'നിങ്ങള്‍ കുഴിക്കുന്നു, ഞങ്ങളെ കടലെടുക്കുന്നു';ഇന്ദുഗോപന്റെ നോവലിന് ഒരു മത്സ്യത്തൊഴിലാളിയുടെ അവതാരിക


കെ.സി. ശ്രീകുമാര്‍

ഞങ്ങളുടെ വയറു പലപ്പോഴും തരിശാണ്. തീരവും തരിശാകുന്നു. ഞങ്ങളെ ഞെരുക്കി ഓടിച്ച് ബാക്കിയും തരിശാക്കി. ആ മണ്ണും കുത്തി വില്‍ക്കാനാണ് ശ്രമം. ഇങ്ങനെയൊക്കെ ഇരിക്കുന്നു. അപ്പോള്‍ ഈ നോവല്‍ വരുന്നു.

ജി.ആർ ഇന്ദുഗോപൻ,കെ.സി. ശ്രീകുമാർ

പ്പൂപ്പന്മാരും അമ്മൂമ്മമാരുംകൂടി പറയുന്ന കഥകള്‍ കൂട്ടിവായിക്കുമ്പോള്‍ ഇന്ദുഗോപന്റെ 'മണല്‍ജീവികള്‍' എന്ന നോവല്‍ ഞങ്ങളുടെ ജീവിതമാകുന്നു.
കൊല്ലം ജില്ലയിലെ നീണ്ടകര മുതല്‍ ആലപ്പുഴജില്ലയുടെ തെക്കന്‍ തീരഗ്രാമമായ ആറാട്ടുപുഴവരെയുള്ള തീരപ്രദേശം സമ്പദ്‌സമൃദ്ധമായിരുന്നു. തിരുവിതാംകൂറിന്റെ ധാന്യക്കലവറകളായിരുന്നു ഈ പ്രദേശത്തെ മുക്കുംപുഴപാടവും പനക്കുടപാടവും. ഇവിടത്തെ പാടങ്ങളില്‍ കണ്ണെത്താദൂരത്തില്‍ വിളഞ്ഞുകിടന്ന കതിര്‍മണികളെക്കുറിച്ചു പഴമക്കാര്‍ അയവിറക്കുമ്പോള്‍ ഞങ്ങള്‍ പുതുമക്കാര്‍ കേട്ടിരിക്കാറില്ല. കാരണം ഇപ്പോള്‍ ഞങ്ങള്‍ക്കത് വേദനയാണ്. കടലിനോടു ചേര്‍ന്ന വിശാലമായ വെള്ളമണല്‍പ്പരപ്പ്. അതിന് കിഴക്ക് വിശാലമായ കരിമണല്‍ക്കുന്നുകള്‍. കുന്നുകള്‍ക്കിടയില്‍ കുറ്റിക്കാടുകളും മറ്റു സസ്യാവരണങ്ങളും പച്ചപുതച്ചിരുന്നു. ആമ്പലും താമരയും വിടര്‍ന്നുനില്‍ക്കുന്ന ശുദ്ധജലതടാകങ്ങള്‍. ഔഷധസസ്യങ്ങളുള്‍പ്പെടെ പന്തലിച്ചു നില്‍ക്കുന്ന ചെറുകാടുകള്‍. ശൂരനാട് കൊലക്കേസിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് നേതാക്കളായ തോപ്പില്‍ ഭാസിയും ശങ്കരനാരായണന്‍ തമ്പിയും ഒളിവിലിരുന്ന പനക്കടക്കാട്.

കുന്നുകള്‍ക്കു താഴെയുള്ള നിരപ്പായ സ്ഥലങ്ങളിലായിരുന്നു ഞങ്ങള്‍ മനുഷ്യരുടെ വാസസ്ഥലം. ടി.എസ്. കനാലുമായി ബന്ധപ്പെട്ടുകിടക്കുന്ന വീതിയേറിയ ഇടക്കായലുകള്‍. തീരംചേര്‍ന്ന് കടല്‍തന്നെ സൃഷ്ടിച്ച വീതിയേറിയ കരിമണല്‍പ്പരപ്പുകള്‍. ഈ കൂനയില്‍ കമ്പവലയും താങ്ങുവള്ളങ്ങളും ചെറുവള്ളങ്ങളും പിടിച്ചുകയറ്റി വെക്കുമായിരുന്നു. റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കുന്നതിന് വിക്രം സാരാഭായി പരിഗണിച്ചിരുന്നിത് ഞങ്ങളുടെ പഞ്ചായത്തിലെ വെള്ളനാതുരുത്ത് പ്രദേശമാണ്. അദ്ദേഹം ഇവിടെ സന്ദര്‍ശിക്കുകയും കേന്ദ്രം സ്ഥാപിക്കാന്‍ മനുഷ്യവാസം കഴിഞ്ഞുള്ള വിശാലമായ ഭൂപ്രദേശമുണ്ടെന്നു പറഞ്ഞ് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തുകയും ചെയ്തത് ചരിത്രമാണ്. പിന്നീടത് എന്തുകൊണ്ടോ നടക്കാതെ പോയി. ഒരുപക്ഷേ, അതു വന്നിരുന്നെങ്കില്‍ ഞങ്ങള്‍ക്കീ ഗതി ഉണ്ടാകുമായിരുന്നില്ല. ചിലപ്പോള്‍ ഈ കരിമണ്ണിനെപ്രതിയുള്ള ഗൂഢാലോചനയിലാവാം ആ പദ്ധതി തട്ടിപ്പോയത്.

മണല്‍ക്കമ്പനികള്‍ ഖനനം തുടങ്ങിയതിനുശേഷം തീരത്തു ഡിപ്പോസിറ്റ് ചെയ്യുന്ന മണലിന്റെ അളവ് കുറയാന്‍ തുടങ്ങി. പ്രാരംഭഘട്ടത്തില്‍ കരിമണല്‍ക്കുന്നുകളില്‍നിന്നുമാണ് മൈനിങ് തുടങ്ങിയത്.

സ്വകാര്യകമ്പനികളായിരുന്നു ഖനനരംഗത്തുണ്ടായിരുന്നത്. കുന്നുകള്‍ ഇല്ലാതായ സ്ഥലങ്ങളില്‍ ആദ്യമായി രൂക്ഷമായ കടലാക്രമണമുണ്ടായി. അപ്പോള്‍ ഞങ്ങള്‍ കരുതി അത് ജനവാസപ്രദേശത്തേക്കു ബാധിക്കില്ലെന്ന്. ഖനനംമൂലം കായലിനും കടലിനുമിടയില്‍ ദുര്‍ബ്ബലമായിത്തീര്‍ന്ന പ്രദേശങ്ങള്‍ ഉപേക്ഷിച്ചു. കൂടുതല്‍ കുന്നുകളും വിശാലമായ കരിമണല്‍ത്തീരങ്ങളും ഖനനത്തിന് വിധേയമായി. ഇതോടെ കടലാക്രമണം കൂടുതല്‍ ത്വരിതപ്പെടുകയായിരുന്നു. തീരം ചേര്‍ന്നു സംഭവിക്കുന്ന പ്രകൃതിയുടെ ദാനമായ ചാകര (mud bank) തീരത്തിന് എന്നെന്നേക്കുമായി നഷ്ടമായി. ഞങ്ങളുടെ കടല്‍ എന്നൊക്കെയുള്ള സങ്കല്‍പ്പം മെല്ലെ നഷ്ടപ്പെട്ടു. അത് മറ്റാരുടേതൊക്കെയോ ആയി. ഉഴുതുമറിക്കല്‍ തുടങ്ങിയതോടെ തീരത്തിന്റെ സ്ഥായിയായ ഉറപ്പു നഷ്ടപ്പെട്ടു. തീരം കൂടുതല്‍ രൂക്ഷമായ കടലാക്രമണത്തിനു വിധേയമായി. സ്വകാര്യകമ്പനികളുടെ സ്ഥാനത്ത് പൊതുമേഖലാ സ്ഥാപനം വരികയും ഫ്രണ്ട് ലോഡര്‍, ബുള്‍ഡോസര്‍, എസ്‌കവേറ്റര്‍ എന്നൊക്കെ പറയുന്ന മെഷിനറികള്‍വന്ന്, അത് ഉപയോഗിച്ചുള്ള ഖനനം തുടങ്ങുകയും ചെയ്തു. ഞങ്ങളുടെ നെഞ്ചു പിളരുംപോലെയുള്ള ഖനനം. ആഴത്തിലും കടലിലും. ആരുടെയൊക്കെയോ കരാറുകള്‍; മണ്ണ് കുത്തിക്കൊടുക്കുന്നു. ഞങ്ങള്‍ തലമുറകളായി കിടക്കുന്ന മണ്ണ് ഇടിഞ്ഞിടിഞ്ഞ് വരുന്നു; ഞങ്ങളില്ലാതാകുന്നു.

ബിനാമി പേരില്‍ ധാതുമണല്‍ വ്യവസായത്തിന് സ്വകാര്യകമ്പനികള്‍ വന്നു. മുമ്പത്തെക്കാള്‍ ഖനനം തീവ്രമായി. സ്ഥാപനത്തിന്റെ മേധാവികളുടെ ബിനാമി പേരിലുള്ള സ്വകാര്യകമ്പനികള്‍ക്കുകൂടി കയറ്റുമതി അവകാശം. എതിര്‍പ്പില്ലാതെ മണലെടുക്കേണ്ടതുകൊണ്ട് തീരമേഖലകളില്‍ ബോധപൂര്‍വ്വം സംഘട്ടനം സൃഷ്ടിച്ചു. രാഷ്ട്രീയനേതൃത്വങ്ങളെ വിലയ്‌ക്കെടുത്തു. അങ്ങനെ കുഴിച്ചുകുഴിച്ച് കടലില്‍ വേലിയേറ്റമുണ്ടായാല്‍ ഉപ്പുവെള്ളം ഞങ്ങളുടെ ഉടല്‍ കയറി ഒഴുകുന്ന സ്ഥിതിവിശേഷമായി. കടല്‍വെള്ളം കയറി പനക്കടപാടവും മൂക്കുംപുഴപാടവും ഉപയോഗശൂന്യമായി. ഉപ്പുവെള്ളത്തില്‍ കിളിര്‍ക്കുന്ന ചില സസ്യങ്ങളൊഴിച്ചാല്‍ ബാക്കിയുള്ളവ അപ്രത്യക്ഷമായി. കായലിനും കടലിനുമിടയില്‍ ഞങ്ങള്‍ തിങ്ങിവിങ്ങി കഴിയുന്നു. പിന്നില്‍ കടല്‍ അടുത്തടുത്തു വരുന്നു. ഞങ്ങളെ ഞെരുക്കിക്കൊണ്ടേയിരിക്കുന്നു, ആരുണ്ട് ചോദിക്കാന്‍? ഞങ്ങള്‍ക്കാരുണ്ട്?

തീരംപോയവരുടെ ഉപജീവനമാര്‍ഗ്ഗമായ മത്സ്യബന്ധനം തടസ്സപ്പെട്ടു. കുടിലുകളില്‍ കടല്‍ കയറി ഒഴുകി. നിവൃത്തിയില്ലാതെ ജനങ്ങള്‍ ചെറുത്തുനില്‍ക്കാനായി വന്നു. അവര്‍ക്കപ്പോള്‍ നേതാക്കളുണ്ടായി. ഞങ്ങളുടേതല്ലാത്ത നേതാക്കള്‍. സമരം ലാഭം കായ്ക്കുന്ന മരമായി. അതുകൊണ്ടുതന്നെ പല സമരങ്ങളും പൂത്തിരിപോലെ കത്തി ഉടന്‍തന്നെ ചിതറി ഭൂമിയിലേക്ക് അമര്‍ന്നു ഭസ്മമായി. സമരക്കാരുടെമേല്‍ പൊലീസ് കേറി നിരങ്ങി.

ഞങ്ങളുടെ വയറു പലപ്പോഴും തരിശാണ്. തീരവും തരിശാകുന്നു. ഞങ്ങളെ ഞെരുക്കി ഓടിച്ച് ബാക്കിയും തരിശാക്കി. ആ മണ്ണും കുത്തി വില്‍ക്കാനാണ് ശ്രമം. ഇങ്ങനെയൊക്കെ ഇരിക്കുന്നു. അപ്പോള്‍ ഈ നോവല്‍ വരുന്നു. ധാതുമണല്‍രാഷ്ട്രീയത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളില്‍ മണല്‍ജീവികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ചൂഷകരുടെ ലോകമുള്ളിടത്തോളം പ്രസക്തി നിലനില്‍ക്കും. വനങ്ങളും കടലും കൊള്ളയടിച്ച് ഇന്ത്യന്‍സമുദ്രം വിദേശീയര്‍ക്ക് തീറെഴുതി. അവശേഷിക്കുന്ന ധാതുസമ്പത്തുകള്‍കൂടി കൊള്ളയടിക്കുവാന്‍ അത്യാകര്‍ഷകമായ നിബന്ധനകളുമായി നോവലിലെ കള്ളനോട്ടടിക്കാരന്‍ രാമന്‍പിള്ളയെപ്പോലെ ഒരിക്കലും മരിക്കാത്ത ജീവിതങ്ങള്‍ ഞങ്ങളുടെ മണ്ണു ചവിട്ടിക്കുഴച്ച് നടന്നുപോകുന്നു. കൂടെ ജീവിച്ചിരുന്നവരൊക്കെ ചത്തിട്ടും രാമന്‍പിള്ള ഇറങ്ങി നടക്കുകയാണ്.

ജനങ്ങളെ കടിച്ചുകുടയാനുള്ള വ്യഗ്രതയോടെ പിന്നെയും പിന്നെയും അയാള്‍ എത്തിച്ചേരുകയാണ്, ഒരിക്കല്‍ അപ്രത്യക്ഷനായ അയാള്‍. സര്‍വനാശത്തിന്റെ പ്രതിനിധികള്‍ അര്‍ബുദത്തിന്റെ വേഷത്തില്‍ നീലകണ്ഠനിലൂടെ പുറത്തേക്കു വരികയാകാം. ചെറുത്തുനില്‍പ്പുകള്‍ ശക്തമാവാന്‍ തുടങ്ങുമ്പോള്‍ അപ്രത്യക്ഷനാകുന്ന ഒറ്റുകൊടുപ്പുകാരന്‍ ഉണ്ണിരാമന്‍. ഉണ്ണിരാമന്റെ ബീജം അസ്വസ്ഥതയുടെയും അങ്കലാപ്പിന്റെയും പ്രതിനിധിയായി കൃഷ്ണകുമാരിയുടെ ഗര്‍ഭത്തിലൂടെ വളരുന്നു, അര്‍ബുദംപോലെ. അവളൊരു പാവം. ഞങ്ങളിലൊരുവള്‍. എന്തുവേണമെന്നാണ് അങ്കലാപ്പ്. ഞങ്ങളെപ്പോലെ. കടലോരത്തെ വികിരണത്തെക്കുറിച്ച് പഠിക്കാനും എഴുതാനുമെത്തിയവര്‍ ഇടവേളകളില്‍ എവിടെയോ അപ്രത്യക്ഷരാകുന്നു; എവിടെ പോകുന്നു? ആ...പക്ഷേ, ഈ കടപ്പുറത്ത് അതൊക്കെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.

1700 വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ തീരപ്രദേശചരിതം (അതിനിനി എത്ര തുച്ഛമായ ആയുസ്സ്) ഐതിഹ്യത്തില്‍നിന്നും കൊണ്ടുവരാന്‍ പ്രത്യേകിച്ചൊരു കഥയിലൂടെ ശ്രമിച്ചിട്ടുണ്ടിതില്‍. ഈ ചരിത്രമൊക്കെ കേട്ട് ഞങ്ങള്‍ കൂടുതല്‍ നീറുന്നു. എങ്കിലും ആരെങ്കിലും അറിയണം എല്ലാം. ഞങ്ങളുടെ ജനതയ്ക്കിനി എത്രനാള്‍. കടലുകേറുംമുമ്പ് ആരെങ്കിലും അറിയട്ടെ.

കേരളത്തിലെ പരിസ്ഥിതിവാദികളില്‍ പലരും ചില കാര്യങ്ങളില്‍ ചിലപ്പോള്‍ മാത്രം പ്രതികരിക്കുന്നതിന്റെ നിഗൂഢതകളിലേക്ക് നോവല്‍ വിരല്‍ചൂണ്ടുന്നുണ്ട്. ഹൃദയംകൊണ്ട് വായിച്ചാല്‍ ഇനിയുമൊരുപാട് മുറിപ്പാടുകള്‍ ഈ നോവലില്‍ തട്ടിത്തടഞ്ഞ് കിടപ്പുണ്ട്. ഒരുപാട് പറയാനും ബാക്കിയുണ്ട്, നോവലിനപ്പുറത്തേക്ക്.

(മണല്‍ഖനനംമൂലം തീരദേശം കടലിനടിയിലാകുമെന്ന് പബ്ലിക് മീറ്റിങ്ങില്‍ പ്രഖ്യാപനം നടത്തിയ വിദഗ്ധന്‍ ശാസ്ത്രപഠനകേന്ദ്രത്തിന്റെ തലപ്പത്തേക്ക് വളര്‍ന്നുകയറിയപ്പോള്‍ നേരെ വിരുദ്ധമായി പറഞ്ഞതൊക്കെ ഞങ്ങള്‍ കേട്ടതില്‍ ചിലതു മാത്രം.)
ജനങ്ങള്‍ക്കുവേണ്ടി പോരാടിയ കാലത്തുനിന്നും യാത്ര തുടങ്ങിയ നീലകണ്ഠന്‍ ശാക്തികചേരി കീഴടക്കുന്ന ധാതുമണല്‍മേഖലയില്‍ കുറെയേറെക്കാലം ചെലവഴിക്കുന്നുണ്ട്. നോവലില്‍ ചെറുത്തുനില്‍പ്പുകളുണ്ട്. പ്രതിനിധിയായ ഡിസൂസയ്ക്ക് ഇതില്‍പ്പരം പറ്റാനില്ല. ഞങ്ങളൊക്കെത്തന്നെയാണ് അവന്‍.
ഈ നാടിന്റെ ഹൃദയത്തുടിപ്പുകളും ദുരന്തങ്ങളും വേദനകളും മനുഷ്യത്വത്തോടെ എഴുതിയിട്ടുണ്ട്. എങ്കിലും ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായില്ലെങ്കിലും മിക്കതും മനസ്സിലാകുന്നു. ചിലപ്പോള്‍ നോവലിസ്റ്റ് എഴുതിയ അതേപടി അല്ലായിരിക്കും. പക്ഷേ, ഞങ്ങളുടെ നെഞ്ചുപൊട്ടിയ നിലവിളി ഈ നോവലില്‍ കിടപ്പുണ്ട്. വല്യ വിവരമൊന്നുമില്ലെങ്കിലും ഞങ്ങള്‍ക്കത് കേള്‍ക്കാം, പലരും മനപ്പൂര്‍വം കേള്‍ക്കുന്നില്ലെങ്കിലും.
(ആലപ്പാട് പഞ്ചായത്തിലെ മത്സ്യബന്ധനത്തൊഴിലാളിയാണ് ലേഖകന്‍)


Content Highlights: k c sreekumar fisherman writes introductory note for g r indugopan novel manaljeevikal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented