ഇന്ദുമേനോൻ/ ഫോട്ടോ: മധുരാജ്
മലയാളസാഹിത്യത്തില്‍ എക്കാലവും വേറിട്ടുനില്‍ക്കുന്ന എഴുത്തുകാരിയാണ് ഇന്ദുമേനോന്. ജീവിതവും ഭാവനയും ഒന്നുപോലെ ആത്മാര്‍ഥമായ അക്ഷരങ്ങളാക്കാന്‍ കഴിവുള്ള ഇന്ദുമേനോന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'ഞാനൊരു പാവം ഗിഥാറല്ലെ, എന്തിനാണ് നീയെന്നെ കഠാര കൊണ്ട് മീട്ടുന്നത്?' തന്റെ ജീവിതത്തിലെ ഓരോ അടരുകളും ഏടുകളും അക്ഷരങ്ങളാക്കിമാറ്റിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം കൂടിയാണിത്. മാതൃഭൂമി ബുക്സിലൂടെ ഉടന്‍ പുറത്തിറങ്ങുന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു അധ്യായം വായിക്കാം.
ജീവിതം വൃത്തികെട്ട ഒരു വിത്തുകാളയാണ്. വിധിപുസ്തകം വായിച്ചും ഇടയ്ക്കു വായിക്കാതെയും നമ്മെ അകാരണമായി ഭുജിച്ചുകളയുന്ന ഒരു കാളത്താന്. തങ്ങളുടെ മരണംവരെ ഈ ജീവിതക്കാളയോട് പോരാടുന്ന ചിലരെ ഞാന്‍ കണ്ടിട്ടുണ്ട്. തനിക്കര്‍ഹമല്ലാത്ത ഒന്ന് തന്റെ തലയില്‍ വെച്ചുകെട്ടിത്തരുന്ന വിധിയോടവള് നിരന്തരം കലഹിക്കും. യൗവനം മുഴുവനും മുഷ്ക്ക് കൂടും. ഒടുക്കം വാര്‍ധക്യം തുടങ്ങുമ്പോള്‍ അവര്‍ തന്റെ നീതിയെ കൈക്കലാക്കും. അത്തരത്തിലൊരാളായിരുന്നു എന്റെ അമ്മ. സാധാരണക്കാരിയായ ഒരമ്മ. എന്റെ ഓര്‍മയില്‍ അമ്മയ്ക്കായുധം കറുത്ത വട്ടച്ചട്ടുകമാണ്. തെറ്റു കണ്ടാല്‍ ദയ കൂടാതെ ഭദ്രകാളിയായി അമ്മ ചട്ടുകം വീശി. ദേഷ്യം വരുമ്പോള്‍ കൈത്തണ്ടയില്‍ നുള്ളി. കള്ളം കണ്ടാല്‍ 'അസത്തേ' എന്നാക്രോശിച്ചു. കുരുത്തക്കേടുകള്‍ക്ക് പ്രത്യേകമായി ചെവി നുള്ളി. തര്‍ക്കുത്തരങ്ങള്‍ക്ക് ചുണ്ടില്‍ എറ്റി. സഹോദരനുമായുള്ള വഴക്കുകള്‍ക്ക് തലയില്‍ കിഴുക്കി. അരിശവും ദേഷ്യവും അമര്‍ഷവും സദാ ഉള്ള ഒരാളുടെ പ്രവൃത്തികളാണത് എന്ന് പലര്‍ക്കും തോന്നി.
'കത്തിവെച്ച് കൊച്ചിനെ തല്ലിയോ?' അച്ഛന് കത്തി വാങ്ങി വീടിനു മുമ്പിലെ കല്ലുവെട്ടുകുഴിയിലേക്കെറിഞ്ഞു. മഴക്കാലത്ത് ആ കുഴിയോരത്തു നിന്നു ഞാനും അനുജനും പരസ്പരം മുഖത്തേക്കു നോക്കി കണ്ണിറുക്കി. ഞങ്ങളെ ദ്രോഹിച്ച, നോവിച്ച കത്തികള്‍, ചട്ടുകങ്ങള്‍, ബെല്‍റ്റുകള്‍, ഇരുമ്പ് സ്കെയിലുകള്‍ മലവെള്ളത്തില്‍ കിടന്നിളകി. മരച്ചട്ടുകങ്ങള്, മരസ്കെയിലുകള് ജലത്തില്‍ പൊന്തിക്കിടന്നു. മഴ മാറിയ ഉച്ചകളില്‍ മുള്ളുചെടികള്‍ വകഞ്ഞുമാറ്റി കരിയിലകള്‍ വഴുക്കി മൂടില്ലാത്താളിവള്ളികള് വലിച്ചുപൊട്ടിച്ച് അമ്മ കല്ലുവെട്ടുകുഴിയിലെ വസ്തുക്കള്‍ പെറുക്കിയെടുത്തു.
ഞങ്ങള്‍ താമസിക്കുന്ന കൊച്ചുവീട്ടില്‍ സൗകര്യങ്ങള്‍ കുറവായിരുന്നു. എട്ടു പത്ത് മുറികളുള്ള വലിയ ഇരുനിലമാളികയില്നിന്നും ചേറു മണക്കുന്ന ആ വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ മുഖത്ത് അമ്പരപ്പായിരുന്നില്ല. കഠിനമായ സ്തോഭത്താല്‍ അമ്മയുടെ ചുണ്ടുകള്‍ വിറച്ചു. ഉറപ്പില്ലാത്ത പ്ലാവിന്വാതിലുകള്, കാവി തേച്ച തറയില്‍ ഇഴയുന്ന പൂച്ചിപ്പാറ്റകള്, വട്ടംമുറുക്കുന്ന തൊട്ടാല്ചുരുണ്ടിയട്ടകള്. മുറ്റത്തിന്നോരത്ത് പുല്ലാനിക്കാടുകള്‍ തഴച്ചുവളര്‍ന്നു. അവയില്‍ വിഷമേറിയ സര്‍പ്പങ്ങള്‍ ഒളിച്ചിരുന്നു. ഇടയ്ക്ക് സന്ധ്യയ്ക്ക് മുറ്റത്തിറങ്ങുമ്പോള്‍ വലിയ പോക്കാച്ചിത്തവളയുടെ ദേഹത്തു തട്ടി അമ്മയുടെ കാല് വഴുക്കി. തുള്ളിത്തുള്ളി അകത്തുകയറിയ കുഞ്ഞുതവളകളെ കണ്ട് അമ്മ പേടിച്ചു. തൊടിയരികിലെ പറങ്കിമാവിന്കാടുകളില്നിന്നുള്ള ഇരുട്ടു പുരണ്ട് പകലും അവിടെ മങ്ങിക്കിടന്നു.
രണ്ടുപേരുടെ ശമ്പളംകൊണ്ട് ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ രാത്രി ഒമ്പത്പത്തു മണിവരെ അച്ഛന് അതിനാല്‍ കുട്ടികള്‍ക്ക് സംഗീതക്ലാസെടുത്തു. അച്ഛന് വരാന്‍ വൈകുന്ന ഓരോ രാത്രിയിലും ടോര്‍ച്ചിന്റെ നാരങ്ങാവെട്ടം കാത്ത് അമ്മ ഉറങ്ങാതിരുന്നു. ഇരുളില്‍ മലയ്ക്കു മുകളില്‍ മിന്നിയ മിന്നാമിന്നികള്‍ കണ്ട് അമ്മ അച്ഛനാണെന്നു പറഞ്ഞു കതകുതുറന്നു.
ബന്ധുജനങ്ങളുടെ കൂടെ മാത്രം ജീവിച്ചുപരിചയിച്ച അമ്മയുടെ ഏകാന്തത അസഹ്യമായിരുന്നു. അഞ്ചും മൂന്നും വയസ്സുള്ള എനിക്കോ എന്റെ അനുജനോ നികത്താനാവാത്ത ഒരു ആഴമുണ്ടായിരുന്നു അതിന്. അത് തൂത്തുകളയാന്‍ ഒരു പഴയ ഫിലിപ്സ് റേഡിയോയിലെ നാടകങ്ങളും ചലച്ചിത്രഗാനങ്ങളും പോരാതെവന്നു. മനോരാജ്യവും മംഗളവും തികയാതെവന്നു. ഇരുട്ടില്‍ പാതിമയങ്ങിയ രാത്രികളില്‍ അമ്മയുടെ അടക്കിയ കരച്ചില് ഞങ്ങള്‍ കേട്ടു.
അച്ഛന് നേരം വൈകിയതു മാത്രമായിരുന്നില്ല അമ്മയെ കരയിച്ചത്. അമ്മയുടെ ബന്ധുക്കളും അച്ഛനും തമ്മിലുള്ള ശീതസമരം, അച്ഛനു നല്‍കാമെന്ന് അമ്മവീട്ടുകാര് പറഞ്ഞ സ്ഥലം വാക്കുതെറ്റിച്ച് മറ്റൊരാള്‍ക്കു നല്‍കിയത്, അമ്മയുടെ സഹോദരനുമായുള്ള പ്രശ്നങ്ങള്‍ എല്ലാം ചേര്‍ന്നപ്പോള്‍ അമ്മവീടു വിട്ട് മാറിത്താമസിക്കും എന്നുള്ള അച്ഛന്റെ കടുകട്ടി തീരുമാനം. അമ്മ വല്ലാതെ വിഷമിച്ചു.
കേവലമായ ഒരു സ്വത്തുതര്ക്കമായിരുന്നില്ല അത്. അതിനും പുറകില്‍ ഭയങ്കരമായ ഒരു ചതിയുണ്ടായിരുന്നു. ചില ഊമക്കത്തുകള്‍. തികഞ്ഞ മാനസികരോഗിയായ ഒരാള്‍ക്കു മാത്രം എഴുതാന്‍ സാധിക്കുന്ന അപൂര്വ്വത്തിലപൂര്വ്വങ്ങളായ കത്തുകള്‍. കുടുംബത്തില്‍ ഒന്നോ രണ്ടോ പേര്‍ക്ക് ഇത് ആദ്യം ലഭിച്ചപ്പോള്‍ തലചുറ്റലുണ്ടായി. ചെറിയമ്മമാര്ക്ക് ഛര്‍ദി വന്നു. അമ്മൂമ്മയ്ക്ക് പനിപിടിച്ചു. ചെറിയച്ഛന്മാര്‍ക്ക് ദേഷ്യം പിടിച്ചു. കത്തിലെ തെറികളില്‍ ഒന്നുരണ്ടെണ്ണം തെക്കുഭാഗത്തെ തെറിയാണെന്നും തെക്കുനിന്നുള്ള ഒരേയൊരു വ്യക്തി അച്ഛനായതിനാല്‍ ഈ കത്തുകളില്‍ അച്ഛന്റെ അരിശമുണ്ടെന്നും അവര്‍ കണ്ടെത്തി. സ്വതേ അഭിമാനിയായ അച്ഛന് ഈ അപമാനം അസഹ്യമായിരുന്നു. അച്ഛന് അമ്മയെയും കൂട്ടി വീടുവിട്ടിറങ്ങി.
ഞങ്ങള്‍ വീടു മാറിയതോടെ പഞ്ചാക്ഷരിക്കത്തുകള് ക, മ, പ, റ, ത എന്നീ അക്ഷരങ്ങള്‍കൊണ്ട് പ്രത്യേകം എഴുതിയ കത്തുകള്‍ എണ്ണത്തില്‍ വര്‍ദ്ധിച്ചു. വീടുവിടാന്‍ കാരണമായ സംഗതികള്‍ പ്രതിപാദിച്ച കത്തുകള്‍ ഓരോ കൊച്ചുബോംബുകള്പോലെ അമ്മവീട്ടില്‍ പൊട്ടിച്ചിതറി. ഓരോ തവണ സ്വന്തം വീട്ടില്‍ പോയി വരുമ്പോഴും അമ്മ സങ്കടത്താല്‍ ഉരുകി. അപമാനത്താല്‍ ഹൃദയം നുറുങ്ങി. അച്ഛന്റെ നിരപരാധിത്വം തെളിയിക്കാന്‍ അമ്മ ശ്രമിച്ചപ്പോഴെല്ലാം അമ്മയുടെ സഹോദരങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ തെളിവുനിരത്താന്‍ ശ്രമിച്ചു. അവരെല്ലാം എത്ര പറഞ്ഞിട്ടും അമ്മ അച്ഛന്റെ കൂടെത്തന്നെ നിന്നു. ഒറ്റുകാരിയായി അമ്മ അവരുടെ സദസ്സുകളില്‍ ഒറ്റപ്പെട്ടു. തമാശകളില്നിന്നും പുറത്താക്കപ്പെട്ടു. കൂടുതല്‍ക്കൂടുതല്‍ അമ്മ അപമാനിക്കപ്പെടുകയും മുറിവേല്പ്പിക്കപ്പെടുകയും ചെയ്തു.
.jpg?$p=97caf3c&&q=0.8)
ഊമക്കത്തുകള്‍ സ്ഥിരം സംഗതിയായി. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കത്തുകള്‍ പെരുകി. ഞങ്ങള്‍ക്കും കിട്ടിത്തുടങ്ങി ആ 'മനോഹരസൃഷ്ടികള്‍.' കുടുംബത്തിനകത്തുള്ള ആരോ ഒരാള്‍തന്നെയാണ് ഇതിനു പുറകിലെന്ന് ഉറപ്പായിരുന്നു. പക്ഷേ, ആര്? എത്ര ആലോചിച്ചിട്ടും ഞങ്ങള്ക്കൊരുത്തരം കിട്ടിയതേയില്ല. ഓരോ കത്തുകളും യഥാര്‍ഥത്തില്‍ അമ്മയെ വലച്ചുകളഞ്ഞു. ഏതിനും മറുപടി അമ്മ പറയണമെന്ന ഒരു അന്യായ നയമാണ് ബന്ധുക്കള്‍ അമ്മയോട് സ്വീകരിച്ചത്. ഓരോ തെളിവുകള്‍ നിരത്തി അമ്മ വാശിയോടെ നിന്നു. എത്ര അഴിച്ചിട്ടും മുറുകുന്ന രഹസ്യക്കുടുക്കുപോലെ പ്രശ്നം സങ്കീര്‍ണ്ണമായി. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അമ്മ അച്ഛനെ അവിശ്വസിച്ചില്ല. അച്ഛനാകട്ടെ, ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തന്നെ അനാവശ്യമായി കുറ്റപ്പെടുത്തിയ ബന്ധുക്കളെപ്പറ്റി പരാതി തുടങ്ങിയതോടെ അമ്മയുടെ ജീവിതം ദുസ്സഹമായിത്തീര്‍ന്നു. ഇരുതലമൂര്‍ച്ചയുള്ള ഒരു വാളായിരുന്നു അത്. എങ്ങനെ പിടിച്ചപ്പോഴും അമ്മയ്ക്കു മുറിഞ്ഞു. ആരതില്‍ സ്പര്ശിച്ചപ്പോഴും അമ്മയ്ക്കു മുറിഞ്ഞു. ചോര വാര്‍ന്നു.
കുഞ്ഞുങ്ങളായ ഞങ്ങള്‍ക്ക് പ്രശ്നത്തിന്റെ ഗൗരവം അറിയുമായിരുന്നില്ല. പതിയെ വലിയ വേനലവധിക്ക് ഞങ്ങളെ ബന്ധുവീടുകളില്‍ വിടാതായി. അമ്മൂമ്മയെ കാണാനും കസിന്സൊത്തു കളിക്കാനും ഞങ്ങള്‍ വല്ലാതെ വാശിപിടിച്ചു. അപ്പോഴെല്ലാം അമ്മ കരഞ്ഞു. ചിലപ്പോള്‍ ദേഷ്യം പിടിച്ചു. ചിലപ്പോള്‍ പെട കിട്ടി.
'ഔ ന്തൊരു ദേഷ്യാ ഈ അമ്മയ്ക്ക്'
അനിയന് നഖം തിണര്‍ത്ത കൈത്തണ്ട ഉരസി. രണ്ടാമത്തെ ചെറിയമ്മയുടെ കല്യാണത്തിന്റെ അന്ന് വധു ഗൃഹപ്രവേശം ചെയ്യുമ്പോള്‍ പോസ്റ്റുമാന് ആദ്യത്തെ കത്തുമായി ചെറിയച്ചനെ സമീപിച്ചു. പക ചുറഞ്ഞ കത്തുകള്‍. തെറിയണിഞ്ഞ കത്തുകള്‍. മറ്റൊരാളെങ്കില് ഒരുപക്ഷേ, നവവധുവിനെ ഉപേക്ഷിച്ചേനേ...
പ്രശ്നങ്ങളെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അമ്മയെ കുഴക്കി. അമ്മ പരിപൂര്‍ണ്ണമായും സഹോദരങ്ങളുടെ കൂട്ടായ്മയില്‍നിന്നും പുറത്തേക്കു പോന്നു.
'എന്നെങ്കിലും സത്യം പുറത്തറിയും. അന്ന് എന്നെ നീറ്റിയതിന് സങ്കടപ്പെടേണ്ടിവരും.'
വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. നീണ്ട മുപ്പതു വര്‍ഷങ്ങള്‍. അമ്മ സ്വയം തീര്‍ത്ത ഗൗരവച്ചട്ടയില് ജീവിച്ചു. സഹോദരങ്ങളെയും അച്ഛനെയും ബന്ധുക്കളെയും ഓര്‍ത്തു വിഷമിച്ചു. കടുപ്പക്കാരിയാവുക എന്ന നയമായിരുന്നു അമ്മ സ്വീകരിച്ചത്. സ്വയം ഒഴിഞ്ഞുമാറുക എന്ന രീതിയാണ് അമ്മയെ മുമ്പോട്ടു നയിച്ചത്. പ്രതിരോധമാര്‍ഗമായി ദേഷ്യം ഉപയോഗിച്ച് ആളുകളെ തുരത്തുക എന്ന തന്ത്രമായിരുന്നു അമ്മയെ ശക്തയാക്കിയത്. അമ്മ സ്വയം പ്രതിരോധിച്ച് ഒരു തഴമ്പുപോലെ ജീവിച്ചു. ജീവിതത്തിലെ എല്ലാ നല്ല മുഹൂര്‍ത്തങ്ങളിലും അമ്മയുടെ കണ്ണീര് എണ്ണയായി കത്തി. സഹോദരങ്ങളും ബന്ധുക്കളും സത്യം മൂടിവെക്കുന്നതിലും തന്നെയും ഭര്‍ത്താവിനെയും മനസ്സിലാക്കാത്തതിലും അമ്മ നീറിനീറി ജീവിച്ചെങ്കിലും മൗനംപാലിച്ചു. അര്‍ഥവത്തും സുദീര്‍ഘവുമായ ഒരു മൗനം. ഒടുവില്‍ മുപ്പത്തിയൊന്നാമത്തെ വര്‍ഷം അമ്മയുടെ പ്രാര്‍ത്ഥനപോലെ ഊമക്കത്തുകാരനെ കൈയോടെ പിടികൂടി. ഞങ്ങളുടെതന്നെ അടുത്ത ഒരു ബന്ധുവായിരുന്നു അത്.
'ശരിയോ ശരിയോ അത്?' അമ്മ പലയാവര്‍ത്തി ചോദിച്ചു.
'എഴുതിയവനും വായിച്ചവനുമിടയില് അനുഭവിക്കുന്ന ഒരാളുണ്ട്. കുറ്റമാരോപിച്ചയാളുടെ ഭാര്യ. ഞാന്‍ അനുഭവിച്ചത് വേറൊരാള് അനുഭവിക്കരുത്.' അമ്മയ്ക്ക് അത് നിര്‍ബ്ബന്ധമായിരുന്നു. അമ്മയെയും അച്ഛനെയും ഏറ്റവുമധികം ദ്രോഹിച്ച അവരോട് അമ്മ പക്ഷേ, ക്ഷമിച്ചു. ഒരേയൊരു വാചകം അമര്ത്തിയസ്വരത്തില് അമ്മ പറഞ്ഞു:'ഏടത്തി... മുപ്പതു വര്‍ഷമായി അകാരണമായി ഞാന്‍ ചുമന്ന ഒരു മുള്ളുണ്ട്. മുള്ളുകൊണ്ടുണ്ടാക്കിയ കിരീടം... ഞങ്ങളുടെ യൗവനം ആ ഭാരത്തില്‍ നീറിത്തീര്‍ന്നു. എന്നാലും ഇതിനി നിങ്ങള്‍ക്ക് തരികയാണ്...സങ്കടമുണ്ട്...'
അമ്മ തിരിഞ്ഞുനടന്നു. ഗൗരവത്തിന്റെയും മൗനത്തിന്റെയും ദേഷ്യത്തിന്റെയും ഉടുപ്പുകള്‍ അമ്മ ഊരിക്കളഞ്ഞു. ചെറുപ്പകാലത്ത് കല്ലുവെട്ടുകുഴിയില്‍ കളഞ്ഞുപോയ പഴയ ആ അമ്മ...സുന്ദരിയും സദാ പുഞ്ചിരിക്കുന്നവളുമായ അമ്മ. അമ്മയ്ക്ക് സമാധാനമായി ജീവിക്കാമായിരുന്നു, അച്ഛനെ തള്ളിപ്പറഞ്ഞിരുന്നുവെങ്കില്‍. പക്ഷേ, എല്ലാ വേദനയിലും അമ്മ അച്ഛനോടൊപ്പം നിന്നു. അമ്മ ഉപേക്ഷിച്ചിരുന്നുവെങ്കില്‍ അച്ഛനുണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ മൂന്നു കുഞ്ഞുങ്ങളും ഉണ്ടാകുമായിരുന്നില്ല... ദേഷ്യത്തിന്റെ ചെറിയ മുഖംമൂടിയില്‍ തന്റെ കണ്ണീരും പ്രാണസങ്കടവും ചേര്‍ത്ത് അമ്മ ഞങ്ങളുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ചു.
അമ്മ ഞങ്ങളെ ഉണ്ടാക്കി...
പിന്നീടൊരിക്കല്‍ ഞാനെന്റെ ചെറിയ കുട്ടികളോട് ദേഷ്യപ്പെട്ടപ്പോള്‍ അമ്മ തടഞ്ഞു.
'വേണ്ട, വേണ്ട മോളെ, കുട്ട്യോളോടു ദേഷ്യപ്പെട്ടിട്ടെന്തിനാ?'
'ഉം... നല്ല പാര്‍ട്ടിയാ,' ഞാന്‍ ഇരുത്തിമൂളി.
'എന്തേ?'
'ഒന്നൂല്ല ന്റമ്മോ,' ഞാന്‍ തൊഴുതു.
'ചേച്ചീ ചേച്ചീ...' നുള്ളിത്തിണര്ത്ത കൈത്തണ്ട നീട്ടി എന്റെ അനിയന് ഹരിക്കുട്ടന് തേങ്ങി.
'ഇന്നീം...' അനിയത്തി അമ്മുക്കുട്ടി ഉറക്കെ കരഞ്ഞു.
'സത്യേ, നിന്റെ വിരലു പിച്ചി ഞാന്‍ കല്ലുവെട്ടുകുഴീലെറിയും,' അച്ഛന് ദേഷ്യപ്പെട്ടു.
'എന്താ ഓര്‍ക്കണേ?' അമ്മ വീണ്ടും ചോദിച്ചു.
'ഒന്നൂല്ല ഒന്നൂല്ല,' ഞാന്‍ ചിരിച്ചു. ഞങ്ങളുടെ പഴയ കല്ലുവെട്ടുകുഴിയില്‍ നിറയെ തുരുമ്പിച്ച ചട്ടുകനിറത്തില് കാട്ടുപൂവുകള്‍ വിടര്‍ന്നു.
Content Highlights: Indumenon, Experience Writing, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..