സിഖ് കൂട്ടക്കൊലക്കാലത്തെ ചിത്രം, രാജീവ് ഗാന്ധി
ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തരുടെ പട്ടികയില്‍ തെളിച്ചമാര്‍ന്ന പേരാണ് പി.പി ബാലചന്ദ്രന്‍ എന്ന മലയാളിയുടേത്. നാല്‍പതുവര്‍ഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും പത്രപ്രവര്‍ത്തകനായിരുന്ന പി.പി ബാലചന്ദ്രന്‍ സാക്ഷ്യം വഹിച്ച, റിപ്പോര്‍ട്ട് ചെയ്ത അനവധി സംഭവങ്ങള്‍ പില്‍ക്കാലത്ത് ചരിത്രത്തില്‍ ഇടം നേടിയവയായിരുന്നു. ഭോപ്പാല്‍ ദുരന്തവും ഇന്ദിരാഗാന്ധി വധവും പി.പി ബാലചന്ദ്രന്റെ പത്രപ്രവര്‍ത്തന കരിയറിലെ മറക്കാനാവാത്ത അധ്യായങ്ങളാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എ.കെ.ജിയും ഷേക്‌സ്പിയറും' എന്ന പുസ്തകം പി.പി ബാലചന്ദ്രന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ്. പുസ്തകത്തിലെ 'ഒരു വന്‍മരം വീണ പഴയൊരു കഥ' എന്ന അധ്യായം വായിക്കാം.
ഒക്ടോബര്‍ 31, ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിവസം, ഈയിടെ കടന്നുപോയി. ഒരു ചരിത്രമുഹൂര്‍ത്തം വീണ്ടും ഉപചാരങ്ങളുടെ തിലകക്കുറിതൊട്ട ദിവസം, വ്യാജമായ മറ്റൊരു അനുസ്മരണയജ്ഞം. ഒരു രക്തസാക്ഷിദിനാചരണം, മറ്റൊരു ശക്തിസ്ഥലസന്ദര്‍ശനം, പിന്നെ ഓശാന പാടാനും കീര്‍ത്തനം ചൊല്ലാനും മത്സരിച്ച മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും. എല്ലാറ്റിനുമൊടുവില്‍ ഇതെല്ലാം വെടിപ്പായി രേഖപ്പെടുത്താനും, അളന്നുമുറിച്ച കിന്നരിഫ്രെയിമുകളില്‍ ചില്ലിട്ടുവെക്കാനും അദ്ധ്വാനിച്ച ഒരു മാധ്യമവൃന്ദവും.
എല്ലാ വര്‍ഷവും നടക്കുന്ന തനിയാവര്‍ത്തനം ഇത്തവണയും നടന്നു. ദോഷൈകദൃക്കുകള്‍ ചോദിക്കുമായിരിക്കാം ഇതെല്ലാം ഒരു കുടുംബത്തിനും ഒരു പാര്‍ട്ടിക്കും ഒരു സര്‍ക്കാരിനുമപ്പുറം പ്രസക്തിയില്ലാത്ത ശാക്തേയകര്‍മ്മങ്ങളല്ലേ? ഉത്തരം: അല്ല. ഇത് വെറുമൊരു ചടങ്ങല്ല. ഒക്ടോബര്‍ 31 എന്ന ദിനാചരണം ചരിത്രപരമായ ഒരു ദൗത്യമാണ്. ഒരു ന്യൂനപക്ഷ ജനസമൂഹത്തെ മുഴുവന്‍ എന്നന്നേക്കുമായി രാജ്യദ്രോഹികളായി ചാപ്പകുത്തുകവഴി ഭൂരിപക്ഷസമൂഹത്തെ തങ്ങളുടെ കൂടെ നിര്‍ത്താനും അതുവഴി തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ നൂറുമേനി വിളയിക്കാനുമുള്ള ഒരു വിഭാഗത്തിന്റെ രാഷ്ട്രവ്യവഹാരതന്ത്രമാണ് ഈ ദിനാചരണം.
പക്ഷേ, കഴിഞ്ഞ 38 വര്‍ഷമായി സംശയത്തിന്റെ മുള്ളുവേലിക്കപ്പുറത്തു നിന്ന് നിശ്ശബ്ദം, ഉദ്വേഗപൂര്‍വ്വം ഈ നിഴല്‍നാടകം നോക്കിനില്‍ക്കുന്ന ഒരു ജനവിഭാഗത്തിന്, സിഖുജനതയ്ക്ക് ഈ ദിവസം വാവുബലിയുടെ അനുഷ്ഠാനപര്‍വ്വമാണ്. ഒരര്‍ത്ഥത്തില്‍ അവര്‍ക്കും ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്; അഭിശപ്തമായ ഒരു ചരിത്രമുഹൂര്‍ത്തം.
തങ്ങള്‍ക്കിടയിലെ രണ്ട് അസുരവിത്തുകള്‍ക്കുണ്ടായ നൈമിഷികമായ ഒരു അപസ്മാരബാധയുടെ പേരില്‍ തങ്ങളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച ഭൂരിപക്ഷസമൂഹത്തിന്റെ ചിന്നംവിളിയായി മാത്രമേ ഈ നാട്ടിലെ സിഖുകാര്‍ക്ക് ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിദിനാചരണത്തെ കാണാന്‍ കഴിയൂ.
ഒരു വന്‍മരത്തിന്റെ വീഴ്ചയില്‍ അതിന്റെ തടം മാത്രമല്ല തങ്ങളുടെ ലോകംതന്നെ കീഴ്‌മേല്‍ മറിഞ്ഞ ദുഃഖസത്യത്തെ നിസ്സാരവത്കരിച്ച ഒരു ഭരണവര്‍ഗ്ഗത്തില്‍നിന്ന് തങ്ങള്‍ക്കു നീതി ലഭിക്കില്ലെന്ന സത്യം, തങ്ങളുടെ കണ്‍മുന്നില്‍ കത്തിച്ചാമ്പലായ മൂവായിരത്തിലേറെവരുന്ന ആണ്‍തരികള്‍ തങ്ങളുടെ മാത്രം പിതൃക്കളും പുത്രരും, കൂടപ്പിറപ്പുകളും ഭര്‍ത്താക്കന്മാരുമാണെന്നും, അതില്‍ മറ്റാര്‍ക്കും വിരഹദുഃഖമില്ലെന്നുമുള്ള സത്യം ഓരോ വര്‍ഷവും ഓര്‍മ്മിപ്പിക്കാന്‍ ഒരു ഒക്ടോബര്‍ 31 വരുമെന്ന കാര്യം ഇന്ത്യയിലെ ഓരോ സിഖുകാരന്റെയും വംശീയസ്മരണയായി മാറിയിരിക്കുന്നു. അവര്‍ അതുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു; സ്വന്തം ശരീരത്തിലെ മറുകെന്നപോലെ.
മുപ്പതു വയസ്സിനു താഴേയുള്ള ഒരു സിഖ് യുവാവിന് 1984ലെ ഒക്ടോബര്‍ 31, അതിനും എത്രയോ മുമ്പു നടന്ന ജലിയാന്‍വാലാബാഗിലെ കൂട്ടക്കൊലയെ അപേക്ഷിച്ച് അല്‍പ്പം മാത്രം പഴക്കമുള്ള മറ്റൊരു മുത്തശ്ശിക്കഥയാണ്. കേട്ടുകൊണ്ടിരിക്കാം, ഉറക്കം വരുന്നതുവരെ, അത്രതന്നെ.
'പക്ഷേ, എനിക്കു കഴിയുമോ, താങ്കള്‍ക്കു കഴിയുമോ ഇതൊരു കഥപോലെ കേട്ടുനില്‍ക്കാന്‍, കേട്ടു മറക്കാന്‍,' ഇപ്പോള്‍ എഴുപതു കഴിഞ്ഞ ഹര്‍മെന്ദര്‍ സിങ് ബ്രാര്‍ ഒരിക്കല്‍ ചോദിച്ചു. നിബിഡമായ താടിയും മീശയും തലയില്‍ കെട്ടുമുള്ള, ആറടിയിലേറെ പൊക്കമുള്ള ഹര്‍മെന്ദര്‍, സിഖ് പൗരുഷത്തിന്റെ പ്രതീകമായിരുന്ന ഒരു കാലമുണ്ടായിരുന്നു. വെറും 32 വയസ്സുകാരനായ മേജര്‍ ഹര്‍മെന്ദര്‍ ആയിടെയാണ് സൈനിക സേവനം മതിയാക്കി രോഗികളായ അച്ഛനെയും അമ്മയെയും ശുശ്രൂഷിക്കാന്‍ ഡല്‍ഹിയിലെത്തിയത്. ജീവിക്കാന്‍ വകയുള്ള കുടുംബത്തില്‍നിന്നായതുകൊണ്ട് ജോലി തേടി വിഷമിക്കേണ്ടിവന്നില്ല. വന്നയുടന്‍ വീട്ടിനടുത്ത് ഒരു മോട്ടോര്‍ സ്‌പെയര്‍പാര്‍ട്‌സ് കമ്പനി തുടങ്ങി. അയല്‍ക്കാരനായ ഹര്‍മെന്ദര്‍ താമസിയാതെ എന്റെ സുഹൃത്തുമായി.
നന്നായി മദ്യപിച്ചിരുന്ന ഹര്‍മെന്ദറിന് മലയാളികളെ ഇഷ്ടമായിരുന്നു. അവര്‍ പുരോഗമനവാദികളും ആരേയും ചതിക്കാത്തവരുമാണെന്നു വിശ്വസിച്ചു. ഒരു നല്ല മനുഷ്യനെ ആദ്യമേ നിരാശപ്പെടുത്തേണ്ട എന്നു കരുതി ഞാന്‍ അയാളുടെ അഭിപ്രായങ്ങള്‍ തിരുത്താന്‍പോയില്ല.
അപ്പോഴാണ് 1984 ഒക്ടോബര്‍ 31 ഹര്‍മെന്ദറിന്റെ ജീവിതത്തിലേക്ക് ഒരു സുനാമിയായി ആഞ്ഞടിച്ചത്. അന്നു വൈകീട്ട് ഓഫീസില്‍നിന്നു തിരിച്ചുവരികയായിരുന്ന അയാളെ അമ്പതോളം വരുന്ന ഒരു ആള്‍ക്കൂട്ടം ഒരു ഭ്രാന്തന്‍നായയെ എന്നപോലെ ഓടിച്ചിട്ട് കൊല്ലാന്‍ ശ്രമിച്ചു. കൊല്ലുക മാത്രമായിരുന്നു ഉദ്ദേശ്യം. കത്തിച്ചു കൊല്ലുക. ആദ്യം ശരീരത്തില്‍ പഴയ ടയറുകള്‍ കെട്ടിയിടുക, എന്നിട്ട് പെട്രോളോ, മണ്ണെണ്ണയോ ഒഴിക്കുക. ഒടുക്കം ഒരു തീപ്പെട്ടിക്കോലിന്റെ അറ്റത്ത് ഒരു കൊള്ളിയാന്‍. അതോടെ എല്ലാം കഴിഞ്ഞു. ഒരു ശത്രുവിനെക്കൂടി വകവരുത്തിയ പ്രൗഢിയില്‍ ജനം ആര്‍ത്തട്ടഹസിക്കും. പിന്നീട് അടുത്ത ഇരയെ തേടിപ്പോകും. പക്ഷേ, വെറും മുപ്പത്തിരണ്ടുകാരനായ ഈ മുന്‍സൈനികന്‍ നല്ലൊരോട്ടക്കാരനുമായിരുന്നു. അതുകൊണ്ട് ഓടി. ബോധം നശിക്കുന്നതുവരെ ഓടി. പിന്നീടെപ്പോഴോ ഉണര്‍ന്നപ്പോള്‍ സ്വന്തം വീട്ടില്‍ ഭയചകിതരായ വൃദ്ധമാതാപിതാക്കളുടെ നടുവിലായിരുന്നു.
അമ്മ ഒന്നേ ചോദിച്ചുള്ളൂ, 'നിനക്ക് ജീവിക്കണോ അതോ സിഖുകാരനായി മരിക്കണോ?'
അഭിമാനിയായ ആ സിഖ് യോദ്ധാവിന് ഉത്തരം എളുപ്പമായിരുന്നു, 'സിഖുകാരനായി മരിക്കണം.'
'എങ്കില്‍ നീ ആദ്യം ഞങ്ങളെ കൊല്ലണം. കാരണം, നീയില്ലാതെയുള്ള ജീവിതം മരണംതന്നെയല്ലേ. അതുകൊണ്ട് ആദ്യം ഞങ്ങള്‍ മരിക്കാം.'
അമ്മയുടെ കണ്ണുകളിലെ വജ്രത്തിളക്കം ഹര്‍മെന്ദറിനെ നിര്‍വ്വീര്യനാക്കി. അന്നു രാത്രി തന്റെ ഗുരുക്കന്മാരോട് മനസ്സില്‍ മാപ്പു ചോദിച്ച് താടിയും മുടിയും വടിച്ചുകളഞ്ഞു. കൈയിലെ കാപ്പ് ഊരി അമ്മയ്ക്കു കൊടുത്തു. ഹിന്ദുവായി പുനര്‍ജ്ജന്മമെടുത്തു; എച്ച്. എസ്. ബ്രാര്‍ എന്ന വ്യാജ സിഖായി ജീവിച്ചുതുടങ്ങി.
ആ ഹര്‍മെന്ദറാണ് ചോദിക്കുന്നത്, 'എനിക്ക് കഴിയുമോ, താങ്കള്‍ക്കു കഴിയുമോ ഒക്ടോബര്‍ 31 ഒരു ഉമ്മാക്കിക്കഥപോലെ കേട്ടു മറക്കാന്‍?' കഴിയില്ല. അയാള്‍ക്കു മാത്രമല്ല ആര്‍ക്കും കഴിയില്ല മറക്കാന്‍.
ഞാന്‍ ഒന്നുകൂടി 1984ലെ ഒക്ടോബര്‍ 31 ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു.
രാവിലെ പത്തരമണിയായിക്കാണും. അന്നു ഞാന്‍ വാഷിങ്ടണ്‍ പോസ്റ്റിന്റെ ഡല്‍ഹി ലേഖകനായി ജോലി ചെയ്യുകയായിരുന്നു. ഓഫീസിലേക്കു പോവാനിരുന്ന എനിക്ക് ഒരു ഫോണ്‍കോള്‍. വാഷിങ്ടണില്‍നിന്ന് പത്രത്തിന്റെ ഫോറിന്‍ ഡെസ്‌കിലെ ഒരു എഡിറ്ററാണ്.
'Have you heard the news? വിവരം അറിഞ്ഞോ?
'എന്ത് വിവരം?'
ബ്രേക്കിങ് ന്യൂസിനു മുമ്പുള്ള ലോകമാണ്. ആകേയുള്ളത് കാണാനും കേള്‍ക്കാനും കൊള്ളാത്ത ദൂരദര്‍ശന്‍ മാത്രം.
'ഇല്ല, ഞാന്‍ അറിഞ്ഞില്ല,' ഞാന്‍ പറഞ്ഞു. അല്‍പ്പം അക്ഷമയോടെത്തന്നെ ഫോറിന്‍ ഡെസ്‌കിലെ സ്ത്രീശബ്ദം പറഞ്ഞു: 'നിങ്ങളുടെ പ്രധാനമന്ത്രിയെ ആരോ വെടിവെച്ചിരിക്കുന്നു അല്‍പ്പം മുമ്പ്. വിശദവിവരങ്ങള്‍ അറിയില്ല. ഇന്നു വൈകീട്ട് (നിങ്ങളുടെ സമയത്ത്), സ്റ്റോറി വേണം.' ഫോണ്‍ വെക്കുന്നതിനു മുമ്പ് അവര്‍ കൂട്ടിച്ചേര്‍ത്തു, 'നിങ്ങളുടെ ബ്യൂറോ ചീഫ് വിദേശത്തുനിന്ന് ഇനിയും തിരിച്ചെത്തിയിട്ടില്ല എന്നു തോന്നുന്നു.'
അതിന്റെയര്‍ത്ഥം ഇത്രയും പ്രധാനപ്പെട്ട സ്റ്റോറി ഞാന്‍ ഒറ്റയ്ക്ക് ചെയ്യണം. ബെയ്‌റൂട്ടില്‍നിന്ന് തലേന്നു രാത്രി ഡല്‍ഹിയില്‍ തിരിച്ചെത്തേണ്ടിയിരുന്ന എന്റെ ബ്യൂറോ ചീഫ് വില്യം ക്ലേബോണ്‍ ഫ്‌ളൈറ്റ് മിസ്സായതുകൊണ്ട് തിരിച്ചെത്തിയില്ല എന്ന് പിന്നീടറിഞ്ഞു. ഒരുനിമിഷം ഞാന്‍ ആഗ്രഹിച്ചുപോയി അയാള്‍ എത്തിയിരുന്നെങ്കില്‍! ഉടനെ സ്വയം തിരുത്തി, എത്താതിരുന്നത് നന്നായി. ചരിത്രത്തിന്റെ ആദ്യരേഖ എഴുതാന്‍ എനിക്കു ലഭിച്ച ഈ നിയോഗം സായിപ്പ് തട്ടിയെടുക്കുമായിരുന്നില്ലേ? അയാള്‍ നിര്‍ദ്ദേശിക്കുന്ന കൊച്ചുകഥകള്‍ (atmospherics) മാത്രം എഴുതി തൃപ്തിപ്പെടേണ്ടിവരുമായിരുന്നില്ലേ എനിക്ക്?
വന്ന ഭാഗ്യം തട്ടിക്കളയാതെ രണ്ടുംകല്‍പ്പിച്ച് ഇറങ്ങി. നേരേ ഓഫീസില്‍ ചെന്നു. അവിടെ ബില്‍ ക്ലേബോണിന്റെ സന്ദേശം ടെലിപ്രിന്ററില്‍: 'Stuck in Beirut. Please handle the Gandhi story. Good luck.' ഒടുക്കം പറഞ്ഞത് ധാരാളം വേണമെന്നറിയാമായിരുന്നു. പ്രധാനമന്ത്രിയുടെ വധമാണ് സ്റ്റോറി; ചെയ്യുന്നത് വാഷിങ്ടണ്‍ പോസ്റ്റിനു വേണ്ടിയും. അതും ഒറ്റയ്ക്ക്.
എവിടെ തുടങ്ങണം എന്ന് കുറച്ചു നേരം ആലോചിച്ചു. ടെലിപ്രിന്റര്‍ മൂച്ചുവിടാതെ കൊട്ടിക്കൊണ്ടിരിക്കുന്നു, ഇന്നത്തെ ചാനലുകളിലെ ബ്രെയ്ക്കിങ് ന്യൂസിന്റെ ടെലിപ്രിന്റര്‍ഭാഷ്യം ഫ്‌ളാഷ് എന്നായിരുന്നു. ഓരോ ഫ്‌ളാഷ് വരുമ്പോഴും അകമ്പടിയായി മണിയടിയുമുണ്ടാകും. വരുന്ന ഫ്‌ളാഷുകളുടെ വാര്‍ത്താപ്രാധാന്യമനുസരിച്ച് മണിയടിയുടെ എണ്ണവും കൂടും. അങ്ങനെ നിരന്തരം അടിച്ചുകൊണ്ടിരിക്കുന്ന ഫ്‌ളാഷ് ബെല്ലില്‍ നിന്ന് ടിക്കര്‍ നോക്കാതെത്തന്നെ എനിക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായി. ഇന്ദിരാഗാന്ധിയുടെ ആരോഗ്യനില വഷളായിവരികയാണ്.
നാലഞ്ചു സുഹൃത്തുക്കളെ വിളിച്ചു ചോദിക്കാന്‍ തീരുമാനിച്ചു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണുകള്‍ ഇല്ലാതിരുന്നതുകൊണ്ട് ഓഫീസ് ഫോണില്‍ വിളിക്കുകയേ നിവൃത്തിയുള്ളൂ. ആരും ഫോണെടുക്കുന്നില്ല. എല്ലാവരും ഫീല്‍ഡില്‍ ആക്ഷന്‍ നടക്കുന്ന സ്ഥലത്തായിരിക്കും. എവിടെയാണ് ആക്ഷന്‍. ടെലിപ്രിന്ററില്‍ ഒന്നുകൂടി നോക്കി. അംഗരക്ഷകരുടെ വെടിയേറ്റ പ്രധാനമന്ത്രിയെ തൊട്ടടുത്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയിരിക്കുന്നു. അങ്ങോട്ടേക്ക് വിട്ടു.
മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റില്‍ കാര്‍ തടഞ്ഞു. അകത്തേക്കു പ്രവേശനം മന്ത്രിമാര്‍ക്കും മറ്റ് ഉന്നതര്‍ക്കും മാത്രം. ഗേറ്റില്‍ കൂടിനിന്ന പത്രക്കാര്‍ (അഞ്ചോ എട്ടോപേര്‍) പരസ്പരം നോട്‌സ് (കൂടുതലും ഊഹാപോഹങ്ങള്‍) കൈമാറുകയായിരുന്നു. അന്ന് പത്രക്കാര്‍ എന്നു പറഞ്ഞാല്‍ പത്രങ്ങളുടെയും മാസികകളുടെയും ലേഖകന്മാരും പിന്നെ ഏതാനും വിദേശികളും മാത്രമായിരുന്നു. ഇന്ന് അതുപോലുള്ള സംഭവം നടക്കുമ്പോള്‍ ചുറ്റുമുള്ള റോഡില്‍ ഗതാഗതം സ്തംഭിക്കും. ഡസന്‍കണക്കിന് ഒ.ബി. വാനുകള്‍ റോഡിന്റെ രണ്ടറ്റവും കൈയടക്കും. പിന്നെ, നൂറുകണക്കിന് ക്യാമറകളും ഓരോ യൂണിറ്റിനും മൂന്നും നാലും ജീവനക്കാരും. ഇതിനു പുറമേയാണ് ക്രമസമാധാനത്തിന്റെ പേരില്‍ വിന്യസിക്കപ്പെടുന്ന പോലീസ്.
ആശുപത്രിക്കകത്ത് ഇന്ദിരാഗാന്ധിക്ക് എന്തു സംഭവിക്കുന്നു എന്നറിയാന്‍ പുറത്ത് ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങള്‍ക്കറിയില്ലായിരുന്നു പത്തരമണിക്ക് ആശുപത്രിയില്‍ എത്തിയ പ്രധാനമന്ത്രി താമസിയാതെ ജീവന്‍ വെടിഞ്ഞിരുന്നു എന്ന കാര്യം. അറിയാവുന്ന ചിലരെങ്കിലും അകത്തുണ്ടായിരുന്നു. ഏതാനും മുതിര്‍ന്ന മന്ത്രിമാരും ബന്ധുവായ അരുണ്‍ നെഹ്രുവും. പക്ഷേ, അവര്‍ക്കാര്‍ക്കും ഈ ദാരുണമായ വിവരം ആശുപത്രിക്കു പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തോടോ പത്രക്കാരോടുപോലുമോ പറയാനുള്ള ധൈര്യമില്ലായിരുന്നു. ആരും പുറത്തിറങ്ങുന്നില്ല. എല്ലാവരും വിദേശയാത്രയിലായിരുന്ന രാഷ്ട്രപതിയും കൊല്‍ക്കത്തയിലുള്ള രാജീവ് ഗാന്ധിയും തിരിച്ചെത്താന്‍ കാത്തുനില്‍ക്കുകയായിരുന്നു.
വൈകീട്ട് ആറുമണിയോടെ ഇന്ത്യയില്‍ തിരിച്ചെത്തിയ രാഷ്ട്രപതി സെയില്‍സിങ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ അരുണ്‍ നെഹ്രുവിനോടൊപ്പം നേരേ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും കൊല്‍ക്കത്തയില്‍നിന്ന് രാജീവ് ഗാന്ധിയും എത്തിയിരുന്നു.
സെയില്‍സിങ്ങും അരുണ്‍ നെഹ്രുവും ആശുപത്രിയില്‍ എത്തുമ്പോഴേക്കും പുറത്ത് തടിച്ചുകൂടിയ ജനം അക്രമാസക്തമായിത്തുടങ്ങിയിരുന്നു. 'ചോരയ്ക്കു പകരം ചോര' എന്ന മുദ്രാവാക്യം ഒരു യുദ്ധകാഹളമായി അപ്പോഴേക്കും തെരുവുകളിലേക്ക് പടര്‍ന്നുപിടിച്ചുകഴിഞ്ഞിരുന്നു. സിഖുകാരെ തേടിപ്പിടിച്ചു കൊല്ലുക എന്നതായിരുന്നു അക്രമാസക്തമായ ജനത്തിനു ലഭിച്ച സന്ദേശം.
ആദ്യത്തെ ഇര അവരുടെ മുന്നില്‍ വന്നിറങ്ങിയപ്പോള്‍ പ്രതികാരദാഹികളായ ജനം പക്ഷേ ഒരുനിമിഷം സംശയിച്ചു. ഇത്രയും വലിയ ഇരയെ കൊല്ലാനുള്ള തയ്യാറെടുപ്പോ ആത്മവിശ്വാസമോ ജനം കരുതിയിരുന്നില്ല. ഒരുനിമിഷത്തെ അദ്ധ്വാനത്തിനുശേഷം അവര്‍ ലക്ഷ്യബോധം വീണ്ടെടുത്തു. ഇരയ്ക്കു നേരേ ആക്രമണം തുടങ്ങി.
പക്ഷേ, ഈ സിഖുകാരന്‍ സാധാരണക്കാരനായിരുന്നില്ല; ഒറ്റയ്ക്കുമായിരുന്നില്ല. അംഗരക്ഷകരായ സൈനികരും പോലീസും ബുള്ളറ്റ്പ്രൂഫ് കാറിനു ചുറ്റും തീര്‍ത്ത രക്ഷാകവചം ഭേദിക്കാന്‍ ജനത്തിനു കഴിഞ്ഞില്ല. കാരണം, ഈ ഇര ഇന്ത്യയുടെ രാഷ്ട്രപതിതന്നെയായിരുന്നു.
'കൊല്ലവനെ, കൊല്ലവനെ' എന്ന് ആര്‍ത്തട്ടഹസിച്ചുകൊണ്ട് നൂറുകണക്കിനു വരുന്ന ജനക്കൂട്ടം രാഷ്ട്രപതിയുടെ കാറിനു നേരേ തുരുതുരാ കല്ലേറു നടത്തിയെങ്കിലും പരുക്കൊന്നും കൂടാതെ രാഷ്ട്രപതിയും അരുണ്‍ നെഹ്രുവും ആശുപത്രിക്കകത്തേക്കു കടന്നു. പക്ഷേ, അതു കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകംതന്നെ ഡല്‍ഹിയുടെ നാനാഭാഗങ്ങളിലും സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മൃഗീയമായ കൂട്ടക്കൊലയ്ക്ക് തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു.
നാലു പകലും മൂന്നു രാത്രിയും നീണ്ടുനിന്ന സംഘടിതമായ ഈ നരഹത്യയ്ക്ക് പലയിടത്തും മുന്നില്‍ നിന്നുതന്നെ നേതൃത്വം നല്‍കിയത് പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളായിരുന്നു എന്ന കാര്യം പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിപോലും ഒളിച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല.
അതിലും ക്രൂരമായ സത്യം ഈ പ്രമുഖരിലൊരാള്‍പോലും ഇന്നുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതു മാത്രമല്ല, ഇവരില്‍ പലരും ഇപ്പോഴും പാര്‍ട്ടിയുടെ മുന്‍നിരയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ്.
കുറച്ചുപേരെ കാലമെടുത്തു; ചിലര്‍ തത്കാലത്തേക്ക് പൊതുജീവിതത്തില്‍നിന്നു മാറിനിന്നു. പക്ഷേ, മറ്റുപലരും ഇപ്പോഴും വായ നിറയേ മതേതരത്വവും മനസ്സു നിറയേ മതവിദ്വേഷവുമായി നമുക്കിടയില്‍ത്തന്നെയുണ്ട്.
ഒക്ടോബര്‍ 31 ഇനിയും വരും. ഹര്‍മെന്ദറിനു പുറകേ വരുന്ന തലമുറകള്‍ തെരുവില്‍ കത്തിയെരിഞ്ഞ തങ്ങളുടെ അപ്പൂപ്പന്‍മാരെക്കുറിച്ചുള്ള കഥകള്‍ കേട്ട് ഉറങ്ങുകയോ ഉറങ്ങാതിരിക്കുകയോ ചെയ്യും. പക്ഷേ, അപ്പോഴും കുറെ ചോദ്യങ്ങള്‍ ചരിത്രത്തിന്റെ താളുകളിലൂടെ ഉത്തരം കിട്ടാത്ത കബന്ധങ്ങളായി അലഞ്ഞുനടക്കും.
1984 ഒക്ടോബറില്‍ ഡല്‍ഹിയിലെ തെരുവുകള്‍ ഒരുകൂട്ടം കാപാലികര്‍ക്ക് തീറെഴുതിക്കൊടുത്തത് ആരായിരുന്നു? ആരുടെ നിശ്ശബ്ദകല്‍പ്പനയനുസരിച്ചായിരുന്നു ഇന്ത്യയുടെ തലസ്ഥാനനഗരം ഒരു വംശനശീകരണത്തിന് രംഗമൊരുക്കിയത്? വടക്കേ ഇന്ത്യ മുഴുവന്‍ കത്തിപ്പടര്‍ന്ന ഏകപക്ഷീയമായ ഒരു വര്‍ഗ്ഗീയകൂട്ടക്കൊല ഡല്‍ഹിയിലെ ഭരണവര്‍ഗ്ഗം കണ്ടില്ലെന്നു നടിച്ചത് ആരെ പേടിച്ചായിരുന്നു?
ജസ്റ്റിസ് ഠക്കര്‍ കമ്മീഷനോ, പിന്നീടു നടന്ന പരശ്ശതം കേസുവിസ്താരങ്ങള്‍ക്കോ, പിന്നാമ്പുറകഥകള്‍ എഴുതിയ പത്രക്കാര്‍ക്കോ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയില്ലായിരുന്നു.
അറിയാവുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായിരുന്ന പി.വി. നരസിംഹറാവു.
1999-ലെ ഒരു തണുത്ത പ്രഭാതത്തില്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. പ്രധാനമന്ത്രിപദം ഒഴിഞ്ഞ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. എന്റെ കൂടെ സുഹൃത്തും ചലച്ചിത്രസംവിധായകനുമായ ബിക്രം സിങ്ങുമുണ്ടായിരുന്നു. ദൂരദര്‍ശനുവേണ്ടി ഇന്ത്യയുടെ സാമ്പത്തികപരിഷ്‌കാരങ്ങളെക്കുറിച്ച് ഒരു പരമ്പര തയ്യാറാക്കുകയായിരുന്നു ഞങ്ങള്‍. പ്രസ്തുത സാമ്പത്തികപരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രിയായിരുന്നു നരസിംഹറാവു. പരമ്പരയ്ക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആവശ്യമായിരുന്നു.
ഒരുമണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തിനൊടുവില്‍ ക്യാമറ ഓഫ് ചെയ്ത് ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ അനൗപചാരികമായി സംസാരിച്ചുതുടങ്ങി. അല്‍പ്പം രാഷ്ട്രീയമായിക്കൂടേ എന്നു ചോദിച്ചപ്പോള്‍, 'എന്റെ രാഷ്ട്രീയം കഴിഞ്ഞില്ലേ. ഇനി അതിനെക്കുറിച്ച് എന്തു പറയാന്‍,' അദ്ദേഹം ചോദിച്ചു.
'നമുക്ക് വേണമെങ്കില്‍ അല്‍പ്പം സാഹിത്യം സംസാരിക്കാം' എന്നായി അദ്ദേഹം. ആയിടെ എഴുതിത്തീര്‍ത്ത ഔട്ട്‌സൈഡര്‍ എന്ന ആത്മകഥാംശം കലര്‍ന്ന നോവലിനെക്കുറിച്ച് സംസാരിക്കാനാണ് താത്പര്യം എന്നു മനസ്സിലായി. അല്‍പ്പനേരത്തിനുശേഷം ഞാന്‍ വീണ്ടും രാഷ്ട്രീയത്തിലേക്കു തിരിഞ്ഞു. ഗാന്ധികുടുംബവുമായുള്ള അകല്‍ച്ച, സോണിയയുമായുള്ള രാഷ്ട്രീയവൈരാഗ്യം, കൂടെ നിന്നവരുടെ കുതികാല്‍വെട്ട്... എല്ലാറ്റിനും ഒന്നുരണ്ടു വാക്കുകളില്‍ ഉത്തരം, അങ്ങുമിങ്ങും തൊടാതെ. ഒടുവില്‍ 1984 ഒക്ടോബര്‍ 31ന് എന്തു സംഭവിച്ചു എന്ന ചോദ്യം ഒറ്റക്കുതിപ്പില്‍ ചോദിച്ചു.
പൊട്ടിത്തെറിക്കുമെന്നായിരുന്നു കരുതിയത്. പക്ഷേ, വളരെ ശാന്തനായിത്തന്നെ അദ്ദേഹം പറഞ്ഞു: 'ഞാന്‍ പറയുന്നതിനു പകരം നിങ്ങള്‍ ബിബിസിയുടെ ഒരു ഡോക്യുമെന്ററിയും അവര്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പുസ്തകവും സംഘടിപ്പിക്കുക. നിങ്ങള്‍ക്കറിയേണ്ടതെല്ലാം അതിലുണ്ട്.' ഡോക്യുമെന്ററി കണ്ടില്ല. പുസ്തകം വായിച്ചു. ജഡ് ആഡംസും ഫിലിപ്പ് വൈറ്റ്‌ഹെഡും എഴുതിയ, The Dynasty-the Nehru-Gandhi story.
'The Reluctant Prime Minister' എന്ന അദ്ധ്യായം തുടങ്ങുമ്പോള്‍ നിസ്സഹായനായ രാഷ്ട്രപതി ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് താന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു പ്രധാനമന്ത്രിയാക്കിയ രാജീവ് ഗാന്ധിയോടും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളോടും കേണപേക്ഷിക്കുകയാണ്, ഡല്‍ഹിയില്‍ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഉടന്‍ എന്തെങ്കിലും ചെയ്യൂ. പക്ഷേ, രാഷ്ട്രപതിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആരും തയ്യാറായില്ല, രാജീവുപോലും.
ഒടുവില്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തയും ഇന്ദിരയുടെ ആത്മമിത്രവുമായ പുപുല്‍ ജയ്കര്‍ പാതിരായ്ക്ക് രാജീവ് ഗാന്ധിയുടെ വീട്ടില്‍ കയറിച്ചെന്നു. തൊഴുകൈയോടെ അവര്‍ പറഞ്ഞു: 'രാജീവ്, ഞാന്‍ നിന്റെ അമ്മയുടെ സ്ഥാനത്തു നിന്നാണ് സംസാരിക്കുന്നത്. ദയവുചെയ്ത് ദൂരദര്‍ശനിലൂടെ രാഷ്ട്രത്തോട് സംസാരിക്കൂ. ഈ അക്രമം അവസാനിപ്പിക്കാന്‍ ഉത്തരവിടൂ.'
കുറെനേരത്തെ മൗനത്തിനുശേഷം രാജീവ് ഗാന്ധി പറഞ്ഞു: 'ശരി, ഞാന്‍ സംസാരിക്കാം. എന്താണു പറയേണ്ടതെന്ന് നിങ്ങള്‍ എഴുതിത്തരൂ.'
പക്ഷേ, രാജീവ് പുപുല്‍ ജയ്കര്‍ക്കു നല്‍കിയ വാക്കു പാലിച്ചില്ല. അന്നു വൈകീട്ട് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തില്ല. അക്രമം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടില്ല. ആഭ്യന്തരമന്ത്രി നരസിംഹറാവുവിനെക്കൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യിച്ചു; അത് വെറുമൊരു പ്രഹസനമായിരിക്കും എന്നറിഞ്ഞുകൊണ്ടുതന്നെ.
പിന്നെയും മൂന്നുദിവസം കഴിഞ്ഞ്, ഇന്ദിരാഗാന്ധിയുടെ ശവസംസ്‌കാരം നടന്ന അന്നാണ് രാജീവ് ഗാന്ധി രാജ്യത്തെ അഭിസംബോധന ചെയ്തതും അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം നല്‍കിയതും. ഏതാനും മണിക്കൂറുകള്‍ക്കകം സൈന്യത്തെ വിന്യസിച്ചു. താമസിയാതെ അക്രമം അവസാനിച്ചു. അപ്പോഴേക്കും മൂവായിരത്തിലധികം ജനങ്ങള്‍ അവരുടെ മതവിശ്വാസത്തിന്റെ പേരില്‍ കുരുതികൊടുക്കപ്പെട്ടിരുന്നു.
എന്തിനാണ് രാജീവ് ഗാന്ധി മൂന്നുദിവസം കാത്തുനിന്നത്? അമ്മയുടെ സംസ്‌കാരം കഴിയുന്നതിനു മുമ്പ് കൂട്ടക്കൊല തടയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലേ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനു പകരം ഒരു വന്‍മരത്തിന്റെ വീഴ്ച പ്രതീകമാക്കി മൂവായിരംപേരുടെ മരണത്തെ ന്യായീകരിക്കുകയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രികൂടിയായ രാജീവ് ചെയ്തത്.
നാല്‍പ്പതിലേറെ വര്‍ഷത്തെ ഭര്‍ത്താവിന്റെ സ്റ്റാലിനിസ്റ്റ് ഭരണകാലത്ത് ഒരുലക്ഷത്തിലേറെ രാഷ്ട്രീയപ്രതിയോഗികള്‍ അപ്രത്യക്ഷരായതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അല്‍ബേന്യന്‍ കമ്യൂണിസ്റ്റ് നേതാവ് എന്‍വര്‍ ഹോജയുടെ ഭാര്യ പ്രതികരിച്ചതിങ്ങനെ: 'നാല്‍പ്പതു വര്‍ഷത്തില്‍ ഒരുലക്ഷം എന്നത് വലിയ സംഖ്യയാണോ?'
അല്ലായിരിക്കാം. പക്ഷേ, മൂന്നു രാത്രികൊണ്ട് മൂവായിരംപേര്‍ എന്നാവുമ്പോഴോ?
Content Highlights: Sikh Massacre, Indira Gandhi Assassination , Rajiv Gandhi Ascension, P.P Balachandran, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..