കിടപ്പുമുറിയില്‍ പൂര്‍ണനഗ്നയായി സ്ത്രീയുടെ മൃതദേഹം; ചുറ്റും പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കളും


ഉദ്വേഗവും സസ്‌പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.

ലാജോ​ജോസിന്റെ ഹൈഡ്രേഞ്ചിയ എന്ന നോവലില്‍ നിന്നും ഒരു ഭാഗം വായിക്കാം....

ഹരിത ട്രെഡ്മില്ലില്‍നിന്നും ഇറങ്ങി. ദേഹമാസകലം വിയര്‍പ്പില്‍ കുളിച്ചിരുന്നു. മുഖത്തെ വിയര്‍പ്പുകണങ്ങള്‍ അവള്‍ ഹാന്‍ഡ് ടവ്വലെടുത്ത് തുടച്ചു.
കഴുത്തിലൂടെ ഒഴുകിയെത്തിയ വിയര്‍പ്പുചാലുകള്‍ സ്‌പോര്‍ട്‌സ് ബ്രായുടെ നടുവിലൂടെ യാത്ര ചെയ്ത് പൊക്കിളിലൂടെ കയറിയിറങ്ങി പാന്റീസിനെ നന ച്ചത് അവളില്‍ അസ്വസ്ഥതയുണ്ടാക്കി. മുക്കാല്‍ മണിക്കൂര്‍ ഓട്ടത്തിന്റെ ക്ഷീണം അവളുടെ തുടയിലെ മാംസപേശികളില്‍ തളര്‍ച്ചയുണ്ടാക്കി. കാലുകള്‍ വിറ ച്ചുതുടങ്ങി. അവള്‍ കിതച്ചുകൊണ്ട് ട്രെഡ്മില്ലിനരികെ നിലത്ത് ഭിത്തിയില്‍ ചാരിയിരുന്നു. പുറത്തെ വിയര്‍പ്പ് ഭിത്തിയിലേക്കു പടര്‍ന്നു.

രാവിലെ മുടങ്ങിപ്പോയ വ്യായാമം രാത്രിയിലെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ച സായുജ്യത്തില്‍ അവള്‍ തല ഭിത്തിയിലേക്കു ചായ്ച്ച് കണ്ണുകള്‍ അടച്ചു. 35 വയസ്സ് കഴിഞ്ഞതില്‍പ്പിന്നെ, കൃത്യമായി പറഞ്ഞാല്‍ ഏഴു മാസവും പ്രന്തണ്ടു ദിവസവുമായി വ്യായാമം ശീലമാക്കിയിട്ട്. ആദ്യമൊക്കെ സാധാരണക്കാരെ പ്പോലെ പൊതുവഴിയിലൂടെയായിരുന്നു നടത്തം. ശുദ്ധവായു ശ്വസിച്ചുള്ള വ്യായാമത്തിനാണ് ഫലം കൂടുതല്‍ എന്നു പറഞ്ഞ് നിര്‍ബന്ധിച്ച് കൂടെക്കൂട്ടിയത് ഭര്‍ത്താവ് ധനേഷാണ്. ഹരിതയ്ക്ക് ആദ്യമൊക്കെ ആ പരിപാടി ഇഷ്ടമായിരുന്നെങ്കിലും പരിചയക്കാരുടെ ചോദ്യങ്ങളും വര്‍ത്തമാനം പറഞ്ഞുള്ള നടപ്പും അത്ര സുഖകരമായി തോന്നിയില്ല. അങ്ങനെയാണ് നിര്‍ബന്ധം പിടിച്ച് ധനേഷിനെക്കൊണ്ട് ട്രെഡ്മില്‍ വാങ്ങിപ്പിച്ചത്. ഇതാകുമ്പോള്‍ ഇഷ്ടമുള്ള സമയത്ത്, അതിപ്പോ രാത്രിയോ രാവിലെയോ ഇഷ്ടമുള്ള അത്രയും നേരം സൗകര്യപ്രദമായ വേഷമിട്ട് ആരുടെയും തുറിച്ചുനോട്ടങ്ങളെ ഭയക്കാതെ സമാധാനത്തോടെ നടക്കാം, ഓടാം.

ആഴ്ചയില്‍ ആറു ദിവസം ഹരിത വ്യായാമം ചെയ്യും. വ്യായാമം ഇല്ലാത്തത് ഞായറാഴ്ച മാത്രം. അതുവരെ പിടിച്ചുകെട്ടിയിട്ടിരിക്കുന്ന രസമുകുളങ്ങളെ
സൈ്വരവിഹാരത്തിന് വിടുന്ന ദിവസമാണ് ഞായറാഴ്ച. അമ്പലത്തില്‍ പോയി തൊഴുതതിനുശേഷം ഒരു പൂരിമസാല. നൂണ്‍ഷോയ്ക്കുശേഷം ഒരു ചിക്കന്‍ ബിരിയാണി. വൈകുന്നേരം ഒരു ഫലൂദ. രാത്രിയില്‍ അല്‍ഫാം അല്ലെങ്കില്‍ ബാസ്റ്റഡ് ചിക്കന്‍. അതൊക്കെയാണ് ആറു ദിവസം മുടങ്ങാതെ വ്യായാമം ചെയ്തതിന് ഹരിത സ്വയം നല്കുന്ന പാരിതോഷികം. ഇന്നിപ്പോള്‍ ധനേഷിന് ഡല്‍ഹിയില്‍ പോകേണ്ടി വന്നതുകൊണ്ട് രാവിലത്തെ വ്യായാമം മുടങ്ങി. ധനേഷ് പോയത് ഏഴുമണിക്കാണ്. വേണമെങ്കില്‍ വ്യായാമം ചെയ്യാമായിരുന്നു. പക്ഷേ, എന്തോ ഒന്നുകൂടി മൂടിപ്പുതച്ച് കിടക്കാന്‍ തോന്നി. പിന്നെ എണീറ്റപ്പോള്‍ പതിനൊന്നുമണി. വെയിലിന് ചൂടേറിക്കഴിഞ്ഞാല്‍ പിന്നെ വ്യായാമം ചെയ്യാന്‍ ശരീരത്തിന് എന്തോ സുഖക്കുറവുള്ളതുപോലെ. അതാണ് രാത്രിയാകാന്‍വേണ്ടി കാത്തിരുന്നത്. ഇനി ചൂടുള്ള വെള്ളത്തില്‍ വിസ്തരിച്ചൊരു കുളിയും ഫ്രഷ് ജ്യൂസും സാലഡും മാത്രമുള്ള അത്താഴവും. അതിനുശേഷം ഉറക്കം.

കിതപ്പ് മാറി ഹരിത മെല്ലെ എണീറ്റ് സിപ്പറില്‍ നിന്നും വെള്ളം കുടിച്ചു. ഏഴു മാസത്തെ വ്യായാമം ശരീരത്തില്‍ തീര്‍ത്ത കരവിരുത് അവള്‍ കണ്ണാടിയില്‍ നോക്കി തൃപ്തിവരുത്തി. കൈയിലെ തൂങ്ങിക്കിടന്നിരുന്ന പേശി ദൃഢമായിരിക്കുന്നു. മുന്നോട്ട് തള്ളിവന്ന വയര്‍ അകത്തേക്ക് വലിഞ്ഞിരിക്കുന്നു. അവള്‍ വശംതിരിഞ്ഞ് നിന്നു. അരക്കെട്ട് ഒതുങ്ങി, സ്തനങ്ങള്‍ക്ക് ഉരുളിമ കൂടി, ചന്തിയും തുടയും ദൃഢമായി. വിയര്‍ത്തുകുളിച്ച അവളുടെ ശരീരം തിളങ്ങി. ഒരുനിമിഷം അവള്‍ ധനേഷിനെ ഓര്‍ത്തു. അഭിമാനത്തോടെ കണ്ണാടിക്കു മുന്നില്‍ പലരീതിയില്‍ നിന്ന് അവള്‍ തൃപ്തിയടഞ്ഞു.

വീടിനു പുറത്ത് എന്തോ ശബ്ദം കേട്ട് അവള്‍ നോക്കി. വെളിയില്‍ വെളിച്ചമില്ലാത്തതുകൊണ്ട് ജനല്‍ ഗ്ലാസുകള്‍ മുറിയുടെയും അവളുടെയും പ്രതിഫലനം മാത്രമാണു നല്കിയത്. അവള്‍ വീണ്ടും ശ്രദ്ധ കണ്ണാടിയിലേക്ക് തിരിച്ചു. കെട്ടിവെച്ചിരുന്ന മുടി അഴിച്ചിട്ടു. മുടി വെട്ടാറായി. വെളിയില്‍ വീണ്ടും അതേ ശബ്ദം കേട്ട് അവള്‍ ഞെട്ടിത്തിരിഞ്ഞു!

ജനല്‍ഗ്ലാസില്‍ ചെള്ള് പറന്നുവന്ന് തട്ടുന്നതുപോലെയുള്ള ശബ്ദം. ഈശ്വരാ! അതെങ്ങാനും ഇതിനകത്ത് കയറിയാല്‍ പിന്നെ ധനേഷ് വരുന്നതുവരെ ഈ മുറിക്കകത്ത് കയറാന്‍ പറ്റില്ല. ജീവിതത്തില്‍ ഏറ്റവും പേടിയുള്ളതെന്താണ് എന്ന ചോദ്യത്തിന് ഹരിതയുടെ ആദ്യത്തെ ഉത്തരം തെങ്ങുകള്‍ നശിപ്പിക്കുന്ന ചെള്ള് എന്നായിരിക്കും. അതിന്റെ രൂപവും നിലത്തു വീണാല്‍ എണീക്കാനുള്ള ശ്രമവും ഓര്‍ക്കുമ്പോള്‍ത്തന്നെ ഓക്കാനം വരും.

ചെള്ള് അകത്തേക്ക് കയറുന്നതിനു മുന്‍പ് ജനല്‍പ്പാളി അടയ്ക്കണം എന്ന ഉദ്ദേശ്യത്തോടെയും അതിനു മുമ്പ് ചെള്ള് അകത്തു കയറിയാല്‍ എങ്ങനെ പ്രതികരിക്കും എന്ന ആകുലതയോടെയും അവള്‍ ജനലിന്റെ അടുത്തേക്കു നീങ്ങി. ദേഹം ലക്ഷ്യമാക്കി ചെള്ള് എങ്ങാനും പറന്നു വന്നാല്‍ തട്ടിക്കളയാനായി അവള്‍ ഹാന്‍ഡ് ടവ്വല്‍ മുറുക്കെപ്പിടിച്ചു. മെല്ലെ, സര്‍വേന്ദ്രിയങ്ങളെയും ജാഗരൂകമാക്കി അവള്‍ തുറന്നുകിടന്ന ജനല്‍പ്പാളിയുടെ അടുത്തെത്തി. ഒരു നിമിഷം. അവള്‍ ധൃതിയില്‍ ജനല്‍പ്പാളി വലിച്ചടച്ചു. ഹാവൂ, രക്ഷപ്പെട്ടു! ആശ്വാസത്തോടെ അവള്‍ ജനലിന്റെ കുറ്റിയിട്ടു.

ചെള്ളിനെ നോക്കാനായി അവള്‍ ധൈര്യം സംഭരിച്ച് മുഖം ജനല്‍ക്കമ്പിയില്‍ മുട്ടിച്ച് വെളിയിലേക്കു നോക്കി. മുറ്റവും ഉദ്യാനവും ഇരുട്ടില്‍ മുങ്ങിക്കിടക്കുന്നു. അവളുടെ ചുടുനിശ്വാസം ജനല്‍ഗ്ലാസില്‍ ബാഷ്പപടലം തീര്‍ത്തു. പുറത്തെ ഇരുട്ട് അവളിലെ ധൈര്യത്തെ ആട്ടിപ്പായിച്ചു. ചെള്ളിനോടുള്ള ഭയമാണോ അതോ, ഇരുട്ടിലേക്കു നോക്കിയതുകൊണ്ടുണ്ടായ ഭയമാണോ? അകാരണമായി ഉടലെടുത്ത ഭയംമൂലം അവള്‍ വേഗം കര്‍ട്ടന്‍ ഇട്ട് ജനല്‍ മറച്ച് തിരിഞ്ഞു നടന്നു. എന്തോ ഒരുള്‍പ്രേരണയാല്‍ അവള്‍ രണ്ടുവട്ടം ജനലിലേക്കു നോക്കി. ഇല്ല. ശബ്ദമൊന്നുമില്ല. കര്‍ട്ടന്‍ വെളിച്ചം മറച്ചതുകൊണ്ട് ചെള്ള് പോയിട്ടുണ്ടാവും.

കുളിമുറിയുടെ മുന്‍പില്‍ വെച്ചിരിക്കുന്ന ലോണ്‍ട്രി ബാസ്‌കറ്റിലേക്ക് സ്‌പോര്‍ട്‌സ് ബ്രായും ഷോട്ട്‌സും പാന്റീസും ഊരിയിട്ട് കൈയില്‍ ബാത്ത് ടൗവ്വലുമായി നഗ്നയായി അവള്‍ കുളിമുറിയിലേക്ക് പ്രവേശിച്ചു. വാതിലടച്ച് ഷവര്‍ ചൂടുവെള്ളത്തിന്റെ ഭാഗത്തേക്കു തിരിച്ച് ഓണാക്കി. ചെറു ചൂടുവെള്ളം നഗ്നമേനിയില്‍ വീണപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം അവളില്‍ ഉണര്‍ന്നു. വ്യായാമത്താല്‍ ക്ഷീണിച്ച മാംസപേശികള്‍ അയഞ്ഞു. പാമോലീവ് ബോഡിവാഷ് ലൂഫയില്‍ എടുത്ത് പതപ്പിച്ച് അവള്‍ ദേഹമാസകലം തേച്ചു. കുളിമുറിയാകെ ലാവന്‍ഡര്‍ സുഗന്ധം നിറഞ്ഞു. ചൂടുവെള്ളത്തിന്റെ നീരാവിയാല്‍ കണ്ണാടി മറഞ്ഞു. ഹരിത നോക്കിനില്‍ക്കേ അവളുടെ പ്രതിഫലനം കണ്ണാടിയില്‍ അദൃശ്യമായി. പെട്ടെന്ന് അവളുടെ മനസ്സില്‍ വ്യായാമമുറിയിലെ ജനലിന്റെ ദൃശ്യം തെളിഞ്ഞു. അവളുടെ നട്ടെല്ലിലൂടെ ഒരു വിറയല്‍ കയറിവന്നു.
ഈശ്വരാ! അതു തോന്നല്‍ മാത്രമായിരിക്കണേ!
അവള്‍ കണ്ണുകളടച്ച് ആ ദൃശ്യം മനസ്സില്‍ വീക്ഷിച്ചു.
അതൊരു തോന്നലല്ലേ?
ജനലിലൂടെ മുറ്റത്തേക്കു നോക്കിയപ്പോള്‍ ഒന്നും വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലല്ലോ?
മുറിക്കകം നല്ല വെളിച്ചമായിരുന്നു. മുറ്റമാണെങ്കില്‍ ഇരുട്ടും!
പക്ഷേ...
ജനലില്‍ മുഖമടുപ്പിച്ച് വെളിയിലേക്കു നോക്കിയപ്പോള്‍ ചെടികളുടെ മറവില്‍ എന്താണു കണ്ടത്?
അതു തോന്നലായിരുന്നോ?
അടുത്ത നിമിഷം അതേ സ്ഥാനത്ത് ഒന്നും കണ്ടതുമില്ല.
ആ സമയം അസ്വാഭാവികതയൊന്നും തോന്നിയില്ല.
പക്ഷേ, ഇപ്പോള്‍ കുളിമുറിയിലെ കണ്ണാടിയില്‍ നോക്കിനില്ക്കുമ്പോള്‍ അന്നേരം കണ്ടതു തോന്നലല്ല എന്ന് മനസ്സ് പറയുന്നു.

അവള്‍ ഷവര്‍ നിര്‍ത്തി. കനമേറിയ കുറച്ചു തുള്ളികള്‍ നിലത്തു വീണു ചിതറി. ഹ്യദയമിടിപ്പ് വര്‍ധിക്കുന്നത് അവള്‍ അറിഞ്ഞു അവളുടെ ശരീരം വിറയ്ക്കുവാന്‍ തുടങ്ങി.
ഇരുളില്‍, മുറ്റത്ത്, ചെടികളുടെ മറവില്‍ കണ്ടത് ഒരു മുഖമോ?
ഈശ്വരാ! അതെ. അതൊരു മുഖമാണ്.
അവളുടെ മനസ്സിലേക്ക് ആ അവ്യക്തമുഖം പലയാവര്‍ത്തി പാഞ്ഞുവന്നു
അയ്യോ!
അടുക്കളവശത്തെ വാതിലടച്ചിരുന്നോ?
സന്ധ്യയ്ക്ക് അടച്ചതാണല്ലോ! അതോ? അതിനുശേഷം? സാലഡിനുവേണ്ടി അരിഞ്ഞ പച്ചക്കറികളുടെ തൊലി അടുക്കളമുറ്റത്ത് വെച്ചിരിക്കുന്ന വേസ്റ്റ് ബാസ്‌കറ്റില്‍ ഇടാന്‍ വാതില്‍ തുറന്നിരുന്നോ? തുറന്നശേഷം വാതില്‍ അടച്ചോ? കുറ്റിയിട്ടോ? ആ സമയത്താണല്ലോ ഫോണ്‍ ബെല്ലടിച്ചത്! സാലഡുമായി ഊണുമുറിയിലേക്കു വന്നാണ് കോള്‍ അറ്റന്‍ഡ് ചെയ്തത്. അതിനുശേഷം അടുക്കളയിലോട്ടു പോയിട്ടില്ല. അപ്പോള്‍ വാതിലടച്ച് കുറ്റിയിട്ടില്ലേ? ആകുലതകള്‍ മുള്‍പ്പടര്‍പ്പായി വളര്‍ന്ന് അവളെ ഞെരുക്കി ശ്വാസം മുട്ടിക്കുവാന്‍ തുടങ്ങി.
ഭയപ്പാടോടെ അവള്‍ തിരിഞ്ഞ് കുളിമുറിയുടെ വാതിലിലേക്കു നോക്കി. അതിന്റെ പിടി അനങ്ങുന്നുണ്ടോ? ഇല്ല. മുറികളില്‍നിന്ന് ശബ്ദം വല്ലതും? അവള്‍ ശ്വാസമടക്കി ശ്രദ്ധിച്ചു.
ഷവറില്‍നിന്നും വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദം മാത്രം. അവളതു മുറുക്കിയടച്ചു.
ഇല്ല, വേറെ ശബ്ദമൊന്നുമില്ല. അവള്‍ വേഗം ടവ്വലെടുത്ത് ദേഹം തുടച്ചു. കുളിമുറിയില്‍നിന്നും ഇറങ്ങിയാലുടനെ അപ്പുറത്തെ വീട്ടിലെ റേയ്ച്ചലാന്റിയെ ഫോണ്‍ ചെയ്തുകൊണ്ടു വേണം അടുക്കളവാതില്‍ പരിശോധിക്കാന്‍ പോകേണ്ടത്. അവള്‍ ചങ്കിടിപ്പോടെ വാതില്‍പ്പിടി തിരിച്ചു.

ശനിയാഴ്ച രാത്രി 11.30.
കലക്ടറേറ്റിന്റെ ഗേറ്റ് കടന്ന് ഡിവൈ.എസ്.പി. ഷാരണ്‍ തോമസിന്റെ വെള്ള ഇന്നോവ പ്രവേശിച്ചു. വണ്ടിയുടെ പിന്‍സീറ്റില്‍ ഉദ്വേഗഭരിതമായ മുഖത്തോടെ ഷാരണ്‍ ഇരിപ്പുണ്ട്. യു.എസ്.പി.എയുടെ നീല പോളോ ടീഷര്‍ട്ടും ലീവൈസിന്റെ നീല ജീന്‍സും വുഡ്മാന്‍ഡ്‌സ് ബൂട്ടും വേഷം. മുപ്പത്തിരണ്ടു വയസ്സ് പ്രായം. ആരെയും ആ കര്‍ഷിക്കുന്ന കണ്ണുകളും വ്യക്തിത്വവും. ആര്‍. ശ്രീലേഖ, ബി. സന്ധ്യ എന്നിവര്‍ക്കു ശേഷം കേരള പോലീസ് കേഡറിലെ ചുറുചുറുക്കുള്ള ഐ.പി.എസ്. ഓഫീസര്‍. എം.എ. കഴിഞ്ഞ് 2012-ല്‍ ഓള്‍ ഇന്ത്യ റാങ്ക് 189 നേടിയാണ് ഷാരണ്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. ഐ.എ.എസ്., ഐ.എഫ്.എസ്., ഐ.പി.എസ്., ഐ.ആര്‍.എസ്. ഇവയായിരുന്നു ഷാരണിന്റെ മുന്നിലുണ്ടായിരുന്ന വഴികള്‍. ജനറല്‍ കാറ്റഗറിയില്‍
പെട്ടിരുന്നതുകൊണ്ട് ഒന്നും രണ്ടും തിരഞ്ഞെടുക്കുവാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ഐ.പി.എസ്. എന്ന തൊപ്പി ഇഷ്ടം ജനിപ്പിച്ചു തിരഞ്ഞെടുത്തു.

ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയിലെ ട്രെയിനിങ് കഴിഞ്ഞ് എ.എസ്.പി. ആയി നിയമിതയായത് എറണാകുളം റൂറല്‍ പരിധിയി ലായിരുന്നു. സ്‌കൂള്‍ സഹപാഠിയായിരുന്ന ഡോ. വിമല്‍ വര്‍ഗീസിനെയാണ് ഷാരണ്‍ വിവാഹം കഴിച്ചിരിക്കുന്നത്. എറണാകുളത്തുനിന്നും കോട്ടയത്തിന്റെ ചുമതലയേറ്റപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പലര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നു. ചെറുപ്പക്കാരിയായ ഒരു പെണ്ണിന്റെ കീഴില്‍ ജോലി ചെയ്യുന്നതിന് തലമൂത്ത പല ഏമാന്മാര്‍ക്കും താത്പര്യമില്ല. അവരുടെ നീരസം നേരിട്ടും അല്ലാതെയും ഷാരണ്‍ പലവട്ടം പല രീതിയില്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ തടസ്സത്തെയും ഷാരണ്‍ നേരിട്ടത് നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ്. പക്ഷേ, ആത്മവിശ്വാസവും ചുറുചുറുക്കും നിശ്ചയദാര്‍ഢ്യവും പല കേസുകളിലും അനുഭവക്കുറവില്‍ തട്ടിവീഴുകയായിരുന്നു പതിവ്. കീഴുദ്യോഗസ്ഥര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും പറഞ്ഞു ചിരിക്കാന്‍ ഷാരണ്‍തന്നെ പല സന്ദര്‍ഭങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

എസ്.പി. ഓഫീസിന്റെ മുന്നിലായി ഡ്രൈവര്‍ വണ്ടിനിര്‍ത്തി. ഐഫോണ്‍ 10-ല്‍ ആവര്‍ത്തിച്ചു കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഓഫാക്കി ഷാരണ്‍ അകത്തേക്കു കയറി. ഏതു സമയത്തും തന്നെ വിളിക്കാം എന്ന നിര്‍ദേശം കീഴുദ്യോഗസ്ഥര്‍ക്ക് നല്കിയതിന്റെ അടിസ്ഥാനത്തിലും ഇപ്പോള്‍ കോട്ടയം ജില്ലയിലെ പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെ നോക്കുകുത്തിയാക്കിക്കൊണ്ടിരിക്കുന്ന പ്രമാദമായ ഒരു കേസിന്റെ കാര്യമായതുകൊണ്ടുമാണ് സൈബര്‍ സെല്ലില്‍ നിന്നും രാത്രിയില്‍ ഷാരണ്‍ തോമസിന് വിളിചെന്നത്.

ആദ്യത്തെ കൊലപാതകത്തിനു മുന്‍പ് കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസമായ spktym.pol@kerala.gov.in ലേക്കു വന്ന ഒരു മൊബൈല്‍ വീഡിയോ എസ്.പി. തൗഫീഖ് മുഹമ്മദും ഷാരണ്‍ അടക്കമുള്ള ഡിവൈ.എസ്.പിമാരും അവഗണിക്കുകയാണ് ചെയ്തത്. പ്രാഥമികമായ ഒരന്വേഷണത്തിന്റെ പേരില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡി.വൈ.എസ്.പി. സന്തോഷ് പിള്ളയുടെ ആവശ്യപ്രകാരം സൈബര്‍ സെല്‍ ആ വീഡിയോ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയില്‍ ജോലി ചെയ്യുന്നതും ടിവി കാണുന്നതും ഒക്കെയുള്ള ഒരു വീഡിയോ. ആരോ വീടിന്റെ വെളിയില്‍ നിന്ന് ഷൂട്ട് ചെയ്തതുപോലെ. അസ്വാഭാവികമായി ആ വീഡിയോയില്‍ ഒന്നും കാണാതി രുന്നതുകൊണ്ട് കബളിപ്പിക്കാനായി ആരെങ്കിലും അയച്ചതാവും എന്ന് കരുതി കണ്ടവര്‍ അത് അവഗണിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം കോട്ടയം ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാവര്‍ക്കും ആ വീഡിയോ പലവട്ടം കാണേണ്ടിവന്നു. ആ വീഡിയോയില്‍ കാണപ്പെട്ട സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്!

സ്വന്തം കിടപ്പുമുറിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ പൂര്‍ണനഗ്നയായി ആ സ്ത്രീയുടെ- ചൈത മാധവന്റെ മൃതദേഹം കാണപ്പെട്ടു. ശരീര മാസകലം കുത്തുകളേറ്റ ആ മൃതദേഹത്തിലേക്ക് ആര്‍ക്കും രണ്ടാമതൊന്ന് നോക്കാന്‍ സാധിച്ചില്ല. അതിക്രൂരമായ ഒരു കൊലപാതകമായിരുന്നു അത്!
അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പു മുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീര്‍ന്ന വലിയ മെഴു കുതിരികള്‍ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതില്ക്കലും മറ്റും പൂക്കള്‍ വിതറിയിരുന്നു- പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കള്‍!

ലാജോ ജോസിന്റെ ഹൈഡ്രേഞ്ചിയ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: hydrangea, lajo jose, coffee house, malayalam novel, malayalam literature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented