ടി.ജെ.എസ് ജോര്‍ജിന്റെ 'നാടോടിക്കപ്പലില്‍ നാലുമാസം'


മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജ് 1952 ല്‍ ചരക്കുകപ്പലില്‍ നടത്തിയ വിദേശ യാത്രയെക്കുറിച്ചെഴുതിയ 'നാടോടിക്കപ്പലില്‍ നാലുമാസം' എന്ന പുസ്തകത്തില്‍ നിന്നും.

-

ര്‍മനിയില്‍ ആഹ്ലാദഭരിതമായ ഏഴു ദിവസം ചെലവാക്കിയതിനുശേഷം ഒരര്‍ധരാത്രിയില്‍ കലജന്ന വീണ്ടും യാത്രയാരംഭിച്ചു. ഹാര്‍ബര്‍ വിടുമ്പോള്‍ മറ്റൊരു കപ്പലുമായി അവള്‍ ഉരസാനിടയായി. പക്ഷേ, ആപത്തൊന്നും ഉണ്ടായില്ല. യൂറോപ്പില്‍ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കു പോവുക എന്നത് മണിക്കൂറുകള്‍ക്കിടയില്‍ സാധിക്കുന്ന കാര്യമാണ്. എത്ര ചെറുരാജ്യങ്ങളാണിവിടെ ചിതറിക്കിടക്കുന്നത്. ജര്‍മനിയില്‍നിന്ന് ഹോളണ്ടിലേക്കുള്ള കപ്പല്‍യാത്ര ഏതാനും മണിക്കൂറുകളേ നീണ്ടുനിന്നുള്ളൂ. ഒരു തിങ്കളാഴ്ച പ്രഭാതത്തില്‍ ഞങ്ങള്‍ ഹോളണ്ടിലെ പേരുകേട്ട തുറമുഖത്തെത്തി.

ഞങ്ങളുടെ പ്രോഗ്രാമിലെ ഏറ്റവും മനോഹരമായ നഗരം റോട്ടര്‍ഡാമായിരുന്നു. ശുചിത്വമെന്താണെന്ന് ഡച്ചുകാര്‍ക്കറിയാം. അവരുടെ വീടുകള്‍, റോഡുകള്‍, പാര്‍ക്കുകള്‍ എന്നിവയൊക്കെ അങ്ങേയറ്റം വെടിപ്പുള്ളവയായിരുന്നു. നഗരം കാണാന്‍ എന്നെ ഒരു സ്റ്റേഷന്‍ വാഗണില്‍ കയറ്റിക്കൊണ്ടുപോയ ചെറുപ്പക്കാരന്‍ പറഞ്ഞു: 'മറ്റൊരു രാജ്യക്കാര്‍ക്കും ഞങ്ങളോളം ശുചിത്വമില്ല!' എനിക്കു സമ്മതിച്ചുകൊടുക്കേണ്ടിവന്നു. ഒരു പ്രത്യേക തെരുവിലെത്തിയപ്പോള്‍ അവിടെയുള്ള ഫ്‌ളാറ്റുകള്‍ ശ്രദ്ധിച്ചു നോക്കാന്‍ എന്നോടയാള്‍ പറഞ്ഞു. ആ ഫ്‌ളാറ്റുകള്‍ക്കെല്ലാംതന്നെ പ്രഭുത്വമട്ടുണ്ട്. മനോഹരമായ കര്‍ട്ടനുകളിട്ട വലിയ കണ്ണാടിജനാലകളില്‍ നിറപ്പകിട്ടുള്ള പൂച്ചെടികള്‍ വെച്ചിരിക്കുന്നു. ഡച്ചുകാര്‍ക്കു പൂക്കളോട് അമിതമായ പ്രേമമുണ്ട്.

ഈ ഫ്‌ളാറ്റുകള്‍ തൊഴിലാളികളുടെതാണെന്ന് ഊന്നിപ്പറഞ്ഞശേഷം ആ ചെറുപ്പക്കാരന്‍ തുടര്‍ന്നു: 'ഇവിടെ ഓരോ തൊഴിലാളിയും സംതൃപ്തനാണ്. അതിനാല്‍ ഞങ്ങള്‍ക്ക് കമ്യൂണിസമൊന്നും വേണ്ട. പക്ഷേ, ഞങ്ങള്‍ ഒരു ഡെമോക്രസിയാണ്. അതുകൊണ്ട് അമേരിക്ക ചെയ്യുമ്പോലെ ഞങ്ങള്‍ കമ്യൂണിസത്തെ അടിച്ചമര്‍ത്തുന്നില്ല.' ഡച്ചുകാര്‍ക്ക് അവരുടെ രാജ്ഞിയോട് തീക്ഷ്ണമായ സ്‌നേഹാദരങ്ങളുണ്ട്. അതുകൊണ്ടുകൂടിയാവാം രാജവാഴ്ചയ്‌ക്കെതിരായ തത്ത്വസംഹിതകള്‍ അവരെ ആകര്‍ഷിക്കാത്തത്. ബ്രിട്ടീഷുകാര്‍ അവരുടെ രാജ്ഞിയെ ഒരു വ്യക്തിയെന്ന നിലയിലല്ല, സിംഹാസനത്തിന്റെയും രാജവാഴ്ചയുടെയും പ്രതീകമെന്ന നിലയിലാണ് സ്‌നേഹിക്കുന്നതെന്ന് ഡച്ചുകാരെ കണ്ടപ്പോഴെനിക്കു തോന്നിപ്പോയി. ജൂലിയാനാ രാജ്ഞിയെപ്പറ്റി ഒരു ബസ്സുയാത്രയ്ക്കിടയില്‍ കിട്ടിയ പരിചയക്കാരന്‍ ഇങ്ങനെയാണു പറഞ്ഞത്: 'ഓ! രാജ്ഞി ഞങ്ങളിലൊരാളാണ്. നിങ്ങളെയവര്‍ കാണുന്നെന്നിരിക്കട്ടെ, നിങ്ങളുടെ പുറത്തു തട്ടിക്കൊണ്ടു നിങ്ങളുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കാര്യമവര്‍ ചോദിക്കും.'

ഞങ്ങളുടെ ബട്‌ലര്‍ തന്റെ കഴിഞ്ഞ യാത്രയില്‍ ഇവിടെ അഞ്ചുമാസക്കാലം താമസിച്ചിരുന്നു. അയാള്‍ അന്നു ജോലി ചെയ്തിരുന്ന കപ്പല്‍ റോട്ടര്‍ഡാമിലെത്തിയപ്പോള്‍, 'ഡ്രൈഡോക്കില്‍' കയറി, അറ്റകുറ്റങ്ങള്‍ ശരിപ്പെടുത്താന്‍. ആ നീണ്ട മാസങ്ങള്‍ക്കിടയില്‍ ഒരു ബാറുടമസ്ഥനുമായി അയാള്‍ അടുത്തു പരിചയപ്പെടുകയുണ്ടായി. അങ്ങോട്ടു ഞാനും ബട്‌ലറും ഒരു സായാഹ്നത്തില്‍ യാത്രയായി. ഞങ്ങള്‍ക്കു പല ട്രാമുകളും മാറിക്കയറേണ്ടിവന്നു; ലക്ഷ്യത്തിലെത്തിച്ചേരാന്‍ വളരെ സമയമെടുത്തു. ആ മദ്യശാലയിലെത്താന്‍ എത്ര നേരം വേണമെങ്കിലും യാത്രചെയ്യാനൊരുക്കമായിരുന്നു ബട്‌ലര്‍. മുന്‍പവിടെ താമസിച്ചപ്പോള്‍ ആ ബാര്‍ നടത്തുന്ന കുടുംബവുമായി വളരെയടുത്തുകഴിഞ്ഞിരുന്നല്ലോ. ആ കുടുംബത്തിലെ ഒരംഗമാണ് താനെന്ന് ബട്‌ലര്‍ പറഞ്ഞു.

ആ കുടുംബത്തെ ആര്‍ക്കും ഇഷ്ടപ്പെടാതെ വയ്യെന്ന് എനിക്കും തോന്നി. കൂറ്റനും പ്രസന്നവദനനുമായ പപ്പ. അത്രതന്നെ തടിച്ച, പുഞ്ചിരി തൂകുന്ന മമ്മ, ബെറ്റി ഹട്ടണെ അനുസ്മരിപ്പിക്കുന്ന സെറാ (അവള്‍ ആയിടെ വിവാഹിതയായിക്കഴിഞ്ഞിരുന്നു), ശരീരത്തില്‍ പിടിച്ചുകയറി മുന്‍കാലുകള്‍ നമ്മുടെ കഴുത്തില്‍ ചുറ്റും കെട്ടിപ്പിണച്ചിട്ട് ചുണ്ടില്‍ത്തന്നെ ചുംബിക്കുന്ന റൂബിയെന്ന പൂച്ച... ഇവരാണ് ആ കുടുംബത്തിലെ അംഗങ്ങള്‍.

ഞങ്ങളവിടെച്ചെന്നപ്പോള്‍ മറ്റൊരു യുവതിയെയും കാണാനിടയായി. പോളണ്ടുകാരിയാണ്. യുദ്ധകാലത്ത് ജര്‍മന്‍കാര്‍ അവളെ തടവുകാരിയാക്കി. ഒരു വെടിക്കോപ്പു ഫാക്ടറിയില്‍ അവള്‍ക്കു പണിയെടുക്കേണ്ടിവന്നു. ഇപ്പോള്‍ വിവാഹം കഴിച്ച് റോട്ടര്‍ഡാമില്‍ താമസിക്കുകയാണ്. ഒരു ശിശുവിനെപ്പോലെ പൊട്ടിച്ചിരിച്ചിരുന്ന ഈ പെണ്‍കുട്ടി ഞങ്ങളെ ആകര്‍ഷിച്ചു. ബാറിന്റെ നടുനായകമായി വിളങ്ങിയത് സെറാതന്നെയാണ്. തമാശകള്‍ പറഞ്ഞും പാട്ടു പാടിയും തുടര്‍ച്ചയായി സംസാരിച്ചും അവള്‍ എല്ലാവരെയും വശീകരിച്ചു. ഞങ്ങള്‍ ആ കഫേക്ക് ഒരു പുതിയ പേരിട്ടു, 'സെറായുടെ കഫേ.'

bal
വര ബാല്‍ താക്കറെ

സെറായുടെ പപ്പ, മീന്‍പിടിത്തത്തിന് തനിക്കു കിട്ടിയിട്ടുള്ള കപ്പുകളും മെഡലുകളും ഞങ്ങളെ കാണിച്ചു. എന്നിട്ടദ്ദേഹം ഒരു കഥ പറഞ്ഞു. കറുത്ത കണ്ണടയും ഫെസ് തൊപ്പിയും ധരിച്ച് അടുത്തൊരു സായാഹ്നത്തില്‍ അദ്ദേഹം പുറത്തിറങ്ങാനിടയായി. റോഡില്‍ എത്തിയപ്പോള്‍ ആരോ വിളിച്ചുപറഞ്ഞു: 'ഹേ! അതാ ഫറൂക്ക് രാജാവു പോകുന്നു!' നിമിഷനേരംകൊണ്ട് ഒരുപറ്റം യുവതികള്‍ അദ്ദേഹത്തിന്റെ കൈയില്‍ വന്നു തൂങ്ങി, ഫറൂക്ക് രാജാവുമായി അല്പദൂരം നടന്നെന്നു വരുത്താന്‍വേണ്ടി. പപ്പ ഈ കഥ മൂന്നാവര്‍ത്തി പറഞ്ഞു. ഒടുവിലദ്ദേഹം ഫെസ് തൊപ്പിയും കറുത്ത കണ്ണടയുമണിഞ്ഞു ഞങ്ങളുടെ മുന്‍പില്‍ വന്നുനിന്നു. ഫറൂക്കിനോട് പപ്പയ്ക്ക് അസാമാന്യ സാദൃശ്യമുണ്ടായിരുന്നു.

സന്തോഷഭരിതമായ ഏതാനും മണിക്കൂറുകള്‍ അവിടെ കഴിച്ചുകൂട്ടിയപ്പോള്‍ ആ കുടുംബത്തിലെ ഒരംഗമാണ് ഞാനെന്ന് എനിക്കും തോന്നി. വിദേശിയായ എന്നോട് ഇത്രയേറെ സ്‌നേഹം കാണിക്കുന്ന ഒരു കുടുംബം റോട്ടര്‍ഡാമിലുണ്ടാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പോളണ്ടുകാരി ഒട്ടേറെ ചോക്കലേറ്റുകളും ടോഫികളും മധുരപലഹാരങ്ങളും ഞങ്ങളുടെ മേല്‍ വര്‍ഷിച്ചു. എല്ലാവര്‍ക്കും കൈ നല്കിക്കഴിഞ്ഞശേഷം അര്‍ധരാത്രി കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. നഗരം ഉറങ്ങുകയായിരുന്നു.

പക്ഷേ, നഗരത്തിന്റെ ഒരു മൂല ഉണര്‍ന്നിരിക്കുകയാണെന്നു വളരെ വേഗം ഞങ്ങള്‍ കണ്ടുപിടിച്ചു. ഇരുവശത്തും നിരനിരയായി മദ്യശാലകളുള്ള ചൈനാ ടൗണായിരുന്നു ഈ മൂല. ഒരുമണിക്ക് ഇവ അടച്ചുപൂട്ടും. അതു കഴിഞ്ഞാല്‍ നിരത്തിലാകെ ബഹളമാണ്. ഒരു കെട്ടിടത്തിന്റെ മുന്‍പില്‍ കുപിതയായ ഒരു സ്ത്രീ തന്റെ ഹൈഹീല്‍ഡ് ഷൂകൊണ്ട് ഒരുത്തനെ അടിക്കുന്നതു കണ്ടു. മറ്റൊരു ഭാഗത്ത് ഒരു മുതുക്കിയും ഒരു മീശ കുരുക്കാത്ത ചെറുപ്പക്കാരനുംകൂടി കെട്ടിപ്പിണഞ്ഞുകൊണ്ട് വേച്ചുവേച്ചു പോകുന്നു. കീറിപ്പൊളിഞ്ഞ കുപ്പായമണിഞ്ഞ ഒരാള്‍ 'അവനെവിടെ?' എന്നട്ടഹസിക്കുന്നു. തന്നെ ആക്രമിച്ചവനെ തിരക്കുകയാണയാള്‍. യൂറോപ്യന്‍ നാവികരും ആഫ്രിക്കന്‍ നാവികരും ചൈനീസ് നാവികരും ഇന്ത്യന്‍ നാവികരും ഡച്ചുപെണ്ണുങ്ങളെ ഓടിച്ചിട്ടു പിടിക്കുന്നു. എങ്ങും വ്യഭിചാരത്തിന്റെ അഴിഞ്ഞാട്ടമാണ്. റോട്ടര്‍ഡാമിന്റെ ഈ മൂല ബോംബെയിലെ ഗ്രാന്‍ഡ് റോഡ്-ഫൊറാസ് റോഡ് സ്ഥാപനങ്ങളെ അനുസ്മരിപ്പിച്ചു.

ഹേഗിലും ആംസ്റ്റര്‍ഡാമിലും പോകണമെന്നു ഞാനാഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ചരക്കുകപ്പലില്‍ യാത്ര ചെയ്യുന്നവന് യഥേഷ്ടം നാടു കാണാനൊക്കുകയില്ല. ഏതൊരു നിമിഷത്തിലും കപ്പല്‍ വിട്ടുപോയെന്നുവരും. ഹോളണ്ടില്‍നിന്നും ബെല്‍ജിയത്തിലേക്കാണ് ഞങ്ങള്‍ പോയത്. ഒരൊറ്റ രാത്രി മാത്രമേ കലജന്ന യാത്ര ചെയ്തുള്ളൂ. നേരം വെളുത്തു തുടങ്ങുമ്പോള്‍ ആന്‍ഡ്‌വെര്‍പ്പില്‍ ഞങ്ങളെത്തിക്കഴിഞ്ഞിരുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ ആന്‍ഡ്‌വെര്‍പ്പിനെ 'കഫേകളുടെ നഗരം' എന്നു വേണമെങ്കില്‍ വിളിക്കാം. റോഡിന്റെ ഇരുവശത്തുമുള്ള ഫുട്പാത്തുകള്‍ ഉപയോഗിക്കാന്‍ കഫേ ഉടമസ്ഥന്മാരെ മുനിസിപ്പാലിറ്റി അനുവദിച്ചിട്ടുണ്ട്. ഫുട്പാത്തുകള്‍ നിറയെ ചൂരല്‍ക്കസേരകളാണ്. അവയിലിരിക്കുന്ന സ്ത്രീപുരുഷന്മാര്‍ അലസമായി ബിയറോ കാപ്പിയോ കുടിച്ചുകൊണ്ട് റോഡിലെ കാഴ്ചകള്‍ നോക്കി രസിക്കുന്നു. ഇവിടത്തെ കഫേകളെല്ലാം ചെലവേറിയവയാണ്. പക്ഷേ, പട്ടണത്തിന് അവ ഐശ്വര്യത്തിന്റെ പരിവേഷം സമ്മാനിക്കുന്നു. ആവശ്യത്തിലേറെ സമയവും പണവും ബെല്‍ജിയത്തിലെ ജനങ്ങള്‍ക്കുണ്ടെന്നു നമുക്കു തോന്നിപ്പോകും.

ആവശ്യത്തിലേറെ മദ്യശാലകളുള്ളതിനാല്‍ ഓരോ ബാറിലും വളരെക്കുറച്ചുപേരെ മാത്രമേ കാണാനായുള്ളൂ. ഈ സ്ഥിതിവിശേഷം മൂലം അകത്തു കയറുന്നവന്‍ വളരെ കരുതിയിരുന്നേ പറ്റൂ. അല്ലെങ്കില്‍ മദ്യശാലക്കാരന്‍ കബളിപ്പിച്ചുകളയും. ആന്‍ഡ്‌വെര്‍പ്പിലെ ബാറുകള്‍ ഒരു പ്രത്യേക രീതിയിലാണ് നടത്തിപ്പോരുന്നത്. നമ്മുടെ കീശ കാലിയാക്കാന്‍ മദ്യശാലയിലെ പെണ്ണുങ്ങള്‍ക്ക് അസാധാരണ വിരുതുണ്ട്. ഒളിച്ചുകളിയൊന്നുമില്ല; എല്ലാം തുറന്നുതന്നെയാണ്. വൈകുന്നേരമായാലുടന്‍ മദ്യശാലയിലെ പെണ്ണ് പുറത്തൊരു കസേര വലിച്ചിട്ടിരിക്കും. നിങ്ങളതിലേ കടന്നുപോകുമ്പോള്‍ അവള്‍ ഹൃദയഹാരിയായ ഒരു ചിരി സമ്മാനിക്കും. നിങ്ങളെ അഭിവാദ്യം ചെയ്യും. നിങ്ങള്‍ അവളൊന്നിച്ച് അകത്തു കയറുന്നു. നിങ്ങളാവശ്യപ്പെടുന്ന ബിയര്‍ അവള്‍ പുറത്തെടുക്കുന്നു.
നിങ്ങള്‍ ചുറ്റും നോക്കുന്നു. ഭംഗിയായി ഒരുക്കിയിട്ടുള്ള മുറി. ഒന്നോ രണ്ടോ സുഖപ്രദമായ സെറ്റികള്‍. വിലപിടിച്ച ഒരു കാര്‍പ്പെറ്റ്. ധാരാളം പുഷ്പങ്ങള്‍. മൂലയില്‍ ഒരു റേഡിയോഗ്രാമിരിക്കുന്നു; ഭിത്തിയില്‍ ഒന്നുരണ്ടു പെയിന്റിങ്ങുകളും. അരണ്ട പ്രകാശം മുറിയുടെ ഭംഗിക്കു മാറ്റുകൂട്ടുന്നു. നിങ്ങള്‍ക്ക് ആകപ്പാടെ ഒരു സുഖം തോന്നുന്നു.

malayattur
വര- മലയാറ്റൂര്‍ രാമകൃഷ്ണന്‍

മുറിയില്‍ ആ പെണ്ണു മാത്രമേയുള്ളൂവെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. അവള്‍ നിങ്ങളുടെയരികില്‍ സെറ്റിയില്‍ വന്നിരിക്കുന്നു.
'എനിക്കൊരു ഡ്രിങ്ക് വാങ്ങിത്തരുന്നില്ലേ, ഡിയര്‍?' അവള്‍ ചോദിക്കുന്നു.
'തീര്‍ച്ചയായും. ബിയര്‍ കുടിക്കൂ.'
'ഡിയര്‍, ഞാന്‍ പോര്‍ട്ട്‌വൈനേ കുടിക്കൂ... അല്ലെങ്കില്‍ കോന്യാക്ക്...'*
നിങ്ങള്‍ രണ്ടു 'പോര്‍ട്ട്' വരുത്തുന്നു. പക്ഷേ, അവള്‍ക്കു വാങ്ങിയ പോര്‍ട്ടിന് അഞ്ച് ഫ്രാങ്ക് വില കൂടുതലാണ്.
'ഞാനിവിടെ ജോലി ചെയ്യുന്നവളല്ലേ? എനിക്കൊരു ഡ്രിങ്ക് കിട്ടുമ്പോള്‍ അതിനൊരു കമ്മീഷനുംകൂടി ചേര്‍ത്താണ് വിലയിടുന്നത്,' അവള്‍ വിശദീകരിക്കുന്നു.
നിങ്ങള്‍ ഒരു കവിള്‍ വിഴുങ്ങുന്നതിനു മുന്‍പ്, അവള്‍ തന്റെ ഗ്ലാസ് തീര്‍ത്തുകഴിയും.
'ഗെറ്റ് മീ അനദര്‍ പോര്‍ട്ട് ഡിയര്‍! പ്ലീസ്!'
ഈ ഘട്ടത്തില്‍ ഭൂരിപക്ഷം സന്ദര്‍ശകരും സ്ഥലംവിടും.
വീണ്ടും പോര്‍ട്ട് വാങ്ങാന്‍ മടികാണിക്കുന്നതോടെ അവളുടെ
സ്‌നേഹം തണുത്തുപോകുന്നു. നിങ്ങളില്‍നിന്നും പിഴിയാവുന്നത്ര പിഴിഞ്ഞുകഴിഞ്ഞെന്നറിയുന്ന നിമിഷത്തില്‍ അവള്‍ അടവു മാറ്റും.
'റോഡിന്റെ അങ്ങേ ഭാഗത്ത് നല്ലൊരു ടെറസ്സുണ്ട്. അവിടെപ്പോയി നടന്നുനോക്കൂ.'
അല്ലെങ്കിലിങ്ങനെ പറയും: 'നാളെ വരൂ... കുറെക്കൂടി പണം കരുതണം.'
ഇത്രയൊക്കെ കേട്ടുകഴിഞ്ഞിട്ടും നിങ്ങള്‍ ഒഴിഞ്ഞുപോകുന്നില്ലെങ്കില്‍ അവള്‍ പുരികം വളച്ചുകൊണ്ടു പറയും: 'എനിക്കൊരു സുഹൃത്തിനെ കാണാനുണ്ട്. നിങ്ങള്‍ പോയാല്‍ എനിക്കു കടയടച്ചു പുറത്തു പോകാമായിരുന്നു.'
നിങ്ങള്‍ സ്ഥലംവിടുന്നു. തിരിഞ്ഞുനോക്കൂ, അവള്‍ പഴയ കസേരയിലിരിക്കുന്നതു കാണാം; അടുത്ത ഇരയെ പിടിക്കാന്‍.

ആന്‍ഡ്‌വെര്‍പ്പില്‍ വെച്ചു കണ്ട ഒരു പ്രായംചെന്ന മനുഷ്യനെ ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരു പട്ടിക്കുട്ടിയോടു സംസാരിച്ചുകൊണ്ടു നില്ക്കുകയായിരുന്നു അയാള്‍. ഞാന്‍ എനിക്കു പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു. ഒരു പഴയ സുഹൃത്തിന്റെ മട്ടില്‍ എന്റെ തോളില്‍ കൈയിട്ടുകൊണ്ട് അയാള്‍ ആ വഴി പറഞ്ഞുതന്നു.
ഒടുവിലയാള്‍ ചോദിച്ചു: 'നിങ്ങളേതു രാജ്യക്കാരനാണ്?'
'ഇന്ത്യ.'
'ഏത് ഇന്ത്യ!'
'ഏത് ഇന്ത്യ!'
'ബര്‍മയിലാണോ?'
'ഇന്ത്യ ബര്‍മയ്ക്കു പുറത്താണ്.'
'ഓ! ഫ്രഞ്ച് ഇന്ത്യ, അല്ലേ?'
'അല്ല, വെറും ഇന്ത്യ.'
'ഛെ, ഛെ! ഞാന്‍ ചോദിച്ചത് നിങ്ങള്‍ക്കു മനസ്സിലായില്ല. ആരാണതിന്റെ ഉടമസ്ഥന്മാര്‍? ഫ്രാന്‍സോ? ബ്രിട്ടണോ? ബെല്‍ജിയമല്ലെന്ന് എനിക്കറിയാം. ഞങ്ങളുടേത് ആഫ്രിക്കയാണ്.'
'ഇന്ത്യയുടെ ഉടമസ്ഥന്മാര്‍ ഞങ്ങള്‍തന്നെയാണ്. ഞങ്ങള്‍ സ്വതന്ത്രരാണ്!'
'അങ്ങനെയോ! ഛെ... ഛെ! കാലം പോയ പോക്ക്! പോസ്റ്റോഫീസിന്റെ കാര്യമല്ലേ ചോദിച്ചത്? അതാ ആ മൂലയിലാണ്... ഗുഡ്‌ബൈ.'
ഞാന്‍ പറഞ്ഞ അവിശ്വസനീയമായ വാര്‍ത്ത ആ പ്രായംചെന്ന മനുഷ്യനെ വല്ലാതെ വ്യാകുലപ്പെടുത്തിയെന്നതു തീര്‍ച്ചയാണ്.

മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജ് 1952 ല്‍ ചരക്കുകപ്പലില്‍ നടത്തിയ വിദേശ യാത്രയെക്കുറിച്ചെഴുതിയ 'നാടോടിക്കപ്പലില്‍ നാലുമാസം' എന്ന പുസ്തകത്തില്‍ നിന്നും..

ടി.ജെ.എസ് ജോര്‍ജ്എന്ന പ്രശസ്ത പത്രപ്രവര്‍ത്തകനിലെ സൂക്ഷ്മദര്‍ശിയായ എഴുത്തുകാരനെ ലോകത്തിന് ആദ്യമായി കാണിച്ചുകൊടുത്ത പുസ്തകമാണ് നാടോടിക്കപ്പലില്‍ നാലുമാസം. പ്രശസ്ത സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണനാണ്ഇംഗ്ലീഷില്‍ നിന്ന് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത്. ഫ്രീ പ്രസ് ജേണലിലെ അന്നത്തെ കാര്‍ട്ടൂണിസ്റ്റായ ബാല്‍താക്കറെയാണ്പുസ്തകത്തിനായി ചിത്രങ്ങള്‍ വരച്ചത്. തകഴി ശിവശങ്കരപ്പിള്ള അവതാരികയെഴുതിയ ഈ അപൂര്‍വ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്‌സാണ്.

Content Highlights: Journalists TJS George Malayalam travelogue

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented