ഇന്നും എന്നില്‍ ഞാന്‍ ഗന്ധര്‍വന്‍ റീമേക്ക് ചെയ്യണം എന്ന വലിയ ആശ വളരുകയാണ്


'സ്വാമി ഇനി എനിക്കൊരു പടംകൂടി തരണം. ഒന്നോര്‍ത്തോ, പത്മരാജന്‍ ജീവിതത്തില്‍ ആരോടും ഒരു പടം തരാന്‍ കെഞ്ചിയിട്ടില്ല.'

പത്മരാജൻ, നിതീഷ് ഭരദ്വാജ്, ഗുഡ്‌നൈറ്റ് മോഹൻ

വിഷയങ്ങളിലെ അദ്ഭുതകരമായ വൈവിധ്യമായിരുന്നു പത്മരാജന്‍ തിരക്കഥകള്‍ക്ക്. ഒരിക്കല്‍ മദ്രാസില്‍വെച്ചായിരുന്നു, അവിചാരിതമായി ഞാന്‍ പത്മരാജനെ പരിചയപ്പെട്ടത്. ഒരു സിനിമാനടനെക്കാള്‍ സുന്ദരനായിരുന്നു പത്മരാജന്‍. നല്ല തിളങ്ങുന്ന കണ്ണുകള്‍. സുകുമാരമായ ശബ്ദം. നല്ല പെരുമാറ്റവും. ഒരുപാടു കാലത്തെ പരിചയമുള്ളതുപോലെയായിരുന്നു സംസാരവും പെരുമാറ്റവും. പരിചയപ്പെട്ട അന്നുമുതല്‍ എന്നെ സ്നേഹത്തോടെ വിളിച്ചത് സ്വാമീ എന്നാണ്. ഞാന്‍ ഒരു പട്ടരായതുകൊണ്ടാവാം അങ്ങനെ വിളിച്ചത്. ഞാന്‍ അദ്ദേഹത്തെ പപ്പേട്ടന്‍ എന്നും വിളിച്ചു.

ഈ പപ്പേട്ടന്‍വിളി മോഹന്‍ലാലില്‍നിന്നായിരുന്നു തുടങ്ങിയത്. ഞാന്‍ അന്ന് മദിരാശിയില്‍വെച്ച് കാണുമ്പോള്‍ പുള്ളി സിനിമകളുടെ വലിയ തിരക്കുകളിലായിരുന്നു. എന്നിട്ടും ഗുഡ്നൈറ്റ് ഫിലിംസിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്ന് ഞാനന്ന് ആവശ്യപ്പെട്ടു.

'തീര്‍ച്ചയായും സ്വാമിക്കുവേണ്ടി ഞാനൊരു പടം ചെയ്യും' എന്നു പറഞ്ഞാണ് പിരിഞ്ഞത്. പിന്നെ കാണാനൊന്നും ഒരവസരവും അടുത്തകാലത്തൊന്നും ഉണ്ടായതുമില്ല.

കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, പുള്ളി തിരക്കഥാകാരനില്‍നിന്ന് സംവിധാനപ്പട്ടമൊക്കെ ഏറ്റെടുത്തു നില്ക്കുന്ന കാലത്ത് ഒരിക്കല്‍ ബോംബെയില്‍ വന്നു. കൂടെ അദ്ദേഹത്തിന്റെ പുതിയ സിനിമ എടുക്കാന്‍ പോവുന്ന മണ്ണില്‍ മുഹമ്മദ് എന്ന നിര്‍മാതാവും ഉണ്ട്.

'സ്വാമീ, ഞാന്‍ ബോംബെയിലുണ്ട്,' എന്നെ ഫോണില്‍ പത്മരാജന്‍ വിളിച്ചു.
ഞാന്‍ പറഞ്ഞു, 'വൈകീട്ട് സമയമുണ്ടെങ്കില്‍ വീട്ടിലേക്കു വാ. പച്ചക്കറി ഊണ് തരാം.'
അതിനു സമ്മതം മൂളി അദ്ദേഹം വന്നു. കൂടെ മണ്ണില്‍ മുഹമ്മദ് എന്ന നിര്‍മാതാവും ഉണ്ട്. പത്മരാജന്റെ ആഗമനത്തിന്റെ ഉദ്ദേശ്യം പുതിയ പടത്തില്‍ നായകനായി നിതീഷ് ഭരദ്വാജിനെ വേണം. അതിന് എന്റെ സഹായം വേണം.

'സ്വാമീ, ആ പച്ചക്കുപ്പിയില്‍ നിറച്ചുവരുന്ന ഫ്രഞ്ച് ബ്രാണ്ടി ഉണ്ടോ?' സംസാരിച്ചിരിക്കെ, പുറത്തു ഇരുള്‍ വീഴുന്നതും നോക്കി പപ്പേട്ടന്‍ എന്നോടു ചോദിച്ചു.

ഞാന്‍ ബ്രാണ്ടിയുടെ പത്ത് അവതാരങ്ങളെ നിരത്തി. അതിലൊരു അവതാരത്തെ വഹിച്ചുകൊണ്ട് രസകരമായി തന്റെ പുതിയ സിനിമയുടെ കഥ പറയാന്‍ തുടങ്ങി:

ഒരു ഗന്ധര്‍വന്റെ കഥ. അതില്‍ ഗന്ധര്‍വന്റെ വേഷം ചെയ്യാനാണ് നിതീഷിനെ കാണാന്‍ വന്നിരിക്കുന്നത്. കഥ പറയുന്നതിലും ഗന്ധര്‍വന്‍ ആയിരുന്നു പപ്പേട്ടന്‍. ഞാന്‍ ആ കഥയില്‍ ശരിക്കും മോഹിതനായിപ്പോയി. എന്റെ ഉള്ളില്‍ അമര്‍ഷം തലപൊക്കാതിരുന്നില്ല. മുഹമ്മദ് ബാത്റൂമില്‍ പോയപ്പോള്‍ ഞാനത് വാക്കുകളില്‍ പപ്പേട്ടനോട് പ്രകടിപ്പിച്ചു. പപ്പേട്ടന്‍ ഈ കഥ എനിക്കല്ലേ തരേണ്ടത്. നിങ്ങളോട് ഒരു സിനിമ ചെയ്യാന്‍ പലപ്പോഴും ഞാന്‍ ആവശ്യപ്പെട്ടിരുന്നതുമാണ്. പപ്പേട്ടന്‍ ശരിക്കും വിഷമിക്കുന്നത് കാണാമായിരുന്നു.

'ഞാന്‍ സ്വാമിക്കുവേണ്ടി ഉടനെ ഒരു സിനിമ ചെയ്യും.'

അപ്പോഴേക്കും മുഹമ്മദ് മടങ്ങിവന്നു. ഞങ്ങളുടെ സംസാരം മറ്റെന്തൊക്കെയോ വിഷയങ്ങളിലേക്ക് വഴുതി മാറി. രാത്രി, പിരിയാന്‍ നേരം വാതിലില്‍ കുറച്ചു നേരം താടിയും ചൊറിഞ്ഞുനിന്ന് എന്തോ ആലോചിച്ചിട്ട്, എന്റെ മുഖത്തേക്കു നോക്കി എന്തോ പറയാനാഞ്ഞു, പറഞ്ഞില്ല. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞ് പപ്പേട്ടന്റെ അസിസ്റ്റന്റ് ജോഷി എന്നെ വിളിച്ചു. മദ്രാസില്‍ ഒരു ഹോട്ടലില്‍ താമസിച്ചതിന്റെ ഒരു ബില്ല് സെറ്റില്‍ ചെയ്യണം എന്നായിരുന്നു സന്ദേശം. ഞാനുടനെ എന്റെ മദ്രാസ് ഓഫീസില്‍ വിളിച്ച് ആ ബില്ല് കൊടുപ്പിച്ചു. പപ്പേട്ടന്‍ അതിനു നന്ദി പറഞ്ഞുകൊണ്ട് വിളിച്ചപ്പോള്‍, എറണാകുളത്ത് രണ്ടു ദിവസം കഴിഞ്ഞ് അത്യാവശ്യമായി ഒന്ന് കാണണം എന്ന് പറഞ്ഞു. ഞാനങ്ങനെ എറണാകുളത്ത് പോയപ്പോള്‍ പപ്പേട്ടന്‍ തിരഞ്ഞുപിടിച്ചു വന്നു. വലിയ സന്തോഷം തിരതല്ലുന്ന മൂഡിലാണ്.

'സ്വാമീ, നിങ്ങള്‍ക്ക് വിധിച്ചത് നിങ്ങള്‍ക്കുതന്നെ കിട്ടണം.'

'എന്താ പപ്പേട്ടാ?' ഞാന്‍ ചോദിച്ചു.

'അല്ല സ്വാമീ, ആ ഗന്ധര്‍വന്റെ കഥ ദാ നിങ്ങള്‍ക്ക് ഞാന്‍ തരുന്നു. എന്റെ കുറെ അഭ്യുദയകാംക്ഷികള്‍ ഈ സബ്ജക്റ്റ് ചെയ്യരുതെന്ന് പല തവണ എന്നോട് പറഞ്ഞു. ഞാന്‍ അതൊന്നും വകവെക്കാതെയാണ് അതിനു തുനിഞ്ഞത്.'

ഞാന്‍ അപ്പോള്‍ മണ്ണില്‍ മുഹമ്മദിനെപ്പറ്റിയായിരുന്നു ആലോചിച്ചത്. എന്ത് പറ്റിയിരിക്കാം അയാള്‍ക്ക്? സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ചില ഭാഗങ്ങളില്‍ ഒരു ഇഴച്ചില്‍ വരുന്നുവെന്ന് ഞാന്‍ പപ്പേട്ടനോട് സൂചിപ്പിച്ചു.

'അതൊക്കെ വിഷ്വലൈസ് ചെയ്യുമ്പോള്‍ ശരിയായിക്കൊള്ളും. സ്വാമി അതിലൊന്നും വിഷമിക്കണ്ട.'

പത്മരാജന്‍ വലിയ എഴുത്തുകാരനാണ്. ഞാനോ വെറുമൊരു സിനിമാനിര്‍മാണക്കാരന്‍. ഞാന്‍ എന്ത് അദ്ദേഹത്തെ പഠിപ്പിക്കാനാണ്?
പഴയപോലെ ഞാന്‍ ബോംബെയില്‍ എന്റെ ജോലിത്തിരക്കുമായി അങ്ങനെ പോയി. താമസിയാതെ ഞാന്‍ ഗന്ധര്‍വന്‍ ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറില്‍ തുടങ്ങി. രണ്ടോ മൂന്നോ തവണ മാത്രമേ ഞാന്‍ ലൊക്കേഷനില്‍ പോയുള്ളൂ. ഇടയ്ക്ക് പ്രൊഡക്ഷന്‍ മാനേജരാണ് വിളിച്ചുപറഞ്ഞത്, നായികയായി അഭിനയിക്കുന്ന സുപര്‍ണ ഷൂട്ടിങ് വിട്ടു പോയെന്ന്. അന്വേഷിച്ചപ്പോള്‍ പപ്പേട്ടനുമായാണ് ഇടച്ചില്‍. സുപര്‍ണ വെറുമൊരു നടിയാണ്. ആ കുട്ടിക്കറിയില്ലല്ലോ പത്മരാജന്‍ മലയാളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍കൂടിയാണെന്ന്.

mohanam
പുസ്തകം വാങ്ങാം

ഞാന്‍ വിഷമത്തിലായി. അന്വേഷിച്ചപ്പോള്‍, പപ്പേട്ടനെ അനുസരിക്കാഞ്ഞതാണ് പ്രശ്നമെന്ന് അറിഞ്ഞു. ഞാന്‍ പെട്ടെന്നുതന്നെ ആ കുട്ടിയുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു. പിന്നെയും വഴക്കൊന്നും ഉണ്ടാവാതെ നോക്കാന്‍ ഞാനും ലൊക്കേഷനില്‍ കൂടി. ഇനിയാണ് ഗന്ധര്‍വസംഭവങ്ങള്‍. പടത്തിന്റെ പ്രിന്റ് കണ്ടപ്പോള്‍ യുക്തമായ ചില അഭിപ്രായങ്ങള്‍ ഞാന്‍ പപ്പേട്ടനോട് പറഞ്ഞു. ഒന്ന്, ഒരു പാട്ട് വല്ലാതെ ബോറാവുന്നു; കേള്‍ക്കാന്‍ നല്ല പാട്ടാണെങ്കിലും. മറ്റൊന്ന്, ഗന്ധര്‍വന്‍ അവസാന സീനുകളില്‍ പറയുന്ന ദീര്‍ഘമായ സംഭാഷണങ്ങള്‍ വല്ലാതെ ഇഴയുന്നു.

എന്റെ വാദം രണ്ടും പുള്ളി വകവെച്ചില്ല: 'സ്വാമീ ഞാന്‍ പത്മരാജനാണ്, സിനിമ എന്തെന്നും പ്രേക്ഷകര്‍ക്ക് എന്ത് കൊടുക്കണമെന്നും അറിയാവുന്നവന്‍. ഞാന്‍ എടുത്തതൊന്നും, എഴുതിയതൊന്നും ആരും കട്ട് ചെയ്തിട്ടില്ല ഇതുവരെ. സ്വാമി പേടിക്കാതിരി. പത്മരാജനെ നല്ലോണം അറിയാവുന്നവരാണ് ഇവിടുത്തെ പ്രേക്ഷകര്‍.'

ഓ, ഞാന്‍ വെറുമൊരു നിര്‍മാതാവ് മാത്രമല്ലേ? പത്മരാജനെ തിരുത്താനായിട്ടില്ലല്ലോ ഞാന്‍?പത്മരാജന്‍ എടുത്ത സിനിമ അതുപോലെതന്നെ റിലീസ് ചെയ്തു. എന്റെ വിവരക്കേട് സത്യമായി. ആ പാട്ടുസീന്‍ വരുമ്പോള്‍ ആള്‍ക്കാര്‍ കോട്ടുവായിടാന്‍ തുടങ്ങി. ഗന്ധര്‍വന്റെ അവസാന ഡയലോഗുകളും കാണികള്‍ വിരസതയോടെ, തെറി കമന്റുകളോടെയാണ് സ്വീകരിച്ചത്.

പടം പൊട്ടാന്‍ പോവുന്നുവെന്ന് മനസ്സിലാക്കിയ ഞാന്‍ ആ വിരസമായ സീനുകള്‍ മാറ്റണമെന്ന് ഉറപ്പിച്ചുപറഞ്ഞു. അല്ലെങ്കില്‍ ഞാനത് സ്വയം ചെയ്യുമെന്ന് തീര്‍ത്തുപറയുകയും ചെയ്തപ്പോള്‍ പുള്ളി മനസ്സില്ലാമനസ്സോടെ കുറച്ചു ഭാഗങ്ങള്‍ കട്ട് ചെയ്തു. അതിലും ഫലമുണ്ടായില്ല. എങ്ങനെയും പടം രക്ഷിക്കാന്‍ ഞാന്‍ ഒരു അടിയന്തരനടപടിക്കു തുനിഞ്ഞു. നിതീഷ് ഭരദ്വാജിനെ ബോംബെയില്‍നിന്ന് വിളിപ്പിച്ചു. അന്ന് മഹാഭാരതം സീരിയലില്‍ കൃഷ്ണനായിട്ട് അഭിനയിച്ച പ്രശസ്തിയിലാണ്. ഞാന്‍ വിളിച്ചപ്പോള്‍ തിരക്കുകള്‍ മാറ്റിവെച്ച് നിതീഷ് എത്തി. വടക്കന്‍ജില്ലകളില്‍നിന്ന് ആരംഭിച്ച് ഗന്ധര്‍വന്‍ കളിക്കുന്ന തിയേറ്ററുകളില്‍ ഓരോന്നിലും നിതീഷിനെയുംകൊണ്ട് ഒന്ന് കറങ്ങി അതിലൂടെ പടം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചാല്‍ ചിലപ്പോള്‍ പടം ഓടിയെങ്കിലോ എന്ന വിചാരമായിരുന്നു മനസ്സില്‍.