ണ്ടു ഷോട്ടുകള്‍ക്കിടയിലാണ് ഞങ്ങള്‍ സിനിമാനടന്മാര്‍ക്കിടയിലെ തമാശകളും സൗഹൃദങ്ങളുമെല്ലാം പൂക്കുന്നത്. രാവിലെമുതല്‍ പാതിരാവ് കഴിയുന്നതുവരെ നീളുന്ന ഷൂട്ടിങ്ങിനിടയില്‍ ഇവ വലിയ ആശ്വാസമാണ് തരിക. ഒന്നോര്‍ത്താല്‍ എത്രയെത്ര രസകരമായ നിമിഷങ്ങളാണ് 30 വര്‍ഷത്തിലധികം നീണ്ട സിനിമാജീവിതത്തില്‍ കടന്നുപോയിട്ടുള്ളത്!

ഏതു സിനിമയാണെന്ന് ഓര്‍മയില്ല. എനിക്കു പുറമേ മമ്മൂട്ടി, കൊച്ചിന്‍ ഹനീഫ, മനോജ് കെ. ജയന്‍ എന്നിവരുണ്ട്. ചിത്രീകരണത്തിനിടെ വീണുകിട്ടുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ ഒരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും, പരസ്പരവും സ്വയവും പരിഹസിച്ചും ആഘോഷിക്കും. ഒരു ദിവസം രാവിലെ, ഷൂട്ടിങ് തുടങ്ങുന്നതു കാത്ത് ഞങ്ങള്‍ ഒരിടത്ത് മാറിയിരിക്കുകയാണ്. പെട്ടെന്ന് മമ്മൂട്ടി ചോദിച്ചു:

'ബൈബിള്‍ ഏതു ഭാഷയിലാണ് എഴുതിയതെന്ന് അറിയുമോ?'
ചോദ്യം കൊച്ചിന്‍ ഹനീഫയോടായിരുന്നു. ഹനീഫ പെട്ടെന്ന് മറുപടി പറഞ്ഞു:
'അറിയില്ല.'
മനോജ് കെ. ജയനും അതുതന്നെ പറഞ്ഞു. ചോദ്യം പിന്നെ എന്റെനേര്‍ക്കു നീണ്ടു. കൂട്ടത്തിലെ ഏക സത്യക്രിസ്ത്യാനി ഞാനാണല്ലോ. അതുകൊണ്ട് ഞാന്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. ഇതറിഞ്ഞുകൊണ്ട് മമ്മൂട്ടി എന്നെ തറപ്പിച്ച് നോക്കിയിരുന്നു. അപ്പോള്‍ ഞാന്‍
പറഞ്ഞു:
'എനിക്കറിയില്ല.'

അതു കേട്ടപ്പോള്‍ മനോജും ഹനീഫയും ഞെട്ടി. മമ്മൂട്ടി ഗൂഢമായി ചിരിച്ചു. ഞാന്‍ കൂസാതെയിരുന്നു.
അപ്പോള്‍ മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു:
'ബൈബിള്‍ എഴുതിയത് ഹീബ്രുഭാഷയിലാണ്.'
ഞാനൊഴികെ എല്ലാവരുടെയും മുഖത്ത് നിറഞ്ഞ അദ്ഭുതം. മമ്മൂട്ടി ഊറിച്ചിരിച്ചു. എനിക്ക് ഉത്തരം അറിയില്ലായിരുന്നു.

ഇന്നസെന്റിന്റെ കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊച്ചിന്‍ ഹനീഫ എഴുന്നേറ്റ് മമ്മൂട്ടിക്ക് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു. വെറുതേയല്ല മമ്മൂക്കയ്ക്ക് മൂന്നു തവണ ദേശീയ അവാര്‍ഡ് കിട്ടിയത് എന്ന ഭാവം മുഖത്ത്. എന്നിട്ടും ഇത്തരം കാര്യങ്ങളും അറിഞ്ഞിരിക്കുന്നല്ലോ എന്ന് ഹനീഫ പറയാതെ പറഞ്ഞു. ക്രിസ്ത്യാനിയായിട്ടും എനിക്ക് ഇതറിയാത്തതില്‍ എന്നെ കളിയാക്കി. അപ്പോള്‍ ഞാന്‍ പറഞ്ഞു:

'ഹനീഫേ, ഹീബ്രുഭാഷയിലാണ് ബൈബിള്‍ എഴുതിയത് എന്നറിയുന്ന കുറച്ചുപേര്‍ ഉണ്ടാകാം. എന്നാല്‍, അവരെയൊന്നും ആര്‍ക്കും അറിയില്ല. ബൈബിള്‍ ഹീബ്രുഭാഷയിലാണ് എഴുതിയത് എന്ന കാര്യം അറിയാത്ത എന്നെ ഒരുവിധം മലയാളികള്‍ക്കെല്ലാമറിയാം. അതാണതിന്റെ കളി...'

അതു പറഞ്ഞുതീര്‍ന്നപ്പോള്‍ നേരത്തേ മമ്മൂട്ടിയോടു തോന്നിയ അതേ ഭാവം ഹനീഫയുടെ മുഖത്ത് വീണ്ടും വിരിഞ്ഞു. 'താനൊരു ഭയങ്കരന്‍തന്നെ' എന്ന ഭാവം. അയാള്‍ എഴുന്നേറ്റ് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തരാന്‍ കൈ നീട്ടി. പെട്ടെന്ന് മമ്മൂട്ടി ഹനീഫയെ തറപ്പിച്ചു നോക്കി. ഹനീഫ പൊള്ളിയതുപോലെ കൈ പിന്‍വലിച്ചു. ഹനീഫയ്ക്കു കൊടുക്കാനായി നീട്ടിയ എന്റെ കൈ ആ അന്തരീക്ഷത്തില്‍ തങ്ങിനിന്നു.

ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയ്ക്കു ചുറ്റും എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തരാതെ എന്റെ ഹനീഫ നേരത്തേ പോയി. ലഭിക്കാതെപോയ ആ ഷെയ്ക്ക് ഹാന്‍ഡിനെയോര്‍ത്ത് ഞാന്‍ ഇന്നും വേദനിക്കുന്നു. ജനപ്രതിനിധിയായും നടനായും എത്രയോ പേര്‍ക്ക് ഞാന്‍ ഇന്നു ദിവസവും ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കുന്നു. അപ്പോഴെല്ലാം ആ ആള്‍ക്കൂട്ടത്തില്‍ ഞാന്‍ വെറുതേ തിരയും, എന്റെ ഹനീഫയുടെ നീട്ടിപ്പിടിച്ച കൈ അക്കൂട്ടത്തിലെങ്ങാനുമുണ്ടോ? ഒരു ദിവസം പ്രിയപ്പെട്ട മമ്മൂട്ടിയോട് ഞാന്‍ ഇതു പറഞ്ഞു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു:

'തനിക്ക് ഇപ്പോള്‍ ഒരു ഷെയ്ക്ക് ഹാന്‍ഡ് പോരേ? അതു ഞാന്‍ തരാം.' എന്നാല്‍, എനിക്കത് പോരായിരുന്നു. ഞാനിപ്പോഴും വിശ്വസിക്കുന്നു, പാതിവഴിയില്‍വെച്ചു പിന്‍വലിച്ച ഷെയ്ക്ക് ഹാന്‍ഡുമായി ഹനീഫ സ്വര്‍ഗത്തില്‍ എന്നെ കാത്തുനില്പുണ്ടാവും. (താന്‍ സ്വര്‍ഗത്തിലാണ് എത്തുക എന്ന കാര്യത്തില്‍ എന്താണ് ഉറപ്പ് എന്നു നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. എനിക്കുറപ്പാണ്, ഞാന്‍ സ്വര്‍ഗത്തിലാവും. ഇരുണ്ട വികാരങ്ങള്‍ മാത്രമുള്ള നരകത്തിന് എന്നെ സഹിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.) 

ഇന്നസെന്റിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

രണ്ടു വര്‍ഷം മുന്‍പ് കാന്‍സര്‍ എനിക്ക് മുകളിലേക്ക് ഒരു ടിക്കറ്റ് തന്നതായിരുന്നു. പക്ഷേ, അതു കാന്‍സലായിപ്പോയി. അന്നൊക്കെ എനിക്ക് തിടുക്കമായിരുന്നു വേഗം സ്വര്‍ഗത്തിലെത്തി ഹനീഫയില്‍നിന്ന് ആ ഷെയ്ക്ക് ഹാന്‍ഡ് വാങ്ങാന്‍. എന്നാല്‍, നടനായ ഞാന്‍ ഇപ്പോള്‍ എം.പിയുമായി. സമൂഹത്തില്‍ മറ്റൊരു മേല്‍വിലാസംകൂടിയായി. മൊത്തത്തില്‍ ഒരു സുഖമൊക്കെയുണ്ട്. ഇപ്പോള്‍ എനിക്ക് സ്വര്‍ഗത്തിലേക്കു പോകാന്‍ അത്ര തിടുക്കം തോന്നുന്നില്ല. കഴിയുന്നത്ര കാലം ഇവിടെയിങ്ങനെ ചുറ്റിക്കറങ്ങാന്‍ സാധിച്ചാല്‍ മുഷിയില്ല. ഞാന്‍ എത്രകാലം ഭൂമിയില്‍ ജീവിച്ചാലും സ്വര്‍ഗത്തില്‍ ഹനീഫ സ്‌നേഹത്തിന്റെ കൈയും നീട്ടി നില്പുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.

( ഇന്നസെന്റിന്റെ കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി എന്ന പുസ്തകത്തില്‍ നിന്നും. )

അന്ന് പപ്പു പറഞ്ഞു; ഹനീഫ പാകിസ്താനില്‍ പോയിട്ടു വേണം സമാധാനമായി താജ്മഹല്‍ കാണാന്‍. Read More 

Content Highlights : mammootty, kochin haneefa, innocent