വെട്ടിയിട്ടതുപോലെയാണ് വെളുപ്പാന്‍ കാലത്തേക്ക് അവള് ഉണര്‍ന്നത്. ഇടത്തോട്ടു തല ചെരിച്ചപ്പോള്‍ തൊട്ടടുത്തു കമിഴ്ന്നുകിടക്കുന്നു ദേവിയാന്റി. പതിവിലും ഭാരം തോന്നിച്ച തലയുമായി അവള് എഴുന്നേറ്റിരുന്നു. ദേവിയാന്റിയുടെ ബ്ലൗസും ബ്രേസിയറും തുളച്ച് മാംസത്തിനകത്തേക്ക് ആഴ്ന്നുകിടക്കുന്ന കത്തിയുടെ ഇളംചുവപ്പുപിടിയില് അവളുടെ കണ്ണുകളുടക്കി. ചുറ്റും കട്ടപിടിച്ച ചോര. എത്രയോവട്ടം അവള് അലക്കിവെടിപ്പാക്കിയ ഇളം നീല ബ്ലൗസ് ചോരപടര്‍ന്ന്, തുരുമ്പിച്ച ഇരുമ്പുതകിടുപോലെ. മരിച്ചു തണുത്തുറഞ്ഞിട്ടും ദേവിയാന്റിയുടെ അടയാത്ത കണ്ണുകള്‍ അവളെത്തന്നെ നോക്കി. പാതി തുറന്ന ചുണ്ടുകള്‍. അതിനിടയില്‍ അല്പമാത്രം പുറത്തേക്കു തള്ളിനില്ക്കുന്ന നാക്ക്. സംഭവം വളരെ ക്രൂരമാണെങ്കിലും ആകപ്പാടെ കാണാന്‍ നല്ല രസം.
അപൂര്‍വമായി മാത്രം സാരിയുടുക്കാറുള്ള ദേവിയാന്റി മരണസമയത്ത് ആ വേഷം തിരഞ്ഞെടുത്തതു നന്നായി. ജീന്‍സും ടോപ്പുമിട്ടു മരിച്ചുകിടക്കുന്ന ദേവിയാന്റിയെ അവള് സങ്കല്പിച്ചുനോക്കി. ഹോ, ആ വേഷത്തിലായിരുന്നെങ്കില്‍ വല്ലാത്തഭീകരത തോന്നിച്ചേനേ. ചുരിദാറും ദേവിയാന്റിക്കു ചേരില്ലെന്ന് അവള് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ, അവര്‍ക്കിഷ്ടം അത്തരം കാഷ്വല്‍ വേഷങ്ങളായിരുന്നു. തലേന്നു രാത്രി പുറത്തെവിടെയോ പോയി മടങ്ങിവന്നപടിയായിരുന്നല്ലോ. വസ്ത്രം മാറുന്നതിനു മുന്‍പാണ് അതു സംഭവിച്ചത്. അതുകൊണ്ട് അവസാനശ്വാസമെടുക്കുമ്പോള്‍ വേഷം സാരിതന്നെയായി.
എല്ലാ ദിവസവും അവള് പച്ചക്കറികള്‍ നുറുക്കാനുപയോഗിച്ചിരുന്ന തിളക്കമുള്ള കത്തിയുടെ മുക്കാല്‍ ഭാഗവും ദേവിയാന്റിയുടെ പുറത്ത് കൃത്യം ബ്രായുടെ കൊളുത്തുവീഴുന്ന പോയിന്റില്‍നിന്ന് രണ്ടിഞ്ച് ഇടത്തോട്ടുമാറി തുളഞ്ഞുകയറിയിട്ടുണ്ട്. ജര്‍മന്‍ നിര്‍മിതമായ ആ കത്തി ദേവിയാന്റിക്കു സമ്മാനിച്ചത് ദുബായില്‍ ബിസിനസ്സുകാരനായ ഷംസുദ്ദീനാണ്. നെയില്‍കട്ടറും ചെവി തോണ്ടിയും മറ്റും ഉള്‍പ്പെടുന്ന ഒരു ഗിഫ്റ്റ് ബോക്സായിരുന്നു അത്. അതില്‍ ദേവിയാന്റിക്ക് ഏറ്റവും ഇഷ്ടമായത് ഇളംചുവപ്പുപിടിയുള്ള തിളങ്ങുന്ന സ്റ്റീല്‍ കത്തിയാണ്.
ഗിഫ്റ്റ് ബോക്സ് തുറന്നപ്പോള്‍ അതു മാത്രമേ അവരുടെ കണ്ണില്പ്പെട്ടുള്ളൂ. കത്തിയുടെ പിടിയില്‍ വലതുകൈകൊണ്ട് മെല്ലെ തലോടിയ ശേഷം അതിന്റെ കൂര്‍ത്ത മുന പതിയെ മാറില്‍ രണ്ടു മുലകള്‍ക്കും നടു വിലായി അമര്‍ത്തിയപ്പോള്‍ അവള് ഞെട്ടിച്ചാടി
''ദേവിയാന്റീ, വേണ്ടട്ടോ.' അപ്പോള്‍ ദേവിയാന്റി കത്തി അവളുടെ നേരേ ചൂണ്ടി. പാതി മുറിച്ച് പത്തിരിപോലുള്ള അവളുടെ നെറ്റിയില്‍ സീമന്തരേഖ തുടങ്ങുന്നിടത്ത് ദേവിയാന്റി കത്തിമുന തൊടുവിച്ചു. അവള് അടിമുടി വിറച്ചെങ്കിലും അതു പുറത്തു കാട്ടിയില്ല. വളരെ പതുക്കെയാണ് തൊട്ടത്. സൂചി കുത്തുന്ന വേദന പോലും അവള്‍ക്കു തോന്നിയില്ല.
'ദാ, ഇനിയിത് അടുക്കളയിലേക്കുള്ളതാണ്. ഇടയ്ക്കിടയ്ക്ക് നമുക്കിങ്ങനെ കണ്ടോണ്ടിരിക്കാലോ...'
അല്പനേരം സീമന്തരേഖയില്‍ മുനകുത്തി നിന്ന കത്തി ദേവിയാന്റി അവള്‍ക്കു കൊടുത്തു. ഏഴെട്ടു മാസം മുന്‍പ് ആ കത്തി കിട്ടിയതുമുതല്‍ അടുക്കളയില്‍ പച്ചക്കറി നുറുക്കാന്‍ അവള് അതു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതിന്റെ സ്റ്റീല്മിനുപ്പും തിളക്കവും അവള്‍ക്കും വല്ലാതെ ഇഷ്ടമായി. പച്ച നേന്ത്രക്കായയ്ക്കുള്ളിലൂടെയും പാവയ്ക്കയ്ക്കുള്ളിലൂടെയും തടസ്സമില്ലാതെ ഒഴുകിയ അതിന്റെ മൂര്‍ച്ച അടുക്കളജോലിയുടെ വിരസതതന്നെ അകറ്റി.
വീണ്ടും അവള് ദേവിയാന്റിയുടെ കിടപ്പു നോക്കി. മുഖം മാത്രം ക്ലോസപ്പില്‍ കണ്ടാല്‍ മരിച്ചുകിടക്കുകയാണെന്നു തോന്നില്ല. വോഡ്കാലഹരിയില് പാതി കൂമ്പിയ കണ്ണുമായി അല്പം വെള്ളം ചോദിക്കാനെന്നവണ്ണം തുറന്നുപിടിച്ച് വായ. സത്യം അതല്ലെന്ന് അവള്‍ക്കറിയാം. മരണസമയത്ത് അവസാനത്തെ നിലവിളി പാതിയില്‍ മുറിഞ്ഞുപോയതാവണം. തറഞ്ഞുനില്ക്കുന്ന കത്തിക്കു ചുറ്റിലും ചോരപടര്‍ന്ന ബ്ലൗസിലും തറയിലുമായി തിങ്ങിക്കൂടി നീങ്ങുന്ന ഉറുമ്പുകളെ അപ്പോഴാണ് അവള് ശ്രദ്ധിച്ചത്. വി.ഐ.പികള്‍ മരിക്കുമ്പോഴുള്ള തത്സമയ ചാനലാഘോഷങ്ങള് കണ്ട് അവള് പലപ്പോഴും ബോറടി മാറ്റിയിട്ടുണ്ട്. ദേവിയാന്റിക്ക് അന്ത്യാപചാരമര്പ്പിക്കാനെത്തിയ ഉറുമ്പുകളെ പല ആംഗിളില്‍ നിന്നായി അവള് നോക്കി.
ഉറുമ്പുകളായിരുന്നു ആ വീട്ടിലെ ഏറ്റവും വലിയ പൊല്ലാപ്പ്. വില കൂടിയ വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കിയ വീടായിട്ടും ഉറുമ്പുകള്‍ ശല്യം ചെയ്യുന്നതില്‍ ദേവിയാന്റി എപ്പോഴും വേവലാതിപ്പെട്ടു. വാര്‍ഡ് റോബില്‍ കയറിക്കൂടിയ ഉറുമ്പുകള്‍ അവരുടെ നേര്‍ത്ത വസ്ത്രങ്ങളില്‍ തുളകളുണ്ടാക്കി. തിരക്കിട്ട് പാന്റീസ് അണിഞ്ഞ ദിവസങ്ങളിലെല്ലാം ദേവിയാന്റി വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളുന്നത് അവള് കണ്ടിട്ടുണ്ട്. ഉറുമ്പുപൊടിയും കീടങ്ങളെ കൊല്ലുന്ന പ്രേയും അവര്‍ ഉപയോഗിച്ചിരുന്നു. പക്ഷേ, അടുക്കളയില്‍ അതൊന്നും ഉപയോഗിക്കാന്‍ അവള് സമ്മതിച്ചില്ല. കീടങ്ങളെ കൊല്ലുന്ന സ്േ്രപ മനുഷ്യര്‍ക്കും ദോഷമായിരിക്കുമെന്ന സാമാന്യയുക്തി അവള് ദേവിയാന്റിക്കു മുന്നില്‍ അവ തരിപ്പിച്ചു.
'കീടങ്ങള്‍ വെറും കീടങ്ങള്‍. മനുഷ്യര്‍ അങ്ങനെ എളുപ്പത്തിലൊന്നും ചാവില്ലെടീ...' എന്നായിരുന്നു ദേവിയാന്റിയുടെ നിരീക്ഷണം. എന്നിട്ടും അവള് അടുക്കളയില്‍ കീടനാശിനികളൊന്നും ഉപയോഗിച്ചില്ല. പരന്ന പാത്രങ്ങളില്‍ അല്പം വെള്ളമൊഴിച്ച് അതിനകത്ത് ഭക്ഷണപ്പാത്രങ്ങള്‍ എടുത്തുവെച്ച് അവള് ഉറുമ്പുകളുടെ സഞ്ചാരമാര്‍ഗം അടച്ചു. വെള്ളത്തില്‍ നീന്താന്‍ ശ്രമിച്ച ചില ഉറുമ്പുകള്‍ ചത്തുപൊങ്ങിയതു കണ്ടപ്പോള്‍ അവള്‍ക്കു സങ്കടം തോന്നിയിരുന്നു. ആ വിദ്യ ദേവിയാന്റിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.
ഒരു ദിവസം കിടപ്പുമുറിയില്‍ നിന്നു ദേവിയാന്റിയുടെ അലര്‍ച്ച കേട്ടാണ് അവള് ഗോവണിപ്പടികള്‍ ഓടിക്കയറിയത്. വോഡ്കയുടെ ലഹരി നുകര്‍ന്ന ശേഷം ഉച്ചഭക്ഷണവും കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു അവര്‍. അഞ്ചു മിനുട്ടു മുന്‍പാണ് ദേവിയാന്റി കിടക്കാന്‍ മുകളിലേക്കു പോയത്. പാതി ചാരിയ കിടപ്പറവാതില്‍ തള്ളിത്തുറന്ന് അവള് അകത്തേക്കു കയറിയപ്പോള്‍ നെറ്റി പൊക്കി അവര്‍ മേലാസകലം ചൊറിയുകയായിരുന്നു. ഇടയ്ക്കു പുളിച്ച തെറിവാക്കുകള്‍ ഉറുമ്പുകള്ക്കെതിരേ പ്രയോഗിച്ചുകൊണ്ടിരുന്നു. ബ്രാവരെ പൊക്കിവെച്ച നൈറ്റിക്കു താഴേക്ക് ദേവിയാന്റിയുടെ ശരീരം അന്നാദ്യമായാണ് അവള് മറയില്ലാതെ കണ്ടത്. നല്ല വടിവുണ്ടെങ്കിലും പൊക്കിളിനു താഴേ വയറല്പം മുന്നോട്ടു ചാടി വരുന്നതില്‍ അവള്‍ക്കു സങ്കടം തോന്നി. എന്നാല്‍, പ്രഭാതങ്ങളിലെ യോഗാഭ്യാസംകൊണ്ടാണ് അത്രയെങ്കിലും പിടിച്ചുനില്‍ക്കുന്നതെന്നും അവള്‍ക്കറിയാം. തീറ്റയ്ക്കും കുടിക്കും കുറവൊന്നുമില്ലല്ലോ.
''ആ കിടക്കവിരിയിലേക്കൊന്നു നോക്കെടീ...' ചൊറിച്ചില്‍ ആസ്വദിച്ച് ഒരു നിമിഷം നിന്നുപോയ അവളോടു ദേവി യാന്റി ദേഷ്യപ്പെട്ടു.
അവള് നോക്കിയപ്പോള്‍ കിടക്കവിരി നിറയെ ഉറുമ്പുകള്‍. വിരിയെടുത്ത് അവള് ശക്തിയായി കുടഞ്ഞു. വെണ്മയുള്ള മാര്‍ബിള്‍ത്തറയില്‍ ഉറുമ്പുകള്‍ തലങ്ങും വിലങ്ങുമോടി. നൈറ്റ് ഗൗണിനുള്ളിലൂടെ കെയിട്ട് പിന്‍ഭാഗത്തു ശക്തിയായി ചൊറിയുന്നതിനിടെ അവര്‍ ഉറുമ്പുകളെ നിലത്തിട്ടു ചവിട്ടിയരച്ചു. അടക്കാനാവാത്ത ദേഷ്യത്തോടെ രണ്ടു കാലുകളും ഉപയോഗിച്ച് തറയില്‍ അവര്‍ ശക്തിയായി ഉരസിയപ്പോള്‍ നൂറുകണക്കിന് ഉറുമ്പുകള്‍ ചത്തു.
''വേണ്ട ദേവിയാന്റീ, ഞാന്‍ തൂത്തുകളയാം....' അവള് പറഞ്ഞു. അവരതു ചെവിക്കൊണ്ടില്ല.
പേടിച്ചോടിയ ഉറുമ്പുകളുടെ പിന്നാലെ ചെന്ന് കാലിന്റെ പെരുവിരല്‍കൊണ്ട് ഓരോന്നിനെയായി ദേവിയാന്റി കൊല്ലുന്നത് അവള്‍ക്കു നോക്കിനില്ക്കേണ്ടിവന്നു. ചെറുജീവിയെപ്പോലും കൊല്ലാന്‍ അവള്‍ക്കു പേടിയായിരുന്നു. മനുഷ്യജീവന് പോലെത്തന്നെയാണ് ഉറുമ്പിന്റെ ജീവനും എന്നൊക്കെയുള്ള ചില കുഞ്ഞു തത്ത്വചിന്തകള്‍ അവള്‍ക്കുണ്ടായിരുന്നു. ആരും പഠിപ്പിച്ചതൊന്നുമല്ല. അതൊക്കെ അവള് സ്വയം ചിന്തിച്ചുണ്ടാക്കുന്നതാണ്. ഒരു മനുഷ്യന് മരിക്കുമ്പോള്‍ എന്തൊരു ഞെട്ടലാണെല്ലാവര്ക്കും. പക്ഷേ, നൂറുകണക്കിന് ഉറുമ്പുകളെയാണ് ദേവിയാന്റി ക്ഷണനേരംകൊണ്ട് കൊന്നത്. അവ ദേവിയാന്റിയെ ഉപദവിച്ചു എന്നത് സത്യമാണ്. അന്നു രാവിലെ ദേവിയാന്റി കിടക്കയിലിരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ അശ്രദ്ധമായി ലഡു തിന്നപ്പോള്‍ പൊടിഞ്ഞുവീണ് തരികള്‍ നുണയാനാണ് പാവം ഉറുമ്പുകള്‍ വരിവരിയായി വന്നതെന്ന മറ്റൊരു സത്യവും അവള്‍ക്കു മനസ്സിലായിരുന്നു. ശ്രദ്ധിക്കേണ്ടതു ദേവിയാന്റിയായിരുന്നില്ലേ?
ജാലിയന്‍വാലാബാഗും വാഗണ്‍ ട്രാജഡിയുമൊക്കെ പഠിച്ച അവളുടെ ഇഷ്ടവിഷയം ഹിസ്റ്ററിയായിരുന്നു. അതുകൊണ്ടാണ് പ്ലസ് വണ്ണിനു ലഭിച്ച മൂന്ന് എ വണ്ണുകളില് ഒന്ന് ഹിസ്റ്ററിയിലായത്. ഹിറ്റ്ലര്‍ നടത്തിയതുള്‍പ്പെടെയുള്ള കൂട്ടക്കൊലകള്‍ ചരിത്രത്തില്‍ വലിയ സംഭവങ്ങളാണ്. മൃഗങ്ങള്‍ക്കും കീടങ്ങള്‍ക്കും ഇതൊന്നും ബാധകമല്ല. മനുഷ്യന് അത്ര കേമനൊന്നുമല്ലെന്ന് മലയാളത്തിന്റെ ദാസന്മാസ്റ്ററും അവളെ പഠിപ്പിച്ചിരുന്നു. ദാസന്മാസ്റ്ററുടെ വര്‍ത്തമാനം പറച്ചിലിനോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളത്തില്‍ മറ്റൊരു എ വണ്‍ കിട്ടിയത്. സരസമ്മ ടീച്ചറുടെ സ്നേഹം കൊണ്ട് കണക്കിലും കിട്ടി എ വണ്‍.
അവശിഷ്ടംപോലുമില്ലാത്തവിധം തറയോടു ചേര്ന്നരഞ്ഞ ഉറുമ്പുകറകള് തുടച്ചു വൃത്തിയാക്കുന്നതിനിടെ അവള് ഇങ്ങനെ പല കാര്യങ്ങളും ഓര്‍ത്തെങ്കിലും ഒന്നും ദേവിയാന്റിയോടു പറഞ്ഞിരുന്നില്ല. നൂറുകണക്കായ ഉറുമ്പുകള്‍ മരണാനന്തരവും ആ മുറിയില്‍ വലിയ അലോസരമൊന്നുമുണ്ടാക്കിയില്ല. അവയെ നീക്കംചെയ്യാന്‍ എളുപ്പമായിരുന്നു. എന്നാല്‍, ദേവിയാന്റിയുടെ ജഡം അങ്ങനെയല്ല. മരണാനന്തരം മനുഷ്യശരീരം അശ്ലീലമാണ്. അല്പനേരം കഴിഞ്ഞാല്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും. ദേവിയാന്റി മണ്ണിനോടു ചേര്ന്നലിഞ്ഞില്ലാതാവാന് എത്ര കാലമെടുക്കും. മാംസമില്ലാതായാലും അസ്ഥികൂടം വര്‍ഷങ്ങളോളം അങ്ങനെത്തന്നെ കിടക്കും. വൈദ്യുതശ്മശാനത്തിലാണങ്കില് എല്ലാം പെട്ടെന്നു കഴിയുമായിരിക്കും. പക്ഷേ, അവിടെയെത്തിക്കാനും ഒരുപാടു പ്രയാസങ്ങളുണ്ടല്ലോ. ഇങ്ങനെയൊക്കെ ഓര്‍ത്തുകൊണ്ട് ദേവിയാന്റിയുടെ പുറത്തു തറ ഞ്ഞുകിടന്ന കത്തിയുടെ ഇളംചുവപ്പുപിടിയുടെ മിനുസത്തില്‍ അവളൊന്നു തൊട്ടു.
''ഈ കത്തി കാണുമ്പോള്‍ എനിക്കു ചില വൃത്തികേടൊക്കെ തോന്നുന്നുണ്ട്....' ഒരിക്കല്‍ ദേവിയാന്റി പറഞ്ഞു. പച്ചമുളകും ഇഞ്ചിയും ചതച്ചു ചേര്‍ത്ത് നുരയുന്ന സോഡ കലര്‍ത്തി ഇളക്കിച്ചേര്‍ത്ത വോഡ്ക രണ്ടു ഗ്ലാസ് കഴിച്ചുകഴിഞ്ഞ നേരത്താണ് അവരതു പറഞ്ഞത്. കത്തിമുന തന്റെ നാഭിക്കു താഴേ ഫാനിന്റെ കാറ്റില്‍ രൂപപ്പെട്ട കോട്ടണ്‍ ചുരിദാറിന്റെ ത്രികോണത്തിനു മുകളില്‍ അമര്‍ത്തിക്കൊണ്ട് ഏതോ നിര്‍വൃതിയില്‍ സ്വയം നഷ്ടപ്പെട്ടവളെപ്പോലെ പിറുപിറുക്കുകയായിരുന്നു അവര്‍. ദേവിയാന്റി അങ്ങനെ പലതും പലപ്പോഴായി പറഞ്ഞിട്ടുള്ളതിനാല്‍ അവള്‍ക്കതില്‍ വലിയ ഞെട്ടലൊന്നും തോന്നിയില്ല. പക്ഷേ, മുന്‍പൊക്കെ ലഹരി കയറിയപ്പോഴും അല്ലാത്തപ്പോഴും പറഞ്ഞ പല കൂരമായ അശ്ലീലങ്ങളെക്കാളും മൂര്‍ച്ചയുണ്ടായിരുന്നു ആ പറച്ചിലിന്.
ദേവിയാന്റി പറഞ്ഞതുപോലെ ചെയ്തുനോക്കിയാലെന്തെന്ന് അവള്‍ക്കു പലപ്പോഴും തോന്നിയിട്ടുമുണ്ട്. ആ കത്തിയുടെ തണുപ്പും മിനുസവും സുഖം മാത്രമേ തരികയുള്ളൂ. അതൊരിക്കലും നോവിക്കില്ലെന്ന്അവളും വിശ്വസിച്ചു.
ഒരിക്കല്‍ തന്റെ തുടയിടുക്കിലൂടെ കത്തി താഴ്ന്നുപോകുന്നത് സ്വപ്നം കണ്ട് അവള് ഞെട്ടിയുണരുകപോലും ചെയ്തിട്ടുണ്ട്. അതൊരു വെളുപാന്കാലത്തായിരുന്നു. പിന്നെ ഉറക്കം വന്നതുമില്ല. അന്നു പകല്‍ അടുക്കളയില്‍ കത്തി പെരുമാറേണ്ടി വന്നപ്പോഴൊക്കെ നാഭിക്കു താഴെ എന്തോ പോലെ തോന്നുകയും അവള് ശരീരത്തിന്റെ പല ഭാഗങ്ങളിലും കത്തിമുനകൊണ്ടു മൃദുവായി കുത്തിനോക്കുകയും ചെയ്തു. സുഖംതന്നെയാണ് അപ്പോഴൊക്കെയും അനുഭവപ്പെട്ടത്.
Content Highlights: kattima by Jayan Sivapuram, malayalam literature
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..