മുസോളിനി| Photo: AP
ജീവചരിത്രങ്ങള്‍ ധാരാളമായി വായിക്കുന്ന പതിവുണ്ടെനിക്ക്. സ്വന്തം നാട്ടുകാരുടേതിനെക്കാള് മറ്റുരാജ്യങ്ങളിലുള്ളവരുടെ ജീവചരിത്രങ്ങള്‍ വായിക്കാനാണിഷ്ടം. കനേഡിയന്‍ പണ്ഡിതനായ ഫാബിയോ ഫെര്‍ണാണ്ടോ റിസി രചിച്ച 'ബെനെഡെറ്റോ ക്രോച്ചെ ആന്‍ഡ് ഇറ്റാലിയന്‍ ഫാസിസം' എന്ന പുസ്തകമാണ് ഏറ്റവുമൊടുവില്‍ വായിച്ചുതീര്‍ത്തത്. വിഖ്യാതനായ ഒരു തത്ത്വചിന്തകന്റെ ജീവിതത്തിലൂടെ, അദ്ദേഹം ജീവിച്ച കാലത്തിന്റെ വലിയ ചിത്രം കാട്ടിത്തരുന്ന പുസ്തകമാണത്.
1920-കളിലെ ഇറ്റലിയും 2020-കളിലെ ഇന്ത്യയും തമ്മില്‍ വൃത്തികെട്ട ചില സാമ്യങ്ങളുണ്ടെന്ന് റിസിയുടെ പുസ്തകം വായിക്കവെ ഞാന്‍ തിരിച്ചറിഞ്ഞു. നേതാവ് എന്നര്‍ഥമുള്ള 'ഡൂച്ചേ' എന്ന വാക്കുകൊണ്ടായിരുന്നു മുസോളിനി എപ്പോഴും വിശേഷിപ്പിക്കപ്പെട്ടത്. 'അതിപ്രതാപശാലിയും സദ്ഗുണസമ്പന്നനുമായ ഡൂച്ചേയുടെ' അപദാനങ്ങള്‍ വര്‍ണിക്കുന്ന എഴുത്തുകാരും പ്രചാരകരും ചേര്‍ന്ന് കെട്ടിപ്പൊക്കിയ ബെനിറ്റോ മുസോളിനി എന്ന കെട്ടുകഥപോലെയാണ് നരേന്ദ്ര മോദി എന്ന കെട്ടുകഥയും. ഇത്തരം പ്രചാരകരാണ് ഫാസിസ്റ്റ് നേതാവിനെ 'ദൈവതുല്യനായ മനുഷ്യന്' എന്നും 'ദൃഢവിശ്വാസിയായ മനുഷ്യന്' എന്നും 'ഈശ്വരതുല്യന്‍' എന്നുമൊക്കെ വിളിച്ചുതുടങ്ങിയത്. അങ്ങനെയാണ് 'എല്ലായ്പ്പോഴും ശരിയായ നേതാവ്, മറ്റെല്ലാവരും ചാഞ്ചാടിനില്ക്കുമ്പോഴും ധൈര്യമായി മുന്നിട്ടിറങ്ങുന്ന നേതാവ്' എന്നൊക്കെയുള്ള മിത്തുകള്‍ രൂപപ്പെട്ടത്.
പത്രസ്വാതന്ത്ര്യം ഞെരിച്ചമര്‍ത്തുന്ന ഒരു നിയമം 1925 ഡിസംബറില്‍ ഇറ്റലി പാസാക്കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ അവിടെയതിന്റെ പ്രത്യാഘാതങ്ങള്‍ വന്നുതുടങ്ങി. ''പ്രധാനപ്പെട്ട പത്രങ്ങളെല്ലാം ഒന്നൊന്നായി ഫാസിസ്റ്റ് നിയന്ത്രണത്തിലായി. സാമ്പത്തിക, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ കാരണം പല പത്രമുടമകള്ക്കും സ്ഥാപനങ്ങള്‍ വില്‍ക്കേണ്ടിവന്നു. പുരോഗമനവാദികളായ മിക്ക പത്രാധിപന്മാരും രാജിവെച്ചൊഴിഞ്ഞു. അവര്‍ക്കുപകരം എന്തിനോടും വഴങ്ങുന്നവര്‍ വന്നു.''
അതേവര്‍ഷം, 1925-ല്‍ത്തന്നെയാണ് ബെനെഡെറ്റോ ക്രോച്ചെ ഇറ്റലിയിലെ ഭരണകക്ഷിയുടെയും മുസോളിനിയുടെയും തത്ത്വശാസ്ത്രത്തെ ഇവ്വിധം വിശദീകരിച്ചത്: ''അധികാരത്തിന്റെയും ആള്‍ക്കൂട്ടത്തിന്റെയും വിചിത്രമായ മിശ്രണമാണത്, നിയമങ്ങളോട് വിധേയത്വം പ്രകടിപ്പിക്കുന്നതിനൊപ്പം അവരത് ലംഘിക്കും. ആധുനികമായ ആശയങ്ങള്‍ക്കൊപ്പം പഴഞ്ചന്‍ പ്രമാണങ്ങളും ഉയര്‍ത്തിപ്പിടിക്കും. സംസ്കാരത്തോട് വെറുപ്പു പുലര്ത്തുന്നതിനൊപ്പംതന്നെ പുതിയൊരു സംസ്കാരം സൃഷ്ടിക്കാന്‍ വിഫലശ്രമം നടത്തുകയും ചെയ്യും.'' 1920-കളിലെ ഇറ്റലിയെക്കുറിച്ചുള്ള ഈ പ്രസ്താവനയ്ക്ക് ഇന്നത്തെ മോദിഭരണവ്യവസ്ഥയുമായി സാമ്യമേറെ. ഇവിടെ ഭരണഘടനയെക്കുറിച്ച് ബഹുമാനപൂര്‍വം സംസാരിക്കുന്നവര്തന്നെ അതിന്റെ അന്തസ്സത്തയ്ക്കെതിരായി പ്രവര്‍ത്തിക്കും. പൗരാണികവിജ്ഞാനത്തെ പുകഴ്ത്തി സംസാരിക്കുകയും ആധുനികശാസ്ത്രത്തോട് വെറുപ്പുകാട്ടുകയും ചെയ്യും. പൗരാണികസംസ്കാരത്തെ വാഴ്ത്തുന്നതിനൊപ്പം അപരിഷ്കൃതരീതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും.
സ്വതന്ത്രചിന്തകരായ പല ഇറ്റാലിയന്‍ ബുദ്ധിജീവികളും രാജ്യത്തുനിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായെങ്കിലും ജന്മനാട്ടില് തുടര്‍ന്ന ബെനെഡെറ്റോ ക്രോച്ചെ ഫാസിസത്തിനുനേരേ ബൗദ്ധികവും ധാര്‍മികവുമായ പ്രതിരോധമൊരുക്കി. ''മാധ്യമങ്ങളെയും വിദ്യാഭ്യാസസംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഭരണകൂടം മുസോളിനി എന്ന ബിംബത്തെ വാഴ്ത്തുകയായിരുന്നു അക്കാലത്ത്. പുതിയ തലമുറ ചോദ്യങ്ങളൊന്നുമില്ലാതെ ഡൂച്ചേയ്ക്കുമുന്നില് അടിയറവുപറയണമെന്നും ഡൂച്ചേയെ വിശ്വസിച്ചും അനുസരിച്ചും അദ്ദേഹത്തിനുവേണ്ടി പൊരുതിയും മുന്നോട്ടുപോകണമെന്നും സര്‍ക്കാര്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍, അതിനുപകരമായി പുരോഗമനമൂല്യങ്ങള്‍ മുന്നോട്ടുവെച്ച ക്രോച്ചെ സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം വാദിച്ചു, മനുഷ്യന്റെ അന്തസ്സിനായി പൊരുതി. വ്യക്തിപരമായ തീരുമാനങ്ങളുടെയും വ്യക്തിപരമായ ഉത്തരവാദിത്വത്തിന്റെയും പ്രാധാന്യം അദ്ദേഹം ഉയര്‍ത്തിക്കാട്ടി' -ഫാബിയോ ഫെര്‍ണാണ്ടോ റിസി എഴുതുന്നു.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രാമചന്ദ്ര ഗുഹയുടെ ലേഖനത്തില്‍ നിന്നും
Content Highlights: How India in the 2020s resembles Italy in the 1920s Italy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..