ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷകസമരങ്ങളിലൊന്നാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെയാണ് ഉജ്ജ്വലമായ ഈ സമരം . കാല്‍നൂറ്റാണ്ടുകൊണ്ട് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ സാഹചര്യത്തില്‍, അതിജീവനത്തിന് അതിശക്തമായ സമരമല്ലാതെ മറ്റുവഴികളില്ല എന്ന് കര്‍ഷകര്‍ ഉറക്കെപ്പറയുന്നു. ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിയും ബാരിക്കേഡുകളുമായി കേന്ദ്ര ഭരണകൂടം കര്‍ഷകരെ നേരിടുമ്പോള്‍ ജനാധിപത്യപരമായ സമരമാതൃകയാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അവഗണിച്ചുവെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സംഘടിച്ച് ഡല്‍ഹിയിലേക്ക് ഒഴുകിയെത്തിയ കര്‍ഷകരുടെ ശബ്ദം അധികാരകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുകയാണ്. നിയമത്തിനും കോര്‍പ്പറേറ്റ് ധാര്‍ഷ്ട്യത്തിനും എതിരായ സമരം മാത്രമല്ല ഇത് എന്നും മണ്ണിന്റെയും കൃഷിയുടെയും വീണ്ടെടുപ്പിനായും അതിജീവനത്തിനായുമുള്ള സമരം കൂടിയാണിത് എന്നും കര്‍ഷകര്‍ പറയുന്നു.
ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുകയായിരുന്നു. അതിര്‍ത്തികള്‍ അടച്ച് ഗ്രാമീണര്‍ നഗരത്തിലെ ഭരണാധികാരികളെ പ്രതിഷേധത്തടവിലാക്കുകയായിരുന്നു. ഹിന്ദി കവി രാം ധാരി സിങ് ദിന്‍കര്‍ എഴുതിയ 'സിംഹാസന്‍ ഖാലി കരോ, ജനതാ ആതീ ഹെ' (സിംഹാസനങ്ങള്‍ കാലിയാക്കു, ജനങ്ങള്‍ എത്തിക്കഴിഞ്ഞു) എന്ന പടപ്പാട്ടും പാടി എഴുപതുകളുടെ പകുതിയില്‍ ജയപ്രകാശ് നാരായണന്റെ ആഹ്വാനത്തില്‍ ആയിരങ്ങള്‍ ഡല്‍ഹിയുടെ മൈതാനത്ത് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച് തമ്പടിച്ചതിന് സമാനമായിരുന്നു അത്. രാം ധാരി ദിന്‍കറിന്റെ കവിതയ്ക്ക് പകരം, പടപ്പാട്ടുകള്‍ പുതിയതെഴുതി: 'കര്‍ഷകരേ സംഘടിക്കുവിന്‍, ഡല്‍ഹിയിലേക്ക് നീങ്ങുവിന്‍.' രണ്ടുമാസമായി സമരമുഖം തുറന്ന കര്‍ഷകര്‍ ചരിത്രമെഴുതുന്നത് അങ്ങനെയാണ്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
Content Highlights: India farmers protest against law