എവിടെച്ചെന്നാലും ഏറ്റവും വലിയ സ്ഥാനത്തിരിക്കണം; മുകളില്‍ച്ചെന്നാലും അതുതന്നെയാണവസ്ഥ!


By ഇന്നസെന്റ്‌

7 min read
Read later
Print
Share

ഇന്നസെന്റ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി എന്ന പുസ്തകത്തില്‍ നിന്ന്...

ഫോട്ടോ: കുഞ്ചൻ മുല്ലൂക്കര

രു സംഭവം പറയാം. ജീവിതത്തിനും മരണത്തിനുമിടയില്‍ ഞാന്‍ ദൈവത്തെ കണ്ട സംഭവം. അസുഖം വന്ന് കീമോതെറാപ്പിയൊക്കെ കഴിഞ്ഞ് എം.പിയായി ഡല്‍ഹിയില്‍ താമസിക്കുന്ന സമയത്താണത്. ഒരു നിലാവുള്ള രാത്രിയായിരുന്നു അത്. കോറിഡോര്‍ വഴി ഒരു രൂപം അകത്തേക്ക് വന്നു. ഞാന്‍ സൂക്ഷിച്ചുനോക്കി. ഒരു ആള്‍രൂപം. ആള് എന്നോടു പറഞ്ഞു: 'ആലീസിനെ ഉണര്‍ത്തണ്ട.' എന്നിട്ട് എന്നോടു പുറത്തേക്കു വരാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു.

ഞാന്‍ പതുക്കെ എഴുന്നേറ്റു. ആള്‍രൂപത്തിന്റെ കൂടെ നടന്നു. ഞങ്ങള്‍ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിലെത്തി. അവിടെ നിന്നാല്‍ പാര്‍ലമെന്റ് കാണാം. ന്യൂഡല്‍ഹിയുടെ തിളങ്ങുന്ന വഴികള്‍ കാണാം. ആള്‍രൂപി എന്നോടു ചോദിച്ചു. 'എന്നെ മനസ്സിലായോ?'
'നമ്മള്‍ തമ്മില്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ?' ഞാന്‍ മറുചോദ്യമെറിഞ്ഞു.
അപ്പോള്‍ അങ്ങേര് പറഞ്ഞു, 'ഞാന്‍ നിന്നെ കണ്ടിട്ടുണ്ട്.'

അദ്ദേഹം തുടര്‍ന്നു: 'നിങ്ങള്‍ക്ക് കാന്‍സര്‍ വന്നപ്പോള്‍ ഞാന്‍ വന്നിരുന്നു.' 'മനസ്സിലായില്ല' ഞാന്‍ തീര്‍ത്തുപറഞ്ഞു. 'മനസ്സിലാവില്ല. കാര്യം കഴിഞ്ഞാല്‍ തനിക്കാരെയും മനസ്സിലാവില്ല. ഞാന്‍ ദൈവമാണ്.' ഞാനൊന്ന് ഞെട്ടി; ഉറക്കച്ചടവ് ഊര്‍ന്നുപോയി. 'തന്നോട് അല്പം സംസാരിക്കാന്‍ വന്നതാണ് ഞാന്‍.' 'കേള്‍ക്കാം,' ഞാന്‍ ധൈര്യത്തില്‍ പറഞ്ഞു. 'ആദ്യത്തെ പ്രാവശ്യം തനിക്ക് അസുഖം വന്നപ്പോള്‍ മെഴുകുതിരി കത്തിക്കലുമൊക്കെ ഉണ്ടായിരുന്നു. അതിനു ശേഷം നിങ്ങള്‍ അതിനെക്കുറിച്ചൊരു പുസ്തകം എഴുതി, കാന്‍സര്‍ വാര്‍ഡിലെ ചിരി. ഞാനത് വായിച്ച് സ്വയം നാണം കെട്ടു. എന്നെ പറ്റിച്ച വിവരങ്ങളാണ് നിങ്ങള്‍ അതിനകത്ത് എഴുതിയിരിക്കുന്നത്. മെഴുകുതിരി കത്തിച്ച കാലത്ത് ഞാന്‍ നിങ്ങളെ വിശ്വസിച്ചു. അതുകൊണ്ടാണ് നിങ്ങളെ അന്ന് ആശ്വസിപ്പിച്ച് ഞാന്‍ പോയത്. ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത് ഒരുപാട് തിരിച്ചറിവോടെയാണ്. നിങ്ങള്‍, ആവശ്യം വന്നപ്പോള്‍ എന്റെ കാല് പിടിച്ചു. നിങ്ങളുടെ ഭാര്യ, കൊച്ചുകുട്ടി. അവര്‍ അനാഥരായിപ്പോവേണ്ട എന്ന് കരുതിയിട്ടാണ് ജീവിക്കാന്‍ ഞാന്‍ അവസരം തന്നത്. നിങ്ങള്‍ സിനിമകളൊക്കെ എടുത്ത പഴയകാലത്ത്, നിങ്ങളെ താഴ്ത്തിക്കെട്ടാന്‍, ഞാന്‍ നിങ്ങള്‍ക്ക് ദുഃഖം തന്നിരുന്നു: ദാരിദ്ര്യം. അങ്ങനെയാണ് നിങ്ങളുടെ സിനിമകളൊക്കെ പൊളിഞ്ഞ് നിങ്ങള്‍ വേറൊരു വഴിയിലേക്ക് തിരിഞ്ഞത്. അതില്‍ നിന്ന് നിങ്ങള്‍ പഠിച്ചു എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, ഇല്ല. താന്‍ ഒന്നും അത്രപെട്ടെന്ന് പഠിക്കുന്നയാളല്ല. അതാണല്ലോ എട്ടാംതരത്തില്‍ തോറ്റ് നിര്‍ത്തേണ്ടിവന്നത്.

താന്‍, ആളുകളെ സംഘടിപ്പിക്കാന്‍ മിടുക്കനാണ്. ഓരോന്നുപറഞ്ഞ് അവരെ വിശ്വസിപ്പിക്കുക. അത് കുട്ടിക്കാലം മുതലേ തനിക്കുള്ളതാ. തന്റെ പഠിപ്പ് എട്ടാംക്ലാസാ. അത് താന്‍തന്നെ വിളിച്ചുപറഞ്ഞിരുന്നു. ആ വിളിച്ചുപറയുന്നതിന്റെ ഉള്ളില്‍ മറ്റൊരു ധ്വനിയുണ്ട്. അത് ഞങ്ങള്‍ക്ക് മനസ്സിലാവും. കാരണം, ഞങ്ങളാണ് നിങ്ങള്‍ക്ക് ഈ രൂപവും ഈ ജീവനുമൊക്കെ തന്നത്. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ദൈവമാണ്. എട്ടാംക്ലാസില്‍ തോറ്റ താന്‍ ഇത്രയൊക്കെ മിടുക്കനാണ് എന്ന് കാണിക്കാന്‍ വേണ്ടിയാണ് തോല്വിയുടെ കാര്യം നിങ്ങള്‍ നിരന്തരം പറയുന്നത്. എന്നുവെച്ചാല്‍ 'എജുക്കേഷന്‍' കിട്ടിയവര്‍ വലിയവരല്ല എന്ന് കാണിക്കാന്‍ വേണ്ടി. അത് ഞങ്ങള്‍ക്ക് മനസ്സിലാവും. ഇത് ഇപ്പഴും നിങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ട്. പല പ്രസംഗങ്ങളിലും ഇത് വിറ്റാണ് നിങ്ങള്‍ കഴിഞ്ഞുകൂടുന്നത്. 'ഞാനൊരു പാവമാണ്' എന്ന ഭാവമാണ് ആ വാക്കുകളില്‍. എന്നാല്‍ അതില്‍ നിറയെ ഉള്ളതോ പരിഹാസം മാത്രം.

നിങ്ങള്‍ക്ക് തീപ്പെട്ടിക്കച്ചവടം ഉണ്ടായിരുന്നു. കുടുംബം നോക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ്. മൂന്നാലഞ്ച് കമ്പനികളൊക്കെ ഉണ്ടായിരുന്നു. നിങ്ങളുടെ ജ്യേഷ്ഠന്‍ അതൊക്കെ നിങ്ങളെ ഏല്പിച്ച് പോയി. നിങ്ങള്‍ ആ കമ്പനിക്കകത്ത് പല കൃത്രിമങ്ങള്‍ ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെവരെ നിങ്ങള്‍ പറ്റിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയാന്‍ പറ്റ്വോ? എല്ലാം ഞങ്ങള്‍ക്ക് അറിയാടോ.'
ഞാന്‍ പറഞ്ഞു, 'ചിലതൊന്നും എനിക്കോര്‍മയില്ല.'
'അത് താന്‍ കിലുക്കം എന്ന സിനിമയില്‍ തിലകനോട് പറഞ്ഞതാ. മത്തങ്ങത്തലയാ എന്ന് വിളിച്ചിട്ട്...? എനിക്കോര്‍മയുണ്ടത്.'
'അപ്പോള്‍ ദൈവം സിനിമയും കാണുമോ?'
'അതേ, ഞങ്ങള്‍ സിനിമയും കാണും. തന്റെ ഗോഷ്ഠികളൊക്കെ ഞങ്ങളും കണ്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെയായിരുന്നു നിങ്ങള്‍ അന്ന് പറ്റിച്ചത്.'
'കമ്പനി മുന്നോട്ടുകൊണ്ടുപോകാനുള്ള സാധ്യതകള്‍ മങ്ങിത്തുടങ്ങിയപ്പോള്‍... ഒരു ചെറിയ...' ഞാന്‍ പറഞ്ഞു.
'അതൊന്നും എന്നോട് പറയണ്ട. അങ്ങനെ കമ്പനിയൊക്കെ നടത്തി മര്യാദയ്ക്ക് പണം കിട്ടാനുള്ളതിനിടയ്ക്ക് നിങ്ങള്‍ സിനിമ എന്നുംപറഞ്ഞ്, ആ കമ്പനികളൊക്കെ പൂട്ടി. അത്യാവശ്യം പഠിക്കാനുള്ള ബുദ്ധിയൊക്കെയുള്ള കാലത്ത് നിങ്ങള്‍ പഠിച്ചില്ല. പിതാവിനെ വഞ്ചിക്കുകയാണ് ചെയ്തത് അല്ലേ?

പിന്നെ മുനിസിപ്പല്‍ ഇലക്ഷന്‍ വന്നപ്പോള്‍ നിങ്ങള്‍ ഇലക്ഷന് നിന്നു. എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങളുടെ നാട്ടിലുള്ള കുറച്ച് ആളുകള്‍ക്കും അറിയാം. മറ്റുള്ളവരില്‍നിന്ന് വേര്‍തിരിച്ച് എന്തെങ്കിലും ആവാന്‍ വേണ്ടിയിട്ടാണ് നിങ്ങള്‍ അത് ചെയ്തത്. എന്നിട്ട് ഇലക്ഷന് നില്ക്കുന്ന മറ്റുള്ളവരെയും നിന്നവരെയുമൊക്കെ കളിയാക്കുന്ന വിധത്തില്‍, ആക്ഷേപഹാസ്യത്തില്‍ നിങ്ങള്‍ പറയുകയുണ്ടായി. നിങ്ങളുടെ രണ്ടു സുഹൃത്തുക്കള്‍ നിങ്ങളോട് പറഞ്ഞുവത്രേ, നിങ്ങള്‍ക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ലല്ലോ എന്നാപ്പിന്നെ ഇലക്ഷന് നിന്നുകൂടെ എന്ന്. അതു കേട്ട് കൈയടിക്കാനും ഇവിടെ ഒരുപാട് ആളുകള്‍ ഉണ്ടായി. അന്ന് നിങ്ങള്‍ കൗണ്‍സിലറായി. അതെങ്ങനെയാണ്? നിങ്ങള്‍ പഠിക്കാത്ത സ്‌കൂളുകളില്ല. അവരൊക്കെ കുടുംബസമേതം വോട്ടുചെയ്തു. ഇതൊക്കെ പറയാന്‍, അറിയാന്‍ ഞാനാരാണ് എന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായോ?'
ഞാന്‍ പറഞ്ഞു: 'മനസ്സിലായി. ദൈവമാണ്!'
'ഇനി ഒരൊറ്റ കാര്യം ഞാന്‍ ചോദിച്ചോട്ടെ?'
'ചോദിക്കൂ... ഏതായാലും ഇത്രയായി, ഇനി ഇതായിട്ട് ബാക്കി വെക്കേണ്ട.' എന്റെയാ മറുപടി ദൈവത്തിന് പിടിച്ചില്ല എന്ന് അദ്ദേഹത്തിന്റെ മുഖം വിളിച്ചുപറഞ്ഞിരുന്നു. കൂട്ടത്തില്‍ ഒരു ചോദ്യംകൂടി ഞാന്‍ ചോദിച്ചു.
'നിങ്ങള്‍ ഇത്രയും വലിയ ആളാണ്. എന്നെപ്പോലെയുള്ള നിസ്സാരനായ ഒരാളെ കൊണ്ടുപോകാന്‍ ശമ്പളത്തിന് ഒരുത്തനെ വെച്ചാല്‍ പോരേ നിങ്ങള്‍ക്ക്? ഹിന്ദുക്കള്‍ക്കുണ്ടല്ലോ? ഒരാള്‍ ആരാത്? ചിത്രഗുപ്തന്‍!'
'ഇത്തരം തര്‍ക്കുത്തരമാണ് നിങ്ങള്‍ സ്ഥിരം പറയാറ്. അതാണ് നിങ്ങടെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിക്കുന്നത്.

നിങ്ങള്‍ ദാവണ്‍ഗരെയിലുള്ള ഒരു ഷെട്ടിയില്‍നിന്ന് പതിനായിരം രൂപ വാങ്ങിയിട്ട് പിന്നെ തരാമെന്ന് പറഞ്ഞു. എന്നിട്ട് അയാളെ പറ്റിച്ചുരാത്രിക്കുരാത്രി പോന്നില്ലെ?'
ഞാന്‍ ചോദിച്ചു, 'ഇതൊക്കെ നിങ്ങള്‍ക്കെങ്ങനെ അറിയാം?'
'ഞങ്ങള്‍ എല്ലാം അറിയുമെടോ? ആ പണം അയാള്‍ക്ക് കൊടുക്കാനുള്ള സമയത്ത്, അയാള്‍ ആരെയോ പറഞ്ഞയച്ച് നിങ്ങളെ ഭീഷണിപ്പെടുത്തിയപ്പോള്‍, പിറ്റേദിവസം അയാളുടെ അടുക്കല്‍ ചെന്നിട്ട് പറഞ്ഞു, ഞാനിത് പൊറുക്കില്ല. എനിക്കിത് നാണക്കേടാ. പിറ്റേന്നുതന്നെ നാട്ടില്‍ പോയി അച്ഛന്റെ റബ്ബര്‍ എസ്റ്റേറ്റൊക്കെ വിറ്റ് ഉടനെ കടം വീട്ടാം എന്നു പറഞ്ഞ്, പിന്നെയും രണ്ടായിരം രൂപ പറ്റിച്ചുപോന്നില്ലേ?'
'ഉവ്വ്.'
'എന്തിനാണ് അങ്ങനെ ചെയ്തത്?'
'അത് നാട്ടീപ്പോവാന്‍.'
ആ കാശ് തിരിച്ചുകൊടുത്തോ?'
'ഉവ്വ്. കൊടുത്തു.'
'പക്ഷേ, നിങ്ങളുടെ മനസ്സിന്റെ അകത്ത്, ഇല്ലെങ്കില്‍ കൊടുക്കില്ല എന്ന ഒരഹങ്കാരം ഉണ്ടായിരുന്നില്ലേ?'
ഞാന്‍ പറഞ്ഞു: 'ഇല്ലെങ്കില്‍ എവിടുന്ന് കൊടുക്കാനാ?'

ദൈവം പറഞ്ഞു: 'പിന്നെ നിങ്ങള്‍ പതിമൂന്ന് തവണ 'അമ്മ'- സംഘടനയുടെ 'അമ്മയുടെ നായരാണ് എന്നു പറഞ്ഞ് നിങ്ങള്‍ ഞെളിഞ്ഞു. പ്രസിഡന്റായി. വേറെ എത്ര ആളുകള്‍ ഉണ്ടായിരുന്നു. താന്‍തന്നെ ആവേണ്ട കാര്യമുണ്ടായിരുന്നോ ഈ 13 തവണയും? ഒരിക്കല്‍ താന്‍ പറയുകയുണ്ടായല്ലോ, ഞാന്‍ ഒഴിഞ്ഞുപോവുകയാണെന്ന്, വേറെ ആരെങ്കിലും വന്ന് ഇത് ഏറ്റെടുക്കൂ എന്ന്. എന്നിട്ട് ആരും വന്നില്ലല്ലോ! അപ്പോള്‍ കസേര വിടാന്‍ താത്പര്യമില്ലെന്ന് അര്‍ഥം.'
ഞാന്‍ പറഞ്ഞു, 'അത് ഞാന്‍ പറയില്ല. ഞാന്‍ അന്നേ പറഞ്ഞിരുന്നു. ഒഴിയാന്‍ തയ്യാറാണെന്ന്.'
'അവരെ മുഴുവന്‍ താന്‍ വിശ്വസിപ്പിച്ചിരിക്കുന്നത് ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള ആളാണ്, ഞാന്‍ മാറാനും തയ്യാറാണ് എന്നാണ്. എന്നാല്‍ മനസ്സിന്റെ അകത്ത് മാറാന്‍ തയ്യാറുമല്ല. തനിക്ക് മാത്രമേ ഇത് കൊണ്ടുനടക്കാന്‍ സാധിക്കൂ എന്ന് താന്‍ മറ്റുപലരെക്കൊണ്ടും പറഞ്ഞുനടപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ച് ആ സത്യന്‍അന്തിക്കാടിനെക്കൊണ്ട്.'
'അപ്പോ സത്യനെയും അറിയുമോ' ഞാന്‍ ചോദിച്ചു.
'അറിയും, അയാളാണ് തന്നെ ഇത്ര വഷളാക്കുന്നത്.'

'അമ്മയുടെ പ്രസിഡന്റായി എന്നു മാത്രമല്ല, രോഗം വന്ന് ഭേദമായപ്പോള്‍ അതിനെപ്പറ്റി പ്രസംഗം നടത്തി അതും വിറ്റുകാശാക്കി! പിന്നെ, സിനിമയില്‍ തനിക്ക് നല്ല നല്ല റോളുകള്‍ കിട്ടി എന്നുള്ളത് സത്യമാണ്. ജനങ്ങള്‍ക്ക് ഇഷ്ടമാവുന്ന ചില നല്ല കഥാപാത്രങ്ങള്‍. കാബൂളിവാല, റാംജിറാവ് സ്പീക്കിങ്, മനസ്സിനക്കരെ, രാവണപ്രഭു അങ്ങനെ ഒരുപാട് നല്ല പടങ്ങളില്‍ക്കൂടെ ജനങ്ങളുടെ മനസ്സില്‍ താനുണ്ട്. അത് സത്യമാണ്. ആ തനിക്ക് ഒരസുഖം വന്നപ്പോള്‍ ജനങ്ങള്‍ക്ക് വേദനയുണ്ടായി എന്നു പറയുന്നതും സത്യമാണ്. ആ സമയത്താണ് പാര്‍ലമെന്റ് ഇലക്ഷന്‍ വന്നത്. പാര്‍ലമെന്റ് ഇലക്ഷന് നില്ക്കാനുള്ള യോഗ്യത തനിക്കെന്തുണ്ട്? പാര്‍ട്ടിക്കുവേണ്ടി താന്‍ നിരാഹാരം കിടന്നിട്ടുണ്ടോ? ഇല്ല! പിന്നെ?

ആ സമയത്താണ് തനിക്ക് അസുഖം വന്നത്. പുസ്തകമെഴുതി. നിങ്ങളെ കാണാന്‍ രാഷ്ട്രീയക്കാര്‍ മുഴുവന്‍ വന്നു. ആ രോഗമുള്ളപ്പോഴും നിങ്ങള്‍ കാലത്ത് പത്രമെടുത്തു നോക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. ഇന്നലെ കാണാന്‍ വന്ന പിണറായി വിജയന്റെ ഫോട്ടോ ഉണ്ടോ? മിനിഞ്ഞാന്നു വന്ന ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ ഉണ്ടോ? ഗണേഷ്‌കുമാറിന്റെ ഫോട്ടോ ഉണ്ടോ? എം.എ. ബേബി, അച്യുതാനന്ദന്‍... ഇതൊക്കെ നിങ്ങള്‍ മനസ്സുകൊണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. അവരൊക്കെ അങ്ങനെ വന്നത് എന്തിനെന്നു ചോദിച്ചാല്‍, തന്റെ രോഗത്തില്‍നിന്ന് തനിക്കൊരു അയവു വരുത്താനും ആശ്വാസത്തിനും വേണ്ടി, ഞങ്ങള്‍തന്നെ ചെയ്തതായിരുന്നു. പിന്നെ ആലഞ്ചേരി പിതാവും മാര്‍ക്രിസോസ്റ്റവുമെല്ലാം നിങ്ങളെ കാണാന്‍ വന്നു. അതിലൂടെ തന്റെ മനസ്സ് തണുത്തു അന്ന്. തന്റെ മനസ്സു വായിച്ച ആള്‍ക്കാരാണ് ഞങ്ങള്‍. 'ഞാന്‍ വലിയൊരു ആളുതന്നെയാണല്ലേ?' എന്ന്. ഓരോ ദിവസം കൂടുംതോറും തന്റെ അഹങ്കാരം കൂടിക്കൂടിവരികയായിരുന്നു. വേറെ ആരുടെ അടുത്തേക്കും ഇവര്‍ വന്നില്ലല്ലോ, എന്റെ അടുത്തേക്കാണല്ലോ ഇവര്‍ വന്നത് എന്നൊക്കെ താന്‍ തന്റെ ഭാര്യ ആലീസിനോടു പറഞ്ഞത് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഈ അസുഖവുമായി താന്‍ കുറച്ചു കാലം ഇങ്ങനെ ഇരിക്കട്ടെ എന്ന് ഞങ്ങളും വിചാരിച്ചു. ഇനിയും ഇതുപോലെ ആരെങ്കിലുമൊക്കെ കാണാന്‍ വന്നാലോ...!

അത്രയുമായപ്പോഴേക്കും തന്റെ അഹങ്കാരം പുറത്തേക്കു വന്നു. ഈ രോഗം ഇങ്ങനെ കൂടെ നിന്നാല്‍ കുഴപ്പമില്ല എന്ന് എനിക്കു തോന്നി. ഇതുതന്നെ പ്രശസ്തിക്കുള്ള മാര്‍ഗം എന്ന മട്ട്. ഞങ്ങള്‍തന്നെ അന്തംവിട്ടു! ഇങ്ങനെയും ഉണ്ടാവുമോ ആള്‍ക്കാര്? അതൊക്കെക്കഴിഞ്ഞ് ഒരു ദിവസമാണ് ഇലക്ഷനു നില്ക്കാന്‍ തന്നോടു പറയുന്നത്. അതുവരെ ചാരുകസേരയില്‍ ചാരിക്കിടന്ന് ആ ഭക്ഷണം വേണ്ട, ഈ ഭക്ഷണം വേണ്ട എന്നൊക്കെ പറഞ്ഞിരുന്ന ആള്, ഇലക്ഷനു നില്ക്കാന്‍ എന്നു കേട്ടപ്പോഴേക്ക് ചാടിയെഴുന്നേറ്റു.

ഇലക്ഷന്‍സമയത്ത് എവിടെ ചെന്നാലും ആളുകള്‍ നിങ്ങളെ നോക്കുന്നത്, ഒന്ന് ഇഷ്ടം കൊണ്ട്, മറ്റൊന്ന് അനുകമ്പ കൊണ്ട്, രോഗം വന്ന് മാറിയ ആള്‍. അതു നിങ്ങള്‍ മുതലെടുത്തില്ലേ? അങ്ങനെയല്ലേ നിങ്ങള്‍ ജയിച്ചത്? അപ്പോള്‍ തന്നെ സംബന്ധിച്ചിടത്തോളം എം.പി. ആവുക എന്നതാണ് വലിയ കാര്യം. ഞങ്ങള്‍ ആ സമയത്ത് വിഷമിക്കുകയായിരുന്നു. തനിക്ക് രണ്ടു പ്രാവശ്യം രോഗം തന്നത് എന്തിനാണെന്നു വെച്ചാല്‍, താന്‍ ഇനിയെങ്കിലും നന്നാവുമല്ലോ എന്നു വിചാരിച്ചിട്ടാണ്. അതും വിറ്റു താന്‍ കാശാക്കി!

അതു കഴിഞ്ഞ് എം.പിയായിട്ട് തന്റെ പ്രസംഗമുണ്ടായിരുന്നു. അതും ശ്രദ്ധ പിടിച്ചുപറ്റി. അതില്‍ പല നല്ല കാര്യങ്ങളും താന്‍ പറഞ്ഞു. പക്ഷേ, തന്റെ മുന്‍കാലസ്വഭാവം വെച്ചിട്ട് അതിലും ഞങ്ങള്‍ക്കു സംശയമുണ്ട്. ഇതിലിപ്പോ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് ഞങ്ങള്‍ക്കുതന്നെ അറിയില്ല. തന്നെപ്പറ്റി മോഹന്‍ലാല്‍ എന്ന നടന്‍ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. ഇത്രയും കാലമായിട്ട് എനിക്ക് ഇയാളെ പിടികിട്ടിയിട്ടില്ല എന്നാണ് ലാല്‍ എഴുതിയത്. അതുതന്നെയാണ് ശരി. സൃഷ്ടികര്‍ത്താവായ എനിക്കുതന്നെ നിങ്ങളെ ശരിക്കും പിടികിട്ടിയിട്ടില്ല.

നിങ്ങളുടെ ഈ രോഗം മാറ്റിയത് ഡോ. ഗംഗാധരനാണ്. അദ്ദേഹം ഒരുപാടാളുകളെ രക്ഷപ്പെടുത്തുന്നുണ്ട്. ആ ഡോക്ടറെയും ഞങ്ങള്‍തന്നെയാണ് സൃഷ്ടിച്ചത്. പിന്നെ എന്തുകൊണ്ട് നിങ്ങളുടെ രോഗം മാറ്റിയതുകൊണ്ട് അദ്ദേഹത്തെ ഞങ്ങള്‍ ശിക്ഷിച്ചില്ല എന്നാണെങ്കില്‍, ഒരുപാടു നല്ല ആളുകളെയും അദ്ദേഹം ചികിത്സിക്കുന്നുണ്ട്. അവശതയുടെ കാര്യത്തില്‍ അങ്ങനെ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ട്.'
ദൈവം സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു. 'മുകളില്‍ ഞാന്‍ ഒരാള്‍ മാത്രമല്ല, ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയുമൊക്കെ ദൈവങ്ങളുണ്ട്. രണ്ടുപ്രാവശ്യം ഞാനിവിടെ വന്നിട്ടും, വെറുംകൈയോടെ തിരിച്ചുചെന്നതുകൊണ്ട് എന്നെ അവരു കളിയാക്കുകയാണ് ഇപ്പോള്‍. ഇങ്ങനെ ഒരാളെ പിടിച്ചുകൊണ്ടുവരാന്‍ നിങ്ങള്‍ക്കു പറ്റിയില്ലെങ്കില്‍ അതു മോശമാണ്. ഇപ്പോള്‍ മൂന്നാമത്തെ പ്രാവശ്യമാണ് ഞാന്‍ വരുന്നത്! അതുകൊണ്ട് നമുക്കിനി യാത്രയാവാം. ഇനി എനിക്ക് അവരുടെ പരിഹാസം കേള്‍ക്കാന്‍ വയ്യ. മാത്രമല്ല, തന്നെ വിശ്വസിച്ചില്ല.
നിങ്ങള്‍ക്കിനി അവസാനമായിട്ട് എന്തെങ്കിലും പറയാനുണ്ടോ? നിങ്ങളുടെ ശിക്ഷാനിയമത്തില്‍ ഇല്ലേ? അതുപോലെ, ഭൂമിയായതുകൊണ്ട് നിങ്ങളോട് അവസാനമായിട്ട് ചോദിക്കുകയാണ്, എന്തെങ്കിലും പറയാനുണ്ടോ?' ദൈവം ചോദിച്ചു.

എല്ലാം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു:
'എന്നെ കൊണ്ടുപോകാനാണ് നിങ്ങള്‍ (ദൈവം) വന്നിരിക്കുന്നത്. ഞാന്‍ വരാന്‍ തയ്യാറാണ്. പക്ഷേ, എവിടെച്ചെന്നാലും അവിടെ എനിക്കൊരു പ്രധാന റോള്‍ വേണം. അല്ലറ ചില്ലറ തസ്തികകളിലൊന്നും എനിക്ക് താത്പര്യമില്ല. പക്ഷേ, എവിടത്തെയും ഏറ്റവും വലിയ ആളുടെ സ്ഥാനത്ത് ഇരിക്കുക എന്നതാണ് ശീലം അല്ലെങ്കില്‍ എനിക്കു സമാധാനമുണ്ടാവില്ല. താങ്കളുടെകൂടെ മുകളിലേക്കു വന്നാലും മറ്റൊന്നാവില്ല അവസ്ഥ. എന്റെ കീഴിലായിരിക്കും ഒരുപക്ഷേ, നിങ്ങള്‍കൂടി ചിലപ്പോള്‍. ഇനി താങ്കള്‍ക്ക് ആലോചിക്കാം, എന്നെ കൊണ്ടുപോകണോ വേണ്ടയോ എന്ന്. ഇതാലോചിക്കാന്‍ താങ്കള്‍ക്ക് എത്ര വര്‍ഷം 25ഓ 30 ഓ ആയില്ല. 27 വര്‍ഷം വേണമെങ്കിലും ഞാന്‍ തരാം.'

അതു കേട്ടപ്പോള്‍ വിടര്‍ന്നുവന്ന ദൈവത്തിന്റെ വാക്കുകള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു.
കുറേ നേരം ദൈവം എന്നെനോക്കി അങ്ങനെ നിന്നു. പിന്നെ പുറത്തു പരന്ന നിലാവിലേക്ക് അങ്ങനെ നോക്കി. ഞാന്‍ ഒന്നും മിണ്ടാതെ നിന്നു. അല്പം കഴിഞ്ഞ് ഒന്നും മിണ്ടാതെ കോറിഡോറിന്റെ അകത്തേക്ക് നടന്നു. അവിടെയുള്ള അഴികളിലൂടെ അലിഞ്ഞ് നിലാവില്‍ ലയിച്ചു. അപ്പോള്‍, നിലാവ് ആരുടെയോ ഒരു ചമ്മിയ ചിരിപോലെ എനിക്ക് തോന്നി.


Content Highlights: Innocent, Mathrubhumi Books, Sathyan Anthikkad

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sathyan anthikkad, Mohanlal

5 min

'നമ്മള്‍ പിരിഞ്ഞതുകൊണ്ട് സിനിമയ്ക്ക് യാതൊരു നഷ്ടവുമില്ല, അല്ലേ സത്യന്‍? നഷ്ടം നമുക്കുമാത്രമാണ്'

May 27, 2023


മാധവിക്കുട്ടി, വി.എം നായർ

8 min

'അച്ഛനെ ഞാനൊരുപാടൊരുപാട് സ്നേഹിച്ചിരുന്നു...'ആമിയോപ്പു ആ ദിവസങ്ങളിലെല്ലാം മന്ത്രിക്കുന്നു...

May 12, 2023


Wayanad

17 min

വയനാട്: കേരളത്തിലെ നരകമായി മാറിയ സ്വര്‍ഗ്ഗം 

May 29, 2023

Most Commented