'സിനിമേലൊക്കെ വില്ലനായിറ്റ് ഉണ്ട്.. വില്ലനാ? എന്നിട്ടാണാ അവന്റെ പുറകേ പിള്ളാര് നടക്കണത്'


ജയന്റെ അഞ്ജാത ജീവിതം

ഫാക്റ്റും ഫിക്ഷനും ഫാന്റസിയും ചേരുന്ന ഒരു ഒരപൂര്‍വ രചനയാണ് എസ്. ആര്‍. ലാല്‍ രചിച്ച ജയന്റെ അജ്ഞാത ജീവിതം എന്ന നോവല്‍. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം.

റെയിഞ്ചറുടെ ബംഗ്ലാവില്‍നിന്നും കുറച്ച് അകലേയായിരുന്നു കാപ്പിത്തോട്ടം സ്‌കൂള്‍. റെയിഞ്ചറുടെ എസ്റ്റേറ്റ് കൂടാതെ ഫാംപടി എസ്റ്റേറ്റ്, കമ്പിക്കകം എസ്റ്റേറ്റ്, നാരായണി എസ്റ്റേറ്റ് തുടങ്ങിയവ സമീപത്തുണ്ടായിരുന്നു. അവിടൊക്കെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ മക്കള്‍ പഠിച്ചിരുന്നത് കാപ്പിത്തോട്ടം സ്‌കൂളിലാണ്. സ്‌കൂളിനു സമീപം കൂതാളിയമ്മാവന്റെ ചായക്കടയുണ്ട്. പുലര്‍ച്ചേ തുറക്കും. ചായക്കടയോടു ചേര്‍ന്നാണ് അയാളുടെ വീടും. അബ്ദുസാറ് അവിടെനിന്നും ചായ കുടിച്ചിട്ടാണ് നടക്കാനിറങ്ങുക. സാറിന് രാത്രി ഉറക്കം കുറവാണ്. നാലു മണിക്കേ എണീക്കും. കാലുകള്‍ അപ്പോഴേ നടക്കാന്‍ തിടുക്കംകൂട്ടും. അബ്ദുസാറിന്റെ ഭാര്യ റസിയ വൈകിയേ എണീക്കൂ. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ്, ശബ്ദമുണ്ടാക്കാതെ വാതില്‍ പുറത്തുനിന്നും പൂട്ടി സാറ് മുറ്റത്തേക്കിറങ്ങും. ശബ്ദം കേട്ട് റസിയ ഉണരാന്‍ പാടില്ല. ഉറക്കം തെറ്റിയാല്‍ റസിയയ്ക്ക് തലചുറ്റു വരും. ഛര്‍ദിക്കും. റസിയയുടെ കൈയില്‍ ഒരു താക്കോലുകൂടിയുണ്ട്. അബ്ദുസാറ് റോഡെത്തുമ്പോഴേക്കും കൂതാളിയമ്മാവന്‍ സമോവര്‍ അടുപ്പത്തു വെച്ചിരിക്കും.

വീട് ഇത്രേം അടുത്തായിറ്റും നിങ്ങളെന്തിനാ അബ്ദുസാറേ ഇവിടെ വരണത് ചായകുടിക്കാന്‍? തിണ്ണയില്‍ കുത്തിയിരുന്ന് ബീഡി വലിക്കുന്ന വാളിസുര, സാറിനോടു ചോദിച്ചു. കമ്പുപോലെ നീണ്ടിട്ടാണ് സുര. അങ്ങനെ കിട്ടിയതാണ് വാളിയെന്ന ഇരട്ടപ്പേര്. അയാളെപ്പോഴും കടത്തിണ്ണയില്‍ കാണും. തെങ്ങുകയറ്റമാണ് ജോലി. പണിക്കു പോകാന്‍ മടിയാണ്. തിണ്ണയില്‍ കുത്തിയിരുന്ന് ലോകത്തെ നോക്കിക്കാണാനാണ് ആഗ്രഹിക്കുന്നത്. കൈയിലെ പൈസ തീരുമ്പോള്‍ തെങ്ങു കയറാന്‍ പോകും. ആരോ ഉന്തിക്കയറ്റുംപോലെ അയാള്‍ തെങ്ങുമ്മേല്‍ കയറും.സാറിന് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. സാറ് കുട്ടികളോടെല്ലാം ചോദ്യം ചോദിക്കും. തിരിച്ചുചോദിക്കുന്നത് ഇഷ്ടമല്ല. ഉത്തരം പറയാത്ത കുട്ടികളെ അബ്ദുസാറ് തല്ലാറില്ല. ചെവി പിടിച്ച് തിരിക്കും. തല്ലിനേക്കാള്‍ വേദനയാണ് കിഴുക്കിന്. അബ്ദുസാറിനു പക്ഷേ കാതിയാടിയപ്പൂപ്പനെ പേടിയാണ്. കിഴുക്ക് കിട്ടാതിരിക്കാന്‍ കുട്ടികള്‍ കാതിയാടിയപ്പൂപ്പന് പൈസാ നേരും. കാതിയാടിയപ്പൂപ്പാ, അബ്ദുസാറിന്റേന്ന് രക്ഷിക്കണേ, രണ്ടു പൈസാ ഇട്ടേക്കാമേ. സ്‌കൂളി പഠിക്കുന്ന കുട്ടികള്‍ക്ക് എവിടുന്നാണ് പൈസ! കാതിയാടിയപ്പൂപ്പന് അതറിയാം. വിരുതന്മാരെ കാതിയാടിയപ്പൂപ്പന്‍ ചെവിയില്‍ പിടിപ്പിക്കും. അതിലും വിരുതന്മാരുടെ വീട്ടില് അറിയിക്കും. അങ്ങനുള്ളവര്‍ക്ക് വീട്ടീന്നും കിട്ടും തല്ല്.

നിന്റെ വീട് അത്രം ദൂരത്താണോ സുരേ?
സുരയുടെ വീടും കഴിഞ്ഞിട്ടാണ് അബ്ദുസാറിന്റെ വീട്.
നമ്മക്ക് ഭാര്യേന്നൂല്ലല്ലോ.
അവള് പെണങ്ങിപ്പോയത് ഞങ്ങട കൊഴപ്പംകൊണ്ടാ? കൂതാളിയമ്മാവന്‍, സുരയുടെ മുന്നില്‍ ചായ വെച്ചുകൊടുത്തു. സുര മെല്ലെയത് നുണഞ്ഞിറക്കി. പതിയെപ്പതിയെയാണ് സുര ചായ കുടിക്കുന്നത്. ധൃതിയൊന്നുമില്ല. അബ്ദുസാറിന് ധൃതിയുണ്ട്.
അബ്ദുസാറ് നടക്കാന്‍ തുടങ്ങി. ചുറ്റുമലവരെ നടക്കും. ചില ദിവസം വേങ്ങോട്ടേക്ക് നടക്കും. തിരിച്ചു നടക്കുന്നതിനിടയില്‍ നാരായണന്‍സാറ് ചിലപ്പോള്‍ ഒപ്പം ചേരും. കാപ്പിത്തോട്ടം സ്‌കൂളിലെ ഹെഡ്മാഷാണ് അദ്ദേഹം. ഹെഡ്മാഷിന് വണ്ണമുണ്ട്. പതുക്കയേ നടക്കൂ. അബ്ദുസാറ് അപ്പോള്‍ വേഗം കുറയ്ക്കും. ഇടയ്ക്കിടയ്ക്ക് താക്കോലുണ്ടോ എന്ന് തപ്പിനോക്കും. ഒരിക്കല്‍ നടത്തത്തിനിടയില്‍ താക്കോല് നഷ്ടപ്പെട്ടു. ആശാരിയെ വിളിച്ച് പുതിയ പൂട്ട് വെക്കുംവരെ സാറിന് സമാധാനം വന്നില്ല. ഇന്നും അങ്ങനൊരു സമാധാനക്കേട് ഉള്ളിലിട്ടാണ് അബ്ദുസാറ് നടക്കുന്നത്. തൊട്ടിയും കയറും കിണറ്റിനകത്തു പോയി. പാതാളക്കരണ്ടികൊണ്ട് ശ്രമിച്ചുനോക്കി. കിട്ടിയില്ല. ചാമി വിചാരിച്ചാലേ ഇനി നടക്കൂ. എത്ര ആഴമുള്ള കിണറ്റിലും അവന്‍ ഇറങ്ങിപ്പൊയ്ക്കൊള്ളും. കാപ്പിത്തോട്ടത്തിലെ കിണറുകള്‍ക്ക് ആഴം കൂടുതലാണ്. അബ്ദുസാറിന്റെ കിണറിനുമുണ്ട് ആഴം.

ആ പോണത് ചാമിയല്ലേ?
ചുറ്റുമലവരെ പോയി തിരിച്ചുവന്നതായിരുന്നു അബ്ദുസാറ്. നന്നായി വിയര്‍ത്തു. നടക്കാന്‍ പോകുമ്പോഴെന്നപോലെ തിരിച്ചുവന്നാലും അബ്ദുസാറ് ചായ കുടിക്കും. അപ്പൊഴേ നടത്തം പൂര്‍ണമാവൂ. ഹെഡ്മാഷ് ചായയില്‍ മധുരം ഇടാറില്ല.
ആ പോണത് ചാമിയല്ലേ?
അബ്ദുസാറ്, ഹെഡ്മാഷിനോട് ആരാഞ്ഞു. ആദ്യത്തെ ചോദ്യം തന്നോടുതന്നെ ചോദിച്ചതായിരുന്നു. ഉറപ്പുണ്ടെങ്കിലും അബ്ദുസാറിന് സംശയം ബാക്കിനില്ക്കും. 'ഇങ്ങോരുടെ ബീബി അടുത്തു വന്നു കിടന്നാലും റസിയയല്ലേ എന്ന് അബ്ദുസാറ് ചോദിക്കും'- ഹെഡ്മാഷ് പതിവായി പറയാറുള്ള തമാശകളിലൊന്നായിരുന്നു അത്.
ഈ അബ്ദുസാറിന്റെ സംശയമെന്നാ തീര്വാ?
എന്റെ ഹെഡ്മാഷേ, അധ്യാപകരെന്നാല്‍ കുട്ട്യോളാ. അല്പം മുതിര്‍ന്ന കുട്ടികള്. സംശയം തീര്‍ന്നാ മ്മള് അധ്യാപകരല്ലാ. അതാ അതിന്റെ കാര്യം.
റെയിഞ്ചറുടെ എസ്റ്റേറ്റിലേക്ക് നടക്കുകയായിരുന്നു ചാമി. അബ്ദുസാറ് ചാമിയെ കൈകൊട്ടി വിളിച്ചു. ഹെഡ്മാഷും വിളിച്ചു. വാളിസുര ഉന്മേഷത്തോടെ കൂക്കിവിളിച്ചു. ചാമി മാത്രം കേട്ടില്ല.
അവനെക്കൊണ്ടെന്താ ആവശ്യം അബ്ദുസാറേ?
വാളിസുര ജിജ്ഞാസുവായി.
കിണറ്റില്‍ വീണ തൊട്ടിയും കയറും എടുക്കണം. തന്നെക്കൊണ്ട് പറ്റ്വോ?
അബ്ദുസാറിന് ദേഷ്യം വന്നു. വെള്ളമില്ലാതെ എങ്ങനെ കുളിക്കും എന്നതിനെപ്പറ്റി നെടുവീര്‍പ്പിടുകയായിരുന്നു അയാള്‍.
മരത്തില്‍ കയറാനേ വാളിസുരയ്ക്ക് അറിയൂ. കിണറ്റിലിറങ്ങാന്‍ ചാമിതന്നെ വേണം.
അബ്ദുസാറ് വിളിച്ചത് ചാമി കേട്ടിരിക്കാനാണ് വഴി. പിന്നെന്താവും നില്ക്കാതെ പോയത്? അതിന് തക്കതായ കാരണമുണ്ടായിരുന്നു.

രണ്ടു വര്‍ഷമേ ആയുള്ളൂ അബ്ദുസാറ് കാപ്പിത്തോട്ടം സ്‌കൂളില്‍ എത്തിയിട്ട്. ചുരുണ്ട മുടിയും നേര്‍ത്ത മീശയുമുള്ള സാറിനെക്കണ്ടാല്‍ പ്രേംനസീറിനെപ്പോലെ തോന്നിക്കും. ഒന്‍പത് ഡിയില്‍ ആദ്യ ക്ലാസ്. ഹെഡ്മാഷ് ചെറിയ ക്ലാസ് കൊടുത്താണ് അബ്ദുസാറിനെ അങ്ങോട്ട് പറഞ്ഞയച്ചത്: നാട്ടുമ്പുറത്തെ സ്‌കൂളാണ്. പാവപ്പെട്ട പിള്ളാരാണ്. തോറ്റുതോറ്റിരിക്കുന്നവര് കാണും. തടീംതണ്ടും ഉണ്ടെന്നേയുള്ളൂ, പാവത്തുങ്ങളാ.
അബ്ദുസാറിന് പിള്ളാരെ പിടിച്ചിരുത്താനുള്ള നൊടിവിദ്യകളുണ്ട്. പിള്ളാരുടെ ഇഷ്ടങ്ങളെപ്പറ്റിയും അനിഷ്ടങ്ങളെപ്പറ്റിയും അറിയാം. അതോണ്ട് സാറ് ഇപ്രകാരമാണ് ക്ലാസില്‍ സംസാരിച്ചത്:
പ്രിയപ്പെട്ട കുട്ടികളേ, എന്റെ പേര് അബ്ദു. ഞാന്‍ നിങ്ങളെ മലയാളമാണ് പഠിപ്പിക്കുക. ഇന്ന് ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്നില്ല. ചില ചോദ്യങ്ങള്‍ ചോദിക്കാനാണ് ആഗ്രഹിക്കുന്നത്.
കുട്ടികള്‍ മ്ലാനവദനരായി. കുട്ടികള്‍ ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
സിനിമ കണ്ടിട്ടുള്ളവര്‍ എത്രപേരുണ്ട്?
കുട്ടികള്‍ ഉത്സാഹം വീണ്ടെടുത്തു. അവരുടെ കണ്ണുകള്‍ തിളങ്ങി.
നീലക്കുയില്‍ സിനിമയിലൂടെ ഉറൂബിന്റെ കഥയിലേക്ക് എത്താനായിരുന്നു സാറിന്റെ ശ്രമം. അതൊരു വിദ്യയാണ്. സാറിത് മുന്‍പ് പഠിപ്പിച്ച സ്‌കൂളിലും വിജയപൂര്‍വം പ്രയോഗിച്ചിട്ടുള്ളതാണ്.
പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലുമായി രണ്ടോ മൂന്നോപേരൊഴിച്ച് ബാക്കിയെല്ലാവരും കൈയുയര്‍ത്തി.
വെഞ്ഞാറമൂട്ടിലും പോത്തന്‍കോട്ടുമാണ് സമീപത്ത് ടാക്കീസുള്ളത്. പോത്തന്‍കോടാണ് അടുത്ത്. കാപ്പിത്തോട്ടത്തില്‍നിന്ന് ഏഴു കിലോമീറ്ററുണ്ട്. വെഞ്ഞാറമൂട്ടിലേക്ക് രണ്ടുകിലോമീറ്റര്‍ കൂടും. ആറ്റിങ്ങലില്‍ ഗൗരി ടാക്കീസുണ്ട്. അവിടേക്ക് പത്തുകിലോമീറ്റര്‍ സഞ്ചരിക്കണം. പിന്നെയും ദൂരമുണ്ട് കഴക്കൂട്ടം മഹാദേവയിലേക്ക്. തിരുവനന്തപുരത്തേക്ക് മുപ്പതു കിലോമീറ്ററും.

ആരാ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നടി? അബ്ദുസാറ് പെണ്‍ബെഞ്ചിനെ ചൂണ്ടി.
പോത്തന്‍കോട് സാബുവില്‍ കണ്ട സിനിമ പാര്‍വതി ആലോചിച്ചെടുത്തു. ഓണത്തിനാണ് സിനിമയ്ക്കു പോയത്. ഹെഡ്മാഷിന്റെ മകളാണ് പാര്‍വതി. അവള്‍ മുന്‍ബെഞ്ചിലാണ് ഇരിക്കുക. ആലോചിക്കുമ്പോള്‍ പാര്‍വതിയുടെ കണ്ണുകള്‍ അടയും.
കുട്ടി ഉറങ്ങാണോ? പാര്‍വതിയെ നോക്കി അബ്ദുസാറ് ചോദിച്ചു.
ഞാന്‍ ആലോചിക്കാണ് സാറേ. എനിക്ക് കണ്ണടച്ച് ആലോചിച്ചാലേ ഉത്തരം കിട്ടൂ.
'ആലോചന' എന്നാണ് അവളുടെ ഇടംപേര്. പാര്‍വതി കേള്‍ക്കെ ആരും അത് വിളിക്കാറില്ല. കേട്ടാല്‍ ഹെഡ്മാഷിനോട് പരാതിപ്പെടും.
പാര്‍വതി ആലോചിച്ചേ എന്തും പറയൂ. അതുകൊണ്ട് തെറ്റുപറ്റാറില്ല.
ഷീല, അവള്‍ക്കിഷ്ടപ്പെട്ട നടിയുടെ പേര് പാര്‍വതി പറഞ്ഞു.
'മാനസ മൈനേ വരൂ...മധുരം കിള്ളിത്തരൂ.....'ഷീല അഭിനയിച്ച ചെമ്മീനിലെ പാട്ട് അവള്‍ക്കോര്‍മ വന്നു. നല്ല സിനിമയെന്ന് ബോധ്യപ്പെട്ടശേഷമാണ് ഹെഡ്മാഷ് അവരെ ഒപ്പംകൂട്ടിയത്. അശ്ലീലരംഗങ്ങളൊന്നും കുട്ടികള്‍ കാണാന്‍ പാടില്ലെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമാക്കഥ ഓര്‍ത്തപ്പോള്‍ പാര്‍വതിക്ക് കരച്ചില്‍വന്നു. 'എന്റെ കൊച്ചുമുതലാളീ...'എന്ന നെടുനിശ്വാസത്തോടെയുള്ള വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. 'കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും' എന്ന് പരീക്കുട്ടി പറയും. അതു കേട്ടപ്പൊ അവള്‍ ഏങ്ങിപ്പോയി.
സാറിന്റെ ചോദ്യം ആണ്‍കുട്ടികളുടെ മുന്‍നിരയിലേക്കെത്തി. അവിടെനിന്നും പിന്‍നിരയിലേക്കു നിരങ്ങി.
അപ്പോഴാണ് ആദ്യമായിട്ടൊരു പേര് അബ്ദുസാറ് കേട്ടത്.
ജയന്‍!

അങ്ങനെയൊരു നടനെ അബ്ദുസാറ് കേട്ടിരുന്നില്ല. നസീര്‍, സത്യന്‍, സുകുമാരന്‍, മധു, ശങ്കരാടി, അടൂര്‍ഭാസി തുടങ്ങി ചെറുതും വലുതുമായ നടന്മാരെ സാറിന് അറിയാവുന്നതാണ്. നസീറിനെപ്പോലെയാണ് അബ്ദുസാറ് കാഴ്ചയിലെങ്കിലും പ്രിയപ്പെട്ട നടന്‍ സത്യനായിരുന്നു.
സിനിമാഷൂട്ടിങ് കാണാന്‍ കൊച്ചബ്ദു പോയിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. വാപ്പയോടൊപ്പമാണ് പോയത്.
അതാരാ?
മരച്ചോട്ടില്‍ കിടന്നുറങ്ങുന്ന സുമുഖനായ ആളെ നോക്കി അബ്ദു, വാപ്പയോട് ചോദിച്ചു.
അതാണ് നസീര്‍.
എന്തോരം വെളുപ്പാ, മേക്കപ്പാ?
അങ്ങോരുടെ നിറം അങ്ങനായിരിക്കും.
തൊട്ടുനോക്കാന്‍ പറ്റ്വോ? അന്നേ അബ്ദുവിനുമുന്നില്‍ സംശയങ്ങളുടെ ലോകമുണ്ട്.
പിള്ളാര് തൊട്ടാല്‍ കൊഴപ്പോണ്ടാവില്ല. വലിയോര് തൊട്ടാല്‍ വഴക്കുപറയും.
മരച്ചോട്ടിലെ ആളുണര്‍ന്നപ്പൊ അബ്ദു അടുത്തേക്കു ചെന്നു. നസീര്‍ മുഖം ചോദ്യമാക്കി.
തൊട്ടോട്ടെ?
എന്തിനാ?
മേക്കപ്പാന്നറിയാനാ
തൊട്ടോ, അബ്ദു കുഞ്ഞുവിരലുകൊണ്ട് നസീറിനെ തൊട്ടു.
എന്തു തോന്നി?
മേക്കപ്പല്ല. നസീറിനെ തൊട്ട കൈപ്പടം സാക്ഷ്യപ്പെടുത്തി.
എന്താ നിന്റെ പേര്?
അബ്ദുള്‍ ഖാദര്‍
ആഹാ, നമ്മുടെ രണ്ടാളുടേം പേര് ഒന്നാണല്ലോ. നന്നായി പഠിക്കണം കേട്ടോ, നസീര്‍, അബ്ദുള്‍ ഖാദറിന്റെ കവിളില്‍ തട്ടി. അതോര്‍ക്കുമ്പൊ അബ്ദുസാറിന് എപ്പോഴും രോമാഞ്ചം വരും. സിനിമ കണ്ടുകണ്ടു വന്നപ്പൊ, നസീറിനെക്കാളും ഇഷ്ടം സത്യനോടായി. സത്യന്‍ മരിച്ച ദിവസം സാറ് വാപ്പ മരിച്ചെന്നപോലെ ദുഃഖിച്ചു.

അബ്ദുസാറ് പിന്‍ബെഞ്ചുകാരനോടു ചോദിച്ചു:
നിന്റെ പേരെന്താ?
ചാമി, കുട്ടികളാണ് പറഞ്ഞത്.
സിനിമാനടന്‍ ആരെന്നാ പറഞ്ഞത്?
ജയന്‍, അവന് സംശയമേതുമുണ്ടായില്ല.
ജയനോ? ഏവനാ ഞാന്‍ കേള്‍ക്കാത്ത ഈ ജയന്‍? സാറിന് അരിശം
വന്നു.
ക്ലാസിലൊരു ചിരിമുഴങ്ങി. പെണ്‍കുട്ടികളായിരുന്നു ചിരിക്കാരികള്‍. ആണ്‍കുട്ടികള്‍ അതില്‍ പങ്കുചേര്‍ന്നില്ല. ആണ്‍കുട്ടികളെ കളിയാക്കുന്നത് ആണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ല. പാര്‍വതിക്ക് ചിരി അടക്കാനേ പറ്റിയില്ല. ചിരിച്ചുചിരിച്ച് അവള്‍ക്ക് ശ്വാസംമുട്ടി.
ചാമി ബെഞ്ചില്‍നിന്നും ചാടിയെണീറ്റു. കുതിച്ച് പുറത്തുവന്നു. അവന്റെ മുഖം കണ്ട് അബ്ദുസാറ് പേടിച്ചുപോയി. വഴിമുടക്കിനിന്ന സാറിനെപ്പിടിച്ച് മാറ്റീട്ട് അവന്‍ പുറത്തേക്കു നടന്നു. ചാരിവെച്ചിരുന്ന ബോര്‍ഡോടുകൂടി അബ്ദുസാറ് നിലത്തേക്കു വീണു.
ഹെഡ്മാഷ് ഓടിവന്നു. ക്ലാസിലെ ഒച്ചയും ബഹളവും കേട്ട് വന്നതാണ്. അബ്ദുസാറ് എണീറ്റ് കസേരയില്‍ ഇരിപ്പുണ്ടായിരുന്നു. പാര്‍വതി ക്ലാസില്‍ നടന്ന കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ അവതരിപ്പിച്ചു. അബ്ദുസാറിനെ ചാമി മനപ്പൂര്‍വം തള്ളിയിട്ടു എന്നായിരുന്നു അവളുടെ ആക്ഷേപം.
ചവിട്ടിയാക്കൂടി തിരിച്ചു കടിക്കാത്ത എനമാണല്ലോ അവന്‍. പിന്നിതെന്തുപറ്റി? ഹെഡ്മാഷ് ചിന്താധീനനായി.
അബ്ദുസാറിനും കാര്യങ്ങളൊന്നും പിടികിട്ടിയില്ല. ജീവിതത്തിലെ ആദ്യത്തെ ദുരനുഭവമാണ്.
ചാമിയെക്കൊണ്ട് ഹെഡ്മാഷിന് ഒട്ടനേകം സഹായങ്ങളുണ്ട്. ക്ലാസ് മുറികളുടെ ജനാലകള്‍ തുറന്നിടും. വാതിലുകള്‍ തുറന്നുവെക്കും. ബെഞ്ചിലെ പ്രാവിന്‍കാഷ്ഠങ്ങള്‍ തുടച്ചുമാറ്റും. ബെല്ലടിക്കും. ചായ വാങ്ങും. പിള്ളാര് തമ്മില് തല്ലുകൂടിയാല് സമവായത്തിനെത്തും. ചുറ്റുമല പോസ്റ്റോഫീസില്‍ തപാലയയ്ക്കാന്‍ പോവും. സമയത്തിന് പ്യൂണന്മാരെയൊന്നും ഇതിന് കിട്ടാറില്ല.

എനിക്ക് പരാതിയൊന്നുമില്ല ഹെഡ്മാഷേ. ഞാനായിറ്റ് ഒരു കുട്ടീടേം പഠിപ്പ് ഇല്ലാതാക്കില്ല, അബ്ദുസാറ് ഹെഡ്മാഷിനോടൊപ്പം ചേര്‍ന്നു നടന്നു. സ്‌കൂള്‍വിട്ടിറങ്ങിയതായിരുന്നു. ഹെഡ്മാഷ് കുട നിവര്‍ത്തിപ്പിടിച്ചിരുന്നു. വെയില്‍ മാറിയിരുന്നു. എങ്കിലും ഹെഡ്മാഷ് കുട നിവര്‍ത്തിയേ നടക്കൂ. ഇരുവരും ഒരേ വഴിക്കാണ്.
അടുത്ത ദിവസങ്ങളിലൊന്നും ചാമി സ്‌കൂളിലേക്കു വന്നില്ല.
ചാമിയെ ഇവിടേങ്ങാനും കണ്ടാരുന്നോ?
പൂനന്‍ ടെയിലറുടെ കടയിലേക്ക് ഹെഡ്മാഷ് വിളിച്ചുചോദിച്ചു. പൂനന്‍ ടെയിലര്‍ പത്രം വായിച്ചിരിപ്പായിരുന്നു.
അവനെന്തോ സ്‌കൂളില് കൊഴപ്പമുണ്ടാക്കീന്ന് കേട്ടല്ലോ സാറേ?
കറന്റില്ലാത്തതിനാല്‍ പുറത്ത് വിശ്രമിക്കയായിരുന്നു ബാര്‍ബര്‍ മണി.
അവനെ കണ്ടാരുന്നോ മണീ?
ഇന്നലെയോ മറ്റോ സിനിമാമാസിക നോക്കാന്‍ വന്നിരുന്നു.
മണിക്ക്, സിനിമയെക്കുറിച്ചുള്ള ജ്ഞാനം ഉണ്ടാകുമെന്നു കരുതി ഹെഡ്മാഷ് അവിടെ തിരിഞ്ഞുനിന്നു. ഹെഡ്മാഷും ജയനെക്കുറിച്ച് കേട്ടിരുന്നില്ല.
ബാര്‍ബര്‍ മണിക്കും ജയനെ തിരിച്ചറിയാന്‍ പറ്റിയില്ല. പൂനന്‍ ടെയിലര്‍ക്ക് ജയനെ അറിയാമായിരുന്നു. സിനിമാമാസികകള്‍ വരുത്തിയിരുന്നത് ബാര്‍ബര്‍ മണിയായിരുന്നെങ്കിലും അയാളത് വായിച്ചിരുന്നില്ല. അവിടെ വരുന്നവര്‍ക്കുവേണ്ടിയാണ് മണി അതു വരുത്തിയിരുന്നത്. സിനിമാനടിമാരുടെ പടങ്ങള്‍ മണി സാകൂതം നോക്കിയിരുന്നു.
പുതിയ നടനാ സാറേ. പൂനന്‍ ടെയിലര്‍ പത്രം മടക്കി. ചെല സിനിമേലൊക്കെ ഉണ്ട്, വില്ലനായിറ്റ്.
വില്ലനാ? എന്നിറ്റാണാ അവന്റെ പുറകേ പിള്ളാര് നടക്കണത്?
ഹെഡ്മാഷിന് വില്ലന്മാരെ ഇഷ്ടമല്ല. നായകന്മാരെയേ ഇഷ്ടമുള്ളൂ. വില്ലന്മാര്‍ ഒടുവില്‍ അടികൊണ്ട് മരിക്കും. ഇല്ലെങ്കില്‍ വെടികൊണ്ട് മരിക്കും. ജീവിക്കുന്നത് നായകന്മാരാ.

അവനൊരു പൊട്ടന്‍ചെക്കനല്ലേ സാറേ. കളഞ്ഞേക്ക്, പൂനന്‍ ഇടനിലക്കാരനായി.
അയാള് നല്ലോണ്ണം അഭിനയിക്കോ ടെയിലറേ? അബ്ദുസാറ് ഇടപെട്ടു ചോദിച്ചു.
എന്തോന്ന് അഭിനയാ സാറേ. കൊള്ളത്തില്ല. അഭിനയം നമ്മടെ നസീറും സത്യനും മധുവുമൊക്കെയല്ലേ. ഇവനൊക്കെ രണ്ടു സിനിമാ കഴിയുമ്പൊ പോവുന്നോമ്മാരാ.
ജയനെപ്പറ്റി ആര്‍ക്കും മതിപ്പില്ല. അബ്ദുസാറിനും സന്തോഷമായി.
ഹെഡ്മാഷിന് സന്തോഷം വന്നില്ല. ചാമിയെ കണ്ടുപിടിക്കാതെ സന്തോഷം വരുന്നതെങ്ങനെ. രാത്രിയോടെ, ചാമിയെ കിട്ടി. അപ്പോള്‍ അബ്ദുസാറ് ഒപ്പമുണ്ടായിരുന്നില്ല.
നീ സ്‌കൂളീ വരാത്തതെന്താ?
ഞാന്‍ നിര്‍ത്തി സാറേ.
അപ്പൊ നിനക്ക് പത്താം ക്ലാസ് ജയിക്കണ്ടേ?
അതൊരിക്കലും ഉണ്ടാകില്ലാന്ന് ചാമിക്കറിയാമായിരുന്നു. ഹെഡ്മാഷിനും അറിയാം. എട്ടാം ക്ലാസില്‍ രണ്ടു തവണയും ഒന്‍പതില്‍ ഒരു തവണയും തോറ്റതാണ്. താഴെ ക്ലാസിലുമുണ്ട് തോല്‍വികള്‍. ഒപ്പം തോറ്റുതോറ്റ് ബെഞ്ചിലടുത്തിരുന്ന സതീശന്‍ കുറച്ചു ദിവസം മുന്‍പ് പഠിത്തം അവസാനിപ്പിച്ചതോടെ ചാമി ഒറ്റപ്പെട്ടുപോയിരുന്നു.
ആ സാറിനെ മാറ്റിയാല്‍ ഞാന്‍ വരാം.
നിര്‍ബന്ധത്തിനൊടുവില്‍ ചാമി ഡിമാന്റുവെച്ചു.

നിന്റെ ക്ലാസിലിനി പഠിപ്പിക്കാന്‍ അബ്ദുസാറ് വരത്തില്ല, പോരേ?
അതു പോരാ, അങ്ങേരുള്ള സ്‌കൂളില് ഞാന്‍ പടിക്കത്തില്ല സാറേ. ജയേട്ടനെ ആ സാറെന്തിനാ അവനെന്നൊക്കെ വിളിച്ചത്?
അറിയാതെ പറ്റിയതാവും ചാമീ.
ഇതൊന്നും അറിയാത്തോരാ സാറന്മാര്?
ഹെഡ്മാഷ് തോറ്റു.
അപ്പൊ നീയിനി എന്തു ചെയ്യാന്‍ പോണു?
ഞാന്‍ റെയിഞ്ചറുടെ എസ്റ്റേറ്റില് ജോലിക്കു ചേര്‍ന്നല്ലോ. സ്‌കൂളില്‍ വരുമ്പോഴും അവധിദിവസം അവന്‍ അവിടെ ജോലിക്കു പോയിരുന്നു.
ഇപ്പോഴും ചാമിക്ക് തന്നോടുള്ള വിരോധം മാറിയിട്ടില്ലെന്ന് അബ്ദുസാറിനു മനസ്സിലായി. അബ്ദുസാറിന് ആരേയും പിണക്കാന്‍ ഇഷ്ടമല്ല. കാപ്പിത്തോട്ടത്തില്‍ വീടുവെച്ചു താമസിക്കണമെന്നാണ് ആഗ്രഹം. റസിയയ്ക്കും അതാണിഷ്ടം. അവരുടെ മകനുമാത്രം ഇവിടം ഇഷ്ടമല്ല.
വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ കിണറ്റിലെ കപ്പികരയുന്ന ശബ്ദംകേട്ടു. റസിയ കിണറ്റിന്‍കരയിലുണ്ട്.
കിണറ്റില്‍ വീണ തൊട്ടിയും കയറും ആരാണെടുത്തത്!
ചാമി കിണറ്റിനകത്തുനിന്നും തൊടികളില്‍ പിടിച്ച് കയറിവരുന്നുണ്ടായിരുന്നു.

Content Highlights: novel mathrubhumi books excerpts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented