സര്‍വനാശത്തിന്റെ തുടക്കത്തിലാണ് നമ്മള്‍, എന്നിട്ടും നിങ്ങള്‍ പണത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നു


ഇതില്‍നിന്ന് മാറിനടക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. ഇപ്പോള്‍, ഇവിടെവെച്ച്, ഈ നിമിഷം ഞങ്ങളൊരു നിയന്ത്രണരേഖ വരയ്ക്കുന്നു. ലോകം ഉണരുകയാണ്. മാറ്റം ഇവിടെ തുടങ്ങുന്നു. നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. നന്ദി.

പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിഗ്രേറ്റ ട്യൂന്‍ബെര്‍ഗ് 2019 സെപ്റ്റംബര്‍ 23ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്:

'തെല്ലാം തെറ്റാണ്. ഇന്നിവിടെ ഇരിക്കേണ്ട ആളല്ല ഞാന്‍. കടലിനപ്പുറത്ത് സ്‌കൂളിലിരുന്ന് പഠിക്കേണ്ട കുട്ടിയാണ്. എന്നിട്ടും ഞങ്ങളുള്‍പ്പെടെയുള്ള യുവജനതയില്‍ പ്രതീക്ഷയര്‍പ്പിച്ച് നിങ്ങളിവിടെ വരുന്നു. നിങ്ങള്‍ക്കിതിന് എങ്ങനെ ധൈര്യമുണ്ടായി! പൊള്ളയായ വാഗ്ദാനങ്ങളിലൂടെ നിങ്ങളെന്റെ കുട്ടിക്കാലവും സ്വപ്‌നങ്ങളും കവര്‍ന്നു. ഇപ്പോള്‍ ഞാന്‍ ഭാഗ്യമുള്ളവരില്‍ ഒരാളാണ്. ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. അവര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ആവാസവ്യവസ്ഥ മുഴുവന്‍ തകര്‍ന്നടിയുന്നു. സര്‍വനാശത്തിന്റെ തുടക്കത്തിലാണ് നമ്മള്‍. എന്നിട്ടും ഇപ്പോഴും നിങ്ങള്‍ പണത്തെക്കുറിച്ചും ശാശ്വതമായ സാമ്പത്തികവളര്‍ച്ചയുടെ മായാജാലക്കഥകളെക്കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. എങ്ങനെയാണ് നിങ്ങള്‍ക്കതിന് ധൈര്യം വരുന്നത്!

മുപ്പതുവര്‍ഷംകൊണ്ട്, ശാസ്ത്രം അത്രമേല്‍ വളര്‍ന്നുകഴിഞ്ഞു. ഇതിനുള്ള രാഷ്ട്രീയപരിഹാരം കാണാമറയത്തായിട്ടും ഞങ്ങള്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ദൂരെ മാറിനിന്ന് പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യംവരുന്നു!

ഞങ്ങളെ കേള്‍ക്കുന്നുണ്ടെന്നും ഞങ്ങള്‍ പറയുന്നതിന്റെ അടിയന്തരപ്രാധാന്യം മനസ്സിലാക്കുന്നുണ്ടെന്നും നിങ്ങള്‍ പറയുന്നു. ഞാനത് വിശ്വസിക്കാനാഗ്രഹിക്കുന്നില്ല. കാരണം, ഈ സാഹചര്യം ശരിക്കും മനസ്സിലായിട്ടുതന്നെയാണ് നിങ്ങളതിനെതിരേ വേണ്ട നടപടികളെടുക്കാതിരിക്കുന്നതെങ്കില്‍, നിങ്ങള്‍ ദുരാത്മാക്കളായിരിക്കണം. അങ്ങനെ വിശ്വസിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.