പൊളിറ്റിക്കല്‍ സിനിമകളുടെ സ്വന്തം ഗൊദാര്‍ദ്, ബ്രെത്ത്‌ലെസ് എന്ന വിസ്മയം


സാജന്‍ തെരുവപ്പുഴ

ഒരേസമയം ഭൗതികവാദിയും കാല്പനികനും മാര്‍ക്‌സിസ്റ്റും അരാജകവാദിയുമൊക്കെയായിരുന്ന ഗൊദാര്‍ദ് ചലച്ചിത്രഭാഷയിലെ വ്യവസ്ഥാപിതത്വങ്ങളെ തകിടംമറിച്ചു. ഗൊദാര്‍ദിയന്‍ സിനിമകള്‍ക്ക് പലപ്പോഴും പല മുഖങ്ങളായിരുന്നു.

Godard (Photo: AP) Breathless(1960)

ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലൈഫ് ടൈം പുരസ്‌കാരം നേടിയത് ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാര്‍ദാണ്. ലോകത്തെ ഏറ്റവും മികച്ച സിനിമ സംവിധായകരില്‍ ഒരാളായി അറിയപ്പെടുന്ന ഗൊദാര്‍ദിന്റെ സിനിമയെയും ജീവിതത്തെയും അടുത്തറിയാം..

ഫ്രഞ്ച് 'നവതരംഗസിനിമ'യുടെ അമരക്കാരിലൊരാളായിരുന്നു സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഴാങ് ലൂക് ഗൊദാര്‍ദ്. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖന്‍. 'പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍.

1930 ഡിസംബര്‍ 3ന് പാരീസിലെ ധനികമായ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായി ജനനം. പിതാവ് റെഡ്‌ക്രോസില്‍ ഡോക്ടറായിരുന്നു. അമ്മ സ്വിസ് ബാങ്ക് ഉടമയും. പ്രശസ്ത സംഗീതജ്ഞനായിരുന്ന ജാക്വിസ് ലൂയിസ് മൊനോദ് അമ്മയുടെ കസിനായിരുന്നു. ലോകമഹായുദ്ധകാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ഗൊദാര്‍ദ് നിയോണിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം (അപ്പോഴേക്കും മാതാപിതാക്കള്‍ പരസ്പരം പിരിഞ്ഞിരുന്നു) 1950-ല്‍ പാരീസിലെ സോര്‍ബണ്‍ യുണിവേഴ്‌സിറ്റിയില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ഉന്നതബിരുദം നേടി. ഇതിനിടയില്‍ ഫിലിം ക്ലബ്ബുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു.

'ഫ്രഞ്ച് ന്യൂവേവി'ന്റെ പിന്നണിക്കാരായ ആന്ദ്രേ ബേസിന്‍, ജാക്വിസ് റിവിറ്റേ, ക്ലോദ് ഛാബ്രോള്‍, ത്രൂഫോ, റോസിയര്‍, ജാക്വിസ് ഡെമി എന്നിവരോടൊപ്പം ചിന്തകള്‍ പങ്കിട്ടു. 'സിനിമാത്തെക്കി'ന്റെ കാലഘട്ടമായിരുന്നു അത്. 1950-ല്‍ എറിക് റോമറിനും റിവിറ്റെയ്ക്കുമൊപ്പം ഗസറ്റേ ദു സിനേമ എന്ന മാസിക തുടങ്ങി, 'ഹാന്‍സ് ലുക്കാസ്' എന്ന തുലികാനാമത്തില്‍ ചലച്ചിത്രനിരൂപണങ്ങള്‍ രചിച്ചു. പിന്നീട് Cahiers du cinema-ല്‍. തുടക്കത്തില്‍ മകന്റെ സിനിമാപരീക്ഷണങ്ങള്‍ക്ക് സാമ്പത്തികസഹായം നല്കിവന്ന മാതാപിതാക്കള്‍ പിന്നീട് അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുവാന്‍ തുടങ്ങി. അതോടെ ചില്ലറ മോഷണങ്ങള്‍വരെ ചെയ്ത് ജീവിതം തുടര്‍ന്നു. 1955-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്രാന്റെ ഡിക്‌സന്‍സ് അണക്കെട്ടുനിര്‍മാണത്തില്‍ പ്രോജക്റ്റ് ഓഫീസറായി ജോലി ചെയ്തിരുന്ന ഗൊദാര്‍ദ് ഒരു 35 mm കാമറ സ്വന്തമാക്കി. അതിനെക്കുറിച്ച് ഓപ്പറേഷന്‍ ബീറ്റണ്‍ എന്ന ഒരു ഹ്രസ്വചിത്രം നിര്‍മിച്ചു. ഇതാണ് ആദ്യ ചലച്ചിത്രസംരംഭം. (ഇത് പില്ക്കാലത്ത് കോര്‍പ്പറേറ്റ് ചിത്രങ്ങളൊരുക്കുന്നതിനദ്ദേഹത്തെ തുണച്ചു.) പിന്നീട് കുറെക്കാലം ഫിലിം എഡിറ്ററായി പ്രവര്‍ത്തിക്കുകയും ജനീവയിലും പാരീസിലുമായി ഹ്രസ്വചിത്ര നിര്‍മാണത്തിലേര്‍പ്പെടുകയുമുണ്ടായി. (Une femme coquette, (All the Boys Are Called Patrick), ഡില histoire d'eau (A Story of Water) തുടങ്ങി ഇരുപത്തിയഞ്ചോളം ലഘുചിത്രങ്ങള്‍. 1958-ല്‍ ജീന്‍ കോക്ടുവിന്റെ സ്മരണയ്ക്കായി നിര്‍മിച്ച Charlotte et son Jules അവസാനത്തേത്). 1950-ല്‍ റിവെറ്റെയുടെ ഹ്രസ്വചിത്രം ക്വാഡ്രില്ലെയില്‍ നടനായി.

ഫ്രഞ്ച് 'നവതരംഗ സിനിമ'യുടെ സ്വാധീനവലയത്തില്‍ 1960-ല്‍ നിര്‍മിച്ച ആദ്യ ഫീച്ചര്‍സിനിമ ബ്രത്ത്‌ലസ് (A bout de souffle) ആണ് ചലച്ചിത്രകാരനെന്ന നിലയില്‍ പ്രശസ്തി നേടിക്കൊടുത്തത്. ഫ്രഞ്ച് നവതരംഗസിനിമയില്‍ ശ്രദ്ധേയമായ പ്രഥമ ചിത്രങ്ങളിലൊന്നാണ് ബ്രത്ത്‌ലസ്; വിശ്വസിനിമയിലെ നാഴികക്കല്ലുകളിലൊന്നും. ത്രൂഫോ കഥയൊരുക്കി സംവിധാനം നിര്‍വഹിക്കാനൊരുങ്ങിയ ചിത്രമായിരുന്നു ഇത്. അദ്ദേഹമത് പാതിവഴിയിലുപേക്ഷിച്ചപ്പോള്‍ സഹയാത്രികനായിരുന്ന ഗൊദാര്‍ദ് അതേറ്റെടുക്കുകയായിരുന്നു. കഹേ ദു സിനിമയിലെ ക്ലോദ് ഷാബ്രോളിന്റെ സാങ്കേതികോപദേശം തുണയായി. ത്രൂഫോയ്ക്കായിരുന്നു ചിത്രത്തിന്റെ നിര്‍മാണച്ചുമതല. കൃത്യമായ തിരക്കഥപോലുമുണ്ടായിരുന്നില്ല ചിത്രീകരണത്തിന്. നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടോടുന്ന രണ്ടു പ്രണയികളുടെ കഥയായിരുന്നു പ്രമേയം. കഥാപാത്രങ്ങള്‍ക്കനുസരിച്ച് അപ്പപ്പോള്‍ എഴുതിയുണ്ടാക്കുന്ന സംഭാഷണങ്ങളായിരുന്നു. 'ന്യൂവേവ് സ്‌കൂള്‍' സംവിധാനശൈലിയുടെ തുടക്കമായിട്ടാണിത് ഈ ചിത്രം വാഴ്ത്തപ്പെടുന്നത്. കാന്‍-ബെര്‍ലിന്‍ മേളകളില്‍ ഇത് സമ്മാനിതമായി.

അരാജകവാദിയായ കാര്‍മോഷ്ടാവ് മൈക്കേല്‍ പൊയ്ക്കാര്‍ഡാണ് കഥയിലെ നായകകഥാപാത്രം. മോഷണശ്രമത്തിനിടെ മോട്ടോര്‍സൈക്കിളില്‍ പിന്തുടര്‍ന്നുവന്ന പോലീസുകാരനെ വെടിവച്ചുകൊല്ലുന്ന മൈക്കേലിനെതിരെ സേന അന്വേഷണമാരംഭിക്കുന്നു. പാരീസില്‍ ഒളിവുജീവിതത്തിനെത്തുന്ന അയാള്‍ തന്റെ അമേരിക്കന്‍ ഗേള്‍ഫ്രണ്ട് പട്രീഷ്യ ഫ്രാന്‍ചിനിയോടൊപ്പം കൂടുകയും, ഒരു അധോലോക ഇടപാടില്‍നിന്ന് കുറെ പണം സ്വരൂപിച്ച് ഇറ്റലിയിലേക്ക് കടക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. പക്ഷേ, അവളാകട്ടെ തന്ത്രപൂര്‍വം അയാളെ പോലീസിന് ഒറ്റിക്കൊടുക്കുകയാണ്. എങ്കിലും പോലീസെത്തുന്നതിനു മുന്‍പ് അവളതവനോടു വെളിപ്പെടുത്തുന്നുണ്ട്. ഒടുവില്‍ തെരുവിലെ നീണ്ട ഓട്ടത്തിനിടയില്‍ പട്രീഷ്യയും ഡിക്റ്ററ്റീവ് വിത്തലും ചേര്‍ന്നയാളെ പിടികൂടുകയാണ്. പോലീസിന്റെ വെടിയേറ്റു വീഴുന്ന മൈക്കേല്‍ ഒരര്‍ഥത്തില്‍ ആ മരണം സ്വയം തിരഞ്ഞെടുക്കുകതന്നെയായിരുന്നു. വൈകാരികത അല്പംപോലുമവശേഷിക്കാത്തൊരു മരണരംഗമാണത്. എഴുത്തുകാരിയാവാന്‍ കൊതിക്കുന്ന പട്രീഷ്യ ഒടുവില്‍ മൈക്കേലിന്റെ കഥ തന്നിഷ്ടംപോലത്തൊരു കഥയാക്കുന്നിടത്ത് സിനിമ തീരുന്നു.

അന്യതാബോധം നിറഞ്ഞ ഒരു തലമുറയുടെ പ്രതിനിധിയാണ് ബ്രത്ത്‌ലസിലെ നായകന്‍- റിബലും കുറ്റവാളിയുമായ മൈക്കേല്‍. വ്യക്തിത്വത്തിന്റെ അന്യവത്കരണത്തെക്കുറിച്ചുള്ള താത്ത്വികതയുടെ അന്തര്‍ധാരയുള്‍ക്കൊള്ളുന്ന ഈ സിനിമയില്‍ ഓരോ സീക്വന്‍സും അയഥാര്‍ഥലോകത്തിലേതാണെന്ന് ചലച്ചിത്രകാരന്‍ സദാ പ്രേക്ഷകനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചിത്രീകരണം മിക്കവാറും ഹാന്‍ഡ്‌ഹെല്‍ഡ് കാമറയിലായിരുന്നു. ഒരു ദൃശ്യത്തില്‍നിന്ന് അതുമായി നേരിട്ടുബന്ധമില്ലാത്ത മറ്റൊരു ദൃശ്യത്തിലേക്ക് പൊടുന്നനേ കാഴ്ചയെ അടര്‍ത്തിമാറ്റുന്ന 'ജംപ് കട്ടു'കളുടെ സര്‍ഗാത്മകമായ ആദ്യ ഉപയോഗവും ഈ ചിത്രത്തെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാക്കി. ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ സംവിധാനമികവിന് സില്‍വര്‍ ബെയറും പ്രിക്‌സ് ജീന്‍ വീഗോ പുരസ്‌കാരവും ഫ്രഞ്ച് സിന്‍ഡിക്കേറ്റ് ക്രിട്ടിക്‌സ് അവാര്‍ഡുമടക്കം നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്കര്‍ഹമായതാണ് ഈ സിനിമ.

അള്‍ജീരിയന്‍ ആഭ്യന്തരയുദ്ധത്തെപ്പറ്റി നിര്‍മിച്ച ലാ പെറ്റിറ്റ് സോള്‍ഡാറ്റ് നിരോധിക്കപ്പെട്ട ചിത്രമാണ്. (പില്ക്കാലത്തദ്ദേഹത്തിന്റെ ഭാര്യയായിത്തീര്‍ന്ന അന്നാ കരീനിനയെ കണ്ടുമുട്ടുന്നത് ഈ സിനിമയിലാണ്.) 1962ലാണ് നിരൂപകര്‍ക്കേറ്റവുമിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ Vivre sa vie (My Life to Live) നിര്‍മിക്കപ്പെടുന്നത്. നടിയും വീട്ടമ്മയുമായൊരുവള്‍ സാമ്പത്തികവിഷമതകള്‍മൂലം തെരുവുവേശ്യയാകുന്ന കഥപറയുന്ന സിനിമ ഫ്രഞ്ച് ന്യൂവേവിന്റെ മറ്റൊരു ശക്തമായ പരീക്ഷണഫലകമായി മാറി. 1963ലെ കണ്ടംപ്റ്റ് അദ്ദേഹത്തിന്റെ ഏറ്റവും സാമ്പത്തികവിജയം നേടിയ സിനിമയാണ്. സയന്‍സ് ഫിക്ഷനായ Alphaville: une etrage aventure de Lemmy Caution ആല്‍ഫാവില്ലേ- 1965), La Chinoise (ലാ ചീനോയിസ് -1967, സ്റ്റുഡന്റ്‌സ് ആക്റ്റിവിസത്തെക്കുറിച്ചു പറയുന്ന ഏറ്റവും കൃത്യമായ രാഷ്ട്രീയസിനിമ), Weekend (വീക്കെന്‍ഡ് - 1967)(സിനിമാസാങ്കേതികതയില്‍ ചരിത്രമായതാണ് ഇതിലെ എട്ടു മിനിട്ടു നീളുന്ന ട്രാഫിക് ജാം സീന്‍), പ്രീഹോം കാര്‍മെന്‍, ഹെയ്ല്‍ മേരി, കിങ്‌ലിയര്‍, വിന്റര്‍ ഫ്രം ദ ഈസ്റ്റ് തുടങ്ങിയവയും പ്രശസ്തങ്ങളായ സിനിമകളായി. (മതവിരുദ്ധ നിലപാടുകളാരോപിച്ച് ഹെയ്ല്‍ മേരി കത്തോലിക്കാസഭ നിരോധിച്ചിരുന്നു. കന്യക ഗര്‍ഭവതിയാവുന്ന പഴയ കഥയുടെ ആധുനികമായ പുതുക്കിയെഴുത്താണ് ഹെയ്ല്‍ മേരി ( Je vous salue, Marie). ആധുനികകാലത്തിന്റെ ആധ്യാത്മികജീവിതങ്ങളുടെ ഒരു കീറിമുറിക്കലുമാണിത്. ആത്മാവും ശരീരവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ളൊരു കലാത്മകനിരീക്ഷണം. മിഴിവോടെയുള്ള കഥാപാത്രചിത്രീകരണങ്ങള്‍ക്കും രേഖീയമായൊരു കഥപറച്ചിലിനും ശ്രമിച്ചിട്ടുള്ള ഗൊദാര്‍ദിന്റെ അവസാനചിത്രങ്ങളിലൊന്നുകൂടിയാണിത്. ചിത്രം മുപ്പത്തിയഞ്ചാമത് ബെര്‍ലിന്‍ ഫെസ്റ്റിവലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. ഗൊദാര്‍ദിന് ഇന്റര്‍ഫിലിം, ഓട്ടോ ഡിബേലിയസ് അവാര്‍ഡും ഛകഇഇ പ്രൊമോഷണല്‍ പുരസ്‌കാരവും ലഭിച്ചു.)

1964-ല്‍ ഗൊദാര്‍ദും പത്‌നിയും ചേര്‍ന്ന് 'അനൗച്കാ ഫിലിംസ്' എന്ന നിര്‍മാണസ്ഥാപനം തുടങ്ങിയിരുന്നു. ഇടക്കാലത്ത് സിനിമ മടുത്ത് വീഡിയോ ചിത്രങ്ങളിലേക്കും മാറിയിരുന്നു. 1968-ല്‍ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലാകൃഷ്ടനായി ജീന്‍ പിയറി ഗോറിനുമായിച്ചേര്‍ന്ന് ഒരു സോഷ്യലിസ്റ്റ് സിനിമാ ഗ്രൂപ്പ് (സിഗാ വെര്‍തോവ് ഗ്രൂപ്പ്) സ്ഥാപിക്കുകയും രാഷ്ട്രീയതാത്പര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററികളും സിനിമകളും നിര്‍മിക്കാനാരംഭിക്കുകയും ചെയ്തു. രാഷ്ട്രീയസിനിമകള്‍ രാഷ്ട്രീയമായി നിര്‍മിക്കുകയെന്നതായിരുന്നു ഇതിന്റെ നയം. 16 ാാ ലുള്ള ലോ ബഡ്ജറ്റ് സിനിമകള്‍. ചലച്ചിത്രഭാഷയെ വിപ്ലവവത്കരിക്കുകയെന്നതായിരുന്നു വൈരുധാത്മിക ഭൗതികവാദം അടിസ്ഥാനപ്രമാണമാക്കിയിരുന്ന ഈ ചിന്തയുടെ കാതല്‍. 1972ലെ തുത്വാബിയനോടെ ഈ ഗ്രൂപ്പിന്റെ ഏതാണ്ട് അന്ത്യമായി. അതിനെത്തുടര്‍ന്ന് 1976-ല്‍ ആനി മേരി മീവില്ലെയോടൊപ്പം ചേര്‍ന്ന് വീഡിയോ ചിത്രങ്ങളിലേക്ക് മാറിയെങ്കിലും, പിന്നീട് 1982-83 കാലത്ത് സിനിമയിലേക്കുതന്നെ ശക്തമായ മടങ്ങിവരവു നടത്തി. 'Trilogy of the sublime' എന്നറിയപ്പെടുന്ന ചിത്രങ്ങള്‍ (Passion (1932), Prenom: Carmen (1983), Hail Mary (1985) എന്നിവ) ഇക്കാലത്തേതാണ്. നാലു പതിറ്റാണ്ടിനിടെ എഴുപതിലധികം സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു. പതിനെട്ടോളം ഷോര്‍ട്ഫിലിമുകളും. 2014ലെ Goodbye to Language പുതിയ സിനിമ. 2010-ല്‍ ഓണററി ഓസ്‌കാര്‍ സമ്മാനിക്കപ്പെട്ടെങ്കിലും സ്വീകരിച്ചില്ല. മാര്‍ട്ടിന്‍ സ്‌കോര്‍സെസ്, വോങ് കാര്‍ വോയ്, ബര്‍ട്ടൊലൂച്ചി, പസ്സോളിനി, ജോണ്‍ വൂ, ഫാസ്ബിന്ദര്‍ തുടങ്ങി ലോകത്തിലെ പ്രശസ്തരായ നിരവധി ചലച്ചിത്രകാരന്മാരുടെ പ്രചോദനമായിരുന്നു ഗൊദാര്‍ദ്. ഫ്രഞ്ച് നടി അന്നാ കരീനിനയായിരുന്നു ഗൊദാര്‍ദിന്റെ ഭാര്യ.

100 cinema
പുസ്തകം വാങ്ങാം

രാഷ്ട്രീയസിനിമകള്‍ക്ക് യഥാര്‍ഥ ദിശാമുഖം സമ്മാനിച്ചവയായിരുന്നു ഗൊദാര്‍ദിന്റെ സിനിമകള്‍. രാഷ്ട്രീയസിനിമയെന്നാല്‍, രാഷ്ട്രീയം വിഷയമാകുന്നതിനെക്കാള്‍ സിനിമതന്നെ രാഷ്ട്രീയമായി നിര്‍മിക്കപ്പെടുക എന്നതാണെന്നദ്ദേഹം സമര്‍ഥിച്ചു. ഒരേസമയം ഭൗതികവാദിയും കാല്പനികനും മാര്‍ക്‌സിസ്റ്റും അരാജകവാദിയുമൊക്കെയായിരുന്ന ഗൊദാര്‍ദ് ചലച്ചിത്രഭാഷയിലെ വ്യവസ്ഥാപിതത്വങ്ങളെ തകിടംമറിച്ചു. ഗൊദാര്‍ദിയന്‍ സിനിമകള്‍ക്ക് പലപ്പോഴും പല മുഖങ്ങളായിരുന്നു. അറുപതുകളിലെ എക്സ്റ്റന്‍ഷ്യലിസത്തില്‍നിന്ന് അമിതഭാഷണത്തിലേക്കുള്ള കാലം, പിന്നീടുള്ള സാമ്രാജ്യത്വവിരുദ്ധ കാഴ്ചക്കോണുകള്‍, എഴുപതുകളിലെ മാവോയിസ്റ്റ് ഉത്പതിഷ്ണുത്വകാലം, എണ്‍പതുകളുടെ തുടക്കത്തിലെ രൂപപരതയിലേക്കുള്ള മടങ്ങിവരവ്, പിന്നീടുള്ള ആത്മകഥാപരമായ സിനിമകള്‍. ഇവയെല്ലാം തമ്മില്‍ തമ്മില്‍ വ്യത്യസ്തങ്ങളും തനതുമായിരുന്നു. ജംപ് കട്ടുകളും ചിത്രസന്നിവേശ നൈരന്തര്യവുമൊക്കെ കാവ്യാത്മകമായി സിനിമയിലുപയോഗിക്കാന്‍ പഠിപ്പിച്ചത് ഗൊദാര്‍ദാണ്. വിമര്‍ശനത്തിനുള്ള ഒരു അധിക സാധ്യതയായിട്ടാണ് അദ്ദേഹം സിനിമയെ കണ്ടത്. ചലച്ചിത്രഘടനയെ പുനര്‍നിര്‍വചിക്കുവാനാണ് ഏറെയും താത്പര്യം കാണിച്ചിരുന്നത്. വളരെ ലഘുവായ കഥയായിരിക്കും അദ്ദേഹത്തിന്റെ സിനിമകളിലുണ്ടാവുക. പക്ഷേ, അതിന്റെ അവതരണരീതി അനിര്‍വചനീയമായിരിക്കും. സങ്കീര്‍ണമായ മാനസികാവസ്ഥകള്‍ പേറുന്നവരാണ് കഥാപാത്രങ്ങള്‍. അന്യവത്കരണത്തിന്റെ ഭാഷയില്‍ വര്‍ത്തമാനകാലത്തെ നേരിടുന്ന ഗൊദാര്‍ദിന്റെ സിനിമകള്‍ ഹോളിവുഡ് സിനിമകള്‍ക്ക് സമര്‍ഥമായ പ്രതിരോധമായി മാറി. മുന്‍കൂട്ടിയുള്ള ഒരു ഷൂട്ടിങ് സ്‌ക്രിപ്റ്റില്ലാതെ, യഥാര്‍ഥ ലൊക്കേഷനുകളിലായിരുന്നു ഗൊദാര്‍ദ് തന്റെ സിനിമകളേറെയും ചിത്രീകരിച്ചത്. തന്നെക്കുറിച്ചുതന്നെ അദ്ദേഹമൊരു ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു-Self Portrait in December. അത് തന്റെതന്നെയൊരു ആത്മപരിശോധനയാണെന്നാണദ്ദേഹം അവകാശപ്പെടുന്നത്.

പ്രധാന സിനിമകള്‍

Breathles-(1960), A Woman is a Woman(1961), My Life to Live(1962), Contempt (1963), Alphaville (1964), L`Amore(1967), La Chinoise(1967), Weekend(1967), Wind from the East (1970), Tout va Bien -(1972), Every Man for Himself (1980), Passion (1982), Prenome Carmen (1983), Hail Mary (1985), King Lear (1987), Germany Year Nine Zero- (1991), For Ever Mozart-(1996), Film Socialism (2010), Goodbye to Language(2014).

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 100 വിശ്വപ്രസിദ്ധ ചലച്ചിത്ര സംവിധായകര്‍ എന്ന പുസ്തകത്തില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Jean-Luc Godard Life and Cinema Breathless


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented