ഭാര്യയോട് സത്യം ചെയ്തു എന്നത് വസ്തുത; വരം കൈകേയി സന്ദര്‍ഭത്തില്‍ ചോദിച്ചു എന്നതും വസ്തുത!


കൈകേയിയുടെ വാശിമൂലം ഏറ്റവും കൂടുതല്‍ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ആള്‍ രാമന്‍തന്നെയാണ്. അവരെ ന്യായീകരിച്ചതും രാമന്‍തന്നെ. രാമന്‍ കൈകേയിയോട്, തന്നെ ഋഷിയായി കരുതണമെന്നു പറഞ്ഞിരുന്നു.

ചിത്രീകരണം: ഗിരീഷ്‌കുമാർ

രാജ്യലാഭത്തിനുവേണ്ടി ലോകഭോഗരതന്മാരായ സഹോദരങ്ങള്‍ തമ്മില്‍ കലഹിക്കുന്നത് സംഭവിക്കുന്ന കാര്യമാണ്. രാജ്യം ത്യജിക്കുന്നതിനുവേണ്ടി രണ്ടു സഹോദരങ്ങള്‍ തമ്മില്‍ മത്സരിച്ചത് ആദികവിയുടെ രാമായണത്തിന്റെ സവിശേഷതയാണ്. രാജ്യം ലഭിച്ച രാജാവ് ജടയും മരവുരിയും ധരിച്ച് കാട്ടില്‍ അലയുമ്പോള്‍ ഭരണഭാരം രാജാവിനുവേണ്ടി നടത്താന്‍ നിയുക്തനായവന്‍ ജടയും മരവുരിയും ധരിച്ച് അയോധ്യയ്ക്കു പുറത്ത്, നന്ദിഗ്രാമില്‍ ഋഷിതുല്യനായിരുന്ന് ഭരണഭാരം നിര്‍വഹിച്ചു. രാമായണം: മനുഷ്യകഥാനുഗാനം എന്ന പുസ്തകത്തില്‍ നിന്നുള്ള അധ്യായത്തിന്റെ രണ്ടാംഭാഗം

ദശരഥവാക്യം സത്യമായിത്തീരണമെങ്കില്‍ താന്‍ കാടുവാഴുന്നതോടൊപ്പം ഭരതന്‍ രാജാവാകുകയും വേണം. പിതൃരക്ഷകനാണ് പുത്രന്‍. അക്കാര്യം മറക്കരുത്. അതുകൊണ്ട് ഭരതന്‍ രാജാവാകുകതന്നെ വേണമെന്ന് രാമന്‍ പറഞ്ഞു. ഭരതന്‍ തന്റെ രാജ്യത്യാഗത്തിനു നീതീകരണമില്ലെന്നു വാദിച്ചു. ഭരതന്റെ വാദഗതികളെ ഇങ്ങനെ സംഗ്രഹിക്കാം:

(1) ഇക്ഷ്വാകുവംശ രാജപരമ്പരയുടെ ദായക്രമം അനുസരിച്ച് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന രാജാവിന്റെ മൂത്തമകന് സ്വാഭാവികമായും അവകാശപ്പെട്ടതാണ് പിന്‍തുടര്‍ച്ചപ്രകാരമുള്ള രാജ്യാധികാരം. ഈ ദായക്രമനിയമത്തെ നിഷേധിക്കാന്‍ നിലവിലുള്ള രാജാവിന് അധികാരമില്ല. രാജാവിന്റെ ഇഷ്ടാനിഷ്ടപ്രകാരമല്ല പിന്‍തുടര്‍ച്ചാവകാശിയെ നിശ്ചയിക്കേണ്ടത്. നിയമം, ചട്ടം, നീതി എന്നിവയുടെ അടിസ്ഥാനത്തിലാകണം രാജാവ് തീരുമാനമെടുക്കേണ്ടത്. മറിച്ച് തീരുമാനിക്കണമെങ്കില്‍ മൂത്തപുത്രന്‍ ഏതെങ്കിലുംവിധത്തില്‍ അയോഗ്യനായിരിക്കണം. രാമന് അത്തരം അയോഗ്യതകള്‍ ഇല്ല. എന്നു മാത്രമല്ല രാജാധികാരത്തിന് സര്‍വഥാ യോഗ്യനുമാണ്. മാത്രമല്ല, ഇഷ്ടാനിഷ്ടപ്രകാരം രാജാധികാരം കൈമാറ്റം ചെയ്യപ്പെടുന്ന സമ്പ്രദായം രാജ്യത്ത് അരാജകത്വവും അസ്ഥിരതയും ഉണ്ടാക്കുകയും ചെയ്യും. അരാജകത്വവും അസ്ഥിരതയും ഉണ്ടായാല്‍ പ്രജാഹിതം സംരക്ഷിച്ചുകൊണ്ട് രാജധര്‍മം നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥവരും. അതൊഴിവാക്കാനുള്ള ബാധ്യത ധര്‍മം അനുഷ്ഠിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. സ്വഭാവികമായും രാജാധികാരത്തില്‍നിന്ന് രാമന്‍ ഒഴിഞ്ഞുപോകുന്നത് ശരിയല്ല. അതുകൊണ്ട് ധര്‍മനിഷ്ഠനായ രാമന്‍ രാജാധികാരം സ്വീകരിക്കണം.

(2) രാമന്‍ വനത്തില്‍ പോകണമെന്ന് രാജാവ് പറഞ്ഞിട്ടില്ല. വനവാസം രാജ്യദ്രോഹംപോലെയുള്ള കൊടുംകുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള കനത്ത ശിക്ഷകളിലൊന്നാണ്. രാമന്‍ കുറ്റവാളിയല്ല. കുറ്റവാളി അല്ലാത്ത ആളെ കുറ്റവാളിയായി കരുതി ശിക്ഷ വിധിക്കുന്നത് തെറ്റാണ്. കാരണം, അപരാധം ചെയ്യാത്ത ഒരാളെ ശിക്ഷിക്കാന്‍ രാജാവിന് അധികാരമില്ല. നിരപരാധിയെ ശിക്ഷിക്കുന്ന രാജാവും രാജ്യവും അതുമൂലം തകര്‍ന്നുപോകുമെന്നുള്ളതുകൊണ്ട് അങ്ങനെ ചെയ്യുന്നത് രാജാവിനെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായ കര്‍മമാണ്. തെറ്റ് ആരു ചെയ്താലും അത് തിരുത്തപ്പെടേണ്ടതാണ്. നിരപരാധിയായ രാമനെ രാജാവ് അറിഞ്ഞുകൊണ്ട് തെറ്റായ രീതിയില്‍ ശിക്ഷിച്ചിട്ടുണ്ട് എന്നത് വാദത്തിനുവേണ്ടി സമ്മതിച്ചാലും ആ തെറ്റു തിരുത്തുക എന്നതാണ് നീതിയുടെ മാര്‍ഗം. ഈ സന്ദര്‍ഭത്തില്‍ രാജാവ്, രാമന്‍ കാട്ടില്‍ പോകണമെന്ന് വിധിച്ചിട്ടില്ല. രാജാവിന്റെ അധികാരം മറ്റൊരാള്‍ തട്ടിയെടുത്തുകൊണ്ട് രാജാവ് അങ്ങനെ വിധിച്ചു എന്നു പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. രാജാവ് ജീവിച്ചിരിക്കേ രാജാവിന്റെ അധികാരം മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ നിയമപരമായി അധികാരമില്ല. അങ്ങനെ ആരെങ്കിലും അതുപയോഗിച്ചാല്‍ അതിനെ അപരാധമായേ കരുതാന്‍ കഴിയൂ. അതുകൊണ്ട് രാമന്റെ വനവാസം നിയമപരമായി അസാധുവാണ്. ആയതിനാല്‍ രാമന്‍ വനവാസം അവസാനിപ്പിച്ച് രാജ്യഭാരം ഏറ്റെടുക്കണം.

(3) ഭരതനെ രാജാവാക്കണമെന്ന് കൈകേയി ആവശ്യപ്പെട്ടു എന്നത് നേരാണ്. എന്നാല്‍, രാജാവ് അങ്ങനെ തീരുമാനിച്ചിട്ടില്ല. തന്റെ അഭിഷേകനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സുമന്ത്രര്‍ക്കും വസിഷ്ഠനും മറ്റു മന്ത്രിമാര്‍ക്കും ലക്ഷ്മണനിലൂടെ രാമന്‍ നിര്‍ദേശം നല്‍കി എന്നത് നേരാണ്. അതുപ്രകാരം നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. രാമന്‍ ഇതോടൊപ്പം പറഞ്ഞ രണ്ടാമത്തെ കാര്യം ഉടനെ ഭരതനെ വരുത്തി അഭിഷേകം നടത്തണമെന്നാണ്. ഭരതനെ ആ വിവരം ദൂതന്മാര്‍വഴി അറിയിക്കാനോ അയോധ്യയിലെത്തിക്കാനോ രാജാവ് ഉത്തരവ് നല്‍കിയിരുന്നില്ല. രാജാവിന്റെ ആജ്ഞ ഇല്ലാതിരുന്നതുകൊണ്ടാണ് സുമന്ത്രര്‍ ഭരതനെ കൂട്ടിക്കൊണ്ടുവരാന്‍ ആളെ അയയ്ക്കാതിരുന്നത്. രാമന്‍ വനവാസത്തിനു പോയതിനുശേഷം ഏഴാം ദിവസമാണ് ദശരഥ രാജാവ് മരിക്കുന്നത്. രാജാവ് മരിച്ചപ്പോള്‍ ശേഷക്രിയ ചെയ്യുന്നത് മക്കളായിരിക്കണം എന്ന തീരുമാനം, വസിഷ്ഠന്‍ ഋഷിമണ്ഡലത്തിന്റെ നിര്‍ദേശപ്രകാരം എടുക്കുകയാണുണ്ടായത്. വനവാസത്തിനു പോയ രാമലക്ഷ്മണന്മാരെ കണ്ടെത്തുക പ്രയാസകരമായ കാര്യമാണ്. ഭരതശത്രുഘ്നന്മാരെ കണ്ടെത്താന്‍ കഴിയുകയും ചെയ്യും. അങ്ങനെ വസിഷ്ഠനിര്‍ദേശമനുസരിച്ച് ഭരതന്‍ അയോധ്യയിലെത്തി പിതാവിന്റെ സംസ്‌കാരകര്‍മം നിര്‍വഹിച്ചു. രാജ്യം അനാഥമാകാതിരിക്കാന്‍ ഭരതന്‍ രാജാവാകണമെന്ന നിര്‍ദേശം ഭരതനെ അറിയിച്ചത് വസിഷ്ഠനാണ്. രാജാഭിഷേകത്തിനു നേതൃത്വം നല്‍കാമെന്നല്ലാതെ രാജാവ് ആരായിരിക്കണമെന്നു നിര്‍ദേശിക്കാന്‍ വസിഷ്ഠന് അധികാരമില്ല. ഭരതന്‍ രാജാവാകണമെന്ന് നിയമപരമായി സാധുതയുള്ള ഉത്തരവില്ല. അതുകൊണ്ട് ഭരതന് രാജാവാകാനും കഴിയില്ല.

(4) മന്ത്രിമണ്ഡലത്തിലും രാജസദസ്സിലും നിലനില്‍ക്കുന്ന ഉത്തരവ് രാമനെ രാജാവാക്കി അവരോധിച്ചുകൊണ്ടുള്ളതാണ്. മറിച്ച് ഒരു തീരുമാനം രാജാവ് എടുത്താലും അത് രാജസദസ്സില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയാലേ അതിനു നിയമസാധുത ലഭിക്കുകയുള്ളൂ. രാമന്‍ വനവാസത്തിനു പോയതിനുശേഷം ആറുദിവസംകൂടി ജീവിച്ചിരുന്ന രാജാവ് അത്തരം ഒരു തീരുമാനവും എടുത്തിട്ടില്ല. ഭരതന്‍ രാജാവാകണമെന്ന് രാജാവ് തീരുമാനിച്ചിരുന്നു എങ്കില്‍ നടപടിക്രമമനുസരിച്ച് അത് നടപ്പാക്കപ്പെടുമായിരുന്നു. വ്യക്തമായ ഉത്തരവിന്റെ പിന്‍ബലമില്ലാതെ ഭരതന്‍ രാജാവാകുന്നത് നിയമപരമായും തെറ്റായിരിക്കും. നിലവില്‍ സാധുതയുള്ള രാജശാസനം രാമന്‍ രാജാവാകണമെന്നതുതന്നെയാണ്. ആയതിനാല്‍ രാമന്‍ രാജ്യഭാരം ഏറ്റെടുക്കണം.

(5) അയോധ്യയിലെ രാജസദസ്സും ഋഷിമണ്ഡലവും മാതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുജനങ്ങളും സൈന്യവും പൗരജനങ്ങളും ഒരുമിച്ച് ആവശ്യപ്പെടുന്നതും രാമന്‍ രാജാവാകണമെന്നുതന്നെയാണ്. രാമനെ അയോധ്യയിലേക്ക് ആദരിച്ചു ക്ഷണിച്ചുകൊണ്ടുപോകുന്നതിനാണ് അവരെല്ലാം ചിത്രകൂടവനത്തിലെത്തിയിരിക്കുന്നത്. ഒരു രാജ്യം മുഴുവന്‍ ഒരാള്‍, അയാള്‍ നിയമപ്രകാരം രാജാവാകാന്‍ അര്‍ഹനും യോഗ്യനുമായിരിക്കേ, രാജാവാകണമെന്ന് ആവശ്യപ്പെട്ടാല്‍ അത് ധിക്കരിച്ചുകൊണ്ട് മറ്റൊരാള്‍ അയാള്‍ ആരുതന്നെയായാലും രാജാവാകുന്നത് നിയമപരമായും ധാര്‍മികമായും ശരിയല്ല. പ്രജകളുടെ ആദരവും അംഗീകാരവും നിയമപരമായ സാധുതയും രാമന്‍ രാജാവാകുന്നതിനെയാണ് പിന്‍തുണയ്ക്കുന്നത്. പ്രജകളുടെ നിയമപരമായും ധാര്‍മികമായും ഉള്ള സ്വാഭാവികമായ അഭിപ്രായം നിഷേധിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. അതുകൊണ്ട് രാമനല്ലാതെ മറ്റൊരാളെ രാജാവായി സങ്കല്പിക്കുന്നതുതന്നെ തെറ്റായിരിക്കും. ഈ സാഹചര്യത്തില്‍ രാജസ്ഥാനം ഏറ്റെടുക്കുക എന്നത് രാമന്‍ നിയമപരമായും ധാര്‍മികമായും ചെയ്യേണ്ട ഉത്തരവാദിത്വമാണ്.

(6) ഈ സാഹചര്യത്തില്‍ താന്‍ രാജാവായാല്‍ അത് അധാര്‍മികവും നിയമവിരുദ്ധവും നീതിരഹിതവുമായ നടപടിയായിരിക്കും. താന്‍ രാജാവാകണമെന്ന് രാജശാസനമില്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. രാജാവ് അപ്രകാരം തീരുമാനിച്ചിട്ടുമില്ല. ഇക്ഷ്വാകുവംശാവലിയുടെ കുലനിയമപ്രകാരം യോഗ്യനും അര്‍ഹനുമായ മൂത്തപുത്രന്‍ ജീവിച്ചിരിക്കേ രണ്ടാംപുത്രന്‍ രാജാവാകുന്നത് അധര്‍മവും കുലനീതിയുടെ ലംഘനവുമായിരിക്കും. മോഷ്ടിച്ചെടുത്ത രാജ്യത്തിന്റെ രാജപദവി നേടിയവന്‍ എന്ന അപമാനം തന്നെയും ഇക്ഷ്വാകുവംശത്തെയും അപകീര്‍ത്തിപ്പെടുത്തും. അതുകൊണ്ട് ഒരുകാരണവശാലും താന്‍ രാജ്യഭാരം ഏറ്റെടുക്കില്ല. ധാര്‍മികമായ മേന്മകൊണ്ടും നിയമപരമായ സാധുതകൊണ്ടും കുലനീതിയുടെ സംരക്ഷണംകൊണ്ടും രാമന്‍ രാജാവാകണം. മറിച്ചൊരു തീരുമാനം ധര്‍മത്തെ മുന്‍നിര്‍ത്തിയും കുലമേന്മയെ കരുതിയും എടുക്കാന്‍ തനിക്കാകില്ല. രാമാഭിഷേകത്തിനുള്ള മുഴുവന്‍ സാമഗ്രിയുമായിട്ടാണ് താന്‍ എത്തിയിരിക്കുന്നതെന്നും ഇപ്പോള്‍ത്തന്നെ രാമന്റെ പട്ടാഭിഷേകം നടത്തണമെന്നും ഇതിന് എതിരേ തീരുമാനമെടുത്താല്‍ താന്‍ പ്രായോപവേശം നടത്തുമെന്നും ഭരതന്‍ ഉറപ്പിച്ചുപറഞ്ഞു.

ഭരതന്റെ വാദഗതിയുടെ സാധുതയെ രാമന്‍ ചോദ്യംചെയ്തില്ല. അച്ഛന്റെ സാന്നിധ്യത്തിലാണ് അമ്മ തനിക്ക് വനവാസം വിധിച്ചത്. അത് ശരിയല്ല എന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല. അച്ഛന്റെ വാക്കുപോലെ വിലയുറ്റതാണ് അമ്മയുടെ വാക്കുകളും. മാതാക്കള്‍ക്കിടയില്‍ ഭേദവിചാരത്തോടെ താന്‍ പ്രവര്‍ത്തിച്ചില്ല. അച്ഛനമ്മമാരുടെ വാക്കിന് വിലകൊടുക്കുക എന്നത് മക്കളുടെ കടമയാണ്. അച്ഛന്‍ പെണ്‍കോന്തനായതുകൊണ്ടാണ് നിയമവിരുദ്ധമായ തീരുമാനമെടുത്തത് എന്നു ലക്ഷ്മണനും ഭരതനും ഒരുപോലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, സഹോദരങ്ങളുടെ ആ നിഗമനം തീര്‍ത്തും തെറ്റാണെന്നു രാമന്‍ പറഞ്ഞു. സത്യകാമനായതുകൊണ്ടാണ് കൈകേയി പറഞ്ഞ സന്ദര്‍ഭത്തില്‍ മറിച്ചുപറയാതിരുന്നത്. വ്യക്തിപരമായി ഭാര്യയോട് സത്യം ചെയ്തിരുന്നു എന്നത് ദശരഥനെ സംബന്ധിച്ചിടത്തോളം വസ്തുതയാണ്. ആ വരം കൈകേയി ആ സന്ദര്‍ഭത്തില്‍ ചോദിച്ചു എന്നതും വസ്തുതയാണ്. ആ വരദാനം മാരകമായിരിക്കും എന്നും ദശരഥന് അറിയാം. ഭാര്യയോടാണെങ്കിലും ചെയ്തുപോയ സത്യം പരിപാലിക്കുക എന്നത് സത്യകാമിയായതുകൊണ്ട് ദശരഥന്‍ തന്റെ കടമയായി കരുതി. രാജസദസ്സില്‍ പരസ്യമായി രാമനെ രാജാവാക്കും എന്നു പറഞ്ഞതും സത്യംതന്നെ. ഏതു സത്യം ലംഘിച്ചാലും അധര്‍മമായിരിക്കും എന്നു കരുതിയാണ് പിതാവായ ദശരഥന്‍ വിഷമസ്ഥിതിയിലായത്. ഈ സാഹചര്യത്തില്‍ പിതാവിന്റെ ശ്രേയസ്സിനായി പ്രവര്‍ത്തിക്കാത്തവന്‍ പുത്രന്‍ എന്ന പേരിന് അര്‍ഹനല്ല. തനിക്കാണെങ്കില്‍ ഒരു ചെറിയ തീരുമാനത്തിലൂടെ പിതാവിന്റെ സത്യസന്ധത രക്ഷിക്കാനാകും. അതുകൊണ്ട് പിതാവിന്റെ സത്യപരിപാലനത്തിനുവേണ്ടി ഒരു പുത്രന്റെ ധര്‍മം നിറവേറ്റുന്നതിന്റെ ഭാഗമായിട്ടാണ് താന്‍ രാജ്യം ത്യജിച്ചത്. രാജ്യത്യാഗവും വനവാസവും സ്വധര്‍മാനുഷ്ഠാനത്തിന്റെ ഭാഗമായി താന്‍ എടുത്ത തീരുമാനമാണ്. എന്തും ചെയ്തുകൊണ്ട് ലോകഭോഗം കൈയടക്കുന്നത് അര്‍ഥപരന്മാരാണ്. അധികാരം, ധനം, പദവി, യശസ്സ് എന്നിവയെല്ലാം തനിക്കും താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണമെന്ന് ശഠിക്കുകയും അതിനുവേണ്ടി എന്തും ചെയ്യുകയും എന്നത് അര്‍ഥപരന്റെ ലക്ഷണമാണ്. അതിനെയാണ് ഭോഗവാഞ്ഛ എന്നു പറയുന്നത്. ഈ അതിഭോഗമോഹം ലോകത്ത് അഹിതകരങ്ങളായ സംഭവങ്ങളുണ്ടാക്കും. അത് എല്ലാവര്‍ക്കും നാശകരമായിരിക്കും സമ്മാനിക്കുക. അതല്ല സത്യധര്‍മങ്ങളുടെ ലക്ഷ്യവും മാര്‍ഗവും. താന്‍ ഭോഗത്തിലല്ല ത്യാഗത്തിലാണ് മഹത്ത്വം കാണുന്നത്. പിതാവിന്റെ സത്യനിഷ്ഠ പാലിക്കുന്നതിനുവേണ്ടിയാണ് താന്‍ രാജ്യത്തെ ത്യജിച്ചതും വനവാസം വരിച്ചതും. അതില്‍ അച്ഛനോ കൈകേയി അമ്മയ്‌ക്കോ ഒരു ഉത്തരവാദിത്വവുമില്ല. കേവലധര്‍മത്തെ ആസ്പദമാക്കിയ സ്വകര്‍മം അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് ഇതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. അതുകൊണ്ട് രാജ്യം ത്യജിച്ച് കാടു വാഴാന്‍ താന്‍ സര്‍വഥാ യോഗ്യനാണ്.

സദ്വൃത്തനും ജ്ഞാനവൃദ്ധനും സൗമ്യനും വീര്യവാനും ധാര്‍മികനുമായ ഭരതന്‍ ആരാധ്യനായ ഭരണാധികാരിയായിരിക്കും. ഭരതന്റെ ഭരണത്താല്‍ രാജ്യത്തിനും ലോകത്തിനും ശ്രേയസ്സുണ്ടാകും. അതുകൊണ്ട് രാജ്യം ഭരിക്കാന്‍ ഭരതന്‍ തന്നെയാണ് യോഗ്യനെന്നും രാമന്‍ പറഞ്ഞു. മനുഷ്യന്‍ കാലഗതിക്കനുസരിച്ച് കാലത്താല്‍ നയിക്കപ്പെടുന്നവനാണ്. കാലഗതി മാറ്റാനാവില്ല. ഓരോ മനുഷ്യനും അവന്റെ കര്‍മഫലം അനുഭവിക്കുകതന്നെ വേണം. കാലപ്രവാഹത്തില്‍, നേടിയതെല്ലാം നഷ്ടമാകും. ഉയര്‍ച്ചതാഴ്ചയിലും താഴ്ച ഉയര്‍ച്ചയിലും എത്തും. സംയോഗവിയോഗങ്ങളിലൂടെ മനുഷ്യജീവിതം മരണത്തില്‍ അവസാനിക്കുകയും ചെയ്യും. മരണം ഒരു നിമിഷംപോലും പിരിയാതെ കൂടെയിരിക്കുമ്പോഴും മനുഷ്യന്‍ സുഖംതേടുന്നു. അതുകൊണ്ട് കാലപ്രവാഹത്തില്‍ ഓരോ മനുഷ്യനും ചെയ്യേണ്ട കര്‍മത്തെ സത്യസാക്ഷാത്കാരത്തിനായി സമര്‍പ്പിച്ച് ധര്‍മമാക്കി മാറ്റുക. അപ്പോഴാണ് രാമന്‍ വിഷാദം അറിയുന്നില്ല എന്ന് ഭരതന്‍ നിരീക്ഷിച്ചത്. അച്ഛന്റെ തെറ്റുതിരുത്തുന്നവനാണ് പുത്രന്‍ എന്നു ഭരതന്‍ പറഞ്ഞപ്പോള്‍ പിതൃവാക്യം സത്യമായിത്തീരാന്‍ സ്വയം സമര്‍പ്പിക്കുന്നവനാണ് പുത്രന്‍ എന്നു രാമന്‍ തിരുത്തി. ദശരഥവാക്യം സത്യമായിത്തീരണമെങ്കില്‍ താന്‍ കാടുവാഴുന്നതോടൊപ്പം ഭരതന്‍ രാജാവാകുകയും വേണം. പിതൃരക്ഷകനാണ് പുത്രന്‍. അക്കാര്യം മറക്കരുത്. അതുകൊണ്ട് ഭരതന്‍ രാജാവാകുകതന്നെ വേണമെന്ന് രാമന്‍ പറഞ്ഞു.

ഈ ഘട്ടത്തില്‍ ഇടപെട്ടുകൊണ്ട് വസിഷ്ഠന്‍ രാമനോട് ഇങ്ങനെ പറഞ്ഞു: ''ഞാന്‍ രാമന്റെയും അദ്ദേഹത്തിന്റെയും പിതാവിന്റെയും ആചാര്യനാണ്. തന്റെ അഭിപ്രായവും രാമന്‍ രാജാവായി അയോധ്യയില്‍ എത്തണമെന്നാണ്.'' അതിന്, തന്റെയും തന്റെ പിതാവിന്റെയും വാക്കുകള്‍ വൃഥാവിലാവില്ല എന്ന മറുപടിയാണ് വസിഷ്ഠനു രാമന്‍ നല്‍കിയത്. അതായത്, താന്‍ തന്റെ നിശ്ചയത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നു സാരം. അപ്പോഴാണ് ഭരതന്‍ അങ്ങനെയെങ്കില്‍ താന്‍ ഈ പര്‍ണശാലയ്ക്കുമുന്നില്‍ നിരാഹാരനായി കടന്ന് പ്രാണത്യാഗം ചെയ്യുമെന്നു പറഞ്ഞത്. രാമനെ തങ്ങള്‍ മനസ്സിലാക്കുന്നു എന്നും രാമഭാഷണത്തില്‍ പൊരുളുണ്ട് എന്നും അയോധ്യയിലെ ജനങ്ങള്‍ പറഞ്ഞു. ആ ഘട്ടത്തില്‍ ഭരതന്‍ വീണ്ടും തന്റെ നിലപാട് വിശദീകരിച്ചു. താന്‍ രാജ്യം ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെടാന്‍ ആരോടും നിര്‍ദേശിച്ചിട്ടില്ല. രാമന്റെ വനവാസത്തിന് സാധൂകരണമില്ല. അങ്ങനെ വനവാസം വേണമെങ്കില്‍ അത് താന്‍ നിര്‍വഹിക്കാം. എന്നാലും രാമന്‍ രാജാവായേ പറ്റൂ. കൈകേയിയുടെ ആവശ്യം അന്യായമല്ല. അവര്‍ ന്യായമായതാണ് ആവശ്യപ്പെട്ടത്. സത്യസന്ധനായ അച്ഛന്‍ അതു നല്‍കുകയും വേണം. ആ തീരുമാനം തിരുത്താന്‍ തനിക്ക് അവകാശവുമില്ല എന്നു രാമനും പറഞ്ഞു.

കൈകേയിയെ ന്യായീകരിച്ച ഒരേയൊരാള്‍ രാമന്‍ മാത്രമാണ്. ബാക്കി ഋഷിഗണവും മന്ത്രിമാരും അയോധ്യയിലെ ജനങ്ങളുമെല്ലാം കൈകേയിയെ ശപിക്കുകയാണ് ചെയ്തത്. മാത്രമല്ല കൈകേയി അമ്മയെ സംരക്ഷിക്കണമെന്ന് അയോധ്യയിലെ എല്ലാവരോടും രാമന്‍ ആവശ്യപ്പെടുകയും ചെയ്തു. കൈകേയിയുടെ വാശിമൂലം ഏറ്റവും കൂടുതല്‍ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ആള്‍ രാമന്‍തന്നെയാണ്. അവരെ ന്യായീകരിച്ചതും രാമന്‍തന്നെ. രാമന്‍ കൈകേയിയോട്, തന്നെ ഋഷിയായി കരുതണമെന്നു പറഞ്ഞിരുന്നു. ധര്‍മബോധത്തില്‍ ഉറച്ചുനില്‍ക്കുന്ന ഋഷിതുല്യമായ നിര്‍മമത്വം രാമനില്‍ കണ്ടത് അതിശയകരംതന്നെ. ഈ തീരുമാനം അസാധാരണം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. രാമന്റെ രാജ്യത്യാഗത്തോളംതന്നെ മഹത്തരമാണ് കൈകേയിയില്‍ ന്യായം കണ്ടെത്തിയതും അവരുടെ സംരക്ഷണത്തിനായി ഭരതനോട് യാചിച്ചതും.

പുസ്തകം വാങ്ങാം

ഭരതനെ അനുഗമിച്ചിരുന്ന ഋഷിമണ്ഡലം രാമന്റെ തീരുമാനത്തെ സാധൂകരിച്ചു. രാജ്യം അരാജകമാകാതിരിക്കാന്‍ ഭരതന്‍ രാജാവാകണം എന്നും അവര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് രാമനുവേണ്ടി രാമന്റെ പ്രതിപുരുഷനായി താന്‍ ഭരണം നടത്താമെന്ന് ഭരതന്‍ സമ്മതിച്ചത്. രാജാവ് രാമന്‍ തന്നെയായിരിക്കും. രാമനാകും അഭിഷിക്തനാകുക. താന്‍ രാമകിങ്കരനായി രാജ്യഭാരം നിര്‍വഹിക്കാമെന്നായി ഭരതന്‍. അഭിഷിക്തനാകാന്‍ രാമന്‍ അപ്പോഴും തയ്യാറായില്ല. അപ്പോഴാണ് പാദുകങ്ങളെ അഭിഷേകം ചെയ്തു സ്ഥാപിക്കാമെന്ന നിര്‍ദേശം ഭരതന്‍ മുന്നോട്ടുവെച്ചത്. രാമന്‍ ആ പാദുകങ്ങളില്‍ കയറി നില്‍ക്കുക. അത് രാമന്‍ അനുസരിച്ചു. രാമന്‍ കയറിനിന്ന പാദുകങ്ങളെ ഭരതന്‍ ശിരസ്സിലേറ്റി. എന്നിട്ട് ഭരതന്‍ പറഞ്ഞു: ''പതിന്നാലുവര്‍ഷം ജടാധാരിയായി മരവുരി ധരിച്ച് ഞാന്‍ ജീവിക്കും. അക്കാലമത്രയും അയോധ്യാനഗരത്തിനു പുറത്ത് ആശ്രമത്തിലിരുന്നുകൊണ്ട് ഭരണഭാരം നിര്‍വഹിക്കും.'' പതിന്നാലു വര്‍ഷം തികയുന്ന അന്നു കണ്ടില്ലെങ്കില്‍ താന്‍ അഗ്‌നിപ്രവേശം ചെയ്യുമെന്ന് ഭരതന്‍ സത്യംചെയ്തു. അതിനു രാമന്‍ സമ്മതിച്ചു. രാമവിയോഗദുഃഖമകറ്റാനായി താന്‍ ഋഷിയെപ്പോലെ നന്ദിഗ്രാമില്‍ കഴിയും. രാജാവ് രാമന്‍തന്നെ. അദ്ദേഹം സൂക്ഷിക്കാനേല്പിച്ച രാജ്യത്ത് താന്‍ യോഗക്ഷേമം വരുത്തും. രാജാവ് തിരിച്ചുവരുമ്പോള്‍ രാജ്യത്തെയും പാദുകങ്ങളെയും തിരികെ നല്‍കി താന്‍ ആനന്ദമനുഭവിക്കും. പാദുകങ്ങളെ ശിരസ്സിലേറ്റി ഭരതന്‍ അയോധ്യയിലെ നന്ദിഗ്രാമത്തിലേക്ക് പരിവാരസമേതം തിരിച്ചുപോയി. അങ്ങനെയാണ് രാമപട്ടാഭിഷേകപ്രശ്‌നം അവസാനിച്ചത്. രാമന്‍തന്നെ രാജാവായതുകൊണ്ടും ഭരതന്‍ രാജാവാകാത്തതുകൊണ്ടും ഇക്ഷ്വാകുവംശപരമ്പരയുടെ ധാര്‍മികവും വംശപരവുമായ നടപടിക്രമങ്ങള്‍ക്ക് ഭംഗമുണ്ടായില്ല. രാമനുവേണ്ടി ഭരതന്‍ ഭരണഭാരം നിര്‍വഹിച്ചതുകൊണ്ട് രാജ്യം അരാജകമായും തീര്‍ന്നില്ല. രാമ-ഭരതസംവാദം രാജ്യം ലഭിക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് രാജ്യം ത്യജിക്കുന്നതിനു വേണ്ടിയായിരുന്നു. രാജ്യലാഭത്തിനുവേണ്ടി ലോകഭോഗരതന്മാരായ സഹോദരങ്ങള്‍ തമ്മില്‍ കലഹിക്കുന്നത് സംഭവിക്കുന്ന കാര്യമാണ്. രാജ്യം ത്യജിക്കുന്നതിനുവേണ്ടി രണ്ടു സഹോദരങ്ങള്‍ തമ്മില്‍ മത്സരിച്ചത് ആദികവിയുടെ രാമായണത്തിന്റെ സവിശേഷതയാണ്. രാജ്യം ലഭിച്ച രാജാവ് ജടയും മരവുരിയും ധരിച്ച് കാട്ടില്‍ അലയുമ്പോള്‍ ഭരണഭാരം രാജാവിനുവേണ്ടി നടത്താന്‍ നിയുക്തനായവന്‍ ജടയും മരവുരിയും ധരിച്ച് അയോധ്യയ്ക്കു പുറത്ത്, നന്ദിഗ്രാമില്‍ ഋഷിതുല്യനായിരുന്നുകൊണ്ട് ഭരണഭാരം നിര്‍വഹിച്ചു. രാജ്യഭാരം നിര്‍വഹിച്ച പതിന്നാലു കൊല്ലത്തില്‍ ഒരിക്കല്‍പ്പോലും ഭരതന്‍ അയോധ്യയിലെ കൊട്ടാരത്തില്‍ എത്തിയില്ല. കൊട്ടാരത്തെയും സിംഹാസനത്തെയും വര്‍ജിച്ചുകൊണ്ടായിരുന്നു ഭരതന്റെ രാജ്യഭാരം. രാമനും ഭരതനും ഒരുപോലെ ആര്‍ഷജീവിതം നയിച്ച് പ്രായശ്ചിത്തം ചെയ്തു. ഇക്ഷ്വാകുവംശത്തിന്റെ ധാര്‍മികമഹത്ത്വം കാത്തുസൂക്ഷിക്കുകയും ചെയ്തു.

Content Highlights: K.S Radhakrishnan, Ramayanam, Sreeraman

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented