മാർക്സും ഏംഗൽസും മാർക്സിന്റെ മക്കളായ ജെന്നി, എലനോർ, ലോറ എന്നിവരോടൊപ്പം
1870കളുടെ അവസാനം മുതല്‍ ഒന്നിനു പിറകേ മറ്റൊന്നായി ഹൃദയഭേദകമായ വേര്‍പാടുകളുടെ ദുഃഖം എംഗല്‍സിനെ തേടിയെത്താന്‍ തുടങ്ങി. 1878 മുതലുള്ള അഞ്ചുവര്‍ഷക്കാലത്തിനുള്ളില്‍ നാലു മരണങ്ങള് അദ്ദേഹത്തിന് കാണേണ്ടിവന്നു. 1878 സെപ്റ്റംബറില്‍ എംഗല്‍സിന്റെ ജീവിതപങ്കാളി ലിസിബേണ്സ് അന്തരിച്ചു. മേരിബേണ്സിന്റെ മരണത്തിനുശേഷം എംഗല്‍സിന്റെ ജീവിതത്തിലെ വലിയ സമാശ്വാസമായിരുന്നു അവര്‍. മാര്‍ക്സിന്റെ ഭാര്യ ജെന്നിക്ക് പ്രിയസഹോദരിയും. ലിസിബേണ്സിന്റെ മരണം എംഗല്‍സിനെ വലിയ അളവില്‍ ഏകാകിയാക്കി. മൂന്നുവര്‍ഷത്തിനുള്ളില്‍ ജെന്നി മാര്‍ക്സ് അന്തരിച്ചു (1881 ഡിസംബര്‍ 2). മാര്ക്സിനെന്നപോലെ എംഗല്‍സിനും അത് തീരാദുഃഖമായിരുന്നു. സഹോദരിയായ മേരിയെപ്പോലെ എംഗല്‍സ് പരിഗണിച്ചിരുന്ന ഒരാളായിരുന്നു ജെന്നി. മാര്ക്സിനോടുപോലും പങ്കുവെക്കാത്ത ദാരിദ്ര്യദുഃഖങ്ങളും ജീവിതയാതനകളും ജെന്നി എംഗല്‍സിനോട് പറയുമായിരുന്നു. അത്രമേല്‍ ആഴമേറിയ സാഹോദര്യഭാവനയായിരുന്നു അവരുടേത്. ജെന്നി മാര്‍ക്സിന്റെ മരണം കഴിഞ്ഞ് നാല്പതു ദിവസം മാത്രം പിന്നിട്ടപ്പോള്‍ മാര്‍ക്സിന്റെ മൂത്ത മകള്‍ ജെന്നി, അങ്ങേയറ്റം അകാലത്തില്‍, മരണമടഞ്ഞു. അതിന്റെ വേദനയില്‍നിന്ന് മാര്‍ക്സ് ഒരിക്കലും കരകയറിയില്ല. മകളുടെ മരണം കഴിഞ്ഞ് രണ്ടു മാസവും മൂന്നു ദിവസവും കഴിഞ്ഞപ്പോള്‍, 1883 മാര്‍ച്ച് 14, മാര്‍ക്സ് വിടവാങ്ങി. അദ്ദേഹത്തിന് അറുപത്തിയഞ്ചു വയസ്സു തികയാന്‍ പിന്നെയും രണ്ടു മാസം ബാക്കിയുണ്ടായിരുന്നു.

1883 മാര്‍ച്ച് 17നാണ് ലണ്ടനിലെ ഹൈഗേറ്റ് ശ്മശാനത്തില്‍ മാര്‍ക്സിന്റെ സംസ്കാരച്ചടങ്ങുകള്‍ നടന്നത്. ചരമോപചാരപ്രസംഗം നടത്തിയത് എംഗല്‍സാണ്. നാലുപതിറ്റാണ്ടു പിന്നിട്ട ആ ആത്മസൗഹൃദത്തെ മുന്‍നിര്‍ത്തി എംഗല്‍സ് പറഞ്ഞു:
'ഈ മാര്‍ച്ച് 14ന് ഉച്ചകഴിഞ്ഞ് മൂന്നടിക്കാന്‍ പതിനഞ്ചു മിനിറ്റുള്ളപ്പോള്‍ ഇക്കാലത്തെ ഏറ്റവും മഹാനായ ചിന്തകന്‍ ചിന്തയില്‍നിന്ന് പിന്‍വാങ്ങി. അതിനുശേഷം കഷ്ടിച്ച് രണ്ടു മിനിറ്റ് നേരം അദ്ദേഹം തനിച്ചായിരുന്നിരിക്കണം. അപ്പോഴേക്കും ഞങ്ങള്‍ അവിടെ തിരിച്ചെത്തി. അപ്പോള്‍ ചാരുകസേരയില്‍ അദ്ദേഹം ശാന്തനായി ഉറങ്ങുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്; എന്നന്നേക്കുമായി.'
ആധുനിക മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ അതുല്യചിന്തകനാണ് മാര്‍ക്സ് എന്നദ്ദേഹം അവിടെ പറഞ്ഞു. ജീവിവര്ഗ്ഗപരിണാമം കണ്ടെത്തിയ ഡാര്‍വ്വിനെപ്പോലെ, ചരിത്രപരിണാമത്തിന്റെ അടിസ്ഥാനം കണ്ടെത്തിയ ശാസ്ത്രജ്ഞനായി മാര്‍ക്സിനെ എംഗല്‍സ് വിശേഷിപ്പിച്ചു. മാര്‍ക്സിന്റെ മരണം ഉണ്ടാക്കുന്ന വിടവ് എത്ര വലുതാണെന്ന് ലോകം തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. എംഗല്‍സ് ഇങ്ങനെ അവസാനിപ്പിച്ചു:
'എല്ലാത്തിലുമുപരി, മാര്‍ക്സ് ഒരു വിപ്ലവകാരിയായിരുന്നു. മുതലാളിത്തസമൂഹത്തെയും അതു രൂപപ്പെടുത്തിയ വിവിധതരം സര്‍ക്കാരുകളെയും അട്ടിമറിക്കുന്നതില്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കുചേരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതദൗത്യം.... സമരമായിരുന്നു അദ്ദേഹത്തിന്റെ സത്ത. മറ്റാര്‍ക്കും കഴിയാത്ത അളവില്‍ വികാരാവേശത്തോടെയും പതറാത്ത ദൃഢനിശ്ചയത്തോടെയും അദ്ദേഹം പൊരുതി. അദ്ദേഹത്തിന്റെ പേരും പ്രവര്‍ത്തനങ്ങളും യുഗാന്തരങ്ങളെ അതിജീവിക്കും.'
മാര്‍ക്സിന്റെ മരണശേഷം ഒരു വ്യാഴവട്ടക്കാലംകൂടി എംഗല്‍സ് ജീവിച്ചു. അക്കാലത്ത് അദ്ദേഹം ഏറ്റെടുത്ത പ്രധാന ദൗത്യം മൂലധനത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നതാണ്. ഒപ്പംതന്നെ മാര്‍ക്സിന്റെയും തന്റെയും പല കൃതികളുടെയും പുതിയ പതിപ്പുകള്‍ തയ്യാറാക്കുക, അവയ്ക്കെല്ലാമുള്ള ആമുഖങ്ങള്‍ എഴുതുക എന്ന ജോലിയും എംഗല്‍സ് ഇക്കാലത്ത് നിര്‍വ്വഹിക്കുന്നുണ്ട്. 1883ല്‍ത്തന്നെ മൂലധനത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ പരിശോധന അദ്ദേഹം ആരംഭിച്ചു. അതേവര്‍ഷം മൂലധനത്തിന്റെ പുതിയ ജര്‍മ്മന്‍ പതിപ്പ് അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. എംഗല്‍സ് തയ്യാറാക്കിയ ആ പതിപ്പാണ് മൂലധനത്തിന്റെ ആധികാരികപാഠമായി ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. 188385 കാലത്ത് മൂലധനം രണ്ടാം വോള്യത്തിന്റെ കരടില്‍നിന്ന്, അതിനൊരു പൂര്‍ണ്ണരൂപം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എംഗല്‍സ് മുഴുകി. മാര്‍ക്സിന്റെ കൈപ്പട ഒരാള്‍ക്കും കടന്നുകയറാനാവാത്ത കോട്ടപോലെ ദുര്‍ഗ്രഹമാണ്. അതുമായുള്ള അതിപരിചയംകൊണ്ടു മാത്രമാണ് എംഗല്‍സിന് മൂലധനത്തിന്റെ ബാക്കി ഭാഗങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്. മാര്‍ക്സിന്റെ കൈയക്ഷരം സുഗ്രാഹ്യമാക്കാന്‍ സഹായിക്കുന്ന ഒരു കൈപ്പുസ്തകം തന്നെ എംഗല്‍സ് ഇതിനുവേണ്ടി തയ്യാറാക്കിയിരുന്നു. (പില്ക്കാലത്ത് ആ കൈപ്പുസ്തകത്തിന്റെ സഹായത്തോടെയാണ് കൗട്സ്കി മൂലധനത്തിന്റെ നാലാം വോള്യമായി പരിഗണിക്കപ്പെടുന്ന മിച്ചമൂല്യസിദ്ധാന്തങ്ങള്‍ (Theories of Surplus Value) പ്രസിദ്ധീകരിച്ചത്.) 1885ല്‍ മൂലധനത്തിന്റെ രണ്ടാം വോള്യവും 1894ല്‍ മൂന്നാം വോള്യവും പുറത്തിറങ്ങി. മൂലധനത്തിന്റെ അവസാനവോള്യം പുറത്തിറങ്ങിയതോടെ തന്റെ ജീവിതദൗത്യം പൂര്‍ത്തിയായതായി അദ്ദേഹത്തിന് അനുഭവപ്പെട്ടിരിക്കണം. പിന്നീട് എട്ടുമാസക്കാലം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുനില്‍ പി ഇളയിടത്തിന്റെ, ഫ്രെഡറിക് എംഗല്‍സ്: സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം എന്ന പുസ്തകത്തില്‍ നിന്നും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..