റീവയുടെത് ആത്മഹത്യയല്ല; സ്വന്തം കൈവിരലിലും ഇടുപ്പിലും വെടിവെച്ച് ആരും ആത്മഹത്യ ചെയ്യില്ല


അത്ലറ്റിക്‌സും സൗത്താഫ്രിക്കയും പ്രമേയമാകുന്ന ആദ്യ മലയാളനോവല്‍. നോവലിന്റെ ആദ്യ അധ്യായം വായിക്കാം.

2014 ലെ വാലന്റൈന്‍ ദിനത്തില്‍ മൂന്നാം കാമുകി ലോകപ്രശസ്ത മോഡല്‍ റീവ സ്റ്റീന്‍കാംപ് ബെഡ്‌റൂമില്‍ വെച്ച് വെടിയേറ്റുമരിച്ച കേസില്‍ ജോഹന്നാസ് ബര്‍ഗിലെ ജയിലില്‍ കഴിയുന്ന പിസ്റ്റോറിയസ്സിന്റെ കെട്ടുകഥയെക്കാള്‍ അവിശ്വസനീയമായ ജീവിതത്തിലൂടെയുള്ള വിസ്മയസഞ്ചാരമാണ് സിസേറിയന്‍ എന്ന നോവല്‍. അത്ലറ്റിക്‌സും സൗത്താഫ്രിക്കയും പ്രമേയമാകുന്ന ആദ്യ മലയാളനോവല്‍. നോവലിന്റെ ആദ്യ അധ്യായം വായിക്കാം.

ഡയറികള്‍ക്ക് ആത്മകഥയുണ്ടോ. ആത്മകഥയ്ക്ക് അവകാശമുണ്ടോ. അപരിചിതരായ ആരുടെയൊക്കെയോ നിഗൂഢമായ ആത്മഗതങ്ങളല്ലേ ഡയറികളുടെ ആത്മകഥ!
ഇങ്ങനെയൊരു ചോദ്യമാണ് വെറും ഡയറിയായ എന്നെ ഇതിലെ കഥാപാത്രമാക്കിയത്.
ആ ചോദ്യകര്‍ത്താവുതന്നെയായിരിക്കാം, ധരിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ പതാകയായിരുന്നു ജന്മനാല്‍ എന്റെ വേഷം!
രക്തവും മാംസവും അവയവങ്ങളുമില്ലെങ്കിലും എനിക്കു മനസ്സും ചിന്തയും വികാരങ്ങളുമുണ്ട്. ജീവന്‍ പകരാന്‍ ദൈവത്തിനു മാത്രമേ കഴിയൂ എന്നാണ് അതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍, മനുഷ്യര്‍ക്കും കഴിയും എന്നതിനു തെളിവാണ് എന്റെ ജന്മം.
എനിക്കു ജീവന്‍ പകര്‍ന്ന കാമുകീകാമുകന്മാരുടെ കിടപ്പറയില്‍നിന്ന് ഇപ്പോള്‍ ഒരു ജഡ്ജിയുടെ വിധിപ്രസ്താവനയില്‍ എത്തിച്ചേര്‍ന്നതാണ് കഥാപാത്രമെന്ന നിലയിലുള്ള എന്റെ ജീവിതം.

എന്നെ വെളിച്ചംപോലെ തുറന്നുപിടിച്ച് മാഡം ജസ്റ്റിസ് ടോകോസില്‍ മാസിപ ആ കിടപ്പുമുറിയിലേക്ക് ഭൂതകാലത്തിലേക്കെന്നപോലെ പ്രവേശിച്ചു...
സീല്‍ ചെയ്തിരുന്ന ആ മുറിയുടെ വാതില്‍, തുറന്നപ്പോള്‍ അടക്കിയ വിലാപശബ്ദം പുറപ്പെടുവിച്ചു. വിദൂരമായ ഒരു ഓട്ടുമണിയുടെ നിലയ്ക്കാത്ത മുഴക്കംപോലെ വിറയ്ക്കുന്ന ഈ പാതി ഇരുളില്‍നിന്നാണ് കുറ്റപത്രപ്രകാരം, അറുപത്തിയേഴാം വയസ്സില്‍ അവരുടെ നീതിബോധം പരീക്ഷിക്കുന്ന മൂന്നു വെടിയൊച്ചകള്‍ മുഴങ്ങിയത്...
പിന്നില്‍ നിന്നിരുന്ന പോലീസുദ്യോഗസ്ഥരില്‍ ഒരാള്‍ വന്ന് ലൈറ്റിടാന്‍ നോക്കിയപ്പോള്‍ ജസ്റ്റിസ് മാസിപ അതു വിലക്കി; കൈയിലുള്ള ഡയറിക്കു വെളിച്ചമുണ്ടെന്നപോലെ.
ചെരിപ്പു പുറത്തു വെച്ച് അകത്തു കടന്ന് വാതില്ക്കല്‍ത്തന്നെ നില്ക്കുകയായിരുന്നു അവര്‍; മാസങ്ങള്‍ ബന്ധനത്തിലായിരുന്ന മുറിയിലെ വായുവില്‍നിന്ന് എന്തെങ്കിലും ശബ്ദമോ ഗന്ധമോ സ്വാഗതം ചെയ്യും എന്നു പ്രതീക്ഷിക്കുന്നപോലെ...

തെളിവെടുപ്പു കഴിഞ്ഞ് കുറ്റപത്രമായതിനാല്‍ വീടിന്റെ താഴത്തേ നില കുറ്റാരോപിതനായ പിസ്റ്റോറിയസ്സിന്റെ കുടുംബത്തിനു വിട്ടുകൊടുത്തിരുന്നു. അന്തിമവിധിവരെ മുകള്‍നില സീലുവെച്ചിരിക്കും. പിസ്റ്റോറിയസ്സിന്റെ ഏകസഹോദരി അയ്മ, മാഡം മാസിപയെ അനുഗമിച്ച് അവരുടെ സെക്രട്ടറിക്കൊപ്പം കിടപ്പുമുറിയുടെ വാതില്ക്കല്‍ നില്പുണ്ടായിരുന്നു. മകളുടെ സഹപാഠിയായിരുന്നതുകൊണ്ട് ജസ്റ്റിസ് മാസിപയ്ക്ക് അവളെ മുഖപരിചയമുണ്ട്.
കേസിന്റെ ഏഴു മാസത്തെ വിചാരണവേളയില്‍ സാങ്കല്പികമായി സൃഷ്ടിച്ചിരുന്ന ഈ കിടപ്പുമുറി സന്ദര്‍ശിക്കാന്‍ മാസിപ ഒരുങ്ങിയതാണ്. വിചാരണ കഴിഞ്ഞിട്ടാവാമെന്ന് പ്രോസിക്യൂട്ടര്‍ അഭ്യര്‍ഥിച്ചതനുസരിച്ച് നീട്ടിവെച്ചതായിരുന്നു. ഓരോ ഘട്ടത്തിലും നേരിട്ടുള്ള കുറ്റാന്വേഷണതൃഷ്ണയില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ പ്രോസിക്യൂഷനു ശ്രമപ്പെടേണ്ടിവന്നു.

സൗതാന്‍ പത്രത്തിലെ പഴയ കുറ്റാന്വേഷണപത്രപ്രവര്‍ത്തക അതിനുശേഷം നിയമപഠനത്തിനും മണ്ടേലയുടെ ജയില്‍മോചനപ്രക്ഷോഭത്തിനായും വീടുവിട്ടിറങ്ങിയ ടോകോസിലിന് ഓരോ പ്രതിസന്ധിയിലും ശരീരത്തിന്റെ കറുപ്പും വെളുപ്പും ചിന്താവിഷയമായിരുന്നു.
വര്‍ണവിവേചനത്തിലേക്കു കണ്ണുതുറന്ന ബാല്യകാലവും മണ്ടേലയുടെ മുള്‍ച്ചെടിക്കുറിപ്പുകളും റെക്കോഡ് ചെയ്ത ആഹ്വാനങ്ങളും വിന്നി മണ്ടേലയ്‌ക്കൊപ്പമുള്ള സമരമുഖങ്ങളും ഉച്ചവെയിലില്‍ അവരുടെ തൊലി അടര്‍ത്തിയെങ്കിലും ജന്മനാ കറുത്ത ശരീരത്തിലെ വെളുപ്പു തെളിഞ്ഞില്ല എന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടി ഇതു വെളുക്കാനുള്ള സമരമല്ല എന്നവര്‍ പറയുമായിരുന്നു.

പത്രപ്രവര്‍ത്തനരക്തഭാഷയുടെ ജിജ്ഞാസയും അന്വേഷണങ്ങളും പുതിയ തൊഴിലിലും അവരെ പിന്തുടര്‍ന്നിരുന്നു.
മണ്ടേല പ്രസിഡന്റായതിനുശേഷമുള്ള കറുത്ത നിയമനങ്ങളിലൊന്നായിരുന്നു മാഡം മാസിപയുടെ അവിചാരിതമായ ജഡ്ജിപദം.
വെളുത്തവര്‍ നൂറ്റാണ്ടുകളായി ചെയ്ത അന്യായങ്ങള്‍ കറുത്തവരും ആവര്‍ത്തിക്കുകയാണോ എന്നു മാധ്യമങ്ങള്‍ സംശയിച്ച ചിന്തയോടു വിയോജിച്ചുതന്നെയാണ് മണ്ടേലയുടെ തീരുമാനം മാസിപ സ്വീകരിച്ചതും! സത്യപ്രതിജ്ഞയിലെ നിഷ്പക്ഷനീതിവാക്യത്തില്‍, വെളുത്തവര്‍ക്കും കറുത്തവര്‍ക്കും ദക്ഷിണാഫ്രിക്കന്‍പതാകയിലെ ആറു നിറങ്ങള്‍ക്കുംവേണ്ടി എന്നു ചേര്‍ക്കാന്‍ പ്രത്യേകാനുമതിയും സമ്പാദിച്ചു.
അപ്പോഴൊന്നും ദക്ഷിണാഫ്രിക്കയിലെ മാത്രമല്ല, ലോകത്തെയാകെ കായികപ്രണയികളെയും ഫാഷന്‍ ഡിസൈനര്‍മാരെയും ഇരുമ്പുദണ്ഡില്‍ കോര്‍ത്തതുപോലുള്ള ഒരു വെളുത്ത കൊലപാതകം വിചാരണയ്ക്കു വരുമെന്ന് അവര്‍ കരുതിയിരുന്നില്ല.

കാമുകിയായ റീവ റെബേക്ക സ്റ്റീന്‍കാംപിനെ കിടപ്പുമുറിയില്‍ വെടിവെച്ചു കൊന്നുവെന്ന കുറ്റാരോപണത്തില്‍ ഓസ്‌കാര്‍ പിസ്റ്റോറിയസ് എന്ന കാലില്ലാത്ത ഓട്ടക്കാരന്റെ ഭാവിജീവിതം വിചാരണ കഴിഞ്ഞ് വിധി കാത്ത് ജസ്റ്റിസ് മാസിപയുടെ മേശപ്പുറത്തായിരുന്നു അപ്പോള്‍...
വിചാരണ കഴിഞ്ഞെങ്കിലും ടോകോസില്‍ വിധിന്യായം എഴുതാന്‍ ആരംഭിച്ചിരുന്നില്ല. പിസ്റ്റോറിയസ്സിന്റെ ഭാവി അവര്‍ക്കുതന്നെ നിശ്ചയമുണ്ടായിരുന്നുമില്ല. വെള്ളത്തില്‍ മീനുകള്‍ ശ്വസിക്കുന്നതിന്റെയോ ഇടിയും മിന്നലും ഉണ്ടാകുന്നതിന്റെയോ ശാസ്ത്രീയകാരണങ്ങള്‍പോലെ ഈ കൊലപാതകത്തിന്റെ പ്രേരണാഘടകങ്ങള്‍ വേര്‍തിരിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്.

റീവയുടെത് ആത്മഹത്യയല്ലെന്ന് എന്തായാലും ഉറപ്പായിരിക്കുന്നു. സ്വന്തം കൈവിരലിലും ഇടുപ്പിലും വെടിവെച്ച് ആരും ആത്മഹത്യ ചെയ്യില്ല. മാത്രമല്ല, തോക്കിന്റെ ഉടമസ്ഥന്‍ പിസ്റ്റോറിയസ്സാണ്. അന്നു രാത്രി അവര്‍ രണ്ടുപേരും മാത്രമാണ് ഈ കിടപ്പറയിലുണ്ടായിരുന്നത്. അതിലെ പ്രേരണയെന്ന അദൃശ്യമായ ദൈവകണത്തെയാണ് ജസ്റ്റിസ് മാസിപ അന്വേഷിച്ചുകൊണ്ടിരുന്നത്.
രണ്ടാംനിലയിലേക്കുള്ള കോണിപ്പടികള്‍ക്കു താഴേ അവളുടെ മൃതദേഹം കിടന്നിരുന്ന ഭാഗം വെളുത്ത ചായംകൊണ്ട് അടയാളപ്പെടുത്തിയിരുന്നു. പക്ഷേ, കുളിമുറിയില്‍നിന്ന് മൃതദേഹം അവിടെ കൊണ്ടുവന്നിട്ടതാണെന്നായിരുന്നു കുറ്റപത്രത്തില്‍...
പടിഞ്ഞാറന്‍ പ്രണയദിനമായ വാലന്റയിന്‍ ഡേയിലായിരുന്നു കൊലപാതകം. വിചാരണവേളയില്‍ ഇരുപക്ഷവും ആ ദിവസത്തെ സ്വന്തം രീതിയില്‍ വ്യാഖ്യാനിക്കുന്നത് രേഖപ്പെടുത്തുമ്പോള്‍ത്തന്നെ ആ സന്ദര്‍ഭത്തെ മൂന്നാമതായി സ്വയം വ്യാഖ്യാനിക്കാന്‍ മാസിപ ശ്രമിക്കുകയുണ്ടായി.
ആ ദിവസംതന്നെ കൊല നടന്നതില്‍ എന്തെങ്കിലും സന്ദേഹമുണ്ടോ. അത് പ്രണയദിനം മാത്രമല്ല, മരണദിനംകൂടിയാവാം എന്നാണോ. അവരുടെ കുറിപ്പുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

റീവ സ്റ്റീന്‍കാംപിനെ വധിക്കാന്‍ പിസ്റ്റോറിയസ് ഉദ്ദേശിച്ചിരുന്നില്ല. മുറിയില്‍ മറ്റാരോ കയറിക്കൂടി എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ഒരുപക്ഷേ, പ്രണയദിനം റീവയെയും പിസ്റ്റോറിയസ്സിനെയും അതിനു തിരഞ്ഞെടുത്തതാവാം- പ്രതിഭാഗം വിചിത്രവാദമുന്നയിച്ചു.
ദക്ഷിണാഫ്രിക്കന്‍ നിയമപ്രകാരം, വീട്ടിലൊരാള്‍ അതിക്രമിച്ചു കയറിയാല്‍പ്പോലും നേരിട്ട് വെടിവെക്കാന്‍ പാടില്ല, മുന്നറിയിപ്പുവെടികളേ പാടുള്ളൂ എന്ന കാര്യം ഞാനാവര്‍ത്തിക്കുന്നു. പ്രോസിക്യൂട്ടര്‍ അതു ഖണ്ഡിച്ചു.
മുന്നറിയിപ്പുവെടി മുകളിലേക്കു വെക്കാന്‍ ഇവിടെ സാധ്യമല്ല. പ്രതിഭാഗം വാദിച്ചു. കാരണം, ഇതു കിടപ്പറയാണ്. അങ്ങനെ ചെയ്താല്‍ എന്തു സംഭവിക്കും. മേല്‍ക്കൂര വന്ന് തലയില്‍ വീണ് തോക്കുള്‍പ്പെടെ മരിക്കും. അതിനാല്‍ ആളൊഴിഞ്ഞ കുളിമുറിയിലേക്ക് ഉതിര്‍ത്ത മുന്നറിയിപ്പുവെടികളാണ് അവിചാരിതമായി റീവയുടെ ദേഹത്തു കൊണ്ടിട്ടുണ്ടാവുക.
ഈ വാദങ്ങള്‍ക്കിടയിലെ ദൈവകണത്തെയാണ് ജസ്റ്റിസ് മാസിപ തിരഞ്ഞുകൊണ്ടിരുന്നത്.
രാത്രി മുഴുവന്‍ വിളക്കണയ്ക്കാതെ നടുക്കടലിലെ നാവികനെപ്പോലെ ഭൂപടങ്ങള്‍ നോക്കിയും ചിന്തിച്ചും കുത്തിക്കുറിച്ചും തുറമുഖത്തെ വിളക്കുമാടം എന്ന ബോധോദയം തിരഞ്ഞും എന്റെ പേജുകള്‍ മലര്‍ത്തിവെച്ച് അതിലേക്ക് ഉറ്റുനോക്കിയും ഇരിക്കുന്ന ജസ്റ്റിസ് മാസിപയെ ഭര്‍ത്താവ് വില്‍സന്‍ മാസിപ കാണാന്‍ തുടങ്ങിയിട്ട് ആഴ്ചകളായിരുന്നു...
-സൈല്‍, അദ്ദേഹം പറയും, ഇതിനെപ്പറ്റി മാത്രം ഇത്ര ചിന്തിക്കാനെന്താണുള്ളത്. കൊലപാതകം കൊലപാതകംതന്നെ. അതൊരിക്കലും കവര്‍ച്ചക്കേസോ മാനനഷ്ടക്കേസോ ആകില്ല.

പക്ഷേ, ഞാന്‍ നിന്നെ വിമര്‍ശിക്കുകയില്ല, അദ്ദേഹം നിരൂപിച്ചു. കുറ്റാന്വേഷകര്‍ക്കും വിചാരണക്കോടതിക്കും ചില ബാഹ്യലോകയാഥാര്‍ഥ്യങ്ങള്‍ കാണേണ്ടിവരും. പ്രശസ്തിയും സൗന്ദര്യവും കുറ്റകൃത്യങ്ങള്‍ക്കു മീതേ പ്രതിഷ്ഠിക്കപ്പെടുന്നത്, പിസ്‌റ്റോറിയസ്സിന്റെ തെളിവെടുപ്പിലും കോടതിമുറിയിലും, അയാള്‍ ജനദൃഷ്ടിയില്‍ പെടുമ്പോഴൊക്കെ ഓട്ടോഗ്രാഫുമായി ഓടിക്കൂടുന്ന മനുഷ്യരുടെ ഒച്ചവെക്കലിലും തിരക്കുകൂട്ടലിലുംനിന്നറിയാം. പോലീസ് വലയത്തില്‍ കഷ്ടിച്ച് പുറമേക്കു കാണാവുന്ന അയാളുടെ ശിരസ്സില്‍ ഒരു കിരീടമോ ചുംബനമോ സമര്‍പ്പിക്കാന്‍ അവര്‍ കൊതിക്കുന്നു. നിര്‍വികാരനായി അയാള്‍ നടന്നുപോയ വഴി ഉറ്റുനോക്കി തിരിച്ചുവരുന്നതു കാത്ത് ഉച്ചവെയിലില്‍ നില്ക്കുന്നു. കുറ്റാന്വേഷണവും വിചാരണയും വിധിയും സമാധാനിപ്പിക്കേണ്ടത് സത്യത്തെ മാത്രമല്ല; ഈ കാഴ്ചയെയുമാണ്. കാരണം, പ്രശസ്തിയും സൗന്ദര്യവുമുള്ള ദൈവസൃഷ്ടിക്കു പാപം ചെയ്യാനാവില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. ചെയ്താല്‍ത്തന്നെ അതു പൊറുക്കപ്പെടേണ്ട വിശുദ്ധപാപമായിരിക്കും.

-അത്തരം കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്നില്ല. ജനക്കൂട്ടത്തെ നോക്കി വിധി പറയാനാവുമോ? ജസ്റ്റിസ് മാസിപ കണ്ണിലെ ഉറക്കം തുടച്ചുകൊണ്ട് ചോദിച്ചു.
-നിന്നില്‍നിന്നാരും അതു പ്രതീക്ഷിക്കുകയുമില്ല.
വില്‍സന്‍ മാസിപ ഭാര്യയെ പ്രശംസാപൂര്‍വം പരിഹസിച്ചു. ഇതില്‍ കുറ്റാന്വേഷകരും ഫോറന്‍സിക്കും പ്രോസിക്യൂഷനും വേണ്ടത്ര തെളിവുകള്‍ തന്നിരിക്കുന്നു. പിസ്റ്റോറിയസ് നിരപരാധിയാണെന്ന് ആരാധകരെപ്പോലെ ആവര്‍ത്തിച്ചു പറയുന്നതല്ലാതെ പ്രതിഭാഗത്തിനു മറ്റൊരു പ്രതിരോധവുമില്ല; വാദങ്ങള്‍ വിചിത്രവും ദുര്‍ബലവും. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരിക്കുന്നു.
-ഇതു കണ്ടോ?
മേശവിളക്കിനു താഴേ കിടന്ന എന്നെ ജസ്റ്റിസ് മാസിപ ഉയര്‍ത്തിക്കാണിച്ചു- ഇപ്പറഞ്ഞതിലൊന്നും ഇല്ലാത്ത പലതും ഇതിലുണ്ട്.
-അതെന്താണ്? നമ്മുടെ പതാകയല്ലേ.
-അവരുടെ ഡയറിയാണ്.
-രണ്ടുപേര്‍ക്കും ഒരേ ഡയറിയോ.
-അതല്ലേ ഞാന്‍ മൂന്നാമതൊരു മാര്‍ഗം അന്വേഷിക്കുന്നത്.
-അതിനൊക്കെ നിയമപരമായ നിലനില്പുണ്ടോ. ഇതിന്റെ പകുതി തെളിവുപോലുമില്ലാത്ത കേസുകള്‍ നീ ശിക്ഷിച്ചിട്ടുണ്ടല്ലോ. അതും നമ്മുടെതന്നെ ആളുകളെ? അദ്ദേഹം ആരാഞ്ഞു.
-ഒരു വിധിന്യായമെഴുതാന്‍ അത്രയൊക്കെ മതി. ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, പ്രശസ്തിയും ആള്‍ക്കൂട്ടവുമൊന്നുമല്ല; അയാളുടെ വിധി എന്താവുമെന്ന് എനിക്കിപ്പോഴും അറിയില്ല.
-സാങ്കല്പികമായി വിധിപ്രസ്താവന എഴുതാന്‍ കഴിയുമോ?
വില്‍സന്‍ മാസിപയും ഉറങ്ങിയിട്ട് കുറച്ചു ദിവസമായിരുന്നു.
-യാഥാര്‍ഥ്യത്തിന്റെ സങ്കല്പം. അതാണ് ഞാനന്വേഷിക്കുന്നത്.
-പക്ഷേ, അതെന്നു തീരും. ഈ വൈകല്‍ നീതി കാത്തുനില്ക്കുന്ന നിരവധിപേരുടെ നീതിനിഷേധമല്ലേ. അതോര്‍ക്കണം. വൈകാരികമായി ചിന്തിക്കേണ്ട വിഷയമല്ല ഇത്.
-നിങ്ങളുടെ ഇന്‍ഷൂറന്‍സ് കമ്പനിക്കാരുടെ പരസ്യവാചകമില്ലേ, വേഗം മരിച്ചാല്‍ വേഗം ലഭിക്കും. പക്ഷേ, ആര്‍ക്ക്. മരിച്ചവര്‍ക്ക് എന്തു കിട്ടും പ്രയോജനം എന്ന് ഓര്‍ക്കുന്നുണ്ടോ. നീതിനിഷേധത്തെക്കാള്‍ ഭേദമല്ലേ വൈകല്‍... ശാസ്ത്രീയവൈകല്‍ മാത്രമാണിത്.

ടോകോസിലിന് എം.ഡബ്ല്യു. മാസിപ ഭര്‍ത്താവു മാത്രമായിരുന്നില്ല. വര്‍ണവിവേചനകാലത്തെ വിദ്യാര്‍ഥിപ്രക്ഷോഭപ്രസ്ഥാനംമുതല്‍ സഹപ്രവര്‍ത്തകനും കാമുകനും നേതാവുമായിരുന്നു. ചില വിഷയങ്ങളില്‍ അവളുടെ തീവ്രപക്ഷനിലപാടുകളെ, നേതാവിന്റെ ആജ്ഞകൊണ്ടോ ആശയപരമായ തിരുത്തല്‍കൊണ്ടോ അല്ലാതെ ഒരു നിഗൂഢ കാമുകന്റെ സവിശേഷനോട്ടത്തിലൂടെയോ ഇരുളിലേക്കു മാറ്റിനിര്‍ത്തി അമര്‍ത്തിയ ഒരു ചുംബനത്തിലൂടെയോ അവളെ പിന്തിരിപ്പിക്കാന്‍ അയാള്‍ ശ്രമിക്കാറുണ്ടായിരുന്നു. അന്നേ ഒരു കനലാണവള്‍. പ്രായം അവളുടെ ജ്വാല കെടുത്തിയിട്ടില്ലെന്ന് വില്‍സന്‍ മാസിപയ്ക്കറിയാം. സൈല്‍ പക്ഷേ, ആ പദവിയില്‍ വൈകാരികമായി ചിന്തിക്കുന്നതിന്റെ അപകടവും അറിയാം...
ഭാര്യയുടെ നൈതികമനസ്സിലുള്ള വിധിയുടെ സൂചനകളായിരുന്നില്ല വില്‍സന്‍ മാസിപയുടെ ആവശ്യം. അതു ചോര്‍ത്തുന്നതിനുവേണ്ടി ആരും അദ്ദേഹത്തെ സമീപിക്കുകയുമില്ല. വിധി വൈകുന്തോറും സമൂഹമനസ്സില്‍ ഉയരാനിടയുള്ള വിമര്‍ശനങ്ങളും വിചാരണ കാത്തുനില്ക്കുന്ന നിരവധി കേസുകളുടെ ഭാവിയുമായിരുന്നു.

-കോടതിമുറിയില്‍വെച്ച് നീ എന്തിനാണ് പ്രതിയെ നോക്കി പരിചയഭാവത്തില്‍ ചിരിച്ചതും സുഖവിവരങ്ങള്‍ അന്വേഷിച്ചതും പ്രതിക്കൂട്ടില്‍ ഇരിക്കാന്‍ അനുവദിച്ചതും, അദ്ദേഹം ചോദിച്ചു, മാധ്യമങ്ങള്‍ എത്ര ഒച്ചപ്പാടുണ്ടാക്കിയെന്നറിയാമോ. പ്രോസിക്യൂട്ടര്‍പോലും അമ്പരന്നുപോയി. നമ്മുടെ മകളുടെ സഹപാഠിയായിരിക്കാം അയാളുടെ സഹോദരി. അവരെ ഒന്നിച്ചാണ് ചേര്‍ത്തതും. ഒരു ഓട്ടമത്സരത്തില്‍ അയാള്‍ക്ക് നീ മെഡലും സമ്മാനിച്ചിട്ടുണ്ട്. അതൊക്കെ വ്യക്തിപരമായ കാര്യങ്ങള്‍. കോടതിമുറിയില്‍ ഇതിനൊന്നും സ്ഥാനമില്ല. നീ പത്രവായന നിര്‍ത്തിയിരിക്കുന്നതുകൊണ്ട് അതൊന്നും അറിഞ്ഞില്ലെന്നു മാത്രം...
-അറിഞ്ഞു. അന്നു കോടതി പിരിഞ്ഞപ്പോള്‍ പ്രോസിക്യൂട്ടര്‍ എന്റെ മുറിയില്‍ വന്നു പറഞ്ഞു, മാഡം ചിലപ്പോള്‍ വിധി തെറ്റിദ്ധരിക്കപ്പെടും എന്ന്... ജസ്റ്റിസ് മാസിപ ഓര്‍മിച്ചു.
-കണ്ടോ, എന്നെപ്പോലെ പ്രോസിക്യൂട്ടറും ചിന്തിച്ചു. അവിടെ ഇരുന്നവരൊക്കെ ചിന്തിച്ചുകാണും. പിസ്റ്റോറിയസ്‌പോലും ഒരു ദയാവിധി പ്രതീക്ഷിച്ചിട്ടുണ്ടാവും.
-മാധ്യമങ്ങള്‍ രണ്ടും പറയും. അയാളെ വെറുതേ വിട്ടാല്‍ കോടതിമുറിയിലെ ചിരിയും കുശലാന്വേഷണവും വിഷയമാക്കും. ശിക്ഷിച്ചാല്‍ അല്പംകൂടി ചരിത്രപരമാകും വിമര്‍ശനം. പുതിയ കാലത്തെ വര്‍ണവൈരാഗ്യത്തിന്റെ ഇരയാണയാള്‍ എന്ന്. വെളുത്ത അനീതിക്ക് കറുത്ത അനീതി.
-അതെന്തിന്. വിധിയില്‍ തെളിവുകളും സാക്ഷിമൊഴികളും കുറ്റസമ്മതവുമൊക്കെ വരില്ലേ.
-അതൊക്കെ ആരു നോക്കാന്‍. അവര്‍ക്ക് അവരുടെ അജന്‍ഡയില്ലേ. വാദിയും പ്രതിയുമൊന്നുമല്ല അവരുടെ പ്രശ്‌നം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ അല്ല. നീതിയോ അനീതിയോ അല്ല. എന്റെ തൊലിയുടെ നിറംപോലും അതില്‍ പ്രതിഫലിക്കും.
-അതുകൊണ്ടാണ് നീ പ്രേരണ എന്ന ദൈവകണത്തെ അന്വേഷിക്കുന്നത്.
-അതെ. അതിനെയായിരിക്കും ഞാന്‍ ശിക്ഷിക്കുക. ഈ ഡയറി അതിനെന്നെ സഹായിക്കും.
-പ്രോസിക്യൂട്ടര്‍ എവിടെയാണ് അതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.
-എവിടെയും പറഞ്ഞിട്ടില്ല. തെളിവുകളെല്ലാം കാണാവുന്നതാണ്. സാക്ഷിമൊഴിയും കുറ്റസമ്മതവും കേള്‍ക്കാവുന്നതും... അതിലൊന്നും ഇതു വരുന്നില്ല.
-പ്രക്ഷോഭകാലത്ത് പ്രസിഡന്റ് ബോത്തയ്ക്കുവേണ്ടി മൂന്നു മൈനുകള്‍ കുഴിച്ചിട്ട് രാത്രി കാത്തിരുന്നതാണ് എനിക്കോര്‍മ വരുന്നത്. അന്നു നഷ്ടപ്പെടാന്‍ നമ്മുടെ ജീവനുണ്ടായിരുന്നു എന്നുമാത്രം... വില്‍സന്‍ മാസിപ പറഞ്ഞു.

ആ പ്രക്ഷോഭകാലവും പീഡനങ്ങളും ജയില്‍വാസവും മണ്ടേലയുമായുള്ള കൂടിക്കാഴ്ചയും വര്‍ണവൈരാഗ്യത്തിന്റെ പ്രേതബാധകളും മിക്ക ദിവസവും അവരുടെ സംഭാഷണത്തിലും കിടപ്പറയിലും വരെ പൊന്തിവരുമായിരുന്നു; മക്കളും പേരക്കുട്ടികളും വീട്ടിലുള്ളപ്പോള്‍പ്പോലും. അവരൊക്കെ സ്‌കൂള്‍ പാഠാവലിയില്‍ കടന്നുപോന്ന ദക്ഷിണാഫ്രിക്കയുടെ കറുപ്പും വെളുപ്പും ചരിത്രത്തിന്റെ തുരങ്കങ്ങള്‍ വീട്ടിനകത്തു കണ്ട് അമ്പരക്കും.
പ്രസിഡന്റ് മണ്ടേലയുമൊത്തുള്ള ഒരു പകലില്‍ മാസിപയുടെ കൊച്ചുമക്കളോട് അദ്ദേഹം ചോദിച്ചു, നിങ്ങള്‍ക്കു കഥ കേള്‍ക്കാന്‍ ഇഷ്ടമാണോ?
-അതെ.
അവര്‍ പറഞ്ഞു.
-ആരാണ് നിങ്ങള്‍ക്ക് കഥ പറഞ്ഞുതരാറ്.
-അപ്പൂപ്പനും അമ്മൂമ്മയും.
-എന്തു കഥയാണ് പറഞ്ഞുതരാറ്?
-അവര്‍ക്കെപ്പോഴും സൗത്താഫ്രിക്കയുടെ കഥ മാത്രമേയുള്ളൂ.
കുട്ടികള്‍ പരാതിപ്പെട്ടു.
-അതൊന്നും കഥയല്ല കുട്ടികളേ; മണ്ടേല പൊട്ടിച്ചിരിച്ചു. കഥാപാത്രങ്ങള്‍ക്ക് കഥ പറയാനറിയില്ല...
ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഓരോ സ്മരണയിലും അവരാ അഗ്നിയൗവനം വീണ്ടെടുത്തിരുന്നു.
-വിചാരണയിലും ക്രൂരമാവില്ല അയാളുടെ വിധി എന്നെനിക്കു തോന്നുന്നു. ജസ്റ്റിസ് മാസിപ നിരൂപിച്ചു. പിസ്റ്റോറിയസ്സിന്റെയും റീവ സ്റ്റീന്‍കാംപിന്റെയും ഭൂതകാലമാകെ കലക്കിപ്പൊന്തിച്ച മാസങ്ങളുടെ വിചാരണ. പ്രോസിക്യൂട്ടര്‍ അവതരിപ്പിച്ച പൂര്‍വികരില്‍വരെയെത്തിയ ചില വാദമുഖങ്ങള്‍ കേട്ട് പിസ്റ്റോറിയസ് തല കൈയില്‍ത്താങ്ങുന്നത് കാണാമായിരുന്നു... പ്രതിഭാഗംവക്കീലന്മാര്‍ അതിനു പശ്ചാത്താപംകൊണ്ടൊന്നും തിരിച്ചുവരാന്‍ കഴിയാത്ത പിസ്റ്റോറിയസ്സിന്റെ രക്തവും മാംസവുംകൊണ്ടുതന്നെ മറുപടി കൊടുത്തു.
കാലുകളില്ലാത്തതിനാല്‍ പിസ്റ്റോറിയസ്സിനെ കോടതിമുറിയില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നെങ്കിലും ചില സാക്ഷിവിസ്താരങ്ങള്‍ കേട്ടപ്പോള്‍ അയാളറിയാതെ എഴുന്നേറ്റു നിന്നുപോയിട്ടുണ്ട്- ഇവരൊക്കെ ആ കിടപ്പറയില്‍ എപ്പോള്‍ കടന്നുകൂടി.
പൊതുജനങ്ങള്‍ക്കു പ്രവേശനമില്ലാത്തതിനാല്‍ വളരെക്കുറച്ചുപേരാണ് വിചാരണ കേള്‍ക്കാനുണ്ടായിരുന്നത്. എല്ലാവരും പരസ്പരം അറിയുന്നവര്‍. പിസ്റ്റോറിയസ്സിന്റെ കുടുംബം, റീവയുടെ കുടുംബവും സുഹൃത്തുക്കളും. തിരമാലകള്‍ അലച്ചുകയറിയ ഞണ്ടിന്‍മാളത്തിന്റെ അവസ്ഥയിലായി അയാള്‍...
-സാക്ഷിമൊഴികള്‍ നിശ്ശബ്ദമായി കേട്ട് കുറിച്ചെടുക്കുമ്പോഴും എന്റെ ചിന്ത പിസ്റ്റോറിയസ്സിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്തൊരു ദുരന്തമാണിത്. അയാളുടെ പ്രായവും പ്രശസ്തിയും ആരാധനയും ലോകപരിചയക്കുറവും മാത്രമല്ല, അയാളെ തെളിവുകള്‍ ജ്വലിപ്പിച്ച് പ്രോസിക്യൂഷന്‍ ജീവനോടെ ദഹിപ്പിക്കുന്നതും പൊള്ളലേറ്റ അയാളെ പ്രതിഭാഗം വലിച്ചെടുക്കുമ്പോള്‍ വെന്ത മാംസത്തിന്റെ ഗന്ധം പരക്കുന്നതും എനിക്ക് അനുഭവിക്കേണ്ടിവന്നു. ജസ്്റ്റിസ് മാസിപ ഖിന്നതയോടെ പറഞ്ഞു.
-അതാണ് ഞാന്‍ പറഞ്ഞത് കുറ്റകൃത്യങ്ങള്‍ക്കു മീതേ പ്രതിഷ്ഠിക്കപ്പെടുന്ന വ്യക്തിയുടെ പ്രശസ്തി... വില്‍സന്‍ മാസിപ ഇടപെട്ടു.
-അയാളെയല്ല ഞാന്‍ കണ്ടത്. ജീവനുള്ള ഒരു ദുരന്തത്തെയാണ്. അയാളുടെ അന്നുവരെയുള്ള പ്രയത്‌നം, പ്രശസ്തി, സമ്പത്ത്, കായികപദവി, ഓട്ടം, സൗത്താഫ്രിക്കയിലെ അതിജീവനത്തിന്റെ ബിംബം, പരസ്യങ്ങളിലെ രാജകുമാരന്‍... അയാള്‍ ആര്‍ജിച്ച എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതം ഒരു നിമിഷത്തിന്റെ തീയിനേയുള്ളൂ എന്നല്ലേ.
-വിധിന്യായം നീയൊരു നോവലാക്കുമെന്നാണ് എനിക്കു തോന്നുന്നത്, എം.ഡബ്ല്യു. മാസിപ പിന്മാറി.
-അതെ. യുക്തിസഹമായ ഒരു നോവല്‍.
വീട്ടില്‍ ജസ്റ്റിസ് മാസിപയുടെ ഓഫീസ് മുറിയുടെ വാതില്ക്കല്‍ നിന്നാണ് വില്‍സന്‍ മാസിപ സംസാരിച്ചത്. ആ മുറിയില്‍ അദ്ദേഹം പ്രവേശിക്കുകയോ എന്തെങ്കിലും സ്ഥാനം മാറ്റുകയോ ചെയ്യാറില്ലായിരുന്നു- അതൊരു വിശുദ്ധമുറിയാണെന്നപോലെ!
പല പ്രധാനപ്പെട്ട രേഖകളും കുറിപ്പുകളും ചവറ്റുകുട്ടയില്‍നിന്ന് കണ്ടെടുത്തതില്‍പ്പിന്നെ ജോലിക്കാരിയെ അതിനുള്ളില്‍ അടിച്ചുവാരാന്‍പോലും അനുവദിച്ചിരുന്നില്ല. അത് ജോലിക്കാരിയുടെ കുറ്റമല്ല, ജസ്റ്റിസ് മാസിപതന്നെ മറ്റെന്തോ ആലോചനയില്‍ കൊണ്ടിട്ടതാണെങ്കിലും...
അവധിദിവസം ജസ്റ്റിസ്തന്നെ മുറി വൃത്തിയാക്കല്‍ നിര്‍വഹിക്കുകയാണു പതിവ്...

സിസേറിയന്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: K. Raghunathan's Novel caesarean says the life of oscar pistorius

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented