പണ്ഡിറ്റ് ജസ്‌രാജ്: അവസാനിക്കാത്ത നാദലഹരി


1987-ല്‍ ജസ്‌രാജും സക്കീര്‍ ഹുസൈനും ചേര്‍ന്നു നടത്തിയ അമേരിക്കന്‍ പര്യടനത്തില്‍ പാടിയിട്ടുള്ള ദര്‍ബാരിരാഗത്തിലുള്ള ഒരു ഖയാലിന്റെ റെക്കോഡ് ഇന്നു നമ്മള്‍ കേള്‍ക്കുമ്പോള്‍ ഇന്നത്തെ ജസ്‌രാജിനെയല്ല നാം ശ്രവിക്കുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം.

പണ്ഡിറ്റ് ജസ്‌രാജ് | ഫോട്ടോ - കെ.കെ സന്തോഷ്, മാതൃഭൂമി ആർക്കൈവ്‌സ്

ഹിന്ദുസ്ഥാനിസംഗീതലോകത്ത് എണ്‍പത്തിയേഴാം വയസ്സിലും സജീവമായി കച്ചേരികളില്‍ പാടിക്കൊണ്ടിരുന്ന ഗായകനായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്. അദ്ദേഹം മേവതി ഘരാനയെ പ്രതിനിധാനം ചെയ്യുന്നു. നാലു തലമുറകളായി സംഗീതത്തെ ഉപാസിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിലാണ് ജസ്‌രാജ് ജനിച്ചത്. പിതാവ് പണ്ഡിറ്റ് മോത്തിറാം, ജസ്‌രാജിനു മൂന്നു വയസ്സുള്ളപ്പോള്‍ മരണത്തെ പുല്കി. സംഗീതത്തില്‍ ഭ്രമം മൂത്ത് സ്‌കൂള്‍വിദ്യാഭ്യാസംതന്നെ തകരാറിലായ ജസ്‌രാജിനെ പിന്നീട് പാട്ടു പഠിപ്പിച്ചത് മൂത്ത സഹോദരന്മാരായ പണ്ഡിറ്റ് മണിറാമും പണ്ഡിറ്റ് പ്രതാപ് നാരായണനുമാണ്.

പഞ്ചാബിലെ ഹിസാറിലാണ് ജസ്‌രാജ് ജനിച്ചതെങ്കിലും പിതാവ് ഹൈദരാബാദിലെ നൈസാം രാജാവിന്റെ കൊട്ടാരം ഗായകനായിരുന്നതിനാല്‍ അവിടെയാണ് വളര്‍ന്നത്. തുടക്കത്തില്‍ മണിറാമിന്റെ കീഴില്‍ തബല വായിക്കാന്‍ പഠിച്ച ജസ്‌രാജ്, പെട്ടെന്ന് ഒരുനാള്‍ വായ്പ്പാട്ടു പഠനത്തിലേക്കു തിരിയുകയായിരുന്നു. സാരംഗിവാദകര്‍ക്കും തബലവാദകര്‍ക്കും സ്റ്റാറ്റസ് കുറവാണെന്ന തോന്നലായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍.

ഹിന്ദുസ്ഥാനിയിലെ ഒരു ഗായകനായിത്തീരാതെ താനിനി സ്വന്തം മുടി മുറിക്കുകയില്ല എന്നൊരു ശപഥവും ജസ്‌രാജ് എടുത്തു. അങ്ങനെ തന്റെ ആത്മീയഗുരുവായിരുന്ന മഹാരാജ ജയ്‌വന്ത് സിങ്ങിന്റെ ഉത്തമമായ പിന്‍ബലത്തോടെ ഉസ്താദ് ഗുലാംഖാദര്‍ ഖാന്‍, സ്വാമി വല്ലഭദാസ് എന്നീ ഗുരുക്കന്മാരുടെ കീഴില്‍ ജസ്‌രാജ് വായ്പ്പാട്ടു പഠനം ഊര്‍ജിതമാക്കി. ഗുലാം ഖാദര്‍ ഖാന്‍ മേവതി ഘരാനയില്‍പ്പെട്ടയാളായിരുന്നെങ്കിലും സ്വാമി വല്ലഭദാസ് ആഗ്ര ഘരാനയിലാണ് ഉള്‍പ്പെട്ടിരുന്നത്. എങ്കിലും പിന്നീടുള്ള കാലത്ത് ജസ്‌രാജ് മേവതി ഘരാനയുടെ വഴിയേ തന്നെയാണ് സഞ്ചരിക്കാനാരംഭിച്ചത്. പാട്ടു പഠിച്ച് ആകാശവാണിയില്‍ ഒരു കച്ചേരി അവതരിപ്പിച്ചതിനുശേഷമേ ജസ്‌രാജ് തന്റെ ശപഥം നിമിത്തം ക്രമാതീതമായി വളര്‍ന്നിരുന്ന മുടി മുറിച്ചുമാറ്റിയുള്ളൂ എന്നൊരു കഥയും പറഞ്ഞുകേട്ടിട്ടുണ്ട്.

മൂന്നര സ്വരാഷ്ടകംവരെ വ്യാപ്തിയില്‍ പാടാന്‍ ശേഷിയുള്ളതും നാദപ്രകമ്പനം സൃഷ്ടിക്കാന്‍ കഴിവുള്ളതുമായ ശബ്ദപ്രപഞ്ചമാണ് പണ്ഡിറ്റ് ജസ്‌രാജിന്റെ ശ്രേഷ്ഠബലം. ഈ ശബ്ദഗുണത്തെ സൂക്ഷ്മതലത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതിലൂടെ മേവതി ഘരാനയുടെ സവിശേഷമായ ആലാപനരീതികള്‍ കൃത്യമായും അതേസമയം ലാഘവത്തോടെയും പിന്തുടരാന്‍ ജസ്‌രാജിനു സാധിക്കുന്നുണ്ട്. പക്ഷേ, സംഗീതത്തെ ഗൗരവബുദ്ധിയോടെ സമീപിക്കുന്നതിനെക്കാള്‍ ജസ്‌രാജ് ഇഷ്ടപ്പെടുന്നത് ആ കലയുടെ ആനന്ദവും മാധുര്യവും കലര്‍ന്ന ലയത്തെയാണ്. അതുകൊണ്ടുതന്നെ അധികവും ശൃംഗാരനിര്‍ഭരമായ കൃഷ്ണസങ്കല്പത്തെയാണ് ഈ ഗായകന്‍ ആലാപനത്തിലൂടെ ഉപാസിക്കുന്നത്.

സദാസമയവും നവോന്മേഷം തുടിക്കുന്ന തെളിഞ്ഞ പ്രകൃതിയെയാണ് ജസ്‌രാജ് സംഗീതത്തിലൂടെ സ്വപ്നം കാണുന്നത്. പാരമ്പര്യസംഗീതത്തെ ആഡംബരപൂര്‍ണമാക്കുന്ന ആലാപനമികവാണ് പണ്ഡിറ്റ് ജസ്‌രാജ്. എപ്പോഴും ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഒരു മന്ത്രോച്ചാരണത്തോടെ കച്ചേരികള്‍ ആരംഭിക്കുന്ന ജസ്‌രാജ് കൂടുതലും കൃഷ്ണഗാനങ്ങള്‍തന്നെ പാടുകയും ചെയ്യുന്നു. ആത്മാന്വേഷണമോ ദാര്‍ശനികതയോ ഒന്നുംതന്നെ ജസ്‌രാജ് സംഗീതത്തിന് ഒരിക്കലും വിഷയീഭവിക്കാറില്ല. അദ്ദേഹം പാടുന്നത് ആസ്വാദകനുവേണ്ടിയാണ്, തനിക്കുവേണ്ടിയല്ല. തന്റെ മുന്നില്‍ സംഗീതം കേള്‍ക്കാനിരിക്കുന്ന ആസ്വാദകവൃന്ദത്തെ അദ്ദേഹം ശരിക്കും ദര്‍ശനം ചെയ്യുന്നു. അവരിലേക്ക് തന്റെ സിദ്ധിയുടെ വെളിച്ചത്തെ പ്രകാശിപ്പിക്കുക എന്നതാണ് ഒരു സംഗീതജ്ഞനെന്ന നിലയിലുള്ള തന്റെ ധര്‍മമെന്നും ജസ്‌രാജ് വിശ്വസിക്കുന്നുണ്ട്. ആ വിശ്വാസത്തിന്റെ വിജയം ജസ്‌രാജ് ആഘോഷിക്കുന്നതാകട്ടെ, നല്ലൊരു ആസ്വാദകക്കൂട്ടത്തെ എപ്പോഴും തന്റെ മുന്നിലേക്കാകര്‍ഷിക്കാന്‍ കഴിയുന്നതിലൂടെയുമാണ്.

1987-ല്‍ ജസ്‌രാജും സക്കീര്‍ ഹുസൈനും ചേര്‍ന്നു നടത്തിയ അമേരിക്കന്‍ പര്യടനത്തില്‍ പാടിയിട്ടുള്ള ദര്‍ബാരി രാഗത്തിലുള്ള ഒരു ഖയാലിന്റെ റെക്കോഡ് ഇന്നു നമ്മള്‍ കേള്‍ക്കുമ്പോള്‍ ഇന്നത്തെ ജസ്‌രാജിനെയല്ല നാം ശ്രവിക്കുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. അന്നത്തെ ജസ്‌രാജ് കുറെക്കൂടി ഗൗരവമുള്ള ദാര്‍ശനികസംഗീതത്തിനുടമയായിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. പ്രായമേറുന്തോറും ആത്മീയതയില്‍നിന്ന് ശൃംഗാരത്തിലേക്കുള്ള വിപരീതസഞ്ചാരത്തിന്റെ പാതയിലെത്തിപ്പെട്ട ഒരു വഴിപോക്കനെപ്പോലെയാണ് ഈ ഗായകന്‍ ഇന്നു നമ്മുടെ മുന്നില്‍ നില്ക്കുന്നത്.

ഗൗരവസ്വഭാവമുള്ളതും ദുഃഖപൂരിതവുമായ രാഗങ്ങളില്‍ പിന്നീട് ജസ്‌രാജ് ശോഭിക്കാത്തത് അദ്ദേഹത്തിന്റെ കഴിവുകേടുകൊണ്ടല്ല. സംഗീതത്തെക്കുറിച്ചുള്ള ഒരു കലാകാരന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണിത്. ഹവേലി സംഗീതത്തില്‍ ഗവേഷണംതന്നെ നടത്തിയിട്ടുള്ള ജസ്‌രാജ് ആ തരത്തില്‍പ്പെട്ട ഗാനങ്ങളാണ് അധികവും കച്ചേരികളില്‍ പാടാറുള്ളത്. ഉത്തര്‍പ്രദേശാണ് ഹവേലിസംഗീതത്തിന്റെ മാതൃനാടെങ്കിലും ധ്രുപദിനോടു കൂടുതല്‍ അടുത്തുനില്ക്കുന്ന ഒരു ഗാനരൂപമാണത്. പ്രധാനമായും കൃഷ്ണനെ സ്തുതിക്കുന്ന ഗീതങ്ങളാണിവ. കുറച്ചു കാലങ്ങളായി ഭക്തിരസം കലര്‍ന്ന ഭജനുകള്‍ അവതരിപ്പിക്കുന്നതിലും ജസ്‌രാജ് താത്പര്യം കാണിക്കുന്നുണ്ട്.

സംഗീതത്തിലെ ഭക്തിയെപ്പോലും ഒരു ലഹരിയുടെ അനുഭൂതി പകര്‍ന്നുകൊണ്ടാണ് അദ്ദേഹം ആലപിക്കുന്നത്. ജസ്‌രാജിന്റെ വളരെ പ്രശസ്തമായ 'ഓം നമോ ഭഗവതേ വാസുദേവായ...' എന്ന കൃഷ്ണ സഹസ്രനാമം അദ്ദേഹം പാടിക്കേള്‍ക്കുമ്പോള്‍ ആസ്വാദകര്‍ ഭക്തിയുടെ ലഹരി പൂണ്ട് സ്വയം മറന്ന് ചഞ്ചലരായി വേറൊരു ലോകത്തേക്കു പ്രവേശിക്കുന്നത് നമുക്കു മനസ്സിലാക്കാന്‍ കഴിയും. അതുപോലെത്തന്നെയാണ് അദ്ദേഹം ആലപിച്ചിട്ടുള്ള കാളീഭജന്‍, 'മാതാ കാലികാ...' എന്നതും. സംഗീതത്തിനപ്പുറത്ത് ഭക്തിയുടെ ലഹരി നുരയുന്ന ഊര്‍ജപ്രസരണമാണ് അദ്ദേഹം ഈ കൃതിയിലൂടെ നമുക്കു പകര്‍ന്നുതരാന്‍ ശ്രമിക്കുന്നത്. 'റാണി തേരേ ചിര് ജീയോ ഗോപാല്...' എന്ന ശ്രീകൃഷ്ണ വൃന്ദാവനസ്തുതിയും 'ലാല് ഗോപാല് ഗുലാല് ഹമാരി...' എന്ന കൃഷ്ണാഷ്ടകത്തിലെ ഹവേലിയും ജസ്‌രാജിലൂടെ ഏറെ പ്രശസ്തങ്ങളായവയാണ്.

gharana
പുസ്തകം വാങ്ങാം

'ജസ്രംഗി' എന്ന പേരില്‍ ഒരു ജുഗല്‍ബന്ദി ശൈലിതന്നെ ജസ്‌രാജ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു ഗായകനും ഒരു ഗായികയും ഒരേ സമയം രണ്ടു രാഗങ്ങള്‍ ആലപിക്കുന്ന രീതിയാണിത്. കേരളത്തിലെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് രമേശ് നാരായണന്‍, ജസ്‌രാജിന്റെ പ്രമുഖ ശിഷ്യനാണ്. ചില സിനിമകള്‍ക്കുവേണ്ടിയും ജസ്‌രാജ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്, കേരള സര്‍ക്കാരിന്റെ സ്വാതി സംഗീതപുരസ്‌കാരം എന്നിവ ജസ്‌രാജിനു ലഭിച്ചിട്ടുള്ള പ്രധാന ബഹുമതികളും പുരസ്‌കാരങ്ങളുമാണ്.

ഹിന്ദി സിനിമാരംഗത്തെ പ്രശസ്ത സംവിധായകന്‍ വി. ശാന്താറാമിന്റെ മകള്‍ മാധുരയാണ് ജസ്‌രാജിന്റെ പത്നി. ഇവരുടെ മക്കള്‍ ശാരംഗദേവ് പണ്ഡിറ്റും ദുര്‍ഗയുമാണ്. ശാസ്ത്രീയസംഗീതത്തെ ആധുനികകാലവുമായി സംയോജിപ്പിക്കാനുള്ള പണ്ഡിറ്റ് ജസ്‌രാജിന്റെ കഴിവുതന്നെയാണ് ഇന്ന് അദ്ദേഹത്തെ ഉന്നതസ്ഥാനത്തു നിര്‍ത്തുന്നത്.

(രമേശ് ഗോപാലകൃഷ്ണന്‍ രചിച്ച ഘരാന ഹിന്ദുസ്ഥാനി സംഗീതകാരന്മാര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Gharana Malayalam Book Pandit Jasraj Hindustani Music

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


Ever Given Ever Green

1 min

അന്ന് 'എവർഗിവൺ' സൂയസില്‍ കുടുങ്ങി; ഇന്ന് ജീവനക്കാര്‍ക്ക് 5 കൊല്ലത്തെ ശമ്പളം ബോണസായി നല്‍കി കമ്പനി

Mar 22, 2023

Most Commented