ധീരമായ പത്രപ്രവര്‍ത്തനം എന്താണെന്ന് അദ്ദേഹം  (കേസരി) എന്നെ പഠിപ്പിച്ചു.
                                                          കെ.ബാലകൃഷ്ണന്‍.

കെ. ബാലകൃഷ്ണന്‍ തന്റെ ജീവിതത്തെ ജ്വാല എന്ന് വിശേഷിപ്പിച്ചു. ആ ജീവിതത്തിന് തികച്ചും യോജിച്ച വിശേഷണമായിരുന്നു അത്. ഒരു കാലത്ത് കേരളത്തിന്റ രാഷ്ട്രീയ സാഹിത്യ സാംസ്‌കാരികവേദികളില്‍ കത്തിപ്പടര്‍ന്ന ആ ജ്വാലയ്ക്ക് എന്നാല്‍ മഴവില്ലിന്റെ കുളിര്‍മയും മനോഹാരിതയും കൂടിയുണ്ടായിരുന്നു. വൈരുധ്യങ്ങളുടെ സങ്കലനം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലുമുണ്ടായിരുന്നു. ശുദ്ധ റൊമാന്റിക് ആയിരുന്നു രാഷ്ട്രീയനേതാവും പത്രാധിപരും പ്രസംഗകനും എഴുത്തുകാരനുമായിരുന്ന കെ.ബാലകൃഷ്ണന്‍. ആരോഗ്യകരമായ ഒരുതരം റൊമാന്റിസിസം അദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തകളിലും എഴുത്തിലും ജീവിതത്തിലുമെല്ലാമുണ്ടായിരുന്നു. വര്‍ത്തമാനാവസ്ഥയോട് കലഹിക്കുകയും മാറ്റത്തിനുവേണ്ടി ദാഹിക്കുകയും ചെയ്ത കലാപകാരിയായ റൊമാന്റിക് ആയിരുന്നു അദ്ദേഹം. രാഷ്ടീയത്തിന്റെ തീച്ചൂളയിലൂടെ നടന്നപ്പോഴും വെടിയുണ്ടകളെ ഭയപ്പെടാതെ ധീരമായ സമരങ്ങള്‍ നയിച്ചപ്പോഴും അദ്ദേഹത്തിന്റെയുള്ളില്‍ മനുഷ്യ ജീവിതത്തിലെ മധുരവും മൃദുലതയും നൊട്ടി നുണയാന്‍ കൊതിച്ച ഒരു സാധാരണ മനുഷ്യനുണ്ടായിരുന്നു. സമ്പന്നമായ തന്റെ കുടുംബത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുമ്പോഴും അടുത്ത നിമിഷത്തില്‍തന്നെ അതിനെ നിരാകരിക്കാനും അദ്ദേഹത്തിന് സാധിച്ചു.
                                                                       
കൗമുദി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ എന്ന നിലയിലും രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്ത് നിലയുറപ്പിച്ച ധീരനായ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രോതാക്കളുടെ ബുദ്ധിയെ ഇളക്കിമറിക്കുന്ന പ്രഭാഷകന്‍ എന്ന നിലയിലും കെ.ബാലകൃഷ്ണന്‍ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ സൃഷ്ടിച്ച ചലനങ്ങളും എഴുതിച്ചേര്‍ത്ത പുത്തന്‍ അധ്യായങ്ങളും നവ സംവേദനങ്ങളും വേണ്ടതുപോലെ നാം ഇനിയും മനസ്സിലാക്കിയിട്ടില്ല. അവസാന കാലത്ത് അദ്ദേഹം മൗനത്തിലായിരുന്നു.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

സത്യത്തില്‍ ആരായിരുന്നു കെ. ബാലകൃഷ്ണന്‍? പത്രാധിപര്‍? രാഷ്ട്രീയ നേതാവ്? എഴുത്തുകാരന്‍? പ്രസംഗകന്‍? പൂര്‍ണ അര്‍ഥത്തില്‍ തന്നെ ഇതെല്ലാമായിരുന്നു അദ്ദേഹം. ഇതെല്ലാം ആയിരിക്കെ തന്നെ അദ്ദേഹം കേരളം കണ്ട ഏറ്റവും വലിയ സ്വതന്ത്ര ചിന്തകരില്‍ ഒരാളായിരുന്നു. അദ്ദേഹം എഴുതിയ മുഖപ്രസംഗങ്ങളും വിവിധ വിഷയങ്ങളെക്കുറിച്ചെഴുതിയ ലേഖനങ്ങളും വായിക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന സരള സത്യമാണിത്. കേസരി ബാലകൃഷ്ണപിള്ള, കുറ്റിപ്പുഴ, എം.ഗോവിന്ദന്‍, സി.ജെ. തോമസ് എന്നിങ്ങനെയുള്ള നമ്മുടെ സ്വതന്ത്ര ചിന്തകരില്‍ ഒരാളാണ് അദ്ദേഹം. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായിരിക്കെ എഴുതുമ്പോഴും പൊതുവേദിയില്‍ പ്രസംഗിക്കുമ്പോഴും പാര്‍ട്ടിയുടെ സങ്കുചിത വൃത്തത്തില്‍നിന്ന് പുറത്തുകടന്ന് മനുഷ്യനെ സംബന്ധിക്കുന്ന യാഥാര്‍ഥ്യങ്ങളെ സ്വതന്ത്രമായി കാണാനും വിലയിരുത്താനും അദ്ദേഹത്തിന് സാധിച്ചു. എഴുത്തുകാര്‍ അല്ലെങ്കില്‍ ബുദ്ധിജീവികള്‍ പുലര്‍ത്തേണ്ട ബുദ്ധിപരമായ സത്യസന്ധത (Intellectual  honesty)നൂറുശതമാനം പ്രകാശിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.  ഉന്നതമായ ജനാധിപത്യ ബോധത്തോടെ ആശയപ്രകാശനം നടത്തിയ ആളാണ് അദ്ദേഹം. നെഹ്രുവിയന്‍ ജനാധിപത്യബോധം അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ആഴത്തില്‍ കലര്‍ന്നിരുന്നു. സ്റ്റേറ്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും ശക്തമായി അദ്ദേഹം നിലകൊണ്ടു. മാര്‍ക്‌സിയന്‍ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുമേല്‍ സ്റ്റേറ്റ് കടന്നുകയറ്റം നടത്തുമ്പോള്‍ അദ്ദേഹം പ്രതിഷേധിച്ചു. ജീര്‍ണിച്ച മൂല്യങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും നേരേ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും നിരന്തരം കലഹിച്ച അദ്ദേഹം വാക്കുകളെ ആയുധങ്ങളാക്കുകയാണ് ചെയ്തത്. വാക്കുകള്‍ തിര നിറച്ച തോക്കാണ് (words are loaded pistols) എന്ന് സാര്‍ത്രിനെപ്പോലെ അദ്ദേഹവും കരുതി. പാര്‍ട്ടിയുടെയും സ്ഥാപനങ്ങളുടെയും ഭരണകൂടത്തിന്റെയും തിന്മകള്‍ക്കും ജീര്‍ണതകള്‍ക്കും മനുഷ്യവിരുദ്ധമായ നടപടികള്‍ക്കും നേരേ സ്വതന്ത്രമായി ശബ്ദമുയര്‍ത്തിയ ചിന്തകനായി കെ.ബാലകൃഷ്ണനെ ഭാവി തലമുറ വിലയിരുത്തുമെന്നുതന്നെ കരുതാം.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: K Balakrishnan, Mathrubhumi weekly