ഭരണം, രാഷ്ട്രീയം, പക: ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമാബീവിയും മുഖ്യമന്ത്രി ജയലളിതയും മൗനയുദ്ധവും!


കെ.ടി അഷ്റഫ്

ജസ്റ്റിസ് ഫാത്തിമ ബീവി, ജയലളിത (ഫോട്ടോ: എ.എഫ്.പി)

മാര്‍ച്ച് പത്ത്. അന്താരാഷ്ട്ര വനിതാജഡ്ജിമാരുടെ ദിനം. ഇന്ത്യയിലെ ആദ്യത്തെ വനിതാജസ്റ്റിസ് എന്ന പദവി അലങ്കരിച്ച ജസ്റ്റിസ് ഫാത്തിമാബീവിയുടെ ജീവചരിത്രമാണ് കെ.ടി അഷ്റഫ് രചിച്ച 'ജസ്റ്റിസ് ഫാത്തിമാബീവി നീതിയുടെ ധീരസഞ്ചാരം.' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം.

റ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി തമിഴ്നാടിന് രണ്ടു രാജ്ഭവനുകളുണ്ട്. ഒന്ന് മദ്രാസിലും മറ്റൊന്ന് ഊട്ടിയിലും. ബ്രിട്ടീഷ് ഭരണത്തില്‍ മദ്രാസ് പ്രവിശ്യയിലെ ഗവര്‍ണര്‍മാര്‍ താമസിച്ചിരുന്ന വസതികള്‍തന്നെയാണിപ്പോഴും രാജ്ഭവനുകളായി തുടരുന്നത്. രണ്ടും പുരാതനകെട്ടിടങ്ങളാണ്. ഗിണ്ടി നാഷണല്‍ പാര്‍ക്ക് വനത്തോടു ചേര്‍ന്ന മനോഹരമായ ഇരുനിലക്കെട്ടിടമാണ് മദ്രാസിലെ രാജ്ഭവന്‍. വിശാലമായ മുറികളും പ്രൗഢിയുള്ള ഫര്‍ണിച്ചറുകളും രാജ്ഭവന്റെ പ്രത്യേകതയാണ്. മാനുകളും പക്ഷികളും വിഹരിക്കുന്ന നിബിഡവൃക്ഷങ്ങളും ചേര്‍ന്ന നഗരത്തിനുള്ളിലെ വനത്തിലെ വിശാലമായ കാമ്പസിലാണ് മദ്രാസ് രാജ്ഭവന്‍ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്നും 2303 മീറ്റര്‍ ഉയരത്തിലാണ് ഊട്ടി രാജ്ഭവന്‍ സ്ഥിതിചെയ്യുന്നത്. ഗവര്‍ണര്‍മാര്‍ വേനല്‍ക്കാലവസതിയായിട്ടാണ് ഊട്ടി രാജ്ഭവന്‍ ഉപയോഗിക്കുന്നത്. അതിമനോഹരമായ പ്രദേശത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡനോടു ചേര്‍ന്ന് തലയുയയര്‍ത്തി നില്ക്കുന്ന ഊട്ടി രാജ്ഭവനിലെ ദിനങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്തതാണ്.

ഇന്ത്യന്‍ ഭരണഘടന സ്വതന്ത്രവും പരമവുമായ അധികാരമാണ് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കു നല്കിയിട്ടുള്ളത്. നിയമാധികാരി എന്ന അര്‍ഥത്തില്‍ രാഷ്ട്രപതിയോടു വിധേയത്വമുണ്ടെങ്കിലും ഇന്ത്യന്‍ ഭരണഘടനയോടാണ് പൂര്‍ണ ഉത്തരവാദിത്വം. ഭരണക്രമത്തിന്റെ ഭാഗമായി കേന്ദ്രകാബിനറ്റിനോടു ചില
കാര്യങ്ങളില്‍ ബാധ്യതയുണ്ട്. രാഷ്ട്രപതിഭരണം നിലവിലില്ലാത്ത ഘട്ടങ്ങളില്‍ സംസ്ഥാന മന്ത്രിസഭയുടെയും സെക്രട്ടേറിയറ്റിന്റെയും സഹായത്തോടെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്. കേന്ദ്രഭരണം കൈയാളുന്ന മുന്നണിയുടെ ഭാഗമായ ദ്രാവിഡമുന്നേറ്റകഴകം (ഡി.എം.കെ.)തന്നെയാണ് തമിഴ്നാട്ടിലെയും ഭരണം കൈയാളുന്നത്. മുഖ്യമന്ത്രി കരുണാനിധി ഇരുത്തംവന്ന ഒരു ഭരണാധികാരിയാണ്. ജനകീയനായ രാഷ്ട്രീയക്കാരന്‍, പ്രസിദ്ധനായ സാഹിത്യ സിനിമാ പ്രവര്‍ത്തകന്‍ എന്നിങ്ങനെ കരുണാനിധിയെപ്പോലെ ബഹുമുഖപ്രതിഭയുള്ള വ്യക്തിത്വങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രത്തില്‍ വളരെയൊന്നുമില്ല.
സംസ്ഥാനത്തിന്റെ സമഗ്രവും ശാസ്ത്രീയവുമായ വികസനം എന്നതിനെക്കാളുപരി ജനപ്രിയവും താത്കാലികനേട്ടങ്ങളില്‍ ഊന്നിയുള്ളതുമായ പ്രവര്‍ത്തനങ്ങളാണ് തമിഴ് രാഷ്ട്രീയത്തിന്റെ ഒരു സാമാന്യരീതി. ഭാഷയോടുള്ള അദമ്യമായ ആഭിമുഖ്യവും ദ്രാവിഡസംസ്‌കാരത്തിലുള്ള ഉയര്‍ന്ന അഭിമാനബോധവും തമിഴ് രാഷ്ട്രീയത്തിലെ സാമൂഹികതലത്തിലെ നിര്‍ണായകഘടകങ്ങളാണ്. നേതൃത്വത്തോടുള്ള പൂര്‍ണമായ വിധേയത്വവും ഏക നേതൃത്വദാസ്യവും എല്ലാ കക്ഷികളുടെയും പ്രത്യേകതയാണ്.

ദേശീയരാഷ്ട്രീയത്തിലെ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലാണ് തനിക്കു ഗവര്‍ണറായി തമിഴ്നാട്ടില്‍ സേവനം ചെയ്യേണ്ടിവന്നത്. ഗവര്‍ണര്‍പദവിയില്‍ എത്തിക്കുന്നതില്‍ ദേവഗൗഡയും കരുണാനിധിയും ഏകാഭിപ്രായക്കാരായിരുന്നു. മാത്രമല്ല, തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികള്‍ക്കൊന്നുംതന്നെ എന്റെ നിയമനത്തില്‍ എതിര്‍പ്പുകളൊന്നുമില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ദേശീയരാഷ്ട്രീയത്തില്‍ പടലപ്പിണക്കത്തിന്റെയും അഭിപ്രായവ്യത്യാസത്തിന്റെയും നാളുകളാണ്. എന്റെ നിയമനത്തില്‍ മുന്‍കൈയെടുത്ത ദേവഗൗഡ മാസങ്ങള്‍ക്കകം പ്രാധാനമന്ത്രിപദമൊഴിഞ്ഞു.
തുടര്‍ന്നു വന്ന ഐ.കെ. ഗുജ്റാള്‍ മന്ത്രിസഭയും അധികകാലം മുന്നോട്ടുപോയില്ല. രണ്ടു പേരുടെയും മന്ത്രിസഭകള്‍ തകര്‍ന്നത് കോണ്‍ഗ്രസ്സിന്റെ പിന്തുണ നഷ്ടപ്പെട്ടതു കാരണമായിരുന്നു.

രണ്ടു മന്ത്രിസഭയിലും കരുണാനിധിയുടെ ഡി.എം.കെ. അംഗമായിരുന്നു. ഡി.എം.കെയുടെ മന്ത്രിസഭയിലെ പ്രാതിനിധ്യത്തിന്റെ പേരിലാണ് ഐ. കെ. ഗുജ്റാള്‍ മന്ത്രിസഭയുടെ പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചത്. ദേവഗൗഡ മന്ത്രിസഭയിലും ഗുജ്റാള്‍ മന്ത്രിസഭയിലും തമിഴ്നാട്ടിലെ പ്രദേശികകക്ഷിയായ ഡി.എം.കെ. വളരെ നിര്‍ണായകമായ ശക്തിയായിരുന്നു. തുടര്‍ന്നുവന്ന 1998-ലെ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ. പിന്തുണയ്ക്കുന്ന ബി.ജെ.പി. മുന്നണിയാണ് അധികാരത്തില്‍ വന്നത്. 18 എം.പിമാരുള്ള കക്ഷി എന്ന നിലയില്‍ വാജ്പേയി മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ എ.ഐ.എ.ഡി.എം.കെയ്ക്കു ലഭിച്ചിരുന്നു. എന്നാല്‍ അധികകാലം എന്‍.ഡി.എയില്‍ തുടരാന്‍ ജയലളിത തയ്യാറായില്ല. വാജ്പേയി മന്ത്രിസഭയ്ക്കെതിരേയുള്ള അവിശ്വാസപ്രമേയത്തിനനുകൂലമായി വോട്ടു ചെയ്ത എ.ഐ.എ.ഡി.എം.കെയുടെ നിലപാട് ഒന്നുകൊണ്ടു മാത്രമാണ് ആ സര്‍ക്കാര്‍ നിലംപതിച്ചത്. കേന്ദ്രത്തില്‍ ഇങ്ങനെ സര്‍ക്കാരുകള്‍ മാറിമാറിവരുമ്പോഴും തമിഴ്നാട്ടിലെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ യാതൊരു പ്രശ്നവുമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ കേന്ദ്രഭരണത്തില്‍ തമിഴ് കക്ഷികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും മാറിമാറി സ്വാധീനം ചെലുത്തുകയും നിര്‍ണായകശക്തികളായി മാറിക്കൊണ്ടിരിക്കുകയും ചെയ്തു.

ജയലളിതയെ ലക്ഷ്യംവെച്ച് രാഷ്ട്രീയമായും നിയമപരമായും വളരെയധികം നീക്കങ്ങള്‍ കരുണാനിധി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്നു. 1996-ല്‍ കളര്‍ ടിവി അഴിമതിക്കേസില്‍ ജയലളിതയെ അറസ്റ്റു ചെയ്ത് ഒരു മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാന്‍ കരുണാനിധിക്കായി. ആ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയ്ക്കാണ് 1998-ലെ ലോകസഭാ തിരഞ്ഞെടുപ്പുണ്ടായത്. ആ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയം ജയലളിതയുടെ പേരിലുള്ള കേസുകള്‍ അവരുടെ ജനപിന്തുണ നഷ്ടപ്പെടുത്തുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു.

ഒരു സംഘം എ.ഐ.എ.ഡി.എം.കെ. നേതാക്കള്‍ എന്നെ കാണാന്‍ അനുവാദം ചോദിച്ചുകൊണ്ട് കത്തു നല്കിയതായി സെക്രട്ടറി ഷീലാപ്രിയയില്‍നിന്നും അറിഞ്ഞു. ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. സംഘത്തിലെ ആളുകളുടെ പേരുകളും നല്കിയിരുന്നു. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതാക്കന്മാര്‍ ഗവര്‍ണറെ കാണാന്‍ അനുവാദം ചോദിക്കുന്നത് വളരെ സ്വാഭാവികമായിരുന്നു. സന്ദര്‍ശനത്തിന് ഉചിതമായ സമയം തീരുമാനിച്ച് അനുമതി നല്കാന്‍ നിര്‍ദേശിച്ചു. രാവിലെ 11 മണിക്ക് സന്ദര്‍ശനസമയമായപ്പോള്‍ സംഘം രാജ്ഭവനിലെത്തി. സംഘത്തില്‍ പേരു നല്കിയവരില്‍ ജയലളിത മാത്രമാണുള്ളതെന്നും എന്നാല്‍ അനുമതി നല്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ശശികല ജയലളിതയുടെ കൂടെ വന്നിട്ടുള്ളതായും പി.എ. അറിയിച്ചു. അനുമതി നല്കിയ പേരുകാര്‍ മാത്രമേ തന്നെക്കാണാന്‍ വരേണ്ടതുള്ളൂ. അതിനാല്‍ ജയലളിതയ്ക്കു മാത്രമേ അനുമതി നല്കാന്‍ കഴിയുകയുള്ളൂവെന്ന് ഞാനറിയിച്ചു. അല്പസമയത്തിനകം കൈയില്‍ പല നിറങ്ങളിലുള്ള പൂക്കളുള്ള ഒരു ബൊക്കെയുമായി നിറഞ്ഞ ചിരിയോടെ ജയലളിത മാത്രം കടന്നുവന്നു. ശശികലയ്ക്ക് അനുമതി നിഷേധിച്ചതില്‍ എന്തെങ്കിലും ഒരു മാറ്റം ആ മുഖത്തുണ്ടായിരുന്നില്ല. പതിഞ്ഞ സ്വരത്തില്‍ നിര്‍ത്തിനിര്‍ത്തിയുള്ള സംസാരം. ഇടയ്ക്കൊക്കെ തമിഴ് പറയുന്നുണ്ടെങ്കിലും നല്ല തെളിഞ്ഞ ഇംഗ്ലീഷ് ഭാഷയിലാണ് സംസാരം. ഇംഗ്ലീഷിലുള്ള അവരുടെ പ്രാവീണ്യം വ്യക്തമാക്കുന്നതായിരുന്നു ആ സംഭാഷണം.

കരുണാനിധിസര്‍ക്കാരിന്റെ ജനദ്രോഹനടപടികളും അഴിമതിയും ക്രമസമാധാനത്തകര്‍ച്ചയും എണ്ണമിട്ടു നിരത്തിയ ഒരു വലിയ നിവേദനവും അവര്‍ സമര്‍പ്പിച്ചു. ജീവിതത്തില്‍ നിരവധി വേഷങ്ങള്‍ പകര്‍ന്നാടിയ ഒരു സ്ത്രീയാണ് മുന്നില്‍ ഇരിക്കുന്നതെന്ന തോന്നല്‍ തന്നിലുണ്ടായെങ്കിലും അവരില്‍ അത്തരത്തില്‍ യാതൊരു ഭാവഹാവാദികളുമില്ല. കേന്ദ്രത്തില്‍ ഭരണം കൈയടക്കുന്ന മുന്നണിയിലെ പ്രമുഖ കക്ഷിയുടെ അധ്യക്ഷ എന്ന നിലയില്‍ ഈ സന്ദര്‍ശനത്തിനു വലിയ രാഷ്ട്രീയപ്രാധാന്യമുണ്ടെന്ന് എനിക്കറിയാമായിരുന്നു. മാത്രമല്ല, സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ വല്ലാത്ത മാധ്യമശ്രദ്ധയാകര്‍ഷിക്കാന്‍ ഈ സന്ദര്‍ശനം ഇടയാക്കും. അതിനാല്‍ത്തന്നെ ഈ സന്ദര്‍ശനത്തിന്റെ തുടര്‍ചലനങ്ങള്‍ അടുത്ത കുറച്ചു ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് ഷീലാപ്രിയ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

പ്രതീക്ഷിച്ചതുപോലെ ജയലളിത ഓഫീസില്‍നിന്നിറങ്ങിയതും എല്ലാ തരത്തിലുള്ള മാധ്യമങ്ങളും അവരുമായി സംസാരിക്കുന്നതിനായി രാജ്ഭവനു മുന്നില്‍ കാത്തുനില്ക്കുന്നുണ്ടായിരുന്നു. അന്നത്തെ ടിവി വാര്‍ത്തകളിലും പിറ്റേന്നത്തെ പത്രവാര്‍ത്തകളിലും ജയലളിതയുടെ സന്ദര്‍ശനം വലിയ പ്രാധാന്യത്തോടെ സ്ഥാനം പിടിച്ചു. ശശികലയ്ക്ക് അനുമതി നിഷേധിച്ചത് വലിയ വാര്‍ത്തയാക്കുമെന്ന് വിചാരിച്ചെങ്കിലും അത് ഒരു പത്രത്തിലും വന്നില്ല. ഷീലാപ്രിയയുടെ പബ്ലിക് റിലേഷനിലുള്ള മികവാണ് ഇതിനു പിന്നിലെന്ന് പിന്നീടാണ് മനസ്സിലായത്.

ജയലളിതയുടെ സന്ദര്‍ശനത്തിനു ഞാന്‍ മനസ്സിലാക്കാത്ത ഒരു തലമുണ്ടെന്ന് പിറ്റേദിവസത്തെ ഷീലാപ്രിയയുമായുള്ള മീറ്റിങ്ങിലാണ് മനസ്സിലായത്. ജയലളിത നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ കരുണാനിധിസര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിടുമെന്നുള്ള തരത്തില്‍ പത്രവാര്‍ത്തകളും ടിവി ചര്‍ച്ചകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വന്നുകൊണ്ടിരുന്നു. കേന്ദ്രസര്‍ക്കാരിലുള്ള തന്റെ കക്ഷിയുടെ സ്വാധീനംവെച്ച് ജയലളിതയ്ക്ക് അത് നിഷ്പ്രയാസം കഴിയുമെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാല്‍ കേന്ദ്രത്തില്‍നിന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരുതരത്തിലുള്ള ആശയവിനിമയവും നടന്നില്ല.

പത്രമാധ്യമങ്ങളിലെ ചര്‍ച്ചയുടെയും രാഷ്ട്രീയമായി എ.ഐ.എ.ഡി.എം.കെ. നടത്തുന്ന നീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് ആ വര്‍ഷത്തെ തമിഴ്നാട് നിയമസഭാസമ്മേളനം ആരംഭിക്കുന്നത്. നിയമസഭയിലെ എന്റെ പ്രസംഗത്തിനു ശേഷം കരുണാനിധിയുമായി അല്പനേരം സംഭാഷണത്തിലേര്‍പ്പെട്ടു. 1999-ലെ നിയമസഭാസമ്മേളനത്തിനു മുന്‍പ് കരുണാനിധിസര്‍ക്കാരിനെ പിരിച്ചുവിടുമെന്ന പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടയില്‍ എന്റെയും കരുണാനിധിയുടെയും കൂടിക്കാഴ്ചയും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയെക്കുറിച്ച് ചീഫ് സെക്രട്ടറി തയ്യാറാക്കിത്തരുന്ന പ്രസംഗം അതേപടി വായിക്കുക എന്നതാണ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന്റെ രീതി. സ്വാഭാവികമായും ഭരിക്കുന്ന സര്‍ക്കാര്‍ ചെയ്യുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാനുദ്ദേശിക്കുന്നതുമായ കാര്യങ്ങളും സര്‍ക്കാരിന്റെ ഗുണഗണങ്ങളും അക്കമിട്ടു നിരത്തുന്നതായിരിക്കും ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം. പിരിച്ചുവിടല്‍ചര്‍ച്ച നടക്കുന്നതിനിടയില്‍ ഈ തരത്തിലുള്ള നയപ്രഖ്യാപനം ഗവര്‍ണര്‍ നടത്തിയപ്പോള്‍ ജയലളിതയുടെ നീക്കങ്ങള്‍ ലക്ഷ്യം കാണുകയില്ലെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഇത്തരത്തില്‍ എന്തെങ്കിലും നീക്കം ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും എന്നാല്‍ കേന്ദ്രഗവണ്‍മെന്റില്‍ ശക്തമായ സമ്മര്‍ദം ചെലുത്തി എന്നോട് സംസ്ഥാന സര്‍ക്കാരിനെക്കുറിച്ച് ഒരു റിപ്പോര്‍ട്ടാവശ്യപ്പെടാന്‍ ജയലളിത ശ്രമിക്കുന്നതായി ഷീലാപ്രിയ അറിയിച്ചു. ഗവര്‍ണര്‍ എന്ന നിലയില്‍ ഇതൊക്കെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതിലുപരി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മാത്രമല്ല, പരമാവധി വാര്‍ത്തകളില്‍നിന്നും മാറിനില്ക്കാനും ശ്രമിച്ചു.
അധികം താമസിയാതെ കേന്ദ്രത്തിലെ വാജ്പേയി സര്‍ക്കാരിനുള്ള പിന്തുണ എ.ഐ.എ.ഡി.എം.കെ. പിന്‍വലിച്ചു. 1999 ഏപ്രില്‍ 17ന് വിശ്വാസവോട്ടെടുപ്പില്‍ ഒറ്റ വോട്ടിന്റെ നഷ്ടത്തില്‍ എന്‍.ഡി.എ. മന്ത്രിസഭ നിലംപതിച്ചു.

1997 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കാലത്തില്‍നിന്നും വ്യത്യസ്തമായി ഡി.എം.കെ. ബി.ജെ.പി
യോടൊപ്പം എന്‍.ഡി.എയിലും എ.ഐ.എ.ഡി.എം.കെ. കോണ്‍ഗ്രസ്സിനൊപ്പം യു.പി.എയിലും അണിചേര്‍ന്നു. ഏകദേശം തുല്യമായ സീറ്റുകള്‍ നേടി രണ്ടു കക്ഷികളും തങ്ങളുടെ സ്വാധീനം തെളിയിച്ചു. ഡി.എം.കെ. രണ്ടു സീറ്റുകള്‍ കൂടുതല്‍ നേടി. ഡി.എം.കെയുടെ പിന്തുണയോടെ വാജ്പേയി വീണ്ടും പ്രധാനമന്ത്രിയായി. ഇതോടുകൂടി പിരിച്ചുവിടല്‍ചര്‍ച്ചയും ഞാനും വാര്‍ത്തകളില്‍നിന്നും മാഞ്ഞുപോയി. ലോകസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒപ്പത്തിനൊപ്പമുള്ള വിജയം ജയലളിതയെയും കരുണാനിധിയെയും കൂടുതല്‍ മത്സരോന്മുഖമാക്കിയതായി മനസ്സിലായി. പക്ഷേ, സാധാരണയില്‍നിന്നും വ്യത്യസ്തമായി ഗവര്‍ണര്‍ എന്ന നിലയ്ക്ക് എന്റെ ഇടപെടല്‍ ആവശ്യമുള്ള യാതൊന്നും സംഭവിക്കുന്നില്ല. അടുത്തു വരാനിരിക്കുന്ന സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ എന്ന നിലയില്‍ കരുണാനിധി സര്‍ക്കാരിന്റെ നയപ്രഖ്യാപനമായി ഞാന്‍ നടത്തിയ പ്രസംഗത്തില്‍ നിറയെ ആനുകൂല്യങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാമെന്ന വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ജയലളിതയുടെ നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെ. നടത്തിക്കൊണ്ടിരുന്നത്.

തിരഞ്ഞെടുപ്പുഫലപ്രഖ്യാപനം വലിയ ആകാംക്ഷയോടെയാണ് ശ്രദ്ധിച്ചുകൊണ്ടിരുന്നത്. എക്സിറ്റ്പോളുകളും സര്‍വേകളും സമ്മിശ്രഫലങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തങ്കവും ഷീലാപ്രിയയും കൂടെത്തന്നെയുണ്ട്. മിന്നിമറിയുന്ന മത്സരഫലങ്ങളും തത്സമയവിലയിരുത്തല്‍ ചര്‍ച്ചകളും
യാതൊരു ആശങ്കയ്ക്കും വകയില്ലാത്തവിധത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ വിജയം ഉറപ്പിച്ചുകൊണ്ടേയിരുന്നു. 234-ല്‍ 196 സീറ്റു നേടിക്കൊണ്ട് എ.ഐ.എ.ഡി.എം.കെ. അധികാരത്തില്‍ വന്നിരിക്കുന്നു.

ജയലളിതയുടെ പാര്‍ട്ടിയുടെ വിജയം ഗവര്‍ണര്‍ എന്ന നിലയ്ക്ക് തനിക്ക് ചില ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. ജയലളിതയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നിഷേധിച്ചിട്ടുണ്ട്. താന്‍സി (TANSI) ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു വര്‍ഷം ശിക്ഷിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ ജയലളിതതന്നെയായിരിക്കും മുഖ്യമന്ത്രി എന്ന തരത്തിലാണ് പാര്‍ട്ടി പ്രചാരണം നടത്തിയത്. ആ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് വിജയം നേടാന്‍ പാര്‍ട്ടിക്കു കഴിഞ്ഞതും. വിജയം നേടിയ കക്ഷികളുടെ എം.എല്‍.എമാര്‍ എന്തു തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങളെല്ലാം. ഇന്ത്യന്‍ ഭരണഘടനയോടും അതിലൂടെ ഇന്ത്യയിലെ ജനങ്ങളോടുമാണ് എന്റെ ബാധ്യത. അത് ഏതൊരു സാഹചര്യത്തിലും വീഴ്ച കൂടാതെ നിര്‍വഹിക്കുകതന്നെ ചെയ്യും. ഗവണ്‍മെന്റ് രൂപീകരണത്തിനുള്ള നടപടികള്‍ എന്തെല്ലാമാണ് വേണ്ടതെന്നുവെച്ചാല്‍ തയ്യാറാക്കാന്‍ ഷീലാപ്രിയയോടു പറഞ്ഞു.

പിന്നീട് കാലത്ത് ജയലളിതയും നേതാക്കന്മാരും കാണാന്‍ അനുവാദം ചോദിക്കുകയും പതിനൊന്നു മണിക്ക് സമയം അനുവദിക്കുകയും ചെയ്തു. പതിവിനു വിപരീതമായി പത്രമാധ്യങ്ങളുടെ വലിയൊരു പടതന്നെ രാജ്ഭവനു ചുറ്റുമുണ്ടായിരുന്നു. ഞാനും ജയലളിതയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു സാക്ഷിയാവാന്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതി നല്കിയിരുന്നു. നിറഞ്ഞ ചിരിയും കൈയില്‍ ബൊക്കെയുമായി കടന്നുവരുന്ന ജയലളിതയുടെ ചുവടുകള്‍ക്ക് വല്ലാത്ത ആവേശവും അഭിമാനവും ഉള്ളതായി തോന്നി. എ.ഐ.എ.ഡി.എം.കെ. മുന്നണിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തന്നെ തിരഞ്ഞെടുത്തുകൊണ്ടുള്ള കത്തും മറ്റാരെയും തിരഞ്ഞെടുക്കില്ലെന്നു കാണിച്ചുകൊണ്ട് എം.എല്‍.എ മാര്‍ ഒപ്പിട്ട കത്തും ജയലളിത എനിക്കു കൈമാറി. ഔദ്യോഗികനടപടികള്‍ തുടര്‍ന്നുണ്ടാവുമെന്ന് പറഞ്ഞുകൊണ്ട് ഞാനവ ഷീലാപ്രിയയ്ക്കു കൈമാറി. തൊഴുകൈകളോടെ എഴുന്നേറ്റ ജയലളിത നിറഞ്ഞ ചിരിയോടെ പരിവാരസമേതം പുറത്തേക്കു നടന്നു.

ജയലളിത പോയതിനു ശേഷം പത്രമാധ്യമങ്ങള്‍ എന്റെ പ്രതികരണത്തിനായി കാത്തുനില്ക്കുന്നതായി ഷീലാപ്രിയ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തീരേ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഷീലാപ്രിയയുടെ അഭിപ്രായം വേറൊന്നായിരുന്നു. പത്രക്കാരെ കണ്ട് എന്റെ നിലപാട് എന്താണെന്ന് വിശദീകരിക്കുന്നത് നന്നായിരിക്കുമെന്ന് ഷീല അഭിപ്രായപ്പെട്ടു. ഒരു വലിയ പടതന്നെയുണ്ടായിരുന്നു. എല്ലാവര്‍ക്കുമറിയേണ്ടത് മുഖ്യമന്ത്രിസ്ഥാനമേല്ക്കാനുള്ള ജയയുടെ അവകാശവാദത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ്. ഇന്ത്യന്‍ ഭരണഘടനയുടെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തില്‍ സാഹചര്യങ്ങളുടെ എല്ലാ വശവും പഠിച്ച് വേണ്ടതു ചെയ്യുമെന്നു മാത്രം പറഞ്ഞു. തുടരത്തുടരെ പല ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. പക്ഷേ, ഒന്നിനും മറുപടി പറയരുതെന്ന് തീരുമാനിച്ചിരുന്നു. കാരണം, തീരുമാനമെടുക്കാന്‍ ഒരുപാടാവര്‍ത്തി ചിന്തിക്കേണ്ടതുണ്ട്.

ജീവിതത്തില്‍ നിര്‍ണായകമായ തീരുമാനങ്ങളെടുക്കേണ്ട പല ഘട്ടങ്ങളും ഇതിനു മുന്‍പുണ്ടായിട്ടുണ്ട്. മൂന്നു കാര്യങ്ങളാണ് അത്തരം സാഹചര്യങ്ങളില്‍ ചെയ്യാറ്. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് എല്ലാ തലത്തിലുമുള്ള വിവരങ്ങള്‍ ശേഖരിച്ച് നോട്ടു തയ്യാറാക്കി അതിന്റെയടിസ്ഥാനത്തില്‍ തീരുമാനം കുറിച്ചുവെക്കും. ദൈവത്തെയും അത്തയെയും അമ്മയെയും മനസ്സില്‍ ധ്യാനിക്കും. തീരുമാനത്തിന്റെ വരുംവരായ്കകള്‍ ദൈവത്തില്‍ സമര്‍പ്പിക്കുന്നതിനായി സുന്നത്ത് നമസ്‌കരിക്കും. ഇതുതന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. എനിക്കിതിന് അധികസമയമൊന്നും വേണ്ടതില്ല. മന്ത്രിസഭ രൂപീകരിക്കാന്‍ ജയലളിതയെത്തന്നെയാണ് ക്ഷണിക്കേണ്ടത്. എന്റെ തീരുമാനം ഉണ്ടാക്കാന്‍ പോവുന്ന കോളിളക്കങ്ങള്‍ ഇപ്പോഴേ മുന്നില്‍ കാണാന്‍ കഴിയുന്നുണ്ട്. പക്ഷേ, ദൗത്യനിര്‍വഹണത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ അത്തരം സങ്കീര്‍ണതകള്‍ക്കൊന്നും കഴിയില്ല.

ഷീലാപ്രിയ വളരെ നേരത്തേ രാജ്ഭവനില്‍ അവരുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്. വല്ലാതെ പരിക്ഷീണയായി തോന്നി. ഉത്സാഹത്തോടെയും ആത്മവിശ്വാസത്തോടെയും പെരുമാറാനുള്ള ഷീലാപ്രിയയുടെ രീതികള്‍ക്കു മങ്ങലേറ്റപോലെ. അരികില്‍ വിളിച്ച് കാര്യം തിരക്കി. ജയലളിത വന്നുപോയതിനു ശേഷം വിവിധ തലങ്ങളില്‍നിന്നും പല തരത്തിലുള്ള പ്രതികരണങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് ഷീല പറഞ്ഞു.
പരാജയപ്പെട്ട കക്ഷികളും പൊതുതാത്പര്യമുള്ളവരും ജയലളിതയെ മുഖ്യമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നവരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും ഗവര്‍ണറുടെ തീരുമാനം എന്താണെന്നറിയാന്‍ ഷീലാപ്രിയയെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തലേദിവസം ഉറങ്ങാന്‍ അനുവദിക്കാതെ നിരന്തരമായ ഫോണ്‍കോളുകളായിരുന്നു. ഗവര്‍ണറുടെ തീരുമാനത്തില്‍ സെക്രട്ടറിയുടെ ഉപദേശത്തിനുള്ള പങ്ക് വളരെ വലുതായിരിക്കുമെന്നു വിശ്വസിക്കുന്ന എല്ലാവരും സമ്മര്‍ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

തിരഞ്ഞെടുപ്പുഫലം വന്നതുമുതല്‍ ദൃശ്യമാധ്യമങ്ങള്‍ ഗവര്‍ണറുടെ തീരുമാനം എന്തായിരിക്കുമെന്നതിനെക്കുറിച്ച് അതെന്തായാലും സംഭവിക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ചര്‍ച്ചകളും സംവാദങ്ങളും പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. പത്രമാധ്യമങ്ങള്‍ എഡിറ്റോറിയലുകളും ലേഖനങ്ങളും വാര്‍ത്തകളും കൊണ്ട് തങ്ങളുടെ പേജുകള്‍ നിറച്ചു. എല്ലാ കണ്ണുകളും രാജ്ഭവനിലേക്കും ഗവര്‍ണറിലേക്കുമായി. ഇവയല്ലൊം ആദ്യം വന്നുതറയ്ക്കുന്നത് ഷീലാപ്രിയയിലാണ്. അതിന്റെ പ്രതിഫലനമാണ് ഷീലാപ്രിയയുടെ പെരുമാറ്റത്തില്‍ കണ്ടത്. പക്ഷേ, അവരുടെ ധൈര്യത്തിനും തന്റേടത്തിനും യാതൊരു കുറവും സംഭവിച്ചിട്ടില്ല.

ജയലളിത എന്നെ സന്ദര്‍ശിച്ചു മടങ്ങിയിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. വേണമെങ്കില്‍ തീരുമാനമെടുക്കാന്‍ ഒന്നോ രണ്ടോ ദിവസം സമയമെടുക്കാം. പക്ഷേ, ചില കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കുന്നത് കാര്യങ്ങള്‍ വഷളാകാന്‍ ഇടയാക്കും. പ്രത്യേകിച്ച് ഇതുപോലെയുള്ള സങ്കീര്‍ണമായ സാഹചര്യങ്ങളില്‍. അതിനാല്‍ ജയലളിതയെ വിളിച്ച് അന്നുതന്നെ സത്യപ്രതിജ്ഞാച്ചടങ്ങ് നടത്താന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ ഷീലാപ്രിയയോടു പറഞ്ഞു. വൈകുന്നേരം ഏതു സമയത്തും സത്യപ്രതിജ്ഞാച്ചടങ്ങു നടത്തണമെന്ന രാജ്ഭവനില്‍നിന്നുള്ള അറിയിപ്പു ലഭിച്ച ജയലളിത ആറു മണിക്കുതന്നെ എത്തി. രാജ്ഭവനിലെ ഹാളില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ നിരവധി പ്രമുഖരും ഉണ്ടായിരുന്നു. സിദ്ധാര്‍ഥ ശങ്കര്‍ റായി, ജി.കെ. മൂപ്പനാര്‍, ഇ.വി.കെ.എസ്. ഇളങ്കോവന്‍, ഡോ.എസ്. രാമദാസ്, ടി.ടി.വി. ദിനകരന്‍ തുടങ്ങിയ നേതാക്കളോടൊപ്പം ജയലളിതയുടെ തോഴി ശശികലയും എത്തി. ഡി.എം.കെ. നേതാക്കളാരും ചടങ്ങിനെത്തിയില്ല. ശബ്ദമുഖരിതമായ ഹാള്‍ തനിക്ക് വലിയ അസഹ്യതയുണ്ടാക്കി. നിശ്ശബ്ദത പാലിക്കാന്‍ മൈക്കിലൂടെ അഭ്യര്‍ഥിച്ചപ്പോള്‍ എല്ലാ ശബ്ദകോലാഹങ്ങളും നിലച്ചു. കടുത്ത പച്ചനിറത്തിലുള്ള സാരിയണിഞ്ഞ് ജയലളിത വേദിയിലേക്കു വന്നു. ദേശീയഗാനത്തെത്തുടര്‍ന്ന് സത്യപ്രതിജ്ഞാച്ചടങ്ങിലേക്കു കടന്നു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ജയലളിതയ്ക്കു പിന്നാലെ സി. പൊന്നയ്യന്‍, തമ്പി ദുരൈ, ഡി. വിജയകുമാര്‍, അയ്യരു വണ്ടയാര്‍, ആര്‍. സരോജ എന്നീ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

രാജ്ഭവന്‍ അങ്കണത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ പത്രക്കാര്‍ പ്രതികരണത്തിനു കാത്തുനിന്നെങ്കിലും പ്രത്യേകിച്ചൊന്നും പറയാനില്ലാത്തതിനാലും അസാധാരണമായി ഒന്നും ചെയ്തിട്ടില്ലാത്തതിനാലും അവരെ കാണേണ്ടെന്നുവെച്ചു. സംസ്ഥാനമൊട്ടാകെ ആഹ്ലാദത്തിമിര്‍പ്പില്‍ മുങ്ങിപ്പൊങ്ങുന്ന കാഴ്ചയാണ് ടിവിയില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. രാത്രിഭക്ഷണത്തിന് ഷീലാപ്രിയയും കൂടെയുണ്ടായിരുന്നു.
തുടര്‍ദിവസങ്ങളില്‍ എന്റെ തീരുമാനത്തിന്റെ സാധുതയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞുനിന്നു. ജയലളിതയെ ക്ഷണിച്ചതില്‍ രാഷ്ട്രീയമായി ഡി.എം.കെയ്ക്ക് എതിര്‍പ്പുണ്ടെങ്കിലും കരുണാനിധി ആ നടപടിയില്‍ യാതൊരു തരത്തിലുള്ള വ്യക്തിപരമായ എതിര്‍പ്പും പ്രകടിപ്പിച്ചില്ല. വ്യക്തിപരമായി എനിക്കെതിരെ ഒരു പരാമര്‍ശവും നടത്തിയില്ല. മാത്രമല്ല, ഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുകയോ രാഷ്ട്രപതിയോടു പരാതിപ്പെടുകയോ ചെയ്യില്ലെന്ന് കരുണാനിധി വ്യക്തമാക്കി. തീരുമാനം ശരിയെന്ന് ജുഡീഷ്യറിയിലെയും രാഷ്ട്രീയത്തിലെയും പ്രഗല്ഭരും തലമുതിര്‍ന്നവരുമായ നിരവധി പേര്‍ പ്രത്യക്ഷമായും വ്യക്തിപരമായും എന്നെ അറിയിച്ചു. ചര്‍ച്ചകളും വിവാദങ്ങളും തന്നെ ബാധിക്കുന്നവയല്ലെന്ന ചിന്തയാണ് എപ്പോഴുമുണ്ടായിരുന്നത്.

ജീവിതത്തിലെ ദുഃഖം നിറഞ്ഞ ദിവസങ്ങളിലൊന്നാണ് മേയ് 21. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കറുത്ത ഏടുകളിലൊന്നായ രാജീവ്ഗാന്ധിവധത്തിന്റെ വാര്‍ഷികമാണിന്ന്. ഭീകരവിരുദ്ധദിനമായി ആചരിക്കുന്ന ഇന്ന് രാജ്ഭവനില്‍ ഭീകരവിരുദ്ധപ്രതിജ്ഞ സംഘടിപ്പിച്ചിട്ടുണ്ട്. ഷീലാപ്രിയയുടെ നേതൃത്വത്തില്‍ ജീവനക്കാരെല്ലാം എത്തിയിട്ടുണ്ട്. ചടങ്ങുകഴിഞ്ഞ് രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാഷ്ട്രീയമായി യാതൊരു ബന്ധവുമില്ലെങ്കിലും രാജീവ്ഗാന്ധിയും ഇന്ദിരാഗാന്ധിയും എന്നും പ്രിയപ്പെട്ടവര്‍തന്നെയായിരുന്നു. അവരുടെ ദാരുണകൊലപാതകം തനിക്കെന്നും ദുഃഖകരം തന്നെയാണ്.

ചെന്നൈ കോര്‍പ്പറേഷനിലെ ചില കൗണ്‍സ്ലര്‍മാര്‍ കാണാന്‍ വന്നിട്ടുണ്ട്. എല്ലാവരും എ.ഐ.എ.ഡി.എം.കെ. അംഗങ്ങളാണ്. കോര്‍പ്പറേഷന്‍ മേയറും കരുണാനിധിയുടെ മകനുമായ സ്റ്റാലിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഭരണസമിതി നടത്തുന്ന അഴിമതിയും ക്രമവിരുദ്ധനടപടികളും വിശദമായി പ്രതിപാദിക്കുന്ന ഒരു നിവേദനം അവര്‍ സമര്‍പ്പിച്ചു. വിവിധ പദ്ധതികളിലായി 200 കോടിയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇത് സത്യത്തില്‍ വാര്‍ത്ത സൃഷ്ടിക്കുക എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നുമായിരുന്നില്ല. ഒരു ഗവര്‍ണര്‍ ഒരിക്കലും ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ടതില്ല. അതിനാല്‍ത്തന്നെ ഈ നീക്കത്തിനു പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുള്ളതായി തോന്നുന്നു. ഈ തോന്നല്‍ ഷീലാപ്രിയയുമായി പങ്കുവെച്ചപ്പോള്‍ ഷീലയും അതു ശരിവെച്ചു.

1996-ല്‍ ജയലളിതയ്ക്കെതിരേ നിരവധി കേസുകള്‍ ചുമത്തി അറസ്റ്റു ചെയ്തതും മുപ്പതു ദിവസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചതും ഷീലാപ്രിയ തന്നോടു പറഞ്ഞു. സൗജന്യവിതരണത്തിനുള്ള കളര്‍ ടിവി വാങ്ങിയതിലും സാഫ് ഗെയിംസ് നടത്തിപ്പിലും കൊടൈക്കനാലിലെ പ്ലസന്റ് സ്റ്റേ ഹോട്ടലിന് അനുമതി നല്കിയതിലുമെല്ലാം ജയലളിതയും കൂട്ടാളികളും വന്‍ അഴിമതി നടത്തി സാമ്പത്തികനേട്ടമുണ്ടാക്കി എന്നതായിരുന്നു കേസ്. ഇതിനെത്തുടര്‍ന്ന് ജയലളിതയുടെ വീടും ഓഫീസും സംസ്ഥാനത്തിനു പുറത്തുള്ള ഓഫീസുകളും റെയ്ഡ് ചെയ്ത് കണക്കില്ലാത്ത സ്വര്‍ണവും പണവും മറ്റു വില കൂടിയ വസ്തുക്കളും പിടിച്ചെടുത്തിരുന്നു. മാത്രമല്ല, റെയ്ഡ് നടക്കുന്ന സമയത്ത് എല്ലാം തത്സമയം പ്രക്ഷേപണം ചെയ്യാന്‍ സണ്‍ ടിവിക്ക് അനുമതി നല്കുകയും ചാനല്‍ അത് തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇത് ജയലളിതയില്‍ വലിയ പ്രതികാരചിന്ത ഉണ്ടാക്കിയിരിക്കാനിടയുണ്ടെന്നും അതിനാല്‍ കരുണാനിധിക്കും കൂട്ടര്‍ക്കുമെതിരേ ജയലളിത ചില നീക്കങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും ഷീലാപ്രിയ സൂചിപ്പിച്ചു. പ്രതികാരനടപടി ശരിയല്ലെന്ന് അതു കേട്ടപ്പോള്‍ത്തന്നെ തനിക്കു തോന്നി. വ്യക്തിപരമായി തേജോവധം ചെയ്ത എതിരാളികള്‍ക്കെതിരേ ഒരു പ്രതികാരനടപടിയും ഉണ്ടാവില്ലെന്ന് ആദ്യ പത്രസമ്മേളനത്തില്‍ ജയലളിത വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാലും അത്തരത്തിലൊരു നീക്കമുണ്ടാവരുതെന്ന് ജയലളിതയെ ഉപദേശിക്കണമെന്ന് എനിക്കു തോന്നി.

നിയമസഭയുടെ ആദ്യസമ്മേളനം മേയ് 25 ന് നടക്കുകയാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. ഡി.എം.കെ. ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികള്‍ നിരത്തിക്കൊണ്ടുള്ള ദീര്‍ഘമായ പ്രസംഗം മുഴുവന്‍ വായിച്ചുതീര്‍ത്തു. നിയമസഭാ കോംപ്ലെക്സിലെ ചേമ്പറില്‍വെച്ച് ജയലളിതയുമായി അല്പനേരം സംസാരിച്ചു. രാഷ്ട്രീയ എതിരാളികളോട് പ്രത്യേകിച്ച്, കരുണാനിധിയോട് മാന്യമായും ബഹുമാനപൂര്‍വവും പെരുമാറണമെന്നും യാതൊരു പ്രതികാരനടപടികളും സ്വീകരിക്കരുതെന്നും സൂചിപ്പിച്ചു. അത്തരത്തില്‍ യാതൊരു നീക്കവും തന്നില്‍നിന്നുണ്ടാവുകയില്ലെന്ന് അവര്‍ ചിരിച്ചുകൊണ്ട് മറുപടി നല്കി.

ഐ.എ.എസ്. ഉദ്യോഗസ്ഥന്മാരെയും പോലീസോഫീസര്‍മാരെയും സ്ഥലംമാറ്റിക്കൊണ്ടും മാറ്റി നിയമിച്ചുകൊണ്ടും നിരവധി ഉത്തരവുകള്‍ എന്റെ മുന്നില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഒരു സര്‍ക്കാര്‍ മാറിവരുമ്പോള്‍ സാധാരണയായി സംഭവിക്കാറുള്ളതാണ്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. കരുണാനിധി നിയമസഭയില്‍ ഹാജരാവുന്നില്ല എന്നതൊഴിച്ചാല്‍ കാര്യങ്ങള്‍ സാധാരണനിലയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ജൂണ്‍ 30 ശനിയാഴ്ച പുലര്‍ച്ചെ പേഴ്സണല്‍ സ്റ്റാഫിലെ സലീമിന്റെ അസമയത്തുള്ള ഫോണ്‍വിളി തന്നെ തെല്ലൊന്നമ്പരപ്പിച്ചിരുന്നു. പക്ഷേ, ഷീല പങ്കുവെച്ച കാര്യങ്ങള്‍ കേട്ടപ്പോള്‍ ആ അമ്പരപ്പ് വല്ലാത്തൊരു ഞെട്ടലിനാണ് വഴിമാറിയത്. കരുണാനിധിയെയും കേന്ദ്രമന്ത്രിമാരായ ടി.ആര്‍. ബാലു, മുരശൊലിമാരന്‍ എന്നിവരെയും വീട്ടില്‍നിന്നു പിടിച്ചിറക്കി ജയിലിലടച്ചിരിക്കുന്നു. സണ്‍ ടിവിയിലെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന രംഗങ്ങള്‍ അസാധാരണവും അപലപനീയവുമാണെന്നു തോന്നി. കരുണാനിധിയെപ്പോലെയുള്ള ഒരു മുതിര്‍ന്ന നേതാവിനെ അസമയത്ത് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ കിടപ്പുമുറിയില്‍നിന്നും അറസ്റ്റു ചെയ്തു കൊണ്ടുപോവുകയെന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ളതാണ്. ജനപ്രതിനിധികള്‍ക്കുള്ള നിയമപരിരക്ഷ പരിഗണിക്കാതെയാണ് മൂവരെയും അറസ്റ്റു ചെയ്തിരിക്കുന്നത്. ഒരു സിനിമയിലെ പ്രതികാരരംഗംപോലെയാണ് കാര്യങ്ങള്‍ അനുഭവപ്പെട്ടത്.

ഷീലാപ്രിയ നേരത്തേ ഓഫീസിലെത്തി. ഔദ്യോഗികമായി ഗവര്‍ണറുടെ ഓഫീസ് ചെയ്യേണ്ടതെന്തെല്ലാമാണെന്ന് കൂടിയാലോചിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ചോദിക്കേണ്ടതുണ്ടെങ്കില്‍ ആവാമെന്ന് തീരുമാനിച്ചു. വ്യക്തിപരമായി ജയലളിതയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചാനലുകളില്‍ അറസ്റ്റും തുടര്‍നടപടികളും മാത്രമായിരുന്നു കാണിച്ചുകൊണ്ടിരുന്നത്. ജഡ്ജിയുടെ ചേമ്പറില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിരുന്ന കരുണാനിധിയെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗവര്‍ണര്‍ എന്ന പദവിയിലിരുന്നുകൊണ്ട് നേരിട്ടു പോവുകയെന്നത് സാധ്യമല്ല.

രാജ്യത്തിന്റെ മൊത്തം ശ്രദ്ധ തമിഴ്നാട്ടിലേക്കായി. കേന്ദ്ര കാബിനറ്റും ദേശീയനേതൃത്വവും വളരെ ഗൗരവത്തിലാണ് കാര്യങ്ങള്‍ എടുത്തിട്ടുള്ളത്. ചാനലുകളിലൂടെ ഡല്‍ഹിയിലെ തിരക്കുപിടിച്ച കൂടിക്കാഴ്ചകളും പരാമര്‍ശങ്ങളുമെല്ലാം കേട്ടപ്പോള്‍ കാര്യത്തിന്റെ പോക്ക് മറ്റൊരു ദിശയിലേക്കാണെന്നു തോന്നി. ഉച്ചയായപ്പോള്‍ സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്നുള്ള സന്ദേശം ലഭിച്ചു. ഇത്തരമൊരു റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയില്‍നിന്നും ആവശ്യപ്പെടാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതോടൊപ്പംതന്നെ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഒരു റിപ്പോര്‍ട്ട് നല്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നെന്നും അറിയാന്‍ കഴിഞ്ഞു.

പിറ്റേദിവസം ജൂലായ് ഒന്ന് ഞായറാഴ്ച ഒന്‍പതു മണിക്കു മുന്‍പ് ഗവര്‍ണറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെ ഏതു കാര്യത്തെക്കുറിച്ചും ഗവര്‍ണര്‍ക്കു വിവരം ലഭിക്കണമെങ്കില്‍ അത് സംസ്ഥാന ചീഫ് സെക്രട്ടറിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെ തലവന്‍ എന്ന അര്‍ഥത്തില്‍ അതിന്റെ കീഴില്‍ വരുന്ന സംവിധാനമുപയോഗിച്ചല്ലാതെ ഗവര്‍ണര്‍ക്ക് ഒരു കാര്യവും ചെയ്യാന്‍ കഴിയുകയില്ല. അങ്ങനെ എന്തെങ്കിലും മാര്‍ഗം അവലംബിക്കാനുള്ള യാതൊരു സംവിധാനവും രാജ്ഭവനു സ്വന്തമായിട്ടില്ല.

രാജ്യത്തിന്റെ ശ്രദ്ധയത്രയും എന്നിലേക്കു കേന്ദ്രീകരിച്ചിരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെതായി പുറത്തു വന്നുകൊണ്ടിരിക്കുന്ന പരാമര്‍ശങ്ങളും അഭിപ്രായങ്ങളും ഒരു ഭാഗത്ത്. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നുവരെ കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. സംസ്ഥാന ഗവര്‍ണറോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിക്കുകയും ചെയ്തിരിക്കുന്നു. സ്വാഭാവികമായും ചര്‍ച്ചകളുടെയും വാര്‍ത്തകളുടെയും കേന്ദ്രബിന്ദു ഗവര്‍ണറും രാജ്ഭവനുമായിത്തീര്‍ന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രാജ്ഭവനുമായി ബന്ധപ്പെടുന്നതിന് യാതൊരു നീക്കവുമുണ്ടായില്ല. അതിനാല്‍ത്തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.


Content Highlights: Justice Fathima Beevi, Jayalalitha, International Women Justice Day, Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented