ജി. ആർ. ഇന്ദുഗോപൻ| ഫോട്ടോ: മാതൃഭൂമി
പത്തിരുപത്തിനാല് കൊല്ലം മുന്‍പ്.
ഞാന്‍ പത്രപ്രവര്‍ത്തകനായി തുടങ്ങിയിട്ടേയുള്ളൂ.
രാത്രിവേല കഴിഞ്ഞ ഒരു പുലര്‍ച്ചെ. കൊല്ലത്തേക്ക് പോകണം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുകയാണ് ഞാന്‍.
ഒരു സായിപ്പ് ഞാനിരുന്ന ബെഞ്ചില്‍ വന്നിരുന്നു. ബോറടിച്ചപ്പോ പരിചയപ്പെട്ടു, സംസാരമായി.അയാള്‍ വെളിപ്പെടുത്തി:
ഞാനൊരു പ്രേതവേട്ടക്കാരനാണ്. ഗോസ്റ്റ് ഹണ്ടര്‍.
ഞാനെന്റെ ജീവിതത്തില്‍ അങ്ങനൊരു തസ്തിക കേട്ടിട്ടില്ലായിരുന്നു.
സായിപ്പ് ബാഗിലിരുന്ന ഉപകരണങ്ങളെ എനിക്കു പരിചയപ്പെടുത്തി: നൈറ്റ് വാച്ച്മാന്. ഒരുതരം കണ്ണടയാണ്. രാത്രിയും കാഴ്ച ലഭിക്കും.
മോഷന്‍ ഡിറ്റക്ടര്‍ ഇരുട്ടിലെ അപ്രതീക്ഷിതചലനങ്ങളെ രേഖപ്പെടുത്താനാണ്.
തെര്‍മല്‍ ഡിറ്റക്ടര്‍ വഴി അന്തരീക്ഷോഷ്മാവിലെ വ്യതിയാനം തിരിച്ചറിയാം.
എന്നുവെച്ചാല്‍ ഇതൊക്കെവെച്ചാണ് പ്രേതസാന്നിധ്യം തിരിച്ചറിയുന്നത്. പുതിയ അറിവായിരുന്നു.
സായിപ്പ് മൂന്നാറില്‍ പോയിട്ടു വരുന്ന വഴിയാണ്. നൂറു കൊല്ലത്തിലേറെ പഴക്കമുള്ള ശ്മശാനങ്ങളിലാണ് പുള്ളിയുടെ ലക്ഷ്യം.
ബ്രിട്ടീഷുകാരനായിരുന്നു. ബ്രിട്ടീഷ് ഗോസ്റ്റ് ഹണ്ടേഴ്സ് സൊസൈറ്റിയില്‍ അംഗമാണത്രേ. ഞാന്‍ ചോദിച്ചു: എത്ര പ്രേതങ്ങളെ കണ്ടിട്ടുണ്ട്?
അയാള്‍ പറഞ്ഞു: പ്രേതങ്ങള്‍ നമ്മള് വിചാരിക്കുന്നതുപോലെ മനുഷ്യരൂപങ്ങളല്ല. സാന്നിധ്യം മാത്രമാണ്. അതു തിരിച്ചറിയാന്‍ ഇത്തരം ഉപകരണങ്ങളാണ് സഹായിക്കുന്നത്.
ഞാന്‍ ചോദിച്ചു: എന്താണ് പ്രേതം?
എന്തുമാകാം. ഇരുട്ടിലെ ചില സഞ്ചാരം. മനുഷ്യപഥങ്ങളില്നിന്നു മാറി, എന്തൊക്കെയോ ചെയ്തുതീര്ക്കാന് ബാക്കിയുള്ള സൂക്ഷ്മമായ ഊര്‍ജകണങ്ങള്‍. ജീവനും ഊര്‍ജമാണ്. അതുകൊണ്ട് ആത്മാവെന്നൊക്കെ പറയാം. പക്ഷേ, ഒന്നുണ്ട്... ഒരൂര്ജത്തുള്ളിയും മരിച്ചയുടന്‍ വറ്റിപ്പോകുന്നില്ല.
എനിക്കു മനസ്സിലായില്ല.
അയാള്‍ വിശദീകരിച്ചു:
നിങ്ങള്‍ വരണ്ട നിലത്ത് ഒരുപാത്രം വെള്ളമൊഴിച്ചാല്‍ എന്തുപറ്റും? വെള്ളം ശടേന്ന് താഴ്ന്നുപോകും. എന്നാല്‍ തറനിരപ്പില്‍ ജലമുള്ള പ്രദേശമാണെങ്കിലോ... വെള്ളം വലിയുന്നത് മെല്ലെയേ സംഭവിക്കൂ. അതുപോലെയാണ് ആത്മാക്കള്‍. അതിന് പ്രകൃതിയില്‍ വിലയം കൊണ്ടേ പറ്റൂ. പക്ഷേ, ചിലത് അനുകൂലസാഹചര്യങ്ങളില്‍ കുറച്ചു നാള്‍കൂടി തങ്ങിനില്ക്കും. പാവലിന്റെ വള്ളികള്‍പോലെ വേണ്ടപ്പെട്ടവരുടെ ഓര്‍മകളിലാണ് അവയുടെ പിടുത്തം. നമ്മുടെ ഓര്‍മകള്‍ വിട്ടകലുമ്പോ അവയുടെ പിടുത്തം വിടും. അഥവാ ചെടി കരിഞ്ഞാലും, അതായത്, ആ ആത്മാവ് വിഘടിച്ചാലും, പിടിത്തം വിട്ടുപോകും.
മനുഷ്യര്‍ക്കും പല ജന്തുക്കള്ക്കുമുള്ളതുപോലെ ആത്മാക്കള്‍ക്കും ആയുസ്സുണ്ട്. ഒരുദിവസം വിഘടിപ്പിച്ച് മറ്റെന്തൊക്കെയോ ആകും.
മെല്ലെ ഇല്ലാതാകുന്ന ഈ ആത്മാക്കളാകട്ടെ ഓര്‍മകള്‍, അവരെ തേടി വരുന്നവര്‍, തുടങ്ങിയവയില്‍നിന്ന് ഊര്ജംകൊള്ളും. ചില പ്രത്യേക ഇടത്ത്, അവര്‍ അനക്കമായോ, ഊര്ജമായോ ഒക്കെ സന്നിഹിതരാകും. ഞാനതു തേടി നടക്കുകയാണ്. അവരെന്നെയും തേടി വരും.
പ്രേതകഥകളിലൊക്കെ പണ്ടേ തത്പരനായിരുന്നെങ്കിലും, എനിക്ക് ഇത്തരം നിഗൂഢജീവിതങ്ങളില് ഇമ്പം പടര്‍ത്തിയത് ഈ ബ്രിട്ടീഷുകാരനാണ്. ഞാനയാളെവെച്ച് 98ലോ 99ലോ ഒരു ചെറുകഥയെഴുതി: 'പ്രേതവേട്ടക്കാരന്‍.' ഈ സമാഹാരത്തിലുണ്ട്.
ആ ഇമ്പം പെട്ടെന്നു പോകുന്നതായിരുന്നില്ല.
****
പിന്നീട് അഞ്ചാറുവര്ഷത്തിനുശേഷം കൊച്ചിയിലുണ്ടായിരുന്ന കാലത്ത്, ഞാനും എന്റെ ഒരു സഹപ്രവര്ത്തകനുംകൂടി പ്രേതങ്ങളെ തപ്പിയിറങ്ങി. പരിചയക്കാരോടൊക്കെ അന്വേഷിച്ചു. അങ്ങനെയാണ് ഒരു മനോരോഗചികിത്സകന്റെ അടുത്തെത്തിയത്. ഒരു നാലുകെട്ടാണ്. ആള് ഒറ്റയ്ക്കു താമസം. ഞങ്ങള്‍ ചെല്ലുമ്പോ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. ഞങ്ങളോട് ചെവിയില്‍ പറഞ്ഞു:
അതിഥികള്‍ വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അവള് ചെവിക്കടുത്തു വന്ന് എന്നോടു പറഞ്ഞിരുന്നു.
ഞങ്ങള്‍ ചോദിച്ചു: ഏതവള്?
ഡോക്ടര്‍ പറഞ്ഞു: കാര്‍ത്ത്യായനി. അവള് പറഞ്ഞു, വരുന്നുണ്ട്. രണ്ടവന്മാര്. നിങ്ങളെ ഇവിടുന്ന് എഴുന്നേല്പിച്ച് കൊണ്ടുവിടാനാ പരിപാടിയെങ്കീ ഞാനവരെ പേടിപ്പിക്കും. എങ്ങോട്ടും പോകാന്‍ പാടില്ല.
ഞാന്‍ അവളോടു തമാശ പറഞ്ഞു: അത്ര കടുംപിടിത്തം വേണ്ട, കാര്‍ത്ത്യായനീ. വല്ല മന്ത്രവാദികളുമാണ് വരുന്നതെങ്കീ നിന്റെ കാര്യം പോക്കാ. നിന്നെ അവര്‍ കൊണ്ടുപോകും.
ഞാന്‍ ചോദിച്ചു: ഇപ്പോ എവിടുണ്ട് കാര്‍ത്ത്യായനി?
ഡോക്ടര്‍: എന്റെ ചെവിയുടെ പിറകേ. അല്ലാതെവിടെ?
ഞങ്ങള്‍ വല്ലാതായി.
ഡോക്ടര്‍ വിശദീകരിച്ചു: ഭാര്യ പിണങ്ങിപ്പോയി വല്ലാത്ത ഒറ്റപ്പെടല്‍ തോന്നിയപ്പോ, സുഹൃത്തായ ഒരു മന്ത്രവാദിയോടു പറഞ്ഞു. അയാള്‍ ഒരു സ്ത്രീരൂപം ഉണ്ടാക്കിത്തന്നു, കാര്‍ത്ത്യായനി. ഇവിടെ വീട്ടില്‍ കൊണ്ടുവെച്ചു. മെല്ലെ കാര്‍ത്ത്യായനി വീട് ഏറ്റെടുക്കുന്നതായി തോന്നി.
ചെവിക്കു തൊട്ടുപിന്നില്‍ അവളുടെ ഉച്ഛ്വാസം അനുഭവിക്കാന്‍ കഴിയുന്നു. ആദ്യമൊരു കൂട്ടായി. പിന്നപ്പിന്നെ വീടിനു വെളിയിലേക്കു വിടാതായി. 'അയ്യോ, ഞാനൊറ്റയ്ക്കായിപ്പോകും, ഒറ്റയ്ക്കായിപ്പോകു'മെന്ന് ഒരേ കരച്ചില്. വീട്ടില്‍ കണ്സള്ട്ടേഷന് സ്ത്രീകള്‍ വന്നാല്‍ തൊട്ടുപിന്നില്നിന്നൊരു അസൂയയുടെ മുറുമുറുപ്പ്. ഞാന്‍ കാര്‍ത്ത്യായനിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
അവളെ കൊണ്ടുവന്നു വെച്ച സ്ഥലത്തു നോക്കിയപ്പോള്‍ ഞെട്ടി! പ്രതിമ കാണാനില്ല. എന്നെക്കൊണ്ടുതന്നെ അവള് എങ്ങോട്ടോ മാറ്റിച്ചതാണ്. ഓര്‍മയില്ല. വീടു മുഴുവന്‍ പരിശോധിച്ചു. കാണുന്നില്ല. അടുത്ത നടപടിയിലേക്കു കടക്കണം. പക്ഷേ, അവളങ്ങ് വിട്ടുപോകുമോയെന്നൊരു സങ്കടവുമുണ്ട്. അതുകൊണ്ട് ഞാനൊരു അമാന്തത്തിലാണ്, ഡോക്ടര്‍ പറഞ്ഞു.
ഇതിപ്പോ ഡോക്ടര്ക്കാണോ പ്രശ്നം, കാര്ത്ത്യായനിക്കാണോ? അറിയില്ല.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പ്രേതവേട്ടക്കാരന്‍ എന്ന പുസ്തകത്തിന് എഴുതിയ ആമുഖത്തില്‍ നിന്നും
Content Highlights: GR Indugopan New Malayalam Book Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..