മലയാളത്തിന്റെ പ്രിയപ്പെട്ട നടി ജീവിതം തുറന്നു പറയുന്ന പുസ്തകമാണ് 'കഥ തുടരും'. സിനിമയും നാടകവും രാഷ്ട്രീയവും കടന്നുവരുന്ന ഈ ആത്മകഥ ഒരു കാലത്തിന്റെ ചരിത്രംകൂടിയായി മാറുന്നു. പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം.

രതേട്ടന്‍ മരിച്ചതിനു ശേഷമാണ് വീണ്ടും ഒരു അമേരിക്കന്‍യാത്ര. രണ്ടു തവണ സന്ദര്‍ഭം കിട്ടി. എനിക്കു കുട്ടികളില്ലാതെ പോകാനിഷ്ടമല്ല. ആദ്യത്തെ തവണ കുട്ടികള്‍ക്കു വിസ കിട്ടിയില്ല. സിദ്ദിഖ്-ലാല്‍ ഒക്കെ അടങ്ങിയ സംഘമാണ്. ഒരു മാസത്തെ പരിപാടി. അമേരിക്കയില്‍ ഒരുപാടിടത്തു കറങ്ങി. ഒരു മാസം ഞാന്‍ ഭയങ്കര വിഷമത്തിലായിരുന്നു. മദിരാശിയില്‍ അവരൊറ്റയ്ക്കല്ലേ? അതുകൊണ്ട് എനിക്കു യാത്ര രസമായി തോന്നിയില്ല.

വീണ്ടും അവസരം വന്നപ്പോള്‍ ഞാന്‍ ഉറപ്പിച്ചു പറഞ്ഞു: 'കുട്ടികളെക്കൂടാതെ ഞാന്‍ വരില്ല. അവര്‍ക്കു വിസ കിട്ടിയില്ലെങ്കില്‍ കൂടെ ഞാനുണ്ടാവില്ല!' പ്രിയദര്‍ശന്‍ ഒക്കെ അടങ്ങിയ സംഘമാണ്. എല്ലാവരും വലിയവലിയ താരങ്ങള്‍. മോഹന്‍ലാല്‍ ഒക്കെയുണ്ട്. ഞങ്ങള്‍ കുട്ടികളടക്കം 43 പേരാണുള്ളത്. വിസയടിക്കാന്‍ ഇന്റര്‍വ്യൂവിന് മോഹന്‍ലാലും മദിരാശിയില്‍ വന്നിരുന്നു. ലാലിനതിന്റെ ആവശ്യമില്ല. പത്തു കൊല്ലത്തെ വിസയുണ്ട്. എപ്പോള്‍ വേണമെങ്കിലും പോകാം. എങ്കിലും ഇന്റര്‍വ്യൂവിനു വന്നു. 41 പേര്‍ക്കു വിസ ശരിയായി. എന്റെ മക്കള്‍ക്കു മാത്രമില്ല. 'അമ്മ പോകല്ലേ'യെന്നു പറഞ്ഞു കുട്ടികള്‍ കരച്ചില്‍ തുടങ്ങി. എനിക്കറിയാമായിരുന്നു, സംഘത്തില്‍ എന്റെ മക്കളെ കണ്ടാല്‍ അവര്‍ക്കു വിസ കിട്ടില്ലെന്ന്. ഞാനില്ലാതെ പ്രോഗ്രാം നടത്താനും പറ്റില്ല. ഇനിയെന്തു ചെയ്യും? എല്ലാവരും ചിന്താക്കുഴപ്പത്തിലായി.

അമേരിക്കന്‍ കോണ്‍സുലേറ്റില്‍ അങ്ങനെ അകത്തു കയറി ന്യായം പറയാനും പറ്റില്ല. ആരെയെങ്കിലും കാണണമെന്നു പറഞ്ഞാല്‍ അതും നടക്കില്ല. അവര്‍ സമ്മതിക്കില്ല. അത്ര സെക്യൂരിറ്റി ഏര്‍പ്പാടുകളാണവിടെ. അങ്ങനെ വിഷമിച്ചുനില്ക്കുമ്പോള്‍ സായ്പ് സിഗരറ്റു വലിക്കാന്‍ പുറത്തിറങ്ങി. സായ്പിനെ കണ്ടപാടേ മോഹന്‍ലാല്‍ ഉഷാറായി. മോഹന്‍ലാല്‍ സിഗരറ്റു വലിച്ചുകൊണ്ടു നില്ക്കുന്ന സായ്പിനെ പോയിക്കണ്ടു. മോഹന്‍ലാല്‍ സായ്പിനോടു ചെന്നുപറഞ്ഞു: 'ഈ യാത്ര നടന്നില്ലെങ്കില്‍ ഞങ്ങള്‍ 43 പേരും ആത്മഹത്യ ചെയ്യേണ്ടിവരും. ലളിതയില്ലങ്കില്‍ പ്രോഗ്രാം നടക്കില്ല. ലളിത വരണമെങ്കില്‍ കുട്ടികളും കൂടെ വേണം.' സായ്പിനെ പറഞ്ഞുവീഴ്ത്താന്‍ ലാലിനായി. സായ്പ് സമ്മതം മൂളി. ലാല്‍ സായ്പു പറഞ്ഞതുപ്രകാരം എന്തൊക്കെയോ എഗ്രിമെന്റുകള്‍ എഴുതി ഒപ്പിട്ടുകൊടുത്തു. അത് കുറച്ചു നാളത്തെ പരിപാടിയായിരുന്നു. മൂന്നോ നാലോ സ്റ്റേജുകള്‍ മാത്രം.

കുട്ടികളില്ലാതെ എങ്ങോട്ടും യാത്രപോവാന്‍ പറ്റാത്ത ഒരമ്മയായിരുന്നു ഞാന്‍. ഇന്ന് യാത്രചെയ്യാന്‍ മക്കള്‍ എന്റെ കൂടെയില്ല. ഞാനൊറ്റയ്ക്കുതന്നെ യാത്രയാവുന്നു. തിരിച്ച് ഒറ്റയ്ക്കുതന്നെ വീട്ടിലെത്തും. ഒറ്റയ്ക്കിരുന്ന് ഓരോ കാര്യങ്ങള്‍ ഓര്‍ക്കുന്നു. മോളുടെ വിവാഹം കഴിഞ്ഞ് അവള്‍ യാത്രയായപ്പോള്‍ വീട്ടില്‍ ഞാനും അവനും മാത്രമായി. അവനെ എന്നും എന്റെ അരികില്‍ കിട്ടില്ല. അവന്‍ അവന്റെ ജീവിതസ്വപ്‌നങ്ങളുമായി മറുനാടുകളില്‍ അലയുകയാണല്ലോ? അച്ഛനെപ്പോലെ അവനും സിനിമ ചെയ്യണം. കുറച്ചു കാലം അഭിനയിച്ചു. അതല്ല അവനിഷ്ടം. സിനിമ സംവിധാനം ചെയ്യലാണ്. അത് നടക്കുമെന്ന മോഹവുമായി അവന്‍ നടക്കുന്നു. പല പ്രോജക്ടുകളും വരുന്നു, പോവുന്നു. ഒന്നും അതിന്റെ നിര്‍മാണദശയില്‍ എത്തുന്നില്ല.

പത്മരാജന്റെ മകന്‍ അനന്തപത്മനാഭനും അവനുംകൂടി ഒരു പടത്തില്‍ ഒന്നിക്കുന്നതിനെക്കുറിച്ചു വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. അനന്തുവിന്റെ സ്‌ക്രിപ്റ്റും എന്റെ മോന്റെ സംവിധാനവും. അതു നടന്നിരുന്നെങ്കില്‍ നല്ല കാര്യമായിരുന്നു. രണ്ടു പേരുടെയും അച്ഛന്മാര്‍ ഒന്നിച്ചായിരുന്നല്ലോ ആദ്യപടം ചെയ്തത്- പ്രയാണം. പത്മരാജന്റെ തിരക്കഥയും ഭരതേട്ടന്റെ സംവിധാനവും. അവിടെനിന്നാണല്ലോ അവര്‍ മഹാപ്രയാണം ആരംഭിച്ചത്. രണ്ടു പേരും അകാലത്തില്‍ പോവുകയും ചെയ്തു. ഒരാള്‍ ആരുമറിയാതെ ഒരു ഹോട്ടല്‍മുറിയില്‍ ഏകാന്തമൗനത്തിലായി. മറ്റേയാള്‍ മരിക്കുമ്പോള്‍പ്പോലും ലോകത്തെ ഗാഢമായി അറിഞ്ഞുകൊണ്ടിരുന്നു. അതൊക്കെ ഓര്‍ക്കേണ്ടിവരുന്നതും ഓര്‍മിപ്പിക്കേണ്ടിവരുന്നതും വലിയ കഷ്ടമാണ്.

ഭരതേട്ടന്‍ ചെയ്തുതീര്‍ക്കാന്‍ ബാക്കിയായ രണ്ടു കാര്യങ്ങള്‍കൂടി എനിക്കു ചെയ്തുതീര്‍ക്കേണ്ടതുണ്ടായിരുന്നു. അതിലാദ്യത്തെത് ഞാന്‍ ഭംഗിയായിത്തന്നെ ചെയ്തുതീര്‍ത്തു. ഒന്നിലും കുറവു വരുത്താതെ ഗംഭീരമായി മോളുടെ കല്യാണം. സിദ്ധുവിന്റെ കല്യാണത്തെക്കുറിച്ച് വേവലാതികളൊന്നും എനിക്കില്ലായിരുന്നു. നടക്കേണ്ട സമയത്ത് അത് നടക്കും എന്നേ വിചാരിച്ചുള്ളൂ. അതിനങ്ങനെ ഒരുങ്ങേണ്ട കാര്യമൊന്നുമില്ല.

ഇങ്ങനെയൊക്കെ വിചാരിച്ചുനടക്കുന്ന കാലത്ത് പല കാര്യങ്ങളും ഞാനറിയുന്നുണ്ടായിരുന്നില്ല. സിദ്ധുവിന് മദിരാശിയില്‍ ഒരു പ്രണയമുള്ള കാര്യമൊന്നും ഞാനറിയുന്നേ ഇല്ല. മക്കളുടെ പ്രണയം അമ്മമാര്‍ അറിയുമെന്നൊക്കെ പറയാറുണ്ടെങ്കിലും ഞാനത് അറിഞ്ഞതേയില്ല. കുറെ നാളായി അവനൊരു പെണ്‍കുട്ടിയുമായി അടുപ്പമായിരുന്നു. അവര്‍ തമ്മില്‍ ഇഷ്ടമായിരുന്നു. അവള്‍ ദന്തല്‍ കോളേജില്‍ പഠിക്കുകയാണ്. എന്താണെന്നറിയില്ല, കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ല. പഠനം പൂര്‍ത്തിയാവുന്നതിനുമുന്‍പ് നല്ലൊരു ജോലി കിട്ടി. അതുകൊണ്ടാണോ നിര്‍ത്തിയതെന്നറിയില്ല. നല്ല ജോലിയെന്നു പറഞ്ഞാല്‍ തരക്കേടില്ലാത്ത വരുമാനം കിട്ടുന്ന ജോലിയെന്നേ പറയാന്‍ പറ്റൂ. ഒരു കൊല്ലം ജോലി ചെയ്യാന്‍ എന്നു പറഞ്ഞാണു പഠിത്തം നിര്‍ത്തിയത്.

സിദ്ധുവിന് കല്യാണം വേഗം വേണമെന്നൊന്നും ഉണ്ടായിരുന്നില്ല. പതുക്കെ മതി. കുറച്ചുകൂടി കഴിയട്ടെ എന്നൊക്കെയാണു പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കു വേഗം കല്യാണം വേണമെന്നു നിര്‍ബന്ധമായിരുന്നു. അവളുടെ ജാതകത്തില്‍ ഇപ്പോള്‍ കല്യാണം നടന്നില്ലെങ്കില്‍ വൈകുമെന്നോ മറ്റോ ഉണ്ട്. വൈകുമെന്നു പറഞ്ഞാല്‍ കുറെ വൈകും. മുപ്പത്തിയഞ്ചു വയസ്സുകഴിഞ്ഞാലേ പിന്നെ മംഗല്യഭാഗ്യമുള്ളൂ.

വലിയ കോലാഹലമൊന്നുമില്ലാതെ അവന്റെ കല്യാണവും നടന്നു. കോലാഹലമില്ലെങ്കിലും കുറവൊന്നും വരുത്തിയില്ല. അങ്ങനെ അച്ഛനില്ലാതെതന്നെ ഞാന്‍ രണ്ടു മക്കളുടെയും കല്യാണം നടത്തി. എന്നെ ഏല്പിച്ച എല്ലാ ഉത്തരവാദിത്വവും ഞാന്‍ നിറവേറ്റിയെന്നു പറയാം ഇല്ലേ? ഇന്ന് എന്റെ ജീവിതം. അത് സിനിമയിലും ജീവിതത്തിലും പുറത്തുമായി ഒതുങ്ങിത്തീരുന്നു.

'കഥ തുടരും' വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക