കടുവ! പ്രബലരായ വേട്ടക്കാര്‍; ഒറ്റയിരിപ്പിൽ അകത്താക്കുന്നത് 35 കി. മാംസം, പഥ്യാഹാരം മാനുകളും മ്ലാവും


ഗര്‍ജനം 3 കിലോമീറ്റര്‍ വരെ മുഴങ്ങിക്കേള്‍ക്കാം. 35 കിലോഗ്രാം മാംസംവരെ ഒറ്റയിരിപ്പില്‍ കഴിക്കുന്നു.

Photo: David Longstreath

അസീസ് മാഹിയുടെ 'കാടിന്റെ നിറങ്ങള്‍' എന്ന പുസ്തകത്തിലെ രണ്ടാമത്തെ അധ്യായം 'കാട്ടുപച്ചയിലെ സുവര്‍ണചാരുത'യിലെ ഒരു ഭാഗം വായിക്കാം...

വനഭൂമിയിലെ ചില ചുവടുവെപ്പുകള്‍ അതിന്റെ പരിവേഷംകൊണ്ടും മാസ്മരികതകൊണ്ടും ദൈവത്തിന്റെ അടുത്തുനിന്നും നേരിട്ട് വരുംപോലെ നമ്മെ സ്പര്‍ശിക്കും. കാഴ്ചയുടെ ഉന്മാദത്തില്‍ തലച്ചോറിലെ ന്യൂറോണുകള്‍ നൃത്തം ചെയ്തു തുടങ്ങും. ദിനാന്തസൂര്യരശ്മികള്‍ കാടകത്ത് ചരിഞ്ഞുവീഴുന്നേരം കാട്ടുപാതകളെ വകഞ്ഞുമാറ്റി അവന്‍ കടന്നുവരുന്നു. കാടിന്റെ കണ്‍മണിയായ കടുവ! പോക്കുവെയില്‍സ്പര്‍ശത്തില്‍ പൊന്നുരുക്കിയെടുത്തപോലെ പ്രഭചൊരിയുന്ന വനതേജസ്സ് നിര്‍ന്നിമേഷനായി നോക്കിയിരിക്കെ കാടിടമാകെ ഒരൊറ്റ രൂപത്തില്‍ സാന്ദ്രീകരിക്കപ്പെടുന്നതുപോലെ!

ഒരു നിമിഷം! ഞങ്ങളുടെ കണ്ണുകളിടഞ്ഞു തിരിച്ചറിവിന്റെ താദാത്മ്യത്തിലെന്നോണം അവന്‍ കാട്ടുവഴി താണ്ടി ഉള്‍ക്കാട്ടിലലിഞ്ഞു. കാട്ടിലലിയുന്ന കടുവയും കടുവയിലലിയുന്ന കാടും, സാക്ഷിയായ വനചാരിയും. ഓരോ കാടുകയറ്റവും ഒരോ പ്രാര്‍ഥനകളാണ്. നാഗരികതയുടെ നാട്യങ്ങള്‍ അഴിച്ചുവെച്ച് കാടിന്റെ ഹൃദയതാളത്തോട് സ്വന്തം ഹൃദയം കൊരുത്തുവെക്കാനുള്ള വ്രതവിശുദ്ധി, ഉള്ളില്‍ പ്രകൃതിപാഠമായി, പ്രപഞ്ചദര്‍ശനമായി, സഹജീവിസ്നേഹമായി നിറയണം. ഈ ഭൂമി തനിക്കുമാത്രം ഗ്രസിച്ചുപജീവിക്കാനുള്ളതല്ലെന്നും ഏകകോശമായി തുടിക്കുന്ന ജീവചൈതന്യം മുതല്‍ പുല്ലിലും പുല്‍ച്ചാടിയിലും പുഴുവിലും പൂമ്പാറ്റയിലും പറവയിലും പാമ്പിലും കടുവയിലും കരടിയിലും തുടിക്കുന്ന ജീവചൈതന്യമാണ് ഭൗമപ്പച്ചയും കാടഴകുമായി ഇതള്‍ വിരിയുന്നത് എന്ന തിരിച്ചറിവുണ്ടാവണം. അപ്പോള്‍ കാടകം നെഞ്ചുകീറി കാടിന്റെ നേരറിവിലേക്ക് നമ്മെ ചേര്‍ത്തുപിടിക്കും. കടുവയെ കാണാന്‍ അത്രമേല്‍ കൊതിച്ചാല്‍ കാട് കടുവയായി പ്രത്യക്ഷപ്പെടും. 796 കോടി ജനങ്ങള്‍ക്കായി ഭൂമുഖത്താകെ നാലായിരത്തില്‍ താഴെ കടുവകള്‍ മാത്രമേ അവശേഷിക്കുന്നുളളു എന്നറിയുമ്പോഴാണ് ഒരു കടുവാദര്‍ശനത്തിന്റെ മൂല്യവത്തായ സായൂജ്യം നാം തിരിച്ചറിയുക!

കാടില്ലാതെ കടുവകളില്ല, തണലായ കാടിനെ കടുവകള്‍ കാക്കും -മഹാഭാരതം ഉദ്യോഗപര്‍വത്തിലെ ഈ വചനപ്പൊരുള്‍ എത്ര അന്വര്‍ഥം.

കാട് കാക്കുന്ന കാവലാളുകളാണ് കടുവകള്‍. കാടിടങ്ങളിലെ പ്രബലരായ വേട്ടക്കാര്‍. ഭക്ഷ്യശൃംഖലയുടെ ഏറ്റവും ഉയര്‍ന്ന വിതാനത്തില്‍ നില്ക്കുന്ന, ഇരയും പരഭോജിയും തമ്മിലുള്ള അനുപാതം കാത്തുവെക്കുന്ന, ഭക്ഷ്യപിരമിഡിന്റെ സന്തുലനം സാധ്യമാക്കുന്ന ഇരപിടിയന്മാരായ മാംസഭോജികള്‍. ഒരു കാട് നിലനില്ക്കണമെങ്കില്‍ കടുവയോ സിംഹമോ പുലിയോ ശക്തരായ മാംസഭോജികളിലാരെങ്കിലുമോ വേണം. അല്ലാത്തപക്ഷം, സസ്യഭോജികളായ കുളമ്പുള്ള മൃഗങ്ങള്‍ അനിയന്ത്രിതമായി പെരുകുകയും, അവയുടെ പാദപതനങ്ങളേറ്റ് വനഭൂമി പുതുപ്പൊടിപ്പുകള്‍ ഉണരാതെ, വിത്തുമുളയ്ക്കാതെ തരിശാവുകയും ചെയ്യും. കാട് മെല്ലെ അപ്രത്യക്ഷമാകും. പ്രപഞ്ചത്തിനാകെ തണലും തണുപ്പും പച്ചപ്പും ദാഹജലവും നാനാവര്‍ഗത്തില്‍ പെട്ട അനന്തകോടി ജീവജാലങ്ങള്‍ക്ക് അഭയവുമാകുന്ന കാട് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകാതിരിക്കാന്‍ പ്രാഥമികമായി കാടുകാക്കുന്ന മാര്‍ജാരരാജാക്കന്മാര്‍ സംരക്ഷിക്കപ്പെടണം. പരഭോജികളുടെ എണ്ണം കുറയുമ്പോള്‍ കാടുകളില്‍നിന്നും പച്ചപ്പ് ഒഴിയുന്നു.

രാജ്യത്താകെയുള്ള അന്‍പത്തിമൂന്ന് കടുവാസങ്കേതങ്ങളില്‍ മധ്യപ്രദേശിലെ സത്പുരയും, കര്‍ണാടകയിലെ ബന്ദിപ്പൂരുമാണ് സമൃദ്ധമായ പച്ചപ്പോടെ നിലനില്ക്കുന്നത്. അവിടെ വര്‍ഷംതോറും കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവു കാണുന്നു. എന്നാല്‍ കടുവാസാന്നിധ്യം ആപേക്ഷികമായി കുറയുന്ന ബാന്ധവ്ഗഡ്, ജിംകോര്‍ബറ്റ്, പെഞ്ച്, തഡോബ തുടങ്ങിയ കടുവാസങ്കേതങ്ങളില്‍നിന്നും 75% പച്ചപ്പ് ഒഴിഞ്ഞുപോയെന്നാണ് ഈയിടെ പ്രസിദ്ധീകരിച്ച കണക്കുകള്‍ (Centre for wild life studies) പറയുന്നത്.

ഈ നൂറ്റാണ്ടിന്റെ ആദിപ്രഭാതങ്ങളില്‍ ലോകത്ത് അതിസാന്ദ്രതയോടുകൂടി ജീവിച്ച കടുവകളുടെ വംശമാണ് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും നാലായിരം എന്ന ഭീതിജനകമായ പരിമിതിയിലേക്കു നിപതിച്ചത്. പക്ഷേ, ആശ്വാസകരമായ ഏകവസ്തുത, ഇന്ത്യന്‍ വനങ്ങളിലിപ്പോഴും 2967 കടുവകള്‍ അവശേഷിക്കുന്നുവെന്നതാണ്. ആകെയുള്ളതിന്റെ 70%. ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 741 കടുവകളുടെ വന്‍ വര്‍ധനവുണ്ടായി എന്നത് ഒരു ചെറിയ കാര്യമല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ അരുമകളായ ബംഗാള്‍ കടുവകളാണ് കരുത്തിലും കാന്തിയിലും ശരീരവലുപ്പത്തിലും മുമ്പന്‍. കാസ്പിയന്‍, കരീബിയന്‍, ഇന്തോനേഷ്യന്‍, സൈബീരിയന്‍, ദക്ഷിണ ചൈന, ജാവന്‍, സുമാത്രന്‍ എന്നിങ്ങനെ ചെറിയ ജനിതകവ്യത്യാസത്തോടെ കടുവകള്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ ഉണ്ടെങ്കിലും അംഗസംഖ്യ പരിമിതമാണ്.

ജൈവവൈവിധ്യപരിപാലനത്തില്‍ വിലയുറ്റ സാന്നിധ്യമാകുമ്പോഴും വംശനാശഭീഷണിയുടെ നിഴലില്‍ കഴിയുന്ന കടുവകളെ തേടി ഇന്ത്യന്‍ വനമേഖലകളായ ജിംകോര്‍ബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്) കന്‍ഹ, സത്പുര, പെഞ്ച്, ബാന്ധവഗഡ്, പന്ന (മധ്യപ്രദേശ്) രണ്‍തംബോര്‍ (രാജസ്ഥാന്‍) നാഗര്‍ഹോള, ബന്ദിപ്പൂര്‍ (കര്‍ണാടക) സുന്ദര്‍ബന്‍സ് (പശ്ചിമബംഗാള്‍) തഡോബ-അന്ധാരി (മഹാരാഷ്ട്ര), മുതുമല (തമിഴ്നാട്), പെരിയാര്‍, പറമ്പിക്കുളം (കേരളം) തുടങ്ങിയ കടുവാസങ്കേതങ്ങളിലൂടെ യാത്രയാവാം. ഈ യാത്രാപഥത്തിലെ ചില ഓര്‍മ്മമുഹൂര്‍ത്തങ്ങളില്‍നിന്നും കടുവാജീവിതത്തിന്റെ മുഖഭാഗചിത്രങ്ങള്‍ നെയ്തെടുക്കാം.

ഒരു കടുവ ആദ്യമായി സുവ്യക്തമായി എന്റെ ക്യാമറയ്ക്കു മുന്‍പില്‍ തെളിയുന്നത് ബന്ദിപ്പൂര്‍ കാടുകളില്‍ വെച്ചാണ്. ബന്ദിപ്പൂരിന്റെ ഓമനയായ പ്രിന്‍സ്. കര്‍ണാടക വനം വകുപ്പ് രേഖകളിലെ T-91. കാടുകയറുന്നവര്‍ക്കെല്ലാം അവന്‍ ബന്ദിപ്പൂരിന്റെ രാജകുമാരനായിരുന്നു. കടുവകളെ തേടി കാടുള്‍ത്തടങ്ങളിലൂടെയുള്ള ദീര്‍ഘമായ അലച്ചിലിനൊടുവിലാണ് കണ്‍മുന്‍പില്‍ ആ വനകാന്തി തെളിയുന്നത്. ഉള്‍ക്കാട്ടിലെ ഒരു ചെറിയ വെള്ളക്കെട്ടിന്റെ ഓരം ചേര്‍ന്ന് ക്യാമറക്കണ്ണുകള്‍ക്ക് ഏതാണ്ട് ഇരുപത് അടിയോളം അകലെയായി പ്രിന്‍സ്! പേരിനൊത്ത ശരീരദാര്‍ഢ്യവും കുലീനതയും സൗന്ദര്യവും ഒത്തിണങ്ങിയ ഒരാണ്‍ കടുവ!

പുസ്തകത്തിന്റെ കവര്‍

ഇരതേടലിന്റെ ആലസ്യത്തില്‍ നിദ്രയിലാണ്ടു കിടപ്പാണ്. ഏതാണ്ട് അരമണിക്കൂര്‍ നേരം പള്ളിയുറക്കം കഴിയുംവരെ, കടുവയുടെ സമാഗമാഹ്ലാദത്തിന്റെ നിറവില്‍ ഞങ്ങള്‍ കാത്തിരുന്നു. ഒടുവില്‍ വനചാരികളുടെ സാന്നിധ്യം അലോസരപ്പെടുത്തിയതിന്റെ അസഹിഷ്ണുതയാലോ, തന്നെ തേടിയെത്തിവരോടുള്ള രാജകുമാരന്റെ അനുഭാവംകൊണ്ടോ, പ്രിന്‍സ് വാലുയര്‍ത്തി ചുഴറ്റിയശേഷം, തല ഉയര്‍ത്തി. കൃത്യതയോടെ ക്രമീകരിച്ച ക്യാമറ ഇടതടവില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. അഞ്ചു മിനിറ്റിലധികം നീളാത്ത മുഖാമുഖം! പ്രിന്‍സ് വീണ്ടും പള്ളിയുറക്കത്തിലേക്ക്. കാടിറങ്ങാന്‍ നേരമായതിനാല്‍ മനസില്ലാമനസ്സോടെയായിരുന്നു മടക്കയാത്ര!

പ്രിന്‍സ് വലിയൊരു സമ്രാജ്യത്തിന്റെ അധിപനായിരുന്നു. ബന്ദിപ്പൂരും, സമീപസ്ഥങ്ങളായ അതിവിശാലമായ വനഭൂമിയും അവന്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ച് ഇരതേടിയും ഇണതേടിയും വാണരുളി. വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെയെല്ലാം ഓമനയായ പ്രിന്‍സ് പന്ത്രണ്ടാം വയസ്സില്‍ കാടകത്ത് ശിരസ്സറ്റരീതിയില്‍ അതിദാരുണമായി ഒടുങ്ങി! വാര്‍ധക്യത്തിന്റെ ബലക്ഷയത്തില്‍ പുതുതായി കാടുവാഴാനെത്തിയ ആണ്‍കടുവയുമായുള്ള അതിര്‍ത്തിയുദ്ധത്തില്‍ (Territorial fight) മരിച്ചുവീണതാവാം. പന്നിപ്പടക്കംപൊട്ടി ശിരസ്സു തകര്‍ന്നതാവാം, വിലയേറിയ ദന്തങ്ങള്‍ക്കുവേണ്ടി വേട്ടയാടപ്പെട്ടതുമാകാം. തിട്ടമിതാര്‍ക്കറിയാം!

മുഖം നഷ്ടപ്പെടാത്ത ദീപ്തമായ ഒരു കാനനസ്മൃതിയായി ഉള്ളിലിപ്പോഴും ആ രാജകുമാരനുണ്ട്. പിന്നീട് കടുവകളെതേടി എത്രയോ വനയാത്രകള്‍, യാത്രകളിലെല്ലാം കാഴ്ചയുടെ സാഫല്യമായി കടുവയും പുള്ളിപ്പുലികളും.

ഉഷ്ണകാലത്തിന്റെ വരവോടെ കാടുണങ്ങാന്‍ തുടങ്ങുന്ന ഒരു പ്രഭാതം. നാഗര്‍ഹോളയിലെ കബനി വനത്തിലാണ് ഞങ്ങള്‍. കാടുണരുന്നേരം മിക്കവാറും എല്ലാ ജീവികളും സജീവമാകും. കൗതുകകരമായ കാനനമുഹൂര്‍ത്തങ്ങള്‍ തെളിഞ്ഞുകിട്ടുന്നതും അപൂര്‍വമല്ല. അങ്ങനെയുള്ള അലച്ചില്‍ അവസാനിച്ചത് ഒരു വെള്ളക്കെട്ടിന് (Tiger tank) സമീപമാണ്. പ്രഭാതത്തില്‍ ജലപാനത്തിനായി കടുവകളെത്തുന്നിടം. കാത്തിരുന്ന് ക്ഷമയറ്റു തുടങ്ങുന്നേരം വെള്ളക്കെട്ടിന്റെ മറുകരയില്‍ കുറ്റിക്കാട്ടില്‍ ഇലയിളക്കങ്ങള്‍, ഒപ്പം ഇലച്ചാര്‍ത്തിനിടയിലൂടെ തെളിയുന്ന സുവര്‍ണകുപ്പായത്തിലെ കറുത്ത വരകള്‍. ആദ്യമെത്തിയത് ഒരു യുവാവാണ് (Subadult cub) ഒരു കുഞ്ഞു കടുവ. നിശ്ചലജലത്തില്‍ സ്വന്തം പ്രതിബിംബസൗന്ദര്യം ആസ്വദിച്ചശേഷം അയാള്‍ ദാഹമകറ്റി വെള്ളക്കെട്ടിലേക്ക് ഊര്‍ന്നിറങ്ങി കിടപ്പായി. അയാളെ പിന്‍പറ്റി അമ്മയും സഹോദരങ്ങളും വരുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. നിമിഷങ്ങള്‍ക്കകം ഒരാള്‍ കൂട്ടിനെത്തി, കൂടപ്പിറപ്പാണ്. തുടര്‍ന്ന് മാതൃത്വത്തിന്റെ കരുതലും സ്നേഹവും പ്രകടമാക്കുന്ന ശരീരഭാഷയുമായി അമ്മയും. ജലപ്പരപ്പില്‍ ചാടിത്തിമര്‍ക്കുന്ന, പിന്നെ അലസം വിശ്രമിക്കുന്ന മക്കള്‍ക്ക് കാവലാളായി കരയില്‍ നിന്ന അമ്മയും ദാഹമകറ്റി, മൂവരും കാടുകയറി. പിന്‍മടക്കത്തിനുമുണ്ട് ഒരു ചന്തവും ചാരുതയും പ്രൗഢിയും. കണ്‍വെട്ടത്തുനിന്ന് മൂവരും മായുംവരെ കൊതിതീരാതെ നില്‍പായിരുന്നു ഞങ്ങള്‍!

കാട്ടില്‍ കടുവയുമായുള്ള മുഖാമുഖം ഒരു ഒളിച്ചുകളിയുടെ താളമിയന്നതാകുന്നു. കബനിയിലെ പാര്‍ത്തീനിയം ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന് മുഖദര്‍ശനം മാത്രം നല്കി കൊതിപ്പിച്ച ഓര്‍മകളും, നന്നേ പ്രഭാതത്തിലും ഇരുട്ടുവീഴുന്ന സന്ധ്യകളിലും കണ്‍മുന്‍പില്‍ പ്രത്യക്ഷനായി കൃത്യമായി ക്യാമറയില്‍ പകര്‍ത്താനാവാത്തതിന്റെ നിരാശ പകര്‍ന്നേകി തപിപ്പിച്ച നിമിഷങ്ങളും കുറച്ചൊന്നുമല്ല. ഒന്നോര്‍ത്താല്‍ കാഴ്ചാനുഭവം തന്നെ മഹാനുഗ്രഹമല്ലേ? 796 കോടി മുനുഷ്യരിലൊരാളുടെ മുന്‍പില്‍ നാലായിരത്തിലൊരുവന്റെ ദര്‍ശനപുണ്യം!

പശ്ചിമഘട്ടകാടുകളില്‍ ഏറ്റവും കൂടുതല്‍ കടുവാസാന്നിധ്യമുള്ളത് നാഗര്‍ഹോള (കബനി)യിലാണ്. 8 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കടുവയെയെങ്കിലും കാണാനാവും. 2016-17 ലെ കണക്കനുസരിച്ച് 90 കടുവകള്‍! ലോകത്ത് ഏറ്റവും കൂടുതല്‍ കടുവാസാന്ദ്രതയുള്ള പ്രദേശമാകട്ടെ, മുത്തങ്ങ-ബന്ദിപ്പൂര്‍-മുതുമല-നാഗര്‍ഹോള ഉള്‍പ്പെടുന്ന പശ്ചിമഘട്ടമേഖലയും. പതിനായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 570 കടുവകള്‍.

പുസ്തകരചയിതാവും വന്യജീവി ഫോട്ടോഗ്രാഫറുമായ അസീസ് മാഹി.

മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി വനമേഖലയിലാണ് മാധുരിയും നാലു മക്കളും ഉള്‍പ്പെടുന്ന അഞ്ചംഗസംഘത്തിന്റെ സ്മൃതിധന്യമായ കാഴ്ച തെളിയുന്നത്. മാധുരിയും മക്കളും തഡോബയിലെ കോര്‍ സോണില്‍നിന്നും ബഫറിലേക്കു ചേക്കേറിയിട്ടുണ്ടെന്നും സ്ഥിരമായി വെള്ളം കുടിക്കാനെത്തുന്ന ജലാശയക്കരയില്‍ കാത്തിരിക്കാമെന്നും വനപാലകന്‍ നിര്‍ദേശിച്ചപ്പോള്‍ പ്രതീക്ഷയോടെ ഒപ്പം കൂടിയതാണ്. പകലറുതിയോളം കാത്തിരുന്നിട്ടും, ഇടയ്ക്കിടെ വനഭൂമിയാകെ തിരഞ്ഞിട്ടും നിരാശയായിരുന്നു ഫലം. ഒടുവില്‍ പിന്മടക്കത്തിനൊരുങ്ങവെയാണ് നിറയെ വന്മരങ്ങള്‍ വീണുകിടക്കുന്ന സമാന്യം വലിപ്പമുള്ള ചെമ്മണ്‍ നിറമാര്‍ന്ന ജലാശയത്തില്‍ പതിവിനു വിപരീതമായി ഓളപ്പാളികളുടെ ചലനം ശ്രദ്ധിച്ചത്! സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു കുഞ്ഞു കടുവ ജലസമാധിയിലെന്നോണം ലയിച്ചിരിപ്പാണ്! വെള്ളക്കെട്ടിന്റെ നിറത്തിലലിയുന്ന ചങ്ങാതിയെ കണ്ടെത്തുകപോലും പ്രയാസം. ഒരു വനചാരിക്കു വേണ്ട ഏറ്റവും വലിയ ഗുണം കണ്ണും കാതും മനസ്സും തുറന്നിരിക്കാനുള്ള ഊര്‍ജവും കാത്തിരിക്കാനുള്ള ക്ഷമയുമാണെന്ന് ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ച നിമിഷങ്ങള്‍. പരസ്പരം കണ്ടിട്ടും കടുവാ ചങ്ങാതിയില്‍ ഒരു പ്രതികരണവുമില്ല. നേരമേറെ കഴിഞ്ഞില്ല. തൊട്ടടുത്ത, മിക്കവാറും തരിശായ ചെറുകുന്നിറങ്ങി അമ്മത്തമ്പുരാട്ടിയുടെ വരവായി-സാക്ഷാല്‍ മാധുരി! മാര്‍ജാരഗമനത്തിന്റെ പതിഞ്ഞ താളവും, സൂക്ഷ്മതയും. ജലാശയത്തിന്റെ കരപറ്റി വെള്ളം കുടിച്ചശേഷം വെള്ളക്കെട്ടിലൂടെ കുറുകെ നീന്താന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം മക്കള്‍ മൂന്നുപേര്‍കൂടി ഓരോരുത്തരായി കുന്നിറങ്ങി ജലാശയത്തിലെത്തുന്നു. മക്കളെല്ലാം അമ്മയ്ക്കൊപ്പംപോന്നവരായി വളര്‍ന്നിരിക്കുന്നു. ദാഹമകറ്റിയശേഷം വെള്ളക്കെട്ടിലിറങ്ങി നീന്തിയും, അമ്മയോടു ചേര്‍ന്ന് ജലകേളികളിലേര്‍പ്പെട്ടും ഇരുട്ടുവീഴും വരെ കാടിടത്തില്‍ അഞ്ചു കടുവകളും വനപാലകരടക്കം ഞങ്ങള്‍ അഞ്ചു മനുഷ്യരും! നുരയിട്ടുപൊന്തുന്ന ആഹ്ലാദത്തോടെയാണ് ആ നിമിഷങ്ങളോടു വിടചൊന്നത്.

കടുവകളെ തേടിയുള്ള ഉത്തരാഖണ്ഡിലെ ജിംകോര്‍ബറ്റ് ദേശീയോദ്യാനത്തിലെ അനുഭവസാക്ഷ്യവും ഇവിടെ ചേര്‍ത്തുവായിക്കാം.
അങ്ങ് ദൂരെ, ഗിരിശൃംഖങ്ങളോളം, ആളൊപ്പം വളര്‍ന്നു നില്ക്കുന്ന പുല്‍മേടുകള്‍. മഴക്കാല ജലപാതങ്ങളുടെ ശേഷിപ്പുകളായ വെള്ളാരംകല്ലുവിരിച്ച വനപാതകള്‍, കാടിനെ കുളിരണിയിച്ചൊഴുകുന്ന ചെറു ജലപ്രവാഹങ്ങള്‍, ഇടയ്ക്ക് വിശാലമായ തടാകസമുച്ചയങ്ങള്‍, സാല്‍മരങ്ങളും പീപ്പലും വളര്‍ന്നുനില്ക്കുന്ന നിബിഡവനങ്ങള്‍, തേക്കുമരങ്ങള്‍ നിറഞ്ഞ പരിപാലിതവനങ്ങള്‍. വനഭൂമിയാകെ കൈവഴികളാല്‍ വലയം ചെയ്തൊഴുകുന്ന രാംഗംഗാ നദി. ദൂരക്കാഴ്ചയില്‍ തെളിയുന്ന ഹിമാലയത്തിന്റെ പശ്ചാത്തലഭംഗി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാടിടം.

വേട്ടക്കാരനും വിരുന്നുകാരനുമായി വന്ന് പരിരക്ഷകനും, കാവലാളുമായി മാറിയ ജിംകോര്‍ബറ്റ് (Jim Edward Corbtte) നേപ്പാളിലും കുമയൂണിലും നൈനിറ്റാളിലുമായി 436 ഓളം ഗ്രാമീണരെ കൊന്നൊടുക്കിയ ചമ്പാവത്ത് എന്ന നരഭോജിക്കടുവയെ വേട്ടയാടി വധിച്ചാണ് ചിത്രത്തില്‍ തെളിയുന്നത്. പിന്നീടദ്ദേഹം ഏറ്റവും വലിയ കടുവാസംരക്ഷകനായി. ഭാരതത്തിലെ ഏറ്റവും പഴക്കമേറിയതും, വിശാലവുമായ 'ഹെയ്ലി' നാഷണല്‍ പാര്‍ക്ക് ജിംകോര്‍ബറ്റിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു. 1973-ല്‍ ഇന്ത്യയില്‍ ആദ്യമായി പ്രൊജക്ട് ടൈഗര്‍ പദ്ധതിക്കു തുടക്കം കുറിച്ചത് ജിംകോര്‍ബറ്റിലായിരുന്നു.

കോര്‍ബറ്റിലെ ദിക്കാല സോണിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര! രാംഗംഗയുടെ തീരത്ത് വിലകൂടിയ ക്യാമറകളും കൂറ്റന്‍ ലെന്‍സുകളുമായി വിദേശികളടക്കം ഒരു വലിയ പുരുഷാരം! നദീതീരത്തെ പുല്‍പ്പരപ്പില്‍ ശയിക്കുന്ന ഒരു കടുവ പുറത്തിറങ്ങുന്നതും കാത്തിരിപ്പാണ്. കടുവ ഇറങ്ങിവരാന്‍ സാധ്യതയുള്ള വനപാതയില്‍ അതിന്റെ സഞ്ചാരപഥം കൃത്യമായി ഞങ്ങളെ ബോധ്യപ്പെടുത്തിയ ഗൈഡിന്റെ നിര്‍ദേശപ്രകാരം മറ്റു വാഹനങ്ങളില്‍നിന്നും സാമാന്യം അകലെയായി ഒരൊഴിഞ്ഞ കോണില്‍ ഞങ്ങള്‍ നിലയുറപ്പിച്ചു. ഒടുവില്‍ കോര്‍ബറ്റിന്റെ ഓമനയായ പര്‍വാലി മേടിറങ്ങി പത്തിരുപതു ചുവട് ഞങ്ങള്‍ക്കഭിമുഖമായി നടന്ന് മുഖദര്‍ശനം നല്കിയശേഷം കാടുകയറി. നേരത്തെ കാത്തിരുന്നവര്‍ക്കെല്ലാം പിന്‍ഭാഗദര്‍ശനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ക്ക് പര്‍വാലിയുടെ പ്രൗഢാകാരെപ്പാലിമ കൃത്യതയോടെ പകര്‍ത്താനായി. കാടിന്റെ മനമറിയുന്ന സാരഥിയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളായിരുന്നു അവ!

കടുവകളെ കൈയെത്തും ദൂരത്ത് കാണുമ്പോള്‍ നമുക്ക് അവയുടെ ശരീരഭാഷയും ചേഷ്ടകളും വായിച്ചെടുക്കാനാവും. കണ്ണുകളുടെ തീക്ഷ്ണതയും കീഴ്ത്താടിയുടെയും ചുണ്ടുകളുടെയും ദാര്‍ഢ്യവും കോമ്പല്ലുകളുടെ മൂര്‍ച്ചയും കരുത്തും മുഖരോമങ്ങളുടെ സവിശേഷതകളും സൗന്ദര്യവും ചുവടുവെപ്പുകളുടെ ദൃഢതാളവുമെല്ലാം അടുത്തറിയുമ്പോള്‍ ഇവരെങ്ങനെ വിശ്വപ്രിയരായ് എന്ന അദ്ഭുതം വഴിമാറും.

ബംഗാള്‍ കടുവകള്‍ കടുംമഞ്ഞ-ഇളംമഞ്ഞ ശരീരത്തില്‍ കറുത്ത വരകളോടുകൂടിയ ദൃഢപേശികളോടുകൂടിയ സുന്ദരാകാരന്മാരാണ്. ആണ്‍കടുവകള്‍ നാസികാഗ്രം മുതല്‍ വാലറ്റംവരെ 270-310 സെന്റിമീറ്റര്‍ നീളവും, 180-225 കിലോഗ്രാം ഭാരവുമുള്ളവരെങ്കില്‍ പെണ്ണുങ്ങള്‍ 240-275 സെന്റിമീറ്റര്‍ നീളവും 100-160 കിലോഗ്രാം ഭാരവും ഉള്ളവയാണ്.

കടുവകള്‍ സാമ്രാജ്യപരിധി നിര്‍ണയിച്ചു വാഴുന്നവരാണ് (Territorial being) വൃക്ഷങ്ങളില്‍ നഖപ്പാട് വീഴ്ത്തിയും മൂത്രം തളിച്ചുമാണ് ഇവര്‍ സാമ്രാജ്യപരിധി അടയാളപ്പെടുത്തുക. പ്രതിയോഗികളില്ലെങ്കില്‍ സാമ്രാജ്യത്തില്‍ ഇണകളോടൊത്ത് സുഖവാസം, പ്രതിയോഗിയുണ്ടെങ്കില്‍ പരസ്പരയുദ്ധത്തില്‍ ജയിക്കുന്നയാള്‍ക്ക് ആധിപത്യം. സാമ്രാജ്യപരിധി 50-60 ചതുരശ്രകിലോമീറ്റര്‍ വരെ വ്യാപിച്ചു കിടക്കുന്നതാവും. അവിടെ ആണ്‍കടുവ രണ്ടോ മൂന്നോ ഇണകളുമൊത്തു വാഴുന്നു. ജീവിതകാലം 10-15 വര്‍ഷം വരെ നീളുന്നു. പെണ്‍കടുവകള്‍ ഏകദേശം രണ്ടു വര്‍ഷക്കാലം കുട്ടികളെ കൂടെ കൂട്ടുന്നു. ഗര്‍ഭകാലം 90-103 ദിവസം. ഒരു പ്രസവത്തില്‍ ആറോ ഏഴോ കുഞ്ഞുങ്ങള്‍ പതിവാണെങ്കിലും മൂന്നോ നാലോ പേര്‍ മാത്രമേ അതിജീവിക്കുന്നതായി കാണാറുള്ളൂ. ഒരാഴ്ചയില്‍ ഒന്നോരണ്ടോ തവണമാത്രം വേട്ടയ്ക്കിറങ്ങുന്ന ഇവരുടെ പഥ്യാഹാരം മാനുകളും മ്ലാവും കാട്ടുപോത്തുകളുമാണ്.

രാത്രികാലങ്ങളില്‍ ഏകാന്തവേട്ടയ്ക്കിറങ്ങുന്ന കടുവകള്‍ ഒറ്റക്കുതിപ്പില്‍ 6 മീറ്റര്‍ വരെ ചാടാനും ആവശ്യമെങ്കില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും, 6 കിലോമീറ്റര്‍ വരെ ഒരേസമയം നീന്താനും കഴിവുള്ളവരാണ്. ഇവരുടെ ഗര്‍ജനം 3 കിലോമീറ്റര്‍ വരെ മുഴങ്ങിക്കേള്‍ക്കാം. 35 കിലോഗ്രാം മാംസംവരെ ഒറ്റയിരിപ്പില്‍ കഴിക്കുന്നു. ഏകാകികളായ ആണ്‍കടുവകള്‍ ഇണചേരാനായി മാത്രം തുണ തേടുന്നവരാണ്.

അനിയന്ത്രിതമായ കാടുകൈയേറ്റവും വനശിഥിലീകരണവും മൂലം വനവിസ്തൃതി കുറഞ്ഞതും ചിലപ്പോഴെല്ലാം മുറിവേറ്റോ പല്ലുകൊഴിഞ്ഞോ വേട്ടയാടാന്‍ കഴിയാതെ വരുന്നതും ഇവരെ പലപ്പോഴും വനാതിര്‍ത്തി വിട്ടിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ ഉത്തരാഖണ്ഡിലും, സുന്ദര്‍ബന്‍സിലുമെല്ലാം ജീവിച്ച നരഭോജികളായ കടുവകള്‍ ഏതെങ്കിലും തരത്തില്‍ പരിക്കുപറ്റിയവരായിരുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.

കാടും കടുവയും തമ്മിലുള്ള ജൈവബന്ധം കണക്കിലെടുത്ത് IUCN ചെമ്പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം ഉറപ്പാക്കിയിയുള്ള കടുവകള്‍ നമ്മുടെ ദേശീയ മൃഗമാകുന്നു. ജൂലായ് 29 അന്തര്‍ദേശീയ കടുവാദിനവും.

നാം ഭൂമിയുടെ അവകാശികളാണെന്ന മിഥ്യാധാരണ ഉള്ളില്‍നിന്നും കഴുകിമാറ്റി ഭൂമിയുടെ യഥാര്‍ഥ അവകാശികളുമായി കൂട്ടുചേരാന്‍ മനസ്സിനെ വിമലീകരിക്കുക. ഒരു തുണ്ട് കാടുപോലും മലിനമാക്കാതെ, ക്ഷതമേല്പിക്കാതെ കാടു കയറുക. കാടും കടുവയും നിങ്ങളിലേക്കിറങ്ങിവരും!

Content Highlights: kaadinte nirangal book, travelogue, azeez mahe, wildlife photographer, tiger, mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented