'ഞാനിങ്ങനെ താടിയൊക്കെ വെച്ച് വേഷംമാറി നില്‍ക്കുമ്പോള്‍ എനിക്കെങ്ങനാടോ നിങ്ങളെ മനസ്സിലാവുക?'


ഇന്നസെന്റ്‌

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ ലോകം അതിലൊരു ഇന്നസെന്റ് എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം.

ഇന്നസെന്റ്‌

ഞാന്‍ നിര്‍മാതാവായിരുന്ന ആദ്യകാലത്ത് സാമ്പത്തികനേട്ടവും പിന്നീട് വലിയ രീതിയിലുള്ള തകര്‍ച്ചയും നേരിട്ടിരുന്നു. അങ്ങനെയാണ് ഞാന്‍ അഭിനയത്തിലേക്ക് ഇറങ്ങുന്നത്. ആ കാലത്തെ പ്രമുഖ യൂണിറ്റാണ് സഞ്ജയ് ഔട്ട്‌ഡോര്‍ യൂണിറ്റ്. സഞ്ജയ് രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള യൂണിറ്റിന് ഒരു സിനിമയുമായി ബന്ധപ്പെട്ട് ഞാന്‍ കുറച്ചുകാശ് നല്‍കാനുണ്ടായിരുന്നു. സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം എനിക്ക് ആ കാശ് കൊടുക്കാനായില്ല. അങ്ങനെ ഞാന്‍ മറ്റൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം. താടിയൊക്കെവെച്ച് ഒരു സന്ന്യാസിയെപ്പോലുള്ള രൂപമായിരുന്നു ആ സിനിമയില്‍ എനിക്ക്. അപ്പോഴാണ് ലൊക്കേഷനിലേക്ക് ഒരു കാര്‍ വന്നുനിന്നത്. കാറിന്റെ ഡോര്‍ തുറന്ന് സഞ്ജയ് രഘുനാഥ് പുറത്തിറങ്ങി നടന്നുവരുന്നത് കണ്ടപ്പോള്‍ എന്റെ ഉള്ളൊന്ന് കിടുങ്ങി. കാരണം ഇയാള്‍ക്ക് കാശ് കൊടുക്കാം എന്നു പറഞ്ഞ് ഞാന്‍ മുങ്ങിനടക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. എന്നെ അന്വേഷിച്ചാണോ ഇയാള്‍ വന്നിരിക്കുന്നതെന്ന ഉള്‍ഭയത്തോടെ ഞാന്‍ ഇരുന്നു. അയാള്‍ ലൊക്കേഷനിലെത്തി ചിലരോടൊക്കെ വര്‍ത്തമാനം പറഞ്ഞ് എല്ലാവരെയും ഒന്നു നോക്കുകയൊക്കെ ചെയ്തു. ആരെയോ തിരയുന്നതുപോലെ. അല്പസമയം കഴിഞ്ഞ് അതേ കാറില്‍ അയാള്‍ മടങ്ങിപ്പോയപ്പോള്‍ ഞാനൊരു ദീര്‍ഘനിശ്വാസമിട്ടു. എന്നെ അന്വേഷിച്ചാണ് അയാള്‍ വന്നതെന്ന് ലൊക്കേഷനില്‍ ആര്‍ക്കും മനസ്സിലായില്ല. സഞ്ജയ് പോയ ഉടനെ ഞാന്‍ മേക്കപ്പ്മാന്‍ മണിയുടെ അടുത്തേക്ക് ചെന്നു.

'മണീ, ഞാന്‍ നിന്റെ കാലൊന്ന് തൊട്ട് തലയില്‍ വെക്കട്ടെ?'
'എന്തുപറ്റി സാര്‍?'
'ആ സഞ്ജയ് രഘുനാഥ് ഇപ്പോള്‍ വന്നില്ലേ? അയാള്‍ എന്നെ അന്വേഷിച്ചാണ് വന്നതെന്ന് നിനക്കറിയുമോ?'
'ഇല്ല, പിന്നെന്താ അയാള്‍ ഇന്നസെന്റേട്ടനോട് മിണ്ടാതിരുന്നത്. നിങ്ങളുടെ മുന്നിലൂടെയല്ലേ നടന്നുപോയത്.'
'ഇല്ല, അയാള്‍ എന്നെ തിരിച്ചറിഞ്ഞില്ല. നീയാണ് യഥാര്‍ഥ മേക്കപ്പ് മാന്‍. നീ മലയാള സിനിമയിലെ അല്ല ലോകസിനിമയിലെത്തന്നെ ഏറ്റവും മികച്ച മേക്കപ്പ്മാനാണ്. ഞാന്‍ ആ കാലൊന്ന് തൊട്ടോട്ടേ...'
അപ്പോള്‍ മണി ഒന്ന് പൊങ്ങി, അവന്‍ പറഞ്ഞു,
'എന്നാപ്പിന്നെ തൊട്ടോളൂ!'

ഒരു മാസം കഴിഞ്ഞ് തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ആ സിനിമയിലും എനിക്ക് താടിയും മുടിയുമൊക്കെ നീട്ടിയ വേഷമായിരുന്നു. അങ്ങനെയിരിക്കെ ലൊക്കേഷനിലേക്ക് ഒരു കാര്‍ വന്നു. ഒരാള്‍ ഭാര്യയോടൊപ്പം കാറില്‍ നിന്നിറങ്ങി നേരെ എന്റെ അരികിലേക്ക് വന്നു. ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. 'തനിക്ക് എന്നെ ഇപ്പോള്‍ മനസ്സിലാകില്ല, കുറച്ച് കഴിയുമ്പോള്‍ മനസ്സിലാകും, അപ്പോള്‍ താന്‍ എന്നെ കെട്ടിപ്പിടിക്കും' എന്ന മുഖഭാവമാണ് അയാള്‍ക്ക്. ഇടയ്ക്ക് ഭാര്യയുടെ മുഖത്തുനോക്കി അയാള്‍ കണ്ണടച്ച് ഇപ്പം കണ്ടോ എന്ന ഭാവവും കാണിക്കുന്നുണ്ട്. കുറേസമയം രണ്ടുപേരും ഒന്നും മിണ്ടിയില്ല. എനിക്കാണെങ്കില്‍ അയാളുടെ മുഖം ഓര്‍മയില്‍ വരുന്നതുമില്ല.
'സുഖല്ലേ?' ഞാന്‍ അയാളോട് ചോദിച്ചു
'അതേ...'
'എപ്പോഴാ വന്നത്?'
'രണ്ടുമാസമായി'
ഞാന്‍ അയാളുടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി.
'സുഖല്ലേ?'
'ആ...'
'എപ്പോഴാ വന്നത്?'
'ഒന്നിച്ച് വന്നതാ...'
'ഇനി എന്നാ പോവാ?'
'മറ്റന്നാള്‍ തിരിച്ചുപോകും...'

ഇത്രയും ചോദിച്ചിട്ടും അവര്‍ അവിടെത്തന്നെ ഇരിക്കുകയാണ്. അപ്പോഴും അയാളുടെ മുഖത്ത് ഞാനിപ്പോള്‍ അയാളെ തിരിച്ചറിയും എന്ന പ്രതീക്ഷയുണ്ട്. വീണ്ടും പലവട്ടം ഞാന്‍ സുഖല്ലേ എന്നാവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് കാര്യം തിരിച്ചറിഞ്ഞു: എനിക്കവരെ മനസ്സിലായിട്ടില്ല. അയാളുടെ കൈ പിടിച്ചുവലിച്ച് ഭാര്യ പോകാം എന്നു പറഞ്ഞു. അങ്ങനെ അവര്‍ തിരിഞ്ഞുനടക്കവേ അയാള്‍ എന്നെ വീണ്ടും ഒന്നുകൂടി നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം ഇതായിരുന്നു: 'നിനക്കെന്നെ മനസ്സിലായില്ല, അല്ലേടാ?'
അങ്ങനെ അവര്‍ നേരേപോയി കാറില്‍ കയറിയതും എന്റെ മനസ്സില്‍ പെട്ടെന്ന് ഓര്‍മയുടെ വെളിച്ചം തെളിഞ്ഞു.

'മസ്‌ക്കറ്റില്‍ വച്ച് കണ്ട അയാളല്ലേ ഇത്. ഇയാളുടെ വീട്ടില്‍ പോയല്ലേ ഞാനന്ന് വയറുനിറയെ ഭക്ഷണം കഴിച്ചത്. ഈശ്വരാ...'
ഉടന്‍ ഞാന്‍ ഏയ്...എന്ന് ഉറക്കെ വിളിച്ച് കൈകാണിച്ചു. പ്രൊഡക്ഷനിലെ പിള്ളേരോട് അയാളെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. അയാള്‍ വീണ്ടും എന്റെ അരികിലേക്ക് വന്നു. ഞാന്‍ എഴുന്നേറ്റു. അയാളുടെ കൈയില്‍ പിടിച്ചു.
'ഞാനീ താടിയും മുടിയുമൊക്കെ വച്ചിരിക്കുന്നതുകൊണ്ട് പെട്ടെന്ന് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായില്ല. അതുകൊണ്ടാണ് നേരത്തെ അങ്ങനെ പെരുമാറിയത്...'
'എനിക്കും തോന്നി, അല്ലാതെ തിരിച്ചറിയാതിരിക്കാന്‍ ഒരു സാധ്യതയുമില്ലല്ലോ...'

അയാള്‍ ഭാര്യയെ വിളിച്ചു. അവരാദ്യം വരാന്‍ കൂട്ടാക്കിയില്ല. കാരണം അവരുടെ കൈകൊണ്ട് എനിക്ക് ചോറ് വിളമ്പിത്തന്നതാ. ആ ഞാനാണ് അറിയാത്തതുപോലെ ഭാവിച്ചത്. അവസാനം അവരും വന്നു. രണ്ടുപേര്‍ക്കും കസേര കൊണ്ടിട്ടു.
'വാ, നമുക്ക് ഇരുന്ന് സംസാരിക്കാം' ഞാന്‍ ക്ഷണിച്ചു
'ഇല്ല, ഇനി ഞങ്ങള്‍ക്ക് സമയമില്ല, പോവുകയാണ്...' ഭാര്യ പറഞ്ഞു.
അങ്ങനെ കുറേ ചിരിച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞ് സന്തോഷത്തോടെ അവര്‍ മടങ്ങിപ്പോയി. തിരിച്ച് കാറില്‍ കയറുമ്പോഴും അയാളുടെ ഭാര്യ എന്നെ ഒന്നു നോക്കി. ഇയാള് നമ്മളെ ആക്കിയതാണോ എന്ന ഭാവത്തില്‍.

രണ്ടുദിവസം കഴിഞ്ഞ് അവര്‍ മസ്‌ക്കറ്റിലേക്ക് മടങ്ങി. അന്നുരാത്രി അവരെന്നെ വീണ്ടും വിളിച്ചു.
'ഞങ്ങള്‍ മസ്‌ക്കറ്റില്‍ എത്തി. ഒരുകാര്യം ചോദിക്കാനാണ് വിളിച്ചത്. ഞാന്‍ ചോദിക്കേണ്ട എന്ന് വിചാരിച്ചതാണ്, പക്ഷേ ഭാര്യ എന്തായാലും ഇന്നസെന്റേട്ടനോട് ചോദിക്കണം എന്ന് പറയുന്നു...'
'എന്താണ്, ചോദിക്കെടോ?'
'അതേ, അവള്‍ പറയുകയാണ്, താടിയും മീശയും രോമവുമെല്ലാം ഇന്നസെന്റിന്റെ മുഖത്തല്ലേ, നമ്മുടെ മുഖത്തല്ലല്ലോ. അപ്പോള്‍ പിന്നെന്താ ചേട്ടന്‍ നമ്മളെ തിരിച്ചറിയാഞ്ഞത്?'
'അപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോഴും എന്നെ സംശയമുണ്ട്? നീ ഭാര്യക്ക് ഫോണ്‍ കൊടുക്ക്, ഞാന്‍ പറഞ്ഞ് മനസ്സിലാക്കാം...'
'വേണ്ട, ഇന്നസെന്റേട്ടന്‍ പറഞ്ഞാല്‍ മതി'
'ഞാനീ മുഖത്ത് നിറയെ താടീം വച്ച്, പുരികം വേറെ വെച്ച് ഇങ്ങനെയിരിക്കുമ്പോള്‍ എങ്ങിനെയാണെടോ നിങ്ങളെ മനസ്സിലാവുക?' ഞാന്‍ ഒന്നുറപ്പിച്ച് ചോദിച്ചു.
'ഞാനത് പറഞ്ഞു. പക്ഷേ, അവള്‍ക്കത് മനസ്സിലാവേണ്ടേ?' അതായിരുന്നു അയാളുടെ മറുപടി.


Content Highlights: Innocent, Books, Mathrubhumi, Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented