അഴലിൻ പഞ്ചാഗ്നി നടുവിൽ അഞ്ചിന്ദ്രിയങ്ങളും പുകയുമ്പോൾ\" അശ്വമേധത്തിലെ പ്രശസ്തമായ ഗാനരംഗത്ത് കെ എസ് ജോർജ്ജും സുലോചനയും.
യവനിക ഉയരുമ്പോള്‍ തെളിയുന്നത് ഒരു ഇടത്തരം ഭവനത്തിന്റെ പൂമുഖമാണ്. അവിടെയിപ്പോള്‍ ഒരു പെണ്ണുകാണല്‍ ചടങ്ങ് നടക്കാന്‍ പോകുകയാണ്.അതിന്റെയോരോ ഒരുക്കങ്ങളുമായി ഓടിനടക്കുന്ന ബന്ധുമിത്രാദികളും, പെണ്ണിന്റെ കടന്നുവരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെറുക്കനും കൂട്ടരുമാണ് രംഗത്ത്.
ചായത്തട്ടവുമായി രംഗത്തേക്ക് കടന്നുവരുന്ന 'പെണ്ണി'ന്റെ ചലനങ്ങളില്‍ സഹജമായി ഉണ്ടാകേണ്ടതായ ലജ്ജാവിവശതയെക്കാളും തന്റേടവും ആത്മവിശ്വാസവുമാണ് മുന്നിട്ടു നില്‍ക്കുന്നത്. അതിഥികള്‍ക്ക് ചായ നല്‍കിയിട്ട് അല്‍പ്പം പിന്നിലേക്കായി ഒതുങ്ങിമാറി നിന്ന യുവതിയെ, 'പെണ്ണുകാണാന്‍' വന്ന ചെറുപ്പക്കാരന് എന്തോ ഒരു സംഗതി കണ്ടുപിടിക്കാനെന്ന പോലെ ആപാദചൂഡം സൂക്ഷിച്ചു നോക്കി.തീര്‍ത്തും അസ്വാഭാവികവും അസാധാരണവുമായ ആ സൂക്ഷ്മപരിശോധന, ചെറുപ്പക്കാരിയില്‍ പ്രകടമായ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതു മനസിലാക്കിയ 'ചെറുക്കന്' ഒരു നേര്‍ത്ത ചിരിയോടെ വിശദീകരിച്ചു:
'എന്തൊക്കെയായിരുന്നു ആളുകള്‍ പറഞ്ഞുപരത്തിയത്? പെണ്ണിന് മാറാവ്യാധിയാണ്... കുഷ്ഠരോഗമാണ്.... അങ്ങനെ എന്തൊക്കെ കാര്യങ്ങളായിരുന്നു.....ആളെ ഇത്രയടുത്തു കണ്ടപ്പോഴല്ലേ ബോധ്യമായത്, ആ കേട്ടതൊക്കെ പച്ചക്കള്ളങ്ങള്‍ മാത്രമായിരുന്നുവെന്ന്.....'
വല്ലാത്തൊരു ആഘാതമാണ് ആ വാക്കുകള്‍ യുവതിയില്‍ ഉണ്ടാക്കിയത്. അവള് മുന്നോട്ടേക്കു വന്ന്, സംശയം വിട്ടുമാറാത്ത മുഖഭാവത്തോടെ മുന്നിലിരിക്കുന്ന മനുഷ്യനോട്, കൈകള്‍ രണ്ടും വിടര്‍ത്തി ക്കാണിച്ചുകൊണ്ട് ചോദിച്ചു.
'നോക്കൂ...ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ... ഈ കൈകളില്‍ കുഷ്ഠ രോഗത്തിന്റെ ലക്ഷണം എന്തെങ്കിലും കാണുന്നുണ്ടോ... എന്റെ മുഖത്ത് രോഗത്തിന്റെ പാടുകള്‍ വല്ലതുമുണ്ടോ? നല്ലതുപോലെ നോക്കി ബോധ്യപ്പെട്ടിട്ട് പറഞ്ഞാല്‍ മതി...'
തീര്ത്തുമങ്ങോട്ട് ബോധ്യം വരാത്ത ഒരു മുഖഭാവത്തോടെ, അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
മറുത്തൊന്നും പറയാന്‍ കഴിയാതെ സ്തബ്ധനായി തലകുനിച്ചിരിക്കുന്ന ചെറുക്കന്റെയും, നടന്നതൊക്കെ കണ്ട് ആകെ അമ്പരപ്പോടെ ഇരിക്കുന്ന ബന്ധുക്കളുടെയും മുന്നില്‍ നിന്നു തിരിഞ്ഞ് ഒരു കൊടുങ്കാറ്റിനെപ്പോലെ അകത്തേക്ക് പോയ അവള് സ്വന്തം മുറിയില്‍ കയറി വാതിലടച്ചു.....
അതിനാടകീയത നിറഞ്ഞു നില്ക്കുന്ന ഈ രംഗം അനേകായിരം കാണികളുടെ അഭിനന്ദനങ്ങളും കയ്യടികളും ഏറ്റുവാങ്ങിയ ഏതെങ്കിലും നാടകത്തില്‍ നിന്നോ സിനിമയില്‍ നിന്നോ അല്ല. അഭിനയവും ജീവിതവും ഇഴവേര്പിരിച്ചെടുക്കാനാകാത്തതു പോലെ ഇണപിരിഞ്ഞു കിടക്കുന്ന ഒരു അഭിനേത്രിയുടെ ജീവിതത്തില്‍ അരങ്ങേറിയ ഒരു നിര്‍ണ്ണായക രംഗമായിരുന്നു അത്.... ഒരായുഷ്ക്കാലം മുഴുവന്‍ അരങ്ങിലേയ്ക്കായി സ്വന്തം ജീവിതമുഴിഞ്ഞുവെച്ച ഒരു വലിയ കലാകാരിയുടെ അഗ്നി ശോഭയാര്‍ന്ന അനുഭവങ്ങളില്‍ നിന്ന്... കെപിഎസി സുലോചന എന്ന് ലോകമെങ്ങുമുള്ള മലയാളികള്‍ ഒരുപാടൊരുപാട് ഇഷ്ടത്തോടെ വിളിച്ച കെ. സുലോചനയുടെ ജീവിതത്തില്‍ നിന്ന്...
മലയാള നാടക വേദി സകല പ്രതാപങ്ങളോടും കൂടി ആടിത്തിമിര്‍ത്ത ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ ആരംഭനാളുകളിലാണ് തോപ്പില്‍ ഭാസിയുടെ 'അശ്വമേധം' അരങ്ങത്തു വരുന്നത്.അക്കാലത്ത് കേരളത്തിലെ ഒന്നാമത്തെ നാടക സംഘമായിരുന്ന കെപിഎസി അവതരിപ്പിച്ച 'അശ്വമേധ'ത്തില്‍ അണിനിരന്നതൊക്കെയും മലയാള നാടകവേദി കണ്ട ഏറ്റവും പ്രതിഭാധനരായ നടീനടന്മാരായിരുന്നു.കെ സുലോചന,കെ പി ഉമ്മര്‍,എന്‍ ഗോവിന്ദന് കുട്ടി,കെ എസ് ജോര്‍ജ്ജ് തോപ്പില്‍ കൃഷ്ണപിള്ള,ഖാന്,ശ്രീനാരായണ പിള്ള,സി ജി ഗോപിനാഥ്,ലീല,അടൂര്‍ ഭവാനി...
കെ പി എ സി നാടകങ്ങളിലെ അതിമനോഹരങ്ങളായ പാട്ടുകളുടെ സൃഷ്ടാക്കള്‍ -- ഓ എന്‍ വി കുറുപ്പും പരവൂര്‍ ദേവരാജനും,സമിതി വിട്ടുപോയി ഓ മാധവനോടൊപ്പം കാളിദാസകലാകേന്ദ്രം രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ നാടകമായിരുന്നു അശ്വമേധം.എല്ലാ അര്‍ത്ഥ ത്തിലും അവരോട് കിടപിടിക്കുന്ന രണ്ട് സര്ഗധനരാണ് അശ്വമേധത്തിലെ ഗാനങ്ങളൊരുക്കിയത്.വയലാര്‍ രാമവര്‍മ്മയും രഘുനാഥ് എന്ന പേരില്‍ കെ രാഘവനും.അവര്‍ ഒത്തുചേര്ന്നുകൊണ്ടൊരുക്കിയ,സാഹിത്യഭംഗിയും ശ്രവണ മധുരിമയും ലയിച്ചു ചേര്‍ന്ന,പാട്ടുകള്‍ സുലോചനയുടെയും കെ എസ് ജോര്‍ജ്ജിന്റെയും കണ്ഠങ്ങളിലൂടെ കേരളക്കരയെ കീഴടക്കാന്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.
കുഷ്ഠരോഗം എന്ന മഹാവ്യാധിയെ ശാസ്ത്രം കീഴടക്കി. എന്നാല്‍ കുഷ്ഠരോഗത്തെയും അതു പിടിപെട്ടവരെയും കുറിച്ച് സമൂഹമനസ്സില്‍ ആഴത്തില്‍ വേരൂന്നി പടര്‍ന്നു പന്തലിച്ചുനില്ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അബദ്ധ ധാരണകള്‍ക്കും എന്താണ് പ്രതിവിധി? 'അശ്വമേധം' ഉയര്‍ത്തിക്കാട്ടിയ പ്രശ്നം അതായിരുന്നു.
യൗവനത്തിന്റെയും പ്രണയത്തിന്റെയും നിറവില്‍, വിവാഹസ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിന്റെ പടിവാതില്ക്കല് എത്തുമ്പോഴാണ് സരോജം മഹാരോഗത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അകപ്പെടുന്നത്. ആ വിവരം മറച്ചുവെക്കാന്‍ കൂട്ടാക്കാതെ അവള് ചികിത്സക്ക് തയ്യാറാകുന്നു. എന്നാല്‍ രോഗത്തില്‍ നിന്ന് പൂര്‍ണവിമുക്തി നേടി ആശുപത്രിയില്‍ നിന്ന് ആഹ്ലാദത്തോടെ വീട്ടില്‍ തിരിച്ചെത്തുന്ന അവളെ അച്ഛനമ്മമാരും സഹോദരനും കാമുകനും തിരസ്കരിക്കുന്നു.ഒരു ഗതിയുമില്ലാതെ സാനട്ടോറിയത്തിലേക്ക് മടങ്ങുന്ന സരോജത്തിന് അഭയം നല്‍കുന്നത്,'കുഷ്ഠരോഗം ഒരു കുറ്റമല്ല' എന്ന തിരിച്ചറിവുണ്ടായ ഡോ.തോമസാണ്....
'അഴലിന് പഞ്ചാഗ്നിനടുവില്‍ അഞ്ചിന്ദ്രിയങ്ങളും പുകയുന്ന' അനുഭവവുമായി അരങ്ങത്ത് നിറഞ്ഞുനില്ക്കുന്ന സരോജം - അവളുടെ പ്രണയവും സന്തോഷവും രോഷവും താപവുമെല്ലാം കാണികള്‍ തങ്ങളുടെ ആത്മാവിലേക്ക് ഏറ്റുവാങ്ങി. അവള് ചിരിച്ചപ്പോള്‍ അവര്‍ ഒപ്പം ചിരിച്ചു. അവള് കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞു.
താന്‍ മുന്‍പ് അഭിനയിച്ച കഥാപാത്രങ്ങളെല്ലാം സരോജത്തിന്റെ മുന്നില്‍ നിഷ്പ്രഭരായി തീരുകയാണ് എന്ന സത്യം സുലോചന അത്ഭുതത്തോടെ മനസിലാക്കി.അരങ്ങത്ത് നില്ക്കുമ്പോള് സ്വയം മറക്കുന്നത്,പാടുമ്പോഴും സംഭാഷണങ്ങള്‍ ഉരുവിടുമ്പോഴും ശബ്ദമിടറുന്നത്,കണ്ണുകള്‍ അനിയന്ത്രിതമായി നിറഞ്ഞൊഴുകുന്നത്...സുലോചനയെ പോലും അതിശയിപ്പിച്ച അനുഭവങ്ങളാണ് ഓരോ നാടകരാവിലും ആവര്‍ത്തിച്ചു സംഭവിച്ചുകൊണ്ടിരുന്നത്.
കെ പി എ സിയുടെ മുന്‍ നാടകങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നുമാസം നീണ്ടുനിന്ന കര്‍ശനമായ റീഹേഴ്സലിനു ശേഷമാണ് അശ്വമേധം തട്ടില്‍ കയറിയത്.അരങ്ങൊരുക്കത്തിന്റെ നാളുകളിലൊരിക്കല്,കെ പി എ സി അംഗങ്ങള്‍ എല്ലാവരും കൂടി കായംകുളത്തിന് സമീപത്തു തന്നെയുള്ള നൂറനാട് ലെപ്രസി സാനട്ടോറിയം സന്ദര്‍ശിക്കാന്‍ പോയി.ഒരു പ്രത്യേക ഉദ്ദേശത്തോടു കൂടിയാണ് തോപ്പില്‍ ഭാസി അവരെ അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടു പോയത്.കുഷ്ഠരോഗത്തിന്റെ ഭീകരത അഭിനേതാക്കള്‍ക്ക് നേരിട്ടു കണ്ടുമനസിലാക്കാനായി ഒരു അവസരമൊരുക്കുകയായിരുന്നു ഭാസി.രോഗം മൂലം ശരീരം അടര്‍ന്നുപോയവരും വിചിത്രരൂപികളായി തീര്ന്നവരുമൊക്കെയായ പല മനുഷ്യജീവികളെയും അവര്‍ അവിടെ കണ്ടു.അസുഖവും പ്രായാധിക്യവും മൂലം എഴുന്നേറ്റുനില്ക്കാന്പോലും ആവതില്ലാത്ത പലരും അവിടെ അന്തേവാസികളായിരുന്നുഎന്നാല് കൂട്ടത്തിലുണ്ടായിരുന്ന സുന്ദരികളും സുന്ദരന്മാരുമായ ചെറുപ്പക്കാരെ കണ്ടപ്പോഴാണ് എല്ലാവരും നടുങ്ങിപ്പോയത്.
അക്കൂട്ടത്തിലെ ഒരു പെണ്‍കുട്ടി സുലോചനയുടെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. പത്തുവയസുള്ളപ്പോള്‍ രോഗം പിടിപെട്ട് അവിടെ എത്തിയ അവള് പതിനേഴു വയസായപ്പോഴേക്കും തീര്‍ത്തും രോഗവിമുക്തയായി മാറിയിരുന്നു.സന്തോഷം കൊണ്ടു മതിമറന്ന്,തുള്ളിച്ചാടി വീട്ടിലേക്ക് കയറിച്ചെന്ന അവളെ വീട്ടുകാര്‍ അപ്പോള്‍ത്തന്നെ നിഷ്ക്കരുണം ഇറക്കിവിട്ടു.വേറെ ഗതിയില്ലാതെ സാനട്ടോറിയത്തിലേക്ക് മടങ്ങിച്ചെന്ന അവളെ ആശുപത്രിസൂപ്രണ്ട് ഡോ.ശങ്കരനാരായണന് ഉണ്ണിത്താന് കോളനിയിലേക്ക് വീണ്ടും സ്വീകരിച്ചു. അശരണയായ ആ പെണ്‍കുട്ടിയാണ് വാസ്തവത്തില്‍, സരോജത്തെ സൃഷ്ടിക്കാന്‍ തോപ്പില്‍ ഭാസിക്ക് പ്രചോദനമായി തീര്‍ന്നത്.അവള് തന്റെ ആത്മാവില്‍ കുടിയേറിയതുകൊണ്ടാണ്ഓരോ അരങ്ങിലും സരോജത്തെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുന്നതെന്ന് സുലോചനയും വിശ്വസിക്കാന്‍ തുടങ്ങി.
പിന്നീടൊരിക്കല്‍ അശ്വമേധം കളിക്കാനായി നൂറനാട് സാനട്ടോറിയത്തില്‍ ചെന്നപ്പോള്‍ ഹൃദയത്തിന്റെ ആഴത്തില്ചെന്നു തൊട്ട മറ്റൊരനുഭവവുമുണ്ടായി.നാടകം കണ്ടു കഴിഞ്ഞപ്പോള്‍ നടീനടന്മാരെ പരിചയപ്പെടണമെന്ന് അന്തേവാസികള്‍ ആഗ്രഹം പ്രകടിപ്പിച്ചു.അതിനുവേണ്ടി അണിയറയിലേക്ക് കയറിച്ചെന്ന അവരില്‍ കുറേപ്പേര് ' ദോ നില്ക്കുന്നു ഞങ്ങടെ സരോജം' എന്നു പറഞ്ഞുകൊണ്ട് ഓടിവന്ന് സുലോചനയെ കെട്ടിയങ്ങു പിടിച്ചു. ഭീതിയോടും അറപ്പോടും കൂടി കുതറിമാറി നില്ക്കാന് ശ്രമിക്കാതെ, നിറഞ്ഞ ചിരിയോടെ അവരുടെ ആശ്ലേഷത്തില്‍ അമര്‍ന്നു നില്‍ക്കുകയാണ് സുലോചന അപ്പോള്‍ ചെയ്തത്.തന്റെ അഭിനയത്തിന്,അന്നേവരെ കിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ അംഗീകാരമാണ് ആ ആലിംഗനമെന്ന് സുലോചനയ്ക്ക് തോന്നി.
നാടകം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ സരോജത്തിന്റെ ദുരന്തകഥ നൊമ്പരങ്ങള്‍ നിറച്ചു.കുഷ്ഠരോഗിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കെ എസ് ജോര്‍ജ്ജിന്റെ കൂടെ 'തലയ്ക്കു മീതെ ശൂന്യാകാശം,താഴെ മരുഭൂമി'പാടി യഭിനയിക്കുന്ന ആ സന്ദര്‍ഭം,മലയാളനാടകവേദിയിലെ തന്നെ അത്യപൂര്‍വ മുഹൂര്‍ത്തങ്ങളിലൊന്നായി! 1962 ലെ തിരുവോണനാളില്‍ നടന്ന നാടകോദ്ഘാടനത്തിന്റെ മൂന്നാം ദിവസം,കോട്ടയത്ത് പി കെ വിക്രമന് നായര്‍ ഉദ്ഘാടനം ചെയ്ത അഖിലകേരള നാടകോത്സവത്തില്‍ വെച്ച് സുലോചന മികച്ച നടിയുടെ പുരസ്ക്കാരമേറ്റുവാങ്ങി മികച്ച നാടകമായി അശ്വമേധവും സംവിധായകനായി തോപ്പില്‍ ഭാസിയും തെരഞ്ഞെടുക്കപ്പെട്ടു. യാഗാശ്വത്തിന്റെ കുളമ്പടിശബ്ദവുമായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടു മുന്നേറിയ അശ്വമേധത്തിന്, 63 ലെ കെ പി എ സിയുടെ ഭാരത പര്യടനവേളയില്‍ മറുനാടന്‍ മലയാളികളില്‍ നിന്ന് ലഭിച്ച സ്വീകരണം അഭൂതപൂര്‍വമായിരുന്നു.ഏറ്റവുമധികം അനുമോദനങ്ങളും ഹര്‍ഷാരവങ്ങളും ലഭിച്ചത് സരോജം എന്ന ദുഃഖപുത്രിയെ അരങ്ങത്ത് അനശ്വരയാക്കിയ സുലോചനയ്ക്കായിരുന്നു.
എന്നാല്‍ അപ്പോഴൊന്നും സുലോചന ഒരു സത്യം അറിഞ്ഞിരുന്നില്ല. സരോജത്തിനുണ്ടായ ദുരന്താനുഭവങ്ങള്‍ പതുക്കെ പതുക്കെ തന്റെ ജീവിതത്തിലേക്കും ചുവടു വെച്ചു തുടങ്ങിയെന്നുള്ളതായിരുന്നു അത്. സരോജം എന്ന കഥാപാത്രത്തിലേക്കുള്ള സുലോചനയുടെ പകര്‍ന്നാട്ടത്തെ വെറും അഭിനയം മാത്രമായി കാണാന്‍ ചിലര്‍ തയ്യാറായില്ല. യഥാര്‍ത്ഥജീവിതത്തില്‍ കുഷ്ഠരോഗം വന്ന ഒരാള്‍ക്ക് മാത്രമേ ഇത്രത്തോളം തന്മയത്വത്തോടും ആത്മാര്‍ത്ഥതയോടും കൂടി ആ കഥാപാത്രത്തെ അവതരിപ്പിക്കാനാകൂ എന്ന് അവരൊക്കെ അന്യോന്യം രഹസ്യമായി പറഞ്ഞു.അധികം വൈകാതെ അത്തരം അടക്കം പറച്ചിലുകള്‍ നാടകകൊട്ടകക്കുള്ളില് നിന്ന് സമൂഹമധ്യത്തിലേക്ക് പരക്കുകയും അതിവേഗത്തില്‍ തന്നെ പടരുകയും ചെയ്തു. സുലോചന അതേക്കുറിച്ച് അറിയുമ്പോഴേക്ക് വളരെ വൈകിപ്പോയിരുന്നു.
പലരും ആ കഥ വിശ്വസിച്ചുപോകാന്‍ മതിയായ ഒരു കാരണമുണ്ടായിരുന്നു.നാടകത്തില്‍ സരോജത്തിന് രോഗം പകര്‍ന്നുകിട്ടുന്നത് പിതാവായ കേശവസ്വാമിയില് നിന്നാണ്.സുലോചനയുടെ അച്ഛനായ കുഞ്ഞുകുഞ്ഞിന്റെ കാലില്‍ എപ്പോഴും തുണികൊണ്ടുള്ള ഒരു വെച്ചുകെട്ടു കാണാമായിരുന്നു.ആണി തറച്ചുകയറിയുണ്ടായഒരു മുറിവ് പഴുത്ത് വൃണമായപ്പോള് തുണികൊണ്ട് വെച്ചുകെട്ടിയതായിരുന്നു അത്.കടുത്തപ്രമേഹരോഗിയായ കുഞ്ഞുകുഞ്ഞിന്റെ മുറിവ് കരിയാതെ,ഒട്ടും നടക്കാന്‍ പോലും വയ്യാതെയായി. കുഷ്ഠരോഗത്തിന്റെ വ്രണങ്ങള്‍ ഒളിപ്പിച്ചു വെക്കാന്‍ വേണ്ടിയുള്ളതാണ് ആ വെച്ചുകെട്ടെന്ന് ചിലര്‍ ഉറപ്പിച്ചു പറഞ്ഞു.അതു മാത്രമല്ല,അച്ഛനില്‍ നിന്ന് സുലോചനയ്ക്ക് രോഗം പകര്ന്നുകിട്ടിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത്രത്തോളം സ്വാഭാവികതയോടുകൂടി ആ വേഷം അഭിനയിക്കാന്‍ അവര്‍ക്ക് കഴിയുന്നതെന്നും കൂടി പറഞ്ഞുപരത്താന്‍ ആ ദുഷ്ടമനസ്സുകള്‍ മടികാണിച്ചില്ല.
ആയിടക്കാണ് സുലോചനയ്ക്ക് ആ വിവാഹാലോചന വന്നത്. അതുവരെ ഒരു കുടുംബ ജീവിതത്തിനൊന്നും തയ്യാറാകാതെ അഭിനയവുമായി സുലോചന മുന്നോട്ടുപോയത്, പ്രധാനമായും സ്വന്തം വീട് ഒരു കര പറ്റാന്‍ വേണ്ടിയായിരുന്നു. കുടുംബവും ബന്ധുക്കളുമെല്ലാം ഒരു വിധമൊക്കെ പച്ചപിടിച്ചു എന്നു തോന്നിയപ്പോള്‍ മാത്രമാണ്, എന്നാല്‍ ഇനി വിവാഹമാകാം എന്ന് മനസ്സുകൊണ്ട് സുലോചന തയ്യാറെടുത്തത്.
പെണ്ണുകാണലിന്റെ പതിവ് ചടങ്ങുകളുടെ ഭാഗമായി അണിഞ്ഞൊരുങ്ങി ചായയും പലഹാരങ്ങളുമായി പൂമുഖത്തേക്കു ചെന്ന സുലോചനക്ക് അധികം താമസിക്കാതെ തന്നെ എന്തോ പന്തികേട് തോന്നി. ഒളിപ്പിച്ചുവെച്ച എന്തോ 'ഒന്ന്' കണ്ടുപിടിക്കാനുള്ള വ്യഗ്രത ആ മനുഷ്യന് പെണ്ണുകാണലില്‍ ഉണ്ടായിരുന്നു. സുലോചനയുടെ മുഖത്തു പ്രകടമായ അസ്വസ്ഥത കണ്ടപ്പോഴാണ് താന്‍ കേട്ട കെട്ടുകഥകളെ കുറിച്ചു തുറന്നുപറയാന്‍ അയാള്‍ തയ്യാറായത്......
സുലോചനക്ക് അതുകേട്ടപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുന്നതു പോലെ തോന്നി. മുന്നിലിരുന്നു കൊണ്ട്,തന്നെ സാകൂതം ചൂഴ്ന്നു നോക്കുന്ന ആ മനുഷ്യന്റെ നേര്‍ക്ക് സുലോചന തന്റെ രണ്ടുകൈകളും പരത്തി നീട്ടിക്കാണിച്ചു...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..