വിജ്ഞാനസമൂഹനിര്‍മിതിയുടെ മുന്നുപാധിയായി മലയാളഭാഷയെ ഒരു വിജ്ഞാനഭാഷയായി മാറ്റേണ്ട കാര്യം നമ്മുടെ അജന്‍ഡയില്‍ വന്നേ പറ്റൂ. ഒരു ഭാഷ സമ്പുഷ്ടമാകുന്നതിന് ആ ഭാഷയില്‍ വലിയതോതില്‍ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഉണ്ടാവണം. നവീന വൈജ്ഞാനികമേഖലകളെ ഭാഷയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം. ആധുനിക വിജ്ഞാനസംപ്രേഷണത്തിന് അനിവാര്യമായ പുത്തന്‍ പദാവലികളുടെ ആവിഷ്‌കാരം, അതിനനുസൃതമായ ഭാഷാപ്രയോഗങ്ങളുടെ പരീക്ഷണം, ശാസ്ത്രസാങ്കേതിക ശബ്ദാവലികളുടെ നിര്‍മാണം, ഉയര്‍ന്ന നിലവാരത്തിലുള്ള ശാസ്ത്ര സാങ്കേതിക പുസ്തകങ്ങളുടെ വിവര്‍ത്തനം, വ്യത്യസ്ത ശാസ്ത്രസാങ്കേതിക മാനവിക വിഷയങ്ങളെ അധികരിച്ച് മൂലഗ്രന്ഥങ്ങള്‍ തയ്യാറാക്കല്‍ എന്നിങ്ങനെ നിരവധിയായ പ്രവര്‍ത്തനങ്ങളിലൂടെയേ ഭാഷയെ വൈജ്ഞാനികഭാഷയായി മാറ്റാന്‍ കഴിയൂ. പുതിയ വിജ്ഞാനങ്ങള്‍ മലയാളത്തില്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ മറ്റുഭാഷകള്‍ നമ്മെ തേടിവരും. മലയാളത്തില്‍ ഉത്പാദിപ്പിച്ച വിജ്ഞാനങ്ങളെ മുന്‍നിര്‍ത്തി മറ്റുഭാഷകള്‍ വിവര്‍ത്തനത്തിന് തുനിയുമ്പോഴാണ് നമ്മുടെ ഭാഷ ഉന്നതമായ നിലവാരത്തിലേക്ക് ഉയരുന്നത്, അല്ലാതെ ഏതെങ്കിലും തരത്തിലുള്ള 'ക്ലാസിക്കല്‍' പട്ടും വളയും സ്വീകരിക്കുമ്പോഴല്ല എന്ന് ഡോ. രാജന്‍ ഗുരിക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വൈജ്ഞാനികസാഹിത്യത്തിന്റെ അവികാസം മലയാളത്തെ നിരന്തരമായി പൈങ്കിളിവത്കരിച്ചുകൊണ്ടിരിക്കുന്നതായി പി. പവിത്രന്‍ ചൂണ്ടിക്കാണിക്കുന്നു. സങ്കല്പനപരമോ വിമര്‍ശനാത്മകമോ ആയ ചിന്ത സാധ്യമല്ലാത്തമട്ടില്‍ കേവലം ഒരു സാഹിത്യഭാഷയായിമാത്രം മലയാളം അധഃപതിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. മലയാളം മാത്രം വായിച്ചുശീലിച്ച ഒരു വായനക്കാരന്‍ സങ്കീര്‍ണമായ ചിന്തകളില്‍നിന്ന് ഒഴിഞ്ഞുമാറുന്നു. സവിശേഷ മേഖലകളിലെല്ലാം മലയാളത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് മലയാളത്തെ പോഷിപ്പിക്കാനോ വളര്‍ത്താനോ കഴിയില്ല.

മലയാളം മാത്രമറിയുന്ന നാട്ടുകാര്‍ക്ക് നവീന വിജ്ഞാനശാഖകളെ പകര്‍ന്നുനല്‍കാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ച് കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ ഇ.എം.എസ്. പരിതപിക്കുന്നുണ്ട്. വിശ്വസാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്നതോടൊപ്പം ന്യൂട്ടനും എഡിസനും ഡാര്‍വിനും ഐന്‍സ്‌റ്റൈനും ആദംസ്മിത്തും മാര്‍ക്സും കെയിന്‍സും സര്‍ സി.വി. രാമനും ജെ.സി. ബോസും മറ്റുമായി പരിചയപ്പെടുത്തണമെന്ന ധാരണ ബന്ധപ്പെട്ടവര്‍ക്കില്ലാതെ പോയി. അത്തരം വിഷയങ്ങളെക്കുറിച്ച് എഴുതുന്നവരെ അരസികന്മാരായി കാണുന്ന സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.  

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

നമ്മുടെ ഭാഷയില്‍ ഇറങ്ങുന്ന ഗ്രന്ഥങ്ങളെ വിശകലനം ചെയ്താല്‍ ഇറങ്ങുന്നവയില്‍ ഭൂരിഭാഗവും ഇപ്പോഴും സര്‍ഗാത്മക സാഹിത്യപുസ്തകങ്ങളാണെന്ന് കാണാന്‍ കഴിയും. വൈജ്ഞാനികഗ്രന്ഥങ്ങള്‍ തുലോം കുറവാണ്. ഇറങ്ങുന്ന വൈജ്ഞാനികഗ്രന്ഥങ്ങളില്‍ പലതും വേണ്ടത്ര നിലവാരം പുലര്‍ത്തിക്കാണുന്നുമില്ല. വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സൂക്ഷ്മപരിശോധനയും എഡിറ്റിങ്ങും. പക്ഷേ, അതിനുള്ള സംവിധാനം മലയാളത്തിലെ പ്രമുഖ പുസ്തകസ്ഥാപനത്തിനുപോലുമില്ല.  
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ശാസ്ത്രസാഹിത്യപരിഷത്തുമാണ് വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ വലിയ സംഭാവനകള്‍ മലയാളത്തിന് നല്‍കിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളുടെ വിഷയമേഖലകളുടെ ഊന്നല്‍ ആദ്യകാലത്തേതില്‍നിന്ന് വലിയതോതില്‍ മാറിയിട്ടുണ്ട് എന്ന് കാണാം. സാഹിത്യപ്രധാനമായ പുസ്തകങ്ങളിലേക്കുള്ള ചായ്വ് തിരുത്തേണ്ടതാണ്. അത്തരം പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ നിരവധി സംവിധാനങ്ങള്‍ ഇവിടെയുണ്ടല്ലോ. നേരേമറിച്ച് ഭാഷയില്‍ അവശ്യം അവശ്യമായ പല ഗ്രന്ഥങ്ങളും പുറത്തിറക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമേ ഉള്ളൂ. ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു കേവല പുസ്തകപ്രസാധക സ്ഥാപനമായി കാണാന്‍ കഴിയില്ല. മലയാളത്തിന്റെ വൈജ്ഞാനികതലം വര്‍ധിപ്പിക്കുക എന്ന അതിപ്രധാനമായ ദൗത്യമാണ് അതിന് നിര്‍വഹിക്കാനുള്ളത്. തയ്യാറാക്കുന്ന എല്ലാ പുസ്തകങ്ങളും വലിയ തോതില്‍ അച്ചടിക്കണമെന്നുപോലുമില്ല. പ്രധാനപ്പെട്ട ചിലതെല്ലാം തയ്യാറാക്കി സൗജന്യമായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഭാഷയ്ക്കുവേണ്ടി നാം മുടക്കുന്ന മുതല്‍മുടക്കാണതെന്ന് തിരിച്ചറിയണം.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Knowledge based society, Malayalam, Mathrubhumi weekly