Havana Club
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ന്യൂഡല്‍ഹിയിലെത്തിയ ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞന് ഡോ. അന്‍സാരി വഖിയുദ്ദീനെ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. ഇന്ത്യന്‍ ചാരസംഘടനയായ റോ അന്വേഷണം ഏറ്റെടുക്കുന്നു. ജെയിന് ഡാര എന്ന സമര്‍ഥനായ ഏജന്റാണ് അന്വേഷണ ഉദ്യോഗസ്ഥന്.
ഡോ. അന്‍സാരി വഖിയുദ്ദീന്‍ രാസവിഷമേറ്റാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളിലൊന്നായ സൂപ്പര്‍ കോസ്മിക് മിസൈലിന്റെ രഹസ്യങ്ങളടങ്ങിയ ബ്രീഫ് കേസ് മോഷ്ടിക്കപ്പെട്ടുവെന്നും ജെയിന് ഡാര മനസ്സിലാക്കുന്നു.
വൈകാതെ ഇതിനു പിന്നില്‍ ചൈനീസ് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുന്നു. ജെയിന് ഡാര ചൈനയിലേക്ക് തിരിക്കുന്നു.
അന്വേഷണത്തിന്റെ ഓരോ ചുവടിലും വായനക്കാരന് സിനിമ... സിനിമ... സിനിമ... എന്ന് ഉറക്കെ വിളിച്ചുപറയുന്ന സ്പൈ ത്രില്ലര്‍ നോവല്‍
1
ആറാം ദിനം
നവംബര്‍ 20, ബുധന്‍
നമ്പര്‍ 148 ഡീലക്സ് സ്യൂട്ട്
ഹോട്ടല്‍ പാര്‍ക് ഹയാത്ത്
ബെയ്ജിങ്, ചൈന
രാത്രി 7.00
വെളിച്ചത്തില്‍ ജ്വലിച്ചുനില്‍ക്കുകയാണ് ഹോട്ടല്‍ പാര്‍ക് ഹയാത്ത്. ഹോട്ടലിനു മുന്‍വശത്തെ ജിയാങ്മെന്‍ ഔട്ടര്‍ റോഡിലൂടെ വാഹനങ്ങളുടെ നീണ്ടനിര ഒഴുകിക്കൊണ്ടിരുന്നു. ഹാട്ടല്‍ കോമ്പൗണ്ടിലും, അകത്തളങ്ങളിലുമായി നേവിബ്ലൂ നിറത്തിലുള്ള യൂണിഫോമുകളണിഞ്ഞ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ (പി.എസ്.ബി.) ഉദ്യോഗസ്ഥര്‍ ജാഗരൂകരായി നിലയുറപ്പിച്ചിരുന്നു.
ഡീലക്സ് സ്യൂട്ടിന്റെ ബാത്ത്റൂമിന്റെ പൂര്‍ണമായും തുറന്ന സ്ഫടികവാതിലിനോടു ചേര്‍ന്നുനിന്നുകൊണ്ട്, മെലിഞ്ഞു കൊലുന്നനേയുള്ള യുവതി ശ്വാസം ആഞ്ഞെടുത്തു. കുളി കഴിഞ്ഞ് ഈറനായ അവളുടെ ശരീരത്തെ ഒരു ടവ്വല്‍ പൊതിഞ്ഞിരുന്നു. കിടപ്പുമുറിയിലെ ടിവിയില്‍നിന്നുള്ള സംഗീതം പതിഞ്ഞ താളത്തില്‍ ഒഴുകിക്കൊണ്ടിരുന്നു. അവളുടെ മരണഭയം നിഴലിച്ച കണ്ണുകളിലെ കൃഷ്ണമണിയുടെ കറുപ്പില്‍, ഒരു പിസ്റ്റള്‍ ബാരലിന്റെ അഗ്രവൃത്തം വെള്ളിമോതിരംപോലെ തിളങ്ങി.
അവള്‍ക്കെതിരേ നില്ക്കുന്ന പതിഞ്ഞ മൂക്കും, ഇടുങ്ങിയ കണ്ണുകളുമുള്ള ഹോട്ടല്സ്റ്റാഫിന്റെ മുഖത്ത് ആ വിഹ്വലമായ കണ്ണുകള്‍ തറച്ചുനിന്നു. വിശാലമായ സ്ഫടികജാലകത്തിലൂടെ കടന്നുവരുന്ന സെന്‍ട്രല്‍ ടെലിവിഷന്‍ ടവറിന്റെ മുകളറ്റത്തെ ചുവന്ന ലൈറ്റിന്റെ പ്രഭ, അവളുടെ മുഖത്ത് ഒരു രക്തച്ചുവപ്പ് പടര്‍ത്തിയിരുന്നു. യുവാവിന്റെ വലതു കൈയിലെ സൈലന്‍സര്‍ ഘടിപ്പിച്ച പിസ്റ്റള്‍ ചെറുതായി ഒന്നു വിറച്ചു. 'അവരിപ്പോള്‍ എവിടെയുണ്ട്? ആ ലാപ്ടോപ്പും, ഡോക്യുമെന്റുകളും അടങ്ങിയ സ്റ്റെര്‍ലിങ് കാഡി ബ്രീഫ്കേസ് ആരുടെ കൈയിലാണ്?'
അവള് മറുപടി നല്‍കിയില്ല. പകരം കരുതലോടെ രണ്ടു പിന്ചുവടു വെച്ചു.
പത്തു മിനിട്ടു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 6.50-നായിരുന്നു അയാള്‍ ഡ്യൂപ്ലിക്കേറ്റ് മാസ്റ്റര്‍ കീകാര്ഡുപയോഗിച്ച് ആ സ്യൂട്ടിനുള്ളില്‍ കയറിപ്പറ്റിയത്. വിശാലമായ മാസ്റ്റര്‍ ബെഡ്റൂമും, സ്വീകരണമുറിയും, ബാത്ത്റൂമും ചേര്‍ന്നതായിരുന്നു ആ ആഡംബര ഡീലക്സ് സ്യൂട്ട്. സ്വീകരണമുറിയിലെ വര്‍ക്ക് ഡെസ്കില്‍ ലിപ്സ്റ്റിക്, ബോഡി ലോഷന്‍, ഫേസ് ക്രീം തുടങ്ങിയവ അലക്ഷ്യമായി കിടപ്പുണ്ടായിരുന്നു.
കിടയ്ക്കയ്ക്കഭിമുഖമായി ചുമരിലെ പോളീഷ് ചെയ്ത തടിപ്രതലത്തില് ഉറപ്പിച്ചിരിക്കുന്ന 54 ഇഞ്ച് എല്‍.ഇ.ഡി. ടിവിയിലെ പതിഞ്ഞ മ്യൂസിക്കിനൊപ്പം, ഷവറില്‍ വെള്ളം വീഴുന്ന നനുത്ത ശബ്ദം അയാള്‍ കേട്ടു.
പിസ്റ്റള്‍ ട്രിഗറില്‍ വിരല്‍ തൊടുവിച്ചുകൊണ്ട് അയാള്‍ ആ മുറി ആകമാനം ഒരുവട്ടം നിരീക്ഷണം നടത്തി. ബെഡ്റൂമിലെ ലിനന്മെത്തയില് രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ കിടപ്പുണ്ടായിരുന്നു. തൊട്ടരികില്‍ ഒരു വാനിറ്റിബാഗും, അലങ്കാരക്കല്ലുകള്‍ പതിച്ച ഒരു മിനിപേഴ്സും. അയാള്‍ വേഗം ആ ഫോണുകള്‍ രണ്ടും പോക്കറ്റിലേക്ക് താഴ്ത്തിക്കൊണ്ട് ബാഗും പേഴ്സും തിടുക്കത്തില്‍ പരിശോധിച്ചു.
ബാഗ് ശൂന്യം. പേഴ്സില്‍ ഒരു ഐഡി കാര്‍ഡ്, ഡെബിറ്റ് - ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്പോര്‍ട്ട്, കറന്സിനോട്ടുകള് എന്നിവയുണ്ടായിരുന്നു. യുവതിയുടെ ഫോട്ടോ പതിപ്പിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഐഡി കാര്‍ഡില്‍, പേരിന്റെ സ്ഥാനത്ത് ലിലിങ് യു എന്ന് രേഖപ്പെടുത്തിയിരുന്നു. പാസ്പോര്‍ട്ടിലും അങ്ങനെത്തന്നെ.
കിടക്കയിലെ ലിനന്പുതപ്പില് കൈകള്‍ അമര്‍ത്തി അതിനുള്ളില്‍ വല്ലതും തടയുന്നുണ്ടോയെന്നു അയാള്‍ പരിശോധിച്ചു. തുടര്‍ന്ന് കോഫീ മെഷീനു സമീപത്തായുള്ള ഡ്രെസ്സര്‍ കപ്ബോര്ഡിന്റെ ഡ്രോയര്‍, കാബിനറ്റ് മിനിബാര്‍, ബെഡ്സൈഡ് ടേബിളിലെ വസ്ത്രങ്ങളടങ്ങിയ ബാഗ് എന്നിവയെല്ലാം ഒട്ടും ശബ്ദം കേള്‍പ്പിക്കാതെ പരിശോധിച്ചു.
അന്വേഷിച്ചെത്തിയത് ആ മുറിയില്‍ ഇല്ലെന്ന് അയാള്‍ക്കു മനസ്സിലായി. അപ്പോഴായിരുന്നു ബാത്ത്റൂം ഡോര്‍ സ്ലൈഡ് ചെയ്യുന്ന ശബ്ദം അയാള്‍ കേട്ടത്. ചുണ്ടിലൊരു മൂളിപ്പാട്ടുമായി അവള് മാസ്റ്റര്‍ ബെഡ്റൂമിലേക്ക് വരികയായിരുന്നു. നൊടിയിടയില്‍ അയാളുടെ പിസ്റ്റള്‍ അവളുടെ നേര്‍ക്കുയര്‍ന്നു.
ആകസ്മികവും, അപ്രതീക്ഷിതവുമായ ഒന്നിനെ അഭിമുഖീകരിക്കുന്നതിന്റെ നടുക്കം അവളുടെ മുഖത്തെ ചോര വാര്ത്തിക്കളഞ്ഞു.
'നിങ്ങള്‍ ആരാണ്?'
അവളുടെ ചുണ്ടുകള്‍ക്കിടയിലൂടെ പതര്‍ച്ചയുള്ള ചൈനീസ് പുറത്തേക്കു വന്നു.
'ഞാന്‍ ജെയിന്,' അവളുടെ കണ്ണുകളുടെ വിഹ്വലതയിലേക്ക് കണ്ണുകള്‍ തറപ്പിച്ചുകൊണ്ട് അയാള്‍ പരിചയപ്പെടുത്തി, 'ജെയിന് ഡാര. റോയില്‍നിന്ന് വരുന്നു.'
യുവതി നടുക്കത്തോടെ പിന്നിലേക്ക് ഒന്നുനീങ്ങി.
'ഈ കൂടിക്കാഴ്ച ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അല്ലേ മിസ്. സിഡ്രാ?' സിഡ്ര എന്ന പേരിനൊരു ഊന്നല്‍കൊടുത്താണ് അയാളത് ചോദിച്ചത്.
'അവരിപ്പോള്‍ എവിടെയുണ്ട്? ആ ലാപ്ടോപ്പും, ഡോക്യുമെന്റുകളും അടങ്ങിയ സ്റ്റെര്‍ലിങ് കാഡി ബ്രീഫ്കേസ് ആരുടെ കൈയിലാണ്?'
യുവതി പിന്നിലേക്ക് നീങ്ങി ബാത്റൂമിനുള്ളിലേക്കു കടന്നുകഴിഞ്ഞിരുന്നു.
അവള് ഡോര്‍ അടയ്ക്കുംമുന്പേ ചൂണ്ടിപ്പിടിച്ച പിസ്റ്റളുമായി അയാള്‍ ബാത്റൂമിന്റെ വാതിലിലേക്കു കടന്നുനിന്നു.
അയാളുടെ കണ്ണുകളില്‍നിന്ന് നോട്ടംപറിക്കാതെ, പിന്നിലേക്ക് നീങ്ങിയ അവള് ഡീപ്പ് സോക്കിങ് ടബ്ബിനരികില്‍ നിലയുറപ്പിച്ചു. അവളുടെ വലതുകൈ മാര്‍ബിള്‍ ഭിത്തിയില്‍ ഉറപ്പിച്ചിരുന്ന കാബിനറ്റ് ഡ്രോയറിലേക്ക് അരിച്ചരിച്ചുനീങ്ങുന്നത് അയാള്‍ കണ്ടു.
പൊടുന്നനേ അവള് ടവ്വല്‍ വിടര്‍ത്തി താഴേക്കിട്ടു. യുവതിയുടെ ശരീരം അയാള്‍ക്കു മുന്നില്‍ പരിപൂര്‍ണമായി അനാവൃതമായ ആ അപ്രതീക്ഷിത നിമിഷത്തില്‍, അവള് വലതുകൈകൊണ്ടു ഡ്രോയറില്നിന്നൊരു പിസ്റ്റള്‍ കൈക്കലാക്കി.
അതേനിമിഷംതന്നെ അയാളുടെ ചൂണ്ടുവിരല്‍, പിസ്റ്റളിന്റെ ട്രിഗര്‍
ബട്ടണിലമര്‍ന്നു.
കൈയിലെത്തിയ പിസ്റ്റള്‍ എതിരാളിക്കു നേരേ ഉയര്‍ത്താനുള്ള സമയംലഭിക്കുംമുന്പ് അവളുടെ നെറ്റിയില്‍, അയാളുടെ പിസ്റ്റള്‍ ബുള്ളറ്റ് ഒരു തുള തീര്‍ത്തു.
അവളുടെ ശരീരം അപസ്മാരബാധിതയേപ്പോലെ ഒന്നുലഞ്ഞു.
നടുക്കംകലര്ന്ന സ്തംഭനാവസ്ഥയിലെന്നവണ്ണം, തുറിച്ച കണ്ണുകളോടെ അവള് അടിതെറ്റി സോക്ക് ടബ്ബിലേക്ക് മലര്‍ന്നടിച്ചുവീണു.
അയാള്‍ സോക്ക് ടബ്ബിനരികിലേക്ക് മുട്ടുകുത്തി. കിടക്കയില്‍നിന്നു ലഭിച്ച രണ്ടു മൊബൈല്‍ ഫോണുകളിലെയും സ്ക്രീന്പാഡിലേക്ക്, നിശ്ചലമായിക്കിടക്കുന്ന യുവതിയുടെ ചൂണ്ടുവിരല്‍ പിടിച്ചമര്‍ത്തി. അതിന്റെ ഫിംഗര്‍ പ്രിന്റ് ലോക്കുകള്‍ തുറക്കപ്പെട്ടു.
മുറിയിലേക്ക് കടക്കുന്നതിനും കുറച്ചു മുന്‍പായിരുന്നു അയാള്‍ ആ യുവതിയെ ആദ്യമായി നേരില്‍ കാണുന്നത്. അപ്പോളയാള്‍ 148-ാം നമ്പര്‍ ഡീലക്സ് സ്യൂട്ടിന്റെ ഡോറിനു മുന്പില് നില്‍ക്കുകയായിരുന്നു.
ഫ്ളോറിന്റെ അങ്ങേയറ്റത്ത് എലിവേറ്റര്‍ തുറന്നു. അതില്‍ നിന്നുമിറങ്ങിയ അഞ്ചരയടി പൊക്കമുള്ള, പരസ്യമോഡലിനെ അനുസ്മരിപ്പിക്കുന്ന മെലിഞ്ഞ സുന്ദരിയുടെ മുഖം കണ്ട നിമിഷംതന്നെ അയാളുറപ്പിച്ചു. തിരഞ്ഞെത്തിയ ആള് ഇതുതന്നെ.
ആ നിമിഷം അയാള്‍ വെട്ടിത്തിരിഞ്ഞു. ഒന്നുമറിയാത്തതു പോലെ എലിവേറ്റര്‍ ലക്ഷ്യമിട്ടെന്നോണം കോറിഡോറിലൂടെ നടന്നുതുടങ്ങി. തനിക്കഭിമുഖമായി വരുന്നത് അപകടമാണെന്ന് അവള് പക്ഷേ, അറിഞ്ഞില്ല. പി.എസ്.ബിയുടെ വന്‍സന്നാഹം കാവല്‍ നില്ക്കുന്ന ഒരു ഹോട്ടലിലെ, യൂണിഫോംധാരിയായ ഹോട്ടല്‍ സ്റ്റാഫില്‍ അവള് ആകസ്മികതകളൊന്നും കണ്ടില്ല.
ചേംബര്മേഡ് ട്രോളിയുമായി ജെയിന് അവരെ കടന്നുപോകുന്ന നിമിഷത്തിലായിരുന്നു അവള് കൈയിലുള്ള സെല്‍ഫോണിന്റെ സ്ക്രീന്‍ലോക്ക്, ഫിംഗര്‍ പ്രിന്റുപയോഗിച്ച് അണ്‍ലോക്ക് ചെയ്യുന്നത്. അയാളതൊരു നൊടിയിടയില്‍ കണ്ടു. ലിലിങ് യു ഡീലക്സ് സ്യൂട്ടിലേക്ക് പ്രവേശിച്ച് അധികമാവും മുന്‍പ് അയാള്‍ മാസ്റ്റര്‍ കീ കാര്‍ഡ് ഉപയോഗിച്ച് അതിനുള്ളിലേക്കു കടന്നു. എന്നിട്ട് രണ്ട് സെല്‍ഫോണുകളുടെയും സ്ക്രീന്‍ ലോക്കുകള്‍ തന്റെ ഫിംഗര്‍ പ്രിന്റിലേക്ക് പുതുക്കി. ബാത്ത്റൂമില്‍നിന്നും തിരികെ മാസ്റ്റര്‍ ബെഡ്റൂമിലെത്തിയയുടന് സെല്‍ഫോണുകള്‍ പരിശോധിക്കാന്‍ തുടങ്ങി. അതില്‍ ആദ്യത്തേത് ഗാലറിയില്‍ നിരവധി സെല്‍ഫികളും, കോണ്ടാക്ടില് നിരവധി നമ്പറുകളുമുള്ള ഒരു ഫോണായിരുന്നു. അത് ലിലിങ് യുവിന്റെ പേഴ്സണല്‍ ഫോണായിരുന്നു.
രണ്ടാമത്തെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റില്‍ ഒരേയൊരു നമ്പര്‍ മാത്രമേ സേവ് ചെയ്തിരുന്നുള്ളൂ. കാവ എന്ന പേരില്‍. ഹയാത്തിലേക്കെത്തുംമുന്പേതന്നെ പരിചിതമായ, കൗതുകമുണര്‍ത്തുന്ന പേരുകളില്‍ ഒന്ന്. അതൊരു കോഡ്നെയിമായിരുന്നു. ബാത്റൂമില്‍ നിര്‍ജീവമായി കിടക്കുന്ന ലിലിങ് യു എന്ന സ്ത്രീ, അവരുടെ ദൗത്യത്തിനു വേണ്ടി അണിഞ്ഞിരുന്ന സിഡ്ര എന്ന കോഡ്നെയിംപോലെത്തന്നെയുള്ളത്.
ഫോണിലെ കോള്‍ഹിസ്റ്ററി ശൂന്യമായിരുന്നു. അയാള്‍ നേരേ വൈസ്സിന് തുറന്നു. ചൈനയില്‍ നിലവിലുള്ള സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പുകളില്‍ പ്രശസ്തമാണ് വൈസ്സിന്. വാട്സാപ്പിന് പകരമായി ചൈനക്കാര്‍ക്കു വേണ്ടി മാത്രം നിര്‍മിക്കപ്പെട്ട മെസേജിങ് ആപ്. അതിന്റെതന്നെ ആഗോള പതിപ്പാണ് വീ ചാറ്റ്. വൈസ്സിനില് കാവയുമായി നടന്ന ഒരു ചാറ്റ് അയാള്‍ക്ക് മുന്പില് തുറക്കപ്പെട്ടു. രണ്ടു മെസേജുകളായിരുന്നു അതിലുണ്ടായിരുന്നത്.
വളരെ വിചിത്രവും നിഗൂഢവുമായ രീതിയിലുള്ള ആദ്യത്തെ മെസേജ്, അയാളുടെ ബുദ്ധിയെ വെല്ലുവിളിക്കുംപോലെ അയാള്‍ക്കു നേരേ തുറിച്ചുനോക്കി.
Content Highlights: Havana Club Malayalam Novel Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..