ഗാന്ധിജിയുടെ ഭൗതികശരീരം, നാഥുറാം ഗോഡ്സേ
കെ.സി വര്‍ഗീസ് കണ്ണമ്പുഴ എഴുതി മാതൃഭൂമി ബുക്സിന്റെ ഇംപ്രിന്റായ ഗ്രാസ് റൂട്സ് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് 'സോഷ്യലിസ്റ്റ് ഇന്ത്യയുടെ തിരുമുറിവുകള്‍'. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഇന്ത്യയുടെയും ചരിത്രത്തിലേക്ക് എഴുത്തുകാരന് നടത്തുന്ന ഒരു ഗവേഷണയാത്രകൂടിയാണ് ഈ പുസ്തകം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയുടെ വളര്‍ച്ചയും മാറ്റങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായം വായിക്കാം.
ഗാന്ധിജിയെ എന്തിനാണ് വധിച്ചത്? ഈ ചോദ്യം ഇന്ത്യയില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ശരി. ഈ കൃത്യം ചെയ്തത് ബുദ്ധിവൈഭവമൊന്നും ഇല്ലാത്ത ഒരു മനോരോഗിയൊന്നുമല്ല. നല്ല സംഘാടകനും വായനക്കാരനും തീവ്ര ഹിന്ദുമതവിശ്വാസിയും സര്‍വ്വോപരി ഒരു പത്രപ്രവര്‍ത്തകനും കൂടിയായ വിനായക് നാഥുറാം ഗോഡ്സെയാണ്. മരണസമയത്ത് ഗാന്ധിജിക്ക് എഴുപത്തിയെട്ട് വയസ്സു പ്രായമുണ്ട്. ഇനി അധികമൊന്നും ഗാന്ധിജിയില്‍നിന്നും പ്രതീക്ഷിക്കാനില്ലാത്ത തികച്ചും പരിക്ഷീണനായ അദ്ദേഹത്തെ വധിച്ചതിന്റെ പിന്നിലെ ചേതോവികാരം പെട്ടെന്നുണ്ടായതല്ല. ഗാന്ധിവധത്തിന്റെ പാപഭാരം പേറുന്ന ഇന്നത്തെ ശക്തികള്‍ അതില്‍നിന്നും തലയൂരാന്‍ സത്യത്തെ വികൃതമാക്കി ചരിത്രത്തില്‍ തിരുത്തലുകളുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നത് ഒരു അജണ്ടയായി മാറിയിട്ടുണ്ട്.
ഗാന്ധിജിയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യഘടകം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം വേണമെന്നാഗ്രഹിച്ച അനേകം നേതാക്കളില്‍ പലരും വ്യത്യസ്ത ആശയങ്ങളുടെ വക്താക്കളായിരുന്നു. എല്ലാവരേയും ഒരേ ചരടില്‍ ഏകോപിപ്പിക്കുക എന്നത് അസാധ്യംതന്നെയായിരുന്നു. പക്ഷേ, ഒരു സാന്മാര്‍ഗികതയുടെ ഓളം ഇന്ത്യന്‍ ജനമനസ്സുകളില്‍ ഉണര്‍ത്തി വളര്‍ത്തിയത് ഗാന്ധിജിതന്നെയായിരുന്നു. സ്വാതന്ത്ര്യം നേടുവാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കാമെന്ന് വിവക്ഷിച്ചവരുടെ ഉദ്ദേശ്യശുദ്ധിയെ ഇവിടെ ചോദ്യം ചെയ്യുവാന്‍ പറ്റില്ല. അഭിപ്രായവ്യത്യാസങ്ങളും പ്രവര്‍ത്തനരീതികളും കൊണ്ട് ഗാന്ധിജിക്ക് പരസ്പരം പലരുമായി വഴക്കടിക്കേണ്ടിവന്നിട്ടുണ്ട്. പല വേദികളിലും തഴയപ്പെട്ടിട്ടുണ്ട്. കുറ്റാരോപണങ്ങള്‍ക്കു വിധേയനായിട്ടുണ്ട്. പിണങ്ങിപ്പോയാലും അദ്ദേഹം വീണ്ടും സജീവതയിലേക്ക് മടങ്ങിവരുന്നതും കാണാം. ഉദാഹരണത്തിന്, കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ചു പോയിട്ടും വീണ്ടും കോണ്‍ഗ്രസ് വേദികളിലും ഉത്തരവാദപ്പെട്ട കമ്മിറ്റിയോഗങ്ങളിലും ഗാന്ധിജിയെ കാണാമായിരുന്നു.
സ്വാതന്ത്ര്യസമ്പാദന രീതികളോടുള്ള അദ്ദേഹത്തിന്റെ കടുത്ത വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും ഈ രാജ്യവും ജനങ്ങളും രക്ഷപ്പെടുവാന്‍ സത്യത്തിന്റെ മാര്‍ഗ്ഗം കൈവിടാതെ, തന്നെ പരിഹസിക്കുന്നവരുടെ ചില നിലപാടുകളോടൊത്ത് ഗാന്ധിജി സഹകരിച്ചിട്ടുള്ളത് നാം കണ്ടുകഴിഞ്ഞു. ഗാന്ധിജിയെ തഴയുന്ന ബ്രിട്ടന് മേലധികാരികള്‍ക്കും ഇന്ത്യയിലെ ഇതരനേതാക്കള്ക്കും അദ്ദേഹത്തെ ഭയംതന്നെയായിരുന്നു. നെഹ്റു സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എ.ഐ.സി.സി. പ്രസിഡന്റായിരുന്ന ആചാര്യ ജെ.പി. കൃപലാനി എടുക്കാത്ത നാണയംപോലെ തിരസ്ക്കരിക്കപ്പെട്ടവനായിരുന്നു. തികച്ചും ഗാന്ധിഭക്തനായിരുന്ന അദ്ദേഹം ഇനി കാര്യമായൊന്നും ഗാന്ധിജിയില്‍നിന്നും പ്രതീക്ഷിക്കാനില്ലെന്ന് ബോധ്യമായപ്പോള്‍ അധികം വൈകാതെ കോണ്‍ഗ്രസ്സുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ സി.എസ്.പി.യിലും കോണ്‍ഗ്രസ്സിലും കുടുങ്ങിക്കിടപ്പാണ്. മറ്റു ചിലര്‍ മാര്‍ക്സിയന്‍ ചിന്താധാരകളില്‍ മുഴുകിയിരിക്കുന്നു. കൃപലാനി ഒരു സോഷ്യലിസ്റ്റ് ചേരി എന്ന നിലയില്‍ പുതിയ ഒരു പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തനമാരംഭിച്ചു. കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി എന്നായിരുന്നു അതിന്റെ പേര്.
പുതിയ എ.ഐ.സി.സി. പ്രസിഡന്റിനെ കണ്ടെത്തുവാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. ഈ യോഗത്തിലേക്ക് ഗാന്ധിജിയെക്കൂടി ക്ഷണിച്ചു. ഇവിടെയാണ് ഗാന്ധിജിയുടെ മഹത്ത്വം നമുക്കു ബോധ്യമാകുക. എത്ര അപമാനിതനായിട്ടും നിഷ്കാസിതനായിട്ടും അതെല്ലാം മറന്ന് രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നന്മയ്ക്കാണെങ്കില് അദ്ദേഹത്തിന്റെ മനോവേദനകള്‍ക്ക് ഒരു വിലയും ഗാന്ധിജി കണ്ടിരുന്നില്ല. കോണ്‍ഗ്രസ്സില്‍നിന്നും പന്ത്രണ്ടു വര്‍ഷം മുന്‍പ് രാജിവെച്ചു പോന്നിട്ടും അതിന്റെ ക്ഷണിക്കപ്പെടുന്ന യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുള്ളതുമാണ്. ഗാന്ധിജി കോണ്ഗ്രസ്സുകാരനല്ലെന്ന കാരണം പറഞ്ഞ് പലപ്പോഴും ക്ഷണിക്കാതിരുന്നിട്ടും പരിഭവം പറഞ്ഞിട്ടില്ല.
പക്ഷേ, ഇന്ത്യന്‍ ജനഹൃദയങ്ങളില്‍ ആ മഹാത്മാവിനുള്ള സ്വാധീനം കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്തിയിരുന്നു. അതിനാല്‍ ഗാന്ധിജി കോണ്ഗ്രസ്സില്ത്തന്നെയാണെന്ന് മാലോകരെ ബോധ്യപ്പെടുത്തുവാന്‍ നെഹ്റു, പട്ടേല്‍, ആസാദ് എന്നിവര്‍ ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്യുമായിരുന്നു. ഗാന്ധിജിയാണെങ്കില് പൂര്ണ്ണമായിത്തന്നെയെന്നോണം സോഷ്യലിസ്റ്റ് നേതാക്കളുമായുള്ള സമ്പര്‍ക്കം ശക്തിപ്പെടുത്തിവരികയായിരുന്നു. ഗാന്ധിജിയുടെ ഈ അടുപ്പം ഒരു രാഷ്ട്രീയ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുവാന്‍ സോഷ്യലിസ്റ്റ് നേതാക്കള്ക്കാകുന്നുമില്ല. ഇത്തരമൊരവസ്ഥയിലാണ് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട ഗാന്ധിജിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലേക്ക് ക്ഷണിക്കുന്നത്.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഗാന്ധിജിക്കു മൗനവ്രതവും! എന്നിട്ടും അദ്ദേഹം യോഗത്തില്‍ പങ്കെടുത്തു. പുതിയ എ.ഐ.സി.സി. പ്രസിഡന്റായി ഡോ. രാജേന്ദ്രപ്രസാദിനെ കോണ്‍ഗ്രസ് നേതാക്കള്‍ അനൗദ്യോഗികമായി നിശ്ചയിച്ചുകഴിഞ്ഞിരുന്നു. രാജേന്ദ്രപ്രസാദ് ഇക്കാര്യം ഗാന്ധിജിയോട് സംസാരിച്ച് ആശീര്‍വ്വാദം വാങ്ങുവാന്‍ ശ്രമിച്ചെങ്കിലും പ്രസിഡന്റ്പദം ഏറ്റെടുക്കരുതെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചു. അദ്ദേഹം സമ്മതിച്ചതുമാണ്. യോഗത്തില്‍ വിഷയം ഔദ്യോഗിക അജണ്ടയായി ചര്ച്ചയാരംഭിച്ചപ്പോള് എല്ലാവരും രാജേന്ദ്രപ്രസാദിനെ നിര്‍ദ്ദേശിച്ചു. മൗനവ്രതത്തിലായിരുന്ന ഗാന്ധിജി ഒരു കടലാസുതുണ്ടില്‍ മറ്റൊരു പേരെഴുതിക്കൊടുത്തു. അത് സോഷ്യലിസ്റ്റ് ചേരിയിലെ പ്രമുഖനായ ആചാര്യ നരേന്ദ്രദേവിനെയായിരുന്നു. യോഗം പുച്ഛിച്ചു പരിഹസിച്ചുകൊണ്ടിരുന്നെങ്കിലും ഗാന്ധിജി തളരാതെ എഴുന്നേറ്റു പോയി. കോണ്‍ഗ്രസ്സിനെ മൊത്തത്തില്‍ ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനമാക്കി കേഡര്‍ സംവിധാനത്തിലൂടെ ഗ്രാമാന്തരങ്ങളില്‍ വളര്ത്തിയെടുക്കണമെന്നുള്ളതായിരുന്നു ആ മഹാത്മാവിന്റെ ഉള്ളിലിരിപ്പ്. അതും നടന്നില്ല. സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായിട്ടായിരിക്കണം ഡോ. രാജേന്ദ്രപ്രസാദ് കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റു.
ഒട്ടേറെ വൈവിധ്യങ്ങളും അതിലേറെ വൈരുദ്ധ്യങ്ങളും നിറഞ്ഞ ജീവിതമായിരുന്നു ഗാന്ധിജിയുടേത്. സോഷ്യലിസ്റ്റ് നേതാക്കള്‍ക്ക് ഗാന്ധിജി ഒരു സ്വപ്നമായിരുന്നു. സഫലീകരിക്കുവാന്‍ സാധിക്കാത്ത സ്വപ്നം എന്നുമാത്രം! ഗാന്ധിജിയുടെ ദീര്‍ഘകാല സെക്രട്ടറിയായിരുന്ന പ്യാരേലാല്‍ ഗാന്ധിജിയെ വിലയിരുത്തി എഴുതിയിട്ടുള്ളത് അദ്ദേഹം ഒരു പ്രായോഗിക ആദര്‍ശവാദി എന്നാണ്. എല്ലാ മഹാന്മാരുടെയും ജീവിതം പരിശോധിച്ചാല്‍ വൈരുധ്യങ്ങള്‍ ഒരു കൂടപ്പിറപ്പാണെന്നു കാണാം. കോണ്‍ഗ്രസ് നേതാക്കളുടെ അധികാരത്തിലേറാനുള്ള ആര്‍ത്തിയും മൗണ്ട് ബാറ്റന്റെ വിദഗ്ധമായ തന്ത്രങ്ങളും ഗാന്ധിജിയുടെ പ്രായാധിക്യവും ഏറെ പ്രതികൂലഘടകങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഗാന്ധിജിയുടെ പഴയ വീര്യങ്ങളെല്ലാം ചോരുന്നത് കാണാവുന്നതാണ്.
ഗാന്ധിജിയെ എന്തിന് വധിച്ചു എന്നതാണ് പ്രധാന വിഷയം. ഇപ്പോള്‍ ഇന്ത്യാസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പൗരത്വപ്രശ്നം തന്നെയാണ് അതില്‍ പ്രധാനം. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായിരിക്കണമെന്നുള്ള ആര്.എസ്.എസ്സിന്റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായി, ഇന്ത്യയിലെ ഇസ്ലാംമതവിശ്വാസികള്‍ പാക്കിസ്ഥാനിലേക്ക് പോകരുതെന്ന ഗാന്ധിജിയുടെ പ്രസ്താവന ഹിന്ദുരാഷ്ട്രവാദികള്‍ക്ക് അരോചകമായി. പാക്കിസ്ഥാനിലെ ഹിന്ദുക്കളും ഇന്ത്യയിലേക്ക് വരരുതെന്നും അദ്ദേഹം പറഞ്ഞുവെച്ചു. വിഭജനത്തിലൂടെയുണ്ടായ ഇന്ത്യയും പാക്കിസ്ഥാനും മതേതരരാജ്യങ്ങളായി സഹോദരങ്ങളെപ്പോലെ കഴിയണമെന്നും ഗാന്ധിജി ആഗ്രഹിച്ചു.
പാക്കിസ്ഥാനില്‍നിന്നും കുടിയേറിവരുന്ന ഹിന്ദുക്കള്‍ മുസ്ലിങ്ങളോടുള്ള വെറുപ്പ് വിളിച്ചുകൂകുന്ന സ്ഥിതിവിശേഷം ഡല്‍ഹിയില്‍ കൂടിവരികയുണ്ടായി. മുസ്ലിങ്ങളുടെ മോസ്കുകള്‍ അവര്‍ കൈയടക്കി താമസമാരംഭിച്ചു. ഈ ഭവനങ്ങളും മോസ്കുകളും ഉപേക്ഷിച്ച് അവര്‍ക്ക് തിരിച്ചുനല്‍കണമെന്നും അഭയാര്‍ത്ഥികളായി വരുന്നവര്‍ ഉടനെ ക്യാമ്പുകളിലേക്ക് മാറണമെന്നും ഗാന്ധിജി നിര്‍ദേശിച്ചു. 1948 ജനുവരി 18ന് ഗാന്ധിജി ആരംഭിച്ച ഉപവാസം അവസാനിപ്പിക്കുന്നതിന് പാക്കിസ്ഥാന് ഇന്ത്യ നല്‍കിയിരുന്ന വ്യവസ്ഥപ്രകാരമുള്ള 55 കോടി രൂപ ഉടനെ നല്‍കണമെന്നും ഗാന്ധിജി ഉപാധി വെച്ചതോടെ ഹിന്ദുതീവ്രവാദികള്‍ രോഷാകുലരായിത്തീര്‍ന്നു.
ഗാന്ധിജിയെ വധിക്കാനുള്ള ഗൂഢാലോചനകള്‍ക്കു നേതൃത്വം നല്കിയവരില് പ്രധാനി മദന്‍ലാല്‍ ആയിരുന്നു. ഈ കൃത്യനിര്‍വ്വഹണത്തിനു മുന്നിട്ടിറങ്ങിയവരില്‍ വിനായക് നാഥുറാം ഗോഡ്സെക്കു പുറമേ അദ്ദേഹത്തിന്റെ സഹോദരന് ഗോപാല്‍ ഗോഡ്സെ, നാരായണന് ആപ്തെ, കര്‍ക്കറെ, ബാഡ്ജെ എന്നിവരും കൂടിയുണ്ടായിരുന്നു. ജനുവരി 20ന് ബിര്‍ളാ ഹൗസില്‍ ഗാന്ധിജിയുടെ നേര്‍ക്ക് ബോംബെറിയാനായിരുന്നു പരിപാടി. അതിനുള്ള തന്ത്രങ്ങള്‍ അവര്‍ തയ്യാറാക്കിയിരുന്നു. അന്നേ ദിവസം ബിര്‍ളാ ഹൗസിന്റെ മുന്നിലുള്ള മൈതാനത്ത് ഗാന്ധിജിയുടെ പ്രാര്ത്ഥനാസമ്മേളനപരിപാടികള് സംഘടിപ്പിച്ചിരുന്നു. അതിനു സമീപത്ത് മേല്‍പ്പറഞ്ഞ വ്യക്തികള്‍ ഗാന്ധിജിയുടെ ഓരോ ചലനവും വീക്ഷിച്ചുവരികയായിരുന്നു. പ്രാര്ത്ഥനാമൈതാനത്ത് ഗാന്ധിജി പ്രസംഗിച്ചുകൊണ്ടിരുന്നത് നേരിയ ശബ്ദത്തിലായിരുന്നു. ശാരീരികമായി അത്രയും ക്ഷീണം അദ്ദേഹത്തിനുണ്ടായിരുന്നു.
ആ പ്രസംഗത്തിലെ കാതലായ ഒരു ഭാഗം ഇപ്രകാരമാണ്: 'മുസ്ലിങ്ങളുടെ ശത്രു ഇന്ത്യയുടെയും ശത്രുവാണ്.' പ്രസംഗവേദിയില്‍ മദന്‍ലാല്‍ തന്ത്രപൂര്‍വ്വം ഗാന്ധിജിയെ വധിക്കാനുള്ള ബോംബ് സ്ഥാപിച്ചുകഴിഞ്ഞിരുന്നു. അതു പൊട്ടുന്നതോടെ അകലെനിന്നും മറ്റൊരു ബോംബെറിയാനുള്ള കര്‍മ്മപദ്ധതിയും അവര്‍ക്കുണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നു; 'ദൈവത്തെ സാക്ഷിയാക്കി നമ്മള് എടുത്തിട്ടുള്ള ഉല്‍ക്കൃഷ്ടങ്ങളായ തീരുമാനങ്ങള്‍ നാം ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കുകയാണെങ്കില്‍ ഉയര്‍ന്ന ഒരു സാന്മാര്‍ഗ്ഗികതയിലേക്ക് നമ്മളുയരും' എന്ന വാചകം പൂര്‍ത്തീകരിച്ചതോടെ മദന്‍ലാല്‍ സ്ഥാപിച്ച ബോംബ് പൊട്ടുകയും സ്ഫോടനത്തിന്റെ ഗര്‍ജ്ജനംകൊണ്ട് മൈതാനം തരിച്ചുനില്ക്കുകയും ചെയ്തു.
പുകപടലങ്ങള്കൊണ്ട് അന്തരീക്ഷം കരിമേഘങ്ങളായി. ഉടനെ ഗാന്ധിജിയെ കൈബോംബെറിഞ്ഞു വധിക്കേണ്ടതായിരുന്നു. പക്ഷേ, സംഭ്രമജനകമായ അന്തരീക്ഷം അതിനനുവദിച്ചില്ല. ഒരു പോറല്‍പോലുമേല്‍ക്കാതെ അദ്ദേഹം രക്ഷപ്പെട്ടു. എല്ലാവരും ശാന്തരാകാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത് ബോംബുസ്ഫോടനമൊന്നുമല്ലെന്നും സൈന്യം അവരുടെ പരിശീലനപരിപാടി നടത്തിയതാണെന്നും ഗാന്ധിജി ജനങ്ങളോട് പറഞ്ഞു സമാധാനിപ്പിച്ചു. ബിര്‍ളാ ഹൗസിന്റെ പിന്നിലെ ഇഷ്ടികമതിലിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. മദന്‍ലാല്‍ ബോംബിനു തീ കൊളുത്തി നടന്നുനീങ്ങിയിരുന്നത് ആ സ്ത്രീ കണ്ടിരുന്നു. അവര്‍ അത് വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥനെ ചൂണ്ടിക്കാണിച്ചുകൊടുത്തു. മദന്‍ലാലിനെ ആ സ്ത്രീ വ്യക്തമായും തിരിച്ചറിയുകയും ചെയ്തു.
ഗാന്ധിജിയുടെ നേരെയുള്ള വധശ്രമങ്ങളെക്കുറിച്ച് പോലീസ് അന്വേഷണങ്ങള്‍ ആരംഭിച്ചു. ഡി.ഡബ്യൂ. മെഹ്റ എന്ന ഉദ്യോഗസ്ഥനായിരുന്നു അന്വേഷണച്ചുമതല. പിടിക്കപ്പെട്ട മദന്‍ലാല്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയമായപ്പോള്‍ എല്ലാം തുറന്നുപറഞ്ഞു. ഒടുവില്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നവരുടെയെല്ലാം പേരുകളും വെളിപ്പെടുത്തി. സവര്‍ക്കര്‍ സദനില്‍വെച്ച് നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ വിശദീകരണങ്ങളും ഓരോ മര്ദ്ദനമുറയ്ക്കും വിധേയമായി വിവരിച്ചുകൊണ്ടിരുന്നു. ചോദ്യംചെയ്യലിന്റെ ഫലമായി ഹിന്ദുമഹാസഭയുടെ കെട്ടിടവും മറീന ഹോട്ടലും പോലീസ് റെയ്ഡിനു വിധേയമാക്കി. മദന്‍ലാലിന്റെ കൂട്ടാളികള്‍ തത്സമയം പൂനയിലേക്ക് തീവണ്ടി കയറി രക്ഷപ്പെട്ടിരുന്നു. എങ്കിലും പോലീസിന് കൃത്യമായ എല്ലാ വിവരങ്ങളും ലഭിച്ചിരുന്നു.
സവര്‍ക്കര്‍ പക്ഷക്കാരുടെ മറാട്ട പത്രമായ ഹിന്ദുരാഷ്ട്രയുടെ ഭരണക്കാരനും പത്രാധിപനുമായിരുന്ന വിനായക് നാഥുറാം ഗോഡ്സെയെ പിടികൂടുന്നതിന് പോലീസ് കാണിച്ച അലംഭാവത്തിനു പിന്നില്‍ ആരൊക്കെയെന്ന് ഇന്നും പുറത്തു വന്നിട്ടില്ല. ഏറെ ഫലപ്രദമായ രീതിയിലാണ് കേസന്വേഷണം ഇഴഞ്ഞുനീങ്ങിയത്. ഗാന്ധിജിയുടെ സുരക്ഷ പിന്നീട് ഏല്‍പ്പിച്ചതും മെഹ്റയെത്തന്നെയായിരുന്നു. നിര്‍ണ്ണായകഘട്ടങ്ങളില്‍ അദ്ദേഹത്തിനു കടുത്ത പനി വരിക സ്വാഭാവികമാണ്. സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട മദന്‍ലാലിനെ വെറുക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്ന് ഗാന്ധിജി പറഞ്ഞു. മദന്‍ലാലിനെ മോചിപ്പിക്കണമെന്നുകൂടി അദ്ദേഹം ആവശ്യപ്പെട്ടു.
ഗാന്ധിവധശ്രമത്തിന്റെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി രണ്ടു സി.ഐ.ഡികള്‍ ബോംബെയിലേക്കു പുറപ്പെട്ടിരുന്നു. സുപ്രധാന രേഖകള്‍ അവര്‍ക്ക് എന്തോ കിട്ടിയില്ല. അതൊന്നും ഫലപ്രദമായി ഉപയോഗിക്കുവാനും അവര്‍ തയ്യാറായില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ അപ്പോള്‍ ബോംബെ പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ പക്കലെത്തി. ഒരു ഹിന്ദുവോ മുസ്ലിമോ ഈ കേസ് അന്വേഷിക്കുന്നതില്‍ അപാകതയുണ്ടെന്നു മനസ്സിലാക്കിയ മൊറാര്‍ജി കൂടുതല്‍ അന്വേഷണത്തിന് ഏല്‍പ്പിച്ചത് പാഴ്സി സമുദായത്തില്‍പ്പെട്ട ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ ജാംഷിദ് ജിമ്മി നാഗര്വാലയെയായിരുന്നു.
കര്‍ക്കറെ ഒളിപ്പിച്ചുവെച്ചിരുന്ന തോക്കുകളും മറ്റും പോലീസ് പിടികൂടിയിരുന്നു. എന്നിട്ടും കര്‍ക്കറയെ അറസ്റ്റു ചെയ്യാത്തതിനാല്‍ ദേശായി കുപിതനാകുകയും അന്വേഷണത്തിന് പ്രത്യേക ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷേ, ഡല്‍ഹി പോലീസിലെ ചുവപ്പുനാടസംവിധാനം എല്ലാ കുറ്റവാളികള്‍ക്കും ആശ്വാസകരമായിരുന്നു. അക്രമികള്‍ വീണ്ടും ഗൂഢാലോചനകള്‍ തുടരുന്നു. ബോംബു വെച്ചുള്ള ഉദ്യമം പരാജയപ്പെടുവാന്‍ കാരണം ആ പദ്ധതിയില്‍ കൂടുതല്‍ ആളുകളുണ്ടെന്നതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആരെങ്കിലും ഒരാള്‍ ഗാന്ധിജിയെ വധിക്കുവാനുള്ള കൃത്യം ഏറ്റെടുക്കണമെന്നും അവര്‍ നിശ്ചയിച്ചു. ആര്‍ക്കും ആരേയും നിര്‍ബന്ധിക്കേണ്ടിവന്നില്ല. വിനായക് നാഥുറാം ഗോഡ്സെ അത് സ്വയം ഏറ്റെടുത്തു.
1948 ജനുവരി 30 മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ അവസാനദിവസമായിരുന്നു. തലേന്ന് വൈകീട്ട് ആപ്തെയും കര്‍ക്കറെയും ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ആറാം നമ്പര്‍ മുറിയില്‍ എത്തിച്ചേര്‍ന്നു. ഗോഡ്സെ അന്ന് നേരത്തേ ഉണര്‍ന്നിരുന്നു. അദ്ദേഹം കൈത്തോക്കെടുത്ത് സൂക്ഷ്മതയോടെ ഏഴു വെടിയുണ്ടകള്‍ അതില്‍ നിറച്ച് അരയില്‍ തിരുകി. ക്ഷേത്രത്തില്‍ പോയി ഇഷ്ടദേവതകളെ ധ്യാനിച്ചത് മൂന്നുപേരും ഒരുമിച്ചായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് അവിടെയുള്ള ഉദ്യാനത്തില്‍ അവര്‍ ഉലാത്തിക്കൊണ്ട് സമയം ചെലവഴിച്ചു. ഗോഡ്സെക്ക് ഉപദേശങ്ങളും ആശംസകളും അര്‍പ്പിച്ച് അവര്‍ കൂടെ നടന്നു. കൃത്യം നടക്കുന്ന സമയം എന്തെങ്കിലും തടസ്സമുണ്ടാകാതിരിക്കുവാന്‍ തങ്ങള്‍ ശ്രമിക്കാമെന്ന് ആപ്തെയും കര്‍ക്കറെയും ഏറ്റു.
അന്ന് വെള്ളിയാഴ്ചതന്നെയായിരുന്നു. ലോകത്തെ വീണ്ടെടുത്ത യേശുനാഥന്റെ മരണവും വെള്ളിയാഴ്ചതന്നെ! പുതിയൊരു ദുഃഖവെള്ളിക്കു കളമൊരുങ്ങി സമയം നീങ്ങിക്കൊണ്ടിരുന്നു. നെഹ്റുവും പട്ടേലും നാലുമണിയായതോടെ ഗാന്ധിജിയെ സന്ദര്‍ശിച്ചു. ഗോഡ്സെ ഒറ്റയ്ക്കാണ് കാക്കിവേഷം ധരിച്ച്, ഗാന്ധിജി ചര്‍ക്ക തിരിച്ചുകൊണ്ടിരുന്ന മുറിക്കടുത്തുള്ള പൂന്തോട്ടത്തിലെത്തിയത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മറ്റു രണ്ടുപേര്‍ ഒരു കുതിരവണ്ടിയില്‍ എത്തി ഗോഡ്സെയെ വീക്ഷിച്ച് അവിടെയെത്തി. ബിര്‍ളാ ഹൗസിലേക്ക് കടക്കാന്‍ ആര്‍ക്കും പ്രയാസമുണ്ടായില്ല.
വൈകീട്ട് അഞ്ചുമണിയായപ്പോള്‍ പ്രാര്‍ത്ഥനാസമയം ആരംഭിക്കുവാനും ആളുകള്‍ ഒരുമിച്ചുകൂടുവാനും തുടങ്ങി. ഗോഡ്സെ അറിയാതെതന്നെ ആപ്തെയും കര്‍ക്കറെയും അയാളുടെ ഇരുവശങ്ങളിലും സെക്യൂരിറ്റി എന്ന നിലയില്‍ നിന്നു. ഉദ്വേഗജനകമായ നിമിഷങ്ങള്‍ അടുത്തുവരികയായിരുന്നു. മനുവും ആഭയും ഗാന്ധിജിയുടെ അരികിലെത്തി. എപ്പോഴും ഗാന്ധിജിയുടെ കൂടെയുണ്ടാകാറുള്ള ചെറുസംഘത്തോടൊപ്പം ഉണ്ടാകുമായിരുന്ന ഡോ. സുശീല നയ്യാര്‍ അന്നുണ്ടായില്ല. സദാസമയവും രോഗബാധിതനാകുന്ന പോലീസ് ആഫീസര്‍ ഡി.എച്ച്. മെഹ്റയും വന്നില്ല. ഗാന്ധിജിയുടെ സുരക്ഷയ്ക്കായി ബോംബുസ്ഫോടനത്തിനു ശേഷം ഏര്‍പ്പെടുത്തിയിട്ടുള്ള, എപ്പോഴും ഗാന്ധിജിയുടെ അരികില്‍ത്തന്നെ നില്ക്കാന് പ്രത്യേക ചുമതലയുള്ള പോലീസ് ആഫീസറും അന്നവിടെ ഉണ്ടായില്ല.
പതിവുപോലെ മനു ഗാന്ധിജിയുടെ കണ്ണടയും കോളാമ്പിയും എടുത്തു. ഊന്നുവടികളായി ആഭയുമൊത്ത് ഗാന്ധിജി പതുക്കെ വൈക്കോല്ക്കിടക്കയില്നിന്നെഴുന്നേറ്റ് അവസാനയാത്രയാരംഭിച്ചു. പെട്ടെന്ന് 'ബാപ്പുജി' എന്ന വിളി കേട്ട് അദ്ദേഹം തിരിഞ്ഞുനോക്കി. അത് നാഥുറാം ഗോഡ്സെയുടെ ശബ്ദമായിരുന്നു. മുന്നില്‍ നിന്നിരുന്ന ആളുകളോട് മാറിനില്ക്കുവാനും ഇപ്പോള്‍ത്തന്നെ സമയം വൈകിയിരിക്കുന്നുവെന്നും മനു പറഞ്ഞുകൊണ്ടിരുന്നു. ഗോഡ്സെയുടെ ഒരു കൈത്തോക്കു വെച്ചിട്ടുള്ള പോക്കറ്റിലും മറുകൈ സ്വതന്ത്രമായി വീശിക്കൊണ്ടും ഗാന്ധിജിയുടെ അടുത്തേക്കു നീങ്ങി. സാധാരണ ഇത്തരം അവസരങ്ങളില്‍ ഗാന്ധിജിയെ പാദം തൊട്ടു നമസ്കരിക്കുവാന്‍ പല ആരാധകരും വരാറുണ്ട്.
അത്തരമൊരാളായിരിക്കുമെന്ന് മനുവും ആഭയും കരുതി. സമയം 5.15 കഴിഞ്ഞിരിക്കുന്നു. നാഥുറാം ഗോഡ്സെയുടെ ബലിഷ്ഠമായ, സ്വതന്ത്രമായ കൈകൊണ്ട് ആഭയേയും മനുവിനേയും തട്ടിമാറ്റി. മറുകൈ കീശയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന തോക്കിലും പിടിച്ചിരുന്നു. അസ്തമയസൂര്യന്റെ അന്ത്യകിരണങ്ങള്‍ ഈ അന്ത്യനിമിഷങ്ങള്‍ക്കു സാക്ഷിയായി ജ്വലിച്ചു നിന്നു. കൃത്യം 5.17ന് ഗോഡ്സെ ഗാന്ധിജിയുടെ നേരെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. മഹാത്മാവിന്റെ വിരിമാറിലേക്ക് തോക്കെടുത്ത് കാഞ്ചി വലിച്ചു. മൂന്നു പൊട്ടലുകള്‍ ആ പ്രാര്ത്ഥനാമൈതാനം ഞെട്ടിവിറച്ചു. അവിടെയുണ്ടായിരുന്ന ശാന്തതയും ശിഥിലമായി. മൂന്നു വെടിയുണ്ടകളാണ് ആ പാവനാത്മാവിന്റെ മാറിലേക്കു തുളഞ്ഞുകയറിയത്. തിളങ്ങിയിരുന്ന ഖദര്ത്തുണിയില് രക്തം പരന്നൊഴുകി. 'ഹരേ റാം, ഹാ, ദൈവമേ' എന്ന് അവസാനമായി ഇന്ത്യയുടെ വിമോചകനായ മഹാത്മാവ് ഉച്ചരിച്ചു.
ചെറിയൊരു ഭാണ്ഡംപോലെ ചുരുങ്ങിക്കൂടി കൂടെയുണ്ടായിരുന്ന ചെറുസംഘത്തിന്റെ മുന്നില്‍ ആ ശരീരം പതിച്ചുവീണു. ഒരിക്കല്‍ തൂക്കുമരത്തില്‍നിന്നും ഗാന്ധിജി തിരിച്ചെടുത്ത ജീവിതമുള്ള ഗുരു ചരണ്‍ സിംഗ് ആ ശരീരം താങ്ങിയെടുത്ത് അദ്ദേഹത്തിന്റെ കരവലയത്തിലൊതുക്കി. ഗാന്ധിജി അന്ത്യശ്വാസംവലിച്ചു; മറ്റൊന്നും പറയാതെ ശോകമൂകമായ ഒരു യഥാര്‍ത്ഥ ഹര്‍ത്താലിലൂടെ രാജ്യവ്യാപകമായി ആ ദുഃഖവെള്ളി ആചരിച്ചു. വീടുകളിലെ അടുപ്പുകള്‍ തണുത്തുകിടന്നു. ബോംബെ ഒരു പ്രേതനഗരംപോലെ കാണപ്പെട്ടു. കല്‍ക്കട്ടയിലെ വിശാലമൈതാനം വിജനമായിത്തീര്‍ന്നു.
പാക്കിസ്ഥാനില്‍പ്പോലും നൂറുകണക്കിനു സ്ത്രീകള്‍ ആഭരണങ്ങളും ആഡംബര ഉടയാടകളും ഉപേക്ഷിച്ച് തെരുവില്‍ ദുഃഖപ്രകടനം നടത്തി. പത്രമാഫീസുകളില്‍ ജനങ്ങള്‍ തിങ്ങിക്കൂടി. പുനയില്‍ 'ഹിന്ദുരാഷ്ട്ര' എന്ന അച്ചുകൂടം സംരക്ഷിക്കുവാന്‍ പോലീസ് രംഗത്തെത്തി. ആയിരത്തോളം ആളുകള്‍ ബോംബെയിലെ സവര്‍ക്കര്‍ സദനിലേക്ക് ഇടിച്ചുകയറി. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഹിന്ദുമഹാസഭയുടെ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. നെഹ്റു ഇപ്രകാരം പ്രസ്താവനയിറക്കി: 'നമ്മുടെ ജിവിതങ്ങളില്‍നിന്നും പ്രകാശം നിഷ്ക്രമിച്ചു. സാര്‍വ്വത്രികമായി രാജ്യത്ത് അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്നു വിളിക്കുന്ന പ്രിയപ്പെട്ട നേതാവ് ഇല്ലാതായി.' സത്യത്തില്‍ നെഹ്റുവിന്റെ മിഴികളില്‍ കണ്ണുനീര് നിറഞ്ഞിരുന്നു. അദ്ദേഹം വിതുമ്പി.
മൗണ്ട്ബാറ്റന് പ്രഭു പ്രതിവചിച്ചത് ഇങ്ങനെ: 'ലോകചരിത്രം ക്രിസ്തുവിനും ശ്രീബുദ്ധനും തുല്യമായ സ്ഥാനമാണ് മഹാത്മാഗാന്ധിക്കു നല്‍കുക'. ബ്രിട്ടീഷ് മേധാവിത്വം ഏറെ പരിഹസിക്കുകയും എന്നാല്‍ ഭയപ്പെടുകയും ചെയ്തിരുന്ന മഹാത്മാവിന്റെ ജീവിതസന്ദേശം ഇംഗ്ലീഷ് പ്രഭുക്കന്മാര്ക്ക് ഇപ്പോഴും പാഠപുസ്തകമാണ്. ജോര്‍ജ്ജ് ആറാമന്‍ രാജാവ്, പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്ലി, ഗാന്ധിവിരോധിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, സ്റ്റാഫോര്‍ഡ് ക്രിപ്സണ്‍, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് തുടങ്ങിയ ആയിരക്കണക്കിനു വി.ഐ.പികളുടെ സന്ദേശങ്ങള്‍ ഡല്‍ഹിയിലേക്കു പ്രവഹിച്ചു. വത്തിക്കാനില്‍നിന്നും പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ 'സമാധാനത്തിന്റെ അപ്പസ്തോലനും ക്രിസ്തുമതത്തിന്റെ സുഹൃത്തും' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചു. മോസ്ക്കോയില്‍ നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് അനുശോചനസന്ദേശങ്ങള്ക്കായി ഒരു രജിസ്റ്റര്‍ സ്ഥാപിച്ചിരുന്നു. പക്ഷേ, ജോസഫ് സ്റ്റാലിന്റെ ആഫീസില്‍നിന്നും ഒരാള്‍പോലും ഒരു വരി അതില്‍ കുറിച്ചില്ല. മുഹമ്മദാലി ജിന്നയാകട്ടെ, അദ്ദേഹത്തെ ഹിന്ദുനേതാവെന്ന് അനുശോചനസന്ദേശത്തില്‍ എഴുതി അപമാനിച്ചു; ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ മുഖപ്രസംഗത്തില്‍ ആരുടെ പാപമോചനത്തിനുവേണ്ടി ഗാന്ധിജി ജീവിച്ചുവോ, ആ സ്വജനംതന്നെ അദ്ദേഹത്തെ വധിച്ചു എന്നെഴുതി. ലോകചരിത്രത്തിലെ രണ്ടാം ക്രൂശിക്കല്‍ നടന്നത് വെള്ളിയാഴ്ചതന്നെ. യേശുനാഥനെ കൊലപ്പെടുത്തിയ അതേ ദിവസംതന്നെ!
മൃതദേഹം ബിര്‍ളാ ഹൗസിന്റെ മട്ടുപ്പാവിലേക്ക് കൊണ്ടുപോയി കിടത്തി. മനുവും ആഭയും സെക്രട്ടറി പ്യാരേലാലും പുത്രന്മാരായ ദേവദാസും രാമദാസും അന്ത്യോപചാരച്ചടങ്ങുകള്ക്കു സമാപ്തികുറിക്കുവാന് ഹാജരായി. കരഞ്ഞു കണ്ണു ചുമന്ന നെഹ്റുവും ദുഃഖമഗ്നനായ പട്ടേലും കൂടി മൃതശരീരത്തില്‍ ഗാന്ധിജി അന്നേവരെ തൊടാത്ത ദേശീയപതാക പുതപ്പിച്ചു. മനുഷ്യപ്രവാഹമായ വിലാപയാത്ര അഞ്ചു മൈല്‍ സഞ്ചരിച്ച് യമുനാതീരത്തെത്തി. ജനക്കൂട്ടത്തിന്റെ തലയ്ക്കു മുകളിലൂടെ കൈമാറിക്കൈമാറി മൃതദേഹം ചിതയ്ക്കരികിലേക്കു നീങ്ങി. ലോകമാധ്യമങ്ങള്‍ അവിടെ പങ്കെടുത്തവരുടെ എണ്ണം പത്തുലക്ഷമാണെന്ന് തര്‍ക്കമില്ലാതെ കുറിച്ചു. ചിതയ്ക്കു തീകൊളുത്തേണ്ട മൂത്ത മകന് ഹരിലാല്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നില്ല. രണ്ടാമത്തെ മകന് രാമദാസും ഇളയ മകന് ദേവദാസും ഒന്നിച്ച് എല്ലാ കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്കി. ചിതാഗ്നി എരിഞ്ഞടങ്ങിക്കൊണ്ടിരുന്ന ആ രാത്രിയില്‍ മഹാത്മാവിന്റെ പുകയുന്ന അവശിഷ്ടങ്ങളെ മൂകമായി പ്രദക്ഷിണം ചെയ്തു കടന്നുപോയ ദുഃഖിതരായ ജനാവലിക്കിടയില്‍ ആ ചിതാഗ്നി കൊളുത്തേണ്ടിയിരുന്ന ഹരിലാല്‍ ഉണ്ടായിരുന്നു! മദ്യംകൊണ്ടും മയക്കുമരുന്നുകൊണ്ടും നശിപ്പിക്കപ്പെട്ട് പരിത്യക്തനായ അദ്ദേഹത്തെ ആരും തിരിഞ്ഞുപോലും നോക്കുന്നുണ്ടായില്ല.
ലോകം മുഴുവന്‍ ദുഃഖഭരിതമായി നിശ്ചലമായ ആ ദിവസം ഈ നൂറ്റാണ്ടിന് ഇനിയും ലഭിച്ചിട്ടില്ലാത്ത ഒരു ഇതിഹാസത്തിന് അന്ത്യംകുറിച്ചു. 28,478 ദിവസം ഗാന്ധിജി ജീവിച്ചു. അതില്‍ 2338 ദിവസങ്ങളും ജയിലിലാണ് ജീവിച്ചത്. മഹാത്മാവിന്റെ വിശ്വവിഖ്യാതമായ പ്രസംഗങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് ജനുവരി 18ന് ആരംഭിച്ച ഉപവാസത്തോടെയായിരുന്നു. അത് ഇപ്രകാരമാണ്: 'ബിര്‍ളാ ഹൗസിലേക്ക് ആരും പാഞ്ഞെത്തരുതെന്നും എന്നെ പിന്തിരിപ്പിക്കുവാന് ശ്രമിക്കരുതെന്നും എന്നെക്കുറിച്ച് വ്യാകുലപ്പെടരുതെന്നും പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു. ദൈവത്തിന്റെ കൈകളിലാണ് ഞാന്‍. ഒരു ആത്മപരിശോധനയ്ക്കു നിങ്ങള്‍ തയ്യാറാവുക. കാരണം, ഇത് നമുക്കാകെ ഒരു പരീക്ഷണഘട്ടമാണ്. യഥാസ്ഥാനങ്ങളില്‍ ഇരുന്ന് കര്‍ത്തവ്യം കര്‍ശനമായി അനുഷ്ഠിക്കുന്നവര്‍ പൂര്‍വ്വോപരി എന്നെയും എന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും സഹായിക്കുകയാകും ചെയ്യുന്നത്. ആത്മശുദ്ധിക്കാണ് ഈ ഉപവാസം.'
ഗാന്ധിജിയുടെ മരണശേഷം ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയരംഗം ചൂടുപിടിച്ചു. വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് വല്ലഭഭായ് പട്ടേല്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് സോഷ്യലിസ്റ്റ് നേതാക്കള്‍ മുറവിളികൂട്ടി. ജയപ്രകാശ് നാരായണന് തറപ്പിച്ചു പറഞ്ഞത് ഇങ്ങനെ: 'മുപ്പത് വയസ്സുകാരനുപോലും താങ്ങാന്‍ കഴിയാത്ത വകുപ്പുകളുടെ ഭാരം 74 വയസ്സുകാരന് വഹിക്കുന്നു.' അപമാനഭാരത്താല്‍ ഉരുക്കുമനുഷ്യനായ പട്ടേല്‍ രാജിവെച്ചുകൊണ്ടുള്ള കത്ത് പ്രധാനമന്ത്രി നെഹ്റുവിനു നല്കുവാന് തീരുമാനിച്ചു. പട്ടേലിന്റെ സെക്രട്ടറി വി. ശങ്കര്‍ അദ്ദേഹത്തെ അതില്‍നിന്നും പിന്തിരിപ്പിച്ചു. പട്ടേല്‍ ജീവിച്ചിരുന്ന കാലത്ത് ഒരു ഹിന്ദുപക്ഷവാദിയാണെന്ന പ്രചാരണം നിലവിലുണ്ടായിരുന്നു.
ഗാന്ധിജിയുടെ വധം വിചാരണക്കോടതി ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്തു. ഈ കൊലയ്ക്കു താന്‍ മാത്രമാണ് ഉത്തരവാദിയെന്നും താനാണ് അതു നിര്‍വഹിച്ചതെന്നും കേസിന്റെ ആദ്യന്തം നാഥുറാം ഗോഡ്സെ അവകാശപ്പെട്ടുകൊണ്ടിരുന്നു. എങ്കിലും ഗോപാല്‍ ഗോഡ്സെ, നാരായണന് ആപ്തെ, മദല്‍ലാല്‍, കര്‍ക്കറെ, സവര്‍ക്കര്‍, പര്‍ച്ചുറെ, ദിബംഗര്‍ ബാഡ്ജെയുടെ ഭൃത്യന് എന്നിവരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. എട്ടു പ്രതികളില്‍ ഏഴുപേരും ശിക്ഷിക്കപ്പെട്ടു. ആപ്തെക്കും ഗോഡ്സെക്കും മരണശിക്ഷയാണ് ലഭിച്ചത്. മറ്റ് അഞ്ചുപേരും ജീവപര്യന്തം തടവുശിക്ഷയ്ക്കര്ഹരായി. ഇതില്‍ രണ്ടുപേര്‍ അപ്പീല്‍ കോടതിയില്‍നിന്നും മോചനം നേടി. ഗാന്ധിജിയുടെ രണ്ടു പുത്രന്മാരും സഹായികളും ചേര്‍ന്ന് നെഹ്റുവിനു നല്കിയ ദയാഹര്‍ജി തള്ളപ്പെട്ടതുമൂലം 1949 നവംബര്‍ 15ന് ആപ്തെയെയും നാഥുറാം ഗോഡ്സെയെയും തൂക്കിലേറ്റി വധിച്ചു.
മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നില്‍ മറ്റാരുടെയോ പിന്തുണയുണ്ടായിരുന്നുവോ? ഈ ചോദ്യം സ്വതന്ത്രഭാരതത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മദന്‍ലാലിന്റെ ബോംബ് സ്ഫോടനത്തിനു ശേഷം കുറ്റവാളികളെ അറസ്റ്റു ചെയ്യുവാന്‍ വൈകിയതിന്റെ കാരണങ്ങളും ചോദ്യശരങ്ങളായി ഉയര്‍ന്നു. ബോംബ് സ്ഫോടനത്തിന്റെ പ്രതികള്‍തന്നെയാണ് ഗാന്ധിവധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അതിനാല്‍ ഈ വിഷയം ഏറെ ഗൗരവമായപ്പോള്‍ സുപ്രീംകോടതി റിട്ട. ജഡ്ജി ജെ.എന്‍. കപൂര്‍ അദ്ധ്യക്ഷനായ കമ്മീക്ഷന്‍ അന്വേഷണമാരംഭിച്ചു. പക്ഷേ, പല ഉത്തരവാദപ്പെട്ട പോലീസുദ്യോഗസ്ഥരും മരിച്ചുകഴിഞ്ഞതിനാല്‍ അന്വേഷണം സുഗമമായിട്ടല്ല നടന്നത്. കമ്മീഷന്റെ ആറു വാല്യങ്ങളുള്ള റിപ്പോര്‍ട്ട് എഴുതി അവസാനിപ്പിച്ച് സമര്‍പ്പിച്ചത് 22 വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിളര്‍ന്ന ശേഷം 1969 സെപ്തംബര്‍ മുപ്പതാം തീയതിയാണ്. മഹാത്മാഗാന്ധിയെ വധിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം ആത്മാര്‍ത്ഥതയോടെയും ചുമതലാബോധത്തോടെയും കൂടിയല്ല ഒരു ഘട്ടത്തില്‍ നടന്നിരുന്നതെന്ന അസുഖകരമായ നിഗമനമാണ് കമ്മീഷന് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ഗ്രന്ഥത്തിലെ അവസാനഭാഗത്ത് പത്തൊമ്പതാമദ്ധ്യായത്തില് ഈ കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. പിന്നീട് ഈ കമ്മീഷന്റെ റിപ്പോര്‍ട്ടിനും സ്വാഭാവികമരണം സംഭവിച്ചിട്ടുണ്ടാകാം.
Watch Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..