥിരശമ്പളമില്ല. ചെറിയ മണ്കൂരകളിലോ ഓലപ്പുരകളിലോ ആണ് താമസം. പരിമിതമായ ഗൃഹോപകരണങ്ങളേ ഉപയോഗിക്കാറുള്ളൂ. പുറത്തിറങ്ങി നടക്കുമ്പോഴെല്ലാം വാളുംകൊണ്ടാണ് നടക്കുക.'
വിവാഹവൈചിത്ര്യങ്ങള്
നായന്മാരുടെ ഇടയില്‍ ശരിയായ ഒരു വിവാഹക്രമം നിലവിലുണ്ടായിരുന്നില്ല. പന്ത്രണ്ടുപതിനാലു വയസ്സ് പ്രായമാകുമ്പോഴേ നായര്പ്പെണ്കുട്ടിയുടെ താലികെട്ടുകല്യാണം നടക്കും. പക്ഷേ, താലികെട്ടിയ ആള്‍ക്ക് സ്ത്രീയുടെമേല് യാതൊരു അധികാരവുമുണ്ടായിരുന്നില്ല. താലികെട്ടു കഴിഞ്ഞാല്‍ തന്നെക്കാള്‍ ജാതിയില്‍ താഴേയല്ലാത്ത ഏതൊരു പുരുഷനുമായും ഉറക്കറ പങ്കിടുവാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇഷ്ടാനുസരണം ഭര്ത്താക്കന്മാരെ ഊഴമിട്ടു സ്വീകരിക്കാനും തിരസ്കരിക്കാനും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരേസമയം ഓരോ സ്ത്രീക്കും ഒട്ടേറെ ഭര്ത്താക്കന്മാരുണ്ടായിരുന്നെങ്കിലും അവര്‍ തമ്മില്‍ വളരെ രമ്യതയിലാണു കഴിഞ്ഞിരുന്നത്.
ബ്രാഹ്മണസമുദായത്തില്‍ ആണ്മക്കളില് മൂത്തയാള്‍ക്കു മാത്രമേ ആചാരവിധിപ്രകാരം വിവാഹം (വേളി) കഴിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം നായര്‍സ്ത്രീകളുമായി സംബന്ധം കൂടുകയാണ് പതിവ്. ബ്രാഹ്മണരുമായി ബന്ധംപുലര്ത്തുന്നത് അഭിമാനമായിട്ടാണ് നായര്‍സ്ത്രീകള്‍ കരുതിയിരുന്നത്. നമ്പൂതിരിമാര്‍ക്ക് നായര്‍സ്ത്രീകളില്‍ ഉണ്ടാവുന്ന കുട്ടികള്‍ക്ക് അച്ഛന്റെ സ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല.
ആശാരി, മൂശാരി, കരുവാന്‍, തട്ടാന്‍, കൊല്ലന് തുടങ്ങിയ താഴ്ന്ന ജാതിക്കാരുടെ ഇടയില്‍ പാണ്ഡവാചാരം എന്ന വിവാഹസമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. വീട്ടിലെ എല്ലാ സഹോദരങ്ങളുംകൂടി ഒരു സ്ത്രീയെ വിവാഹം കഴിക്കലായിരുന്നു ഈ ആചാരം. സ്വത്തുക്കള്‍ ഭാഗംവെച്ചുപോകാതിരിക്കാനാണ് ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നത്.
ഭക്ഷ്യവിഭവങ്ങള്‍
കേരളത്തിലെ തേങ്ങ, ചക്ക, മാങ്ങ തുടങ്ങിയ ഫലമൂലാദികളെപ്പറ്റിയും കുരുമുളക് തുടങ്ങിയ നാണ്യവിളകളെപ്പറ്റിയും മറ്റു കാര്ഷികവിഭവങ്ങളെപ്പറ്റിയുമൊക്കെ പല വിദേശസഞ്ചാരികളും അവരുടെ സന്ദര്ശകക്കുറിപ്പുകളില് കൗതുകത്തോടെ വിവരിക്കുന്നുണ്ട്.
ഇബ്നുബത്തൂത്തയുടെ ചില വിവരണങ്ങള്‍ ശ്രദ്ധിക്കൂ:
'ഇവിടെ സുലഭമായി കാണുന്ന ഒരുതരം വൃക്ഷത്തിന്റെ കായയാണ് നാളികേരം. നമ്മുടെ ഈന്തപ്പനയോടു വളരെ സാമ്യമുണ്ട് ഈ വൃക്ഷത്തിന്. നാളികേരത്തിനു മനുഷ്യന്റെ മുഖത്തുള്ളതുപോലെ രണ്ടു കണ്ണുകളും വായയുമുണ്ട്. പുറത്ത് തലമുടിപോലെ നാരും ഉള്ളില്‍ തലച്ചോറും കാണാം.'
തുടര്‍ന്ന് തേങ്ങയുടെയും ഇളനീരിന്റെയും മഹത്ത്വം വിവരിക്കുന്നു. നാളികേരത്തില്‍നിന്ന് എണ്ണ, പാല്, തേന്‍, ചക്കര എന്നിവ ഉണ്ടാക്കുന്ന പ്രക്രിയയും അദ്ദേഹം രസകരമായി വിവരിക്കുന്നുണ്ട്. ചക്കയുടെയും മാമ്പഴത്തിന്റെയും സ്വാദിനെക്കുറിച്ചും അതുകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളെപ്പറ്റിയും തന്റെ കുറിപ്പുകളില്‍ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
14ാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ജോര്‍ഡാനസ് എന്ന കത്തോലിക്കാപാതിരി കേരളത്തിലെ ചക്കയോളം സ്വാദും മാധുര്യവുമുള്ള ഒരു പഴം താന്‍ ഇതിനുമുമ്പ് കഴിച്ചിട്ടില്ലെന്നു സാക്ഷ്യപ്പെടുത്തുന്നു. കട്ടിയുള്ള തോലിനു പുറത്ത് നിറയെ മുള്ളുകളുള്ള ചക്കയ്ക്കകത്തെ മധുരമുള്ള പഴച്ചുളകളെപ്പറ്റിയും അദ്ദേഹം വിവരിക്കുന്നുണ്ട്. ഈ കാലഘട്ടത്തില്‍ത്തന്നെ കേരളത്തിലെത്തിയ ജോണ്‍ സി. മാറിഗ്നൊല്ലി എന്ന വിദേശസഞ്ചാരി വാഴയിലയുടെ നീളം കണ്ട് അദ്ഭുതംകൂറുന്നു. ഇത്രയും നീളവും വീതിയുമുള്ള ഇല ഇതുവരെ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മേശയുടെ പുറംമുഴുവന്‍ മറയ്ക്കാന്‍ കഴിയുമെങ്കിലും ഒരിലയില് ഒരാള്‍ മാത്രം ഭക്ഷണം കഴിക്കുന്നതിലും അദ്ദേഹം അദ്ഭുതപ്പെടുന്നു. ചക്കയുടെയും മാങ്ങയുടെയും വാഴപ്പഴത്തിന്റെയും മാധുര്യം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിക്കുകയുണ്ടായി. തേങ്ങയുടെയും ഇളനീരിന്റെയും, കള്ളില്നിന്നുണ്ടാക്കുന്ന മറ്റു ഭക്ഷ്യവിഭവങ്ങളുടെയും ഗുണമേന്മയെക്കുറിച്ചും സ്വാദിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. കുരുമുളകുവള്ളിയും വെറ്റിലക്കൊടിയുമൊക്കെ പല സഞ്ചാരികളുടെയും സഞ്ചാരക്കുറിപ്പില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
കണ്ടാലറിയാം ജാതി
ആളെ കാണുന്ന മാത്രയില്‍ത്തന്നെ അയാളുടെ ജാതി മനസ്സിലാക്കത്തക്കവിധമായിരുന്നു അക്കാലത്ത് കേരളത്തില്‍ ഓരോ വിഭാഗവും വസ്ത്രധാരണം നടത്തിയിരുന്നത്. ജാതിഭേദമനുസരിച്ച് മുട്ടിനുമേല്‍, മുട്ടുവരെ, കണങ്കാല്‍വരെ എന്നിങ്ങനെ പ്രത്യേക മാമൂല് അനുസരിച്ചായിരുന്നു വസ്ത്രധാരണം. സവര്‍ണ്ണരോടു സംസാരിക്കുമ്പോള്‍ അവര്‍ണ്ണര്‍ അങ്ങേയറ്റം താഴ്മയോടെയുള്ള ഭാഷയാണ് ഉപയോഗിച്ചിരുന്നത്. അവര്‍ണ്ണന്റെ കണ്ണിന് പഴംകണ്ണെന്നും ചെവിക്ക് പഴംചെവിയെന്നും നെല്ലിന് ഉമിയെന്നും കഞ്ഞിക്ക് കടിയെന്നും ആഹാരം കഴിക്കുന്നതിന് വെള്ളം മോന്തുക എന്നുമൊക്കെയായിരുന്നു ഉപയോഗിച്ചിരുന്ന പദങ്ങള്‍. അവര്‍ണ്ണരുടെ വെള്ളി ചെമ്പും, വീട് മാടവും, കുഞ്ഞുങ്ങള്‍ കൊരങ്ങന്മാരുമായിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാനോ പിച്ചളപ്പാത്രങ്ങള്‍ ഉപയോഗിക്കാനോ അവര്‍ണ്ണര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. നടപ്പിലും ഉടുപ്പിലുമെന്നപോലെ ഭക്ഷണത്തിലും ജാതിവ്യത്യാസം പ്രകടമായിരുന്നു. സവര്‍ണ്ണര്‍ക്കു മാത്രമേ നെയ്യുപയോഗിച്ച് ഭക്ഷണം പാകം ചെയ്യാന്‍ പാടുണ്ടായിരുന്നുള്ളൂ. ചുട്ടട, കൊഴുക്കട്ട, ഓട്ടട തുടങ്ങിയ പലഹാരങ്ങള്‍ സവര്‍ണ്ണര്‍ മാത്രമാണ് ഉണ്ടാക്കി ഉപയോഗിച്ചിരുന്നത്. സവര്‍ണ്ണരുടെ ആഹാരം 'പക്ക' എന്നും അവര്‍ണ്ണരുടെ ആഹാരം 'കച്ച' എന്നുമാണ് അറിയപ്പെട്ടിരുന്നത്.
സുരേന്ദ്രന് ചീക്കിലോട് രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കേരളം ഇരുളടഞ്ഞ ഇന്നലെകള്‍ എന്ന പുസ്തകത്തില്‍ നിന്നും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..