സമ്മാനപ്പൊതിയില്‍ അപ്പോള്‍ അറുത്തുമാറ്റിയ വൃക്ക ;മായാ കിരണിന്റെ ഉദ്വേഗ നോവല്‍ 'ഇന്‍സിഷന്‍' 


മായാകിരണ്‍

ഈ ഓര്‍ഗന്‍ ശരീരത്തില്‍നിന്നും എടുത്തുമാറ്റിയിട്ട് ഒരു നാലുമണിക്കൂറില്‍ താഴെയേ ആയിട്ടുണ്ടാവൂ എന്നാണ്. തന്നെയുമല്ല നോക്ക് ഈ ഐസ് ക്യൂബില്‍ കിടന്നിട്ടും ഇത് ഫ്രീസ് ആയിട്ടില്ല ഒപ്പം ആ ഓര്‍ഗനിലുള്ള പ്രിസെര്‍വഷന്‍ സൊല്യൂഷന്റെ ലയര്‍പോലും വിസിബിളാണ്. സൊ ഐ തിങ്ക് ഇറ്റ്‌സ് റീമൂവ്ഡ് ജസ്റ്റ് ബിഫോര്‍ ഒണ്‍ലി.'

നോവൽ കവർ, മായാകിരൺ

ഡിറ്റക്ടീവ് നോവല്‍ ജോണറിലെ ശ്രദ്ധേയയായ എഴുത്തുകാരി മായാ കിരണ്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇന്‍സിഷന്‍ എന്ന നോവലില്‍ നിന്നും ഒരു ഭാഗം.

ലേരാത്രി മുതല്‍ ഡോക്ടര്‍ അര്‍ജ്ജുന് സി.എം.സിയില്‍ തിരക്കേറെയുള്ള ദിവസമായിരുന്നു. അതൊരു ആക്‌സിഡന്റ് കേസായിരുന്നു. ചേര്‍ത്തലയ്ക്കും എറണാകുളത്തിനുമിടയ്ക്ക് തുറവൂര്‍ സിഗ്‌നലിനടുത്തുവെച്ചുണ്ടായ ഒരു അപകടം.
അമിതവേഗത്തില്‍ വന്ന ഒരു മാരുതി സ്വിഫ്റ്റ് ഹാച്ബാക്ക് കാര്‍ നിയന്ത്രണം വിട്ട് സിഗ്‌നല്‍ പോസ്റ്റിലിടിച്ചു മറിയുകയായിരുന്നു.
ആ നീല മാരുതി സ്വിഫ്റ്റിനുള്ളില്‍ മാരകമായി പരിക്കേറ്റ ഒരു യുവാവും യുവതിയും. ഇരുവരെയും കൊണ്ട് ആംബുലന്‍സ് പാഞ്ഞത് സര്‍വസന്നാഹങ്ങളുമുള്ള സി.എം.സിയിലേക്ക്.

ഡോക്ടര്‍ അര്‍ജ്ജുന്‍ അവരെ അറ്റന്‍ഡ് ചെയ്യുമ്പോള്‍ സമയം വെളുപ്പിനെ നാലുമണി കഴിഞ്ഞിരുന്നു.
ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ റസിഡന്റ് ജോലിയുടെ ചുമതല കൂടെയുള്ള സി.എം.സിയുടെ അനന്തരാവകാശിക്കു പക്ഷേ, തന്റെ തൊഴിലാണ് ജീവവായു. ഉറക്കത്തിന്റെ നേര്‍ത്ത കണികയെപ്പോലും തന്റെ ചിന്തകള്‍ക്ക് പുറത്തു നിര്‍ത്തി അയാളവിടെ കാവല്‍ നില്‍ക്കുന്നത് മൃത്യുഞ്ജയനായാണ്. മാര്‍ക്കണ്ഡേയന് കാലപാശത്തില്‍നിന്ന് മോചനം കൊടുത്ത സാക്ഷാല്‍ കൈലാസനാഥനാണ് അപ്പോള്‍ അര്‍ജ്ജുന്റെ മനസ്സിന്റെ അധിപന്‍.
സംഭവത്തിനു മുമ്പുള്ള ആ ഒരു മണിക്കൂര്‍! അര്‍ജ്ജുന്റെ മനസ്സില്‍ ഒരുതരം ഇന്റ്യൂഷന്‍ തോന്നിത്തുടങ്ങിയിരുന്നു. സാധാരണ അതങ്ങനെയാണ്. ജീവനും മരണവും ഒളിച്ചുകളി നടത്തുന്ന ചില ജീവിതങ്ങള്‍ അയാള്‍ക്കു മുന്നിലേക്കെത്തുന്നതിനു മുമ്പായി അത്തരം ചില തോന്നലുകള്‍ അര്‍ജ്ജുനന് അനുഭവിക്കേണ്ടി വരാറുണ്ട്.
അന്നും അതങ്ങനെ തന്നെയായിരുന്നു.

അര്‍ജ്ജുന്‍ പദ്മനാഭനു മുമ്പില്‍ ആ രണ്ടുപേരെത്തുമ്പോള്‍ അവരില്‍ കേവലം നേര്‍ത്ത ഞരക്കം മാത്രമാണുണ്ടായിരുന്നത്. പച്ചനിറമുള്ള സ്‌ട്രെച്ചറിലാകെ കട്ടച്ചോരയുടെ പ്രളയം.
അവര്‍ ചേര്‍ത്തലയില്‍നിന്നും എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു. അപകടത്തില്‍ പെടുന്നതിനു മുമ്പ് ഇടതുവശത്ത് തുറവൂര്‍ നരസിംഹ മൂര്‍ത്തിക്ഷേത്രം കടന്ന് ഒരു നൂറു മീറ്റര്‍ കടന്നിരുന്നില്ല, കാര്‍ സ്‌കിഡ് ചെയ്ത് സിഗ്‌നല്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.
'സൈഡ് സീറ്റിലിരുന്ന യുവാവിന്റെ തലയില്‍ ശക്തമായ ഒരു പ്രഹരമേറ്റിരിക്കണം. മുഖത്തിന്റെ ഇടതുവശം മുഴുവനായി ചോരയില്‍ കുളിച്ചിട്ടുണ്ട്. അതു പോരാതെ വലത്തേക്ക് ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചപ്പോഴായിരിക്കാം വലത്തേ കൈമുട്ടിലും പരിക്കുണ്ട്. സീറ്റ് ബെല്‍റ്റിട്ടിരുന്നതിനാല്‍ത്തന്നെ അയാള്‍ സീറ്റില്‍നിന്നും തെറിച്ചുപോയില്ല.

എയര്‍ബാഗ് ഓപ്പണ്‍ ആവാത്തതിനു കാരണം ഡ്രൈവ് ചെയ്തിരുന്ന ആ യുവതി സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിരുന്നില്ല എന്നതാവാം. സത്യത്തില്‍ യുവതിയുടെ ആ തീരുമാനമാണ് അവളെ ഇപ്പോള്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കിയ ഈ അവസ്ഥയിലേക്കെത്തിച്ചത്. യുവതിയുടെ മുഖം ശക്തമായി സ്റ്റീയറിങ്ങിലേക്കും സീറ്റിന്റെ ഹെഡ് റെസ്റ്റിലേക്കും ആഞ്ഞിടിച്ചിട്ടുമുണ്ട്. മുഖത്ത് മുറിവുകള്‍ കാര്യമായിട്ടില്ല എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ സീറ്റില്‍നിന്നും ഫ്രന്‍ഡ് വിന്‍ഡോ വഴി മുന്നോട്ടു തെറിച്ചു വീണതിനാല്‍ത്തന്നെ കാല്‍മുട്ടിലും കൈയുടെ പലയിടത്തും ഒടിവുകളുണ്ട്.' അര്‍ജ്ജുന്‍ ലക്ഷണങ്ങള്‍ ഓരോന്നും ഇഴകീറി പരിശോധിച്ചും നിരീക്ഷിച്ചും നിഗമനത്തിലെത്തിക്കൊണ്ടിരുന്നു.

'ആശാ വേഗം, ബ്രിങ് ദെം ഇന്‍ടു ഓ.ടി, ക്ലീന്‍ ദി ഫേസ് ആന്‍ഡ് ഡോണ്ട് ടച് ദി ആം ആന്‍ഡ് ലെഗ്. ഓക്കെ?'അര്‍ജ്ജുന്‍ തന്റെ മെഡിക്കല്‍ ഗൗണും മാസ്‌കും എടുത്തു ധരിച്ചുകൊണ്ട് ഹെഡ് നേഴ്‌സ് ആശ പ്രതാപിനോടു പറഞ്ഞു.
'സിസ്റ്റര്‍ സെലിന്‍ വേഗം ഡോക്ടര്‍ ഹിരണ്മയിയെ വിവരമറിയിക്കൂ ആന്‍ഡ് ഗെറ്റ് ആന്‍ അഡൈ്വസ് ഫ്രം ഹേര്‍. ക്വിക്ക്.' അര്‍ജ്ജുന്‍ ആ യുവാവിന്റെ പള്‍സ് ഒന്ന് ചെക്ക് ചെയ്തുകൊണ്ടു പറഞ്ഞു.

'ആശാ. ബ്രീത്തിങ് എയ്ഡ് കൊടുത്തുകഴിഞ്ഞു ഈ വൂണ്ട്‌സ് ഒന്ന് കെയര്‍ ചെയ്‌തേക്ക്. കണ്ടിട്ട് ലാസറേറ്റഡ് ആന്‍ഡ് കോന്‍ഡ്യൂസ്ഡ് വൂണ്ട്‌സ്, രണ്ടുമുണ്ട്. ഇല്ലേല്‍ വഷളാവാന്‍ സാദ്ധ്യതയുണ്ട്. ഓക്കെ?'
'ഒകെ സര്‍.'
'ഹാ പിന്നെ സെലിന്‍, വണ്‍ മോര്‍ തിങ്, ഐ വാണ്ട് എ കംപ്ലീറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ട് ഓഫ് ബിപി, ഓക്‌സിജന്‍ സാച്ചുറേഷന്‍ ആന്‍ഡ് ഇ.സി.ജി. മീന്‍ ടൈം ഡോക്ടര്‍ ഹിരണ്മയിയുടെ സജഷന്‍. ആവശ്യമെങ്കില്‍ അവര്‍ വന്നിട്ട് സി.ടി.' ആശയ്ക്ക് തൊട്ടടുത്ത് നിന്നുകൊണ്ട് ആ പെണ്‍കുട്ടിയുടെ മുഖം ക്ലീന്‍ ചെയ്യുകയായിരുന്നു സിസ്റ്റര്‍ സെലിന്‍.

'സീ ആശാ ഒരു കാര്യംകൂടി.' അര്‍ജ്ജുന്‍ പെട്ടെന്നെന്തോ ഓര്‍ത്തതുപോലെ ഒന്ന് തിരിഞ്ഞു നിന്നു.
'ആശാ, ഈ പെണ്‍കുട്ടി ഒരു ഹൈപ്പോവോളിമിക് ഷോക്ക് സ്റ്റേജിലാണ്, ശരീരത്തില്‍നിന്നും നന്നായി രക്തം നഷ്ടമായിട്ടുണ്ട്. അതോണ്ട് തന്നെ ബി.പി. ലെവലിലും വേരിയേഷനുണ്ട്. പക്ഷേ, പ്രശ്‌നമെന്താണെന്നുവെച്ചാല്‍ അത്രയും രക്തം പുറത്തുപോയതായി കാണുന്നുമില്ല.
സൊ ശരീരം മുഴുവന്‍ ചെക്ക് ചെയ്യണം. ഏതെങ്കിലും ഭാഗത്ത് അണ്‍ യൂഷ്വല്‍ മുറിവു കണ്ടാല്‍ കാള്‍ മി ഫാസ്റ്റ്. ഈ ഷോക്കും ലോ ബി.പിയും കാണുമ്പോള്‍ ഐ ഫീല്‍. എന്തോ ഒരു ദുരൂഹതപോലെ.'

'ഹ്‌മ്മ് മനസ്സിലായി സര്‍. ഞാന്‍ പറയാം.' ആശ അതു സമ്മതിച്ചുകൊണ്ട് ആ പെണ്‍കുട്ടിക്ക് അരികിലേക്കുതന്നെ നടന്നു. അതിനുശേഷം ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് അര്‍ജ്ജുന്‍ ആ പെണ്‍കുട്ടിക്കരികില്‍ എത്തുന്നത്. അതുവരെ ഡ്യൂട്ടി ഡോക്ടര്‍ സാജന്‍ ആയിരുന്നു ഇന്‍ചാര്‍ജ്.
'സെലിന്‍ വാട്‌സ് ഹേര്‍ ഹാര്‍ട്ട് റേറ്റ് നൗ?'

'സര്‍, ഇറ്റ്‌സ് 74!' സെലിന്‍ തിരിഞ്ഞു മെഡിക്കല്‍ എക്വിപ്‌മെന്റ് ഘടിപ്പിച്ചിരിക്കുന്ന ആ മോണിറ്ററിലേക്കു നോക്കി പറഞ്ഞു.
'പെര്‍ഫെക്റ്റ്! സൊ ഷീ ഈസ് ഔട്ട് ഓഫ് ന്യൂറോജിനിക് ഷോക്ക്! അത്രയും ആശ്വാസം. അങ്ങനെയെങ്കില്‍ ഉറപ്പായും ബിപി ലോസ്സിന് ഈ ആക്‌സിഡന്റ് അല്ല കാരണം. പുറത്തു കാണുംവിധത്തില്‍ ചോര പൊതിഞ്ഞ മുറിവുകള്‍ മുഖത്തു മാത്രം. പക്ഷേ, തീവ്രമായ അളവില്‍ രക്തം നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന 'ഹൈപോവോളെമിക് ഷോക്ക്' എന്ന ഈ അവസ്ഥ? അതിനു കാരണം എന്തായിരിക്കും?' അങ്ങനെയൊരാലോചനയോടെ അര്‍ജ്ജുന്‍ ഓപ്പറേഷന്‍ തീയേറ്ററിനു വെളിയിലേക്കിറങ്ങാന്‍ തുടങ്ങി. അപ്പോഴാണ് അയാള്‍ക്കരികിലേക്ക് ആശ ഓടി വന്നത്.
'സര്‍, ഒരു നിമിഷം ഒന്നു നില്‍ക്കണേ, ഒരു കാര്യോണ്ട്.'

'എന്താണ് ആശാ?' അര്‍ജ്ജുന്‍ ഒരു നിമിഷമൊന്നു തിരിഞ്ഞു നിന്നു.
'സാറിന്റെ സംശയം ശരിയായിരുന്നു.'
'എന്ത് സംശയം?' അയാള്‍ തന്റെ മൊബൈല്‍ സ്‌ക്രീനിലേക്കൊന്നു നോക്കികൊണ്ട് തിടുക്കത്തില്‍ ചോദിച്ചു.
'സാര്‍ സാറ് പറഞ്ഞില്ലേ ഈ കുട്ടിയുടെ ദേഹത്ത് അണ്‍ യൂഷ്വല്‍ മുറിവ് കണ്ടാല്‍ പറയണം എന്ന്.' ആശ വ്യക്തതയോടെ ചോദിച്ചു.
'ഹാ യെസ് യെസ്. എന്താ അങ്ങനെ എന്തേലുമുണ്ടോ?'അര്‍ജ്ജുന്‍ അദ്ഭുതത്തോടെ ചോദിച്ചു.
'ഹ്‌മ്മ്, ഉണ്ട് സര്‍. ഈ കുട്ടിയുടെ കഴുത്തിനു വശത്തായി ഒരു മുറിവുണ്ട്. നമ്മടെ ഈ സര്‍ജിക്കല്‍ ബ്ലേഡുകൊണ്ട് ഉണ്ടായതുപോലെ ഒരു രണ്ടു സെന്റിമീറ്റര്‍ നീളമുള്ള ഒരു മുറിവ്. അത് നമ്മള്‍ ഡ്രസ്സ് ചെയ്തിട്ടുണ്ട്. പക്ഷേ, കണ്ടിട്ട് ആ മുറിവ് ഈ അപകടത്തില്‍ പറ്റിയതാണെന്നു തോന്നുന്നില്ല.' ആശ പറഞ്ഞു.

'ഹ്‌മ്മ് അപ്പോള്‍ ഈ അപകടം യാദൃച്ഛികമല്ല അല്ലേ ആശാ?' അര്‍ജ്ജുന്‍ അത് ചോദിച്ചുകൊണ്ട് തീയേറ്ററിനു പുറത്തേക്കിറങ്ങി.
'ഹേയ് ഡോക്ടര്‍ അര്‍ജ്ജുന്‍, ഗുഡ് മോണിങ.്'
അര്‍ജ്ജുന്‍ ഓ.ടിക്ക് പുറത്തേക്കിറങ്ങിയപ്പോഴേക്കും ന്യൂറോ സര്‍ജനും ക്രേനിയല്‍ നെര്‍വ് സ്‌പെഷ്യലിസ്റ്റും കൂടെയായ ഹിരണ്മയിദാസ് അയാള്‍ക്കൊപ്പം ചേര്‍ന്നു.

'യാഹ് മോണിങ് ഡോക്ടര്‍ ഹിരണ്മയി. അല്ല ഡോക്ടര്‍, ഇവിടെയുണ്ടായിരുന്നോ?'
'ഹാ ഞാന്‍ ഇവിടെ റെസിഡന്റില്‍ ഉണ്ടായിരുന്നല്ലോ. സെലിന്‍ വിളിച്ചപ്പോള്‍ ഞാന്‍ അതു പറഞ്ഞിരുന്നു. ഹാ അതുപോട്ടെ വാട്‌സ് ദി സ്റ്റാറ്റസ് നൗ?'
'സത്യത്തില്‍ ഇപ്പോള്‍ ഡോക്ടറെ ഒന്ന് വിളിക്കണം എന്നു കരുതിയാണ് ഞാന്‍ പുറത്തിറങ്ങിയത്.'
'എന്താണ് അര്‍ജ്ജുന്‍? എനി സീരിയസ് ഇഷ്യൂ?'

'ഹ്‌മ്മ് അതെ ഡോക്ടര്‍. അതായത് ഈ പേഷ്യന്റിനെ കൊണ്ടുവന്നപ്പോഴേ നമ്മുടെ ടീം ഇ.ടി.ഐ. സപ്പോര്‍ട്ട് കൊടുത്തു. രണ്ടുപേരുടെയും ലാസറേഷന്‍ റിപ്പയര്‍ ചെയ്തും കഴിഞ്ഞു. ഇപ്പോള്‍ ആ പെണ്‍കുട്ടിയും സ്റ്റേബിളായി വരുന്നു.'
'ഒകെ ദാറ്റ്‌സ് സൗണ്ട്‌സ് ഗുഡ്. പിന്നെ എന്താണ് പ്രോബ്ലം അര്‍ജ്ജുന്‍?'
'അതാണ് പറയാന്‍ വന്നത്. ആ പെണ്‍കുട്ടിയുടെ ദേഹത്തെ മുറിവുകള്‍ക്കെല്ലാം ഒരു മിസ്റ്ററി നേച്ചറുണ്ട് ഡോക്ടര്‍. അതു പോട്ടെ അതു നമുക്ക് പിന്നീടു നോക്കാം. എന്നുവെച്ചാല്‍ ആ പയ്യന് കാര്യമായ കുഴപ്പം തോന്നിയില്ല. അവന്‍ സ്റ്റേബിളാണ്. പക്ഷേ, ആ പെണ്‍കുട്ടി. ആ കുട്ടിക്ക് മൈല്‍ഡ് ട്രുമാറ്റിക് ബ്രെയിന്‍ ഇന്‍ജുറിയുടെ സകല ലക്ഷണങ്ങളുമുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഡോക്ടറെ അര്‍ജന്റായി വിളിക്കാന്‍ തുടങ്ങിയത്. ഒരു ന്യുറോ ഇഷ്യൂ ആ കുട്ടിയിലുണ്ട് ഡോക്ടര്‍.'

'ഓഹ് ഓക്കേ ഓക്കേ എന്നിട്ട് പോലീസിലറിയിച്ചില്ലേ?'
'അതൊക്കെ അറിയിച്ചു.'
'ഹ്‌മ്മ് മിസ്റ്ററിയൊക്കെ അവര്‍ നോക്കട്ടെ അര്‍ജ്ജുന്‍, നമുക്ക് പ്രധാനം അവരുടെ റിക്കവറിയാണ്. ഞാന്‍ ഇപ്പോള്‍ ഒ.ടിയിലേക്കുതന്നെ ഇറങ്ങിയതാ. ഞാനൊന്നു കാണട്ടെ. എന്നിട്ട് നമുക്ക് സംസാരിക്കാം.'
'ശരി ഡോക്ടര്‍. താങ്ക് യു.'

അപ്പോഴും എന്തുകൊണ്ടോ ആ പെണ്‍കുട്ടിയില്‍ ആ ആക്‌സിഡന്റിനു തൊട്ടുമുമ്പ് ഉണ്ടായിട്ടുണ്ടാവാന്‍ സാദ്ധ്യതയുള്ള ആഴമുള്ള മുറിവിനെക്കുറിച്ച് അയാള്‍ പറഞ്ഞതേയില്ല. അയാള്‍ മാത്രമല്ല ഹെഡ് നേഴ്‌സ് ആശയും. കാരണം, ആ 'തിരുമുറിവ്' മറച്ചുവെച്ചാലും ജീവനു ഭീഷണിയായതൊന്നും അതിലില്ല എന്നവര്‍ക്കു മനസ്സിലായിട്ടുണ്ടാവണം. മറിച്ച് ആ മുറിവ് വെളിപ്പെട്ടാല്‍ സംഭവിക്കുന്നത് മറ്റൊരു അപകടമാണെന്ന് അയാള്‍ ഭയപ്പെട്ടു. കാരണം, ഒരുപക്ഷേ ആ ആക്‌സിഡന്റിനു പിന്നിലെ മോട്ടീവാണ് ആ മുറിവ്. അങ്ങനെയെങ്കില്‍ അതു തേടി വരുന്നൊരാള്‍ക്ക് ആ മുറിവ് ആ പെണ്‍കുട്ടിയുടെ ഒരു ഐഡന്റിഫിക്കേഷന്‍ ആവരുത് എന്ന നിഷ്‌കര്‍ഷ അയാളുടെ ഉള്ളിലുണ്ടായിരുന്നു. അത് അയാള്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലടക്കം നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ രണ്ടുപേര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായിട്ടേയില്ല എന്ന തരത്തിലായിരുന്നു പിന്നീട് സകലരും അവിടെ പെരുമാറിയതും.

ഏകദേശം ആറുമണിയോടെ ആ പെണ്‍കുട്ടിയുടെ നില മെച്ചപ്പെടാന്‍ തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. അതുകൊണ്ടുതന്നെ അര്‍ജ്ജുന്‍ ഒന്ന് ഫ്രഷ് ആയി വരാനാണ് സ്വന്തം കാര്‍ എടുത്തുകൊണ്ട് 'അണിമ' എന്നു പേരുള്ള തന്റെ വീട്ടിലേക്കിറങ്ങിയത്.
അര്‍ജ്ജുന്റെ കാര്‍ ഇടപ്പള്ളിയും കഴിഞ്ഞു വൈറ്റില സിഗ്‌നലിലെത്തി. അവിടെനിന്നും ഇടത്തോട്ടു തിരിഞ്ഞു ഉള്ളിലേക്ക് കയറി സഹോദരന്‍ അയ്യപ്പന്‍ റോഡ് വഴി മുന്നോട്ടു പോയി വെല്‍കെയര്‍ ഹോസ്പിറ്റലിനു മുന്നിലൂടെ ഇ.വി.എം. ഹോണ്ടയുടെ നേരെ എതിര്‍വശത്തുള്ള തന്റെ വീടിനുള്ളിലേക്കു കാര്‍ മെല്ലെ തിരിച്ചു. വെള്ളനിറത്തില്‍ ഒരു മാലാഖയുടെ ഭംഗിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ഇരുനിലഭവനം, അതാണ് അണിമ. അതിന്റെ പോര്‍ച്ചിലേക്ക് തന്റെ നിസ്സാന്‍ മാഗ്‌നൈറ്റ് കയറ്റി പാര്‍ക്ക് ചെയ്തുകൊണ്ട് അര്‍ജ്ജുന്‍ വെളിയിലേക്കിറങ്ങി. തിടുക്കത്തില്‍ത്തന്നെ തുറന്നിട്ടിരുന്ന പ്രധാന വാതിലും കടന്ന് അതിനു നേരെയുള്ള കോണിപ്പടിക്ക് നേരെ നടന്നു.

കോണിപ്പടി കയറി മുകളിലെത്തി കാറിന്റെ താക്കോലെടുത്ത് കീഹോള്‍ഡറിലേക്ക് വെച്ചുകൊണ്ട് തിരിഞ്ഞപ്പോഴാണ് അയാള്‍ സ്വന്തം മേശയിലിരിക്കുന്ന ഒരു പാക്കറ്റ് കണ്ടത്.
ഭംഗിയായി പൊതിഞ്ഞ ഒരു പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ബോക്‌സ്. അതിനു മീതെ വ്യക്തമായി ഡോക്ടര്‍ അര്‍ജ്ജുന്‍ കൈമള്‍ എന്നെഴുതിയിരുന്നു. അയാളൊന്ന് ആ ബോക്‌സ് കൈയിലേക്കെടുത്തു നോക്കിയതിനുശേഷം താഴെ സ്വീകരണമുറിയിലൂടെ കടന്ന് ഇടതുവശത്തുള്ള ഊണുമേശയ്ക്കരികിലേക്ക് ചെന്നു. അവിടെ ഹൗസ് കീപ്പിങ് സ്റ്റാഫ് ശാരദ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
'ശാരദാമ്മ, എനിക്കെന്തെങ്കിലും പാക്കറ്റ് വന്നിരുന്നോ ഇന്നലെ എങ്ങാനും?'

അവര്‍ പെട്ടെന്ന് അര്‍ജ്ജുന്റെ ആ ശബ്ദത്തില്‍ ഒന്ന് ഞെട്ടിയാണ് തിരിഞ്ഞത്. അച്ഛന്റെയും അമ്മയുടെയും ജോലിത്തിരക്കില്‍ ശാരദയാണ് ചെറുപ്പം മുതലേ അര്‍ജ്ജുന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.

'അയ്യോ ഇന്നലെയല്ല മോനെ. ഇന്നാണ്, ഇന്നല്‍പ്പം മുമ്പാണ് ഒരു പെട്ടിയുംകൊണ്ട് ഒരാള്‍ വന്നത്. ഇതെന്താണെന്നു ഞാന്‍ ചോദിക്കേം ചെയ്തു. പക്ഷേ, അയാളൊന്നു ചിരിച്ചിട്ട് ഒന്നും മിണ്ടാതെ പോയി. പിന്നെ ഞാനോര്‍ത്തു ഇതുപോലെ ചില പാക്കറ്റുകള്‍ വല്യ ഡോക്ടര്‍ക്ക് വരാറുണ്ടല്ലോ. അതുപോലെന്തെലുമാവുമെന്ന്. എന്താ മോനെ?' ശാരദ ഇഡ്ഡലി കാസറോളിലേക്ക് എടുത്തുവെച്ചുകൊണ്ട് പറഞ്ഞു.
'ഒന്നൂല്ല ശാരദാമ്മാ. ഞാന്‍ കണ്ടപ്പോ ചോദിച്ചുന്നേയുള്ളു.' അര്‍ജ്ജുന്‍ മനസ്സിലെന്തോ ആശങ്കയോടെ സ്വന്തം മുറിയിലേക്ക് തിരിഞ്ഞു നടക്കാന്‍ തുനിഞ്ഞപ്പോഴാണ് അങ്ങോട്ടേക്ക് ഡോക്ടര്‍ സുരസ കൈമള്‍ എത്തിയത്. അമ്മയെ കണ്ടതും അര്‍ജ്ജുന്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. എങ്കിലും ഉള്ളിലെ ആ ബോക്‌സ് അയാളെ വല്ലാതെ അസ്വസ്ഥനാക്കിക്കൊണ്ടേയിരുന്നു

'അര്‍ജ്ജൂ, നീ ബ്രേക്ഫാസ്റ്റ് കഴിക്കുന്നില്ലേടാ? വാ ഇരിക്ക് അച്ഛനുമിപ്പോ വരും. ഇനി കഴിച്ചിട്ട് മോളിലേക്ക് പോ. വാ ഇരിക്ക്.'
'ഇല്ലമ്മാ ഞാന്‍ പോയെന്നു കുളിച്ചിട്ടൊക്കെ വരാം. അച്ഛന്‍ കഴിക്കട്ടെ. രാവിലെ ഒരു എമര്‍ജന്‍സി ഉണ്ടായിരുന്നു. ആകെ ഒരു ക്ഷീണം. ഞാന്‍ വരാം. യു പ്ലീസ് ക്യാരി ഓണ്‍...' അത്രയും പറഞ്ഞുകൊണ്ട് അര്‍ജ്ജുന്‍ സ്വന്തം മുറിയിലേക്കു കയറാന്‍ തുടങ്ങി.
'ഹാ മോനെ പിന്നെ മോന്‍ പറഞ്ഞ ആ പെങ്കൊച്ചിന്റെ ഫോട്ടോ ഒന്നും ഞാനവിടെ കണ്ടില്ല കേട്ടോ. അതൊന്നു ശാരദാമ്മേ കാട്ടണേ, മറക്കല്ലേ.' ഒന്ന് അവിടെ നിന്ന് ശാരദാമ്മ പറഞ്ഞതു ശ്രദ്ധിച്ചുകൊണ്ട് അര്‍ജ്ജുന്‍ അതിവേഗം പടികള്‍ കയറി.

അവിടെയെത്തി അയാളാദ്യം തിരഞ്ഞതൊരു ആക്‌സോ ബ്ലെയ്ഡായിരുന്നു. പെട്ടെന്ന് കൈയില്‍ കിട്ടിയതാവട്ടെ ഒരു സര്‍ജിക്കല്‍ ബ്ലെയ്ഡും. അര്‍ജ്ജുന് ഇത്തരം ധൃതി പതിവില്ലാത്തതാണ്. പക്ഷേ, ഈ പാക്കറ്റ് അതെന്തോ അയാളില്‍ ആകെ ഒരു അസ്വസ്ഥത തീര്‍ക്കുന്നതുപോലെ.
'എപ്പോഴോ താന്‍ ഇത്തരം ഒരു പാക്കറ്റ് കണ്ടതുപോലൊരോര്‍മ്മ. അതിപ്പോള്‍ ഇതാ തന്റെ കൈകളില്‍.' അര്‍ജ്ജുന് ഒരേസമയം അദ്ഭുതവും ഭയവും തോന്നി.

അതുകൊണ്ടാണ് ആ സര്‍ജിക്കല്‍ ബ്ലെയ്ഡില്‍ സംതൃപ്തനായി അയാള്‍ ആ പാക്കറ്റ് തുറക്കാന്‍ തുടങ്ങിയത്.
കാര്‍ഡ്‌ബോര്‍ഡ് ഉപയോഗിച്ച് നിര്‍മ്മിച്ചതെന്നു തോന്നിയ ആ ബോക്‌സിന് പറയത്തക്ക കനം ഉണ്ടായിരുന്നുവെന്നത് അര്‍ജ്ജുന് മനസ്സിലൊരു നേരിയ ഭയം തോന്നിച്ചിരുന്നു. പക്ഷേ, അതിലും ഞെട്ടിച്ച സംഗതി ആ പാക്കറ്റിനു പുറത്തു കണ്ട ഒരു ചെറിയ ബ്ലഡ് സ്റ്റെയിനാണ്. എങ്കിലും ബ്ലെയ്ഡുകൊണ്ട് മുറിച്ച് അര്‍ജ്ജുന്‍ ആ ബോക്‌സിന്റെ മൂടി നീക്കം ചെയ്തു. അതിനു താഴേയായി ഒരു തെര്‍മോക്കോള്‍ മൂടിയാണുണ്ടായിരുന്നത്. ഒരു ഉള്‍ഭയത്തോടെ അയാള്‍ അതും നീക്കം ചെയ്തു. അതിനുള്ളിലായി ഏകദേശം പതിനഞ്ചു സെന്റിമീറ്റര്‍ ഡയമീറ്റര്‍ വലുപ്പം തോന്നുന്ന ഒരു മെഡിക്കല്‍ തെര്‍മല്‍ ഫ്‌ളാസ്‌ക് അയാള്‍ കണ്ടു.

അതു കണ്ടതും തുടക്കത്തിലുണ്ടായിരുന്ന ഉള്‍ഭയം ഒരു വിറയലായി അയാളിലൂടെ പടര്‍ന്നുകയറാന്‍ തുടങ്ങി. എന്തോ സംഭവിക്കാന്‍ പോവുന്നു എന്നതുപോലെ. അഹിതമായതെന്തും മുമ്പേ അറിയാന്‍ കഴിയുന്ന അയാളുടെ മനസ്സ് അയാള്‍ക്കൊരു താക്കീത് നല്‍കിക്കൊണ്ടേയിരുന്നു.
'എന്താണൊരു പരിഹാരം? എനിക്ക് പരിചയമില്ലാത്ത ആരോ ഏല്‍പ്പിച്ച ഒരു സമ്മാനം. അതിന്റെ പാക്കറ്റിനു പുറത്തൊരു ചെറിയ തുള്ളിപോലെ കണ്ട ചോരപ്പാട്. അതിനുള്ളില്‍ ഒരു മെഡിക്കല്‍ തെര്‍മോ ഫ്‌ളാസ്‌ക്. എന്തായാലും അതൊരു നല്ല സൂചനയെ അല്ല. കാരണം, ഇത്തരം തെര്‍മല്‍ ഫ്‌ളാസ്‌കുകള്‍ ഉപയോഗിക്കുന്നത് എവിടെയാണെന്ന് തനിക്ക് വ്യക്തമായറിയാം.' അര്‍ജ്ജുന്‍ ആലോചനയോടെ തന്റെ ബെഡിലേക്കിരുന്നു.

'ആരെയാണിപ്പോ ഒന്ന് വിളിക്കുക? അതോ പോലീസിനെ അറിയിക്കണോ?' അര്‍ജ്ജുന്‍ തികഞ്ഞ ആശങ്കയിലായി. അയാള്‍ക്കാകെ ശ്വാസം മുട്ടുന്നതു പോലെ. അകാരണമായൊരു ഭയം കൈകാലുകളെ വരിയുന്നു. എന്താണിപ്പോള്‍ ചെയ്യേണ്ടത്? അയാള്‍ കണ്ണുകള്‍കൊണ്ട് ചുറ്റും പരതി. തന്റെ ബുക്ക് ഷെല്‍ഫ്, മെഡിക്കല്‍ ഷെല്‍ഫ്, വാര്‍ഡ്രോബ്, ലാപ്‌ടോപ്പ് ടേബിള്‍ അങ്ങനെ അങ്ങനെ കണ്ണുകള്‍ പരതിനടന്നു. അതിനൊടുവില്‍ അപ്രതീക്ഷിതമായി അയാളുടെ കണ്ണുകള്‍ ആ മുറിയിലെ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ ചെന്നുതറച്ചു. വിടര്‍ന്ന കണ്ണുകളോടെ അയാള്‍ മെല്ലെ അതിനടുത്തേക്ക് ചെന്നു.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഫോട്ടോ.

ആ ഫോട്ടോയില്‍ മൂന്നുപേര്‍.
ഒന്ന് താന്‍. മറ്റൊന്ന് തന്റെ പെണ്ണ് സരൂപ. പിന്നെ അവന്‍. തനിക്കൊപ്പം എം.ബി. ബി.എസ്സിന് പഠിച്ച് പിന്നീട് സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞ തന്റെ ഉറ്റസുഹൃത്ത്.
ശ്രീറാം...
ശ്രീറാം ചന്ദ്രശേഖര്‍ ഐ.പി.എസ്!
ചിലസമയത്ത് ഉത്തരങ്ങള്‍ കണ്മുന്നിലെത്തിക്കുന്ന ആ ശക്തിയെ അര്‍ജ്ജുന്‍ ഒന്ന് മനസ്സാല്‍ നമിച്ചു.
അതെ, അവനാണ് ഇവിടെ ഇപ്പോള്‍ ഏറ്റവും നല്ല ചോയ്‌സ്. കൊച്ചിന്‍ ആന്റി ക്രൈം ഡിപ്പാര്‍ട്‌മെന്റിലെ മോസ്റ്റ് എലിജിബിള്‍ ഓഫീസര്‍ ശ്രീറാം ചന്ദ്രശേഖര്‍. അര്‍ജ്ജുന്‍ ഫോണെടുത്ത് മെല്ലെ ചെവിയോടു ചേര്‍ത്തു.

ഒരുമാസക്കാലത്തെ സ്‌പെഷ്യല്‍ ട്രെയ്‌നിങ്ങിനുശേഷം ശ്രീറാം കൊച്ചിയില്‍ തിരികെ എത്തിയിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളു. അപ്പോഴാണ് അര്‍ജ്ജുന്റെ ഫോണ്‍വിളി അയാളെ തേടിയെത്തുന്നത്. ശ്രീറാം ഫോണെടുത്തതും രണ്ടു മിനിട്ടില്‍ അര്‍ജ്ജുന്‍ കാര്യം പറഞ്ഞു കാള്‍ കട്ട് ചെയ്തു. സംഭവം അറിഞ്ഞതും അയാളൊന്ന് അസ്വസ്ഥനായി.
'അര്‍ജ്ജൂന് അപ്രതീക്ഷിതമായി ലഭിച്ച ഒരു പാക്കറ്റ്. അതും അജ്ഞാതനായ ആരോ എത്തിച്ച ഒരു പാക്കറ്റ്. അതില്‍ ഒരു മെഡിക്കല്‍ തെര്‍മല്‍ ഫ്‌ളാസ്‌ക്! ആലോചിക്കുമ്പോള്‍ അതിലെന്തോ ഒരു അപകടം മണക്കുന്നു.

കാരണം, ഒരു അഞ്ചു വര്‍ഷം മുമ്പ് ജമൈക്ക കോളനിയില്‍നിന്നും ഇതേപോലൊന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേപോലെയൊരു സമ്മാനം. പിന്നാലെ വന്ന വാര്‍ത്തകള്‍ ഉറക്കംകെടുത്തുന്നതായിരുന്നു. ശ്രീറാം ഒരു നിമിഷം ഒരാലോചനയോടെ നിന്നു.
'അര്‍ജ്ജൂ, ആ ഫ്‌ളാസ്‌ക് ഇപ്പൊ തുറക്കരുത്. ഒരു പത്തു മിനിട്ടില്‍ ഞങ്ങളെത്താം.'
അയാളുടെ നിര്‍ദ്ദേശമനുസരിച്ച് അര്‍ജ്ജുന്‍ ആ ബോക്‌സ് പഴയതുപോലെ തന്നെ തിരികെ വെച്ചു. അരമണിക്കൂറിനുള്ളില്‍ ശ്രീറാം 'അണിമ'യിലേക്ക് പാഞ്ഞെത്തി. അവിടെ അയാളെയും കാത്ത് അര്‍ജ്ജുനും പദ്മനാഭ കൈമളും നിന്നിരുന്നു. ഔദ്യോഗികവേഷത്തിലായിരുന്നു ശ്രീറാം. ഫോറന്‍സിക് എക്‌സ്‌പെര്‍ട്ട് ഹുസ്സൈന്‍ അലിയും കൂടെയുണ്ടായിരുന്നു.

'എവിടെയാണ് സംഗതി?' അങ്ങനെ ചോദിച്ചുകൊണ്ടാണ് ശ്രീറാം മുന്നോട്ടു നടന്നത്.
'റൂമില്‍.'
അര്‍ജ്ജുന്‍ അപ്പോഴും ഹോസ്പിറ്റലില്‍നിന്നും വന്ന വേഷത്തില്‍ തന്നെയായിരുന്നു. പീച്ച് നിറത്തില്‍ നീല സ്ട്രിപ്പ് ലൈനുകളുള്ള ഷര്‍ട്ട് ഒന്ന് അയച്ചിട്ടിട്ടുണ്ട്. അയാളുടെ മുഖത്ത് വല്ലാത്തൊരു ആശങ്കയുണ്ടായിരുന്നത് ശ്രീറാമിനു വ്യക്തമായി മനസ്സിലായി.
ശ്രീറാം ഉള്ളിലേക്കു ചെന്നതും കൈയിലേക്കൊരു ഗ്ലൗവ്‌സ് ഇട്ടുകൊണ്ട് ഹുസ്സൈന്‍ അയാളെ അനുഗമിച്ചു.
'നീ ഇതില്‍ തൊട്ടില്ലല്ലോ അല്ലേ?' ശ്രീറാം അര്‍ജ്ജുന്റെ സമീപമെത്തി ചോദിച്ചു.

'ആ ബോക്‌സ് ഞാനാണ് തുറന്നത്. പക്ഷേ, ആ ഫ്‌ളാസ്‌ക് ഞാന്‍ തൊട്ടിട്ടില്ല. അതിനു മുമ്പേ ഞാന്‍ നിന്നെ വിളിച്ചു.'
'ഹ്‌മ്മ് ഒകെ. ഹുസൈന്‍ പ്ലീസ് ഓപ്പണ്‍. കൈമള്‍ സാര്‍ ഒന്നു പുറത്തേക്കു നിന്നോളൂ. അര്‍ജ്ജു നീയും. പ്ലീസ്.' ശ്രീറാം ഹുസൈനും താനും മാത്രം അവിടെ നിന്നാല്‍ മതി എന്ന തീരുമാനത്തിലായിരുന്നു. ശേഷം ശ്രീറാം സ്വന്തം മൊബൈലെടുത്ത് ആ ഫ്‌ളാസ്‌കിന്റെ പാക്കിങ് സ്‌റ്റൈല്‍ അടക്കം അതില്‍ പകര്‍ത്തിക്കൊണ്ട് ആ ഫ്‌ളാസ്‌ക് മെല്ലെ തുറന്നു.

ഫ്‌ളാസ്‌കിന്റെ മൂടി തുറന്നതും അധികം പഴക്കമില്ലാത്ത ഒരു കെമിക്കലിന്റെ മൂക്കടയ്ക്കുന്ന ഗന്ധം പുറത്തേക്കു വമിച്ചു. ഹുസ്സൈന്‍ തന്റെ മാസ്‌ക് ഒന്നുകൂടി നേരെ വെച്ചുകൊണ്ട് ശ്രീറാമിനു നേരെ നോക്കി.
'സര്‍ ഇത്, ഈ കെമിക്കല്‍ സ്‌മെല്‍, ഐ തിങ്ക് ഇറ്റ്‌സ് എച്ച്.സി.എ.'
'എച്ച്‌സിഎ? ആന്തരികാവയവങ്ങള്‍ സൂക്ഷിക്കാനുപയോഗിക്കുന്ന ഒരു ലിക്വിഡ്.' ഒരേ ഗന്ധം. ഒരേ സ്വഭാവമുള്ള സംഭവം. സംശയത്തോടെ ശ്രീറാം അഞ്ചു വര്‍ഷം മുന്നേ നടന്ന ഒരു സംഭവം മനസ്സില്‍ കണ്ടു.

'യെസ്! ഇതില്‍ ഏതോ ഹ്യൂമന്‍ ബോഡിപാര്‍ട്ടാണ്. എനിക്കുറപ്പാണ്.' അതു പറഞ്ഞുകൊണ്ടാണ് ഹുസ്സൈന്‍ ആ ഫ്‌ളാസ്‌കിലെ ഐസ് ക്യൂബ്‌സ് നീക്കിയത്. ആദ്യലെയര്‍ നീക്കിയപ്പോഴേ കണ്ടു, ഒരു ഇളം മെറൂണ്‍ നിറത്തില്‍ എന്തോ ഒന്ന്. ഹുസ്സൈന്റെ മുഖത്തു പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ഭാവം.

'യെസ് ഞാന്‍ പറഞ്ഞില്ലേ, ടെറിബിള്‍! സര്‍ ഇറ്റ്സ് എ പെയര്‍ ഓഫ് കിഡ്‌നീസ്! കണ്ടിട്ട് റിമൂവ് ചെയ്ത് അധികമായിട്ടില്ല. ഏറിയാല്‍ ഒരു നാല് അഞ്ച് മണിക്കൂര്‍.' ഒരു ഞെട്ടലോടെ ഹുസൈന്‍ അതു പറയുമ്പോള്‍ താന്‍ പ്രതീക്ഷിച്ചിരുന്ന ഒരു വാര്‍ത്ത എന്നതിനപ്പുറം ശ്രീറാമിന് ഒന്നും തോന്നിയിരുന്നില്ല. കാരണം, കേവലം അരമണിക്കൂര്‍ മുമ്പാണ് ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍നിന്നും ഒരു അറിയിപ്പു ലഭിച്ചത്. അവിടെ അനാഥമായിക്കിടക്കുന്ന KL 07 3333 എന്ന നമ്പറിലുള്ള ബി.എം.ഡബ്ല്യൂ കാറിനെയും അതിനുള്ളില്‍ അനാഥമായിക്കിടക്കുന്ന ഒരു ഡെഡ് ബോഡിയെയും കുറിച്ചുള്ള ഒരു വിവരമായിരുന്നു അത്.

ആ ഡെഡ് ബോഡിയുടെ നെഞ്ചിന്‍കൂടിനു താഴെയായി എട്ടു മുതല്‍ പന്ത്രണ്ട് ഇഞ്ച് നീളത്തില്‍ ഒരു സര്‍ജിക്കല്‍ മാര്‍ക്ക് ഉണ്ടായിരുന്നു. മുറിവുകളില്‍നിന്നും അപ്പോഴും കറുത്ത ചോരയുടെ കറയും.
'നെഫ്രക്ടമി,' അയാള്‍ മെല്ലെ പറഞ്ഞു.

പ്രോബബിലി ആ ശരീരത്തില്‍നിന്നും റിമൂവ് ചെയ്ത വൃക്കയാവണം ഇവിടെ ഡോക്ടര്‍ അര്‍ജ്ജുന്റെ വീട്ടിലെത്തിച്ചിരിക്കുന്നത്. പക്ഷേ, എന്തിന്? അര്‍ജ്ജുനും ഈ മരണവുമായി എന്തു ബന്ധം?
അതറിയണമെങ്കില്‍ ആ ഡെഡ് ബോഡി ആരുടേതെന്നറിയണം. അയാള്‍ ഒറ്റക്കുതിപ്പിന് അര്‍ജ്ജുന്റെയും ഡോക്ടര്‍ പദ്മനാഭ കൈമളിന്റെയും അരികിലെത്തി.

വിവരങ്ങള്‍ അറിയേണ്ട താമസം ഡോക്ടര്‍ പദ്മനാഭ കൈമള്‍ ആ ബോക്‌സിനരികിലേക്കെത്തി. അപ്പോള്‍ തന്നെ ശ്രീറാം തന്റെ ഫോണെടുത്തുകൊണ്ട് പുറത്തേക്കു പോയി.

'അര്‍ജ്ജുന്‍, താന്‍ ശ്രദ്ധിച്ചുകാണുമല്ലോ ഇതിന്റെ ടോണ്‍ കണ്ടിട്ട് തോന്നുന്നത് ഈ ഓര്‍ഗന്‍ ശരീരത്തില്‍നിന്നും എടുത്തുമാറ്റിയിട്ട് ഒരു നാലുമണിക്കൂറില്‍ താഴെയേ ആയിട്ടുണ്ടാവൂ എന്നാണ്. തന്നെയുമല്ല നോക്ക് ഈ ഐസ് ക്യൂബില്‍ കിടന്നിട്ടും ഇത് ഫ്രീസ് ആയിട്ടില്ല ഒപ്പം ആ ഓര്‍ഗനിലുള്ള പ്രിസെര്‍വഷന്‍ സൊല്യൂഷന്റെ ലയര്‍പോലും വിസിബിളാണ്. സൊ ഐ തിങ്ക് ഇറ്റ്‌സ് റീമൂവ്ഡ് ജസ്റ്റ് ബിഫോര്‍ ഒണ്‍ലി.' ഡോക്ടര്‍ പദ്മനാഭ കൈമളിന്റെ കണ്ണുകളിലപ്പോള്‍ ഭയമായിരുന്നില്ല ഉണ്ടായിരുന്നത്. പകരം കൃത്യമായ നിരീക്ഷണമുള്ള ഒരു ഡോക്ടറുടെ ആത്മവിശ്വാസമായിരുന്നു. പക്ഷേ, അര്‍ജ്ജുന്‍ ആകെ തകര്‍ന്നുപോയിരുന്നു. കാരണം, അയാളുടെ പേരില്‍ വന്ന ഒരു ബോക്‌സിനുള്ളില്‍ ആരുടേതെന്നറിയാത്ത ഒരു ആന്തരികാവയവം. അതും മനുഷ്യശരീരത്തെ ശുദ്ധീകരിക്കുന്ന ഒരവയവം. അയാളില്‍ ഭയത്തിന്റെ കണികകള്‍ ന്യുറോണുകളിലൂടെ ട്രാന്‍സ്മിറ്റ് ചെയ്യപ്പെട്ട് അതിവേഗം തലച്ചോറിന്റെ ബ്രോഡ്കാസ്റ്റിങ് ഏരിയയെ മൗനത്തിലാക്കി.

അല്‍പ്പസമയത്തെ ഫോണ്‍ സംഭാഷണത്തിനുശേഷം ശ്രീറാം തിരികെ വന്നു.
'അര്‍ജ്ജുന്‍, ഒരു ചെറിയ പ്രശ്‌നമുണ്ട്. ഒന്ന് വരൂ.' ശ്രീറാം അര്‍ജ്ജുനെയും വിളിച്ചുകൊണ്ട് പുറത്ത് അല്‍പ്പം ദൂരെ മാറിയുള്ള നെല്ലിമരത്തിനു കീഴേക്ക് പോയി.


Content Highlights: incision novel by maya kiran mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented