ഗുല്‍മോഹറിന്റെ തണലില്‍ കമല


സുലോചന നാലപ്പാട്ട്

ഈ ജന്മത്തിനായി കോട്ടപ്പടിയില്‍നിന്ന് സംഘടിപ്പിച്ച നാനാ ഗില്‍റ്റു വസ്ത്രങ്ങളും മുഖംമൂടിയും കിരീടങ്ങളും ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുമൊക്കെ മടുത്തുകാണും.

മാധവിക്കുട്ടി| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്

മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ ചരമവാര്‍ഷിക ദിനമാണ് മെയ് 31. കമലയെ കുറിച്ച് അനുജത്തി സുലോചന നാലപ്പാട്ട് എഴുതിയ കുറിപ്പ്.

ന്റെ ജ്യേഷ്ഠത്തി കമല മരിച്ചത് മെയ് മാസം ജൂണിലേക്കുപകരുന്ന ഒരു രാത്രിയിലായിരുന്നു. മെയ് മാസത്തില്‍ പൂത്തുലയുന്ന ഗുല്‍മോഹര്‍മരങ്ങള്‍ ജൂണിലെ കോരിച്ചൊരിയുന്ന മഴയില്‍ കത്തിനില്‍ക്കുന്ന ഓറഞ്ച് പൂക്കളെ ഭൂമീദേവിയുടെ നെഞ്ചത്തര്‍പ്പിക്കും. എന്നിട്ട് പുതിയ ഇലകള്‍ക്കും കായ്കള്‍ക്കും വിത്തുകള്‍ക്കുമുള്ള തപസ്സാരംഭിക്കും. ആമിയോപ്പു തിരുവനന്തപുരത്ത് പാളയം പള്ളിപ്പറമ്പില്‍ ഒരു ഗുല്‍മോഹറിന്റെ കാല്‍ക്കല്‍ അന്ത്യവിശ്രമംകൊള്ളുന്നു.

ഞാനന്നേരം ബാംഗ്‌ളൂരിലായിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ചമുമ്പ് ഞാന്‍ ആമിയോപ്പുവിനെ പോയിക്കണ്ടു. ഒരു ശനിയാഴ്ച പോയി, ഞായറാഴ്ച തിരിച്ചുപോന്നു. കാലത്ത് ഏഴുമണിക്കാണ് പുനെയിലെത്തിയത്. നേരേ ആസ്പത്രിയിലേക്ക് ചെന്നു. 'സന്ദര്‍ശകസമയമൊന്നും നോക്കണ്ട, സുലേടത്തി ഡോക്ടറാണെന്നുപറഞ്ഞ് നേരെയിങ്ങു പോരൂ,' ജയസൂര്യ പറഞ്ഞു. മുറിയിലെത്തിയപ്പോള്‍ ആമിയോപ്പു ഉണര്‍ന്നുകിടക്കുകയായിരുന്നു, രാവിലെത്തന്നെ സ്പഞ്ചിങ്ങും മറ്റും കഴിഞ്ഞ് പൗഡറിന്റെ സുഗന്ധം പരത്തിക്കൊണ്ട്. എന്റെ ജ്യേഷ്ഠത്തിക്കെന്നും നല്ല മണമാണ്. കാണാന്‍ വീട്ടിലെത്തി കെട്ടിപ്പിടിക്കുമ്പോഴും ഒരു നൂറുവസന്തങ്ങളുടെ സുഗന്ധമാണാ മേനിക്ക്. 'സുലു വരുമെന്നുപറഞ്ഞ് നാലുമണിമുതല്‍ ഉണര്‍ന്നുകിടപ്പാണ് അമ്മ,' ഷോഡുക്കുട്ടി അറിയിച്ചു.
'ഇതെന്റെ അനിയത്തി,' രാത്രി ഡ്യൂട്ടിചെയ്ത വര്‍ഷ എന്ന നഴ്സിന് ക്ഷീണസ്വരത്തില്‍ ആമിയോപ്പു എന്നെ പരിചയപ്പെടുത്തി. എന്നിട്ട് പറഞ്ഞു, 'സുലൂ, നീ വന്നല്ലോ. ഇനി പോവാനെനിക്ക് വിരോധമില്ല.'

ഉയര്‍ന്ന ആസ്പത്രിക്കട്ടിലില്‍ പല ട്യൂബുകള്‍, ഓക്‌സിജന്‍ മാസ്‌ക്, മോണിറ്റര്‍ എന്നിവയാല്‍ ചൂഴ്ന്നായിരുന്നു ആമിയോപ്പുവിന്റെ കിടപ്പ്. അതേസമയംതന്നെ, കൊച്ചിയില്‍ അമൃത ഹോസ്പിറ്റലില്‍ ഏകദേശമതേ കിടപ്പുകിടക്കുന്ന സുന്ദരേട്ടന്റെ രൂപവും അനുവാദംചോദിക്കാതെ മനസ്സില്‍ പ്രവേശിച്ചു. എന്റെ ജ്യേഷ്ഠത്തിയുടെ വലതുകൈ തലോടിനിന്ന എന്നോട് ആമിയോപ്പു ഉണ്ണിയുടെ അസുഖത്തെപ്പറ്റി അന്വേഷിച്ചു. കുട്ടികളെയും പേരമക്കളെയുംപറ്റി ചോദിച്ചു. കൂടുതല്‍ സംസാരിക്കുമ്പോള്‍ അധികം ഓക്‌സിജന്‍ കൊടുക്കേണ്ടിവരുന്നുവെന്നുകണ്ട് പിന്നെ കണ്ണടച്ചുകിടന്നു. ഉറങ്ങാനുള്ള മരുന്ന് കൊടുക്കുകയും ചെയ്തു.

വൈകുന്നേരം ആറരവരെ ഞാനവിടെയിരുന്നു. ഡോക്ടര്‍ നായിക്കിനെ കണ്ടു. ചിന്നന്‍ 11 മണിയോടെ അമ്മയെ കാണാനെത്തി. ഡോക്ടര്‍ വന്നുപോയശേഷം ഷോഡു കാന്റീനില്‍നിന്ന് എനിക്കായി സാന്‍ഡ്‌വിച്ചുകള്‍ വാങ്ങിക്കൊണ്ടുവന്നു. അതില്‍പ്പിന്നെ തലേന്നുരാതി ഉറക്കമൊഴിച്ച ഷോഡു വീട്ടിലേക്കുപോയി. ഞാന്‍ ആമിയോപ്പുവിനെ തൊട്ടിരുന്ന് നാമംചൊല്ലി. ഞങ്ങള്‍ രണ്ടുപേര്‍ക്കുമറിയാവുന്ന ദേവീകവചം, വിഷ്ണുഭുജംഗത്തിലെ മഹാവിഷ്ണുവിന്റെ വര്‍ണന, അന്നുരാത്രി ദേവിയുടെയും സുന്ദരിക്കുട്ടികളുടെയുംകൂടെ താമസിച്ച ഞാന്‍ ബാംഗ്‌ളൂരിലേക്ക് മടങ്ങി.

30-ാം തീയതി വൈകുന്നേരം ഫോണ്‍ചെയ്തപ്പോള്‍, അമ്മ വിളിച്ചാലും തൊട്ടാലുമൊന്നും റെസ്‌പോണ്‍ഡ്‌ചെയ്യുന്നില്ല എന്ന് ഷോഡു അറിയിച്ചു. കുട്ടിയുടെ ശബ്ദത്തില്‍ പതര്‍ച്ചയുണ്ടായിരുന്നു. ഉറക്കുമരുന്നിന്റെയാണോ എന്നുചോദിച്ചു. 'അല്ല. ഡോക്ടര്‍ നായിക്ക് വന്നുനോക്കിയിരുന്നു. റെസ്പോണ്‍സ് കുറവാണെന്നുതന്നെ പറഞ്ഞുവെന്നായിരുന്നു മറുപടി. അതിനാല്‍ രാത്രിയിലെ ഫോണ്‍ ഞാന്‍ പ്രതീക്ഷിച്ചതായിരുന്നു. ഫോണില്‍ ദേവി പതിഞ്ഞസ്വരത്തില്‍ പറഞ്ഞു. 'Amma just drifted off Suledathy.'

Kamala Surayya
മാധവിക്കുട്ടിയും അനുജത്തി സുലോചന നാലപ്പാട്ടും

ആന്തരികാവയവങ്ങളെല്ലാം നീക്കി എംബാംചെയ്ത് ജ്യേഷ്ഠത്തിയുടെ ശരീരം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനുവെക്കുന്നുണ്ടെന്നുകേട്ട ഞാന്‍ നന്നായിത്തന്നെ കരഞ്ഞു. കുളിമുറിയില്‍ക്കയറി വാതിലടച്ച് കരഞ്ഞു. അതിസുന്ദരിയാണെന്റെ ആമിയോപ്പു. അവസാനംവരെ മുഖത്തിന്റെ തിളക്കമോ ചര്‍മത്തിന്റെ മൃദുത്വമോ കാലത്തിന്റെ കുസൃതികള്‍ക്ക് വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിച്ചു അവര്‍. ദൈവദത്തമായ ആ സൗന്ദര്യത്തെക്കാള്‍ എത്രയോ മൂല്യമുള്ള മറ്റെന്തോ ആണ് മനുഷ്യരെ തന്നിലേക്കാകര്‍ഷിക്കുന്നതെന്ന സത്യമുള്‍ക്കൊള്ളാന്‍ ഒരിക്കലുമവര്‍ കൂട്ടാക്കിയില്ല. ഞങ്ങളുടെ അമ്മ മരിച്ചത് എന്റെ വീട്ടില്‍വെച്ചായിരുന്നു. ആമിയോപ്പു കിടന്നപോലെ അമ്മയെയും ഒരു ഐസ്പെട്ടിയില്‍ ഞങ്ങള്‍ കിടത്തി. സന്ധ്യകഴിഞ്ഞ് കുറച്ചിരുട്ടിയാണ് ആമിയോപ്പു എത്തിയത്. അമ്മയെ കുനിഞ്ഞൊരു നോക്കുനോക്കി മുഖംപൊത്തി പറഞ്ഞു, 'എന്റെ അമ്മയുടെ മുഖം എന്താണിങ്ങനെ ചാരനിറമായിരിക്കുന്നത്, എനിക്കിത് കാണാന്‍ വയ്യ!' ഇതുപറഞ്ഞ് ആമിയോപ്പു അകത്തെമുറിയിലേക്ക് പോയി. മരണം ഇരുണ്ട ചാരനിറം പൂശിയ തന്റെ മുഖം ആയിരങ്ങള്‍ കാണുന്നത് ആമിയോപ്പുവിന് ഇഷ്ടപ്പെടില്ല എന്ന ചിന്ത എന്നെ വ്യസനിപ്പിച്ചു.

I dream of obscene hands
Sriding up my limbs and of morgues where the nightlights
Glow in faces shuttered by the soul's exit.

എന്ന വരികള്‍ തലയിലെത്തി നീറിനിന്നു. ഹംസഗാനം പാടി നാടകമവസാനിപ്പിച്ച കമല അരങ്ങൊഴിഞ്ഞു. മുഖമമര്‍ത്തി തുടച്ചു തുടുപ്പിച്ച്, ചുണ്ടിലൊരു പുഞ്ചിരി ഫിറ്റുചെയ്ത്, പുരാതനമായ പുനെ നഗരത്തിലെ തണുത്ത കാറ്റില്‍ തലമുടി പറത്തി, വീല്‍ച്ചെയര്‍, വാക്കര്‍ എന്നീ ഉപാധികള്‍ വലിച്ചെറിഞ്ഞ് ആമിയോപ്പു ജഹാംഗീര്‍ ആസ്പത്രിയുടെ പടിക്കെട്ടുകളിറങ്ങി നടന്നു. ആ കാല്‍വെപ്പുകള്‍ സുദൃഢമായിരുന്നു. പണ്ടേ മുന്നറിയിപ്പുതന്നതാണ്, 'പ്രേമം വേണ്ടെന്നുതോന്നുന്ന നിമിഷം ഞാനങ്ങുപോവും. ജീവിതവും അതിന്റെ പൊട്ടിച്ചിരികളും മടുത്താല്‍ ഞാനീ പടിയിറങ്ങും...'

Book
പുസ്തകം വാങ്ങാം

ഈ ജന്മത്തിനായി കോട്ടപ്പടിയില്‍നിന്ന് സംഘടിപ്പിച്ച നാനാ ഗില്‍റ്റു വസ്ത്രങ്ങളും മുഖംമൂടിയും കിരീടങ്ങളും ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുമൊക്കെ മടുത്തുകാണും.
പൊയ്ക്കോട്ടെ. പോയി ഇത്തിരി കാര്‍ബണ്‍ മോണോക്‌സൈഡില്ലാത്ത ശുദ്ധവായു ശ്വസിച്ചോട്ടെ.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എന്റെ ജ്യേഷ്ഠത്തി കമല' എന്ന പുസ്തകത്തില്‍ നിന്നൊരു ഭാഗം)

മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Kamala Surayya death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented