ചരിത്രകാരന്‍ ഡോ കെ.എന്‍. പണിക്കരുമായുള്ള ദീര്‍ഘ സംഭാഷണത്തില്‍നിന്നുള്ള ഭാഗങ്ങള്‍.

ഒരു ചരിത്രകാരനായിത്തീരാനുള്ള തീരുമാനം എടുക്കുന്നത് എപ്പോഴാണ്?

ഡല്‍ഹിയില്‍ എത്തിയതോടെ എന്റെ ആദ്യകാല ഗവേഷണങ്ങളില്‍ ഒരു വഴിമാറ്റം സംഭവിച്ചു. കൊളോണിയല്‍ ആധിപത്യത്തെക്കുറിച്ചാണ് ഞാന്‍ പഠിച്ചുകൊണ്ടിരുന്നത്. അതില്‍നിന്ന് സാമൂഹിക ചരിത്ര ഗവേഷണത്തിലേക്ക് താത്പര്യം മാറി. ഇന്ത്യന്‍ ചരിത്രരചനയിലെ മാറ്റത്തിന്റെ ഭാഗംതന്നെയായിരുന്നു ഇത്. കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ സാമൂഹിക ചരിത്രഗവേഷണം ആകര്‍ഷകമായി തോന്നി. അക്കാലത്ത് ഓസ്ട്രേലിയന്‍ സര്‍വകലാശാലയിലെ ഒരു ഗവേഷണ പ്രോജക്ട് ഉണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാമൂഹിക ചരിത്രത്തെക്കുറിച്ചുള്ള പഠനമായിരുന്നു അത്. ഇന്ത്യയിലെ ചെറുപ്പക്കാരായ ചരിത്രകാരന്മാരെ ഇത് ആകര്‍ഷിച്ചു. എനിക്കും അതില്‍ താത്പര്യം ഉണ്ടായി. അതിന്റെ ഭാഗമായി കേരളത്തിന്റെ സാമൂഹിക പരിണാമത്തെക്കുറിച്ച് പഠിക്കാന്‍ എന്നെയും ക്ഷണിച്ചു. അത് എനിക്ക് ഇഷ്ടപ്പെട്ട വിഷയമായി മാറി. അങ്ങനെയാണ് മലബാര്‍ കലാപത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്. പക്ഷേ, പ്രോജക്ട് നടന്നില്ല. എന്നാല്‍ ഞാന്‍ മുന്നോട്ടുപോയി, കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ധൈഷണിക ചരിത്രം അന്വേഷിച്ചു. അതിന് സൈദ്ധാന്തികമായ അടിത്തറ നല്‍കാനാണ് ഗ്രാംഷിയെ വായിക്കുന്നത്. ഇവിടെനിന്നാണ് ചരിത്രകാരന്‍ എന്ന നിലയിലുള്ള പുതിയ വഴി തുടങ്ങുന്നത്.

താങ്കളെ സ്വാധീനിച്ച ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ആരെല്ലാം?

എന്റെ ചരിത്രരചനാ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയ ഒരാള്‍ ഡി.ഡി. കോസംബിയാണ്. അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തോടാണ് എനിക്ക് ആഭിമുഖ്യം. മറ്റൊരാള്‍ ബിപിന്‍ചന്ദ്രയാണ്. ആശയചരിത്രത്തെ എങ്ങനെ സമീപിക്കാമെന്ന് അദ്ദേഹത്തിലൂടെയാണ് മനസ്സിലാക്കിയത്. ആശയചരിത്രത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങള്‍  ഉയര്‍ത്തി, പല വിധത്തിലും അദ്ദേഹം എന്നെ സ്വാധീനിച്ചു. ആശയ ചരിത്രം ആശയങ്ങളുടെ പട്ടികയല്ലെന്ന് മനസ്സിലാക്കാന്‍ അദേഹത്തിന്റെ കൃതികള്‍ സഹായിച്ചു

താങ്കളുടെ സമകാലീനരായ ഇര്‍ഫാന്‍ ഹബീബ്, റോമിലാ ഥാപ്പര്‍ എന്നിവരെ എങ്ങനെയാണ് വിലയിരുത്തുന്നത്?

രണ്ടുവിധത്തില്‍ ഇര്‍ഫാന്‍ ഹബീബിനെ വിലയിരുത്താം. വളരെ കൃത്യതയുള്ള ചരിത്രകാരനാണ് അദ്ദേഹം. ചരിത്രഗവേഷണത്തിന്റെ മാതൃകയാണ്. ഏത് വിഷയം കൈകാര്യംചെയ്യുമ്പോഴും അതിന്റെ സമഗ്രതയില്‍ കാണാന്‍ ശ്രമിക്കും ഇര്‍ഫാന്‍ ചരിത്രത്തെ ആഖ്യാനംചെയ്യാറില്ല, സാമൂഹികപരിവര്‍ത്തനത്തിന്റെ കാരണം അന്വേഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇര്‍ഫാനെ ചരിത്രരചനയുടെ ആദര്‍ശപുരുഷനായി കാണാം.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

എന്റെ ജീവിതകാലത്ത് ഞാന്‍ കണ്ട ഏറ്റവും ബ്രില്യന്റായ ചരിത്രകാരിയാണ് റോമിലാ ഥാപ്പര്‍. ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് പിന്നിലുള്ള ആശയസംഹിതകളുടെ അര്‍ഥം അന്വേഷിക്കുകയാണ് അവര്‍ നിരന്തരം ചെയ്യുന്നത്. ചരിത്രം, എന്ത് സംഭവിച്ചു എന്നല്ല എങ്ങനെ സംഭവിച്ചു എന്ന അന്വേഷണമാണ് നടത്തുന്നത്. സൈദ്ധാന്തികമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു, പക്ഷേ, സൈദ്ധാന്തികതയ്ക്ക് അവര്‍ അടിമപ്പെടാറില്ല അവരുടെ ചരിത്രരചനയെക്കുറിച്ച് മറ്റൊരിടത്ത് ഞാന്‍ പറഞ്ഞത്, ഒരു മാര്‍ക്‌സിസ്റ്റോ സ്ത്രീസമത്വവാദിയോ അല്ല, എല്ലാ ഇസങ്ങളും അന്യോന്യം ചേരുന്ന ഹ്യൂമനിസ്റ്റാണ് എന്നാണ്.

ഇന്ത്യന്‍ ചരിത്രരചനയ്ക്ക് പുതിയ അര്‍ഥവും ഊര്‍ജവും നല്‍കിയത് ഈ രണ്ട് ചരിത്രകാരന്മാരാണ്. ഈ കാലഘട്ടത്തിലെ ചരിത്രരചനയില്‍ ഉണ്ടായ മുന്നേറ്റം വലിയ ധൈഷണിക കൂട്ടായ്മയുടെ ഫലമാണ്. ചിലര്‍ ചരിത്രവസ്തുതകളെയും അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആശയങ്ങളുടെയും പഠനമാണ് നടത്തുന്നതെങ്കില്‍, മറ്റുചിലര്‍ എന്തുകൊണ്ടാണ് ചരിത്രം എന്നതിന്റെ അര്‍ഥം അന്വേഷിക്കുന്നു. ഈ രണ്ട് ധാരകളും കൂടിച്ചേര്‍ന്നതാണ് ഇന്നത്തെ ചരിത്രരചന.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Historian Dr KN Panicker interview Mathrubhumi Weekly