ന്ത്യയില്‍ പഞ്ചവത്സരപദ്ധതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ പതിന്നാലാം പദ്ധതി, 2022 ഏപ്രില്‍ 1-ന് ആരംഭിക്കയാണ്. രണ്ടുവര്‍ഷങ്ങളിലെ പ്രളയത്തിന്റെയും രണ്ട് ഘട്ടങ്ങളായുള്ള കോവിഡിന്റെയും തുടര്‍ച്ചയായും, കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കൊപ്പവുമാണ് കേരളത്തിന്റെ പതിന്നാലാം പദ്ധതി സംബന്ധിച്ച ആലോചനകള്‍ നടക്കുന്നത്. അതിനാല്‍, ഇതുവരെയുള്ള പദ്ധതികളുടെതില്‍നിന്ന് വ്യത്യസ്തമായ ഒരു പശ്ചാത്തലമാണ് പതിന്നാലാം പദ്ധതിക്കുള്ളത്.

രണ്ടാംലോകയുദ്ധാനന്തരം, നവ സ്വതന്ത്രരാജ്യങ്ങളുടെ വികസനപന്ഥാവായി ആസൂത്രണത്തെ സ്വീകരിക്കാനുണ്ടായ പ്രധാന കാരണം സോവിയറ്റ് യൂണിയന്‍ ആസൂത്രണത്തിലൂടെ കൈവരിച്ച വിജയമായിരുന്നു. എന്നാല്‍, സോവിയറ്റ് തകര്‍ച്ചയോടെ ലോകം മുഴുക്കെ സ്വതന്ത്രകമ്പോളത്തിന്റെ വേദിയായിമാറി. മാത്രമല്ല വലിയ പ്രതിസന്ധികളില്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ സ്വതന്ത്രകമ്പോളത്തിന് കഴിയില്ലെന്നും അതിന് പൊതുമേഖലയും സര്‍ക്കാരും അനിവാര്യമാണെന്നും ഇന്നത്തെ കോവിഡ്കാലം തെളിയിച്ചിരിക്കുന്നു. ശാസ്ത്രസമൂഹം ഒറ്റക്കെട്ടായി കോവിഡിനെതിരായ വാക്സിന്‍ ഒരുവര്‍ഷത്തിനകം വികസിപ്പിച്ചെടുത്തത്, പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ടെങ്കിലും സാമ്പത്തിക അസമത്വവും ദാരിദ്ര്യവും വാക്സിന്‍ലഭ്യതപോലും നിഷേധിക്കുമെന്ന ഇന്നത്തെ ലോക അനുഭവം എല്ലാ രംഗങ്ങളിലും സാമൂഹികനിയന്ത്രണത്തിന്റെ അനിവാര്യത എടുത്തുപറയുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ സാമ്പത്തികവികസനത്തിന്റെ ചട്ടക്കൂട് പഞ്ചവത്സരപദ്ധതികളായിരുന്നു. ഇന്നാകട്ടെ ഇന്ത്യയില്‍ പഞ്ചവത്സരപദ്ധതികളോ അതിന് നേതൃത്വംനല്‍കിയ ആസൂത്രണ കമ്മിഷനോ ഇല്ല. ഒപ്പം ഫെഡറല്‍ ബന്ധങ്ങളില്‍ ഒട്ടേറെ പ്രതികൂലമാറ്റങ്ങള്‍ വരുന്നത് ഭരണഘടനാമൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നുമുണ്ട്. സ്വതന്ത്രകമ്പോളത്തിനായി എന്ത് വിട്ടുവീഴ്ചയുംചെയ്യുന്ന മതാധിഷ്ഠിത ഭരണകൂടമാണ് ഇന്നത്തെ ഇന്ത്യയില്‍ ശക്തിപ്പെടുന്നത്. അത് രാഷ്ട്രപുനര്‍നിര്‍മാണം ദൗത്യം പൂര്‍ണമായും കോര്‍പ്പറേറ്റുകളെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവരെ സഹായിക്കാനെന്നോളം ഋകഅ ഭേദഗതി, ദേശീയ വിദ്യാഭ്യാസനയം, തൊഴില്‍ കോഡുകള്‍, കാര്‍ഷികനിയമങ്ങള്‍ എന്നിങ്ങനെയുള്ള ക്രൂരമായ നിയമങ്ങളും പാസാക്കിയിരിക്കുന്നു. ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍ ശാസ്ത്രവിരുദ്ധതയും കോര്‍പ്പറേറ്റ് പ്രീണനവും ആസൂത്രണരാഹിത്യവും കൂടിച്ചേര്‍ന്നതാണ് ഇന്നത്തെ ഇന്ത്യയെന്ന് കാണാം.

weekly
പുസ്തകം വാങ്ങാം

കോവിഡും തൊഴിലും

കോവിഡിന്റെ പ്രധാന പ്രത്യാഘാതം തൊഴില്‍രംഗങ്ങളിലെ തകര്‍ച്ചയാണ്. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ മൂന്നിലൊന്നും അസംഘടിത മേഖലയിലാണ്. ഇന്ത്യയിലാകട്ടെ, ആകെ തൊഴിലാളികളില്‍ 90 ശതമാനത്തിലധികം അസംഘടിത മേഖലയിലായതിനാല്‍ കോവിഡ് പ്രത്യാഘാതങ്ങള്‍ വളരെ കൂടുതലാണ്. ഇന്ത്യയില്‍ 2021 മേയില്‍ മാത്രം ഒന്നരക്കോടി തൊഴിലുകള്‍ ഇല്ലാതായത്രേ. കേരളത്തിലാണെങ്കില്‍, കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപ്പഞ്ചായത്തില്‍ നടത്തിയ ഒരു പഠനം 2020-ലെ രണ്ടുമാസത്തെ ലോക്ഡൗണ്‍കാലത്ത് മാത്രം അസംഘടിത മേഖലയില്‍ 2.3 ലക്ഷം തൊഴിലും പതിനേഴ് കോടി രൂപയുടെ വേതനവും നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. തൊഴില്‍രംഗത്തെ സ്തംഭനാവസ്ഥ ഇപ്പോഴും തുടരുന്നതിനാല്‍ പതിന്നാലാം പദ്ധതിയുടെ അടിയന്തര ഊന്നല്‍ സാധാരണ ജനങ്ങളില്‍ തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനായിരിക്കണം.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: 14th 5 year plan, Mathrubhumi weekly