ഒന്ന്

ലേറിയ ബെര്‍ണെറ്റ് ബാത്ത് ടബ്ബില്‍ തണുപ്പേറ്റുകൊണ്ട് കിടക്കുകയാണ്.
തുറന്നുകിടന്ന ജനവാതിലിലൂടെ താഴേനിന്നുള്ള ശബ്ദകോലാഹലങ്ങള്‍ കേള്‍ക്കാം. അവള്‍ അവയെല്ലാം കേട്ടു രസിക്കുകയാണ്.
അവള്‍ ആ  സ്പാനിഷ് ബേ ഹോട്ടലില്‍ വന്നു രണ്ടാഴ്ചയായിരിക്കുന്നു. അത്രയും ദിവസങ്ങള്‍ കടന്നുപോയതെങ്ങനെയെന്ന് അവളറിഞ്ഞതേയില്ല. എന്തൊക്കെ സൗകര്യങ്ങളാണ് ആ ഹോട്ടലില്‍. അത്തരം ഒരു ഹോട്ടലില്‍ അവള്‍ താമസിക്കുന്നത് അതാദ്യമാണ്. 
അവള്‍ തന്റെ നഗ്നമായ ശരീരത്തിലേക്കു നോക്കി. നിറഞ്ഞ മാറിടവും അധികം വണ്ണമില്ലാത്ത ശരീരവുമെല്ലാം അവളെ കൂടുതല്‍ ഉന്മേഷവതിയാക്കി. 
അവള്‍ നനവുള്ള കൈയില്‍ ആ സ്വര്‍ണവാച്ചെടുത്തു. അത് അവള്‍ക്ക് ക്രിസ് വിവാഹത്തിനു സമ്മാനിച്ചതായിരുന്നു. അപ്പോള്‍ സമയം പന്ത്രണ്ടിന് ഇരുപതു മിനിറ്റു ബാക്കിയുണ്ടായിരുന്നു. ഇനി ഡ്രസ്സു ചെയ്ത് ടെറസില്‍ പോയി ഇരുന്ന് തണുത്ത മാര്‍ട്ടിനി കഴിക്കണം. മാര്‍ട്ടിനി കഴിച്ചുള്ള ശീലം അവള്‍ മറന്നിരിക്കുകയായിരുന്നു. കാരണം, ക്രിസ് എപ്പോഴും തക്കാളി ജ്യൂസാണ് കഴിക്കുന്നത്. അതിനാല്‍ അവളും അതു ശീലിച്ചുവരികയായിരുന്നു. അദ്ദേഹത്തിന് ആല്‍ക്കഹോള്‍ കഴിക്കാന്‍ പാടില്ലെന്നു ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതവള്‍ക്കൊരല്പം വിഷമമുണ്ടാക്കാതിരുന്നില്ല. ക്രിസിനുവേണ്ടി ഡോക്ടറുടെ നിര്‍ദേശപ്രകാരം അവള്‍ക്ക് അവളുടെ ജീവിതരീതിതന്നെ മാറ്റേണ്ടിവന്നിരിക്കുന്നു. 
അവള്‍ വാച്ച് അതിന്റെ സ്ഥാനത്തു വെച്ചപ്പോള്‍ ടെലിഫോണ്‍ ബെല്‍ തുടര്‍ച്ചയായി അടിക്കുന്നതു കേട്ടു. അവള്‍ നനവുള്ള കൈ ടവ്വലില്‍ തുടച്ച് റിസീവര്‍ എടുത്തു.

'ന്യൂയോര്‍ക്കില്‍നിന്ന് ഒരു കോളുണ്ട്,' ഓപ്പറേറ്റര്‍ പറഞ്ഞു, 'ഞാന്‍ കണക്റ്റു ചെയ്യട്ടെ?' 
അവര്‍ ആ ഹോട്ടലിലാണു താമസിക്കുന്നതെന്ന് അവളുടെ ഡാഡിക്കല്ലാതെ മറ്റാര്‍ക്കും അറിയാമായിരുന്നില്ല. അപ്പോള്‍ ആ കോള്‍ ഡാഡിയുടെതായിരിക്കണം. ബെര്‍ണെറ്റ് ഓര്‍ത്തു. 
'യെസ്,' അല്പം മുഷിച്ചിലോടെ അവള്‍ പറഞ്ഞു. അടിക്കടി ഇങ്ങോട്ടു വിളിച്ചുകൊണ്ടിരിക്കേണ്ടെന്ന് അവള്‍ ഡാഡിയോടു പറഞ്ഞിട്ടുള്ളതാണ്. എന്നാലും കേള്‍ക്കില്ലെന്നുവന്നാല്‍ എന്തു ചെയ്യും. എങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും അദ്ദേഹം അവളെ വിളിക്കുക പതിവായിരുന്നു. ഡാഡ് അങ്ങനെയാണ്. തനിക്ക് എന്തെങ്കിലും ഒരു പ്രയാസം നേരിട്ടാല്‍ അത് അദ്ദേഹത്തിനു സഹിക്കുകയില്ല. അവള്‍ക്കതറിയാം.
ഡാഡിന്റെ ശബ്ദം അവള്‍ ഫോണില്‍ക്കൂടി കേട്ടു.
'മോളേ ബെര്‍ണെറ്റ്?'
'അതെ ഡാഡ്.'
'മോളേ... അവിടെന്തുണ്ട് വിശേഷം? ക്രിസിനു കുഴപ്പമൊന്നുമില്ലല്ലോ?' 
'ഇല്ല ഡാഡീ. ഒരു കുഴപ്പവുമില്ല. ഇന്നലെക്കൂടി ഞങ്ങള്‍ ഡാഡിയെക്കുറിച്ചായിരുന്നു വളരെ നേരംവരെ സംസാരിച്ചുകൊണ്ടിരുന്നത്. അദ്ദേഹം പറയുക...'
  'എനിക്കതൊന്നും കേള്‍ക്കണ്ട. എനിക്കറിയേണ്ടത് അവനെങ്ങനെയുണ്ടെന്നാ. അഞ്ചു മിനിറ്റുകൂടി കഴിഞ്ഞാല്‍ എനിക്കൊരു മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. അതുകൊണ്ട് സമയം കളയാതെ പറ.'

അവള്‍ കാലുകള്‍ വെറുതേ ചലിപ്പിച്ചുകൊണ്ടിരുന്നു.
'ഞാന്‍ പറഞ്ഞില്ലേ ഡാഡ്. അദ്ദേഹത്തിനു കുഴപ്പമൊന്നുമില്ല.'
'ഗുഡ്. അവനെ ശ്രദ്ധിക്കുന്നതിനിടയ്ക്ക് നീ നിന്റെ ആരോഗ്യത്തെപ്പറ്റി മറക്കരുത്. അവനോടൊപ്പം അവിടെ നിനക്ക് തനിച്ചു കഴിയേണ്ടിവരുന്നത് വലിയ കഷ്ടമാണ്. അവന് ഇപ്പോഴും പൂര്‍ണാരോഗ്യം കിട്ടിയിട്ടില്ലല്ലോ. ഇപ്പോഴും അവന്‍ ഒരു ബൊമ്മയെപ്പോലെയാണോ പെരുമാറുന്നത്?'
അതു കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.
'ഇപ്പോഴും അദ്ദേഹം വെറുതേയിരുന്നു നേരം കഴിക്കുകയാണ് ചെയ്യുന്നത്. എന്നാലും എനിക്കു വിശ്വാസമുണ്ട്, അദ്ദേഹത്തിനു സുഖമാവാന്‍ അധികം സമയമെടുക്കില്ല. മാത്രമല്ല, മുന്‍പത്തെക്കാള്‍ ഇപ്പോള്‍ കുറെ വ്യത്യാസവുമുണ്ടായിട്ടുണ്ട്.'
'അവനെപ്പറ്റി ഡോക്ടര്‍ ഗുസ്താവിന്റെ അഭിപ്രായമെന്താണ്?'
ബെര്‍ണെറ്റ് ടാപ്പ് തുറന്ന് കുറെക്കൂടി വെള്ളം ടബ്ബിലേക്ക് ഒഴുക്കി.
'നല്ല വ്യത്യാസമുണ്ടെന്നു പറഞ്ഞു. പക്ഷേ, പൂര്‍ണസുഖമാകാന്‍ കുറെക്കൂടി സമയമെടുക്കുമത്രേ.' 
'സമയം... സമയം... സമയം. ഈ ഡോക്ടര്‍മാര്‍ക്കൊക്കെ അങ്ങനെയൊക്കെ നിസ്സാരമായി പറഞ്ഞാല്‍ മതിയല്ലോ. ഇപ്പോള്‍ത്തന്നെ അപകടം സംഭവിച്ച് പതിനെട്ടു മാസമായിരിക്കുന്നു.'

 അദ്ദേഹം ഒരു നിമിഷം നിര്‍ത്തി.
'ഡാഡി അങ്ങനെയൊന്നും പറയരുത്. സംഭവം കഴിഞ്ഞ് എത്ര മാസങ്ങളായെന്ന് എനിക്കു നന്നായറിയാം. എന്നാലും...'
'നോക്കൂ മോളേ! എനിക്കു നിന്നെ ഓര്‍ക്കുമ്പഴാ സങ്കടം. ഇപ്പോള്‍ നിനക്കെത്രയാ പ്രായമെന്നു വല്ല നിശ്ചയവുമുണ്ടോ? എവിടെ അല്ലേ... ഇരുപത്തഞ്ച്. കെട്ടിയവനോടൊത്തു സുഖമായ ദാമ്പത്യജീവിതം നയിക്കേണ്ട സമയമാണിത്. എന്നിട്ടിപ്പോഴെന്താ... തലയ്ക്കു സുഖമില്ലാത്ത ഒരുത്തന്റെ കൂടെ നീ ബന്ധിക്കപ്പെട്ടുപോയില്ലേ. എന്തു ചെയ്യാന്‍... എല്ലാം ഞാന്‍ ചെയ്ത തെറ്റ്. ഇപ്പോള്‍ അതേക്കുറിച്ചോര്‍ക്കുന്തോറും ഞാന്‍ എന്നെത്തന്നെ ശപിക്കുകയാണ്. എനിക്ക് നിന്റെ ജീവിതമാണ് പ്രധാനം. അതിനു കോട്ടംതട്ടുന്നുവെന്നു വന്നാല്‍ എനിക്കതു സഹിക്കാനാവില്ല മോളേ. നിന്നെ എന്നെ ഏല്പിച്ചു പോയ നിന്റെ അമ്മയുടെ ആത്മാവും അതു പൊറുക്കില്ല.'

'ഡാഡി വിഷമിക്കരുത്. അറിഞ്ഞുകൊണ്ട് സംഭവിച്ചതൊന്നുമല്ലല്ലോ ഇതൊക്കെ. ഡാഡി ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ നന്മ ഉദ്ദേശിച്ചു മാത്രമല്ലേ എന്തും ചെയ്തിട്ടുള്ളൂ. എനിക്കതു മനസ്സിലാകും. ഇങ്ങനെയൊക്കെ സംഭവിച്ചുപോയത് നമ്മുടെ ആരുടെയും കുറ്റമല്ലല്ലോ. ഇന്നു ക്രിസ്സിന്റെ ഭാര്യയാണ് ഞാന്‍. അദ്ദേഹത്തിന് എന്തു പ്രശ്‌നമുണ്ടെങ്കിലും അതെന്റെകൂടെ പ്രശ്‌നമായി കരുതുന്നവളാണ്. അദ്ദേഹത്തിനു വേണ്ടതൊക്കെ ചെയ്തുകൊടുക്കേണ്ട കടമ എനിക്കുണ്ട്. അതു ഞാന്‍ ചെയ്യുന്നു. അതില്‍ ഞാന്‍ സുഖം കണ്ടെത്തുന്നു. അതുകൊണ്ട് ഡാഡി ആ പറയുന്നതിനൊന്നും കാതുകൊടുക്കാന്‍ എനിക്കാവില്ല.'

'അറിയാം മോളേ, അറിയാം. ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. നീയെന്റെ മകളാണ്. എനിക്കു സ്‌നേഹിക്കാന്‍ നീയല്ലേയുള്ളൂ? അതുകൊണ്ട് നിന്നെക്കുറിച്ചു വിഷമിക്കാതിരിക്കാന്‍ എനിക്കാവില്ല. എന്തായാലും എവിടെയെങ്കിലും എന്റെ ആവശ്യമുണ്ടെന്നു തോന്നിയാല്‍ എന്നെ വിളിച്ചറിയിക്കാന്‍ മറക്കരുത്.'  
'ശരി ഡാഡീ. എന്നാലും ഞാനുറപ്പുതരുന്നു, അദ്ദേഹത്തിന്റെ കാര്യത്തില്‍ വേണ്ടതെല്ലാം ഞാന്‍ ചെയ്യും. അതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എനിക്കറിയാം.' അവള്‍ ടവ്വല്‍ എടുത്ത് ശരീരത്തിലിട്ടു. 'ഞാനിപ്പോള്‍ കുളിക്കുകയാണ് ഡാഡീ. വല്ലാതെ തണുക്കുന്നു.'
'ക്രിസ് ഇപ്പോള്‍ എന്താ ചെയ്യുന്നത്?'

'അദ്ദേഹം ടെറസിലിരുന്ന് ഒലിവര്‍ ട്വിസ്റ്റ് വായിക്കുകയാണ്. ചാള്‍സ് ഡിക്കന്‍സിന്റെ എല്ലാ പുസ്തകങ്ങളും അദ്ദേഹം വാങ്ങി വന്നിരിക്കുകയാണ്.'
'ങ്ഉം,' അദ്ദേഹം മൂളിക്കേട്ടു. അപ്പോള്‍ ഫോണില്‍ കുറെ ശബ്ദങ്ങള്‍ കേട്ടു. 
'എനിക്ക് മീറ്റിങ്ങില്‍ പോകണം. എല്ലാ കാര്യങ്ങളും നീ നോക്കിക്കൊള്ളുമല്ലോ?'
'ങ്ഹാ ഡാഡീ.'

അവള്‍ ഫോണ്‍ റിസീവര്‍ താഴെ വെച്ചു. കുളി കഴിഞ്ഞപ്പോള്‍ വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടതിനാല്‍ ഒരു സ്‌കര്‍ട്ടെടുത്തു ധരിച്ചു. അതിനുശേഷം  കിടപ്പറയിലേക്കു ചെന്നു. കുറച്ചു നേരം അവിടെ കഴിച്ചുകൂട്ടി ബാല്‍ക്കണിയില്‍ പോയി നിന്നു. അവിടെ നിന്നാല്‍ ബീച്ചും അവിടെ ചുറ്റിത്തിരിയുന്ന ആളുകളെയും കടലില്‍ നീന്തുന്നവരെയുമെല്ലാം കാണാം.

അവള്‍ ക്രിസ് ഇരുന്നു പുസ്തകം വായിച്ചുകൊണ്ടിരുന്ന ഭാഗത്തേക്കു നോക്കി. ശ്വാസം നിലച്ചതുപോലെ നിമിഷങ്ങളോളം അവള്‍ സ്തംഭിച്ചിരുന്നു!
കസേര ഒഴിഞ്ഞുകിടക്കുന്നു! ക്രിസ് വായിച്ചുകൊണ്ടിരുന്ന പുസ്തകം കസേരയ്ക്കു താഴെ തറയില്‍ വീണുകിടക്കുന്നു! കാറ്റില്‍ അതിന്റെ പേജുകള്‍ മറിഞ്ഞു പടപട ശബ്ദമുണ്ടാക്കുന്നു! സര്‍വനാഡികളും ക്ഷയിച്ചപോലെ ബെര്‍ണെറ്റ് പെട്ടെന്ന് സ്ഥലകാലബോധം വന്നവളെപ്പോലെ അങ്ങോട്ടോടിച്ചെന്നു. അവിടെ ചുറ്റും നോക്കി. വരാന്തയിലങ്ങോളമിങ്ങോളം തേടി. വരാന്തയ്ക്കപ്പുറമുള്ള ടെറസില്‍ ആളുകള്‍ കൂടിയിരുന്നു ഡ്രിങ്ക്‌സ് കഴിക്കുകയും സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്നു. ബെര്‍ണെറ്റ് അങ്ങോട്ടു പോയി അവിടമെല്ലാം തിടുക്കമിട്ടു ക്രിസ്സിനെ തേടി. ഇല്ല... അദ്ദേഹം അവരുടെ കൂട്ടത്തിലെവിടെയുമില്ല! 

ബെര്‍ണെറ്റിനു പരിഭ്രമമായി. ഇത്ര പെട്ടെന്ന് അദ്ദേഹം എവിടെപ്പോയി?
തേടാവുന്ന ഇടങ്ങളിലെല്ലാം തേടി. പലരെയും കണ്ട് അന്വേഷിച്ചു. ആര്‍ക്കും അറിഞ്ഞുകൂടാ.
കരച്ചിലടക്കാനാവാതെ അവള്‍ ചെന്നു പുറത്തേക്കു നോക്കി. അവിടെങ്ങും അദ്ദേഹത്തെ കണ്ടില്ല!
നഗരത്തിലെ പേരുകേട്ട ഹോട്ടലാണ് സ്പാനിഷ് ബേ. ചെലവേറെയുള്ള ഹോട്ടലാണതെങ്കിലും അവിടുത്തെ ഇടപാടുകാരോടുള്ള ജോലിക്കാരുടെ പെരുമാറ്റവും സര്‍വീസുമെല്ലാം മികച്ചതാണ്. കേമന്മാരായ ധനികര്‍ വിശ്രമിക്കാന്‍ കണ്ടെത്തുന്ന ഒരിടംകൂടിയാണത്. 

ക്രിസ്സിന്റെ ആരോഗ്യനിലയും, അപ്പോഴത്തെ സ്ഥിതിയുമെല്ലാം വെച്ചുനോക്കിയാല്‍ ശാന്തമായ, മനസ്സിനിണങ്ങുന്ന, സന്തോഷമുണ്ടാക്കുന്ന ഒരിടത്തേക്ക് അയാളെ കുറച്ചു നാളത്തേക്കു മാറ്റുന്നതു നല്ലതാണെന്നും ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജായിക്കഴിഞ്ഞാല്‍ ഒട്ടും വൈകിക്കാതെ അതിനു വേണ്ട ഏര്‍പ്പാടു ചെയ്യണമെന്നുമുള്ള ഡോക്ടര്‍മാരുടെ അഭിപ്രായത്തെ മാനിച്ചാണ് ചാള്‍സ് ട്രാവേഴ്‌സ് സ്പാനിഷ് ബേ ഹോട്ടല്‍ തിരഞ്ഞെടുത്തതും അയാളെ ബെര്‍ണെറ്റിനോടൊപ്പം അങ്ങോട്ടയച്ചതും. തന്റെ അന്തസ്സും ഗൗരവവും കണക്കിലെടുത്തുകൂടിയായിരുന്നു അദ്ദേഹം ആ ഹോട്ടല്‍തന്നെ തിരഞ്ഞെടുക്കാനിടയായത്. അദ്ദേഹം അവര്‍ക്ക് അവിടെ വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്.  ഹോട്ടല്‍ബില്ലുകള്‍ അദ്ദേഹത്തിനയച്ചുകൊടുക്കാന്‍ ഹോട്ടലധികാരികളെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ബെര്‍ണെറ്റിന് ക്രിസ്സിനെ കൂട്ടി പുറത്തേക്കെങ്ങാനും പോകണമെങ്കില്‍ ഉപയോഗിക്കാന്‍ ഒരു മെര്‍സിഡസ് കാറും ഏര്‍പ്പാടാക്കിയിരുന്നു. ഒരു വ്യവസ്ഥയുടെ പേരിലായിരുന്നു ട്രാവേഴ്‌സ് അവര്‍ക്കു കാര്‍ കൊടുത്തത്. അതായത് കാറോടിക്കുന്നത് ബെര്‍ണെറ്റു മാത്രം. ക്രിസ് ഒരു കാരണവശാലും കാറെടുക്കരുത്.

താമസിക്കാന്‍ ചെറിയ ഹോട്ടലേതെങ്കിലും മതിയെന്ന അഭിപ്രായമായിരുന്നു ബെര്‍ണെറ്റിന്. പക്ഷേ, ഒരു കോടീശ്വരന്റെ മകള്‍ താമസിക്കുന്നത് സ്പാനിഷ് ബേ പോലുള്ള ഹോട്ടലിലായിരിക്കണമെന്ന് ചാള്‍സ് ട്രാവേഴ്‌സിനു നിര്‍ബന്ധമായിരുന്നു.

സ്പാനിഷ് ബേ ഹോട്ടലിലെ ആദ്യത്തെ ആഴ്ച സംഭവങ്ങളൊന്നും കൂടാതെ കടന്നുപോയി. ക്രിസ് വളരെ സന്തുഷ്ടനായിരുന്നു. കിട്ടുന്ന സമയങ്ങളില്‍ പുസ്തകങ്ങള്‍ വായിക്കുന്നതില്‍ അയാള്‍ മുഴുകി. അവരുടെ ബെഡ്‌റൂം വെവ്വേറെയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. അത് ക്രിസ്സിനെ വളരെയൊന്നും ബാധിച്ചിരുന്നില്ല. ഒരിക്കല്‍പ്പോലും അവളെ ഒന്നു സ്പര്‍ശിക്കണമെന്ന മോഹവും അയാള്‍ കാണിച്ചിരുന്നില്ല. ആ രീതി ബെര്‍ണെറ്റിനെ വിഷമിപ്പിച്ചിരുന്നു. അവിടെ വന്ന ആദ്യദിവസങ്ങളില്‍ ബെര്‍ണെറ്റ് അയാളെ വേണ്ടപോലെ ശ്രദ്ധിച്ചിരുന്നു.  അടുത്ത സിറ്റി അടുത്തെങ്ങുമായിരുന്നില്ല. അങ്ങോട്ടു പോകണമെങ്കില്‍ കാര്‍ ഉപയോഗപ്പെടുത്തണം. നീണ്ടുകിടക്കുന്ന ബീച്ചും പരിസരങ്ങളുമെല്ലാം ആനന്ദദായകങ്ങളായിരുന്നു. കാറിന്റെ  കീ  ക്രിസ് കണ്ടെത്താനിടയില്ലാത്ത ഒരിടത്ത്, ബാഗിലായിരുന്നു അവള്‍ വെച്ചിരുന്നത്.

ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. ക്രിസ് പുസ്തകങ്ങള്‍ വായിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചു. അതോടെ അയാളെ മുന്‍പത്തെപ്പോലെ അത്രയേറെ നിരീക്ഷിക്കേണ്ട കാര്യമില്ലെന്ന് അവള്‍ക്കു തോന്നിയിരുന്നു. അയാളെ ഒരു നിമിഷംപോലും തനിച്ചിരിക്കാന്‍ വിടരുതായിരുന്നു എന്നവള്‍ക്കിപ്പോള്‍ തോന്നി. 
ഇപ്പോഴിതാ ക്രിസ്സിനെ കാണാതായിരിക്കുന്നു! 
അടുത്ത ക്ഷണംതന്നെ അവള്‍ കാര്‍പാര്‍ക്കിലേക്കു നോക്കി. ടെറസ്സില്‍നിന്നു നോക്കിയാല്‍ കാണാവുന്ന വിധത്തിലായിരുന്നു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. പക്ഷേ, ഇപ്പോള്‍ അതവിടെയില്ല! അതുകൂടിയായപ്പോള്‍ ഏതു നിമിഷവും തനിക്കു ബോധക്കേടുണ്ടാകുമെന്ന് അവള്‍ക്കു തോന്നി. ഒരുവിധം അഴികളില്‍ പിടിച്ചുനിന്ന് എന്തൊക്കെയോ ആലോചിച്ചു. പിന്നീട് വേഗം അകത്തു പോയി ബാഗ് തുറന്നു നോക്കി. അതിലായിരുന്നു അവള്‍ കാറിന്റെ താക്കോല്‍ വെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ താക്കോലുമില്ല. പരിഭ്രാന്തിയോടെ അവള്‍ ലിഫ്റ്റിനടുത്തേക്ക് ഓടി അതിന്റെ ബട്ടണില്‍ തുടര്‍ച്ചയായി അമര്‍ത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ ലിഫ്റ്റ് അവളുടെ മുന്നിലെത്തി.
'ഗുഡ് മോണിങ് മാഡം!' ലിഫ്റ്റ് ഓപ്പറേറ്റര്‍ പയ്യന്‍ അവളെ നോക്കി ബഹുമാനപൂര്‍വം മന്ദഹസിച്ചു. അവള്‍ അതൊന്നും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കാനുള്ള സ്ഥിതിയിലായിരുന്നില്ല അവള്‍. 

ഇങ്ങനെ ഭയപ്പെട്ടാലോ. ശാന്തമാകൂ... ക്രിസ്സിന് ഒന്നും സംഭവിക്കില്ല... മനസ്സ് അവളെ ഇടയ്‌ക്കെല്ലാം ശാന്തമാക്കിക്കൊണ്ടിരുന്നു. 
ലിഫ്റ്റ് താഴേയെത്തി. അവള്‍ വേഗം അതില്‍നിന്ന് ഇറങ്ങി ഇടനാഴിയില്‍ക്കൂടി പുറത്തേക്കുള്ള റിവോള്‍വിങ് ഡോറിനടുത്തേക്കു നടന്നു. അവിടെയെത്തിയപ്പോള്‍ ഡോര്‍മാന്‍ അവളെ നോക്കി സല്യൂട്ടു ചെയ്തു. ചാള്‍സ് ട്രാവേഴ്‌സിനെ അവിടെയുള്ളവര്‍ക്കെല്ലാം വളരെ ബഹുമാനമാണ്. ഹോട്ടലില്‍ അദ്ദേഹത്തിനു പ്രത്യേക സ്ഥാനംതന്നെ അതിന്റെ ഉടമ നല്കിയിട്ടുണ്ട്. ബെര്‍ണെറ്റ് അദ്ദേഹത്തിന്റെ മകളാണെന്നറിയാവുന്ന അവരെല്ലാം ആ ബഹുമാനം അവള്‍ക്കും നല്കുന്നു.  
ക്രിസ് പുറത്തേക്കു പോയിട്ടുണ്ടെങ്കില്‍ അത് ആ ഡോര്‍മാന്‍ അറിയാതെപോവില്ല. അതിനാല്‍ അയാളോട് അവള്‍ ചെന്നന്വേഷിച്ചു. ക്രിസ് എങ്ങും പോയിട്ടില്ലെന്നും ഹോട്ടലില്‍ത്തന്നെ ഉണ്ടെന്നുമായിരിക്കണേ അയാളുടെ മറുപടി എന്നവള്‍ ആശിച്ചു.
'പത്തു മിനിറ്റു മുന്‍പ് അദ്ദേഹം പുറത്തേക്കിറങ്ങിപ്പോകുന്നതു കണ്ടിരുന്നു മാഡം.'
ആ മറുപടി അവളെ ഞെട്ടിച്ചു.
'എങ്ങോട്ടാണ് പോയതെന്നറിയാമോ?'
'കാറില്‍ മിയാമിഭാഗത്തേക്കു പോകുന്നതാണു കണ്ടത്.'
നന്ദി പറഞ്ഞശേഷം അവള്‍ ടെറസിലേക്കു പോയി ക്രിസ് പുസ്തകം വായിച്ചുകൊണ്ടിരുന്ന ഇടത്തേക്ക് ചെന്നു. അവള്‍ കസേരയിലിരുന്നു. ക്രിസ് വായിച്ചുകൊണ്ടിരുന്ന ഒലിവര്‍ട്വിസ്റ്റ് മറിച്ചുനോക്കി. ബാഗു തുറന്ന് അതില്‍നിന്ന് സണ്‍ഗ്ലാസ് എടുത്തു ധരിച്ചു. കാറ്റില്‍ മുടിയിളകിയാടി. 
വെയ്റ്റര്‍ ശബ്ദമുണ്ടാക്കാതെ അങ്ങോട്ടു വന്ന് മാര്‍ട്ടിനി അവളുടെ മുന്നില്‍ വെച്ചു. അതവള്‍ക്ക് അല്പം മുഷിച്ചിലുണ്ടാക്കുന്ന കാര്യമായിരുന്നെങ്കിലും അപ്പോള്‍ അതാവശ്യമാണെന്ന് അവള്‍ക്കു തോന്നി.

'മി. ക്രിസ്സിനു തക്കാളി ജ്യൂസ് വേണ്ടിവരുമോ മാഡം?' വെയ്റ്റര്‍ വിനയത്തോടെ ചോദിച്ചു.
'വേണ്ടിവന്നേക്കും. പക്ഷേ, ഇപ്പോള്‍ അദ്ദേഹം ഇവിടെയില്ല.'
വെയ്റ്റര്‍ പോയി. ബെര്‍ണെറ്റ് അല്പം ഡ്രിങ്ക്‌സ് കഴിച്ചു.  അവിടെത്തന്നെ അനങ്ങാതെയിരുന്നുകൊണ്ട് അവള്‍ അകലെ കടലും മണല്‍പ്പരപ്പും നോക്കി. അവളുടെ ഹൃദയത്തിന്റെ മിടിപ്പ് അധികരിച്ചുകൊണ്ടിരുന്നു. ഭയം അവളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരുന്നു. വാച്ചില്‍ സമയം നോക്കി. പന്ത്രണ്ടര. ഈ സമയത്താണ് താന്‍ വന്നു കാണാമെന്നു ക്രിസ്സിനോടു പറഞ്ഞത്. ഇനിയെന്തു ചെയ്യണം? വല്ലയിടത്തും അന്വേഷിക്കാന്‍ ചെന്നാല്‍ ആ സമയം ക്രിസ് അവിടെയെത്തി തന്നെ കാണാതെവന്നാല്‍, അത് ആപത്തുണ്ടാക്കും. ക്രിസ് പരിഭ്രമിക്കും. അത് അയാളുടെ ശരീരത്തെ ബാധിക്കും. 
അവള്‍ അവിടെത്തന്നെ കാത്തിരുന്നു. താഴെ ഓരോ കാര്‍ വരുമ്പോഴും അവള്‍ തിടുക്കപ്പെട്ട് അങ്ങോട്ടു നോക്കും. പുറത്തേക്കു പോയവര്‍ തിരികെ ഭക്ഷണത്തിനെത്തിത്തുടങ്ങിയിരിക്കുന്നു. ഡോര്‍മാന്‍ ചെന്ന് കാറിന്റെ കതകു തുറന്ന് അവരെയെല്ലാം സല്യൂട്ട് ചെയ്തു സ്വീകരിച്ചുകൊണ്ടിരുന്നു. പക്ഷേ, അവയിലൊന്നും മെര്‍സിഡസ് മാത്രം ഉണ്ടായിരുന്നില്ല.

സമയം പന്ത്രണ്ടരയായി. അവളുടെ കൈവിരലുകള്‍ കൈവശമുണ്ടായിരുന്ന പുസ്തകത്തില്‍ തിരുപ്പിടിച്ചുകൊണ്ടിരുന്നു. കൈവിരലുകള്‍ വേദനിച്ചു.
ഇനി ഒരു പത്തു മിനിറ്റുകൂടി കാത്തിരിക്കുകതന്നെ... അതിനുശേഷം എന്തുവേണമെന്നാലോചിക്കാം. പക്ഷേ, എന്ത്?
വെയ്റ്റര്‍ വീണ്ടും അങ്ങോട്ടു വന്നു. 
'ഒന്നുകൂടി തരട്ടെ മാഡം?' അവന്‍ ചോദിച്ചു.
ഉച്ചഭക്ഷണത്തിനുമുന്‍പ് ഒന്നില്‍ക്കൂടുതല്‍ കഴിക്കുന്ന പതിവ് അവള്‍ക്കില്ല. പക്ഷേ, ഇപ്പോള്‍ ഒന്നുകൂടി ആവാമെന്നു തോന്നി.
'ഓ.കെ, താങ്ക് യൂ.'
വെയ്റ്റര്‍ മാര്‍ട്ടിനി അവളുടെ മുന്നില്‍ വെച്ചുകൊടുത്തു. ഒഴിഞ്ഞ ഗ്ലാസുമായി അവന്‍ തിരികെ പോയി.
ബെര്‍ണെറ്റ് വാച്ചില്‍ നോക്കി. അതിനുശേഷം ഗ്ലാസെടുത്ത് അടുത്ത മാര്‍ട്ടിനിയും കഴിച്ചു.
ഇല്ല. അദ്ദേഹം വരില്ല. ദൈവമേ! ഇനി താനെന്തു ചെയ്യും? ഡാഡി ഓഫീസിലെത്തുമ്പോള്‍ അഞ്ചുമണിയാകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ ഡാഡി എവിടെയാണുള്ളതെന്നറിഞ്ഞിരുന്നെങ്കില്‍... വേണ്ട. ഡാഡിയോടു പറയരുത്. പെട്ടെന്നുതന്നെ അവളുടെ മനസ്സ് വിലക്കി. എങ്കില്‍പ്പിന്നെ ആര്‍ക്ക് തന്നെ സഹായിക്കാനാകും? ഡോ. ഗുസ്താവാ. അതെ. അദ്ദേഹത്തെ വിളിച്ചു പറയുകതന്നെ. പക്ഷേ, അദ്ദേഹത്തിന് ഇതിലെന്തു ചെയ്യാന്‍ കഴിയും? താന്‍ പറഞ്ഞെന്നുവെച്ച് നഗരം മുഴുവന്‍ തിരഞ്ഞു വരാന്‍ അദ്ദേഹം തയ്യാറാകുമോ? ഇനിയുള്ളത് പോലീസാണ്. അവര്‍ക്ക് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞെന്നിരിക്കും. എന്നാല്‍ അവിടെയും പ്രശ്‌നമാണ്. ക്രിസ് ആരെന്നറിയുമ്പോള്‍ അതിനു കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നത് പത്രക്കാരായിരിക്കും. ഓ നോ. അരുത്. അങ്ങനെയൊരു പ്രചാരം അതിനുണ്ടാവരുത്.

വീണ്ടും അവള്‍ വാച്ചില്‍ നോക്കി. ഇപ്പോള്‍ സമയം പന്ത്രണ്ടേ മുക്കാലായിരിക്കുന്നു. അപ്പോള്‍ ഒരു കാര്‍ പുറത്തു വന്നു നില്ക്കുന്നത് അവളറിഞ്ഞു. അവള്‍ വേഗം താഴേക്കു നോക്കി. അതൊരു റോള്‍സ് റോയ്‌സ് കാറായിരുന്നു. ഒരു തടിച്ച സ്ത്രീ അതില്‍നിന്ന് ഇറങ്ങി. ഒപ്പം ഒരു നായയുമുണ്ട്. അവള്‍ ഹോട്ടലിന്റെ ടെറസിലേക്കുള്ള പടിക്കെട്ടുകള്‍ കയറി.
നിരാശയോടെ അവള്‍ തിരികെ വന്നു... ഇല്ല...  ഈ പരിഭ്രമം വെറുതേയാണ്. ക്രിസ് ഏതു നിമിഷവും ഇങ്ങോട്ടു കയറിവരും. സംശയമില്ല. അവള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. ഏതായാലും ഒരുമണിവരെ കാത്തിരിക്കുകതന്നെ. എന്നിട്ടും കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും വല്ലതും ചെയ്യുകതന്നെ വേണം. അവള്‍ തീരുമാനിച്ചു.
ഒരുമണിക്ക് ചില നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഹോട്ടല്‍ മാനേജര്‍ ജീന്‍ ദുലാക് അങ്ങോട്ടു വരുന്നതു കണ്ടു. നല്ല ഉയരമുള്ള മിടുക്കനായ മനുഷ്യന്‍. അയാള്‍ ഓരോ മേശയ്ക്കരികിലേക്കും ചെന്ന് അവിടെ ഇരിക്കുന്നവരുമായി കുശലം ചോദിച്ചുകൊണ്ട് ബെര്‍ണെറ്റ് ഇരിക്കുന്നിടത്തേക്ക് വരുന്നതു കണ്ടു.
'മാഡം ബെര്‍ണെറ്റ്... എന്താ തനിച്ച്?'
അവളെ നോക്കി ഒരു മന്ദഹാസത്തോടെ അയാള്‍ ചോദിച്ചു.
'ഇങ്ങനെ പതിവുള്ളതല്ലല്ലോ,' അയാള്‍ അവളെ സൂക്ഷിച്ചു നോക്കി.
'മാഡത്തിന് എന്തോ വിഷമമുള്ളതുപോലെ. എന്റെ വല്ല സഹായവും?'
'യെസ്. എന്നെ താങ്കള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്നു തോന്നുന്നു...'  ബെര്‍ണെറ്റ് അയാളോടു പറഞ്ഞു, 'ദയവായി ഇരിക്കണം.'
'വേണ്ട. ഞാനിരിക്കുന്നില്ല. ഇവിടെ കൂടിയിരിക്കുന്നവര്‍ക്ക് മറ്റു ജോലികളൊന്നുമില്ലെങ്കില്‍ അതുമിതുമൊക്കെ പറഞ്ഞുണ്ടാക്കും.  കുറച്ചുകൂടി കഴിഞ്ഞശേഷം എന്റെ ഓഫീസിലേക്കു വരൂ. നമുക്ക് അവിടെവെച്ചു സംസാരിക്കാം.' അയാള്‍ വീണ്ടും അവളെ നോക്കി മന്ദഹസിച്ചു.
'ഭവതിയുടെ വിഷമം എന്റെകൂടി വിഷമമായിട്ടാണ് ഞാന്‍ കാണുന്നത്. വരൂ. നമുക്ക് വിശദമായി സംസാരിക്കാം.' പറഞ്ഞശേഷം അയാള്‍ ചെറുതായൊന്നു നമിച്ച് അവിടെനിന്നു മടങ്ങി.

കുറച്ചു നേരംകൂടി കഴിഞ്ഞപ്പോള്‍ ആളുകള്‍ റെസ്റ്റോറന്റിലേക്ക് പോയിത്തുടങ്ങി. അപ്പോള്‍ ബെര്‍ണെറ്റ് എഴുന്നേറ്റ് ദുലാകിന്റെ ഓഫീസിലേക്കു തിരിച്ചു.
റിസപ്ഷനു പിറകിലായിരുന്നു ദുലാകിന്റെ ഓഫീസ്. അവിടെ ഏതോ ജോലിയില്‍ മുഴുകിയിരുന്ന ക്ലാര്‍ക്ക് ബെര്‍ണെറ്റിനെ കണ്ടപ്പോള്‍ ചെറുതായി തല വണങ്ങി.
'മാഡം നേരേ അതാ അങ്ങോട്ടു പോയ്‌ക്കോളൂ. ദുലാക് സാറിന്റെ ഓഫീസ് അവിടെയാണ്. അദ്ദേഹം മാഡത്തെ കാത്തിരിക്കുന്നു.'
അവള്‍ ദുലാകിന്റെ ഓഫീസിലേക്കു ചെന്നു. അതൊരു വലിയ മുറിയായിരുന്നു. അവിടെനിന്നു ജനാലവഴി നോക്കിയാല്‍ ദൂരെ കടല്‍ കാണാം. ആ ഓഫീസില്‍ ആവശ്യമുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. അവള്‍ അങ്ങോട്ടു ചെന്നപ്പോള്‍ ദുലാക് എഴുന്നേറ്റ് അവളോട് ഇരിക്കാന്‍ പറഞ്ഞു.
'ഇരിക്കൂ. ഇനി നമുക്ക് പ്രശ്‌നത്തിലേക്കു കടക്കാം. പ്രശ്‌നം ഭവതിയുടെ ഹസ്ബന്‍ഡ് ക്രിസ്സാണോ?'
ബെര്‍ണെറ്റ് ഇരുന്നു. അവള്‍ക്ക് ഒന്നു പൊട്ടിക്കരയണമെന്നു തോന്നി. എങ്കിലും വളരെ പ്രയാസപ്പെട്ട് അതു നിയന്ത്രിച്ചു.
ദുലാക് എഴുന്നേറ്റ് ജനാലയ്ക്കരികില്‍ ചെന്ന് അല്പനേരം നിന്നശേഷം തിരിക വന്നു. 'മാഡത്തിനറിയാമോ... ജീവിതത്തില്‍ വളരെയേറെ പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ടെനിക്ക്. ഇതുപോലെ ഒരുപാട് വിഷമിച്ചിട്ടുമുണ്ട്. പിന്നെ സമയം കിട്ടുമ്പോള്‍ അതേപ്പറ്റി സ്വസ്ഥമായിരുന്ന് ആലോചിച്ചപ്പോഴാണ് ഈ ലോകത്ത് തീര്‍ക്കാനാവാത്ത പ്രശ്‌നമെന്നൊന്നില്ലെന്നും എല്ലാറ്റിനുമുണ്ടാകും പരിഹാരമെന്നും മനസ്സിലാകുന്നത്. മി. ക്രിസ് കാറെടുത്തു പുറത്തേക്കു പോയിരിക്കുകയാണ്. അയാള്‍ക്കെന്തു സംഭവിച്ചിരിക്കുമോ എന്ന പരിഭ്രമമാണ് ഭവതിക്ക് എന്നു ഞാന്‍ വിശ്വസിക്കുന്നു. ശരിയാണോ?'
'അതായത് അദ്ദേഹത്തെക്കുറിച്ച് താങ്കള്‍ക്കറിയാമെന്നാണോ?'
'അതെ. ഇവിടെ താമസിക്കാനെത്തുന്നവരുടെ വിവരങ്ങളെല്ലാം എനിക്കറിയാം. അറിഞ്ഞുകൂടെന്നാണെങ്കില്‍ അവര്‍ ഇച്ഛിക്കുന്നതുപോലെയൊക്കെ നിര്‍വഹിച്ചുകൊടുക്കാന്‍ പിന്നെങ്ങനെ കഴിയും?'
'അതെ. അദ്ദേഹം പോയിരിക്കുന്നു. ഞാനാകെ വിഭ്രാന്തിയിലാണ്.'
'അയാള്‍ പോയി ഒരു മണിക്കൂറിലേറെയായില്ലേ. അതൊരുപാട് സമയമായി. ഇനി ഇക്കാര്യത്തില്‍ നമുക്ക് പോലീസിന്റെ സഹായം തേടിയേ മതിയാവൂ.'
ബെര്‍ണെറ്റ് അതു കേട്ട് നടുങ്ങി. ദുലാക് കൈയുയര്‍ത്തി.

murder Room
പുസ്തകം വാങ്ങാം

'മനസ്സിലായി. അതേപ്പറ്റി വേണ്ടാത്ത പ്രചാരമുണ്ടാകുന്നത് ഭവതി ഇച്ഛിക്കുന്നില്ല. എല്ലാം എനിക്കു വിട്ടുതരാമെങ്കില്‍ ഞാന്‍ വേണ്ടതുപോലെയൊക്കെ ചെയ്യാം. പോലീസ് ചീഫ് ക്യാപ്റ്റന്‍ ടെറല്‍ എന്റെ ഒരു നല്ല സുഹൃത്താണ്. കാര്യങ്ങള്‍ ഗ്രഹിച്ചറിയാവുന്ന നല്ലൊരു പോലീസ് ഓഫീസര്‍. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ സഹായിക്കാനാകും. ക്രിസിനെ വളരെ പെട്ടെന്നുതന്നെ കണ്ടെത്തും. അക്കാര്യത്തില്‍ ഞാനുറപ്പുതരാം.'
ബെര്‍ണെറ്റ് ഒരു ദീര്‍ഘശ്വാസം വിട്ടു.
'നന്ദി. യെസ്. എല്ലാം ഞാന്‍ താങ്കള്‍ക്ക് വിട്ടുതരുന്നു. എനിക്ക് വിശ്വാസമുണ്ട്, താങ്കള്‍ വിചാരിച്ചാല്‍ ഇതിനൊരു പരിഹാരം കാണാന്‍ കഴിയുമെന്ന്,' ബെര്‍ണെറ്റ് പറഞ്ഞു.
ദുലാക് എഴുന്നേറ്റു. 
'ഇനി ഭവതി മുറിയിലേക്കു പോയ്‌ക്കോളൂ. കഴിക്കാനുള്ള ആഹാരം ഞാന്‍ അങ്ങോട്ടു കൊടുത്തയയ്ക്കാം,' അവള്‍ വേണ്ടെന്നു പറഞ്ഞുവെങ്കിലും ദുലാക് അതു ഗൗനിച്ചില്ല. 'വളരെയൊന്നുമില്ല. കുറച്ചു മാത്രം. ഒന്നും കഴിക്കാതെ വിശപ്പടക്കാന്‍ ശ്രമിക്കരുത്.' അയാള്‍ കതകിന്റെ അടുക്കല്‍വരെ അവളുടെ കൂടെച്ചെന്നു.
'അടുത്ത അരമണിക്കൂറിനുള്ളില്‍ ക്യാപ്റ്റന്‍ ടെറല്‍ ഭവതിയുടെ അടുക്കലെത്തിയിരിക്കും.'

ജെയിംസ് ഹാഡ്‌ലി ചേസിന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: James Hadley chase Navel Murder Room first chapter