ജോൺ പോൾ | ഫോട്ടോ: ജി. ശിവപ്രസാദ്
ജോള്‍ പോളിന്റെ 'എന്റെ ഭരതന്‍ തിരക്കഥകള്‍' എന്ന പുസ്തകത്തില്‍ 'ഭരതനും ജോണ്‍പോളും പിന്നെ ഞാനും' എന്ന തലക്കെട്ടില്‍ ജോര്‍ജ്ജ് കിത്തു എഴുതിയ അനുബന്ധത്തില്‍നിന്ന്;
വ്യക്തിപരമായി എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള രണ്ടു വ്യക്തികളാണ് ഭരതനും ജോണ്‍പോളും. അഡയാറിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഞാന്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന കാലംതൊട്ടു തുടങ്ങിയതാണ് ഭരതനുമായുള്ള ബന്ധം. അന്ന് ഭരതന്‍ 'പ്രയാണം' സംവിധാനം ചെയ്തിട്ടില്ല. 'പ്രയാണ'ത്തിന്റെ ജോലികള്‍ നടക്കുമ്പോള്‍ ഞാന്‍ പഠനം തുടരുകയാണ്. ഭരതന്റെ നിര്‍ബന്ധത്തിനുവഴങ്ങി ഞാന്‍ ആ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മദിരാശിയിലെത്തുമ്പോള്‍ കോടമ്പാക്കത്തെ കൊടുംവരള്‍ച്ചയില്‍ ഭരതനുമായുള്ള സൗഹൃദത്തിന്റെ (പിന്നീട് സഹപ്രവര്‍ത്തനത്തിന്റെയും) പച്ചപ്പ് മനസ്സിലെ ആര്‍ദ്രതയും കലാപരമായ ആര്‍ജവവും നഷ്ടപ്പെടാതിരിക്കുവാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
ജോണ്‍പോളുമായുള്ള ബന്ധത്തിന് അതിലേറെ പഴക്കമുണ്ട്; സെന്റ് ആല്‍ ബര്‍ട്ട്സ് കോളേജില്‍ ഞാന്‍ വിദ്യാര്‍ഥിയായിരിക്കുന്ന കാലംതൊട്ടേ... കഥയിലും കവിതയിലും കന്നി പരീക്ഷണങ്ങള്‍ക്ക് മനസ്സ് കുതിക്കുന്ന കാലം. തൊട്ടടുത്താണ് കേരള ടൈംസ് ദിനപത്രം. അതിന്റെ വാരാന്ത്യപ്പതിപ്പായ 'സത്യനാദം' പുതിയ പ്രതിഭകളോട് പ്രത്യേകമൊരലിവ് കാണിച്ചിരുന്നു. കുത്തിക്കുറിച്ച വരികളുമായി കടന്നുചെല്ലുമ്പോള്‍ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുവാന്‍ സ്നേഹം നിറഞ്ഞ മനസ്സോടെ അവിടത്തെ ഡസ്‌കില്‍ ഇന്നത്തെ എറണാകുളം എം.പി. ഡോ. സെബാസ്റ്റ്യന്‍ പോളിനോടും ഇപ്പോള്‍ അമേരിക്കയിലെ മില്‍വാക്കിയില്‍ ദൃശ്യമാധ്യമ വിഷയത്തില്‍ പ്രൊഫസറായ പീറ്റര്‍ലാലിനോടുമൊപ്പം ജോണ്‍ പോളുമുണ്ടായിരുന്നു. എം.എ. പഠനത്തിനിടയിലായിരുന്നു ജോണ്‍പോളിന്റെ പത്രപ്രവര്‍ത്തനപര്‍വം. ബി.എ. കഴിഞ്ഞു. എന്റെ മനസ്സ് സിനിമയിലേക്ക് തിരിഞ്ഞു. സംവിധാനം പഠിക്കണം. ആര്‍ക്കെങ്കിലും ശിഷ്യപ്പെട്ട് കൂടെച്ചേരാമെന്നായിരുന്നു ആദ്യചിന്ത. അതറിഞ്ഞ് എന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വഴിതിരിച്ചു വിട്ടത് ജോണ്‍പോള്‍കൂടി ചേര്‍ന്നാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവേശന ഫാറം പൂരിപ്പിച്ചു തന്നതുവരെ ജോണ്‍പോളാണ്!
ഭരതനുമായി ജോണ്‍പോളിന് നേരത്തെ പരിചയമുണ്ടായിരുന്നു. അത് ഞാന്‍ വഴിയോ, കാനായി കുഞ്ഞിരാമന്‍ വഴിയോ, അരവിന്ദേട്ടന്‍ വഴിയോ എന്നുറപ്പില്ല. ആ പരിചയം കൂടുതലടുത്ത ബന്ധമാകുന്നതിനു നിമിത്തമായത് ഞാനാണ്. ഭരതനോട് ജോണ്‍പോളിനെക്കുറിച്ചും ജോണ്‍പോളിനോട് ഭരതനെക്കുറിച്ചും എതിര്‍കക്ഷിയില്ലാത്തപ്പോള്‍ പലപ്പോഴായി ഞാന്‍ പറഞ്ഞുപറഞ്ഞ് തമ്മിലധികം കാണാതെതന്നെ അവരിരുവരും പരസ്പരം കൂടുതലടുക്കുകയായിരുന്നു.

ജഗന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഇന്നത്തെ സാഗാ അപ്പച്ചന്‍ ആദ്യമായൊരു ചിത്രം നിര്‍മിക്കുന്നു. സംവിധാനം ഭരതനായാല്‍ നന്ന് എന്നുണ്ട്. അന്ന് അപ്പച്ചന്റെ സന്തത സഹചാരിയാണ് പിന്നീട് പ്രശസ്ത തിരക്കഥാകൃത്തായി മാറിയ എസ്.എന്‍. സ്വാമി. ഇരുവരും ഭരതനെ ബന്ധപ്പെട്ടു. 'തകര'യുടെ റിലീസുമായി ബന്ധപ്പെട്ട് ഭരതന്‍ എറണാകുളത്തുണ്ട്. പതിവുപോലെ വൈകിട്ട് കണ്ടപ്പോള്‍ ഭരതന്‍ എന്നോട് ഈ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞു:
'പത്മരാജന്‍ 'ലോറി'യുടെ തിരക്കിലാണ്. പുതിയൊരു തിരക്കഥാകൃത്തായിരുന്നാല്‍ പുതിയ കാഴ്ചകളും ചിന്തകളും പങ്കിടാം. ആരുണ്ട് അറിവില്‍?'
ഭരതന്റെ ചോദ്യത്തിനു മുമ്പില്‍ ആദ്യം തെളിഞ്ഞ മുഖം ജോണ്‍പോളിന്റേതായിരുന്നു. കേട്ടപ്പോള്‍ ഭരതനും ഉത്സാഹം. അപ്പച്ചനും, സ്വാമിക്കും, ജോണ്‍ പോളിനെ അറിയാം. അന്ന് ജോണ്‍പോള്‍ എറണാകുളത്തെ കാനറാ ബാങ്കിന്റെ ബാനര്‍ജി റോഡ് ശാഖയില്‍ കാഷ്യറാണ്. അവിടെ ചെന്ന് ഞാന്‍ വൈകിട്ട് ബാങ്കില്‍നിന്നും ജോണ്‍പോളിനെ 'ദ്വാരക' ഹോട്ടലിലെ ഭരതന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കാടും പടലയും തല്ലി രാവിരുട്ടുവോളം മുറിയിലിരുന്നശേഷം ഞങ്ങള്‍ മൂവരും പുറത്തേക്കിറങ്ങി. ഒരു നടത്തമാകാം. ചെന്നെത്തിയത് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ മുത്തശ്ശി മരത്തിന്റെ ചുവട്ടില്‍. അവിടെ ആ പുല്‍ത്തകിടിയില്‍ മലര്‍ന്നുകിടന്നുകൊണ്ട് ഭരതനൊരു മോഹം പറഞ്ഞു: 'എനിക്ക് കാമ്പസ്സിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമയെടുക്കണം. യൗവനത്തിന്റെ കുതിപ്പും കിതപ്പുമുള്ള ഒരു സിനിമ.' ആ മോഹത്തിന് ചിറകുകള്‍ പാകിക്കൊണ്ട് ജോണ്‍പോള്‍ തന്റെ കാമ്പസ് ജീവിതത്തിലെ വര്‍ണാഭമായ ഓര്‍മകളിലേക്ക് ഭരതനെ കൂട്ടിക്കൊണ്ടുപോയി. പുലര്‍ച്ചയ്ക്കു മുമ്പായി മടങ്ങു മ്പോള്‍ സാമ്പ്രദായികമായ ഒരു കഥയുടെ മേലാപ്പൊഴികെ ഞങ്ങള്‍ മൂവരുടെ മനസ്സിലും ഒരു സിനിമ പിറന്നുകഴിഞ്ഞിരുന്നു.
ഭരതന്‍ പിന്നീട് പലപ്പോഴും എടുത്തുപറഞ്ഞിട്ടുള്ള ജോണ്‍പോളിന്റെ ഒരു സവിശേഷതയുമിതാണ്:
'ഒരു സ്വപ്നത്തിന്റെ പൊട്ടോ തരിയോ മനസ്സില്‍ നാമ്പെടുക്കുമ്പോള്‍ അതിനങ്ങനെ വ്യക്തതയോ പൂര്‍ണതയോ ഒന്നുമുണ്ടായിട്ടുണ്ടാവില്ല. മുറിഞ്ഞ വാക്കുകളിലൂടെ അത് സൂചിപ്പിച്ചാല്‍ അത് അതേ ലഹരിയില്‍, മിഴിവില്‍ പതിയുന്ന ഒരു മനസ്സാണ് ജോണിന്റേത്.... പിന്നെ ആ സ്വപ്നത്തിന്റെ പുറകിലൊരുമിച്ചടയിരിക്കാം. അതിന്റെ ഭ്രാന്തും തീയും നൊമ്പരവും ഒരുമിച്ച് ഒരു മനസ്സായി പങ്കിടാം.'
അന്ന് ഞങ്ങള്‍ കണ്ട സ്വപ്നമാണ് പിന്നീട് ഇന്ത്യന്‍ ഭാഷകളില്‍ ഇതുവരെ നിര്‍മിക്കപ്പെട്ട കാമ്പസ് ചിത്രങ്ങളില്‍ ഏറ്റവും മിഴിവാര്‍ന്നതെന്ന് ഞാന്‍ വിശ്വസി ക്കുന്ന 'ചാമര'മായി പിറന്നത്. ഞാന്‍ ആ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ജോണ്‍പോളിന്റെ തിരക്കഥയുമായി ആദ്യം പുറത്തുവരുന്ന സിനിമയും 'ചാമര'മാണ്.
'ചാമര'ത്തിന്റെ' നിര്‍മാണവേളയില്‍ സരസനായ അപ്പച്ചന്‍ ഭരതനെയും രാമചന്ദ്ര ബാബുവിനെയും ജോണ്‍പോളിനെയും നെടുമുടിവേണുവിനെയും പ്രതാപ് പോത്തനെയും ജോണ്‍സണെയും എഡിറ്റര്‍ സുരേഷിനെയും എന്നെയും നസീറിനെയും എല്ലാം 'അങ്കിള്‍' ചേര്‍ത്തായിരുന്നു വിളിക്കുക. ഞങ്ങളും അതൊരു ശീലമാക്കി. തിരികെ അപ്പച്ചനെ വിളിക്കുന്നതും ഞങ്ങള്‍ പരസ്പരം വിളിക്കുന്നതുമെല്ലാം അങ്കിള്‍ എന്നായി. യൂണിറ്റാകെ സര്‍വത്ര അങ്കിള്‍മയം!
'ചാമരം' കഴിഞ്ഞതോടെ അങ്കിള്‍വിളിയും പദവിയും എല്ലാവരും (എല്ലാവരേയും) ഉപേക്ഷിച്ചു. പാവം ജോണ്‍പോളിനെ മാത്രം ആ ബാധ (അതോ അലങ്കാരമോ?) വിട്ടില്ല! അതങ്ങനെ വിടാതിരുന്നതിലെ മുഖ്യപ്രതിയും ഞാന്‍തന്നെയാണ്. കുറച്ചിട കഴിഞ്ഞാണ് ഭരതനും ജോണ്‍പോളും അടുത്ത ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്... 'പാളങ്ങള്‍'. പക്ഷേ, അതിനിടയിലും വേഴ്ചയും സൗഹൃദവും അനുസ്യൂതം തുടര്‍ന്നുപോന്നിരുന്നു. പരസ്പരം കാണാത്തപ്പോള്‍ രണ്ടുപേര്‍ക്കു മിടയിലെ പൊതുഘടകം ഞാനും. ജോണ്‍പോളിനെക്കുറിച്ച് പരാമര്‍ശിക്കാനിടവരുമ്പോഴൊക്കെ പേരുപറയുന്നതിനുപകരം നാവില്‍ തെളിഞ്ഞത് 'അങ്കിള്‍' എന്ന വിശേഷണമാണ്. അതങ്ങുറച്ചു. ഭരതന്റെ നാവും ആ വഴിക്കു വഴങ്ങി. അതേറ്റുപാടാന്‍ അനേകരുണ്ടായി..... നെടുമുടി വേണു, ഗോപിയണ്ണന്‍, രാമചന്ദ്ര ബാബു, പോള്‍ബാബു, അജയന്‍, ജോണ്‍സണ്‍, നസീര്‍, സുരേഷ്... അറിഞ്ഞും അറിയാതെയും ജോണ്‍പോള്‍ മലയാള സിനിമയുടെ 'അങ്കിള്‍' ആയി അവരോധിക്കപ്പെട്ടു. പ്രായംകൊണ്ടും സ്ഥാനംകൊണ്ടും മുതിര്‍ന്ന ഒ.എന്‍.വി.യും കാവാലവുംവരെ ജോണ്‍പോളിനെ 'അങ്കിളേ' എന്നു ഇടയ്ക്കു വിളിക്കും. ഞങ്ങള്‍ക്കാര്‍ക്കും അതില്‍ പാകക്കേട് തോന്നാറില്ല; അത് അങ്ങനെത്തന്നെയല്ലേ വേണ്ടത് എന്നേ തോന്നിയിട്ടുള്ളൂ.... അതാവും ശരിയും!
.jpg?$p=fad68fb&&q=0.8)
1990ലാണ് 'മാളൂട്ടി' നിര്‍മിക്കുന്നത്; സുപ്രിയയുടെ ഹരിപോത്തനാണ് നിര്‍മാതാവ്. സഹൃദയനായ ഒരു കലാകാരന്‍കൂടിയായിരുന്നു ഹരിപോത്തന്‍. ഇറ്റലിയിലെ ഒരു ചെറുപട്ടണത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തിന്റെ അരികുപിടിച്ച് അങ്കിളിന്റെ മനസ്സില്‍ തെളിഞ്ഞ ഒരു പൊട്ട് ഭരതന്റെ മനസ്സില്‍ സംക്രമിച്ചു പടര്‍ന്നുകയറിയതായിരുന്നു പ്രമേയം. മുമ്പേ സൂചിപ്പിച്ച 'ഒരേ ഭ്രാന്ത്; ഒരേ സ്വപ്നം; ഒരേ ലഹരി....!' ഈ സാത്മീഭാവം ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ അക്ഷരംപ്രതി ശരിയായി. സാമ്പ്രദായിക സങ്കല്പങ്ങളില്‍നിന്നും പാടേ വ്യതിചലിച്ചു കൊണ്ടുള്ള ഒരു പ്രമേയമായിരുന്നുവല്ലോ 'മാളൂട്ടി'യില്‍.
രണ്ടാംപകുതിയിലാണ് കഥയുടെ നിര്‍ണായക പ്രാധാന്യമുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത്. ഒന്നാം പകുതിയുടെ ധര്‍മമാവട്ടെ അപ്രകാരം സംഭവിക്കുവാനുള്ള ഒരു പരിവൃത്തത്തിനരികിലേക്കു കഥാപാത്രങ്ങളെ കൊണ്ടുചെന്നെത്തിക്കുന്ന, ചിത്രത്തിന് ആകമാനമായ ഒരു മേലാപ്പായി വര്‍ത്തിക്കുന്ന ഒരു പ്രമേയ പശ്ചാത്തലമാവുക എന്നതും. സാധാരണഗതിയില്‍ ഏറ്റവും ദുര്‍ഘടമാകേണ്ടിയിരുന്നത് രണ്ടാംപകുതിയാണ്. പക്ഷേ ഭരതനും അങ്കിളിനും ആ ഭാഗത്തെ ഓരോ ഫ്രെയിമിനെക്കുറിച്ചും പൂര്‍ണമായ ബോധ്യവും തിട്ടവുമുണ്ടായിരുന്നു. അങ്ങനെയാകാം; ഇങ്ങനെയായാലും തെറ്റില്ല എന്ന ആശയക്കുഴപ്പം മേലാപ്പിനെക്കുറിച്ച് മാത്രമായിരുന്നു. അത് പക്ഷേ വല്ലാത്ത ഒരു പീഡനമായിരുന്നു അങ്കിളിനെ സംബന്ധിച്ചിടത്തോളം എന്നതിന് ഞാന്‍ സാക്ഷിയാണ്.
കോവളത്തെ കെ.ടി.ഡി.സി. ഗസ്റ്റ്ഹൗസിലായിരുന്നു ചര്‍ച്ച. ദിവസങ്ങളോളമിരുന്ന് ഒരു പശ്ചാത്തലം പറഞ്ഞുറപ്പിക്കും. കഥാപാത്രങ്ങള്‍, മുഹൂര്‍ത്തങ്ങള്‍, വഴികള്‍.... എല്ലാം. പിറ്റേന്ന് രാവിലെയാകുമ്പോള്‍ ഒരു സംശയം; ഒരു ബോധ്യക്കുറവ്; ഇതു മതിയോ? തീര്‍ന്നു സര്‍വതും. മൊത്തം പൊളിച്ച് വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങും. നിര്‍ഭാഗ്യവശാല്‍ അപൂര്‍വമായി വന്നുപെടാറുള്ള സന്ദേഹങ്ങളുടെ തേര്‍വാഴ്ചക്കാലമായിരുന്നു ഭരതന് അത്. ഒന്നല്ല എട്ടുതവണ ഈ പൊളിച്ചെഴുത്ത് തുടര്‍ന്നു! പലപ്പോഴും ഞാന്‍ ഭയന്നിട്ടുണ്ട്. ടെന്‍ഷന്‍ താങ്ങുവാന്‍ കഴിയാതെ അങ്കിള്‍ ഏതുനിമിഷവും ഈ പ്രൊജക്ട് ഉപേക്ഷിച്ചിട്ടിറങ്ങിപ്പൊയ്ക്കളയുമെന്ന്! ഒരു ദിവസം ഇറങ്ങിപ്പോവുകതന്നെ ചെയ്തു. പക്ഷേ, പിറ്റേന്ന് സ്വമേധയാ വന്നു. ഇത്തരമൊരു ദുര്‍ഘടമായ പ്രമേയം സിനിമയാക്കണമെന്ന് ഒരു സംവിധായകനും എഴുത്തുകാരനും മോഹിക്കുമ്പോള്‍ അതിന്റെ സാക്ഷാത്കാരത്തിനായി നെഞ്ചുവിരിച്ച് മുമ്പിട്ടിറങ്ങുവാന്‍ ചങ്കൂറ്റം കാണിച്ച നിര്‍മാതാവും നിര്‍മാതാവിന്റെ അതേ സ്പിരിറ്റോടെ റിസ്‌ക് പങ്കിടുവാന്‍ പിന്‍ബലമായി ഒപ്പം നിന്ന വിതരണക്കാരനും (ഗാന്ധിമതി ബാലന്‍) ഉണ്ട്. അവരെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വയ്യല്ലോ! ഭരതന് ഏത് ട്രീറ്റ്മെന്റാണ് വേണ്ടതെന്ന്, ശരിയെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്നില്ല.
ഇത്ര വിചിത്രമായ ഒരു ധര്‍മസങ്കടം ഒരു തിരക്കഥയുടെ പണിപ്പുരയില്‍ ഒരുപക്ഷേ, ഇങ്ങനെയിതാദ്യമാവണം. സ്വയം ബോധ്യപ്പെടുവാന്‍വേണ്ടിക്കൂടി ഭരതന്‍ തിരക്കഥാഭാഷ്യം മറ്റു പലരുമായും ചര്‍ച്ച ചെയ്തു നോക്കി. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴിയാണ് ശരിയെന്നല്ലാതെ അവരാരും ഒന്നും മറിച്ചു പറഞ്ഞുമില്ല. അങ്ങനെയങ്ങനെ ഒടുവില്‍ ഭരതനും ഹരിപോത്തനും ഗാന്ധിമതി ബാലനുംകൂടി ചേര്‍ന്നുറപ്പിച്ചതാണ് ചിത്രത്തില്‍ ഇപ്പോള്‍ കാണുന്ന കഥയുടെ മേലാപ്പ്. എനിക്കും എന്നോടൊപ്പം 'മാളുട്ടി'യില്‍ കോ-അസോസിയേറ്റായി സഹകരിച്ച ജയരാജിനും പക്ഷേ, ഇതിനുമുമ്പ് ഒരു പാര്‍പ്പിട കോളനിയുടെ പശ്ചാത്തലത്തില്‍ അങ്കിള്‍ തുന്നിയ ക്യാന്‍വാസായിരുന്നു കൂടുതല്‍ ഇഷ്ടപ്പെട്ടത്. എന്റെ ഊഹം ശരിയാണെങ്കില്‍ അങ്കിളിനിഷ്ടപ്പെട്ടതും ആ പശ്ചാത്തലമായിരുന്നിരിക്കണം. പക്ഷേ, ആത്യന്തികമായി സിനിമ സംവിധായകന്റേതാണ് എന്ന നിലപാടില്‍ എന്നും അടിയുറച്ചുനിന്നിട്ടുള്ള അങ്കിള്‍ സംവിധായകന്റെ ശരിയാണ്, സിനിമയുടെ ശരി എന്ന് സമ്മതിച്ചുകൊടുത്തതാകാം.
ഇത്തരമൊരു പ്രമേയത്തില്‍ കഥയുടെ മേലാപ്പിനേക്കാള്‍ പ്രസക്തി അതിലൂടെ വിന്യസിക്കപ്പെട്ട മനുഷ്യാവസ്ഥയ്ക്കാണ്. പതിനാറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരതനും അങ്കിളും ഹരിപോത്തനും ഗാന്ധിമതി ബാലനും പങ്കിട്ട സ്വപ്നമായിരുന്നു 'മാളൂട്ടി'. ഈയിടെ ഉത്തരേന്ത്യയില്‍ നടന്ന സമാനമായ ഒരു സംഭവവും അതിനു പിന്നീടുണ്ടായ ചലച്ചിത്ര ഭാഷ്യവും ഇന്നും ആ സങ്കല്പത്തിന് പ്രസക്തിയുണ്ടെന്നതിന് തെളിവാണ്. മേലാപ്പുകള്‍ക്കേയുള്ളൂ നിറഭേദം; സ്വരഭേദം. മനുഷ്യാവസ്ഥയ്ക്ക് സ്ഥായിയാണ് ഭാവം. അതോരോ സ്വപ്നത്തിലൂടെയും പുനര്‍വ്യാഖ്യാനത്തിനായി സ്വയം സമര്‍പ്പിക്കുകയാണ്....! മുമ്പേ നടന്നവരെ നാം നമസ്‌കരിക്കുക. ഭരതന് നന്ദി, അങ്കിളിനും.
Content Highlights: John Paul, Book excerpts, Malayalam cinema, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..