ആഗ്രഹിച്ചപോലെ കാര്യങ്ങള്‍ നടക്കാന്‍ ഇത്തിരി സൂത്രമൊക്കെ ആരായാലും കാണിക്കും. പലപ്പോഴായി ഞാനും കാണിച്ചിട്ടുണ്ട് ചില സൂത്രങ്ങള്‍. അമ്മ സംഘടന ട്വന്റി ട്വന്റി പടം പിടിക്കാന്‍ തീരുമാനിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ അങ്ങനെയല്ല എന്ന് ദിവസങ്ങള്‍ക്കകംതന്നെ മനസ്സിലായി. പ്രധാന നടന്മാര് തമ്മിലുള്ള ഈഗോ കാരണം ഷൂട്ടിങ് നീണ്ടുപോയി. ഒരാള്‍ ഡേറ്റ് തരുമ്പോള്‍ മറ്റെയാള്‍ക്ക് ആ സമയം പറ്റില്ല.'അയാള്‍ക്ക് ഒഴിവുണ്ടെന്ന് കരുതി ഞാന്‍ സമയമുണ്ടാക്കി വരണമെന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമല്ല'എന്നു പറയും. അയാള്‍ പറയുന്ന സമയത്ത് ഇയാള്‍ക്കും ഒഴിവുണ്ടാകില്ല. 'അയാള്‍ക്കെന്താ കൊമ്പുണ്ടോ'എന്നായിരിക്കും ചോദ്യം. അങ്ങനെ തമ്മില്‍ത്തമ്മില്‍ മത്സരിച്ച് കാര്യങ്ങള്‍ അവതാളത്തിലാകുന്ന സ്ഥിതിയായി. പടം പിടിക്കാന്‍ പണമിറക്കുന്ന ദിലീപാണെങ്കില്‍ എന്റെ പിറകേ കൂടിയിരിക്കുകയാണ്, 'ചേട്ടാ, ഇതൊന്ന് തീര്‍ക്കാന്‍ സഹായിക്കണേ'എന്നും പറഞ്ഞ്.
എനിക്കൊരു സൂത്രം തോന്നി. സിനിമ പൂര്‍ത്തിയാക്കണമെങ്കില്‍ അതു മാത്രമാണ് വഴി. ഞാന്‍ ഒരു നടനെ വിളിച്ചു,'ഞാന്‍ മറ്റേ നടനുമായി സംസാരിച്ചു. അയാള്‍ പറയുന്നു, അടുത്ത മാസം 17 തൊട്ട് 27 വരെ പുള്ളി സിംഗപ്പൂരിലായിരിക്കും. അതോണ്ട് ആ ദിവസങ്ങളില്‍ ഡേറ്റ് തരാന്‍ പറ്റില്ലാന്ന്.'
'എന്നിട്ട് താനെന്തു പറഞ്ഞു?'
'ഞാന്‍ ഇത്രേ പറഞ്ഞുള്ളൂ. 'താന്‍ സിംഗപ്പൂരിലോ അമേരിക്കയിലോ, എവിടെ വേണമെങ്കിലും പൊയ്ക്കോ. പക്ഷേ, അതു കഴിഞ്ഞു വന്നാല്‍ മലയാളസിനിമയില്‍ താനുണ്ടാവില്ല'. അതിനുള്ള പണിയൊക്കെ എനിക്കറിയാം. ഇക്കാര്യത്തില്‍ എല്ലാ അംഗങ്ങളും എന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.'
ഫോണിന്റെ മറുതലയ്ക്കല്‍നിന്ന് പളുങ്ങിയുള്ള ചിരി ഞാന്‍ കേട്ടു. എന്നാലും അത് മറച്ചുപിടിച്ച് പുള്ളിയുടെ ഡയലോഗ്, 'ഇത്ര വലിയ ശിക്ഷ വേണോ?'
'വേണം. ഇവനെയൊക്കെ ഒന്നു പഠിപ്പിക്കാന്‍ പറ്റ്വോന്ന് ഞാനൊന്നു നോക്കട്ടെ'.
'ഞാന്‍ 17 തൊട്ട് 27 വരെ ഓകെയാണേ...,' അയാള്‍ ചിരിച്ചുകൊണ്ട് ഡേറ്റ് തന്നു. ഫോണ്‍ വെക്കാന്‍ നേരം ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തി, 'അല്ല. അപ്പോള്‍ മറ്റവന്റെ കാര്യത്തില്‍ ഇനിയൊരു...'
'ഇല്ലില്ല. അവന്റെ കാര്യത്തില്‍ മറിച്ചൊരു തീരുമാനം ഉണ്ടാകില്ല. അവന് മലയാളസിനിമയില്‍ ഉണ്ടാകില്ല,' ഞാന്‍ ഉറപ്പുകൊടുത്തു.
'ഓകെ, ഓകെ..,' സന്തോഷത്തോടെ അയാള്‍ ഫോണ്‍ വെച്ചു.
ഞാന്‍ നേരെ മറ്റേ താരത്തെ വിളിച്ചു. ആദ്യം വിളിച്ച നടന് ഡേറ്റ് തന്നത് മറച്ചുവെച്ച് ഞാന്‍ സംസാരം തുടങ്ങി,'മറ്റേയാളെ വിളിച്ചിരുന്നു. അടുത്ത മാസം 17 തൊട്ട് 27 വരെയുള്ള ഡേറ്റ് ചോദിച്ചപ്പോള്‍ അയാള്‍ പറയാണ്, ജര്‍മനിയില്‍ ടൂറാണ്. വരാന്‍ പറ്റില്ലാന്ന്.'
'അപ്പോള്‍ ചേട്ടനെന്ത് പറഞ്ഞു?'
'ഞാനെന്ത് പറയാന്‍. എന്നാപ്പിന്നെ താന്‍ ജര്‍മനിയില്‍ത്തന്നെ നിന്നോ. ഇങ്ങോട്ടു വരേണ്ട. മലയാളസിനിമയില്‍ പിന്നെ താന്‍ കാണില്ല. അതിനുള്ള വഴിയൊക്കെ എനിക്കറിയാം എന്നു പറഞ്ഞു.'
'അയാളൊരു പാവമല്ലേ ചേട്ടാ. ഇങ്ങനെ ദ്രോഹിക്കണോ?' അയാളുടെ കള്ളച്ചിരി.
'എന്നാലേ അവന് പഠിക്കൂ.'
'എനിക്കൊരു പ്രശ്നവുമില്ലാട്ടോ, ഞാനാ ദിവസങ്ങളില്‍ റെഡിയാണേ,' അയാളും ഡേറ്റ് തന്നു.
രണ്ടു പേരും പറഞ്ഞ ദിവസം ഷൂട്ടിന് കൃത്യസമയത്തുതന്നെ എത്തി. ആദ്യത്തെയാള്‍ വന്നപാടേ അന്വേഷിച്ചു, 'മറ്റവന് വന്നിട്ടുണ്ടോ?' ഉണ്ടെന്നറിഞ്ഞപ്പോള്‍ മുഖത്ത് ദുഃഖം. ഇതേ സമയത്തുതന്നെ മറ്റേയാളും അന്വേഷണത്തിലായിരുന്നു, 'മറ്റേ പുള്ളി എത്തിയോ?' ഉണ്ടെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കും സങ്കടം. എന്തായാലും ഷൂട്ടിങ് തടസ്സമില്ലാതെ നടന്നു.
അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ ഇതേക്കുറിച്ച് പറയണം എന്നെനിക്ക് തോന്നി. സംഘടനയിലെ മുഴുവന്‍ അംഗങ്ങളെയും മുന്നിലിരുത്തിക്കൊണ്ട് ഞാനിക്കാര്യം പറഞ്ഞു. താരങ്ങളുടെ പേരു പറയാതെതന്നെ. അപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, ഈ താരങ്ങള്‍ തലകുനിച്ച് ഇരിക്കുകയാണ്.
മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ ഇടവേള ബാബു എന്റെയടുക്കലെത്തി, 'സംഭവം കലക്കി. ചേട്ടന്റെ സൂത്രം വിജയിച്ചു. അതു കേട്ട് ആളുകള്‍ ചിരിച്ചു. അതൊക്കെ ശരി തന്നെ. പക്ഷേ ചേട്ടന് ചില സമയത്ത് ബുദ്ധിപരമായല്ല കാര്യങ്ങളെ നേരിടുന്നത്.'
'അതെന്താ ബാബൂ നീ അങ്ങനെ പറയണത് ?'
'പിന്നെ എങ്ങനെ പറയണം. ഇങ്ങനെയൊരു സൂത്രം കൈയിലുണ്ടെങ്കില്‍ അടുത്ത പടം പിടിക്കുമ്പോഴും നമുക്കിത് പ്രയോഗിക്കാമായിരുന്നല്ലോ. സൂത്രത്തിന്റെ സസ്പെന്‍സ് പുറത്തായതോടെ ആ അവസരമല്ലേ നഷ്ടമായത്.'
ഞാന്‍ പറഞ്ഞു, 'ബാബൂ, നീയൊരു കാര്യം മനസ്സിലാക്കണം. ഇപ്പോള്‍ പ്രയോഗിച്ചത് ചെറുത്. ഇതിലും വലിയ സൂത്രം വേറെയുണ്ട് എന്റെ മനസ്സില്‍. അടുത്ത പ്രാവശ്യം നമുക്കത് പയറ്റാം. എന്തേ ...'
'ആണോ... എന്നാ കുഴപ്പമില്ല,' ബാബുവിന്റെ കണ്ണു പുറത്തേക്ക് തള്ളിവന്നു. ഇപ്പോള്‍ ബാബുവിനെ കാണുമ്പോള്‍ എനിക്ക് തോന്നും അന്ന് പുറത്തേക്ക് തള്ളിയ കണ്ണ് പിന്നെ അങ്ങനെതന്നെ ആയിപ്പോയോ എന്ന്.
( ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയ്ക്കു ചുറ്റും എന്ന പുസ്തകത്തില്‍ നിന്നും )
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..