'കൃഷ്ണ നീ ബേഗനെ ബാരോ' ആണ് എന്നെ ആദ്യമായി യൂട്യൂബ് ലഹരി പരിചയപ്പെടുത്തിയതെങ്കില്‍ ബുദ്ധദേവ് ദാസ് ഗുപ്ത എന്ന സംഗീതജ്ഞന്‍ രണ്ടാംതവണയും അവിടെയെത്തിച്ചു. മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ പലതവണ ഞാന്‍ യൂട്യൂബ് ലഹരിയില്‍ ആറാടി. ക്രിക്കറ്റ് മുതല്‍ (ഷെയിന്‍ വോണും മൈക്കല്‍ ആതര്‍ട്ടനും തമ്മിലുള്ള മനോഹരമായ സംഭാഷണമാണ് അതിലെനിക്ക് ശുപാര്‍ശ ചെയ്യാനുള്ളത്) സാഹിത്യം വരെയുള്ള (സി.എല്‍.ആര്‍. ജെയിംസും സ്റ്റുവര്‍ട്ട് ഹാളും തമ്മിലുള്ള സംവാദമാണ് എന്നെ ആകര്‍ഷിച്ചത്) മേഖലകളിലെ യൂട്യൂബ് വീഡിയോകള്‍ ആസ്വദിച്ചു. പക്ഷേ, സംഗീത വീഡിയോകളാണ് കൂടുതലായി കണ്ടത്. യൂട്യൂബ് വഴിയാണ് ഞാന്‍ പതുക്കെ പാശ്ചാത്യ ശാസ്ത്രീയ സംഗീതശാഖയെക്കുറിച്ച് മനസ്സിലാക്കിയത്. യൂട്യൂബ് വഴി തന്നെയാണ് ചെറുപ്പത്തില്‍ കേട്ട് പരിചയപ്പെട്ട പഴയ തലമുറ സംഗീതജ്ഞരില്‍നിന്ന് മാറി സമകാലിക ഗായകരെ ആസ്വദിച്ചുതുടങ്ങിയതും. വെങ്കടേഷ് കുമാര്‍, കലപ്പിനി കോംകാലി, അശ്വിനി ബിഡെ ദേശ്പാണ്ഡേ, പ്രിയ പുരുഷോത്തമന്‍ എന്നിവരുടെയൊക്കെ ആലാപനം പലതവണ കേട്ടു.

യൂട്യൂബില്‍ ഏറ്റവും ഒടുവിലായി കണ്ടെത്തിയത് കിരാന ഗരാന ഇതിഹാസ ഗായിക റോഷനാര ബീഗത്തിന്റെ ഒരു റെക്കോഡിങ്. ഉസ്താദ് അബ്ദുല്‍ കരീം ഖാന്റെ പ്രിയ ശിഷ്യയായിരുന്ന രോഷനാര വിഭജനത്തിനുശേഷം ലാഹോറിലേക്ക് പോയി. 1982-ല്‍ മരിക്കുന്നതുവരെ അവരവിടെ കച്ചേരികള്‍ അവതരിപ്പിച്ചു. 2009-ലെ ലാഹോര്‍ സന്ദര്‍ശനത്തിനിടെ അവരുടെ വിഖ്യാതമായ ശങ്കര ആലാപന റെക്കോഡിങ്ങുള്‍പ്പെടുന്ന കാസറ്റുകള്‍ അവിടത്തെ അനാര്‍ക്കലി ബസാറില്‍നിന്ന് ഞാന്‍ വാങ്ങിയിരുന്നു. അവ എത്രയോവട്ടം കേട്ടിട്ടുണ്ടാകും. 

ഇപ്പോഴിതാ, അവര്‍ 1950-കളില്‍ ഡല്‍ഹിയില്‍ നടത്തിയ ഒരു കച്ചേരിയുടെ ലിങ്ക് കഴിഞ്ഞമാസം യൂട്യൂബില്‍നിന്ന് ലഭിച്ചു. നൂറാനി എന്ന അപൂര്‍വരാഗത്തിന്റെ ആലാപനമായിരുന്നു അതിന്റെ പ്രധാന ആകര്‍ഷണം. പാട്ട് തുടങ്ങുന്നതിനുമുന്‍പ് 'ആകാശവാണി. ഇന്ന് രാത്രി ദേശീയ സംഗീത പ്രക്ഷേപണത്തില്‍ പാകിസ്താനില്‍നിന്നുള്ള രോഷനാര ബീഗത്തിന്റെ കച്ചേരി കേള്‍ക്കാം' എന്ന സുരജിത് സെന്നിന്റെ അവതരണവും എന്നില്‍ ആഹ്ലാദം നിറച്ചു.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ യൂട്യൂബില്‍നിന്ന് കൂടുതലായി സംഗീതം ആസ്വദിക്കുന്നു. തങ്ങളുടെ പക്കലുള്ള സംഗീതശേഖരം മറ്റുള്ളവര്‍ക്കുവേണ്ടി പങ്കുവയ്ക്കുന്ന സുമനസ്സുകളെ അഭിനന്ദിക്കട്ടെ. അവരെയെല്ലാം പേരെടുത്തുപറഞ്ഞ് നന്ദി രേഖപ്പെടുത്തണമെന്നുണ്ട്. എന്നാല്‍ ഇടുങ്ങിയ മനസ്സുള്ള കുത്തക മുതലാളിമാരും അഭിഭാഷകരും പകര്‍പ്പവകാശത്തിന്റെ പേരില്‍ അവരെ ബുദ്ധിമുട്ടിക്കും എന്നതുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല. എന്നെപ്പോലെ സംഗീതം തേടി യൂട്യൂബില്‍ പതിവായി എത്തുന്നവര്‍ക്കെല്ലാം ഞാന്‍ ആരെയൊക്കെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകും. അവരോടൊക്കെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. വെറുപ്പും വിദ്വേഷവും അസൂയയും ദുരഭിമാനവും നയിക്കുന്ന ഈ ലോകത്ത് തങ്ങള്‍ കഷ്ടപ്പെട്ട് സമാഹരിച്ച സംഗീത ശേഖരം പൊതുവിടങ്ങളില്‍ പങ്കുവയ്ക്കാന്‍ തീരുമാനിച്ചവര്‍ മനുഷ്യരാശിയിലെ യഥാര്‍ഥ രത്‌നങ്ങള്‍തന്നെ.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: How YouTube helped me rediscover old musical favourites Ramachandra Guha