ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ 2018-ല്‍ എക്‌സ്റ്റിങ്ഷന്‍ റിബലിയന്‍ എന്ന പേരിലുള്ള പരിസ്ഥിതി സന്നദ്ധസംഘടന വലിയ തോതില്‍ ഒരു സമരം സംഘടിപ്പിച്ചിരുന്നു. കാലാവസ്ഥാമാറ്റം തടയാന്‍ ലോകരാജ്യങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചായിരുന്നു സംഘടന സമരത്തിനിറങ്ങിയത്. ഗ്രേറ്റ ട്യുന്‍ബെര്‍ഗായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. സമരപ്രഖ്യാപനം നടത്തിക്കൊണ്ട് ഗ്രേറ്റ നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗ്രേറ്റയുടെ പ്രസംഗത്തിലെ പ്രധാനഭാഗങ്ങളിലൂടെ:

'നിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് കാലാവസ്ഥാവ്യതിയാനം അല്ലെങ്കില്‍ ആഗോളതാപനം എന്നീ വാക്കുകള്‍ ആദ്യമായി കേള്‍ക്കുന്നത്. പ്രത്യക്ഷത്തില്‍, ജീവിതരീതികൊണ്ട് മനുഷ്യന്‍ സൃഷ്ടിച്ച ഒന്നായിരുന്നു അത്. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി കടലാസ് പുനഃചംക്രമണം ചെയ്യാനും ഊര്‍ജം സംരക്ഷിക്കാന്‍ വേണ്ടി വിളക്കുകള്‍ അണയ്ക്കാനും ആളുകള്‍ എന്നോടു പറഞ്ഞു.

എന്നാല്‍ ഈ ചിന്ത വളരെ വിചിത്രമായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. മറ്റു ജീവജാലങ്ങളില്‍നിന്ന് വിവേകശാലികളായ മനുഷ്യന് ഭൂമിയുടെ കാലാവസ്ഥാവ്യതിയാനത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാനാവും. കാരണം, നമുക്കതിന് സാധിക്കുമെങ്കില്‍, അത് യഥാര്‍ഥത്തില്‍ നടക്കുന്ന ഒന്നാണെങ്കില്‍ നമ്മള്‍ ആഗോളതാപനമല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുമായിരുന്നില്ല. നിങ്ങള്‍ ടിവി ഓണ്‍ ചെയ്താല്‍ കേള്‍ക്കുന്നതെല്ലാം അതിനെക്കുറിച്ചാവുമായിരുന്നു. മാറ്റങ്ങളുണ്ടാക്കാന്‍ മനുഷ്യന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഒരു ലോകമഹായുദ്ധം നടക്കുന്നതുപോലെ ഹെഡ്‌ലൈനിലും റേഡിയോയിലും പത്രങ്ങളിലുമെല്ലാം കാലാവസ്ഥാപ്രശ്‌നങ്ങള്‍ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നതാണ് ദുഃഖകരമായ സത്യം.

ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വളരെ മോശമാണെങ്കില്‍, അത് നമ്മുടെ നിലനില്പിനെ അപകടപ്പെടുത്തുമെങ്കില്‍, മുന്‍പുള്ളപോലെ നമുക്കെങ്ങനെ അത് തുടരാന്‍ സാധിക്കും? എന്തുകൊണ്ടാണ് ഇതിനൊരു നിയന്ത്രണങ്ങളുമില്ലാത്തത്? എന്തുകൊണ്ടാണ് ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കാത്തത്?

ഓട്ടിസത്തിന്റെ വകഭേദമായ ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം എന്ന അസുഖമുണ്ടെനിക്ക്. എന്നെ സംബന്ധിച്ച് എല്ലാം കറുപ്പോ വെളുപ്പോ ആണ്. പല കാരണങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഓട്ടിസംബാധിതര്‍ സാധാരണ മനുഷ്യരാണെന്ന് തോന്നിയിട്ടുണ്ട്. മറ്റുള്ളവര്‍ വിചിത്രസ്വഭാവമുള്ളവരും. കാലാവസ്ഥാവ്യതിയാനം അസ്തിത്വ ഭീഷണിയാണെന്നും ഏവരുടെയും പ്രശ്‌നം അതൊന്നു മാത്രമാണെന്നും അവര്‍ പറയുന്നു. എന്നിട്ട് മുന്‍പത്തെപ്പോലെ അവര്‍ താപനം വര്‍ധിക്കാനുള്ള നീക്കങ്ങള്‍ തുടരുകയും ചെയ്യുന്നു. കാര്‍ബണ്‍പുറന്തള്ളല്‍ കുറയ്ക്കണമെങ്കില്‍ നാം ആദ്യം അതിനുള്ള നീക്കം നടത്തേണ്ടതുണ്ട്. നാം എപ്പോള്‍ അത്തരം നീക്കം സ്വയം നടത്തുന്നുവോ അപ്പോള്‍ മാത്രമേ ആഗോളതലത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നിര്‍ത്തലാക്കാന്‍ സാധിക്കുകയുള്ളൂ. എന്നെ സംബന്ധിച്ച്, അത് കറുപ്പോ അല്ലെങ്കില്‍ വെളുപ്പോ ആണ്. അതിജീവനത്തിന്റെ കാര്യത്തില്‍ വ്യത്യാസങ്ങളില്ല. ഒന്നുകില്‍ നമുക്ക് ഒരു സംസ്‌കാരമെന്ന രീതിയില്‍ മുന്നോട്ടു പോകാം, അല്ലെങ്കില്‍ അതല്ലാത്ത രീതിയില്‍. എന്താണെങ്കിലും നമ്മള്‍ മാറിയേ നിര്‍വാഹമുള്ളൂ.

സ്വീഡന്‍, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങള്‍ വാതകങ്ങള്‍ പുറന്തള്ളുന്നത് പ്രതിവര്‍ഷം 15 ശതമാനമായി കുറച്ചു വരേണ്ടതുണ്ട്. അത് സാധ്യമായാല്‍ മാത്രമേ താപന തോത് രണ്ട് ഡിഗ്രിയെങ്കിലും കുറയ്ക്കാനാവൂ. എന്നാല്‍ ഇപ്പോള്‍ ഐ.പി.സി.സി (Inter Governmental Panel on Climate Change) പറയുന്നത് ഒന്നു മുതല്‍ അഞ്ചു ഡിഗ്രി വരെ ലക്ഷ്യമിടണമെന്നാണ്. എന്നാല്‍ മാത്രമേ നമുക്ക് ലക്ഷ്യത്തിലേക്ക് സ്വപ്‌നം കാണാന്‍ സാധിക്കുകയുള്ളൂ.

നമ്മുടെ നേതാക്കന്മാരും മാധ്യമങ്ങളും ഈ പ്രശ്‌നത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി, ആരുംതന്നെ അക്കാര്യം പരാമര്‍ശിക്കുന്നില്ല. അല്ലെങ്കില്‍, നമ്മുടെ സംവിധാനത്തെ ഇതിനോടകം ബാധിച്ച ഹരിതഗൃഹവാതകത്തെക്കുറിച്ച് ആരെങ്കിലും എപ്പോഴെങ്കിലും പറയേണ്ടതാണ്. വായുമലിനീകരണം താപനത്തെ മറച്ചുവെക്കുന്നതിനെക്കുറിച്ചും പരാമര്‍ശിക്കേണ്ടതാണ്. അതുമല്ലെങ്കില്‍ എപ്പോള്‍ നമ്മള്‍ ജൈവ ഇന്ധനം കത്തിക്കുന്നത് അവസാനിപ്പിക്കുന്നുവോ അപ്പോള്‍ നമുക്ക് 0.5 ഡിഗ്രി മുതല്‍ 1.1 ഡിഗ്രി സെല്‍ഷ്യസ് വരെ ഉറപ്പുവരുത്താനാകുമെന്ന് ആരെങ്കിലും നമുക്ക് പറഞ്ഞുതരും. ഇരുന്നൂറോളം ജീവികള്‍ ഓരോ ദിവസവും ഭൂലോകത്തുനിന്ന് അപ്രത്യക്ഷമായി നമ്മള്‍ ആറാമത് കൂട്ടവംശനാശത്തിന്റെ വക്കിലാണെന്നും ആരും പറയുന്നതായി കേട്ടിട്ടില്ല. പാരീസ് ഉടമ്പടിയിലും ക്യോട്ടോ പ്രോട്ടോക്കോളിലും വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ള തുല്യതയെക്കുറിച്ചോ കാലാവസ്ഥാനീതിയെക്കുറിച്ചോ ആരെങ്കിലും സംസാരിച്ച് കേട്ടിട്ടുണ്ടോ? 

ആഗോളതലത്തില്‍ പാരീസ് ഉടമ്പടി നടപ്പാക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്. അതിനര്‍ഥമെന്തെന്നാല്‍, ആറു മുതല്‍ 12 വര്‍ഷത്തിനുള്ളില്‍ സമ്പന്നരാഷ്ട്രങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തീര്‍ത്തും കുറയ്ക്കുക എന്നതാണ്. എങ്കില്‍ മാത്രമേ ദരിദ്രരാജ്യങ്ങള്‍ക്ക് നമ്മള്‍ നേരത്തെ ഉണ്ടാക്കിയെടുത്ത ജീവിതനിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ. റോഡുകള്‍, ആശുപത്രികള്‍, വൈദ്യുതി, സ്‌കൂളുകള്‍, ശുചിത്വമുള്ള കുടിവെള്ളം എന്നിവ അവര്‍ക്ക് നിര്‍മിക്കാനാവൂ. കാരണം, എല്ലാ സംവിധാനങ്ങളുമുണ്ടായിട്ടും ആഗോളതാപനത്തെ കുറിച്ച് നമുക്ക് ചിന്തയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയെയോ നൈജീരിയെയോ പോലുള്ള രാജ്യങ്ങള്‍ കാലാവസ്ഥാപ്രതിസന്ധിയെക്കുറിച്ച് ആകുലപ്പെടണമെന്ന് ശഠിക്കാന്‍ നമുക്ക് സാധിക്കില്ല. കാരണം, പാരീസ് ഉടമ്പടി നടപ്പിലാക്കാനുള്ള നമ്മുടെ ബാധ്യതയെക്കുറിച്ച് ഒരു സെക്കന്‍ഡുപോലും നമ്മള്‍ ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. എന്തുകൊണ്ട് നമ്മള്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നില്ല? എന്തുകൊണ്ട് അത് ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നു? അറിഞ്ഞുകൊണ്ടു നമ്മള്‍ കൂട്ടവംശനാശം സംഭവിക്കാന്‍ ഇടവരുത്തുന്നുണ്ടോ? നമ്മള്‍ തിന്മ ചെയ്യുന്നവരായിട്ടാണോ? അല്ല, ഒരിക്കലുമല്ല. ജനങ്ങള്‍ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അതുതന്നെ ചെയ്യുന്നു. കാരണം, ഭൂരിപക്ഷംപേര്‍ക്കും തങ്ങളുടെ നിത്യജീവിതത്തില്‍ ഇത് എങ്ങനെ പ്രത്യാഘാതമുണ്ടാക്കുന്നുവെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. അതിനാല്‍ വലിയ മാറ്റം വരേണ്ടതുണ്ടെന്ന് അവര്‍ ആഗ്രഹിക്കുന്നുമില്ല.

greta
പുസ്തകം വാങ്ങാം

ഞാന്‍ നേരത്തെ പറഞ്ഞത് ആവര്‍ത്തിക്കുന്നു, ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. എവിടെയും ഒരു പത്രവാര്‍ത്തയോ ബ്രേക്കിങ് ന്യൂസോ അടിയന്തരയോഗമോ കാണാനില്ല. നമ്മള്‍ പ്രതിസന്ധിയിലാണെന്ന തരത്തില്‍ ആരുംതന്നെ പെരുമാറുന്നുമില്ല. എന്തിനേറെ  പറയുന്നു, ഹരിതരാഷ്ട്രീയക്കാരോ പരിസ്ഥിതിപ്രവര്‍ത്തകരോ പോലും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല. മാംസവും പാലുത്പന്നങ്ങളും കഴിച്ച് അവര്‍ ലോകം മുഴുവന്‍ വിമാനങ്ങളില്‍ പറക്കുകയാണ്.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ഭൂമിക്കു വേണ്ടി ഒരു സ്‌കൂള്‍ കുട്ടിയുടെ പോരാട്ടം എന്ന പുസ്തകത്തില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Greta Thunberg London speech Malayalam