ജോ ബൈഡന്‍; ഒരു 'ബൈ ബൈ ബ്ലാക്ക്‌ബേഡി'ന്റെ പ്രസിഡണ്ടുപദത്തിലേക്കുള്ള യാത്ര


എസ്. രാംകുമാര്‍

സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും ഹീറോ ആയിരുന്നു ജോ. അവന്റെയൊപ്പമുള്ള സമയങ്ങള്‍ മറ്റുള്ളവര്‍ക്ക് ആവേശമായി. ജോയുടെ പരിമിതികളെ അവര്‍ ഗൗനിച്ചതേയില്ല. അവന്റെ വിക്കിനെ ആരും പരിഹസിച്ചില്ല. പക്ഷേ, സ്‌കൂളില്‍ അതായിരുന്നില്ല അവസ്ഥ. സക്രാന്റനിലെ സെന്റ് പോള്‍സിലാണ് ജോ പഠനം തുടങ്ങിയത്. അവിടെ അവന്‍ 'ബൈ ബൈ ബ്ലാക്ക്‌ബേഡ്' എന്ന് അറിയപ്പെട്ടു.

ജോ ബൈഡൻ| ഫോട്ടോ. എ.പി

എസ്. രാംകുമാര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജോ ബൈഡന്‍ എന്ന പുസ്തകം അമേരിക്കന്‍ പ്രസിഡണ്ട് നേരിട്ട സന്ധിയില്ലാ സമരങ്ങളും പ്രതിസന്ധികളും വ്യക്തിജീവിതവും വിവരിക്കുന്നു. പുസ്തകത്തിന്റെ ആദ്യഅധ്യായം വായിക്കാം.

വാക്കുകളുടെ കണ്ണി പൊട്ടി. അക്ഷരങ്ങള്‍ ചിതറി.
'ജ്-ജ്-ജ്...'
കുഞ്ഞു ജോ വിക്കി. സഹപാഠികള്‍ പാടുപെട്ട് അമര്‍ത്തിപ്പിടിച്ചിട്ടുള്ള ചിരിയുടെ ഞെരുക്കങ്ങള്‍ അവനു കേള്‍ക്കാം. അധ്യാപികയെ പേടിച്ചിട്ടു മാത്രമാകണം അവരതിനെ ഇനിയും തന്റെ നേര്‍ക്ക് അഴിച്ചുവിടാത്തതെന്ന് ജോ ഓര്‍ത്തു. അവന്‍ തലകുനിച്ച് പുസ്തകത്തിലേക്ക് നോക്കിനിന്നു. ആദ്യമായിട്ടല്ല ഇങ്ങനെയൊരനുഭവം. പക്ഷേ ഇത്തവണ...
'മിസ്റ്റര്‍ ബ...ബ...ബ... ബൈഡന്‍, നിങ്ങളതൊന്ന് മുഴുമിപ്പിക്കാമോ?' രക്ഷകയെന്ന് കരുതിയ അധ്യാപികതന്നെ കളിയാക്കി തുടങ്ങിയിരിക്കുന്നു!
ചുറ്റിലും ചിരിയുടെ തടയണകള്‍ ആ നിമിഷം തകര്‍ന്നുവീണു. പരിഹാസങ്ങള്‍കൊണ്ട് ക്ലാസ് റൂം നിറഞ്ഞു. തന്നെ അധിക്ഷേപിക്കാനുള്ള ലൈസന്‍സാണ് ടീച്ചര്‍ വിതരണം ചെയ്തത്. ഇതു തന്റെ ലോകമല്ലെന്ന് ജോയ്ക്ക് തോന്നി. അവന്‍ ബാഗെടുത്ത് പുറത്തേക്കിറങ്ങി. അധ്യാപിക തിരികെ വിളിച്ചെങ്കിലും പൊട്ടിച്ചിരികള്‍ക്കിടയിലൂടെ അത് എത്തേണ്ട കാതുകളില്‍ എത്തിയില്ല. ജോ തിരിഞ്ഞുനോക്കിയതുമില്ല. മെയ്ഫീല്‍ഡിലെ വില്‍സണ്‍ റോഡിലൂടെ മുഖംതാഴ്ത്തി അവന്‍ വീട്ടിലേക്കു നടന്നു.
അമ്മ വാതില്‍ക്കല്‍ കാത്തുനില്പുണ്ടായിരുന്നു. മകന്‍ അനുമതിയില്ലാതെ ക്ലാസില്‍ നിന്നിറങ്ങിപ്പോയെന്ന വിവരം സ്‌കൂളില്‍നിന്ന് അവനെക്കാള്‍ മുന്‍പ് വീട്ടിലെത്തി.

'ജോ, എന്തൊക്കെയാണിത്? എന്താണ് സംഭവിച്ചത്?' അമ്മയുടെ ചോദ്യത്തില്‍ ദേഷ്യം കലര്‍ന്നിരുന്നു.
നടന്ന കാര്യങ്ങളൊക്കെ ജോ പറയാന്‍ തുടങ്ങി. സാധാരണയുള്ള വിക്കിന് പുറമേ സഹിക്കാന്‍ പറ്റാത്ത വിഷമംകൂടിയായപ്പോള്‍ വാക്കുകള്‍ക്കു വേണ്ടി അവന് വല്ലാതെ കഷ്ടപ്പെടേണ്ടിവന്നു.
പാഠഭാഗങ്ങള്‍ കുട്ടികളെക്കൊണ്ട് ഉറക്കെ വായിപ്പിക്കുന്ന പതിവുണ്ട് ക്ലാസില്‍. മറ്റുള്ളവരെപ്പോലെ എളുപ്പത്തില്‍ തനിക്ക് നാക്ക് വഴങ്ങില്ലെന്ന് ജോയ്ക്ക് അറിയാം. ഊഴം നോക്കി ഏതു ഭാഗമാണ് വായിക്കേണ്ടിവരികയെന്ന് കണക്കുകൂട്ടി, തലേന്നുതന്നെ തയ്യാറെടുപ്പ് നടത്തിയാണ് അവന്‍ അതുവരെ പിടിച്ചുനിന്നത്. പാഠങ്ങള്‍ പല കുറി വായിച്ച് മനസ്സില്‍ പതിപ്പിക്കും. എവിടെയാണ് ഘര്‍ഷണമെന്നു നോക്കി,
ആ വാക്കുകള്‍ ഉച്ചരിക്കാന്‍ പ്രത്യേക താളമുണ്ടാക്കും.
അന്നേ ദിവസം പക്ഷേ, പരിശീലനങ്ങളെല്ലാം പാഴായി.
'സര്‍ വാള്‍-ട്ടര്‍ റാല്‍-ലീഫ് വാസ് എ ജന്റ്-ഇല്‍-മാന്‍...'
വായിച്ചുതീര്‍ത്തിടത്ത് ഹാവൂ, രക്ഷപ്പെട്ടെന്നോര്‍ത്ത് നില്ക്കുമ്പോഴാണ് ടീച്ചര്‍ ഇടപെട്ടത്.
'ജോ, എന്താണിപ്പോള്‍ വായിച്ചത്? ആ വാക്ക് ചേര്‍ത്തുപറയൂ'
കുടുങ്ങി. കീഴടക്കാന്‍ കഴിയാത്ത കൊടുമുടിപോലെ 'ജന്റില്‍മാന്‍' എന്ന വാക്ക് പുസ്തകത്തില്‍നിന്ന് എഴുന്നുവന്നു. ജോ അതിനു മുന്നില്‍ പകച്ചുപോയി. ഇല്ല, എന്തു ചെയ്തിട്ടും നാക്ക് വഴങ്ങിക്കൊടുത്തില്ല. മനഃപാഠമാക്കിയ താളം മറന്നുപോയി. പരിഹാസങ്ങള്‍ക്ക് വിധേയനാവുകതന്നെ വിധി. അമ്മയോട് എല്ലാം പറഞ്ഞുതീരുമ്പോഴേക്കും ജോയുടെ കണ്ണുകള്‍ നിറഞ്ഞു.
പിറ്റേന്ന് വെളുക്കാന്‍ കാത്തുനിന്നില്ല; അപ്പോള്‍ത്തന്നെ അമ്മ അവനെ കൂട്ടി സ്‌കൂളിലേക്ക് തിരിച്ചു. നേരെ പ്രധാനാധ്യാപികയുടെ അടുത്തേക്ക്. നഗരത്തിലെ പ്രമുഖ കാത്തലിക് സ്‌കൂളാണത്. പഠിപ്പിക്കുന്നവരെല്ലാം കന്യാസ്ത്രീകള്‍. തികഞ്ഞ വിശ്വാസിയായ ജോയുടെ അമ്മയ്ക്ക് സഭാചിഹ്നങ്ങളോടു വേണ്ട കുറഞ്ഞ മര്യാദകള്‍പോലും ആ നിമിഷം ബോധത്തില്‍ വന്നില്ല.
ജോയുടെ അധ്യാപികയായ കന്യാസ്ത്രീ ഒന്നും സംഭവിക്കാത്തതുപോലെ മുന്നില്‍ വന്നുനില്ക്കുന്നു.
'നിങ്ങള്‍ എന്റെ മകനെ കളിയാക്കിയോ?' അമ്മ ചോദിച്ചു.
അതിനുള്ള ഉത്തരത്തില്‍ സ്വയം ന്യായീകരിക്കാനാണ് അധ്യാപിക ശ്രമിച്ചത്. അതോടെ വാദിഭാഗത്തിന്റെ ഭാവം പിന്നെയും രൂക്ഷമായി. താക്കീതിന്റെ കനമുള്ള ശബ്ദത്തില്‍ ജോയുടെ അമ്മ പറഞ്ഞു, 'ഒരിക്കല്‍ക്കൂടി ഇങ്ങനെ ഉണ്ടായെന്നറിഞ്ഞാല്‍ നിങ്ങളുടെ ശിരോവസ്ത്രത്തോട് അവശേഷിക്കുന്ന ബഹുമാനവും ഞാന്‍ മറക്കും.'

ജോയെ തിരിച്ച് ക്ലാസിലാക്കിയാണ് അമ്മ പോയത്. അങ്ങനെ ആ അധ്യായം കഴിഞ്ഞു.
അല്ലെങ്കിലും പരസ്പരബഹുമാനത്തെക്കുറിച്ച് അമ്മ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്, കൊടുക്കുന്ന കാര്യത്തിലായാലും കിട്ടുന്ന കാര്യത്തിലായാലും അതിന്റെ വില വലുതാണെന്ന്.
'ജോ, നീ ബൈഡനാണ്. ആരും നിന്നെക്കാള്‍ കേമനല്ല. മറ്റുള്ളവരെക്കാള്‍ മികച്ചവനാണെന്ന് നീയും അഹങ്കരിക്കരുത്,' അമ്മ പഠിപ്പിച്ചു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ജോ ബൈഡന് ആത്മവിശ്വാസം പകര്‍ന്ന പാഠം.

വിക്കിനെ എങ്ങനെ മറികടക്കാം? ഇക്കാര്യത്തില്‍ ജോ ഗവേഷണം നടത്തുന്ന കാലമായിരുന്നു അത്. ആരോ പറഞ്ഞു, നാഡീവ്യൂഹം ചുരുങ്ങുന്നതുകൊണ്ട് മുഖത്തെ പേശികള്‍ മരവിക്കുന്നതാണ് സംസാരവൈകല്യത്തിന് കാരണമെന്ന്. അതിനുശേഷം ജോ മണിക്കൂറുകളോളം കണ്ണാടിക്ക് മുന്നില്‍നിന്ന് തന്നോടുതന്നെ സംസാരിക്കാന്‍ തുടങ്ങി. ഓരോ വാക്കുകള്‍ പറയുമ്പോഴും മുഖത്തു വരുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കും. അതുപോലെ എന്തൊക്കെ പരീക്ഷണങ്ങള്‍. എങ്ങനെയെങ്കിലും ഈ പ്രശ്‌നമൊന്ന് പരിഹരിക്കണമെന്നു മാത്രമായി ചിന്ത. കുടുംബത്തിന് നന്ദി; ജോയുടെ പരിശ്രമങ്ങള്‍ക്കത്രയും ഊര്‍ജസ്രോതസ് മാതാപിതാക്കളും സഹോദരങ്ങളും ആയിരുന്നു.
പെനിസില്‍വാനിയയിലെ സ്‌ക്രാന്റനില്‍ ഒന്നാംതരം പാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ ജീവിച്ചുപോന്ന സാധാരണ കാത്തലിക് കുടുംബമായിരുന്നു അത്. വര്‍ഷം 1942; നവംബര്‍ മാസത്തിലെ 20-ാം ദിവസമാണ് ജോസഫ് ബൈഡന്‍- കാഥറിന്‍ യുജീന ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞു പിറന്നത്. അച്ഛന്റെ പേരുതന്നെ മകനും നല്കി; ജോസഫ് ആര്‍. ബൈഡന്‍. സ്‌നേഹത്തോടെ മാതാപിതാക്കള്‍ അവനെ ജോ എന്ന് വിളിച്ചു. രണ്ടു വര്‍ഷത്തിനുശേഷം അവന് അനിയത്തിയുണ്ടായി; വലേറി ബൈഡന്‍.

അക്കാലത്ത് ബന്ധുവായ ബില്‍ ഷീനിന്റെ ഷീന്‍ ആര്‍മര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു സീനിയര്‍ ബൈഡന്‍. ബില്‍ ഷീനിന്റെ മകന്‍ ബില്‍ ജൂനിയറുമായി ബൈഡന്‍ ആത്മബന്ധം പുലര്‍ത്തിപ്പോന്നു. കമ്പനിയുടെ പുതിയ ബ്രാഞ്ച് ബോസ്റ്റണില്‍ ആരംഭിച്ചപ്പോള്‍ യുവതലമുറയ്ക്കാണ് നടത്തിപ്പുചുമതല കിട്ടിയത്. പുതിയ സാമ്രാജ്യം, ആവോളം സ്വാതന്ത്ര്യം. ബോസ്റ്റണില്‍ സുഹൃത്തുക്കള്‍ രണ്ടുപേരും ആഡംബരപൂര്‍വം ജീവിതം ആസ്വദിച്ചു. കാശിന് യാതൊരു പഞ്ഞവുമില്ലാത്ത കാലം, പക്ഷേ, ഏറെയൊന്നും മുന്നോട്ട് പോയില്ല. രണ്ടാം ലോകയുദ്ധത്തിന്റെ സാമ്പത്തികാഘാതങ്ങള്‍ അമേരിക്കന്‍ ഉള്‍നാടുകളിലേക്കും എത്തിത്തുടങ്ങി. ബിസിനസ് ഗ്രാഫ് താഴേക്ക് വളഞ്ഞു. ആഡംബരത്തിനു പോയിട്ട് നിത്യച്ചെലവുകള്‍ക്ക് പോലും കമ്പനി വരുമാനം പോരാതെയായത് പെട്ടെന്നാണ്.

Book Cover
പുസ്തകം വാങ്ങാം


മാന്ദ്യം മറികടക്കാന്‍ പല വഴികള്‍ നോക്കിയെങ്കിലും ഒന്നും കരയ്ക്കടുത്തില്ല. ഒടുവില്‍ ബില്‍ ജൂനിയറുമായുള്ള കച്ചവടബന്ധം മതിയാക്കി, പറക്കമുറ്റാത്ത രണ്ടു കുട്ടികളെയുംകൊണ്ട് ബൈഡനും ഭാര്യയും സ്‌ക്രാന്റനിലേക്കുതന്നെ മടങ്ങി. കുടുംബത്തിന്റെ തണലില്‍ അഭയംതേടി. ജീവിതശൈലിയില്‍ പെട്ടെന്നുണ്ടായ ആ കീഴേക്കുപോക്ക് ഉള്‍ക്കൊള്ളാന്‍ കുറച്ചധികം സമയം വേണ്ടിവന്നു. പതുക്കെയാണെങ്കിലും സന്തോഷം അവര്‍ വീണ്ടെടുത്തു. വൈകാതെ ബൈഡന്‍ കുടുംബത്തിന്റെ പുതിയ തലമുറയിലേക്ക് രണ്ട് അംഗങ്ങള്‍ കൂടി ചേര്‍ന്നു; ജെയിംസും ഫ്രാങ്കും.

ലാക്ക്വോണ നദീതടത്തിലെ സാംസ്‌കാരികകേന്ദ്രമായിരുന്നു സ്‌ക്രാന്റന്‍. ഒരു കാലത്ത് ലേ താഴ്‌വരയിലെ പ്രധാന ഖനി. കല്‍ക്കരിയൂറ്റിയ അവശിഷ്ടങ്ങള്‍ കുന്നുകൂടിക്കിടന്ന വഴിത്താരകളും മൈതാനങ്ങളുമായിരുന്നു കുഞ്ഞു ജോയുടെയും കൂട്ടരുടെയും വിഹാരകേന്ദ്രങ്ങള്‍. ചാര്‍ലി റോത്ത്, ടോമി ബെല്‍, ലാറി ഓര്‍- ഇവര്‍ മൂന്നുപേരാണ് ജോയുടെ ബാല്യകാല സന്തതസഹചാരികള്‍. പന്തു തട്ടിയും വികൃതി കാണിച്ചും അവര്‍ നാടു നിറഞ്ഞു.ഗ്യാങ്ങിന്റെ ലീഡര്‍ മറ്റാരുമല്ല, കൂട്ടത്തില്‍ ഏറ്റവും വാശിക്കാരനും സാഹസികനുമായ ജോതന്നെ. പരസ്പരമുള്ള വെല്ലുവിളികളും വികടത്തരങ്ങളുമായിരുന്നു കുട്ടിക്കൂട്ടത്തിന്റെ പ്രധാന വിനോദം. അതിനെല്ലാം
കോപ്പുകൂട്ടുന്നതാകട്ടെ, ബൈഡന്റെ മകനും. വേഗംകൊണ്ടും ചുണകൊണ്ടും ജോ എല്ലാവരെയും ഞെട്ടിക്കും.
ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് നാല്‍വര്‍സംഘം വെറുതേ ചുറ്റിത്തിരിയുകയായിരുന്നു. അപ്പോഴാണ് മൂടിയില്ലാത്ത കാറില്‍ രണ്ടു കമിതാക്കളെ അവര്‍ കണ്ടത്. ഉള്ളില്‍ ചില കൗതുകങ്ങളൊക്കെ മൊട്ടിട്ടു തുടങ്ങിയ ഓര്‍ നെടുവീര്‍പ്പിട്ടു, 'അവര്‍ റൈഡിന് പോവുകയായിരിക്കും.'

'എങ്കില്‍ നമുക്ക് അവര്‍ക്കൊരു അസല്‍ റൈഡ് കൊടുക്കാം..,' പറഞ്ഞത് ജോ ആണ്. തൊട്ടടുത്ത നിമിഷം അവന്‍ കൈയിലിരുന്ന വാട്ടര്‍ ബലൂണുകളിലൊന്ന് കാറിലേക്ക് വലിച്ചെറിഞ്ഞു. ചില്ലില്‍ പതിഞ്ഞ് അത് പൊട്ടിച്ചിതറി. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കെങ്കിലും മനസ്സിലാവുന്നതിനു മുന്‍പ് രണ്ടാമത്തെ ജലബോംബും. ബ്ലും! മുന്‍സീറ്റിലിരുന്ന പെണ്‍കുട്ടി നനഞ്ഞുകുളിച്ചു. ഡ്രൈവര്‍ സീറ്റിലിരുന്ന കാമുകന്‍ ആക്രോശിച്ചുകൊണ്ട് പുറത്തുചാടി. കുസൃതികള്‍ പല വഴിക്കോടി. ചെറുപ്പക്കാരന് ദേഷ്യം തീരണമെങ്കില്‍ ജോയെത്തന്നെ കൈയില്‍ കിട്ടണമായിരുന്നു. പക്ഷേ, അവന്റെ കാലുകളോട് അയാള്‍ ദയനീയമായി പരാജയപ്പെട്ടു.
വേഗംകൊണ്ട് ജോ പലരെയും ഇളിഭ്യരാക്കിയിട്ടുണ്ട്; പരാജയപ്പെടുത്തിയിട്ടുണ്ട്; അംഗീകാരം നേടിയെടുത്തിട്ടുണ്ട്.
ഒരിക്കല്‍ മുതിര്‍ന്ന കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലേക്ക് കയറിച്ചെന്ന് അവരെ വെല്ലുവിളിച്ചു, 'നിങ്ങള്‍ക്കെന്നെ തൊടാനാവില്ല.'
അത് ശരിയായിരുന്നു. ജോ ഓടി. പുറകെയോടിയവര്‍ക്ക് അവന്റെ അടുത്തുപോലും എത്താനായില്ല. അങ്ങനെ സീനിയേഴ്‌സിന്റെ ഫുട്‌ബോള്‍ ടീമില്‍ അവന്‍ സ്ഥാനമുറപ്പിച്ചു. ഇനിയുമുണ്ട് ജോയുടെ കുട്ടിക്കാല 'വീരഗാഥ'കള്‍. അയല്‍ക്കാരന്‍ പയ്യനായ ജിമ്മി കെന്നഡി, ജോയ്ക്ക് മുന്നില്‍ വളരെ അപകടംപിടിച്ചൊരു ടാസ്‌ക് വെച്ചു. അന്ന് അവരുടെ വീടിനടുത്ത് ഒരു കോളേജിന്റെ നിര്‍മാണം നടക്കുന്നുണ്ട്. അവിടെ വലിയൊരു മണ്ണുമാന്തി പണിയെടുക്കുകയാണ്. കുഴിയെടുക്കുന്ന മണ്ണ് മാറ്റിയിടാനായി മണ്ണുമാന്തി മുന്നോട്ടും പിന്നോട്ടും നീങ്ങും. ആ അനക്കത്തിനിടയില്‍ ചക്രങ്ങള്‍ക്കിടയിലൂടെ നൂഴ്ന്ന് അപ്പുറം കടക്കണം. ഒന്നു പാളിയാല്‍ ശരീരം ചമ്മന്തിയാകും. കെന്നഡിയുടെ വെല്ലുവിളി കേള്‍ക്കേണ്ട താമസം; മുന്നും പിന്നും നോക്കാതെ ജോ അപകടത്തിലേക്ക് എടുത്തുചാടി. മണ്ണുമാന്തിക്കടിയിലൂടെ ഞൊടിയിടകൊണ്ട് അപ്പുറം കയറി. അസാമാന്യ ചടുലതകൊണ്ടുമാത്രമാണ് അന്നവന്‍ പരിക്കു പറ്റാതെ രക്ഷപ്പെട്ടത്.

വീട്ടില്‍ കുഞ്ഞനിയത്തി വലേറിയായിരുന്നു ജോയുടെ വലംകൈ. അവന്‍ പോകുന്നിടത്തെല്ലാം അവളെയും കൊണ്ടുപോകും. ജോയ്ക്ക് സൈക്കിളുണ്ട്. അവനത് ഓടിച്ചുതുടങ്ങുമ്പോള്‍ വലേറി ഒപ്പം ഓടും. അല്പം വേഗമായി, ഇനി ബാലന്‍സ് ചെയ്യാം എന്ന് തോന്നിയാല്‍ ജോ പറയും, 'കയറൂ...' വലേറി സര്‍ക്കസുകാരുടെ വഴക്കത്തോടെ സൈക്കിളിന്റെ ക്രോസ് ബാറില്‍ ചാടിക്കയറിയിരിക്കും. പിന്നെ ആങ്ങളയും പെങ്ങളും ഊരുചുറ്റലായി. ജോയുടെ സൗഹൃദവട്ടങ്ങളിലൊക്കെ വലേറിക്കും സ്വാഗതം കിട്ടി. ചങ്ങാതിമാരോട് അവന്‍ പറയും: 'നിങ്ങള്‍ക്ക് എന്നെ ഇഷ്ടമാണെങ്കില്‍ എന്റെ അനിയത്തിയെയും ഇഷ്ടപ്പെടണം.'
വലേറിക്ക് കൂട്ടുകൂടാന്‍ പറ്റിയ പ്രായത്തില്‍ പെണ്‍കുട്ടികളൊന്നും ആ പരിസരത്തുണ്ടായിരുന്നില്ല. അതുകൊണ്ട് ചേട്ടന്റെ കൂടെയുള്ള ടോം-ബോയ് ദിനങ്ങള്‍ അവളും ആസ്വദിച്ചു.

ജോ അവളെ തന്റെ സാഹസങ്ങളിലൊക്കെ പങ്കാളിയാക്കും. ബേസ്‌ബോളും ബാസ്‌കറ്റ്‌ബോളും കളിക്കാന്‍ പഠിപ്പിക്കും. വലേറിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജോ പറയും, 'നിനക്കിത് എന്നെക്കാളും നന്നായി ചെയ്യാന്‍ പറ്റും. ശ്രമിക്ക്... ഒന്നുകൂടി ശ്രമിക്ക്.'
അനിയന്മാരോടുള്ള ജോയുടെ സമീപനവും അങ്ങനെതന്നെ. പക്വതയും കരുതലും സ്‌നേഹവും അതില്‍ നിറഞ്ഞുനിന്നു.

അച്ഛനും അമ്മയും മക്കളോടു പറയും, 'എന്നും പരസ്പരം താങ്ങാകണം. ഈ വീടിനകത്ത് നിങ്ങള്‍ നാലു കുട്ടികളുണ്ട്. വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയാല്‍ നിങ്ങള്‍ ഒന്നാണ്. ബൈഡന്റെ മക്കള്‍ എന്നുമാത്രം തിരിച്ചറിയപ്പെടുന്നവര്‍. പരസ്പരം വഴക്കുകൂടുകയാണെങ്കില്‍, ചീത്തവിളിക്കുകയാണെങ്കില്‍, ഒരാള്‍ മറ്റൊരാളുടെ മൂക്കിനിടിക്കുകയാണെങ്കില്‍, അത് ഈ വീടിനകത്തുമാത്രം.'
സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും ഹീറോ ആയിരുന്നു ജോ. അവന്റെയൊപ്പമുള്ള സമയങ്ങള്‍ മറ്റുള്ളവര്‍ക്ക് ആവേശമായി. ജോയുടെ പരിമിതികളെ അവര്‍ ഗൗനിച്ചതേയില്ല. അവന്റെ വിക്കിനെ ആരും പരിഹസിച്ചില്ല. പക്ഷേ, സ്‌കൂളില്‍ അതായിരുന്നില്ല അവസ്ഥ. സക്രാന്റനിലെ സെന്റ് പോള്‍സിലാണ് ജോ പഠനം തുടങ്ങിയത്. അവിടെ അവന്‍ 'ബൈ ബൈ ബ്ലാക്ക്‌ബേഡ്' എന്ന് അറിയപ്പെട്ടു.
താനൊരു വീരശൂരപരാക്രമിയാണെന്ന് തന്നോടുതന്നെ ആവര്‍ത്തിച്ച് തെളിയിക്കേണ്ടത് ജോയുടെ ആവശ്യമായി. സംസാരശേഷിയിലെ അസ്വാഭാവികത, കുറവല്ലെന്ന് സ്വയം വിശ്വസിപ്പിക്കാനെങ്കിലും. അങ്ങനെയാണ് സാഹസങ്ങള്‍ അവന് ശീലമാകുന്നത്.

ഇതിനിടയില്‍ വീട്ടിലെ സാമ്പത്തികസ്ഥിതി മോശമാവുകയായിരുന്നു. കുടുംബത്തെ പോറ്റാന്‍ സീനിയര്‍ ബൈഡന് പല പണികളും ചെയ്യേണ്ടിവന്നു. ബോസ്റ്റണിലെ നല്ല നാളുകള്‍ തലേന്നു കണ്ട സ്വപ്‌നംപോലെ മങ്ങിപ്പോയി. സ്ഥിരവരുമാനത്തിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ സ്‌ക്രാന്റനില്‍നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് അവസാനിച്ചത്. ഡെലാവെയറിലെ വില്‍മിങ്ടണിലേക്ക് കൂടുമാറ്റം അനിവാര്യമായി വന്നു. പത്താമത്തെ വയസ്സില്‍ ജന്മദേശത്തെ കുട്ടിപ്പട്ടാളത്തോട് ജോ താത്കാലികമായി വിട പറഞ്ഞു.

Content Highlights : Joe Biden Biography Written by S Ramkumar Published by Mathrubhumi Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented