പാശ്ചാത്യശൈലിയിലുള്ള വ്യവസായവത്കരണം യോജിച്ചതല്ലെന്ന്‌ ഗാന്ധി ദീര്‍ഘദര്‍ശനം ചെയ്തിരുന്നു


പാശ്ചാത്യമോഡല്‍ വികസനം നമ്മള്‍ അനുകരിച്ചാല്‍, ഇത്തരമൊരു ചൂഷണവ്യവസ്ഥ നമുക്കും സൃഷ്ടിക്കേണ്ടി വരും. അത് ഇതര ദുര്‍ബലരാജ്യങ്ങളുടെ ചൂഷണമാകാം, നഗരങ്ങള്‍ ഗ്രാമങ്ങളെ ചൂഷണം ചെയ്യലാകാം, കൈയൂക്കുള്ള മനുഷ്യര്‍ ദുര്‍ബലരെ ചൂഷണം ചെയ്യലാകാം. അത്തരമൊരു വ്യവസ്ഥയിലൂടെ സുസ്ഥിരമായതും സ്വയംപര്യാപ്തവുമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ കഴിയില്ല. അതിനാലാണ് ഗ്രാമകേന്ദ്രിതവും വികേന്ദ്രീകൃതവും കാര്‍ഷികാടിത്തറയുള്ളതുമായൊരു ബദല്‍ വികസനമാതൃകയെക്കുറിച്ചുള്ള ബോധം ഗാന്ധിജിയില്‍ വളര്‍ന്നത്. നാം ഓര്‍ത്തിരിക്കേണ്ട വസ്തുത, സുഘടിതവും സുവ്യവസ്ഥിതവുമായ ഒരു ചിന്താപദ്ധതിയായിരുന്നില്ല അദ്ദേഹത്തിന്റെത് എന്നതാണ്

-

ഡോക്ടർ മോത്തി വർക്കി എഡിറ്റ് ചെയ്ത 'ജൈവദർശനങ്ങൾ' നമ്മുടെ കാലത്തെ ഗുരുതരമായ ഒരു പ്രതിസന്ധിയെ ഗൗരവത്തോടെ സമീപിക്കുന്ന പുസ്തകമാണ്. വസ്തുക്കൾ പോലും നമ്മുടെ ഭൗതികാവസ്ഥയെയും മനോനിലകളെയും ബാധിക്കുന്ന, സൈബോർഗുകൾ പോലും സാമൂഹ്യജീവിതത്തിന്റെ ഭാഗമാകുന്ന, ഒരു വെറും വൈറസ് മനുഷ്യരാശിയുടെ മുഴുവൻ ജീവിതവും മാറ്റി നിർവചിക്കുന്ന ഈ കാലത്ത് മനുഷ്യന്റെ ചരിത്രത്തെ പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും ചരിത്രത്തിന്റെ തുടർച്ചയും ഭാഗവുമായി കാണാൻ നാം തയ്യാറാകേണ്ടതുണ്ട്. ഇത്തരം ചിന്തകളിലേക്ക് നമ്മെ നയിക്കാൻ ഈ പുസ്തകത്തിനു കഴിയും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.
- സച്ചിദാനന്ദൻ

ജൈവദർശനങ്ങൾ: സമൂഹം, ശാസ്ത്രം, പ്രതിരോധം എന്ന ലേഖനസമാഹാരം ഓൺലൈനിൽ വാങ്ങാം

പുസ്തകത്തിലെ ഗാന്ധിജിയുടെ പരിസ്ഥിതിദര്‍ശനം എന്ന ലേഖനം വായിക്കാം. എഴുതിയത് ജി. മധുസൂദനന്‍

ഗാന്ധിജിയുടെ ജീവിതദര്‍ശനം തന്നെയാണ് അദ്ദേഹത്തിന്റെ പ്രകൃതിദര്‍ശനവും. പരിസ്ഥിതിദര്‍ശനം എന്ന പേരില്‍ അദ്ദേഹം ഒന്നും എഴുതിയിട്ടില്ല. നിലയ്ക്കാത്ത ഉപഭോഗത്തിലും വന്‍കിട വ്യാവസായിക ഉത്പാദനത്തിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥ, മനുഷ്യചരിത്രത്തിലെ ഒരു ഇടവേളയാണെന്നും, എല്ലാക്കാലവും നിലനില്ക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ(Permanent Economy),കാര്‍ഷികസംസ്‌കാരത്തിന്റെതാകുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളുടെ ജീവല്‍സമസ്യകള്‍ക്ക് പരിഹാരമായ, അവയുടെ ദീര്‍ഘകാല നിലനില്പിന് ഉപയുക്തമായ ഒരു വികസനസമീപനമാണ് അദ്ദേഹം ദീര്‍ഘവീക്ഷണം ചെയ്തത്. പരിമിതമായ ഭൂമിയില്‍ 'എല്ലാവരുടെയും ആവശ്യങ്ങള്‍ക്കുളളത് ലഭ്യമാണെന്നും, ഒരാളുടെ ദുരയ്ക്ക് വേണ്ടത്ര വിഭവങ്ങളില്ല' എന്ന പ്രസിദ്ധവാചകം തന്നെ അദ്ദേഹത്തിന്റെ ദര്‍ശനത്തിലേക്കുള്ള ദിശാസൂചിയാണ്.

ദര്‍ശനത്തിലെ സ്വാധീനങ്ങള്‍

ഒരു വൈഷ്ണവ ഹിന്ദുകുടുംബത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും, ഗുജറാത്തിലെ ബാല്യകൗമാരകാലത്ത്, മതചിന്തകള്‍ അദ്ദേഹത്തെ ഏറെയൊന്നും സ്വാധീനിച്ചിരുന്നില്ല. കുടുംബത്തിലെ വൈഷ്ണവപാരമ്പര്യത്തിനു വിരുദ്ധമായി അദ്ദേഹം രഹസ്യമായി മാംസഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ നടക്കാറുണ്ടായിരുന്ന തുളസീദാസ രാമായണ ഭാഗവത പുരാണവായനകള്‍ അദ്ദേഹം കേട്ടിരുന്നു. അവയില്‍നിന്ന് മതബോധമല്ല, മൂല്യബോധമാണ് അദ്ദേഹം ഉള്‍ക്കൊണ്ടത്. പില്ക്കാലത്ത് തന്റെ രഹസ്യമായ മാംസഭക്ഷണശീലം അദ്ദേഹം ഉപേക്ഷിച്ചത്, അതു തെറ്റാണെന്ന തിരിച്ചറിവുകൊണ്ടല്ല, അതെക്കുറിച്ച് അമ്മയോട് കള്ളം പറയുന്നതിലുള്ള വിഷമം കൊണ്ടാണ്. ഭാരതീയസംസ്‌കാരത്തിന്റെ മതനിരപേക്ഷമായ മൂല്യങ്ങള്‍ അദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഉള്‍ക്കൊണ്ടിരുന്നു; ഭഗവദ്ഗീതയാണ് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചത്.

പിന്നീട് ഇംഗ്ലണ്ടില്‍ ബാരിസ്റ്റര്‍ പഠനത്തിനു പോയപ്പോള്‍ ക്രൈസ്തവ ഇസ്‌ലാം ജൂത മതങ്ങളുമായി പരിചയപ്പെടാനും അവരുടെ മതഗ്രന്ഥങ്ങള്‍ വായിക്കാനും ഇടയായി. അങ്ങനെ മതചിന്തകളെക്കുറിച്ചുളള സമന്വയബോധവും താരതമ്യവിവേചനവും അദ്ദേഹത്തിന് സ്വായത്തമായിരുന്നു. ജൈന ബൗദ്ധ പാരമ്പര്യത്തില്‍നിന്ന് അഹിംസയെക്കുറിച്ചുള്ള അവബോധവും ഗാന്ധിയില്‍ വളര്‍ന്നിരുന്നു. എന്നാല്‍ പൗരസ്ത്യ പാശ്ചാത്യദര്‍ശനങ്ങളുടെ ഒരു സമന്വയമാണ് ഗാന്ധിയുടെ ജീവിതദര്‍ശനം രൂപപ്പെടുന്നതിനുള്ള സ്വാധീനമായത്. പാശ്ചാത്യദാര്‍ശനികരില്‍ അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചത് വ്യവസായ ആധുനികതയെ ആദ്യകാലം മുതല്‍ ചോദ്യം ചെയ്ത റൂസ്സോ, കാര്‍ലൈല്‍, ജോണ്‍ റസ്‌കിന്‍, ടോള്‍സ്റ്റോയ്, ഹെന്റി ഡേവിഡ് തൊറോ എന്നിവരാണ്; പ്രത്യേകിച്ചും ഇതില്‍ അവസാനത്തെ മൂന്നുപേര്‍.

ഗാന്ധിജിയുടെ 'അന്ത്യോദയ'സങ്കല്പം, റസ്‌കിന്റെ അവസാന മനുഷ്യന്‍ വരെ(Unto This Last)എന്ന കൃതിയുടെ സ്വാധീനത്തില്‍ പിറന്നതാണ്. 'ഒരു മനുഷ്യന് എത്ര ഭൂമി വേണം' എന്ന ടോള്‍സ്റ്റോയിയുടെ ചെറുകഥ ഗാന്ധിജിയുടെ ജീവിത വീക്ഷണ രൂപീകരണത്തിലെ മറ്റൊരു നിര്‍ണായക സ്വാധീനമാണ്. പരിമിതമായ വിഭവങ്ങളുടെ ഭൂമിയില്‍ മനുഷ്യരുടെ അദമ്യമായ ഉപഭോഗാസക്തി വരുത്താവുന്ന ഭൗതികവും ആത്മീയവുമായ ജീര്‍ണതയെ കുറിച്ചുളള വ്യഥകള്‍ ഗാന്ധിജിയുടെ ചിന്തയുടെ ഭാഗമായിരുന്നു. അഹിംസാസിദ്ധാന്ത രൂപീകരണത്തിലും ടോള്‍സ്റ്റോയ് മറ്റൊരു സ്വാധീനമായിരുന്നു. അതെക്കുറിച്ച് ഗാന്ധി തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'അദ്ദേഹത്തിന്റെ കാലത്ത് ടോള്‍സ്റ്റോയ് അഹിംസയുടെ വലിയ പ്രചാരകനായിരുന്നു. പാശ്ചാത്യലോകത്ത് മറ്റൊരു എഴുത്തുകാരനും ഇത്ര ശക്തമായി അഹിംസയെക്കുറിച്ച് പറഞ്ഞിട്ടുള്ളതായി എനിക്കറിയില്ല.' ടോള്‍സ്റ്റോയിയെക്കാള്‍ മികവോടെ ഇന്ത്യയിലും ആരും അഹിംസയെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നും ഗാന്ധി തുടര്‍ന്നു പറഞ്ഞു. തൊറോയുടെ 'സിവില്‍ നിയമലംഘനത്തിന്റെ കടമ'(On The Duty of Civil Disobedience)എന്ന പ്രബന്ധം ഗാന്ധിജിയുടെ 'സത്യഗ്രഹ'ദര്‍ശനം രൂപപ്പെടുത്തുന്നതിലെ പ്രധാന സ്വാധീനമായിരുന്നു. അന്യായമായ നികുതിചുമത്തലിനെതിരെ സത്യഗ്രഹമനുഷ്ഠിച്ച് തൊറോ അറസ്റ്റുവരിച്ച കഥയും പ്രസിദ്ധമാണ്. തൊറോയുടെ 'സരളത, സരളത, സരളത'(Simplicity, Simplicity, Simplicity)എന്ന ആപ്തവാക്യം, ഗാന്ധിയുടെ ഗ്രാമകേന്ദ്രിതവും പ്രകൃതിസൗഹൃദപരവും വികേന്ദ്രീകൃതവുമായ സാമ്പത്തികദര്‍ശനം രൂപപ്പെടുന്നതിനെ സ്വാധീനിച്ചിട്ടുണ്ട്.

ഗാന്ധിജി ഇന്ത്യന്‍ ഗ്രാമങ്ങളില്‍

ഇംഗ്ലണ്ടില്‍ ബാരിസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ദക്ഷിണാഫ്രിക്കയിലേക്കു പോയ ഗാന്ധി, അവിടെ വെച്ചാണ് 1909-ല്‍ പ്രസിദ്ധീകരിച്ച ഹിന്ദ് സ്വരാജ് എഴുതിയത്. ഗാന്ധിയുടെ പരിസ്ഥിതിചിന്തയെക്കുറിച്ചു പറയുന്ന പലരും ഹിന്ദ് സ്വരാജില്‍ നിന്നുള്ള ഉദ്ധരണികളാണ് ഏറെയും ഉപയോഗിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ സന്ദര്‍ഭത്തിലുള്ള ഒരു ഭാവി ജീവിതവീക്ഷണം രൂപപ്പെട്ടത് അദ്ദേഹം 1914-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം നമ്മുടെ ഗ്രാമങ്ങളിലൂടെ നടത്തിയ നിരന്തരമായ യാത്രകളുടെ പശ്ചാത്തലത്തിലാണ്. 1917-ലും 1918-ലും ചംപാരണിലും, ഖേഡയിലും നടന്ന കര്‍ഷകരുടെ സത്യഗ്രഹങ്ങളും, ഇന്ത്യയൊട്ടാകെയുള്ള ഗ്രാമങ്ങളിലൂടെയുള്ള യാത്രകളുമാണ് ഗാന്ധിയുടെ ബദല്‍ചിന്തയുടെ യഥാര്‍ഥ പശ്ചാത്തലം. ദക്ഷിണാഫ്രിക്കയില്‍ കണ്ട വര്‍ണവിവേചനം മാത്രമല്ല, പാശ്ചാത്യ അധിനിവേശം സാമ്പത്തികചൂഷണത്തിന്റെ വലിയ അധീശവ്യവസ്ഥകൂടിയാണെന്ന് ഇന്ത്യന്‍ യാത്രകളുടെ കാലത്ത് അദ്ദേഹം തിരിച്ചറിഞ്ഞു. പാശ്ചാത്യരുടെ സമ്പത്തിന്റെയും ഉയര്‍ന്ന ജീവിതനിലവാരത്തിന്റെയും രഹസ്യം കോളനികളില്‍ അവര്‍ നടത്തുന്ന വ്യാപകമായ ചൂഷണത്തിലൂടെ, അവിടങ്ങളിലെ മണ്ണിനെയും വന്യതയെയും മനുഷ്യരെയും തങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ക്കായി പരുവപ്പെടുത്തിയതിലൂടെ സൃഷ്ടിച്ച അസന്തുലിതമായ വിഭവകൈമാറ്റ വ്യവസ്ഥയാണെന്ന് ഗാന്ധിജി കണ്ടു. അമിത സാമ്പത്തികവളര്‍ച്ചയെന്നത് ഇവ്വിധം മറ്റുള്ളവരെയും മറ്റു നാടുകളെയും ചൂഷണം ചെയ്തുകൊണ്ടു മാത്രമേ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന ബോധം അങ്ങനെയാണ് ശക്തിപ്പെട്ടത്.

പാശ്ചാത്യമോഡല്‍ വികസനം നമ്മള്‍ അനുകരിച്ചാല്‍, ഇത്തരമൊരു ചൂഷണവ്യവസ്ഥ നമുക്കും സൃഷ്ടിക്കേണ്ടി വരും. അത് ഇതര ദുര്‍ബലരാജ്യങ്ങളുടെ ചൂഷണമാകാം, നഗരങ്ങള്‍ ഗ്രാമങ്ങളെ ചൂഷണം ചെയ്യലാകാം, കൈയൂക്കുള്ള മനുഷ്യര്‍ ദുര്‍ബലരെ ചൂഷണം ചെയ്യലാകാം. അത്തരമൊരു വ്യവസ്ഥയിലൂടെ സുസ്ഥിരമായതും സ്വയംപര്യാപ്തവുമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ കഴിയില്ല. അതിനാലാണ് ഗ്രാമകേന്ദ്രിതവും വികേന്ദ്രീകൃതവും കാര്‍ഷികാടിത്തറയുള്ളതുമായൊരു ബദല്‍ വികസനമാതൃകയെക്കുറിച്ചുള്ള ബോധം ഗാന്ധിജിയില്‍ വളര്‍ന്നത്. നാം ഓര്‍ത്തിരിക്കേണ്ട വസ്തുത, സുഘടിതവും സുവ്യവസ്ഥിതവുമായ ഒരു ചിന്താപദ്ധതിയായിരുന്നില്ല അദ്ദേഹത്തിന്റെത് എന്നതാണ്. 1920-കള്‍ മുതല്‍ 1940-കള്‍ വരെ യങ് ഇന്ത്യ, ഹരിജന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളിലാണ് ഈ ബദല്‍ചിന്ത കണ്ടെത്താനാകുക. അവയുടെ പല സമാഹാരങ്ങളും ലഭ്യമാണ്; 90 വാല്യങ്ങളിലധികമുള്ള സമ്പൂര്‍ണകൃതികളിലൂടെ പരതുക പ്രായോഗികമല്ലാത്തതിനാല്‍ ഇത്തരം പ്രത്യേക സമാഹാരങ്ങളെയാണ് ഇവിടെ ആശ്രയിക്കുന്നത്. പ്രത്യേകിച്ചും എന്റെ സ്വപ്‌നത്തിലെ ഇന്ത്യ(India of My Dreams)എന്ന സമാഹാരം ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രധാനമാണ്.

ദര്‍ശനത്തിന്റെ രൂപരേഖ

പാശ്ചാത്യശൈലിയിലുള്ള വ്യവസായവത്കരണം അല്പായുസ്സാണെന്നും, അത് ഇന്ത്യയ്ക്ക് യോജിച്ചതല്ലെന്നും ഗാന്ധി ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. 1928 ഡിസംബര്‍ 20-ാം തീയതിയിലെ യങ് ഇന്ത്യയില്‍ അദ്ദേഹമെഴുതിയ ഈ വരികള്‍ ഈ ചിന്തയെ ശരിയായി സംക്ഷേപിക്കുന്നുണ്ട്: 'പടിഞ്ഞാറിന്റെ രീതിയിലുള്ള വ്യവസായവികസനം ഇന്ത്യ ഒരിക്കലും സ്വീകരിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടെന്ന ഒരു ചെറിയ ദ്വീപിന്റെ സാമ്പത്തികസാമ്രാജ്യത്വം ലോകത്തെ ഇപ്പോള്‍ ചങ്ങലയ്ക്കിട്ടിരിക്കുന്നു. മുപ്പതുകോടി ജനങ്ങളുള്ള ഇന്ത്യ(അന്നത്തെ ജനസംഖ്യ) അത്തരമൊരു സാമ്പത്തിക ചൂഷണമാര്‍ഗം സ്വീകരിച്ചാല്‍, അത് വെട്ടുകിളികളെപ്പോലെ ലോകത്തെ മുഴുവന്‍ ഊഷരമാക്കും.' എന്റെ സ്വപ്‌നങ്ങളിലെ ഇന്ത്യ എന്ന കൃതിയിലെ 'വ്യവസായ സംസ്‌കൃതി എന്ന ശാപം' എന്ന ലേഖനത്തില്‍ (ഹരിജന്‍ 1-9-1946) ഇത് കുറെക്കൂടി വിശദമായി പറയുന്നത് അടുത്ത ഖണ്ഡികയില്‍ പരിശോധിക്കാം.

വളരെ കാതലായ നിരീക്ഷണങ്ങളാണ് ഗാന്ധി ഈ ലേഖനത്തില്‍ നടത്തുന്നത്: 'ഒരു രാജ്യത്തിന്റെ ഭൗതിക ഭൗമശാസ്ത്രം(Physical Geography)അതിന്റെ സംസ്‌കാരത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വന്‍കിട ഉത്പാദനമാണ് (Mass Production)ലോകത്തിലെ പ്രതിസന്ധികളുടെ കാരണം. ഉത്പാദനവും ഉപഭോഗവും പ്രാദേശികതലത്തിലാകുമ്പോള്‍, ഉത്പാദനവും വിലയും അമിതമായും അനന്തമായും വര്‍ധിപ്പിക്കാനുള്ള പ്രേരണ കുറയും. യന്ത്രങ്ങള്‍ക്ക് അവയുടേതായ സ്ഥാനമുണ്ട്; എന്നാലവ മനുഷ്യരെ തൊഴിലില്‍നിന്നും നിഷ്‌കാസിതരാക്കരുത്. യന്ത്രങ്ങളുടെ മായാവലയത്തില്‍ എന്റെ കണ്ണുകള്‍ മഞ്ഞളിക്കുകയില്ല; വിനാശം വിതയ്ക്കുന്ന യന്ത്രങ്ങള്‍ക്ക് ഞാനെതിരാണ്. വന്‍കിടവ്യവസായവികസനം, ഗ്രാമീണരുടെ പ്രത്യക്ഷവും പരോക്ഷവുമായ ചൂഷണത്തിലാണ് കലാശിക്കുക. അതിനാല്‍ ഗ്രാമങ്ങള്‍ സ്വയംപര്യാപ്തമാക്കണം. അതേസമയം പ്രധാനപ്പെട്ട പല വ്യവസായങ്ങളും ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു... ദന്തഗോപുരസോഷ്യലിസത്തിലോ സായുധസോഷ്യലിസത്തിലോ എനിക്ക് വിശ്വാസമില്ല... സുപ്രധാന വ്യവസായങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു...തൊഴിലാളികളുടെ ഉത്പാദനത്തിന്റെ ഉടമകള്‍ അവര്‍ തന്നെയാകണം... ഭരണകൂടം അഹിംസയില്‍ അടിയുറച്ചതാകണം... ബലം പ്രയോഗിച്ച് ധനികരുടെ സമ്പത്ത് കൈക്കലാക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.' മുതലാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകള്‍ ഏറെ സരളമായിരുന്നു.

അദ്ദേഹത്തിന്റെ മനസ്സും ചിന്തയും ശരിയായ ദിശയിലായിരിക്കുമ്പോഴും അതിന്റെ അപ്രായോഗികത ശ്രദ്ധിക്കാതിരിക്കാന്‍ വയ്യ. മുകളിലത്തെ ഖണ്ഡികയില്‍ അവസാനം പറഞ്ഞ കാര്യങ്ങള്‍ ഒരു മുതലാളിത്തവ്യവസ്ഥയില്‍ അഹിംസയിലൂടെ എങ്ങനെ നടപ്പിലാക്കുമെന്ന സംശയം ബാക്കി നില്ക്കുന്നു. 'ഭൂദാന'ത്തിലൂടെ ഭൂമി വിതരണം ചെയ്യാനുള്ള അദ്ദേഹത്തിന്റെയും വിനോബാഭാവെയുടെയും ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും ഓര്‍മിക്കണം. രാമരാജ്യവും ഗ്രാമസ്വരാജും പണക്കാര്‍ കനിയുന്നതിലൂടെ സൃഷ്ടിക്കാമെന്നത് അപ്രായോഗികമാണ്. എന്നാല്‍ ഗ്രാമകേന്ദ്രിത വികേന്ദ്രീകൃത വികസനത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇപ്പോഴും പ്രസക്തമാണ്. 1946 ജൂണ്‍ 23-ലെ ഹരിജനില്‍ ഗാന്ധിജി എഴുതി: 'നഗരങ്ങളുടെ എടുപ്പുകള്‍ പണിതിരിക്കുന്നത് ഗ്രാമങ്ങളുടെ രക്തം വാര്‍ന്ന സിമന്റുകൊണ്ടാണ്.' മറ്റൊരവസരത്തില്‍ ഇന്‍ഡോര്‍ നഗരത്തിലെ ഒരു ചടങ്ങില്‍ ഇങ്ങനെയും: 'നമ്മളിരിക്കുന്ന വൈദ്യുതികൊണ്ട് പ്രകാശമയമായ ഈ പന്തലിലെ വിളക്കുകള്‍ എരിയുന്നത് ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ ചെലവിലാണെന്ന് നമുക്കറിയില്ല'(ഹരിജന്‍ 11-5-1935). വിഭവങ്ങള്‍ നഗരത്തിന്റെ ഉപയോഗത്തിനായി കേന്ദ്രീകരിക്കുന്നതാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇത്തരത്തില്‍ വ്യവസായസംസ്‌കൃതിയുടെ മൂല്യച്യുതികളെക്കുറിച്ചുള്ള ബോധമാണ്, ഒരു ഗ്രാമകേന്ദ്രിത വികസനസങ്കല്പം ഉരുത്തിരിഞ്ഞതിന്റെ പശ്ചാത്തലം. അതിന്റെ അനിവാര്യമായ ഭാഗമാണ് രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങളുടെ വികേന്ദ്രീകരണം എന്ന സങ്കല്പവും.

വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഈ സങ്കല്പം ഊര്‍ജത്തിന്റെ രംഗത്തും വരണമെന്ന് അദ്ദേഹം കരുതിയിരുന്നു. 1935-ല്‍ അദ്ദേഹമെഴുതി: 'ഓരോ ഗ്രാമീണഭവനത്തിലും വൈദ്യുതി ലഭിക്കുമെങ്കില്‍, വൈദ്യുതികൊണ്ട് ചലിക്കുന്ന ഉപകരണങ്ങളും പണിയായുധങ്ങളും ഗ്രാമീണര്‍ ഉപയോഗിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. പക്ഷേ, ഓരോ ഗ്രാമത്തിലും അവരുടെ സ്വന്തം കാലിമേയുന്നതിനുള്ള പുല്‍മേടുകള്‍ ഉള്ളതുപോലെ, ഈ വൈദ്യുതിനിര്‍മാണവും ഗ്രാമീണസമൂഹത്തിന്റെയോ സര്‍ക്കാരിന്റെയോ ഉടമസ്ഥതയിലാകണം.'

ഗ്രാമീണപുനര്‍നിര്‍മിതി പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനായി മഹാരാഷ്ട്രയിലെ വാര്‍ധയില്‍ പണിത ആശ്രമത്തിലേക്ക് താമസം മാറ്റിയ ശേഷം, തന്റെ സങ്കല്പത്തിലെ ഇന്ത്യന്‍ ഗ്രാമത്തെക്കുറിച്ച് അദ്ദേഹമെഴുതി: 'ആ ഗ്രാമത്തില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തുനിന്ന് ശേഖരിച്ച വസ്തുക്കള്‍കൊണ്ടു നിര്‍മിച്ച വെളിച്ചവും, ശുദ്ധവായുവുമുള്ള വീടുകളുണ്ടാകും. ഓരോ വീടിനുചുറ്റും അവര്‍ക്കുവേണ്ട പച്ചക്കറികള്‍ വളര്‍ത്താനും, അവരുടെ കാലികളെ വളര്‍ത്താനുമുള്ള പറമ്പുണ്ടാകും... എല്ലാവര്‍ക്കും ആവശ്യത്തിന് വെള്ളമെടുക്കാവുന്ന കിണറുകളുണ്ടാകും... എല്ലാവര്‍ക്കും പ്രാര്‍ഥനയ്ക്കുള്ള ഇടങ്ങളുണ്ടാകും, കൂടാതെ ഒരു പൊതു ഒത്തുചേരലിനുള്ള സ്ഥലം, പൊതുമേച്ചില്‍സ്ഥലം, സഹകരണാടിസ്ഥാനത്തിലുള്ള പാല്‍ സംഭരണ വിതരണ കേന്ദ്രം, തൊഴിലധിഷ്ഠിതവിദ്യാഭ്യാസം കൂടിയുള്ള പ്രൈമറി സെക്കന്‍ഡറി വിദ്യാലയങ്ങള്‍, തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള പഞ്ചായത്ത് എന്നിവയുണ്ടാകും. ഓരോ ഗ്രാമവും അവരവര്‍ക്കുവേണ്ട ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഖാദിവസ്ത്രങ്ങളും ഉണ്ടാക്കും. ഇതാണ് എന്റെ ആദര്‍ശഗ്രാമം' (ഹരിജന്‍ 9-1-1937)

പരിസ്ഥിതിചിന്തയില്‍ പ്രധാനമായ പ്രാദേശിക ഉത്പാദനം, ഗ്രാമീണ സാമ്പത്തിക സ്വയംപര്യാപ്തത തുടങ്ങിയ ആശയങ്ങള്‍ ഈ വരികളില്‍ കൃത്യമായി തെളിയുന്നുണ്ട്. വീടുകള്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ പോലും അഞ്ചു കിലോമീറ്ററിനുള്ളില്‍നിന്ന് ശേഖരിക്കുന്നവയാകണമെന്നത്, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തില്‍ മാത്രമല്ല, ഊര്‍ജവിനിയോഗത്തിലും വലിയ മാറ്റങ്ങള്‍ക്കു കാരണമാകും. ജലം, മേച്ചില്‍സ്ഥലം തുടങ്ങിയവയുടെ സഹകരണ അടിസ്ഥാനത്തിലുള്ള പൊതു ഉടമസ്ഥത, ഇപ്പോഴത്തെ നവലിബറല്‍ കാലത്തെ സ്വകാര്യവത്കരണശ്രമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതിനെയൊക്കെ 'ആധുനികവിരുദ്ധം' 'പിന്നാക്കം' എന്നൊക്കെ വിളിക്കുന്നവര്‍ ഓര്‍ക്കേണ്ട വസ്തുത, നാം ഇപ്പോഴനുഭവിക്കുന്ന സമൃദ്ധി, കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍ ഖനനം ചെയ്‌തെടുത്ത ഖനിജ ഇന്ധനങ്ങള്‍ നല്കിയ താത്കാലികമായ ഊര്‍ജ വിഭവ സമൃദ്ധിയുടെ സൃഷ്ടിയാണെന്നതാണ്. മുതലാളിത്തവളര്‍ച്ച തന്നെ ഈ താത്കാലിക ഖനിജ ഇന്ധന സമൃദ്ധിയുടെ സൃഷ്ടിയാണ്. കാരണം, എണ്ണയും ഇതര ഖനിജ ഇന്ധനങ്ങളും അടുത്ത മൂന്നുനാലു ദശകങ്ങളില്‍ ദുര്‍ലഭമാകുമെന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. അപ്പോള്‍ ഗാന്ധിജി വിഭാവനം ചെയ്ത ഒരു സമ്പദ്‌വ്യവസ്ഥയിലേക്ക് നമുക്ക് മടങ്ങേണ്ടി വരും. വികേന്ദ്രീകൃത ബദല്‍ ഊര്‍ജസ്രോതസ്സുകള്‍കൊണ്ട് പുലരുന്ന, കാര്‍ഷികകേന്ദ്രിതമായ ഒരു സമ്പദ്‌വ്യവസ്ഥ. അതിന്റെ ശാസ്ത്രീയ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കാന്‍ കഴിയില്ല.

വളരെ വര്‍ഷങ്ങളിലെ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഇപ്പോള്‍ പരക്കെ സ്വീകാര്യമായി വരുന്ന ജൈവകൃഷിയുടെ അനിവാര്യതയെക്കുറിച്ചും ഗാന്ധിജി പറഞ്ഞിരുന്നു. ഒരു കാര്‍ഷിക പ്രമാണം(An Agricultural Testament)എന്ന പ്രസിദ്ധകൃതിയുടെ രചയിതാവും ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് കൃഷിശാസ്ത്രജ്ഞനുമായ ആല്‍ബര്‍ട്ട് ഹോവാര്‍ഡിന്റെ ചിന്തകളും പ്രവര്‍ത്തനവും ഗാന്ധിജിയെ സ്വാധീനിച്ചിരുന്നു. പ്രസിദ്ധ ജര്‍മന്‍ കാര്‍ഷികശാസ്ത്രജ്ഞനായിരുന്ന ജസ്റ്റസ് വോണ്‍ ലീബിഗിന്റെ ചിന്തകള്‍ മാര്‍ക്‌സിനെ സ്വാധീനിച്ചിരുന്നതും ഓര്‍ക്കുക. സ്വാതന്ത്ര്യലബ്ധിക്ക് ഒരു വര്‍ഷം മുന്‍പ് യന്ത്രവത്കൃത കടുംകൃഷിയുടെ വക്താക്കളെ വിമര്‍ശിച്ചുകൊണ്ട് ഗാന്ധിജി ഇങ്ങനെ എഴുതി: 'ക്ഷിപ്രവരുമാനത്തിനുവേണ്ടി മണ്ണിന്റെ ഉര്‍വരത നശിപ്പിക്കുന്നത് ദീര്‍ഘവീക്ഷണമില്ലാത്തതും വിനാശകരവുമായ നയമാണ്. അത് മണ്ണിന്റെ പരിപൂര്‍ണവിനാശത്തിന് കാരണമാകും.(ഹരിജന്‍, 25-8-1946).' മൂലധനത്തിന്റെ ഒന്നാം വോള്യത്തിലെ 15-ാം അധ്യായത്തില്‍ മാര്‍ക്‌സും സമാനമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. നഗരഗ്രാമ ദ്വൈതം സൃഷ്ടിക്കുന്ന മെറ്റബോളിക് പിളര്‍പ്പിനെക്കുറിച്ച്(Metabolic Rift)മാര്‍ക്‌സ് ഏറെ പറഞ്ഞിട്ടുള്ളത് ഇപ്പോള്‍ ഇക്കോസോഷ്യലിസത്തിന്റെ സൈദ്ധാന്തികവളര്‍ച്ചയില്‍ പ്രധാന വിശകലനവിഷയമാണ്. കുറെ കാര്യങ്ങളില്‍ മാര്‍ക്‌സും ഗാന്ധിയും തമ്മിലുള്ള സമാനതകള്‍ ശ്രദ്ധേയമാണ്; ലക്ഷ്യം സമാനമായിരിക്കുമ്പോഴും അവരുടെ മാര്‍ഗങ്ങള്‍ ഭിന്നമാണ്.

സ്വയം സ്വീകരിക്കുന്ന എളിയജീവിതരീതി(Voluntary Simplicity), സമ്പത്തിന്റെ വിതരണം ധനികരുടെ സഹകരണത്തിലൂടെ നടപ്പാക്കുക തുടങ്ങിയ പലയിടങ്ങളിലും ഗാന്ധിജിയുടെ ബദല്‍ചിന്തകള്‍ പ്രശ്‌നസങ്കീര്‍ണമാണ്. അസമത്വങ്ങള്‍ നിലനില്ക്കുന്ന ഒരു ഫ്യൂഡല്‍ മുതലാളിത്തവ്യവസ്ഥയില്‍, ആരുടെ ലളിതജീവിതം എന്ന ചോദ്യം ഉയരുന്നു. ധനികര്‍ അവരുടെ ഉയര്‍ന്ന ജീവിതനിലവാരം കുറയ്ക്കുകയില്ല. പാവപ്പെട്ടവന്റെ 'അപരിഗ്രഹം' ഭാരതീയ വിധിവിശ്വാസത്തിന്റെ(Fatalism)മറ്റൊരു രൂപമാണെന്നു വരാം. സത്യാഗ്രഹത്തിലൂടെയും, നിസ്സഹകരണത്തിലൂടെയും, സ്‌നേഹപൂര്‍ണമായ പ്രേരണയിലൂടെയും സമത്വം നേടാമെന്നത് ഒരുപക്ഷേ വെറും യുട്ടോപ്യന്‍ സ്വപ്‌നമാണ്. എങ്കിലും ഇത് ഗാന്ധിജിയുടെ ദര്‍ശനത്തിന്റെ സത്തയ്ക്ക് പോറലേല്പിക്കുന്നില്ല; അത് പ്രാവര്‍ത്തികമാക്കാനുള്ള മാര്‍ഗത്തിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

ഗാന്ധിയും ഇന്ത്യന്‍ പരിസ്ഥിതിപ്രസ്ഥാനങ്ങളും

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതിപ്രതിരോധം എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ 'ചിപ്‌കോ' പ്രസ്ഥാനം 'ഗാന്ധിയന്‍' ആയിരുന്നുവെന്ന് അതിന്റെ ചരിത്രമെഴുതിയ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ 'അശാന്തമായ വനങ്ങള്‍' എന്ന തന്റെ ചിപ്‌കോ ചരിത്രത്തില്‍ രാമചന്ദ്രഗുഹ പറയുന്നത്, ആ സമരത്തെ ഹിമാലയന്‍ കര്‍ഷകരുടെ ഭരണകൂടവിരുദ്ധ പ്രതിരോധങ്ങളുടെ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ കൂടി വേണം വിലയിരുത്തേണ്ടത് എന്നാണ്. 'ചിപ്‌കോ'യുടെ പ്രധാന നേതാക്കളായിരുന്ന ചാന്ദി പ്രസാദ് ഭട്ടും, സുന്ദര്‍ലാല്‍ ബഹുഗുണയും സമരങ്ങള്‍ക്ക് സത്യഗ്രഹമടക്കമുള്ള അഹിംസാത്മകമാര്‍ഗങ്ങളാണ് സ്വീകരിച്ചിരുന്നതെന്നത് ശരിയാണ്. മരംവെട്ടിന് വിധേയമാകാന്‍ പോകുന്ന വൃക്ഷങ്ങളെ കെട്ടിപ്പിടിച്ച് സംരക്ഷിക്കുക (അതാണല്ലോ ഹിന്ദിയില്‍ 'ചിപ്‌കോ' എന്ന പേരുവന്നത്)എന്ന തന്ത്രം, 17-ാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ ബിഷ്‌ണോയികള്‍ തങ്ങളുടെ വനങ്ങളെ സംരക്ഷിക്കാന്‍ സ്വീകരിച്ച രീതിയില്‍നിന്നും പ്രചോദനംകൊണ്ട് രൂപപ്പെടുത്തിയതാണ്. ബ്രിട്ടീഷുകാരുടെ വനനിയമത്തിനെതിരെ 1920-ല്‍ കുമയൂണില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്ത വലിയ ജനകീയപ്രതിരോധത്തെ അഭിസംബോധന ചെയ്തുകൊണ്ട് 'ചംപാരണിലെപ്പോലെ, ബ്രിട്ടീഷുകാരുടെ മര്‍ദകഭരണത്തില്‍നിന്നും കുമയൂണിലെ ജനങ്ങളെ രക്ഷിക്കാന്‍ താനെത്തുമെന്ന്' ഗാന്ധി അറിയിച്ചതായി ബദ്രി ദത്ത് എന്ന സമരനേതാവ് പ്രഖ്യാപിച്ചിരുന്നതായി ചരിത്രരേഖകള്‍ ഉദ്ധരിച്ചുകൊണ്ട് രാമചന്ദ്രഗുഹ പറയുന്നുണ്ട്.

1932-ല്‍ കേരളത്തിലെ കാസര്‍കോട്ടെ കാറഡുക്ക ഗ്രാമത്തിലെ കാടകത്ത്, ബ്രിട്ടീഷ് വനനിയമത്തിനെതിരെ വനസത്യഗ്രഹം നടന്നിരുന്നു. പില്ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായി വളര്‍ന്ന സഖാവ് എ.വി. കുഞ്ഞമ്പുവിനെപ്പോലുള്ളവരാണ് ഈ പ്രതിരോധത്തിന് നേതൃത്വം നല്കിയത്. വനത്തില്‍ കയറി ഉണങ്ങിയ ചുള്ളികളും തോലും വിറകും ശേഖരിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചതിനെതിരെ കാടകത്ത് നടന്ന സമരം, പിന്നീട് ചീമേനിയിലും ആവര്‍ത്തിച്ചു.8 ബ്രിട്ടീഷ് വനനിയമത്തിനെതിരെ അറിയപ്പെടാത്ത ഇത്തരം നിരവധി സമരങ്ങള്‍ ഇന്ത്യയില്‍ അങ്ങിങ്ങായി നടന്നിട്ടുണ്ടാകാം. അതിനാല്‍ കര്‍ഷകരുടെ പ്രതിരോധത്തിന്റെ ചരിത്രംകൂടി കണക്കിലെടുക്കണമെന്ന രാമചന്ദ്രഗുഹയുടെ നിരീക്ഷണം വസ്തുനിഷ്ഠമാണ്. സ്വാതന്ത്ര്യാനന്തര കുമയൂണില്‍ രൂപംകൊണ്ട 'ഉത്തര്‍ഖണ്ഡ് സംഘര്‍ഷ് വാഹിനി' എന്ന പരിസ്ഥിതിസംഘടന, മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനമായിരുന്നുവെന്നും ഗുഹ പറയുന്നുണ്ട്. കേരളത്തില്‍ പരിസ്ഥിതിസംരക്ഷണത്തില്‍ ജാഗരൂകരായ ശാസ്ത്രസാഹിത്യപരിഷത്തും ഇടതുപക്ഷ അനുകൂലികളുടെ സംഘടനയാണ്. എങ്കിലും പൊതുവില്‍, ഇന്ത്യയിലെ പരിസ്ഥിതിപ്രതിരോധ പ്രസ്ഥാനങ്ങള്‍ ഗാന്ധിയന്‍ രീതികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു പറയാം. ഗാന്ധിജിയുടെ ദര്‍ശനം ഇന്ത്യയിലെ ഒരു വിഭാഗം പരിസ്ഥിതിമുന്നേറ്റങ്ങള്‍ക്കു പ്രചോദനമായിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്രധാനമന്ത്രിയായ നെഹ്രു, ഗാന്ധിയന്‍ ആദര്‍ശങ്ങളെ നിരാകരിച്ച്, ഇന്ത്യയെ വ്യവസായവത്കരണത്തിലേക്കു നയിച്ചത് തെറ്റായിപ്പോയെന്ന മട്ടില്‍ ചിലര്‍ വിമര്‍ശിക്കാറുണ്ട്. അധിനിവേശകരില്‍നിന്ന് മോചനം നേടിയ ഒരു ദരിദ്രരാഷ്ട്രത്തിലെ ജനതയുടെ അഭിലാഷങ്ങള്‍ക്കുമുന്നില്‍ പുരോഗതിയുടെ വാതില്‍ തുറക്കുകയാണ് നെഹ്രു ചെയ്തത്. അത് കാലത്തിന്റെ ആവശ്യമായിരുന്നു. ഗ്രാമകേന്ദ്രിതവികസനത്തിനും, ഒരു വ്യവസായഘടനയുടെ പിന്തുണ വേണമല്ലോ. മാത്രമല്ല, നെഹ്രുവിന്റെ നയങ്ങള്‍ ഗ്രാമങ്ങളെ അവഗണിച്ചതുമില്ല. ഇന്ത്യയിലാകമാനം പ്രൈമറി വിദ്യാഭ്യാസത്തിന്റെയും, ആരോഗ്യസുരക്ഷയുടെയും അടിത്തറ പാകിയതും കൃഷിയുടെ ഉത്പാദനവര്‍ധനവിനുള്ള നയങ്ങള്‍ ആവിഷ്‌കരിച്ചതും നെഹ്രുവിന്റെ കാലത്തായിരുന്നുവെന്നും മറക്കാന്‍ കഴിയില്ല. ഇന്ന് നെഹ്രുവിനെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ മറക്കുന്ന കാര്യം, നെഹ്രുവിന് ഗാന്ധിജിയുടെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നുവെന്നതാണ്. ആദര്‍ശവാദിയായ ഗാന്ധിയില്‍ ഒരു രാഷ്ട്രീയക്കാരന്റെ പ്രായോഗികവീക്ഷണവും കലര്‍ന്നിരുന്നു. സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ അഭയാരണ്യമായ പെരിയാര്‍ സംരക്ഷണമേഖല, മദ്രാസ് സംസ്ഥാനത്തിന്റെ പ്രധാനമന്ത്രിയായിരുന്ന രാജഗോപാലാചാരി സ്ഥാപിച്ചത്, നെഹ്രുവിന്റെ പ്രേരണയിലായിരുന്നുവെന്നും ചരിത്രം പറയുന്നു. നെഹ്രുവിന്റെ വന്യതയോടുള്ള ഈ സംരക്ഷണമനോഭാവം പകര്‍ന്നുകിട്ടിയ മകള്‍ ഇന്ദിരയുടെ ഭരണകാലത്താണ് ഇന്ത്യയിലെ പരിസ്ഥിതിസംരക്ഷണത്തിന്റെ നിയമങ്ങളും സ്ഥാപനങ്ങളും ആദ്യമായി നിലവില്‍ വന്നതെന്നും നാം മറക്കരുത്.

ഖനിജ ഇന്ധനങ്ങള്‍ കരിന്തിരി കത്താന്‍ പോകുന്ന അടുത്ത ഏതാനും ദശകങ്ങളില്‍ ഇന്നത്തെ രീതിയിലുള്ള മുതലാളിത്ത സാമ്പത്തിക വളര്‍ച്ചയും വികസനവും ഭീമമായ പ്രതിസന്ധികളെ നേരിടും. അതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഗാന്ധിജിയുടെ പ്രസക്തി വരുംകാലങ്ങളില്‍ ഏറിവരും. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷം, ലോകം മാര്‍ക്‌സിന്റെ ചിന്തയിലേക്കും മടങ്ങുന്നുണ്ട്. ഇന്ന് ലോകമാസകലം ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ടു ചിന്തകര്‍ ഗാന്ധിയും മാര്‍ക്‌സുമാണ്. മാര്‍ഗങ്ങള്‍ വിഭിന്നമായിരിക്കുമ്പോഴും, ലക്ഷ്യങ്ങളില്‍ അവര്‍ രണ്ടുപേരുടെയും ചിന്തയില്‍ ഏറെ സമാനതകളുണ്ടുതാനും. ഈ ചിന്തകളുടെ ഒരു സമന്വയം കാലത്തിന്റെ ആവശ്യമാണ്.

Content Highlights: Jaivadarsanangal: samooham,sasthram, prathirodham, new release, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented