ജവഹർലാൽ നെഹ്റു | ഫയൽചിത്രം
അഹമ്മദ്നഗര്‍ കോട്ട ജയിലില്‍ തടവുകാരനായിരിക്കെ ജവഹര്‍ലാല്‍ നെഹ്റു എഴുതിയ വിശ്വപ്രസിദ്ധ കൃതിയാണ് 'ഇന്ത്യയെ കണ്ടെത്തല്‍'. പുസ്തകത്തിലെ 'സ്വാതന്ത്ര്യവും സാമ്രാജ്യവും' എന്ന ഭാഗം വായിക്കാം...
യു.എസ്.എ.യും സോവിയറ്റു യൂണിയനും ഭാവിലോകത്തിന്റെ ജീവപ്രധാനമായ ഒരു പങ്കുവഹിക്കാന്‍ വിധിക്കപ്പെട്ടവയാണെന്ന് തോന്നുന്നു. മുന്നിട്ടുനില്‍ക്കുന്ന ഏതെങ്കിലും രണ്ട് രാജ്യങ്ങള്‍ തമ്മില്‍ എത്രമേല്‍ വ്യത്യാസമുണ്ടാകുമോ ഏതാണ്ട് അത്രത്തോളം വിത്യാസം അവ തമ്മിലുണ്ട്. അവയുടെ കുറ്റങ്ങള്‍പോലും വിരുദ്ധവശങ്ങളിലാണ് കിടപ്പ്, കേവലം രാഷ്ട്രീയമായ ഒരു ഡിമോക്രസിയുടെ എല്ലാ ദേശങ്ങളും യു.എസ്. എ യില്‍ പ്രത്യക്ഷമായിക്കാണാം; രാഷ്ട്രീയ ഡിമോക്രസിയുടെ അഭാവത്തിന്റെ ദോഷങ്ങള്‍ യു.എസ്.എസ്.ആറിലും. എന്നിരിക്കിലും അവയ്ക്ക് സാമാന്യമായി വളരെയൊക്കയുണ്ട് - ചൈതന്യവത്തായ ഒരു വീക്ഷാഗതിയും വിപുലമായ വിഭവങ്ങളും, ഒരു സാമുദായികമായ ചലന സ്വഭാവം, ഒരു മധ്യകാലപശ്ചാത്തലത്തിന്റെ അഭാവം, ശാസ്ത്രത്തിലും അതിന്റെ പ്രയോഗത്തിലുമുള്ള ഒരു വിശ്വാസം, ജനങ്ങള്‍ക്കു പരക്കെ വിദ്യാഭ്യാസവും അവസരങ്ങളും. വരവില്‍ വമ്പിച്ച വ്യത്യാസങ്ങളൊക്കെയുണ്ടായിട്ടും അമേരിക്കയില്‍, മറ്റു മിക്ക രാജ്യങ്ങളിലെയും പോലെ, നിശ്ചിതകക്ഷ്യകളൊന്നുമില്ല. ഒരു സമത്വബോധം ഉണ്ടുതാനും. റഷ്യയില്‍ കഴിഞ്ഞ ഇരുപതുകൊല്ലക്കാലത്തെ മികച്ച സംഭവം ജനാവലിയുടെ വന്‍തോതിലുള്ള വിദ്യാഭ്യാസവും സാംസ്‌ക്കാരിക നേട്ടങ്ങളുമാകുന്നു. അങ്ങനെ ഈ രണ്ടു രാജ്യങ്ങളിലും പുരോമുഖമായ ഒരു ഡിമോക്രാറ്റിക്ക് സമുദായത്തിന്റെ ഒഴിച്ചുകൂടാത്ത അടിസ്ഥാനം നിലവിലുണ്ട്-അങ്ങനെയുള്ള ഒരു സമുദായം, അജ്ഞരും ഉദാസീനരുമായ ഒരു ജനതയുടെമേല്‍ ബുദ്ധിപരമായ ആഭിജാത്യമുള്ള ഒരു ലഘുവിഭാഗം നടത്തുന്ന ഭരണത്തില്‍ അധിഷ്ഠിതമാകാന്‍ നിവൃത്തിയില്ലല്ലോ. അങ്ങനെയുള്ള ഒരു അഭിജാത സമൂഹത്തിന്നു, വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും മുന്‍കടന്നുനില്‍ക്കുന്ന ഒരു ജനതയുടെ മേല്‍ നെടുനാള്‍ ആധിപത്യം തുടരുവാനും സാധ്യമല്ല.
ഒരു നൂറുകൊല്ലം മുമ്പ്, അന്നത്തെ അമേരിക്കരെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ ദെ ടൊക്വെവിന്‍ പറയുകയുണ്ടായി: 'ഒരു ഭാഗത്ത് ആധിപത്യതത്ത്വവും, ശാസ്ത്രത്തെ അതിന്നായിക്കൊണ്ടു തന്നെ പരിശീലിക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നില്ലെങ്കില്‍, മറുഭാഗത്ത് അത് ശാസ്ത്രം പരിശീലിപ്പിക്കുന്നവരുടെ സംഖ്യ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു... അവസ്ഥാവിശേഷങ്ങളുടെ സ്ഥിരമായ അസമത്വം കേവലസത്യങ്ങളുടെ വന്ധ്യവും ധിക്കാരപരവുമായ ഗവേഷണങ്ങള്‍ക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്നു; അതേ സമയം ഡിമോക്രസിയുടെ സാമുദായിക സ്ഥിതിവിശേഷങ്ങളും സ്ഥാപനങ്ങളുമാകട്ടെ, ശാസ്ത്രങ്ങളുടെ ക്ഷിപ്രവും പ്രയോജനകരവുമായ പ്രായോഗികഫലങ്ങള്‍ തേടുവാന്‍ അവരെ ഒരുക്കുന്നു. ഈയൊരു പ്രവണത സ്വാഭാവികമായും അനിവാര്യവുമത്രേ.' അതിന്നുശേഷം അമേരിക്ക വികസിച്ചിട്ടുണ്ട്, മാറിയിട്ടുണ്ട്. അനേകം വംശങ്ങളുടെ ഒരു കലര്‍പ്പായിത്തീര്‍ന്നിട്ടുണ്ട്. എങ്കിലും അതിന്റെ കാതലായ സ്വഭാവവിശേഷങ്ങള്‍ തുടരുന്നു.
അമേരിക്കാര്‍ക്കും റഷ്യക്കാര്‍ക്കും സാമാന്യമായ മറ്റൊരു സവിശേഷത ഏഷ്യയെയും യുറോപ്പിനെയും ഞെരുക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒട്ടേറെ പൂര്‍വോപാധികളായി ഭവിക്കുകയും ചെയ്തിട്ടുള്ള പുരാനവതയുടെ കനത്ത ചുമട് അവ വഹിക്കുന്നില്ലെന്നതാകുന്നു. ഈ തലമുറയുടെ ഭയങ്കരഭാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍, നമ്മളില്‍ ഒരാള്‍ക്കും സാധിക്കാത്തതുപോലെ, അവര്‍ക്കും സാധിക്കുകയില്ലെന്നതു ശരിതന്നെ. എങ്കിലും, ഇതര ജനങ്ങളെ സംബന്ധിേച്ചടത്തോളം അവര്‍ക്കൊരു തെളിവുകൂടിയ ഭൂതകാലമാണുള്ളത്,ഭാവിയിലേയ്ക്കുള്ള പ്രയാണത്തില്‍ അവര്‍ക്ക് അത്രതന്നെ കനം പേറേണ്ടതുമില്ല.
ഇതിന്റെ ഫലമായി അവര്‍ക്ക് ഒരു മെച്ചമുണ്ട്- സുസ്ഥാപിതങ്ങളായ സാമ്രാജ്യത്വപ്രധാനരാഷ്ട്രങ്ങള്‍ക്ക് ഇതരരാഷ്ട്രങ്ങളോടുള്ള സമ്പര്‍ക്കങ്ങളുടെ സന്തതസഹചാരിയായ പരസ്പരശങ്കയുടെ പശ്ചാത്തലം കൂടാതെ അവര്‍ക്ക് ഇതരജനങ്ങളെ സമീപിക്കാം. അവരുടെ ഭൂതകാലം കരടും അഴുക്കും സംശയങ്ങളും ഒന്നുമില്ലാതെ സ്വച്ഛമാണെന്നല്ല പറയുന്നത്. അമേരിക്കക്കാര്‍ക്ക് അവരുടെ നീഗ്രോ പ്രശ്നമുണ്ട്. ഡിമോക്രസിയെയും സമത്വത്തെയും കുറിച്ചുള്ള അവരുടെ പ്രസ്താവനകള്‍ക്കൊരു നിരന്തരനിഷേധമാണത്. റഷ്യക്കാര്‍ക്ക് കിഴക്കന്‍ യൂറോപ്പിലെ അതീതകാലവിദ്വേഷങ്ങളുടെ സ്മരണകളെ ഇനിയും തുടച്ചുനീക്കാനുണ്ട്; ഇപ്പോഴത്തെ യുദ്ധമാകട്ടെ അവയെ വര്‍ദ്ധിപ്പിക്കുകയുമാകുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്ക അന്യരാജ്യങ്ങളില്‍പോലും എളുപ്പം ചങ്ങാതികളെ സമ്പാദിക്കുന്നു. റഷ്യക്കാര്‍ക്ക് വംശഡംഭ് തീരെയില്ലെന്നുതന്നെ പറയാം.

യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ മിക്കതും പരസ്പര വിദ്വേഷങ്ങളും അതീതകാല സംഘര്‍ഷങ്ങളും അനീതികളും നിറഞ്ഞവയാകുന്നു. അതിനുപുറമേ സാമ്രാജ്യത്വ ശക്തികളുടെ നേരെ, അവര്‍ മേലാളികളായി ഭരിച്ചുപോന്ന ജനങ്ങളുടെ കഠിനവൈരം അനിവാര്യമായി വേറെയുമുണ്ട്. ഇംഗ്ലണ്ടിന്റെ സുദീര്‍ഘമായ സാമ്രാജ്യത്വ ഭരണ ചരിത്രം നിമിത്തം അവളുടെ ഭാരമാണ് ഏറ്റവും കനത്തത്. തന്നിമിത്തമോ അഥവാ വംശീയ സവിശേഷതകളാലോ ഇംഗ്ലീഷുകാര്‍ മിതഭാഷികളും ഒറ്റപ്പെട്ടുനില്‍ക്കുന്നവരുമാണ്. അന്യരുമായി എളുപ്പം സൗഹൃദം സ്ഥാപിക്കുന്നുമില്ല. ദൗര്‍ഭാഗ്യവശാല്‍ വിദേശങ്ങളില്‍ അവരെ കുറിച്ചുള്ള മതിപ്പിന്ന് ആസ്പദം അവരുടെ ഔദ്യോഗിക പ്രതിനിധികളാകുന്നു. ഈ പ്രതിനിധികള്‍ അവരുടെ ഉല്‍പതിഷ്ണുത്വത്തിന്റെയും സംസ്‌ക്കാരത്തിന്റെയും വൈജയന്തി വഹിക്കുന്നവരാവുക നന്നെ ചുരുക്കം; എന്നല്ല പലപ്പോഴും വലിയവരുടെ സേവയും പുറമേയ്ക്കൊരു ധര്‍മ്മനിഷ്ഠയും ഒന്നിച്ചുകൊണ്ടുനടക്കുന്നവരായിരിക്കുകയും ചെയ്യും. അന്യരെ വിരോധികളാക്കിത്തീര്‍ക്കാന്‍ ഈ ഉദ്യോഗസ്ഥന്‍മാര്‍ക്കൊരു വിചിത്രമായ വാസനയുണ്ട്. ഏതാനും മാസം മുമ്പ് ഇന്ത്യാഗവര്‍മെണ്ടിന്റെ ഒരു സെക്രട്ടറി, (തടങ്ങലിലുള്ള) മി. ഗാന്ധിക്ക് ഒരു ഔദ്യോഗിക കത്തെഴുതി. അത് കല്‍പ്പിച്ചുകൂട്ടിയുള്ള അധികപ്രസംഗത്തിന്റെ ഒരു മാതൃകയായിരുന്നു. ധാരാളം ജനങ്ങള്‍ അതിനെ, ഇന്ത്യന്‍ ജനതെയ കരുതിക്കൂട്ടി അവമാനിക്കലായും ഗണിച്ചു. എന്തുകൊണ്ടെന്നാല്‍ ഗാന്ധി ഇന്ത്യയുടെ പ്രതിരൂപമായി ഭവിച്ചിരിക്കുകയാണല്ലോ.
സാമ്രാജ്യത്വത്തിന്റെ മറ്റൊരു യുഗംകൂടിയോ, അതോ രാഷ്ട്രാന്തരീയ സഹകരണത്തിന്റേതോ ലോകരാഷ്ട്ര സമുച്ചയത്തിന്റേയോ ആയ ഒരു യുഗമോ - ഭാവിയില്‍ എന്താണുണ്ടാവാന്‍ പോകുന്നത്? ത്രാസിന്റെ തട്ട് അധികം ചായുന്നത് ആദ്യം പറഞ്ഞതിന്റെ നേര്‍ക്കാണ്. പഴയ വാദങ്ങളൊക്കെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. പക്ഷേ, പണ്ടത്തെ ആ നിലയ്ക്കല്ല. മനുഷ്യരാശിയുടെ ദാര്‍മ്മിക ചേതനകളെയും ത്യാഗങ്ങളെയും ദുരുദ്ദ്യേശ്യങ്ങള്‍ക്കുവേണ്ടിഉപയോഗപ്പെടുത്തുന്നു. ഭരണാധികാരികള്‍ ചീത്ത ആവശ്യങ്ങള്‍ക്കായി മനുഷ്യന്റെ നന്മയേയും ഉല്‍കൃഷ്ടതയേയും ചൂഷണം ചെയ്യുന്നു. ജനങ്ങളുടെ പേടികളെയും വിദ്വേഷങ്ങളെയും പിഴച്ച വിജിഗീഷകളെയും തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്തുന്നു. പഴയ കാലങ്ങളില്‍ സാമ്രാജ്യത്തെക്കുറിച്ചു കുറേക്കൂടി തുറന്ന നിലയിലാണ് അവര്‍ അവലംബിച്ചിരുന്നത്. അഥിനിയന്‍ സാമ്രാജ്യത്തെക്കുറിച്ചു പറയുമ്പോള്‍ ത്യു സിഡൈഡിസ് എഴുതി: 'പ്രാകൃതനെ ഒറ്റയ്ക്കെതിര്‍ത്തു തോല്‍പ്പിച്ചതുകൊണ്ടോ, നമ്മുടെ ആശ്രിതന്മാര്‍ക്കും പരിഷ്‌ക്കാരത്തിനും വേണ്ടി നാം നമ്മുടെ നിലനില്പിനെത്തന്നെ അപകടത്തിലാക്കിയതുകൊണ്ടോ നമ്മുടെ സാമ്രാജ്യം നമുക്കവകാശപ്പെട്ടതായി നാം വിശിഷ്ട രീതിയില്‍ ഘോഷിക്കുകയൊന്നും ചെയ്യുന്നില്ല.
തങ്ങളുടെ ശരിക്കുള്ള രക്ഷയ്ക്കായി വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നതിന്ന്, ആളുകളെയെന്നപോലെ രാഷ്ട്രങ്ങളെയും കുറ്റപ്പെടുത്തിക്കൂടാ. ഇപ്പോള്‍ നാം ഇവിടെ സിസിലിയില്‍ വാഴുന്നുണ്ടെങ്കില്‍ അതു നമ്മുടെ സ്വന്തം ഭദ്രതയുടെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാകുന്നു..... ഗ്രീസില്‍ നമ്മുടെ സാമ്രാജ്യത്തോട് പറ്റിപ്പിടിച്ചുനില്‍ക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത് പേടിയാകുന്നു; നമ്മുടെ ചങ്ങാതിമാരുടെ സഹായത്തോടുകൂടി സിസിലിയിലെ കാര്യങ്ങള്‍ നേരെയാക്കാന്‍ നമ്മെ ഇവിടേക്കോടിച്ചതും പേടിതന്നെ.' അഥീനിയന്‍ കോളനികളുടെ കപ്പത്തെക്കുറിച്ച് പ്രസ്താവിക്കുമ്പോള്‍ വീണ്ടും: അതു നേരിടിയത് പാപ കൃത്യമായിത്തോന്നിയേയ്ക്കാം; പക്ഷേ, അതു കൈവിട്ടുപോകാന്‍ സമ്മതിക്കുന്നതു തീര്‍ച്ചയായും വങ്കത്തമാകുന്നു.'
ഡിമോക്രസിയും സാമ്രാജ്യവും തമ്മിലുള്ള പൊരുത്തക്കേട്, ഒരു ജനാധിപത്യസ്റ്റേറ്റ് അതിന്റെ കോളണികളുടെമേല്‍ നടത്തുന്ന സേച്ഛാധിപത്യം, ആ സാമ്രാജ്യത്തിന്റെ സത്വരമായ അധോഗതിയും അധഃപതനവും- എന്നിവയെ സംബന്ധിച്ച പാഠങ്ങള്‍ നിറഞ്ഞതാണ് എതെന്‍സിന്റെ ചരിത്രം. സ്വാതന്ത്ര്യത്തിനും ഡിമോക്രസിക്കുംവേണ്ടി ഇന്നു വാദിക്കുന്ന ആര്‍ക്കും തന്നെ, ത്യു സിഡൈഡിസ് ചെയ്തതുപോലെ അത്ര നന്നായും അത്ര വാഗ്മിത്വത്തോടുകൂടിയും തന്റെ കാര്യം പറയാന്‍ സാധിക്കുകയില്ല; നമ്മളാണ് പരിഷ്‌ക്കാരത്തിന്റെ നേതാക്കള്‍. മനുഷ്യവംശത്തിന്റെ അഗ്രഗാമികള്‍, മനുഷ്യന്‍ വിചാരിച്ചാല്‍ നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ കൂട്ടുകെട്ടും സമ്പര്‍ക്കവുമാകുന്നു. നമ്മുടെ സ്വാധീനതയുടെ പരിധിയില്‍ പെടുകയെന്നത് ആശ്രയമല്ല, ഒരു സവിശേഷാനുകൂല്യമാകുന്നു. നാം കനിഞ്ഞരുളുന്ന സ്വത്തിനു പ്രതിഫലം തരാന്‍ പ്രാചിയിലെ സമ്പത്തു മുഴുവനുമുണ്ടായാല്‍ മതിയാവില്ല. അങ്ങനെ, നമ്മളിലേയ്ക്കൊഴുകിച്ചേരുന്ന പണവും വിഭവങ്ങളും വിനിയോഗിച്ചുകൊണ്ട്, അവര്‍ എത്ര ശ്രമിച്ചാലും നമ്മള്‍ പിന്നെയും ഉത്തമര്‍ണന്മാരായിത്തന്നെ ശേഷിക്കും എന്ന ഉറപ്പോടുകൂടി, നമുക്ക് ഉന്മേഷപൂര്‍വം പ്രവര്‍ത്തിക്കാം.
എന്തുകൊണ്ടെന്നാല്‍, യത്നങ്ങളിലൂടെയും സങ്കടാനുഭവങ്ങളിലൂടെയും, ഒട്ടധികം സമരാങ്കരണങ്ങളിലും നാം മനുഷ്യാധികാര ശക്തിയുടെ രഹസ്യം കണ്ടെത്തിയിട്ടുണ്ട്. അതുതന്നെയാണ് സുഖത്തിന്റെയും രഹസ്യം. പല പേരിലും ആളുകള്‍ അതിനെ ഊഹിച്ചറിഞ്ഞിട്ടുണ്ട്; പക്ഷേ, നമ്മള്‍ മാത്രമേ അതിനെ അറിയാനും നമ്മുടെ നാട്ടില്‍ നമ്മുടെ നഗരത്തില്‍ അതുണ്ടാക്കാനും പഠിച്ചിട്ടുള്ളു. അതിനെ നാം സ്വാതന്ത്ര്യം എന്ന പേരില്‍ പറയുന്നു. എന്തുകൊണ്ടെന്നാല്‍ സേവിക്കുക എന്നുവെച്ചാല്‍ സ്വതന്ത്രമാവുകയാണെന്നാണ് അതു നമ്മെ പഠിപ്പിച്ചിരിക്കുന്നു. മനുഷ്യരാശിയില്‍ നമ്മള്‍മാത്രം, സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ ഉപാധികള്‍ കൂടാതെ, സ്വാതന്ത്ര്യത്തിന്റെ നിര്‍ഭയമായ വിശ്വാസത്തില്‍, നമ്മുടെ അനുഗ്രഹങ്ങള്‍ പ്രദാനംചെയ്യുന്നതെന്തുകൊണ്ടെന്നും നിങ്ങള്‍ക്കത്ഭുതം തോന്നാറുണ്ടോ?
ഇപ്പറഞ്ഞതൊക്കെ, സ്വാതന്ത്ര്യവും ഡിമോക്രസിയും അത്ര ഉച്ചത്തില്‍ ഉദ്ഘോഷിക്കപ്പെടുകയും പക്ഷേ, ചിലര്‍ക്ക് മാത്രമായി ഒതുക്കി വെയ്ക്കുകയും ചെയ്യുന്ന ഇന്നു ധാരാളം പരിചയപ്പെട്ടുകഴിഞ്ഞ ഒരു ശബ്ദപ്രവാഹമായി തോന്നുന്നു. അതില്‍ സത്യമുണ്ട്, സത്യത്തിന്റെ നിഷേധവുമുണ്ട്. മനുഷ്യരാശിയിലെ ശേഷം ഭാഗങ്ങളെക്കുറിച്ചു ത്യുസി ഡൈഡസിന്ന് വലിയ അറിവൊന്നുമുണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ കാഴ്ച മധ്യധരണി പ്രദേശങ്ങള്‍ക്കപ്പുറം കടന്നിട്ടുമില്ല. തന്റെ വിഖ്യാത നഗരത്തിന്റെ സ്വാതന്ത്ര്യത്തെച്ചൊല്ലി അഭിമാനിക്കുകയും, ഈ സ്വാതന്ത്ര്യത്തെ സുഖത്തിന്റെയും മനുഷ്യാധികാരശക്തിയുടെയും രഹസ്യമായി സ്തുതിക്കുകയും ചെയ്യുന്നുവെങ്കിലും, അന്യരും ഈ സ്വാതന്ത്ര്യം കൊതിച്ചു എന്നദ്ദേഹം മനസ്സിലാക്കിയില്ല. സ്വാതന്ത്ര്യ പ്രേമം നിറഞ്ഞ ഏഥെന്‍സ് മെലൊസിനെ തകര്‍ത്തു നശിപ്പിച്ചു; അവിടെ പ്രായപൂര്‍ത്തിയെത്തിയ എല്ലാ പുരുഷന്‍മാരെയും കൊന്നു. സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി വില്‍ക്കുകയും ചെയ്തു. ഏഥന്‍സിന്റെ സാമ്രാജ്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചു ത്യു ഡിഡൈഡിസ് എഴുതിക്കൊണ്ടിരിക്കത്തന്നെ, ആ സാമ്രാജ്യം തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞിരുന്നു, ആ സ്വാതന്ത്ര്യം നാമാവശേഷവും.
എന്തുകൊണ്ടെന്നാല്‍ സ്വാതന്ത്ര്യത്തെ ആധിപത്യത്തോടും അടിമത്തത്തോടും ഇണക്കിക്കൊണ്ടുപോവുക ഏറെക്കാലം സാധ്യമല്ല; ഒന്നു മറ്റേതിനെ കീഴടക്കും. സ്വാതന്ത്ര്യത്തിന്റെ അഭിമാനം മഹിമാതിശയം എന്നിവയും അതിന്റെ അധഃപതനവും തമ്മിലുള്ള അന്തരം നുറുങ്ങുനേരം മാത്രമാകുന്നു. ഇന്നു പണ്ടെന്നത്തെക്കാളും വളരെയധികമായി, സ്വാതന്ത്ര്യം അവിഭാജ്യമായിരിക്കുന്നു. തന്റെ പ്രിയപ്പെട്ട നഗരത്തിന്മേല്‍ പെരിക്ലിസ് ചൊരിഞ്ഞ അത്യുല്‍കൃഷ്ടമായ പ്രശംസയെതുടര്‍ന്നു, താമസിയാതെ ആ നഗരത്തിന്റെ അധഃപതനമുണ്ടായി. ഒരു സ്പാര്‍ട്ടന്‍ രക്ഷാസൈന്യം അക്രോപൊളിസില്‍ നിലയുറപ്പിക്കുകയും ചെയ്തു. എന്നിരിക്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍, അവയില്‍ സൗന്ദര്യത്തോടും വിവേകത്തോടും സ്വാതന്ത്ര്യത്തോടും ധൈര്യത്തോടുമുള്ള പ്രേമം നിമിത്തം - അദ്ദേഹത്തിന്റെ കാലത്തെ ഏഥന്‍സിന്നു ബാധകമായ നിലയില്‍- ഇന്നും നമ്മെ ചലിപ്പിക്കുന്നു; നാം അമിതവ്യയമില്ലാത്ത സൗന്ദര്യപ്രേമികളാണ്; പൗരുഷശൂന്യരല്ലാത്ത വിവേകപ്രേമികളാണ്.
നമ്മെസംബന്ധിച്ചേടത്തോളം സമ്പത്ത് ആര്‍ഭാടത്തിനുള്ള വെറും സാധനമല്ല. നേട്ടത്തിനുള്ള ഒരവസരമാകുന്നു. ദാരിദ്ര്യം ഉണ്ടെന്ന് സമ്മതിക്കുന്നത് ഒരു അപമാനമായി നാം ഗണിക്കുന്നില്ലെങ്കിലും അതിനെ കീഴടക്കാന്‍ യാതൊരു യത്നവും ചെയ്യാതിരിക്കല്‍ ശരിക്കൊരു അധോഗതിയായി നാം കരുതുന്നു..... നാം ശക്തി സംഭരിക്കുക. പലതവണ ആവര്‍ത്തിക്കപ്പെട്ട വാദങ്ങളില്‍നിന്നു മാത്രമല്ല- യുദ്ധത്തില്‍ ധൈര്യം പ്രദര്‍ശിപ്പിക്കുക എത്ര സുന്ദരവും ഉല്‍കൃഷ്ടവുമായിരിക്കുന്നു- നമ്മുടെ മഹാനഗരത്തിന്റെ പ്രതിദിനം നമ്മുടെ മുമ്പില്‍ ആവിഷ്‌കൃതമാകുന്ന തരത്തിലുള്ള ജീവിതത്തിന്റെ അവിശ്രാന്തമായ കാഴ്ചയില്‍നിന്ന്; കാണുംതോറും അവളില്‍ അനുരക്തരായികൊണ്ട്; ഈ മഹത്വത്തിന്നൊക്കെ അവള്‍, പോരാളിയുടെ ധീരതയും ജ്ഞാനിയുടെ കര്‍ത്തവ്യബോധവും അതിന്റെ നിര്‍വഹണത്തില്‍ സത്തന്റെ അത്മസംയമനവുമുള്ള മനുഷ്യരോടാണ് - ഏതെങ്കിലുമൊരു അഗ്‌നിപരീക്ഷണത്തില്‍ പരാജിതരായാല്‍ നഗരത്തിന്നു തങ്ങളുടെ സേവനങ്ങളെ നഷ്ടപ്പെടുത്തുന്നതു കുറച്ചിലായി കരുതി, അവള്‍ക്കുള്ള ഉത്തമോപഹാരമെന്ന നിലയില്‍ തങ്ങളുടെ ജീവനെ ബലിയര്‍പ്പിച്ചിട്ടുള്ള മനുഷ്യരോടാണ് - കടപ്പെട്ടിരിക്കുന്നതെന്ന് സ്മരിച്ചുകൊണ്ട്, അങ്ങനെ അവര്‍ തങ്ങളുടെ ശരീരങ്ങള്‍ ജനസഞ്ചയത്തിന്നു നല്‍കി.
അവര്‍ക്ക് ഓരൊത്തര്‍ക്കും സ്വന്തം സ്വന്തം സ്മരണയ്ക്കായി, ഒരിക്കലും മരിക്കാത്ത പ്രശംസ പകരം കിട്ടി; അതോടൊപ്പം ശവകുടീരങ്ങളില്‍ ഏറ്റവും മഹനീയമായതും. അവരുടെ മരിക്കുന്ന എല്ലിന്‍ കഷ്ണങ്ങള്‍ കിടത്തിവെച്ചിട്ടുള്ള ശവകുടീരമല്ല, മനുഷ്യരുടെ മനസ്സുകളില്‍ കിട്ടിയ കുടീരം, അവിടെ അവരുടെ മഹത്വം, സന്ദര്‍ഭം വരുമ്പോള്‍ ആവശ്യാനുസാരം പ്രസംഗത്തിന്നോ പ്രവൃത്തിക്കോ പ്രേരിപ്പിച്ചുകൊണ്ട് എന്നും പുത്തനായി ശേഷിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഭൂമി മുഴുവന്‍ തന്നെ പുകളാര്‍ന്ന പുരുഷന്‍മാരുടെ ഒരു ശവകുടീരമാണ്. അവരുടെ കഥ തങ്ങള്‍ പിറന്ന മണ്ണിന്നു മുകളിലെ കല്ലില്‍ കൊത്തിവെയ്ക്കുക മാത്രമല്ല ചെയ്തിട്ടുള്ളൂ; അതു വളരെയകലെ, പ്രത്യക്ഷരൂപങ്ങളൊന്നുമില്ലാതെ, ഇതരമനുഷ്യരുടെ ജീവിതങ്ങളുടെ കാതലില്‍ നെയ്തു കൂട്ടിയിരിക്കുകയാണ്. നിങ്ങളെസംബന്ധിച്ചേടത്തോളം ഇനി വേണ്ടുന്നത് ഇത്രമാത്രം- അവര്‍ ചെയ്തതിനെ കവിഞ്ഞുനില്‍ക്കാന്‍ നോക്കുകയും, സുഖത്തിന്റെ രഹസ്യം സ്വാതന്ത്ര്യമാണെന്നും സ്വാതന്ത്ര്യത്തിന്റെ രഹസ്യം ഒരു ധീരഹൃദയമാണെന്നും അറിഞ്ഞുകൊണ്ട്, ശത്രുവിന്റെ തള്ളിക്കേറ്റത്തില്‍ നിന്ന് ഉദാസീനമായി മാറിനില്‍ക്കാതിരിക്കുകയും.'
Content Highlights: Jawahar Lal Nehru, Books excerpts, Indiaye kandethal book, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..