കെ.പി.എ.സി; നാടകത്തില്‍ നിന്നും കൊലക്കേസിലേക്കും തൂക്കുമരത്തിലേക്കും വലിച്ചിഴയ്ക്കപ്പെട്ട കാലം!


ബൈജു ചന്ദ്രന്‍

മധുസൂദനന്‍ പിള്ളയെ ഭയന്ന് നാട്ടുകാരാരും അങ്ങോട്ടടുത്തില്ല. പ്രഭാകരന്‍ പിള്ളയെ ആശുപത്രിയില്‍ കൊണ്ടുപോകാനും ആര്‍ക്കും ധൈര്യമുണ്ടായില്ല. ഒടുവില്‍, സംഭവം കേട്ടറിഞ്ഞു സ്ഥലത്ത് പാഞ്ഞെത്തിയ ജനാര്‍ദ്ദനക്കുറുപ്പും ഡ്രൈവര്‍ പൂക്കുഞ്ഞും ചേര്‍ന്നാണ് പ്രഭാകരന്‍ പിള്ളയെ ഒരു കാറിലെടുത്തു കിടത്തി ചവറ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചത്.

KPAC

ആവേശവും ആശങ്കയും ക്ഷോഭവും ഉത്കണ്ഠയും പ്രതീക്ഷയും നിരാശയും സന്തോഷവും സന്താപവും പതനങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങള്‍ വരച്ചിട്ടിരിക്കുകയാണ് ബൈജുചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ജീവിതനാടകം അരുണാഭം ഒരു നാടകകാലം' എന്ന കൃതി. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

കൊല്ലം പട്ടണത്തിലെ തിരക്കേറിയ താലൂക്ക് കച്ചേരി മുക്കിലുള്ള എവറസ്റ്റ് ഹോട്ടല്‍. കെ.പി.എ.സിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഹോട്ടലിലെ ഒരു മുറിയിലാണ്. നാടകം ബുക്ക് ചെയ്യാന്‍ കോണ്‍ട്രാക്ടര്‍മാര്‍ വരുന്നതും അവരുടെ പക്കല്‍നിന്ന് അഡ്വാന്‍സ് തുക പറ്റുന്നതും എല്ലാമവിടെവെച്ചാണ്. കെ.പി.എ.സിയുടെ വാന്‍ പാര്‍ക്ക് ചെയ്യുന്നത് ഹോട്ടലിന്റെ കോമ്പൗണ്ടിലും. നാടകം നടക്കുന്ന ദിവസം കായംകുളത്തെ കെ.പി.എ.സി. ക്യാമ്പില്‍നിന്നും മറ്റു താമസസ്ഥലങ്ങളില്‍നിന്നുമൊക്കെയായി നടീനടന്മാരും മറ്റു കലാകാരന്മാരും ഹോട്ടലിലെത്തി അവിടെനിന്ന് വാനില്‍ നാടകസ്ഥലത്തേക്കു പോകുകയാണു പതിവ്. സമിതിയുടെ ദൈനംദിനകാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത് കണ്‍വീനറാണെങ്കിലും സെക്രട്ടറിയായ ഒ. മാധവന്‍ അവിടെത്തന്നെയാണ് തങ്ങാറുള്ളത്.

അന്നാദിവസം രാവിലെ മാധവന്‍ ഹോട്ടലിന്റെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ അസാധാരണമായ ഒരു കാഴ്ച കണ്ടു. കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാനിനു കാവലെന്നപോലെ രണ്ടു പോലീസുകാര്‍ നില്‍ക്കുന്നു. മാധവന്‍ വാനിന്റെ അടുത്തേക്കു ചെന്നപ്പോള്‍ അവര്‍ തടഞ്ഞു. വണ്ടി പോലീസ് കസ്റ്റഡിയിലാണ്. തുറക്കാന്‍ പറ്റില്ല. മാധവന്‍ അന്തംവിട്ടു. ഒരു രാത്രികൊണ്ടെന്താണു സംഭവിച്ചത്? കോടാകുളങ്ങര വാസുപിള്ള, സന്തത സഹചാരിയായ കരിങ്ങാട്ടില്‍ രാഘവന്‍ പിള്ള, വണ്ടിയുടെ ഡ്രൈവര്‍ കെ.പി. ദിവാകരന്‍, കണ്ണന്‍ എന്നു വിളിക്കുന്ന പ്യൂണ്‍ ഭാസ്‌കരന്‍... അവിടെ അപ്പോള്‍ ഉണ്ടാകാറുള്ള ആരേയും ആ പരിസരത്തൊന്നും കാണുന്നുമില്ല. പോലീസുകാരിലൊരാള്‍ മാധവന്റെ കൂടെ പഠിച്ച ഒരു ഭാസ്‌കരപിള്ളയായിരുന്നു. അയാളാണ് കാര്യം പറഞ്ഞത്.

തലേന്നു സന്ധ്യയ്ക്ക് കോടാകുളങ്ങര വാസുപിള്ളയും വേറേ കുറച്ചുപേരുംകൂടി നാടകവണ്ടിയുമായി ചവറയിലുണ്ടായിരുന്നു. അവിടെ ഒരാളെ വെട്ടിക്കൊന്നിട്ടു. എന്നിട്ട് എല്ലാവരും എങ്ങോട്ടൊക്കെയോ മുങ്ങി... 'കൊല്ലപ്പെട്ടത് ഒരു പ്രമാണിയാണെന്നു തോന്നുന്നു. പേരെനിക്ക് പിടികിട്ടിയില്ല. മേലുദ്യോഗസ്ഥന്മാരെല്ലാം നെട്ടോട്ടമോടുകയാണ്. ഞങ്ങള്‍ രണ്ടാളും കാവല്‍ക്കാരായി ഇവിടെ അടിഞ്ഞു. രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. ചോര പുരണ്ട ഒരു ഷര്‍ട്ട് ഈ വണ്ടിയിലുണ്ട്. വാസുപിള്ളയുടെതാണെന്നു തോന്നുന്നു. അതാണ് ഞങ്ങള്‍ക്ക് പ്രത്യേകം സൂക്ഷിക്കേണ്ടത്. താനൊന്നും അറിഞ്ഞില്ലേ? താനില്ലായിരുന്നോ ഇന്നലെ രാത്രി?'

മാധവന്‍ ഇതൊക്കെ കേട്ട് സ്തബ്ധനായി നില്‍ക്കുകയാണ്. രാത്രി വൈകിയാണ് വന്നു കിടന്നത്. അതുകൊണ്ട് വിവരങ്ങളൊന്നുമറിഞ്ഞില്ല. ഒരുകാര്യം മാത്രം വ്യക്തമായിരുന്നു, വാസുപിള്ള ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കൊല്ലപ്പെട്ടത് മധുസൂദനന്‍ പിള്ളയാണ്. ഒരുകാലത്ത് വാസുപിള്ളയുടെ ആത്മസുഹൃത്തായിരുന്ന, പിന്നീട് ആജന്മശത്രുവായിത്തീര്‍ന്ന ചവറ മധുസൂദനന്‍ പിള്ള.

പഴയ മാടമ്പിനായര്‍പാരമ്പര്യത്തിന്റെ താന്‍പോരിമയുമായി ചവറപ്രദേശമടക്കിവാണിരുന്ന നാട്ടുപ്രമാണിയാണ് മധുസൂദനന്‍ പിള്ള. കുടുംബമഹിമയിലും പ്രതാപത്തിലുമൊക്കെ വാസുപിള്ളയും ഒപ്പത്തിനൊപ്പം നില്‍ക്കുമെങ്കിലും സാമ്പത്തികശേഷിയിലും കായികബലത്തിലും മധുസൂദനന്‍ പിള്ളതന്നെയായിരുന്നു മുന്നില്‍. പോരെങ്കില്‍ മദ്ധ്യതിരുവിതാംകൂറിലെ കിരീടം വെക്കാത്ത രാജാവായ കുമ്പളത്തു ശങ്കുപിള്ള എന്ന കോണ്‍ഗ്രസ് നേതാവിന്റെ വലംകൈ എന്ന സ്ഥാനവുമുണ്ടായിരുന്നു. മധുസൂദനന്‍ പിള്ളയുമായി ഏതോ ഒരു ഘട്ടത്തില്‍ വാസുപിള്ള തെറ്റി. പരസ്പരം കടുത്ത ശത്രുതയായി. മധുസൂദനന്‍ പിള്ളയെ ഭയന്ന് സ്വരക്ഷയ്ക്കുവേണ്ടിക്കൂടിയാണ് വാസ്തവത്തില്‍ വാസുപിള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്തതും കെ.പി.എ.സിയുടെ ചുമതലയേറ്റെടുത്തതുമെല്ലാം...

കെ.പി.എ.സിയുടെ പ്രസിഡന്റിനെ എത്രയും വേഗം വിവരമറിയിക്കണം എന്ന് മാധവന്‍ തീരുമാനിച്ചു. വണ്ടിയിലിരിക്കുന്ന ചോര പുരണ്ട വസ്ത്രം ദോഷം ചെയ്യും. അത് എടുത്തുമാറ്റുന്നതുള്‍പ്പെടെ ഉടനെ ചെയ്യേണ്ട കാര്യങ്ങളൊക്കെ തീരുമാനിക്കണം. ഒരു ടാക്‌സിയെടുത്ത് മാധവന്‍ നേരേ കുറുപ്പ് താമസിക്കുന്ന കരുനാഗപ്പള്ളിക്കടുത്തുള്ള മാരാരിത്തോട്ടത്തേക്കു പോയി.

തലേന്നു രാവിലെ ചവറയിലെ വാസുപിള്ളയുടെ വീട്ടില്‍ കെ.പി.എ.സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. കണക്കുകളൊക്കെ പരിശോധിച്ചപ്പോള്‍ അതില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയ കമ്മിറ്റി അതിന്റെ പേരില്‍ വാസുപിള്ളയെ ശാസിച്ചു. അടുത്ത യോഗത്തിനു മുമ്പ് പിഴവുകളൊക്കെ പരിഹരിച്ച്, തുക ബാങ്കിലടയ്ക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. വാസുപിള്ളയുടെ സ്‌നേഹമയിയായ അമ്മ വിളമ്പിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. വൈകുന്നേരം നാലുമണിയോടെ ജനാര്‍ദ്ദനക്കുറുപ്പും മാധവനുമെല്ലാംകൂടി ഒരു ടാക്‌സിയില്‍ അവിടെനിന്നു പോകുകയും ചെയ്തു.

മാരാരിത്തോട്ടത്തുനിന്ന് സന്ധ്യയ്ക്ക് പാര്‍ട്ടിയുടെ ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാനായി ജനാര്‍ദ്ദനക്കുറുപ്പ് ചെങ്ങന്നൂരിലേക്കു പോയി. മീറ്റിങ് കഴിഞ്ഞ് അവിടെനിന്നു കായംകുളംവരെ ഒരു ലോറിയിലും അവിടെനിന്ന് ആലപ്പുഴ - കൊല്ലം ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കയറി കരുനാഗപ്പള്ളിയിലിറങ്ങി നടന്നുമൊക്കെ കുറുപ്പ് മടങ്ങി വീട്ടിലെത്തിയപ്പോള്‍ നേരം പരപരാ വെളുത്തുതുടങ്ങിയിരുന്നു. വീട്ടുപറമ്പിലുള്ള കുളത്തിലിറങ്ങി വിസ്തരിച്ചൊരു കുളിയൊക്കെ കഴിഞ്ഞ് ഭാര്യ വിളമ്പിക്കൊടുത്ത പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒ. മാധവന്‍ വന്നുകയറുന്നത്. നേരേ അകത്ത് ബെഡ്‌റൂമില്‍ വിളിച്ചുകൊണ്ടുപോയി കുറുപ്പിനോട് മാധവന്‍ കാര്യം പറഞ്ഞു. കുറുപ്പ് സ്തംഭിച്ചു നിന്നുപോയി...

കെ.പി.എ.സിക്കും അതുവഴി കോടാകുളങ്ങരയ്ക്കും കിട്ടിയ പ്രശസ്തിയും ജനപ്രീതിയുമൊന്നും മധുസൂദനന്‍ പിള്ളയ്ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. ബദ്ധവൈരികളായിത്തീര്‍ന്ന പഴയ കൂട്ടുകാര്‍ ഒന്നുരണ്ടു സ്ഥലങ്ങളില്‍വെച്ച് ഏറ്റുമുട്ടി. ഒടുവില്‍ ജനാര്‍ദ്ദനക്കുറുപ്പ് പ്രശ്‌നത്തില്‍ ഇടപെട്ടതിന്റെ ഫലമായി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭാസ്‌കരപ്പണിക്കര്‍ കേസെടുത്തു. മധുസൂദനന്‍ പിള്ളയെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് ശക്തമായി താക്കീതു നല്‍കുകയും ചെയ്തു. ഇതോടെ മധുസൂദനന്‍ പിള്ളയുടെ വൈരാഗ്യം കൂടി.

വാസുപിള്ളയുടെ വലംകൈയായ പ്രഭാകരന്‍ പിള്ളയെ കൈയേറ്റം ചെയ്തുകൊണ്ടാണ് മധുസൂദനന്‍ പിള്ള ആ വൈരാഗ്യം തീര്‍ത്തത്. ആദ്യം ചെറുത്തുനില്‍ക്കാന്‍ ശ്രമം നടത്തിനോക്കിയെങ്കിലും പ്രഭാകരന്‍ പിള്ള വീണുപോയി. വീണുകിടക്കുന്ന പ്രഭാകരന്‍ പിള്ളയെ മധുസൂദനന്‍ പിള്ളയുടെ സഹായി വെട്ടി. പരവശനായി വെള്ളം ചോദിച്ചപ്പോള്‍ പ്രഭാകരന്‍ പിള്ളയുടെ തുറന്ന വായില്‍ മധുസൂദനന്‍ പിള്ള മൂത്രമൊഴിച്ചുകൊടുത്തു.
മധുസൂദനന്‍ പിള്ളയെ ഭയന്ന് നാട്ടുകാരാരും അങ്ങോട്ടടുത്തില്ല. പ്രഭാകരന്‍ പിള്ളയെ ആശുപത്രിയില്‍ കൊണ്ടുപോകാനും ആര്‍ക്കും ധൈര്യമുണ്ടായില്ല. ഒടുവില്‍, സംഭവം കേട്ടറിഞ്ഞു സ്ഥലത്ത് പാഞ്ഞെത്തിയ ജനാര്‍ദ്ദനക്കുറുപ്പും ഡ്രൈവര്‍ പൂക്കുഞ്ഞും ചേര്‍ന്നാണ് പ്രഭാകരന്‍ പിള്ളയെ ഒരു കാറിലെടുത്തു കിടത്തി ചവറ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചത്.

ആഴ്ചകള്‍ നീണ്ടുനിന്ന ചികിത്സയും ഉഴിച്ചിലും പിഴിച്ചിലുമെല്ലാം കഴിഞ്ഞപ്പോള്‍ പ്രഭാകരന്‍ പിള്ളയ്ക്ക് ആരോഗ്യം വീണ്ടുകിട്ടി. സംഭവം നടന്നിട്ട് അപ്പോഴേക്കും ഒന്നരമാസം കഴിഞ്ഞു. പകരംവീട്ടാന്‍ ഒരവസരത്തിനായി പ്രഭാകരന്‍ പിള്ള കാത്തിരിക്കുകയായിരുന്നു.

മധുസൂദനന്‍ പിള്ളയെ കൊല്ലാന്‍ പദ്ധതിയിട്ടതും അതു നടപ്പില്‍ വരുത്തിയതും കെ.പി.എ.സി. നേതൃത്വംകൂടി അറിഞ്ഞുകൊണ്ടാണെന്നു വരുത്തിത്തീര്‍ത്ത് താനുള്‍പ്പെടെ എല്ലാവരെയും കേസില്‍ പ്രതിയാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ജനാര്‍ദ്ദനക്കുറുപ്പിന്റെ വക്കീല്‍ബുദ്ധിക്ക് തീര്‍ച്ചയായിരുന്നു. മാത്രമല്ല, കൊല നടത്താന്‍പോകുന്നതിനുവേണ്ടി വാസുപിള്ള ഉപയോഗിച്ചുവെന്നു കരുതപ്പെടുന്ന കെ.പി.എ.സിയുടെ വാന്‍ വാങ്ങിച്ചിരിക്കുന്നത് കുറുപ്പിന്റെ പേരിലായിരുന്നുതാനും. തന്റെ അടുത്ത അനുയായിയായ മധുസൂദനന്‍ പിള്ളയെ കൊന്നവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ആശ്രിതവത്സലനായ കുമ്പളത്തു ശങ്കുപിള്ള ഏതറ്റം വരെയും പോകുമെന്നും കുറുപ്പിനറിയാമായിരുന്നു. അതുകൊണ്ട് ഒട്ടും സമയം കളയാനുണ്ടായിരുന്നില്ല.
'ഞാന്‍ മാധവന്‍ വന്ന വാനില്‍ത്തന്നെ പുറപ്പെട്ടു. ഹോട്ടല്‍ എവറസ്റ്റിനു മുന്നില്‍ കെ.പി.എ.സിയുടെ വാന്‍ ചെങ്കൊടിയൊക്കെ കെട്ടി നിറുത്തിയിട്ടിരുന്നു. ഞങ്ങളവിടെ ചെല്ലുമ്പോള്‍ രണ്ടു പോലീസുകാര്‍ വാനിനു കാവല്‍ നില്‍പ്പുണ്ട്. എനിക്കു പരിചയമുള്ളവരാണ്.'

'എന്താടോ ഇവിടെ വന്നു നില്‍ക്കുന്നേ? ഞങ്ങളുടെ വണ്ടി ആരും മോഷ്ടിച്ചു കൊണ്ടുപോകാതിരിക്കാനാണോ?' ഞാന്‍ തമാശരൂപേണ ചോദിച്ചു.
'വണ്ടിക്കകത്ത് രക്തം പുരണ്ട തുണികളും ഉടുപ്പുകളുമുണ്ടെന്നും തങ്ങളതിന് കാവല്‍ നില്‍ക്കുകയാണെന്നും പോലീസുകാര്‍ മറുപടി പറഞ്ഞു. ഞാനും മാധവനും അകത്തേക്കു കയറി. രക്തം പുരണ്ട തുണികള്‍ പോലീസിന്റെ കൈയില്‍ പെടാന്‍പാടില്ലെന്നും അത് ഇല്ലാതാക്കണമെന്നും ഞാന്‍ മാധവനോട് സ്വകാര്യത്തിലറിയിച്ചു. പോലീസുകാരെ കുറച്ചു നേരത്തേക്ക് മാറ്റിനിറുത്തിയാല്‍ താന്‍ പണിയൊപ്പിക്കാമെന്നു മാധവന്‍ പ്രതിവചിച്ചു.
'പോലീസുകാരെ വിളിച്ചു ഞാന്‍ പറഞ്ഞു, 'എന്തായാലും വാന്‍ അവിടെക്കിടക്കട്ടെടോ. വാന്‍ ആരും കൊണ്ടുപോകത്തില്ല. തുണീം ആരും കൊണ്ടുപോകത്തില്ല. നിങ്ങളു വാ.' ഞാന്‍ അവരെ രണ്ടുപേരേയും വിളിച്ച് ഹോട്ടലിലെ കെ.പി.എ.സിക്കായുള്ള സ്‌പെഷ്യല്‍ റൂമില്‍ കയറ്റി അപ്പവും ഇറച്ചിയുമെല്ലാം വരുത്തിച്ച് അവരെ സത്കരിച്ചു. പുറത്തെ വാനില്‍ക്കിടക്കുന്ന രക്തം പുരണ്ട തുണികളും മറ്റും എടുത്തുകൊണ്ടുപോയി കരിച്ചുകളയാന്‍ ഒ. മാധവന് അത്രയും സമയം ധാരാളമായിരുന്നു.'

തലേന്നു രാത്രി എട്ടുമണിയോടെ കോടാകുളങ്ങര വാസുപിള്ളയും പ്രഭാകരന്‍ പിള്ളയും സഹായിയായ കരിങ്ങാട്ടില്‍ രാഘവന്‍ പിള്ളയും ഡ്രൈവര്‍ കെ.പി. ദിവാകരനുമൊത്ത്, മധുസൂദനന്‍ പിള്ള പതിവായി വരാറുള്ള വഴിയില്‍ കാത്തുനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സ്വന്തം ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍നിന്നിറങ്ങി സൈക്കിളില്‍ മധുസൂദനന്‍ പിള്ള അതുവഴി വന്നു. റോഡിന്റെ നടുവില്‍ കയറിനിന്ന വാസുപിള്ള മാറാന്‍ കൂട്ടാക്കിയില്ല. സൈക്കിളില്‍ ഇരുന്നുകൊണ്ടുതന്നെ മധുസൂദനന്‍ പിള്ള വാസുപിള്ളയെ ചവുട്ടി വീഴ്ത്തി. ചവിട്ടിന്റെ ആയംകൊണ്ട് അയാളും സൈക്കിളോടെ പിന്നിലേക്കു മറിഞ്ഞുവീണു. രണ്ടുപേരും മല്‍പ്പിടിത്തം തുടങ്ങി. അപ്പോള്‍ കൈയിലൊരു വെട്ടുകത്തിയുമായി പ്രഭാകരന്‍ പിള്ള പാഞ്ഞടുത്തു.
'വെട്ടല്ലേ പ്രഭാകരാ' എന്നു വിളിച്ചുപറഞ്ഞുകൊണ്ട് വാസുപിള്ള തടസ്സംപിടിക്കാന്‍ ശ്രമിച്ചെങ്കിലും, വീണുകിടന്ന മധുസൂദനന്‍ പിള്ളയെ പ്രഭാകരന്‍ പിള്ള തലങ്ങും വിലങ്ങും ആഞ്ഞാഞ്ഞു വെട്ടി. തന്നോടു ചെയ്തതിനെല്ലാം ഒന്നൊഴിയാതെ അയാള്‍ പകരംവീട്ടി. മധുസൂദനന്‍ പിള്ള അവിടെ ചോരപ്പുഴയില്‍ക്കിടന്ന് പിടഞ്ഞു മരിച്ചു.

അപ്പോള്‍ത്തന്നെ വാസുപിള്ളയും കൂട്ടരും അവിടെയൊരിടത്തു കിടന്നിരുന്ന കെ.പി.എ.സിയുടെ വാനില്‍ കയറി സ്ഥലംവിട്ടു. ഒരു ബന്ധുവീട്ടില്‍ ചെന്ന് വേഷം മാറിയശേഷം വാന്‍ ഹോട്ടല്‍ എവറസ്റ്റിന്റെ കോമ്പൗണ്ടില്‍ കൊണ്ടുചെന്നിട്ടു. ചോരയില്‍ക്കുതിര്‍ന്ന വസ്ത്രങ്ങള്‍ വാനില്‍ത്തന്നെയുപേക്ഷിച്ചു. കുരീപ്പുഴ എന്ന സ്ഥലത്താണ് അവര്‍ അഭയം തേടിയത്.

അന്നു രാത്രി തിരുവല്ലയില്‍ നാടകമുണ്ട്. അക്കാര്യം അറിഞ്ഞതുതന്നെ ഓഫീസ് മുറിയുടെ ഭിത്തിയില്‍ കിടക്കുന്ന കലണ്ടറില്‍നിന്നാണ്. നാടകംനടത്തിപ്പു സംബന്ധിച്ച മറ്റെല്ലാ കാര്യങ്ങളും - ബുക്ക് ചെയ്തവരുടെ പേരുവിവരങ്ങള്‍, നാടകം നടക്കുന്ന തിയേറ്ററിന്റെ പേരും മേല്‍വിലാസവും, വാങ്ങിയ അഡ്വാന്‍സ് തുകയും ബാക്കി കിട്ടാനുള്ളതും -അടങ്ങിയ ബാഗ് വാസുപിള്ളയുടെ കൈവശമാണ്.

നിരോധനത്തിന് മുമ്പുണ്ടായിരുന്നതുപോലെയുള്ള ഒരു പ്രതിസന്ധിഘട്ടത്തില്‍ വീണ്ടും കെ.പി.എ.സി. എത്തിപ്പെട്ടതുപോലെയുള്ള അനുഭവം. ഇതിപ്പോള്‍ പ്രസ്ഥാനത്തിന്റെ പ്രതിച്ഛായയെക്കൂടി ബാധിക്കുന്ന പ്രശ്‌നമായി മാറിയിരിക്കുന്നു. പാര്‍ട്ടിയുമായി ആലോചിച്ച് ഇനിയെന്തു വേണമെന്നു തീരുമാനിക്കണം. ജനാര്‍ദ്ദനക്കുറുപ്പും ഒ. മാധവനും അവിടെനിന്നു നേരേ തിരുവനന്തപുരത്തേക്കു പോയി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാഫീസില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ.് കുമാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാര്‍ട്ടിക്കകത്ത് എസ്. എന്നറിയപ്പെടുന്ന എസ്. കുമാരനാണ് കെ.പി.എ.സിയുടെ ചാര്‍ജ്. അപ്പോഴേക്കും വിവരങ്ങളൊക്കെ പാര്‍ട്ടി ഓഫീസില്‍ എത്തിക്കഴിഞ്ഞിരുന്നു. എങ്കിലും നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞ വിവരങ്ങളെല്ലാം കുറുപ്പും മാധവനും എസ്. കുമാരനെ ധരിപ്പിച്ചു. കൊലപാതകം ആസൂത്രണം ചെയ്യാന്‍ വേണ്ടിയാണ് സംഭവദിവസം കെ.പി.എ.സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കോടാകുളങ്ങര വാസുപിള്ളയുടെ വീട്ടില്‍ കൂടിയതെന്ന് പോലീസ് സംശയിക്കുന്ന കാര്യം കുറുപ്പ് അറിയിച്ചു. താനും ഒ. മാധവനും തോപ്പില്‍ ഭാസിയുമടക്കമുള്ളവരെ ഗൂഢാലോചനക്കേസില്‍ പ്രതികളാക്കാന്‍ ശ്രമിക്കുമെന്നും അങ്ങനെ കെ.പി.എ.സിയെ തകര്‍ക്കാന്‍ വീണ്ടും കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നുമുള്ള ആശങ്കയും പങ്കുവെച്ചു.

എല്ലാം വിശദമായി കേട്ടുകഴിഞ്ഞപ്പോള്‍ എസ്. കുമാരന്‍ ചോദിച്ചു, 'ഇന്ന് എവിടെയാ കളി?'
തിരുവല്ലായിലാണെന്നു പറഞ്ഞപ്പോള്‍ എസ്. പറഞ്ഞു: 'അപ്പോള്‍ കുറുപ്പുചേട്ടനെ അറസ്റ്റ് ചെയ്യുമെന്നുറപ്പാണ്. അറസ്റ്റിനു വഴങ്ങരുത്. എന്നാല്‍ നാടകം കളിക്കുകയും വേണം.'
ഇതു കേട്ടപ്പോള്‍ കുറുപ്പിനും മാധവനും ആവേശമായി.
സമിതിയംഗങ്ങളെയും കൂട്ടിക്കൊണ്ട് തിരുവല്ലയിലെത്തണമെന്ന് കായംകുളത്തുള്ള പോറ്റിസാറിനെ അറിയിച്ചശേഷം, അവര്‍ നേരേ പോയത് മാഞ്ഞാലിക്കുളത്തെ സുലോചനയുടെ വീട്ടിലേക്കാണ്.

'ഞങ്ങളെ കണ്ടപാടേ സുലോചനയുടെ അച്ഛന്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. 'കൊലപാതകികളായ നിങ്ങളുടെ കൂടെ ഇനി ഞാനെന്റെ മകളെ നാടകം കളിക്കാന്‍ വിടില്ല' എന്നായി ആ റിട്ടയേര്‍ഡ് പോലീസുകാരന്‍. പാവപ്പെട്ടവനാണെങ്കിലും അയാളൊരു പിന്തിരിപ്പനാണ്.
ഞാന്‍ സുലോചനയോട് ചോദിച്ചു, 'മോളേ, നീ എന്തു പറയുന്നു?'
(നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തില്‍ എന്റെ മകളായാണ് സുലോചന അഭിനയിച്ചിരുന്നത്. നാടകത്തിനു പുറത്തും ഞങ്ങള്‍ തമ്മില്‍ ഊഷ്മളമായ ഒരു പിതൃപുത്രി ബന്ധമുണ്ടായിരുന്നു.)

സുലോചന പറഞ്ഞു: 'പ്രസിഡന്റിന്റെ കൂടെ എവിടെ വേണമെങ്കിലും വരാന്‍ ഞാന്‍ തയ്യാറാ. അച്ഛന്‍ പറയുന്നതൊന്നും കാര്യമാക്കേണ്ട.'
സുലോചനയുടെ അച്ഛന്‍ എതിര്‍ത്തെങ്കിലും ആങ്ങള കൃഷ്ണന്‍കുട്ടി ഞങ്ങളോടൊപ്പമായിരുന്നു. അവനൊരു അര സഖാവാണ്. കൃഷ്ണന്‍കുട്ടിയെയും സുലോചനയെയും കയറ്റി ഞങ്ങള്‍ ഒരു കാറില്‍ അടിച്ചുമിന്നിച്ച് തിരുവല്ലയിലെത്തി.'

നാടകത്തിന്റെ സംഘാടകര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുവല്ല താലൂക്ക് കമ്മിറ്റിയായിരുന്നു. മധുസൂദനന്‍ പിള്ള വധം കാരണം നാടകം നടക്കുകയില്ല എന്നൊരു ശ്രുതി പരന്നിരുന്നു. കുറുപ്പിനെയും കൂട്ടരെയും കണ്ടപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. പാര്‍ട്ടി തിരുവല്ല താലൂക്ക് സെക്രട്ടറിയും ശങ്കരനാരായണന്‍ തമ്പിയുടെ ഇളയ സഹോദരനുമായ രാജശേഖരന്‍ തമ്പി ഉടനെ ഒരു മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി: 'സഖാക്കള്‍ ജനാര്‍ദ്ദനക്കുറുപ്പും സുലോചനയും ഒ. മാധവനും ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു!'

കുറച്ചു കഴിഞ്ഞപ്പോള്‍ പോറ്റിസാറിന്റെ നേതൃത്വത്തില്‍ കെ.പി.എ.സി. സംഘമെത്തി. കൊലപാതകത്തിന്റെ വാര്‍ത്തയറിഞ്ഞ് എല്ലാവരും ആശങ്കയിലായിരുന്നു. അപ്പോഴേക്കും കൊല്ലത്തുനിന്ന് രണ്ടു വാന്‍ നിറയേ പോലീസും നാടകസ്ഥലത്ത് എത്തിച്ചേര്‍ന്നു. നാടകസംഘത്തോടൊപ്പം കണ്‍വീനറും എത്തിയിട്ടുണ്ടെങ്കില്‍ കസ്റ്റഡിയിലെടുക്കാനാണ് അവരെത്തിയത്. വാസുപിള്ളയെ കിട്ടിയില്ലെങ്കില്‍ ജനാര്‍ദ്ദനക്കുറുപ്പായാലും മതി എന്ന മനോഭാവമായിരുന്നു അവരുടേത്.

നാടകത്തിനു മുമ്പ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഒരു യോഗമുണ്ടായിരുന്നു. മധുസൂദനന്‍ പിള്ള കൊലക്കേസുമായി കെ.പി.എ.സിക്ക് ഒരു ബന്ധവുമില്ലെന്നുള്ള യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കുകയായിരുന്നു ഉദ്ദേശ്യം. ജനാര്‍ദ്ദനക്കുറുപ്പാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. യോഗം കഴിഞ്ഞയുടനേ നാടകം തുടങ്ങി. നാടകം തീരുന്നതിനു മുമ്പുതന്നെ കുറുപ്പ് അവിടെനിന്നു മുങ്ങണമെന്ന് തീരുമാനമായി; പോറ്റിസാര്‍ ഒപ്പം പോകണമെന്നും. തുണയായി പോകാന്‍ വര്‍ഗ്ഗീസ് എന്നൊരു സഖാവിനെയും പാര്‍ട്ടി ഏര്‍പ്പാട് ചെയ്തുകൊടുത്തു. നാടകം പകുതിയായപ്പോള്‍ ആരുമറിയാതെ കുറുപ്പ് സ്ഥലംവിട്ടു.
നാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍, പാര്‍ട്ടി തയ്യാറാക്കിയ ഒരു പ്ലാന്‍ രാജശേഖരന്‍ തമ്പി, ഒ. മാധവനെ അറിയിച്ചു. 'നാടകം തീരുമ്പോള്‍ പോലീസ് ഞങ്ങളെ സമീപിക്കും. അതുകൊണ്ട് നാടകം തീരുന്നതിനു മുമ്പായി നിങ്ങള്‍ സ്റ്റേജില്‍നിന്നും സ്ഥലം വിടണം. സ്റ്റേജിനു പിറകില്‍ക്കൂടി റോഡിലിറങ്ങാനുള്ള ഒരു വഴി ശരിയാക്കിയിട്ടുണ്ട്. നാടകമവസാനിക്കുന്നതിനു മുമ്പായി സദസ്സിനോട് പറയും ഇനി ഈ നാടകത്തിന് രണ്ടു രംഗങ്ങള്‍കൂടിയുണ്ടെന്ന്. പ്രേക്ഷകര്‍ കാത്തിരിക്കുന്നതിനിടയില്‍ നിങ്ങള്‍ സ്ഥലംവിട്ടുകൊള്ളണം. നാടകത്തെപ്പറ്റി നാലഞ്ചു വാചകം. സഹകരിച്ചവര്‍ക്കൊക്കെ നന്ദിയും പറഞ്ഞിട്ട് ഇതാണ് അവസാനരംഗം എന്നു പറഞ്ഞ് ഞാന്‍ സദസ്സ് പിരിച്ചുവിട്ടുകൊള്ളാം.' കാര്യങ്ങള്‍ പ്ലാന്‍ ചെയ്തതുപോലെത്തന്നെ നടന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് എല്ലാവരും നേരത്തേ ഏര്‍പ്പാട് ചെയ്തിരുന്ന കാറുകളില്‍ കയറിപ്പറ്റി കായംകുളത്തെത്തി.
ഒ. മാധവനെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രതിസന്ധിയുടെ തുടക്കമായിരുന്നു. ഉറക്കമില്ലാത്ത മറ്റൊരു രാത്രികൂടി.

'അടുത്ത രാത്രി ആലപ്പുഴയിലാണ് നാടകം. ജന്മി കേശവന്‍ നായരുടെ ഭാഗം അഭിനയിക്കാന്‍ ഒരാളെ കണ്ടുപിടിക്കണം. ശേഷിച്ച രാത്രി മുഴുവന്‍ ഞാനാലോചിച്ചു. രാവിലെത്തന്നെ ഒരു കാറില്‍ ശൂരനാട്ടെത്തി. കഥാപ്രസംഗം, കല, കമ്യൂണിസ്റ്റനുഭാവം ഒക്കെയായി കഴിയുന്ന മുടിയില്‍ത്തറ ഭാസ്‌കര്‍ എന്ന കര്‍ഷകപ്രമാണിയെ കണ്ട് കാര്യം പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്, വിശേഷിച്ച് കെ.പി.എ.സിക്ക് നേരിട്ടിരിക്കുന്ന ഈ അപകടസന്ധിയില്‍ കഴിയുന്ന സഹായം ചെയ്യുന്നത് തന്റെ ധാര്‍മ്മികകടമയാണെന്നു സമ്മതിച്ചു കൊണ്ട് അദ്ദേഹം എന്റെ കൂടെ കായംകുളത്തെത്തി. ഏതാണ്ട് നാലുമണിവരെ റിഹേഴ്‌സലെടുത്തു...'

'സഖാവ് ജനാര്‍ദ്ദനക്കുറുപ്പ് കേസുസംബന്ധമായി ഒളിവില്‍ പോയിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഭാഗം സഖാവ് മുടിയില്‍ത്തറ ഭാസ്‌കര്‍ അഭിനയിക്കും' എന്ന ആമുഖത്തോടെ ആരംഭിച്ച നാടകം ആലപ്പുഴയിലെ ജനാവലി ആവേശത്തോടെ സ്വീകരിച്ചു. പാര്‍ട്ടി ഏര്‍പ്പാടു ചെയ്ത രഹസ്യതാവളത്തിലാണ് അന്നെല്ലാവരും താമസിച്ചത്. പിറ്റേന്നു വൈകുന്നേരം നേരേ അടുത്ത വേദിയായ അങ്കമാലിയിലേക്ക്. അങ്ങനെ പോലീസും കെ.പി.എ.സി. നേതാക്കളും തമ്മില്‍ നടക്കുന്ന ഒളിച്ചുകളിയുമായി ദിവസങ്ങള്‍ മുന്നോട്ടു പോയി. അതിനിടെ സമിതിയുടെ സെക്രട്ടറിയെന്ന നിലയില്‍ ഒ. മാധവനെയും പോലീസ് തിരയുന്നുണ്ടായിരുന്നു. കുറച്ചു ദിവസത്തേക്ക് മാധവന്‍ ഒന്നു മാറിനിന്നു. പപ്പുവിന്റെ റോളില്‍ തോപ്പില്‍ ഭാസി അങ്ങനെ ആദ്യമായി കെ.പി.എ.സിയുടെ സ്റ്റേജില്‍ കയറി. പക്ഷേ, ഭാസി മറ്റൊരു തിരക്കിലായിരുന്നു. തിരു-കൊച്ചിസംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുകയായിരുന്നു. വള്ളികുന്നം പഞ്ചായത്തിലെ പാര്‍ട്ടിയുടെ പ്രധാന സ്ഥാനാര്‍ത്ഥികളിലൊരാള്‍ ഭാസിയായിരുന്നു.

രണ്ടാഴ്ചക്കാലം പന്തളം കൊട്ടാരത്തില്‍ അജ്ഞാതവാസം നയിച്ച ജനാര്‍ദ്ദനക്കുറുപ്പ് പാര്‍ട്ടിനിര്‍ദ്ദേശപ്രകാരം പുറത്തു വന്നു. ഐ.ജി. ചന്ദ്രശേഖരന്‍ നായര്‍ നേരിട്ട് കുറുപ്പിനെ വിളിച്ച് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. കെ.പി.എ.സി. എക്‌സിക്യൂട്ടീവ് മീറ്റിങ്ങിന്റെ മിനിട്‌സില്‍നിന്ന് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതായി തെളിയിക്കത്തക്ക ഒന്നും പോലീസിന് കിട്ടിയില്ല. ജനാര്‍ദ്ദനക്കുറുപ്പും ഒ. മാധവനും സംശയത്തിന്റെ നിഴലില്‍നിന്ന് രക്ഷപ്പെട്ടു. ജൂണ്‍ 18ന് കോടാകുളങ്ങര വാസുപിള്ളയെയും മറ്റും പോലീസ് അറസ്റ്റ് ചെയ്തു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെയുള്ള 535 പഞ്ചായത്തുകളില്‍ 241 എണ്ണത്തില്‍ കോണ്‍ഗ്രസ്സിനു ഭൂരിപക്ഷം കിട്ടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സ്വതന്ത്രന്മാര്‍ക്കുംകൂടി 196 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം നേടാനായി. വള്ളികുന്നം പഞ്ചായത്തിന്റെ പ്രസിഡന്റായി തോപ്പില്‍ ഭാസി തിരഞ്ഞെടുക്കപ്പെട്ടു.
കോടാകുളങ്ങര വാസുപിള്ളയെ രക്ഷിക്കാനായി സര്‍വ്വശക്തിയുമുപയോഗിച്ചുള്ള നിയമപോരാട്ടത്തിന് കെ.പി.എ.സി. തയ്യാറെടുത്തു.

പോറ്റിസാറിനായിരുന്നു കേസ് നടത്താനുള്ള ചുമതല. സാക്ഷാല്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ളയെ വെച്ച് കേസ് നടത്താന്‍ തീരുമാനിച്ചെങ്കിലും വാസുപിള്ളയുടെ വീട്ടുകാരുടെ താത്പര്യപ്രകാരം കൊല്ലം ബാറിലെ ഒരു അഭിഭാഷകനെയാണ് കേസ് ഏല്‍പ്പിച്ചത്. പൊതുജനങ്ങളില്‍ ഉദ്വേഗമുണര്‍ത്തുന്ന രീതിയില്‍ വാദം പുരോഗമിച്ചു. പന്മന ആശ്രമത്തിലെ തന്റെ ജനകീയകോടതിയില്‍വെച്ച് നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാറുള്ള കുമ്പളത്തു ശങ്കുപിള്ള ഈ കേസ് അഭിമാനപ്രശ്‌നമായി ഏറ്റെടുത്തിരുന്നു. കൊലപാതകം നേരില്‍ക്കണ്ട ഏകദൃക്‌സാക്ഷിയായ, വാസുപിള്ളയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന പയ്യനെ കുമ്പളത്തിന്റെ ആള്‍ക്കാര്‍ വശത്താക്കി ഒളിവില്‍ പാര്‍പ്പിച്ചു. പ്രതിഭാഗം വക്കീലിന്റെ ദുര്‍ബ്ബലമായ വാദങ്ങള്‍ക്ക് വാസുപിള്ളയുടെ നിരപരാധിത്വം തെളിയിക്കാനായില്ല.

1953 ഓഗസ്റ്റായപ്പോഴേക്കും തിരു-കൊച്ചിയില്‍ വധശിക്ഷ പുനഃസ്ഥാപിച്ചുകൊണ്ടുള്ള തീരുമാനം വന്നു. 1944-ല്‍ വധശിക്ഷ നിറുത്തലാക്കിയ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും പുതിയ രൂപമായ തിരു-കൊച്ചി ഇന്ത്യാ റിപ്പബ്ലിക്കിന്റെ ഭാഗമായിത്തീര്‍ന്നതിനാല്‍ പഴയ നിയമം റദ്ദാവുകയായിരുന്നു.

ഒടുവില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആ വിധി സെഷന്‍സ് കോടതി പ്രഖ്യാപിച്ചു. ആറു പ്രതികളുണ്ടായിരുന്ന കേസില്‍ പ്രഭാകരന്‍ പിള്ള ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ജീവപര്യന്തം. കോടാകുളങ്ങര വാസുപിള്ളയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു!

Content Highlights: jeevithanatakam baiju chandran kpac sulochana, mathrubhumi Books, O.Madhavan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented