ഹിന്ദു-മുസ്ലിം: പരസ്പരാദരവോടെ വിട്ടുവീഴ്ചചെയ്യാതെ ശത്രുതയും ലഹളയുമുണ്ടാക്കുന്നതില്‍ ദു:ഖിച്ച നെഹ്രു 


സി.എച്ച് കുഞ്ഞപ്പ

രാഷ്ട്രീയപ്രതിലോമവാദികള്‍ വഗ്ഗീയനേതാക്കളുടെ വേഷത്തില്‍ രാഷ്ട്രീയരംഗത്തിലേയ്ക്കു മടങ്ങിവന്നു. അവര്‍ ചെയ്ത അനേകം പ്രവൃത്തികളെ ശരിയായി വിവരിക്കുന്നത് അവരുടെ വര്‍ഗ്ഗീയപക്ഷപാതമല്ല, രാഷ്ട്രീയപുരോഗതിയെ തടയുവാനുള്ള ആഗ്രഹമാണ്.

ജവാഹർലാൽ നെഹ്രു

ലോകോത്തരങ്ങളായ ആത്മകഥകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒന്നാണ് ആധുനിക ഇന്ത്യയുടെ ശില്പികളില്‍ പ്രധാനിയായ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ആത്മകഥ. യുക്തിചിന്ത, വിജ്ഞാനവൈപുല്യം, മതനിരപേക്ഷവീക്ഷണം, സ്വന്തം ജനതയെ അടിച്ചമര്‍ത്തുന്നതിനെതിരായ ധാര്‍മികരോഷം, രചനാശൈലിയിലെ ലാളിത്യം തുടങ്ങിയ പ്രത്യേകതകളാല്‍ ലോകം ഏറ്റെടുത്ത ആത്മകഥ മാതൃഭൂമി ബുക്‌സിനുവേണ്ടി സി.എച്ച് കുഞ്ഞപ്പ പരിഭാഷപ്പെടുത്തിയിരിക്കുന്നു. മാതൃഭൂമി ബുക്‌സ് പ്രീബുക്കിങ് പദ്ധതിയിലൂടെ വളരെയധികം വായനക്കാരിലേക്കെത്തിയ ആത്മകഥയുടെ പ്രീ ബുക്കിങ് നവംബര്‍ ഒന്നുവരെ നീട്ടിയിരിക്കുകയാണ്. ആത്മകഥയിലെ ഒരു ഭാഗം വായിക്കാം.

1923- ലെ ശരത്തില്‍, നാഭാജെയിലില്‍നിന്നു തിരിച്ചുവന്നതിനു ശേഷം എനിക്കുണ്ടായ ദീനം-അന്നു ഞാന്‍ ടൈഫസ് വിഷകൃമിയുമായി ഒരു മല്പിടുത്തം നടത്തിയല്ലോ-എനിക്കൊരു പുതിയ അനുഭവമായിരുന്നു. സുഖക്കേടാവുക, അഥവാ പനിയോ ദേഹത്തിനു ക്ഷീണമോ ബാധിച്ചു കിടപ്പിലാവുക എന്നത് എനിക്ക് പരിചിതമല്ല. എന്റെ ആരോഗ്യത്തെക്കുറിച്ച് ഒട്ടൊരഭിമാനംതന്നെയുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറെക്കുറെ സാധാരണമായ ശയ്യാവലംബിത്വത്തിന്നു ഞാന്‍ എതിരുമാണ്. എന്റെ യൗവനവും ശരീരദാര്‍ഢ്യവും എന്നെ രക്ഷപ്പെടുത്തി; എന്നാല്‍ രോഗത്തിന്റെ സഗൗരവസന്ധി കടന്നുകഴിഞ്ഞശേഷം വളരെ ബലഹീനമായ ഒരവസ്ഥയില്‍, വീണ്ടും മെല്ലെമെല്ലെ ആരോഗ്യം പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ട് ഏറെക്കാലം ശയ്യയില്‍ കിടക്കേണ്ടിവന്നു. അക്കാലത്ത്, എനിക്കെന്റെ ചുറ്റുപാടുകളിലും ദൈനന്ദിനജോലികളിലും ഒരു വിചിത്രമായ നിസ്സഹായത്വം തോന്നി. അതെല്ലാം ഞാന്‍ അകലെ മാറിനിന്നുകൊണ്ട് വീക്ഷിച്ചു. മരങ്ങളുടെ കെട്ടുപിണച്ചിലില്‍നിന്നു ഞാന്‍ പിടഞ്ഞുമാറുകയും അതുകൊണ്ട് എനിക്കു കാടുമുഴുവന്‍ ഒന്നിച്ചു കാണാറാവുകയും ചെയ്തതുപോലെ തോന്നി; എന്റെ മനസ്സു മുമ്പത്തെക്കാള്‍ വ്യക്തവും ശാന്തവുമായിരിക്കുന്നതുപോലെ അനുഭവപ്പെട്ടു. കഠിനരോഗത്തില്‍നിന്നു വിമുക്തരായവര്‍ക്ക് ഇതോ ഇതുപോലുള്ള അനുഭവങ്ങളോ സാധാരണമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ എനിക്കത് ഒരാത്മീയാനുഭവം- മതപരമായ ഇടുങ്ങിയ ഒരര്‍ത്ഥത്തിലല്ല ഞാനീ വാക്കുപയോഗിക്കുന്നത്. എന്നെ അതു ഗണ്യമാംവിധം ബാധിക്കയും ചെയ്തു. നമ്മുടെ രാജ്യകാര്യങ്ങളുടെ വികാരവിവശമായ അന്തരീക്ഷത്തില്‍നിന്നു ഞാന്‍ ഉയര്‍ത്തപ്പെട്ടതുപോലെ തോന്നി. ലക്ഷ്യങ്ങളേയും എന്നെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച ശക്തികളേയും എനിക്കു കുറേക്കൂടി വ്യക്തമായി കാണുവാന്‍ കഴിഞ്ഞു. ഈ വ്യക്തതയോടൊപ്പം മറ്റു പ്രശ്നങ്ങള്‍ പൊന്തിവന്നു. അവയില്‍ തൃപ്തികരമായ സമാധാനം എനിക്കു ലഭിച്ചില്ല. എങ്കിലും ഞാന്‍ ജീവിതത്തേയും രാജ്യകാര്യങ്ങളേയും സംബന്ധിച്ചുള്ള മതപരമായ വീക്ഷണകോടിയില്‍നിന്ന് അധികമധികം അകന്നകന്നുപോയി, എന്റെ ആ അനുഭവത്തെക്കുറിച്ച് അധികമെഴുതുവാന്‍ എനിക്കു കഴിവില്ല; എളുപ്പം പ്രകാശിപ്പിക്കുവാന്‍ കഴിയാത്ത വിചാരഗതിയാണ്. ഇതു പതിനൊന്നു കൊല്ലം മുമ്പാണ്. അതിന്റെ ഒരു മങ്ങിയ സ്വരൂപം മാത്രമേ ഇപ്പോള്‍ മനസ്സില്‍ അവശേഷിക്കുന്നുള്ളൂ. എന്നാല്‍ എന്റേയും എന്റെ വിചാരഗതിയുടേയും മേല്‍ അതിന്ന് ഒരു ശാശ്വതമായ ഫലമുണ്ടായിരുന്നുവെന്നു ഞാനോര്‍ക്കുന്നു. പിന്നത്തെ രണ്ടു കൊല്ലമോ അതിലധികമോ കാലം ഏതാണ്ട് ഈ നിസ്സംഗഭാവത്തോടുകൂടിയാണ് ഞാനെന്റെ ജോലികള്‍ നിര്‍വ്വഹിച്ചത്.ഇത് ഒട്ടുമുക്കാലും എന്റെ നിയന്ത്രണത്തിനു തീരേ വിധേയമല്ലാത്തതും ഞാനുമായി പൊരുത്തപ്പെടാത്തതുമായ സംഭവഗതിയുടെ ഫലമാണെന്നതില്‍ സംശയമില്ല. രാഷ്ട്രീയങ്ങളായ ചില മാറ്റങ്ങളെക്കുറിച്ചു ഞാനിതിനകം പറഞ്ഞുകഴിഞ്ഞു. ഹിന്ദുമുസ്ലിംബന്ധങ്ങള്‍ക്കു, വിശേഷിച്ചും ഉത്തരേന്ത്യയില്‍, വര്‍ദ്ധിച്ചുവന്ന അധഃപതനം അതിലൊക്കെ എത്രയോ പ്രധാനമായിരുന്നു. വലിയ നഗരങ്ങളില്‍ ഏറ്റവും മൃഗീയവും ക്രൂരവുമായ അനേകം ലഹളകളുണ്ടായി. അവിശ്വാസത്തിന്‍െയും വിദ്വേഷത്തിന്റെയും ആ അന്തരീക്ഷം, ഞങ്ങളില്‍ മിക്കപേരും അതിന്നുമുമ്പു കേട്ടിട്ടില്ലാത്ത പല വിരോധഹേതുക്കളേയും ഉല്പാദിപ്പിച്ചു. മുമ്പെല്ലാം പശുവിനെ ബലികഴിക്കുന്നതു, വിശേഷിച്ചും ബക്രീദ് ദിനത്തില്‍, ആയിരുന്നു അസ്വാസ്ഥ്യത്തിനുള്ള ഒരു പ്രധാനകാരണം. ഹിന്ദുക്കളുടേയും മുസ്ലിംകളുടേയും ഉത്സവങ്ങള്‍ തമ്മിലിടഞ്ഞാലും അസ്വസ്ഥതയുണ്ടാകും. ഉദാഹരണമായി, രാമലീല ആഘോഷിക്കപ്പെടുന്ന കാലങ്ങളില്‍ മുഹറം വന്നണഞ്ഞാല്‍: പണ്ടു കഴിഞ്ഞ ഒരു ദുഃഖകഥയുടെ സ്മരണയെ ഉദ്ദീപിപ്പിച്ച വ്യസനത്തിനും കണ്ണീരിനും കാരണമാകുന്നതാണ് മുഹറം; രാമലീലയാകട്ടെ, സന്തോഷം തിരതല്ലുന്നതും ധര്‍മ്മത്തിന്ന് അധര്‍മ്മത്തിന്റെ മേലുണ്ടായ വിജയത്തെ കൊണ്ടാടുന്നതുമായ ഒരുത്സവമാണ്. ഇതു രണ്ടും തമ്മില്‍ പൊരുത്തമില്ല. ഭാഗ്യവശാല്‍, ഏതാണ്ടു മുപ്പതു കൊല്ലത്തിലൊരിക്കലേ അവ ഒത്തുവരൂ. എന്തുകൊണ്ടെന്നാല്‍ രാമലീല പ്രതിവര്‍ഷം ഒരു നിശ്ചിതകാലത്തു സൗപഞ്ചാംഗമനുസരിച്ചാഘോഷിക്കപ്പെടുന്നതും, മുഹറം ചാന്ദ്രവര്‍ഷമനുസരിച്ച് ഋതുക്കളെ ചുറ്റി മാറിക്കൊണ്ടിരിക്കുന്നതുമാകുന്നു.

ഇപ്പോഴാകട്ടെ, മത്സരത്തിനു പുതിയൊരു കാരണമുണ്ടായി- എല്ലായ്പോഴും നിലവിലുള്ളതും എപ്പോഴും തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഒരു കാരണം. പള്ളികളുടെ മുമ്പില്‍ സംഗീതം എന്ന പ്രശ്നമാണത്. പള്ളികളിലുള്ള തങ്ങളുടെ പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തുന്ന സംഗീതമോ മറ്റേതെങ്കിലും ശബ്ദമോ ഉണ്ടാകുന്നതിനെ മുസ്ലിംകള്‍ എതിര്‍ത്തു. ഓരോ നഗരത്തിലും അനേകം പള്ളികളുണ്ട്; ദിവസത്തില്‍ അഞ്ചുപ്രാവശ്യം അവര്‍ക്കു പ്രാര്‍ത്ഥിക്കണം; ഒച്ചകള്‍ക്കോ ഘോഷയാത്രകള്‍ക്കോ (വിവാഹഘോഷയാത്രകളും ശ്മശാനയാത്രകളുമുള്‍പ്പെടെ) കുറ്റവുമില്ല. അങ്ങനെ എപ്പോഴും ഏറ്റുമുട്ടലുകള്‍ക്ക് എളുപ്പമുണ്ട്. പള്ളികളില്‍വെച്ചു നടത്തുന്ന സായന്തനപ്രാര്‍ത്ഥനയുടെ സമയത്തുണ്ടാകുന്ന ഘോഷയാത്രകളേയും ഒച്ചകളേയും സംബന്ധിച്ചാണ് വിശേഷിച്ചും അവര്‍ക്കാക്ഷേപം. അതാകട്ടെ, ഹിന്ദുക്ഷേത്രങ്ങളില്‍ സായഹ്നപൂജയ്ക്കുള്ള ഒത്ത സമയമാണ്; അപ്പോള്‍ ശംഖൂതലും മണിയടിയുമുണ്ടാവുകയും ചെയ്യും. ആരതി എന്നാണ് ഈ പൂജയ്ക്കു പേര്‍. ആരതി-സമസ്തര്‍ക്കങ്ങള്‍ വലിയ തോതില്‍ വളര്‍ന്നുവന്നു.

ഓരോ കക്ഷിക്കുമുണ്ടാകുന്ന മനോവേദനയെ പരസ്പരം ആദരിച്ചു സ്വല്പം ചില വിട്ടുവീഴ്ചകള്‍ ചെയ്താല്‍ തീരാവുന്ന ഒരു കാര്യം, മഹാശത്രുതയ്ക്കും ലഹളയ്ക്കും കാരണമാവുക എന്നത് അത്ഭുതകരമായിത്തോന്നുന്നു. എന്നാല്‍ മതപരങ്ങളായ കോപകാലുഷ്യങ്ങള്‍ക്കു, വിവേകം പരസ്പരബഹുമാനം വിട്ടുവീഴ്ച എന്നിവയുമായി ഒരിടപാടുമില്ല. ആ കോപകാലുഷ്യങ്ങള്‍, അധികാരത്തിലിരിക്കുന്ന മൂന്നാമത്തെ കക്ഷിക്ക് ഇരുകക്ഷികളേയും തമ്മില്‍ത്തല്ലിക്കാന്‍ കഴിയുമെന്നു വരുമ്പോള്‍ എളുപ്പം ഊതിക്കത്തിക്കപ്പെടാവുന്നവയുമാണ്.

ഏതാനും ചില വടക്കന്‍ നഗരങ്ങളിലുണ്ടായ ഈ ലഹളകളുടെ പ്രാധാന്യം ഉള്ളതിലധികം വലുപ്പത്തില്‍ കാണാനിടയുണ്ട്. മിക്ക പട്ടണങ്ങളും നഗരങ്ങളും ഗ്രാമീണഭാരതം മുഴുവനും, ഈ സംഭവങ്ങളാല്‍ അസ്പൃഷ്ടങ്ങളായി സമാധാനപൂര്‍വ്വം കഴിഞ്ഞുകൂടി. പക്ഷേ, വൃത്താന്തപത്രങ്ങള്‍ ഓരോ നിസ്സാരമായ വര്‍ഗീയവഴക്കിന്നും സ്വാഭാവികമായി, വളരെയധികം പ്രാധാന്യം കല്പിച്ചു. എന്നാല്‍ നാഗരികജനാവലിയില്‍ വര്‍ഗീയവിദ്വേഷവും പകയും വര്‍ദ്ധിച്ചുവെന്നതു പരമാര്‍ത്ഥം മാത്രമാണ്. മുകളില്‍ നില്ക്കുന്ന വര്‍ഗീയനേതാക്കള്‍ ഇതിന്നു വളം വെച്ചു; ആ സംഗതി, വര്‍ഗീയവാദികളുടെ രാഷ്ട്രീയാവശ്യങ്ങള്‍ക്കു ശക്തി കൂടിയെന്നതില്‍ പ്രതിഫലിച്ചുകാണാം. നിസ്സഹകരണം നിലവിലുള്ള കാലമത്രയും പിന്‍ ഭാഗത്തു പോയൊളിഞ്ഞിരുന്ന മുസ്ലിം രാഷ്ട്രീയ പ്രതിലോമവാദികള്‍, ഈ വര്‍ഗീയമത്സരം നിമിത്തം മുന്നോട്ട് വന്നുതുടങ്ങി; അവരെ അങ്ങനെയി പൊന്തിവരുവാന്‍ ബ്രിട്ടീഷ് ഗവര്‍മ്മെണ്ട് സഹായിക്കുകയും ചെയ്തു. അവരുടെ പേരില്‍ പ്രതിദിവസം കൂടുതല്‍ കൂടുതല്‍ ദൂരവ്യാപകങ്ങളായ പുതിയി വര്‍ഗീയാവശ്യങ്ങള്‍, ദേശീയൈക്യത്തിന്റെയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെയും വേരിനു കത്തിവെച്ചുകൊണ്ട്, പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഹിന്ദുക്കളുടെ ഭാഗത്തും, രാഷ്ട്രീയപ്രതിലോമവാദികളായിരുന്നു പ്രധാന വര്‍ഗീയനേതാക്കള്‍. അവര്‍ ഹിന്ദുതാല്പര്യങ്ങളുടെ പേരില്‍ നിശ്ചയമായും ഗവണ്ടിന്റെ താളത്തിനൊത്തു തുള്ളകതന്നെ ചെയ്തു. അവര്‍ ആ മാര്‍ഗങ്ങളിലൂടെ എത്രയെല്ലാം ശ്രമിച്ചിട്ടും, തങ്ങള്‍ ഊന്നിപ്പറഞ്ഞ കാര്യങ്ങളൊന്നെങ്കിലും സാധിക്കുന്നതില്‍ വിജയിച്ചില്ല; വിജയിക്കുക സാധ്യവുമല്ലായിരുന്നു. രാജ്യത്തിലെ വര്‍ഗീയതയുടെ കടുപ്പം കൂട്ടുന്നതില്‍ മാത്രമേ അവക്കു വിജയം കൈവന്നുള്ളൂ.

കോണ്‍ഗ്രസ്സ് വലിയ കുഴപ്പത്തിലായി. അതു ദേശീയബോധത്താല്‍ ചലിപ്പിക്കപ്പെടുന്നതും ദേശീയബോധത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നതുമാണെന്നിരുന്നാലും, ഈ വര്‍ഗീയവികാരങ്ങള്‍ അതിനെ ബാധിക്കുമെന്നത് അനിവാര്യമായിരുന്നു. അനേകം കോണ്‍ഗ്രസ്സുകാര്‍ ദേശീയക്കുപ്പായമിട്ട വര്‍ഗീയവാദികളായിരുന്നു . എന്നാല്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ഉറച്ചതന്നെ നിന്നു. ആകപ്പാടെ പറയുകയാണെങ്കില്‍, ഈരണ്ടു വര്‍ഗീയകക്ഷികളുമായി, അഥവാ യാതൊരു വര്‍ഗീയ സംഘവുമായി, യോജിക്കുവാന്‍ അവര്‍ കൂട്ടാക്കിയില്ല (എന്തുകൊണ്ടെന്നാല്‍, ഇപ്പോള്‍ സിക്കുകാരും അതിലും ചെറിയ മറ്റു ന്യനപക്ഷങ്ങളും തങ്ങളുടെ പ്രത്യേകാവശ്യങ്ങള്‍ക്കുവേണ്ടി അത്യുച്ചത്തില്‍ വാദിച്ചുതുടങ്ങിയിരുന്നു). ഇത് അനിവാര്യമായി ചെന്നവസാനിച്ചതു രണ്ടറ്റത്തുള്ളവരുടേയും കഠിനമായ ആക്ഷേപത്തിലാണ്.

വളരെ മുമ്പ്, നിസ്സഹകരണത്തിന്റെ ആരംഭത്തിലോ അതിലും മുമ്പു തന്നെയോ, വര്‍ഗീയപ്രശ്നത്തിന്ന് ഒരു പരിഹാരം കാണുവാനുള്ള തന്റെ ഉപായം ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ , സൌഹാര്‍ദ്ദത്താലും ഭൂരിപക്ഷത്തിന്റെ ഔദാര്യത്താലും മാത്രമേ ആ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. അതുകൊണ്ടു മുസ്ലിംകള്‍ ആവശ്യപ്പെടുന്നതെല്ലാം സമ്മതിച്ചുകൊടുക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നു. അദ്ദേഹത്തിന്ന് അവരെ തനിക്കനുകൂലരാക്കുകയാണ് വേണ്ടത്; അവരുമായി വിലപറയുകയല്ല. ദീര്‍ഘദൃഷ്ടിയോടും മൂല്യകല്പനകളുടെ യഥാത്ഥ ബോധത്തോടും കൂടി അദ്ദേഹം യോഗ്യമായ യാഥാര്‍ത്ഥ്യത്തെ മുറുകെപ്പിടിച്ചു. എന്നാല്‍ എല്ലാറ്റിന്റെയും അങ്ങാടിനിലവാരം തങ്ങള്‍ക്കറിയാമെന്നു വിചാരിക്കുകയും യാതൊന്നിന്റെയും യഥാര്‍ത്ഥവില അറിഞ്ഞുകൂടാതിരിക്കുകയും ചെയ്യുന്ന ''മറ്റുള്ളവര്‍, കമ്പോളത്തിലെ കണക്കുപറയുന്ന മട്ടുതന്നെ അംഗീകരിച്ചു. വാങ്ങാന്‍ കൊടുക്കേണ്ട വിലയെ അവര്‍ വദനാജനകമായ വ്യക്തതയോടെ കണ്ടു; എന്നാല്‍ തങ്ങള്‍ വാങ്ങിയേയ്ക്കാവുന്ന വസ്തുവിന്റെ മഹത്വത്തെക്കുറിച്ച് അവര്‍ക്ക് ഒരു ബോധ വുമില്ലായിരുന്നു.

മറ്റുള്ളവരെ വിമര്‍ശിയ്ക്കുകയും കുറ്റം പറകയും എളുപ്പമാണ്. തന്റെ ആസൂത്രണങ്ങളൊക്കെ പരാജയപ്പെട്ടുപോകുന്നതില്‍, വല്ലൊരു സമാധാനവും കണ്ടുപിടിപ്പാനുള്ള ദുഷ്പ്രേരണ ഏതാണ്ട് അപ്രതിരോധ്യവുമാണ്. തന്റെ വിചാരഗതിയിലോ കര്‍മ്മഗതിയിലോ, വന്ന പിഴവല്ല, മറ്റവരുടെ കരുതിക്കൂട്ടിയ തടസ്സപ്പെടുത്തലല്ലേ പരാജയത്തിന്ന് കാരണം ? നാം കുറ്റമെല്ലാം ഗവര്‍മ്മെണ്ടിന്റെയും വര്‍ഗീയവാദികളുടേയും മേല്‍ ചുമത്തുന്നു. ഒടുവില്‍പ്പറഞ്ഞവരാ കട്ടേ കോണ്‍ഗ്രസ്സിനേയും കുറ്റപ്പെടുത്തുന്നു.'' തീര്‍ച്ചയായും ഗവര്‍മ്മെണ്ടും അതിന്റെ ബന്ധുക്കളും നമ്മെ തടസ്സപ്പെടുത്തി, കരുതിക്കൂട്ടിയും നിരന്തരമായും തടസ്സപ്പെടുത്തി. തീര്‍ച്ചയായും, നമ്മുടെ അണി ഭേദിക്കുകയെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പണ്ടത്തെയും ഇപ്പോഴത്തെയും ബ്രിട്ടീഷ് ഗവര്‍മ്മെണ്ടുകള്‍ തങ്ങളുടെ നയം രൂപവല്‍ക്കരിച്ചത്. ഭിന്നിപ്പിച്ച് ഭരിയ്ക്കുക എന്നതത്ര എന്നും സാമ്രാജ്യങ്ങളുടെ മാര്‍ഗം ; ഈ നയത്തിലുണ്ടായിട്ടുള്ള വിജയത്തെക്കൊണ്ടാണ്, ആരെ തങ്ങളങ്ങിനെ ചൂഷണം ചെയ്യുന്നുവോ ആ കൂട്ടരെയപേക്ഷിച്ചു തങ്ങള്‍ക്കുള്ള മെച്ചത്തെ അളന്നുപോന്നത്. ഇതിനെക്കുറിച്ച് നമുക്കാവലാതിപ്പെടാന്‍ പാടില്ല; ആശ്ചര്യപ്പെടുവാന്‍ ഏതായാലും അവകാശമില്ല. അതിനെ അവഗണിയ്ക്കുകയും, അതിന്നെതിരായി വേണ്ടുന്ന മുന്‍കരുതലുകളെടുക്കാതിരിയ്ക്കയും ചെയ്യുന്നതുതന്നെ ഒരാളുടെ വിചാരത്തില്‍ വരുന്ന പിശകാണ്.

പുസ്തകം വാങ്ങാം

എങ്ങനെയാണ് അതിന്നെതിരായി നാം മുന്‍കരുതലുകളെടുക്കുക ? തീര്‍ച്ചയായും വില പറയുക, കുറുമ്പു കാണിയ്ക്കുക, പൊതുവില്‍ കമ്പോള സൂത്രങ്ങള്‍ പ്രയോഗിയ്ക്കുക - ഇതൊന്നുമല്ല. എന്തുകൊണ്ടെന്നാല്‍, നാം എന്തു വില കൊടുക്കാമെന്നു പറഞ്ഞാലും, നമ്മുടെ സംഖ്യ എത്ര അധികമായാലും അതിലുമധികം വില പറയുവാനും, എന്തിനേറെ, ആ പറയുന്ന വാക്കിന്ന് അര്‍ത്ഥമുണ്ടാക്കുവാനും കഴിയുന്ന മൂന്നാമതൊരു കക്ഷി എപ്പോഴും അവിടെ നിലവിലുണ്ട്. ദേശീയമോ സാമുദായികമോ ആയ ഒരു പൊതുവീക്ഷണകോടിയില്ലെങ്കില്‍, പൊതുശത്രുവിന്നെതിരായി പൊതുവിലൊരു പ്രവൃത്തിയും ചെയ്യലുണ്ടാവില്ല. നാം നിലവിലുള്ള രാഷ്ട്രീയവും സാമുദായികവുമായ ഘടനയെ മാത്രം ആധാരമാക്കി ചിന്തിയ്ക്കുയും അതിനെ അങ്ങുമിങ്ങും അല്പമൊന്നു ഭേദപ്പെടുത്തുവാന്‍, അതിനെ 'ഭാരതീയ'മാക്കുവാന്‍ മാത്രം ആഗ്രഹിക്കയും ചെയ്യുന്നപക്ഷം, സംയുക്തപ്രവര്‍ത്തനത്തിലുള്ള പ്രേരണകളെല്ലാം അസ്തംഗതങ്ങള്‍തന്നെ. അങ്ങിനെയാകുമ്പോള്‍ കിട്ടുന്ന ആദായം പങ്കുവെയ്ക്കലായിത്തീരും ലക്ഷ്യം ; എല്ലാം നിയന്ത്രിയ്ക്കുന്ന മൂന്നാമത്തെ കക്ഷി എജമാനത്തം ഭാവിയ്ക്കുകയും അതിന്നിഷ്ടമുള്ള നല്ല കുട്ടികള്‍ക്ക് അതിന്റെ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. വ്യത്യസ്തമായ ഒരു രാഷ്ട്രീയസ്വരൂപത്തെ-അതിലും പ്രധാനമായി ഒരു വ്യത്യസ്തസാമുദായികസ്വരൂപത്തെ ആധാരമാക്കി ചിന്തിച്ചാലേ സംയുക്ത പ്രവര്‍ത്തനത്തിന്ന് ഒരു സ്ഥിരമായ അസ്തിവാരം പണിചെയ്വാന്‍ നമുക്കു സാധിച്ചു. ഇതാണ് സ്വാതന്ത്ര്യത്തിന്നാവശ്യപ്പെടുന്നതിന്റെ അടിയില്‍ക്കിടക്കുന്ന ആശയം മുഴുവനും : കേവലം വ്യത്യസ്തമായ ഒരു രാഷ്ട്രീയഘടനയ്ക്കുവേണ്ടിയാണ്. ഇന്നത്തെ ക്രമത്തിന്റെ ഭാരതീയരൂപം നല്ലപ്പെട്ടിട്ടുള്ള ഒരു പതിപ്പിന്നു-ഡൊമിനിയന്‍പദവി കുറിയ്ക്കുന്നതാണല്ലോ-മാത്രം വേണ്ടിയല്ല, നാം പോരാടുന്നതെന്നു ജനങ്ങള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കുക, രാഷ്ട്രീയമായ നിരപേക്ഷത്വമെന്നതിന്നു തീര്‍ച്ചയായും രാഷ്ടസ്വാതന്ത്ര്യം, എന്നുമാത്രമാണത്ഥം; ജനാവലിയ്ക്കുവേണ്ടിയുള്ള ഒരു സാമുദായിക മാറ്റമോ സാമ്പത്തികസ്വാതന്ത്ര്യമോ അതിലുള്‍പ്പെടുന്നില്ല. എന്നാല്‍ നമ്മെ ലണ്ടനിലെ സിറ്റിയുമായി ബന്ധപ്പെടുത്തുന്ന ധനകാര്യപരവും സാമ്പത്തികവുമായ ചങ്ങലകളെ നീക്കം ചെയ്യുക എന്ന് അതു കുറിച്ചിരുന്നു. അങ്ങിനെ ചെയ്താല്‍ അതു സാമുദായികഘടനയെ മാറ്റുക നമുക്കു കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് അന്നു ഞാന്‍ വിചാരിച്ചത്. നമുക്കു യഥാര്‍ത്ഥമായ രാഷ്ട്രീയ സ്വാതന്ത്ര്യം തനിച്ചായി കൈവരിയ്ക്കുക എളുപ്പമാണെന്നും ഞാന്‍ വിചാരിയ്ക്കുന്നില്ലെന്ന് ഇപ്പോള്‍ ഞാനതിനോട് ചേര്‍ത്തുപറയും. ആ യഥാത്ഥരാഷ്ട്രീയസ്വാതന്ത്ര്യം കൈവരുമ്പോള്‍, വിപുലമായ തോതില്‍ സാമുദായികസ്വാതന്ത്ര്യവും കൂടെയുണ്ടാകും.

എന്നാല്‍ നമ്മുടെ നേതാക്കളില്‍ ഏതാണ്ടെല്ലാവരും, നിലവിലുള്ള രാഷ്ട്രീയവും തീച്ചയായും സാമുദായികവുമായ ഘടനയുടെ ഇരുമ്പുചട്ടക്കൂട്ടിന്നുള്ളില്‍ത്തന്നെ തങ്ങളുടെ ചിന്തനം തുടന്നുപോന്നു. ഈ ഒരു പശ്ചാത്തലത്തോടുകൂടിയാണ് അവര്‍ സകല പ്രശ്നങ്ങളേയും-സാമുദായികമായാലും ഭരണഘടനാപരമായാലും നേരിട്ടത്. അപ്പോള്‍, ആ ഘടനയെ തികച്ചം നിയന്ത്രിച്ചുപോന്ന ബ്രിട്ടീഷ് ഗവര്‍മ്മെണ്ടിന്റെ കൈപ്പിടിയ്ക്കുള്ളിലേയ്ക്ക് അവര്‍ അനിവാര്യമായി ചെന്നുചാടി. മറ്റുവിധത്തില്‍ ചെയ്യുക അവര്‍ക്കു സാദ്ധ്യമല്ല. എന്തുകൊണ്ടെന്നാല്‍, ഇവയെല്ലാം നേരിട്ട് സമരത്തിലേര്‍പ്പെട്ടിരുന്നാലും, അവരുടെ വീക്ഷണകോടി തികച്ചും മൗലികമായ പരിഷ്‌കരണപ്രധാനമായിരുന്നു, പരിവത്തനപരമായിരുന്നില്ല. പക്ഷേ, പരിഷ്‌കരണപരമായ മാര്‍ഗങ്ങള്‍കൊണ്ടും ഇന്ത്യയിലെ രാഷ്ട്രീയമോ സാമ്പത്തികമോ വര്‍ഗീയമോ ആയ വല്ല പ്രശ്നവും തൃപ്തികരമായി പരിഹരിയുവാന്‍ കഴിയുന്ന കാലം പണ്ടെപ്പോഴോ കഴിഞ്ഞുപോയിരിക്കുന്നു. നിലവിലുള്ള സ്ഥിതിയ്ക്ക് പരിവര്‍ത്തനപരമായ വീക്ഷണകോടിയും ആസൂത്രണവും പരിവര്‍ത്തനപരങ്ങളായ പരിഹാരങ്ങളും അത്യന്താപേക്ഷിതളാണ്. എന്നാല്‍ ഇവ നല്‍കുവാന്‍ നേതാക്കളില്‍ ആരുമില്ലായിരുന്നു.

നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ വ്യക്തമായ ആദര്‍ശങ്ങളുടെയും ലക്ഷ്യങ്ങളുടേയും അഭാവം വര്‍ഗീയതയുടെ പ്രചാരണത്തെ സഹായിച്ചുവെന്നതു നിസ്സംശയമാണ്. ജനാവലി തങ്ങളുടെ ദൈനന്ദിന പീഡകള്‍ക്കും സ്വരാജ്യത്തിന്നുള്ള സമരത്തിന്നും തമ്മില്‍ ഒരു ബന്ധവും കണ്ടില്ല. അവര്‍ ചിലപ്പോള്‍ ജന്മവാസനാപ്രേരണയാല്‍ നല്ലവണ്ണം പോരാടി. പക്ഷേ, അതൊരു ദുര്‍ബ്ബലമായ ആയുധമാണ്. അതെളുപ്പത്തില്‍ മൂര്‍ച്ചകെട്ടുപോകാം; അല്ലെങ്കില്‍ മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാനായി തിരിച്ചുവിട്ടു എന്നു വരാം. അതിന്റെ പിന്നില്‍ യുക്തിവിചാരമൊന്നുമില്ല. പ്രത്യാഘാത വേളകളില്‍, ഈ മനോഭാവത്തെ പിടിച്ചിളക്കി മതത്തിന്റെ പേരില്‍ ചൂഷണം ചെയ്യുവാന്‍ വര്‍ഗീയവാദികള്‍ക്കു പ്രയാസമില്ല. ഏതായാലും ഹിന്ദുക്കളുടേയും മുസ്ലിംകളുടേയും ഇടയിലുള്ള ബൂര്‍ഷ്വാവര്‍ഗക്കാര്‍, ജനാവലിയുമായോ താഴ്ന്ന ഇടത്തരക്കാരുമായിപ്പോലുമോ ഒരു ബന്ധവുമില്ലാത്ത പരിപാടികള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി സാമാന്യജനത്തിന്റെ ആനുകൂല്യവും സഹാനുഭൂതിയും. കുറെയേറെ നേടുന്ന വിഷയത്തില്‍, മതത്തിന്റെ പാവനമായ പേരും പറഞ്ഞ്, എങ്ങനെ വിജയം പ്രാപിച്ചുകളയുന്നു എന്നതു വിചിത്രമായിരിക്കുന്നു. ഏതു വര്‍ഗീയസംഘമായാലും ശരി, അതു മുന്നോട്ടു കൊണ്ടുവരുന്ന ഏതൊരു വര്‍ഗീയാവശ്യത്തേയും ഒടുവോളം അപഗ്രഥിച്ചുനോക്കിയാല്‍, ഉദ്യോഗപ്രാര്‍ത്ഥനയാണെന്നു കാണാം. ഈ ഉദ്യോഗങ്ങളാകട്ടേ, ഉയര്‍ന്ന ഇടത്തരക്കാരില്‍ ഒരു പിടി ആളുകള്‍ക്ക് കിട്ടാനും നിവൃത്തിയുള്ള. രാഷ്ട്രീയാധികാരത്തിന്റെ ചിഹ്നമെന്നോണം, നിയമസഭകളില്‍ വിശേഷാല്‍സ്ഥാനങ്ങളും കൂടുതല്‍ സ്ഥാനങ്ങളും. കിട്ടണമെന്നാവശ്യപ്പെടാറുണ്ടെന്നതും ശരിതന്നെ. പക്ഷേ, അതിനേയും, ഉദ്യോഗങ്ങളും മറ്റാനുകൂല്യങ്ങളും നല്‍കാനുള്ള അധികാരമായിട്ടേ മുഖ്യമായി കരുതിപ്പോരുന്നുള്ളൂ. ഏറിയാല്‍, ഉയര്‍ന്ന ഇടത്തരക്കാരിലെ കുറച്ചാളകള്‍ക്കുമാത്രം പ്രയോജനപ്പെടുന്നവയും ദേശീയൈക്യത്തിന്റെയും പുരോഗതിയുടേയും മാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നവയുമായ ഈ ഇടുങ്ങിയ രാഷ്ട്രീയാവശ്യങ്ങള്‍ ആ പ്രത്യേക മതവിഭാഗത്തിലെ ജനത്തിന്റെ ആവശ്യങ്ങളാണെന്നു വളരെ സാമര്‍ത്ഥ്യത്തോടെ തോന്നിച്ചിരുന്നു. അവയുടെ നിഷ്പ്രയോജനതയെ മറയ്ക്കുവാന്‍ അവയുടെ മേല്‍ മതത്തിന്റെ തീവ്രവികാരങ്ങളെ കെട്ടിത്തൂക്കും.

ഇങ്ങനെ രാഷ്ട്രീയപ്രതിലോമവാദികള്‍ വഗ്ഗീയനേതാക്കളുടെ വേഷത്തില്‍ രാഷ്ട്രീയരംഗത്തിലേയ്ക്കു മടങ്ങിവന്നു. അവര്‍ ചെയ്ത അനേകം പ്രവൃത്തികളെ ശരിയായി വിവരിക്കുന്നത് അവരുടെ വര്‍ഗ്ഗീയപക്ഷപാതമല്ല, രാഷ്ട്രീയപുരോഗതിയെ തടയുവാനുള്ള ആഗ്രഹമാണ്. അവരില്‍ നിന്നു രാഷ്ട്രീയമായി നമുക്ക് എതിര്‍പ്പേ പ്രതീക്ഷിച്ചുകൂടു. എങ്കിലും അവരിക്കാര്യത്തില്‍ എത്ര അങ്ങേ അറ്റത്തോളം പോകുമെന്നു കാണുക, ഒരനാശാസ്യസ്ഥിതിയുടെ അസാധാരണമാംവിധം മനോവേദനയുണ്ടാക്കുന്ന ഭാവവിശേഷമായിരുന്നു. മുസ്ലിം വര്‍ഗീയവാദികള്‍ ഏറ്റവും ആശ്ചര്യകരങ്ങളായ കാര്യങ്ങളാണ് പറഞ്ഞുപോന്നത്. അവര്‍ ഇന്ത്യന്‍ ദേശീയതയേയോ ഇന്ത്യന്‍ സ്വാതന്ത്ര്യത്തേയോ തീരെ വിലവെച്ചതായും തോന്നിയില്ല. ഹിന്ദുവര്‍ഗീയനേതാക്കള്‍ എപ്പോഴും ദേശീയത്വത്തിന്റെ പേരിലാണ് പരസ്യമായി സംസാരിച്ചുപോന്നതെങ്കിലും, അവര്‍ക്കും പ്രായോഗികമായി അതിനോടു വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. യഥാര്‍ത്ഥമായി ഒരു പ്രവൃത്തിയും ചെയ്യാന്‍ കഴിവില്ലാതെ അവര്‍ ഗവര്‍മ്മെണ്ടിന്റെ മുമ്പാകെ തങ്ങളെ കുമ്പിടുവിച്ചു-അതു വെറുതേ. രണ്ടുകൂട്ടരും, സോഷ്യലിസ്റ്റ് സംബന്ധിയോ അത്തരത്തിലുള്ളതോ ആയ ''കീഴ്മേല്‍ മറിക്കുന്ന'' പ്രസ്ഥാനങ്ങളെ ആക്ഷേപിക്കുന്നതില്‍ യോജിച്ചു. നിക്ഷിപ്ത താല്പര്യങ്ങളെ ബാധിക്കുന്ന ഏതു നിര്‍ദ്ദേശത്തെസ്സംബന്ധിച്ചം ഇവര്‍തമ്മില്‍ ദയനീയമായ ഒരൈക്യമുണ്ടായിരുന്നു. മുസ്ലിം വര്‍ഗീയനേതാക്കള്‍, രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിന്ന് ആപല്ക്കരമായ പല കാര്യങ്ങളും പറകയും പ്രവര്‍ത്തിക്കയും ചെയ്തു; പക്ഷേ, ഒരു സംഘമെന്ന നിലയിലും വ്യക്തികളെന്ന നിലയിലും, ഗവര്‍മ്മെണ്ടിന്റെയും പൊതുജനങ്ങളുടേയും മുമ്പാകെ അന്തസ്സോടെ പെരുമാറി. ഹിന്ദുവര്‍ഗീയനേതാക്കളെക്കുറിച്ച് അതുപോലും പറവാന്‍ നിവൃത്തിയില്ല.

കോണ്‍ഗ്രസ്സില്‍ അനേകം മുസ്ലിംകളുണ്ട്. അവരുടെ എണ്ണം വളരെ വലുതാണ്. പ്രാപ്തരായ അനേകം പേരുമുണ്ട്. അവരില്‍. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരും ഏറ്റവും ജനസ്വാധീനതയുള്ളവരുമായ മുസ്ലിംനേതാക്കള്‍ അതിലുള്‍പ്പെടും. ആ കോണ്‍ഗ്രസ്സ് മുസ്ലിംകളില്‍ അനേകം പേര്‍ 'ദേശീയമുസ്ലിംകക്ഷി' എന്ന പേരില്‍ സംഘടിച്ച്, വര്‍ഗീയമുസ്ലിം നേതാക്കളെ എതിര്‍ത്തു. ആദ്യകാലത്ത് അവര്‍ക്കതില്‍. കുറെ വിജയമുണ്ടായി. അഭ്യസ്തവിദ്യരായ മുസ്ലിംകളില്‍ ഒരു വലിയ വിഭാഗം അവര്‍ക്കനുകൂലമാണെന്നും തോന്നി. എങ്കിലും അവരെല്ലാം ഉയര്‍ന്ന ഇടത്തരക്കാരില്‍ പെട്ടവരാണ്, അക്കൂട്ടത്തില്‍ ക്രിയാകുശലമായ വ്യക്തിവൈഭവം തുളുമ്പുന്നവര്‍ ഉണ്ടായിരുന്നുമില്ല. അവര്‍ തങ്ങളുടെ ജോലികളിലും വ്യാപാരങ്ങളിലും ഏര്‍പ്പെട്ടു. ജനാവലിയുമായുള്ള അവരുടെ ബന്ധം അറ്റുപോയി. വാസ്തവം പറകയാണെങ്കില്‍, അവര്‍ തങ്ങളുടെ സാമാന്യജനത്തെ സമീപിച്ചതേ ഇല്ല. വിശാലങ്ങളായ മുറികളില്‍ യോഗം ചേരുക, അന്യോന്യം വിട്ടുവീഴ്ചകള്‍ക്കും സന്ധികള്‍ക്കും ഏര്‍പ്പാടു ചെയ്യുയുക-അതായിരുന്നു അവരുടെ മാര്‍ഗം. ഈ കളിയില്‍ അവരുടെ എതിര്‍കക്ഷികളായ വര്‍ഗീയ നേതാക്കള്‍ക്ക് പാടവം കൂടും. ഒടുവില്‍ പറഞ്ഞ കൂട്ടര്‍, വര്‍ഗീയനേതാക്കള്‍, മെല്ലെ മെല്ലെ ദേശീയ മുസ്ലിംകളെ ഒരിടത്തുനിന്നു മറ്റൊരിടത്തേയ്ക്കും ഓടിച്ചു; തങ്ങള്‍ യാവചില തത്ത്വങ്ങള്‍ക്കുവേണ്ടി നിലകൊണ്ടുവോ അവയെ ഓരോന്നോരോന്നായി ഉപേക്ഷിപ്പാന്‍ അവര്‍ നിര്‍ബ്ബദ്ധരായി. 'ചുരുങ്ങിയ ദോഷം' എന്ന നയം സ്വീകരിച്ച് ഇനിയും കൂടുതല്‍ പിന്‍വാങ്ങാതെ കഴിക്കാനും നിലയുറപ്പിക്കുവാനും ദേശീയ മുസ്ലീംകള്‍ എല്ലായ്പോഴും ശ്രമിച്ചു; എന്നാല്‍ ഇതെപ്പോഴും മറ്റൊരു പുറകോട്ട് മാറലിലേയ്ക്കും, മറ്റൊരു 'ചുരുങ്ങിയ ദോഷം' സ്വീകരിക്കുന്നതിലേയ്ക്കുമാണ് നയിച്ചത്. ഒടുവില്‍ അവക്കു സ്വന്തമെന്നു വിളിക്കാവുന്ന യാതൊന്നും, ഒന്നൊഴിച്ചു മറ്റു യാതൊരു മൗലികതത്ത്വവും, ഇല്ലെന്ന ഘട്ടം വന്നുകൂടി. ആ ഒന്നാകട്ടെ, അവരുടെ സംഘത്തിന്റെ അന്തിമാവലംബമായിരുന്നു കൂട്ടനിയോജകമണ്ഡലം. 'ചുരുങ്ങിയ ദോഷ'മെന്ന നയം പിന്നേയും രണ്ടിലൊന്നു സ്വീകരിച്ചേ കഴിയൂ എന്ന ഒരത്യാപത്ത് അവരുടെ മുമ്പാകെ വലിച്ചിട്ടു. ആ അഗ്നിപരീക്ഷയില്‍ നിന്നു തങ്ങളുടെ അന്തിമാവലംബവും കളഞ്ഞുകളിച്ചിട്ടാണ് അവര്‍ പുറത്തേയ്ക്കു കടന്നത്; അങ്ങനെ അവര്‍, യാതൊന്നിനെ അടിസ്ഥാനമാക്കി തങ്ങളുടെ സംഘം രൂപവല്ക്കരിച്ചുവോ, യാതൊന്നിനെ തങ്ങളുടെ പാമരത്തിന്റെ ഒത്ത മുകളില്‍ സാഭിമാനം ആണിയടിച്ചുറപ്പിച്ചുവോ, ആ തത്ത്വത്തിന്റെയും കര്‍മ്മപദ്ധതിയുടേയും അവസാനത്തെ നൂലിഴപോലും ഉപേക്ഷിച്ചിട്ടാണ്. അവരുടെ ഇന്നത്തെ നില തങ്ങളുടെ പേരൊന്നൊഴിച്ച് സകലതും, ഓരോന്നും, അവരാല്‍ പരിത്യക്തമായിരിക്കുന്നു!

ദേശീയമുസ്ലിംകളുടെ, ഒരു സംഘമെന്ന നിലയ്ക്കുള്ള ഇടിഞ്ഞു തകരലും തിരോധാനവും-വ്യക്തികളെന്ന നിലയില്‍ അവര്‍ ഇന്നും കോണ്‍ഗ്രസ്സിന്റെ പ്രധാനനേതാക്കളാണെന്നതില്‍ സംശയമില്ല-ദയാര്‍ഹമായ ഒരു കഥയാണ്. അതിന്നു വളരെക്കാലം വേണ്ടിവന്നു. ഇക്കൊല്ലം (1984) മാത്രമാണ് അവസാനത്തെ അധ്യായം എഴുതിത്തീത്തത് : 1928-ലും അടുത്ത വര്‍ഷങ്ങളിലും അതൊരു പ്രബലസംഘമായിരുന്നു. മുസ്ലിം വര്‍ഗീയവാദികള്‍ക്കെതിരായി അവരൊരാക്രമണഭാവം കൈക്കൊള്ളുകയും ചെയ്തിരുന്നു. വാസ്തവം പറകയാണെങ്കില്‍, ഒടുവില്‍ പറഞ്ഞ മുസ്ലിം വര്‍ഗീയവാദികളുടെ ചില ആവശ്യങ്ങള്‍ക്കു വഴങ്ങുവാന്‍ -താനവയെ എത്രതന്നെ വെറുത്താലും-പലപ്പോഴും ഗാന്ധിജി ഒരുക്കമായിരുന്നു. സ്വന്തം സഹപ്രവര്‍ത്തകന്മാരായ മുസ്ലിം ദേശീയനേതാക്കളാണ് അതു തടഞ്ഞത്. അവരുടെ എതിര്‍പ്പു കഠിനമായിരുന്നു.

Content Highlights: Jawaharlal Nehru, C.H Kunhappa, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented