തെ, 'വിത്തും വേരും' എന്നുതന്നെ... വടക്കന്‍മലയാളത്തിന്റെ നാട്ടുമൊഴികളില്‍, 'ബിത്തും ബേരും തെരക്ക്വാ' എന്നാല്‍, ഒരു കാര്യത്തിന്റെ, അഥവാ സംഭവത്തിന്റെ അടിവേരുകള്‍ ചികഞ്ഞ് സമ്പൂര്‍ണമായ വിവരങ്ങള്‍ പുറത്തെടുക്കുക എന്നാണ് അര്‍ഥം. പക്ഷേ, മറ്റുള്ളവരുടെ സ്വകാര്യതകളില്‍ ചികഞ്ഞ് ആശാസ്യമല്ലാത്ത കാര്യങ്ങള്‍ അനാവരണം ചെയ്യാനുള്ള കുത്സിതമായ ആഗ്രഹത്തെ സൂചിപ്പിക്കാനാണ്, പലപ്പോഴും 'ബിത്തും ബേരും തെരക്കല്‍' ഉപയോഗിച്ചുകാണാറ്.

രാജശ്രീയുടെ നോവലിന്റെ അടരുകളെയും ആഴങ്ങളെയും കുറിച്ച് ആലോചിച്ചുതുടങ്ങിയപ്പോള്‍, എന്തുകൊണ്ടോ, മേല്പറഞ്ഞ പ്രയോഗമാണ് മനസ്സില്‍ തികട്ടിയെത്തിയത്. കണ്ണൂര്‍ ജില്ലയിലെ പഴയ ഗ്രാമീണജീവിതത്തെയും മനുഷ്യവ്യവഹാരങ്ങളുടെ അനന്യതയെയും അടുത്തറിയാത്ത വായനക്കാരില്‍, നോവലിന്റെ ഭാഷയും തുറന്നെഴുത്തിന്റെ കൗതുകങ്ങളും മാത്രം തൊട്ടറിഞ്ഞ്, ഉപരിതലസ്പര്‍ശിയായ സംവേദനം മാത്രം സാധ്യമാക്കുന്ന ഒരു പ്രകൃതം ഈ നോവലിനുണ്ട്. നോവലിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു പ്രകൃതം ഒഴിവാക്കാനാവാത്തതുമാണ്.

പ്രാദേശികജീവിതത്തിന്റെ സ്വത്വസമൃദ്ധികളില്‍നിന്ന് ഉരുവംകൊള്ളുന്ന ജീവിതകാമനകളെ അതേ 'തിറ'ത്തോടെ ഫിക്ഷനിലേക്ക് മറ്റൊന്നായി മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമമാണ് നോവലില്‍ കാണുന്നത്. ജീവിതത്തിന്റെ നിയമങ്ങളെ എന്നപോലെ, നോവലിന്റെ നിയമങ്ങളെയും അത് തിരസ്‌കരിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്നു. നോവലിന്റെ ഘടനാപരവും ശില്പപരവുമായ വളര്‍ച്ചയെക്കുറിച്ച് ഒരു സൂചനയും നല്കാതെ, എഴുതുന്ന ആളിന്റെ ആത്മവിശ്വാസത്തെത്തന്നെ സംശയിപ്പിക്കുന്ന മട്ടില്‍, ഒരു ദിവസം രാവിലെ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ നോവലിന്റെ ആദ്യ അധ്യായം.

സോഷ്യല്‍ മീഡിയയിലൂടെ ഒരു നോവല്‍ പ്രസിദ്ധീകരിക്കപ്പെടുക എന്ന അദ്ഭുതം, രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം വായനക്കാര്‍ തിരിച്ചറിഞ്ഞ് സ്വന്തമാക്കി. ഒരു നോവലിന്റെ വായനയില്‍ മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഔത്സുക്യവും ആവേശവും പ്രകടിപ്പിച്ച വായനക്കാരുടെ പ്രതികരണങ്ങളാണ് വാസ്തവത്തില്‍ ഈ നോവലിനെ മൗലികവും സംഗതവുമാക്കിയത്. എഴുത്തിന്റെ വഴിയില്‍, തന്നെയും തന്റെ കഥാപാത്രങ്ങളെയും നിരങ്കുശമായ സ്വയം സമര്‍പ്പണത്തോടെ ആവിഷ്‌കരിക്കാനുള്ള തന്റേടം എഴുത്തുകാരി അതിനകം സ്വായത്തമാക്കിക്കഴിഞ്ഞിരുന്നു.

എഴുപതോളം അധ്യായങ്ങളായി എഫ്.ബി.യില്‍ പ്രത്യക്ഷപ്പെട്ട ഈ നോവല്‍, പൂര്‍വമാതൃകകളില്ലാത്ത ജനപ്രീതിയും അസാധാരണമായ ചര്‍ച്ചകളുംകൊണ്ട്, വ്യത്യസ്തമേഖലകളിലുള്ള വായനാസമൂഹത്തെ പല വിതാനങ്ങളില്‍ ആവേശിച്ചു. ആനുകാലികങ്ങളിലൂടെ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലിനും സമീപകാലത്തൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് രാജശ്രീയുടെ നോവലിനെ തേടിയെത്തിയത്.

പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് എഴുത്തുകാരി നടത്തിയ ചെറിയ അഴിച്ചുപണികളും കൂട്ടിച്ചേര്‍ക്കലുകളും നോവലിന് നല്കുന്ന ശില്പപരമായ ബലിഷ്ഠതയും ആഖ്യാനപരമായ സമഗ്രതയും മുന്‍പ് വായിച്ചവരെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും.

'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന ശീര്‍ഷകത്തിനുതന്നെ ഒരു പ്രഹേളികാസ്വഭാവമുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലെപ്പൊഴോ, 'കുന്ദലത'യ്ക്കും 'ഇന്ദുലേഖ'യ്ക്കും മുന്‍പ് എഴുതപ്പെട്ടിരിക്കാവുന്ന ഒരു 'നോവല്‍ബുക്കി'ന്റെ പൗരാണികതയും ഗ്രാമീണതയും സൂചിപ്പിക്കുന്ന ഈ ശീര്‍ഷകം, നോവലിലെ മനുഷ്യപരിചരണത്തെയും ദേശ-കാലങ്ങളെ സംബന്ധിച്ച അതിന്റെ അവ്യവസ്ഥയെയും ആഴത്തില്‍ അനുസ്മരിപ്പിക്കുന്നുണ്ട്.

ഏതാണ്ട് അന്‍പതോളം വര്‍ഷം മുന്‍പ് കണ്ണൂര്‍ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീര്‍ണമായ ജീവിതസന്ധികള്‍ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതില്‍ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്.

മനഃശാസ്ത്രജ്ഞന്റെ 'ഈഗോ'യ്ക്കു മുന്നില്‍ സ്വന്തം സ്വത്വത്തിന്റെ ഉണ്‍മയെ മറനീക്കി കാണിക്കാന്‍ വേണ്ടിയാണ് ആഖ്യാതാവ് കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ പറഞ്ഞുതുടങ്ങുന്നത്. പലതായി പടര്‍ന്നുവളരുന്ന കഥകളുടെ ചരരാശിയില്‍, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികര്‍ത്താവായും 'സൂത്രധാര'യായും പലമട്ടില്‍ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു.

നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിത്രീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തപ്പെടുന്ന അനുഭവങ്ങളുടെയും ഓര്‍മകളുടെയും പുനരെഴുത്താണ് (Re-Writing) എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവല്‍ അടിവരയിടുന്നു.

kalyaniyennum dakshayaniyennum peraya randu sthreekalude kathaഅടിസ്ഥാനപരമായി, സ്ത്രീകളും അവരുടെ (ശരീരവും മനസ്സും ഉള്‍പ്പെട്ട) പ്രതിസന്ധികളും തന്നെയാണ് മുഖ്യപ്രമേയമായി അവതരിപ്പിക്കപ്പെടുന്നതെങ്കിലും ഈ നോവലിനെ 'ഫെമിനിസ്റ്റ്' എന്നോ 'സ്ത്രീപക്ഷം' എന്നോ വിശേഷിപ്പിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. രണ്ടു കാരണങ്ങള്‍കൊണ്ടാണ് ഈ അഭിപ്രായം ബലവത്താകുന്നത്.

ഒന്ന്, മലയാളത്തിലെ സ്ത്രീപക്ഷ നോവലുകള്‍ പ്രമേയപരമായി സ്ത്രീജീവിതത്തെ അടിത്തട്ടില്‍ ആവിഷ്‌കരിക്കുമ്പോഴും അവ പിന്തുടരുന്നത് പുരുഷാധികാരത്തിന്റെ ഭാഗമായി രൂപംകൊണ്ട ഭാഷയെയും ഭാവുകത്വത്തെയും തന്നെയാണ്.

ഈ നാട്ടുനടപ്പില്‍നിന്നുള്ള സമ്പൂര്‍ണമായ വിച്ഛേദം രാജശ്രീയുടെ രചനയിലുണ്ട്. നിലനില്ക്കുന്ന ഭാഷാവ്യവഹാരത്തിന്റെ ശീലങ്ങള്‍ക്കപ്പുറത്തുള്ള ആണ്‍/പെണ്‍ വേര്‍തിരിവുകളെ അതിജീവിക്കുന്ന നവീനവും സ്വതന്ത്രവുമായ ഒരാഖ്യാനത്തിന്റെ സാധ്യതയാണ് ഈ നോവലില്‍ വിദഗ്ദ്ധമായി പരീക്ഷിക്കപ്പെട്ടിരിക്കുന്നത്.

രണ്ട്, സാധാരണയായി സ്ത്രീപക്ഷരചനകളില്‍ കണ്ടുവരാത്ത ഒട്ടനേകം അനുഭവലോകങ്ങളെ നിര്‍ഭയമായി മറനീക്കിക്കാണിക്കാന്‍ നോവലിസ്റ്റ് ധൈര്യം കാണിക്കുന്നുണ്ട്. പുരുഷനും സ്ത്രീയും എതിര്‍ചേരികളില്‍ നിര്‍ത്തപ്പെടുന്ന അനുഭവാവിഷ്‌കാരത്തിന്റെ ഇടുക്കുകളല്ലാ, അവര്‍ ഒത്തുചേര്‍ന്ന് സൃഷ്ടിക്കുന്ന ജീവിതത്തിന്റെ തുറസ്സുകളാണ് നോവല്‍ ആത്യന്തികമായി ആഘോഷിക്കുന്നത്.


('കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിന്റെ അവതാരികയില്‍നിന്ന് )

'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' ഓണ്‍ലൈനില്‍ വാങ്ങാം