.ഐ.ടി. കാണ്‍പൂരില്‍ കാലെടുത്തുവെച്ച ഉടനെ വലിയ നഷ്ടബോധമാണ് തോന്നിയത്. ജീവിതത്തിലെ സുവര്‍ണകാലഘട്ടമായ ഡിഗ്രി പഠനം ഇത്രയും നല്ലൊരു കലാലയത്തില്‍ വെച്ചു നടത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം. മികച്ച അധ്യാപകര്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ഗ്രന്ഥശാല, ഹോസ്റ്റല്‍, മറ്റു സൗകര്യങ്ങള്‍. എല്ലാറ്റിലുമുപരിയായി പഠന-പാഠ്യേതര രംഗങ്ങളില്‍ ഉന്നതിയിലേക്കുയര്‍ന്നുവരാന്‍ പര്യാപ്തമാക്കുന്നതരത്തിലുള്ള ഒരു കലാലയസംസ്‌കാരം. ഈ കലാലയസംസ്‌കാരംതന്നെയാണ് ഐ.ഐ.ടികളെ ഭാരതത്തിലെ മികച്ച സ്ഥാപനങ്ങളായി നിലനിര്‍ത്തുന്നതെന്ന് നിസ്സംശയം പറയാം.
 
ആദ്യ ദിവസം നടത്തിയ സ്വാഗതപ്രസംഗത്തില്‍ ഐ.ഐ.ടി. കാണ്‍പൂര്‍ ഡയറക്ടര്‍ ഡോ. സഞ്ചയ് ദാണ്ഡെ ഇപ്രകാരം പറഞ്ഞു: 'നിങ്ങള്‍ക്ക് ഈ സ്ഥാപനത്തില്‍നിന്ന് ലഭ്യമാകുന്ന ഏറ്റവും വലിയ കാര്യം 'സ്വാതന്ത്ര്യ'മാണ്. കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും അവനവന് താത്പര്യമുള്ള പഠന, കലാസാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും, സ്വന്തം ഇഷ്ടമനുസരിച്ച് സമയം വിനിയോഗിക്കാനുമുള്ള സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നു നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങളുടെ തീരുമാനം നിങ്ങളുടെ വിജയത്തിന്റെ അളവു നിശ്ചയിക്കും...'
 
ഐ.ഐ.ടിയിലെ ആദ്യ മൂന്നുനാലു മാസങ്ങള്‍ക്കിടെ ഞാന്‍ ധാരാളംപേരെ പരിചയപ്പെട്ടു. ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ളവര്‍. പല ഭാഷ സംസാരിക്കുന്നവര്‍. പലതരക്കാര്‍. എന്നാല്‍ ഐ.ഐ.ടി. കാണ്‍പൂര്‍ കാമ്പസ് സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായ ഒരു പൊതുസ്വഭാവം ഞാന്‍ എല്ലാവരിലും കണ്ടു. അത് മറ്റൊന്നുമായിരുന്നില്ല. വ്യക്തമായ ലക്ഷ്യബോധം. ഇത്രയും കാലം എനിക്ക് ഇല്ലാതിരുന്നതും അതുതന്നെയായിരുന്നുവല്ലോ. ഐ.ഐ.ടി. കാണ്‍പൂരിലെ ചില വിദ്യാര്‍ഥികളെക്കുറിച്ച് എഴുതാതെപോയാല്‍ ശരിയാവില്ല. കാരണം, എന്റെ ചിന്താസരണിയെ മാറ്റിമറിച്ചത് ഇവരുടെയൊക്കെ പ്രവൃത്തികളാണല്ലോ.
 
ഒന്നാമതായി, പഠിക്കുന്ന എഞ്ചിനീയറിങ് വിഷയത്തില്‍ അത്യധികം താത്പര്യമുള്ള ഒരു കുട്ടിയെക്കുറിച്ചെഴുതാം. ഡിഗ്രി മൂന്നാംവര്‍ഷം ആരംഭിക്കുമ്പോള്‍ത്തന്നെ ഇദ്ദേഹം ലാബുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. ഒരു റിസര്‍ച്ച് പേപ്പറും എഴുതുന്നുണ്ട്. ബി.ടെക്കിന്റെ മൂന്നാംവര്‍ഷം മുതല്‍ താത്പര്യമുള്ള ബി.ടെക്. വിദ്യാര്‍ഥികള്‍ക്ക് ചില എം.ടെക്കിന്റെ വിഷയങ്ങള്‍ ഐച്ഛികവിഷയമായെടുക്കാം. ഇദ്ദേഹം അങ്ങനെ ഞങ്ങളുടെ ക്ലാസ്സുകളിലുമെത്തി. ഇദ്ദേഹത്തിന്റെ ലക്ഷ്യം എം.ഐ.ടി, ഹാര്‍വാര്‍ഡ് തുടങ്ങിയ ലോകോത്തര സര്‍വകലാശാലകളിലൊന്നില്‍ പിഎച്ച്.ഡി. പഠനം നടത്തുകയെന്നതാണ്. ഡിഗ്രി കഴിയുമ്പോഴേക്കും അത് സാധ്യമാവുകയും ചെയ്തു. മറ്റൊരാള്‍ എഞ്ചിനീയറിങ്ങില്‍ തീരെ താത്പര്യമില്ലാത്തയാളാണ്. അച്ഛനുമമ്മയും നിര്‍ബന്ധിച്ചു പറഞ്ഞതുകാരണം ഐ.ഐ.ടി. എന്‍ട്രന്‍സിനുവേണ്ടി പഠിച്ചു. ഐ.ഐ.ടിയില്‍വെച്ച് ചിറകുകള്‍ ലഭിച്ചപ്പോള്‍ സ്വന്തം ഇഷ്ടത്തിന് പറക്കാന്‍ തീരുമാനിച്ചു. ഡിഗ്രി പഠനം കഴിഞ്ഞയുടനെ പത്രപ്രവര്‍ത്തനമേഖലയിലേക്കു കടക്കണം എന്ന ആഗ്രഹമുള്ള ഇദ്ദേഹം പൊതുവായ വായനയിലും എഴുത്തിലും കൂടുതല്‍ ശ്രദ്ധകൊടുക്കുന്നു.
 
മൂന്നാമത്തെ സുഹൃത്തിന്റെ ലക്ഷ്യം എം.ബി.എ. ആണ്. എഞ്ചിനീയറിങ്ങിനോട് താത്പര്യമോ താത്പര്യക്കുറവോ ഇല്ല. ഐ.ഐ.എം. അഹമ്മദാബാദിലോ ബാംഗ്ലൂരോ എം.ബി.എയ്ക്ക് ചേരണം എന്നാണ് ലക്ഷ്യം. CAT പരീക്ഷ പാസ്സാവുകയാണല്ലോ ഐ.ഐ.എമ്മില്‍ അഡ്മിഷന്‍ നേടാന്‍ ചെയ്യേണ്ടത്. എഞ്ചിനീയറിങ്ങില്‍ ലഭിക്കുന്ന മാര്‍ക്കുകൊണ്ട് MBA പഠനത്തില്‍ ഒരു കാര്യവുമില്ല എന്നറിയുന്ന ഇദ്ദേഹം ക്ലാസ്സില്‍ കാര്യമായി ശ്രദ്ധിക്കാറില്ല. എന്നാല്‍ രാത്രി രണ്ടുമണിവരെ CAT പരീക്ഷയ്ക്കുവേണ്ടി പഠിക്കും. CAT റിസല്‍ട്ടുവന്നപ്പോള്‍ 100 ശതമാനം മാര്‍ക്കാണ് ഇദ്ദേഹത്തിന്! എല്ലാ ഐ.ഐ.എമ്മില്‍ നിന്നും ഇന്റര്‍വ്യൂ കോള്‍ വന്നെങ്കിലും ഐ.ഐ.എം. അഹമ്മദാബാദിലും ബാംഗ്ലൂരിലും മാത്രം ഇന്റര്‍വ്യൂവിന് പോയി. രണ്ടുസ്ഥലത്തും അഡ്മിഷന്‍ കിട്ടി.
 
പിന്നെ ഐ.എ.എസ്. പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്ന കുറച്ചുപേരെയും കണ്ടു. ഡിഗ്രി കഴിഞ്ഞയുടനെ ഒരുവര്‍ഷം സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ടി പഠിക്കാന്‍ മാറ്റിവെക്കണം എന്നു തീരുമാനമെടുത്തവര്‍. തങ്ങളുടെ ഭൂതകാലതീരുമാനങ്ങളില്‍ ദുഃഖമില്ലാത്ത, എന്നാല്‍ നാളെയെക്കുറിച്ച് വ്യക്തമായ സ്വപ്‌നങ്ങളുള്ള ഒരുപാടുപേരെ ഐ.ഐ.ടിയില്‍വെച്ച് ഞാന്‍ പരിചയപ്പെട്ടു. തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കഠിനപ്രയത്‌നം ചെയ്യുന്ന ഈ കൂട്ടുകാര്‍ എന്നെ ഇരുത്തി ചിന്തിപ്പിച്ചു.
എന്റെ ജീവിതലക്ഷ്യം എന്താണ്? ആരാവാനാണ് ഞാന്‍ പഠിക്കുന്നത്? എം.ടെക്കിനു ശേഷം എന്തുജോലി ചെയ്യാനാണ് താത്പര്യം? റിസര്‍ച്ച് ചെയ്യാന്‍ പോകണോ? എന്റെ ലക്ഷ്യത്തെക്കുറിച്ചൊരു വിചിന്തനം നടത്താന്‍ ഞാന്‍ തീരുമാനിച്ചു. ഐ.എ.എസ്. എന്ന സ്വപ്‌നം പതുക്കെപ്പതുക്കെ പുറത്തേക്കുവരാന്‍ തുടങ്ങി.
 
ഒരു ക്യുബിക്കിളില്‍ ഇരുന്ന് സോഫ്ട്‌വെയര്‍ ഡവലപ്‌മെന്റ് നടത്താന്‍... എന്തോ മനസ്സുതോന്നുന്നില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ അത്യധികം താത്പര്യമില്ലാത്തതിനാല്‍ റിസര്‍ച്ച് നടത്താനോ ഫാക്ടറിയില്‍ എഞ്ചിനീയറാവാനോ ഇഷ്ടമില്ല. ജനങ്ങളുടെ ഇടയില്‍നിന്ന് പ്രവര്‍ത്തിക്കണമെന്ന തോന്നലില്‍നിന്നാണ് ഇത്തരം ജോലികളോടുള്ള ഇഷ്ടക്കുറവ് വരുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ ഐ.എ.എസ്സിനെക്കാള്‍ നല്ലൊരു ജോലിയില്ലല്ലോ.
മൂന്നാംക്ലാസ് മുതല്‍ എം.ടെക്. പഠനംവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഞാന്‍ പഠിച്ചത്. നവോദയവിദ്യാലയത്തില്‍ വിദ്യാഭ്യാസം സൗജന്യമായിരുന്നു. എഞ്ചിനീയറിങ് കോളേജില്‍ 1200 രൂപയായിരുന്നു വാര്‍ഷികഫീസ്. ഐ.ഐ.ടിയില്‍ നിന്നാകട്ടെ പ്രതിമാസം സ്‌കോളര്‍ഷിപ്പും ലഭിക്കുന്നുണ്ട്. ഗവണ്‍മെന്റ് തന്ന വിദ്യാഭ്യാസത്തിനു പകരമായി ഗവണ്‍മെന്റിനെത്തന്നെ സേവിക്കണമെന്ന ചിന്തയും രൂഢമായി വന്നു. ഐ.എ.എസ്. എന്ന ജോലിയെപ്പറ്റി ഞാന്‍ കൂടുതല്‍ അന്വേഷിച്ചുതുടങ്ങി. ജോലിയിലെ വൈവിധ്യത, തൊഴില്‍സ്ഥിരത, ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താനുള്ള സാധ്യത തുടങ്ങി ഈ ജോലിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളെല്ലാം എന്നെയാകര്‍ഷിച്ചു.
 
മനസ്സിന്റെ ഉള്ളിലേക്കിറങ്ങി വിചിന്തനം നടത്തിയാല്‍ ഐ.എ.എസ്. ലഭിക്കുന്നതുവഴി സമൂഹത്തില്‍നിന്ന് ലഭിക്കുന്ന സ്‌നേഹാദരങ്ങളും സിവില്‍ സര്‍വീസസ് പരീക്ഷ എഴുതണമെന്ന തീരുമാനമെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അവനവന്റെ ഈഗോയെ സംതൃപ്തിപ്പെടുത്താനായാല്‍ സ്വതന്ത്രമായി, സമചിത്തതയോടെ ജോലി ചെയ്യാന്‍ സാധിക്കുമെന്ന തോന്നലും ഉടലെടുത്തു. എല്ലാ രീതിയിലും ഇഷ്ടപ്പെടുന്ന തൊഴിലാകുമ്പോള്‍ ജോലി ഒരിക്കലും ഭാരമായിത്തീരില്ലല്ലോ... സിവില്‍ സര്‍വീസസ് പരീക്ഷയെഴുതി ഐ.എ.എസ്. നേടണമെന്ന ഉറച്ച തീരുമാനം ഞാനെടുത്തു. ഈ ലക്ഷ്യത്തെപ്പറ്റി വീട്ടുകാരോടു പറഞ്ഞപ്പോള്‍, 'എന്നാല്‍പ്പിന്നെ എന്തിനാണ് എം.ടെക്കിന് പോയത്?' എന്ന ചോദ്യം വന്നു. 'കറങ്ങിത്തിരിഞ്ഞ് ഇവിടെയെത്തിയപ്പോഴാണ് ലക്ഷ്യബോധം വന്നത്. വേണമെങ്കില്‍ എം.ടെക്. പഠനം ഉപേക്ഷിക്കാനും ഞാന്‍ തയ്യാറാണ്' എന്നു മറുപടി പറഞ്ഞു.
 
ഇത്രയും നല്ലൊരു സ്ഥാപനത്തില്‍ പഠിക്കാന്‍ ലഭിച്ച അവസരം കളയേണ്ട എന്നും ഉന്നതബിരുദം കൈയിലുള്ളത് എപ്പോഴെങ്കിലും ഉപകരിക്കുമെന്നും അച്ഛന്‍ പറഞ്ഞു. എം.ടെക്. പഠനത്തിനിടയില്‍ ഐ.എ.എസ്. പരീക്ഷയ്ക്കുവേണ്ടിയും പഠിക്കാമെന്ന് ഞാനും കണക്കുകൂട്ടി. ഐ.ഐ.ടി. ജീവിതം തുടര്‍ന്നു. (ഐ.എ.എസ്. പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുമ്പോള്‍ 'അഥവാ കിട്ടിയില്ലെങ്കില്‍ എന്തുചെയ്യും?' എന്ന ചിന്ത എന്നെ പലപ്പോഴും അലട്ടിയിട്ടുണ്ട്. എം.ടെക്. പഠിച്ചതിനാല്‍ വേറെ നല്ലൊരു ജോലി കിട്ടുമെന്ന ഉറപ്പുണ്ടായിരുന്നു. മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ ഇതു വളരെ സഹായകമായിട്ടുണ്ട്).
'The best time to do something may be a couple of years ago. But the second best time is today' എന്ന വാക്യം എനിക്കു പ്രേരണ നല്കി. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ടി പഠനം തുടങ്ങാന്‍ ഏറ്റവും ഉത്തമമായ സമയം ഡിഗ്രി പഠനകാലഘട്ടമായിരിക്കാം. എന്നാല്‍ രണ്ടാമത്തെ ഏറ്റവും നല്ല സമയം ഇന്നുതന്നെ. ഐ.എ.എസ്. പഠനം നടത്താന്‍ വീട്ടുകാരുടെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നതിനാല്‍ മറ്റൊന്നുംതന്നെ ചിന്തിക്കേണ്ടിയിരുന്നില്ല.
 
ഈ ചിന്തകളും തീരുമാനങ്ങളുമെല്ലാം 'ഐ.എ.എസ്.' എന്ന ലക്ഷ്യത്തെ അനുദിനം വളര്‍ത്തി വലുതാക്കി എന്നല്ലാതെ സ്വപ്‌നസാക്ഷാത്കാരത്തിനുവേണ്ടി പഠനം തുടങ്ങാന്‍ സാധിച്ചില്ല. എന്റെ റിസര്‍ച്ച് ഗൈഡ് വളരെ സ്ട്രിക്ട് ആയതുതന്നെയായിരുന്നു പ്രധാനകാരണം. എന്നില്‍നിന്ന് ധാരാളം അധ്വാനം അദ്ദേഹം പ്രതീക്ഷിച്ചു. അദ്ദേഹത്തിന്റെ പ്രേരണമൂലം മൂന്നു റിസര്‍ച്ച് പേപ്പറുകള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പക്ഷേ, ഐ.എ.എസ്. പഠനം ശരിയായ രീതിയില്‍ നടന്നില്ല.
ഡല്‍ഹിയില്‍ ജോലിചെയ്യുന്ന എന്റെ മാമനോട് ഞാന്‍ ഐ.എ.എസ്. പരീക്ഷയെഴുതാന്‍ തീരുമാനിച്ചു എന്നു പറഞ്ഞു. ഒരു വാരാന്ത്യത്തില്‍ ഡല്‍ഹിയിലേക്ക് വന്നാല്‍ ഏതെങ്കിലും ഐ.എ.എസ്. ഉദ്യോഗസ്ഥനോട് സംസാരിക്കാന്‍ ഏര്‍പ്പാടുചെയ്യാം എന്ന് മാമന്‍ പറഞ്ഞു. അതിനാല്‍, ഒരു വാരാന്ത്യത്തില്‍ ഞാന്‍ ഡല്‍ഹിയിലേക്കു പോയി. മാമന്റെ മലയാളി സുഹൃത്തുക്കളില്‍ ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അവര്‍ മുഖേന ഒരു റിട്ടയേഡ് ഐ.എ.എസ്. ഓഫീസറെയും ഒരു ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസ് ഓഫീസറെയും പോയിക്കണ്ടു.
 
'ഐ.ഐ.ടിയില്‍ നിന്ന് എം.ടെക്. പഠിച്ചവര്‍ എന്തിനാണ് ഐ.എ.എസ്സിലേക്ക് വരുന്നത്? രാഷ്ട്രീയക്കാരുടെ താളത്തിനൊത്ത് തുള്ളേണ്ടിവരും. അതുകൊണ്ട് ചിന്തിച്ചു തീരുമാനമെടുത്താല്‍ മതി...' ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റിട്ടയേഡ് ഐ.എ.എസ്. ഓഫീസറാകട്ടെ പൊതുവായ ഉപദേശമാണ് തന്നത്. 'ഏതൊരു സാധാരണക്കാരനും എഴുതിയെടുക്കാന്‍ സാധിക്കുന്ന പരീക്ഷയാണിത്. കഠിനാധ്വാനം ചെയ്യാനുള്ള തളരാത്ത മനസ്സുവേണം. ഡിഗ്രി പഠിച്ച വിഷയം ഒരു ഓപ്ഷനായി തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. പത്രം മുടങ്ങാതെ വായിക്കണം...' അദ്ദേഹം പറഞ്ഞു.
ഡല്‍ഹി യാത്രമൂലം ഐ.എ.എസ്. പരീക്ഷയെപ്പറ്റിയോ, പഠനരീതിയെപ്പറ്റിയോ വ്യക്തമായ കാഴ്ചപ്പാട് കിട്ടിയില്ലെങ്കിലും പഠനത്തിന് ചെറിയൊരു തുടക്കം നല്കാന്‍ ഈ സന്ദര്‍ശനംകൊണ്ട് സാധിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഒരു ഐച്ഛികവിഷയമായി എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ബ്രില്യന്റ് ട്യൂട്ടോറിയല്‍സിന്റെ പോസ്റ്റല്‍ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
 
2004 ഡിസംബര്‍ മാസത്തില്‍ എം.ടെക്. പഠനം കഴിയുമ്പോഴേക്കും ഐ.എ.എസ്. നേടുക എന്നത് ജീവിതലക്ഷ്യമായി മാറിയിരുന്നു. ലക്ഷ്യത്തിലെത്താന്‍ രണ്ടു വഴികളാണ് അപ്പോള്‍ എന്റെ മുന്നിലുണ്ടായിരുന്നത്.
1. എം.ടെക്കിനുശേഷം ജോലിയൊന്നും ചെയ്യാതെ ഡല്‍ഹിയിലോ മറ്റു സ്ഥലങ്ങളിലോ ഉള്ള ഏതെങ്കിലും കോച്ചിങ് സ്ഥാപനത്തില്‍ പോയിപഠിക്കുക.
2. എം.ടെക്കിനുശേഷം ഒരു ജോലിനേടി തൊഴില്‍ ചെയ്തുകൊണ്ട് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കായി പഠിക്കുക. ശമ്പളവും കിട്ടും, പഠനവും നടത്താം.
 
Harikishore IAS
പുസ്തകം വാങ്ങാം

ആദ്യത്തെ വഴിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ച ഉടനെ, വേണ്ട എന്നുറപ്പിച്ചു. ഡല്‍ഹിയില്‍ ഒരു വിഷയം പഠിക്കാന്‍ 30,000 രൂപയോളമാണ് ഫീസ്. രണ്ട് ഐച്ഛികവിഷയങ്ങളും പൊതുവിജ്ഞാനത്തിന്റെ പേപ്പറും പഠിക്കാന്‍ ഏകദേശം ഒരുലക്ഷത്തോളം രൂപ ചെലവുവരും. പിന്നെ പ്രതിമാസം അയ്യായിരം രൂപയോളം താമസഭക്ഷണച്ചെലവുകള്‍. രണ്ടുവര്‍ഷം പഠിക്കണമെങ്കില്‍ മൂന്നുലക്ഷത്തോളം രൂപ ചെലവാകും. അത്രയും പണം എന്റെ കൈയിലില്ല. 24-ാം വയസ്സില്‍, അച്ഛനോടു പണം ചോദിച്ച് പഠിക്കണ്ട, പകരം സ്വന്തംകാലില്‍ നിന്നുകൊണ്ട് പഠിക്കാം എന്നു തീരുമാനിച്ചു... കുറച്ചു വൈകിയാലെന്താ? അങ്ങനെ ജോലിചെയ്തുകൊണ്ട് പഠിക്കാം എന്നു തീരുമാനമെടുത്തു. കാമ്പസ് ഇന്റര്‍വ്യൂവഴി ടാറ്റാ സ്റ്റീലില്‍ ജോലി ലഭിച്ചെങ്കിലും ജോലിക്കു ചേര്‍ന്നില്ല. സോഫ്ട്‌വെയര്‍ രംഗത്ത് ജോലിചെയ്താല്‍ സമയം കിട്ടില്ല എന്ന സംശയം വന്നതിനാല്‍ അധ്യാപകനായി ജോലിനോക്കാം എന്നു കരുതി. അമൃതയില്‍ തിരിച്ചുവന്ന് അധ്യാപകനായി ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രിന്‍സിപ്പലിന് കത്തെഴുതി. അവര്‍ സന്തോഷപൂര്‍വം ജോലി വാഗ്ദാനം ചെയ്തു. ആഴ്ചയില്‍ 15 മണിക്കൂര്‍ മാത്രം പഠിപ്പിച്ചാല്‍ മതി. ശനി, ഞായര്‍ ദിവസങ്ങളില്‍ ലീവ്. 14,000 രൂപയോളം ശമ്പളം. അപ്പോള്‍ പഠിക്കാന്‍ ധാരാളം സമയം കിട്ടുമെന്നുറപ്പാണ്. അമൃതയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ലക്ചററായി ഞാന്‍ ജോലിയില്‍ പ്രവേശിച്ചു.

നിങ്ങള്‍ക്കും IAS നേടാം എന്ന പുസ്തകത്തില്‍ നിന്നും

 
 
Content Highlights: Harikishore IAS life story Mathrubhumi Books