അക്ഷരങ്ങളെ അരിച്ചെടുക്കല്‍; എഴുതിത്തുടങ്ങുന്നവര്‍ക്കും എഴുതിത്തേഞ്ഞവര്‍ക്കും ഒരേബാധ്യത- ഇന്ദുഗോപന്‍


മഹാസിദ്ധരല്ലാതെ, സിദ്ധിസ്ഫുലിംഗങ്ങള്‍ മാത്രമുള്ളവരില്‍ പുതിയ എഴുത്തുകാരും പഴയ എഴുത്തുകാരും എന്ന വേര്‍തിരിവ് ഒരുകാലവുമില്ല.

ജി.ആർ ഇന്ദുഗോപൻ, വി.പ്രവീണയുടെ കഥാസമാഹാരമായ പുല്ലിംഗത്തിന്റെ കവർ

വി. പ്രവീണ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുല്ലിംഗം എന്ന കഥാസമാഹാരത്തിന് ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ അവതാരിക.

ചിലരുടെ എഴുത്തു വായിക്കുമ്പോള്‍, നമ്മള്‍ ഈ പ്രപഞ്ചത്തിന്റെ ധാരയില്‍ പെട്ടു പോകുന്നതായി തോന്നും. അതിന് പ്രായവും പക്വതയും കാലവും ദേശവുമൊന്നും പ്രശ്‌നമല്ല. ഒരേ ഭൂമി പങ്കുവയ്ക്കുന്നതില്‍ എവിടെയോ ഉള്ള പാരസ്പര്യം. അത് എങ്ങനെയോ സൂക്ഷ്മമായി അനുഭവിക്കാന്‍ കഴിയുന്നു. എങ്ങനെ, എവിടുന്ന് എന്നറിയില്ല. അതുകൊണ്ടാണ് ഈ എഴുത്ത് എന്നു പറയുന്ന പരിപാടി നിഗൂഢമാണെന്ന് പറയുന്നത്. ഈ കഥകളെഴുതിയ പ്രവീണയുടെ എഴുത്തിലെ ചില ഇടങ്ങള്‍, എന്റെ ഉള്ളിലെ ജീവകണങ്ങള്‍ക്കിടയില്‍ ചിലതിനോടൊക്കെ ഇണക്കം പ്രഖ്യാപിക്കുന്നു, എന്റെ അനുവാദമില്ലാതെയാണ്. അങ്ങനെ ഒരുപിടി പേര്‍, ചെറിയ വ്യത്യാസങ്ങള്‍ മാത്രമുള്ള ഡി.എന്‍.എ വഹിക്കുന്ന കുറച്ചുപേര്‍ക്കു കൂടി ഈ പാരസ്പര്യം അനുഭവിക്കാനാകുമ്പോഴാണ് കഥാകൃത്തുക്കള്‍ ഉണ്ടാകുന്നതും അവര്‍ക്ക് വായനക്കാര്‍ ഉണ്ടാകുന്നതും.പുസ്തകത്തിന് മുന്‍കുറിപ്പെഴുതുന്ന കക്ഷിക്ക് സാമാന്യഗതിയില്‍ വിശ്വാസ്യത കുറവാണ്. മേല്‍പ്പറഞ്ഞ ഇണക്കത്തിന് ആഴത്തില്‍ തെളിവ് ഉണ്ടാകേണ്ടതുണ്ട്.അതിനായി ചിലതുകൂടി പറയാന്‍ ശ്രമിക്കാം.

ദൈവങ്ങളിലൊന്നുമില്ലെങ്കിലും ഞാന്‍ ഈ പ്രപഞ്ചസംഹിതയില്‍ വിശ്വസിക്കുന്ന കക്ഷിയാണ്. കഥാപാത്രങ്ങള്‍ സാമാന്യഗതിയില്‍ മനുഷ്യരാണെങ്കിലും അവരുടെ പരിസരത്ത് കാറ്റും പൂവും മരവും മഴയുമൊക്കെ ഉണ്ടെങ്കില്‍ നന്നെന്ന് വിചാരിക്കുന്ന ആളാണ്. അതിനും മീതെ, ഈ കഥകളില്‍ കഥാപാത്രങ്ങള്‍ക്കു മേലെ പ്രസരിക്കുന്ന മറ്റൊരു അനുഭവതലം ഉണ്ടെങ്കില്‍ അതില്‍ ഭയത്തോടെ, ബഹുമാനത്തോടെ നോക്കിനില്‍ക്കുകയും ചെയ്യാറുണ്ട്. ആ തലം മനഃപൂര്‍വം ഉണ്ടാക്കുന്നതല്ല. അടര്‍ന്നു വീഴുന്നതാണ്.

വി. പ്രവീണ

പ്രവീണയുടെ തെറിവണ്ടി എന്ന കഥ നോക്കുക. അത് ഒരു ടാങ്കര്‍ലോറിയില്‍ ആരോ സ്ഥിരമായി തെറി എഴുതിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുന്ന വേറെ തരം കഥയാണ്. പക്ഷേ, ആ കഥയില്‍ കച്ചോലച്ചെടി, മത്തനില, മാതളഅല്ലികള്‍ തുടങ്ങിയവയൊക്കെ കടന്നു വരുന്നു. ചെരിപ്പെന്ന് നമുക്കെഴുതാം. ഇതില്‍ 'ഇലച്ചാറു പറ്റിയ ചെരിപ്പ്' എന്ന പ്രയോഗമുണ്ട്. ജൈവികമായ ഭാഷയുള്ളവരില്‍ പരാഗണം പോലെ സംഭവിക്കുന്ന ചില സിദ്ധിവിശേഷങ്ങളാണ് ഇവ. ഇത് കൃത്രിമമായി ഉണ്ടാക്കാന്‍ എളുപ്പമല്ല. ഇതേ കഥയില്‍ 'എരിവുള്ള ഒരു ഏമ്പക്കം ശരീരം വെടിഞ്ഞു,' ഒരു മുള്ളാണിയില്‍ നിന്ന് ഷര്‍ട്ട് കീറലോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു' തുടങ്ങിയ വരികള്‍ മറ്റൊരു ഉദാഹരണമാണ്. ജീവബിന്ദുക്കളെല്ലാം ജന്മമുഹൂര്‍ത്തം മുതല്‍, ആ ജീവന്റെ അടിസ്ഥാനത്തിലേക്ക് മടങ്ങാന്‍, വിലയംകൊള്ളാന്‍ ഒരു വാഞ്ഛ കാണിക്കും. ജീവിതാവസ്ഥകളില്‍, നമ്മുടെ നിരന്തരപ്രക്രിയകളില്‍ ഈ വിടുതലിനുള്ള ആര്‍ത്തി അബോധയാ നിരന്തരം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മേല്‍പ്പറഞ്ഞ പ്രവീണയുടെ വരികള്‍ ഈ ദൃഷ്ടാന്തത്തിന് തെളിവാണ്. മനഃപൂര്‍വം എഴുതിയതല്ല. പക്ഷേ, പരമമായ ചില ധാരകളെ പ്രവീണയുടെ ബോധം, അക്ഷരങ്ങള്‍ തിരിച്ചറിയുന്നു. അത് ചെറിയ കാര്യമല്ല. അത് ബോധതലത്തിലും ഉണ്ടാകണം. ഉണ്ടായിരിക്കാം. പക്ഷേ, ആ ബോധ്യത്തില്‍ നിന്ന് അവയെ പല ഇതളുകളായി തലങ്ങളിലായി വിരിയിച്ചെടുക്കേണ്ട ബാധ്യത പ്രവീണയ്ക്കുണ്ട്; എഴുതിത്തുടങ്ങുന്നവര്‍ക്കും എഴുതിത്തേഞ്ഞ ഓരോത്തര്‍ക്കുമുണ്ട്.

ശിക്ഷണം, പരിശീലനം, പരിശ്രമം തുടങ്ങിയവ കുറച്ചു സഹായം ചെയ്യും. കുതിരമേല്‍ കടിഞ്ഞാണുമായി കുതിരക്കാരന്‍ എന്ന മട്ടില്‍ ആ യാത്രയില്‍ നിരന്തരജാഗ്രത പാലിക്കേണ്ടതുണ്ട്. മുള വളരുന്നതുപോലെ എളുപ്പത്തിലല്ല, അക്ഷരമരം വളരുന്നത്. ചന്ദനം പോലെ പല മരങ്ങളില്‍ ആഴ്ന്ന് പോഷണം സ്വീകരിച്ച്, മെല്ലെ വളരെ മെല്ലെയാണ്. ഞാനിതു പറയുന്നത് വലിയ അതിപ്രതിഭാശാലികളെ ഉദ്ദേശിച്ചല്ല. അവര്‍ പല ജന്മങ്ങളില്‍നിന്ന് വളമൂറ്റി കരുതിക്കൊണ്ട് വന്നവരാണ്. അവര്‍ക്ക് ഒന്നും ബാധകമല്ല. അവരുടെ തഴപ്പിന് വിശദീകരണമുണ്ടാക്കാന്‍ കഴിയില്ല. പക്ഷേ, നമ്മുടേത് സിദ്ധിയുടെ ചില സൂചനകള്‍ മാത്രമാണെങ്കില്‍ അതിനെ മനസ്സിലാക്കി പിന്തുടരുക എന്നൊരു പ്രക്രിയയുണ്ട്. മഹാഭൂരിപക്ഷം എഴുത്തുകാരും ആ ഗണത്തില്‍ പെട്ടവരാണ്. പ്രവീണയുടെ മേല്‍പ്പറഞ്ഞ വാചകങ്ങളൊക്കെ ആ പ്രതിഭാസ്ഫുരണങ്ങളാണ്. തിരുവനന്തപുരത്ത് വാമനപുരം നദിയിലും നിലമ്പൂരില്‍ ചാലിയാറിലുമൊക്കെ സ്വര്‍ണത്തിന്റെ തരി മണലിനൊപ്പം ഉണ്ട്. ചിലര്‍ രാവിലെ മുതല്‍ തോര്‍ത്തുമായി വന്ന് അരിച്ചുകൊണ്ടിരിക്കും. നിരന്തരപ്രക്രിയയാണ്. അതുപോലെയായാല്‍ ചില തരി കിട്ടിയെന്നിരിക്കും. ഞാനെന്റെ പ്രകൃതം വച്ച് കണക്കുകൂട്ടുന്നതാണ്. എന്റെ തലം അത്രകണ്ടേയുള്ളൂ എന്ന മട്ടില്‍. അതിലും മീതെയുള്ളവര്‍ ഈ 'നിരന്തര അരിക്കല്‍' കൂടിയുണ്ടെങ്കില്‍ സര്‍വതലത്തിലുമെത്താം.

മഹാസിദ്ധരല്ലാതെ, സിദ്ധിസ്ഫുലിംഗങ്ങള്‍ മാത്രമുള്ളവരില്‍ പുതിയ എഴുത്തുകാരും പഴയ എഴുത്തുകാരും എന്ന വേര്‍തിരിവ് ഒരുകാലവുമില്ല. രചനയുടെ പ്രക്രിയയില്‍ ഓരോ എഴുത്തുകാരനും, ഒന്നേയെന്ന് കഷ്ടപ്പെട്ടു തുടങ്ങിയേ പറ്റൂ. പക്ഷേ, പഴയ എഴുത്തുകാരുടെ ഗുണവും ദോഷവും അവര്‍ക്ക് ചില അളവുകോലുകള്‍ അറിയാം എന്നതാണ്. സ്ഥിരം പലചരക്കുകടയില്‍ ഒരു കിലോ അരി തൂക്കുന്നവന്, അരിയെടുക്കുമ്പോതന്നെ അറിയാം, അത് ഏകദേശം എത്രയുണ്ടെന്ന്. പത്തോ അന്‍പതോ ഗ്രാമിന്റെ വ്യത്യാസമേ വരൂ. അരി തൂക്കുന്നവനെപ്പോലെ, നമ്മുടെ എഴുത്തിലെ ഊര്‍ജത്തിന്റെ തോത് അറിയാന്‍ പറ്റണം. വെറും പരിശീലനമാണ്. സിദ്ധിയല്ല. ഭാഷയൊക്കെ നമുക്ക് ചിന്തേരിട്ട് എടുക്കാം. പക്ഷേ, നേരത്തേ സൂചിപ്പിച്ച ജൈവികത ഉണ്ടാകുക എളുപ്പമല്ല. അത് നേരത്തേ പറഞ്ഞ സിദ്ധിയുടെ സ്ഫുലിംഗം തന്നെയാണ്. വലിയ കാര്യമാണത്. ഒരു അന്‍പതുകൊല്ലം കഴിഞ്ഞാലും ഈ കഥ പൊട്ടിപ്പൊളിഞ്ഞു പോയാലും, ഇതിലെ ഭൂപ്രകൃതി, പശ്ചാത്തലം, ഈ കഥയില്‍ വ്യാപരിക്കുന്ന ജീവന്റെ മറ്റു തലങ്ങള്‍ തുടങ്ങിയവ നിലനില്‍ക്കും. പ്രവീണയുടെ തിയറി, പട്ടം, ഭൂതലസംപ്രേഷണം പോലുള്ള കഥകളില്‍ ഈ അടയാളം വലുതായുണ്ട്. കത്തി പോലുള്ള മികച്ച കഥകളും ഈ പുസ്തകത്തിലുണ്ട്. പരാമര്‍ശിച്ചില്ലെന്നേയുള്ളൂ. പരിശീലനത്തിനൊപ്പം സാമാന്യബുദ്ധി തീര്‍ച്ചയായും ഉണ്ടാകണം. കഥാതന്തുവിലെ പുതുമ സ്വീകരിക്കുന്നതില്‍ ഈ ബുദ്ധിക്ക് ഇടപെടലുകളുണ്ട്. പ്രവീണയുടെ ഒരു കഥയുടെ ആശയം 'ഡല്‍ഹിയിലെത്തുന്ന ഭാഷാജ്ഞാനമില്ലാത്ത വിദേശരോഗികള്‍ക്കും ചികില്‍സകര്‍ക്കുമിടയില്‍ തര്‍ജമകൊണ്ട് പാലം തീര്‍ക്കുന്നവരെ കുറിച്ചാണ്.' ഞാനത് ആലോചിച്ചിട്ടേയില്ല. അപ്പോള്‍ എനിക്കതില്‍ കൗതുകം തോന്നും. വായനക്കാരില്‍ കൗതുകമുണ്ടാക്കുക സാമാന്യബുദ്ധിയുടേയും നല്ല ലക്ഷണമാണ്.

പുസ്തകം വാങ്ങാം

പ്രവീണയുടെ അഷ്ടമൂര്‍ത്തി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്: ജില്ലാ ജനറലാസ്പത്രിയിലെ പഴയ ഗൈനക്കോളജി വാര്‍ഡിനപ്പുറം കാശിത്തുമ്പയും കമ്യൂണിസ്റ്റ് പച്ചയും തഴച്ച കുറ്റിക്കാടാണ്. വലിച്ചെറിഞ്ഞ ചാപിള്ള പോലെ അഴുകിത്തുടങ്ങിയ തേക്കിലകള്‍...അറുത്തുമാറ്റിയ പുക്കിള്‍ക്കൊടിപോലെ കെട്ടു പിണഞ്ഞ വേരുകള്‍...

ആ വേരുകളുടെ ഉപമയെ ഇതിലും ഗാഢമായി അനുഭവിപ്പിക്കാനാവില്ല. കഥാപരിസരവുമായി ഇണക്കിച്ചേര്‍ന്ന് ഉപമ വരുന്നതില്‍ ഉദാഹരണമാക്കാന്‍ പറ്റുന്ന മട്ടിലുമാണ്. ഒരു ഫോറന്‍സിക് സര്‍ജന്റെ സഹായിയുടെ കഥയാണ് പറയുന്നത്. പരിസരം നന്നായി പഠിച്ചെടുത്തിട്ടാണ് അവതരണമെന്ന് പല വിവരണങ്ങളും വിശദീകരിക്കുന്നുണ്ട്. കഥ പറയാന്‍ പഠിക്കുന്നതിലെ പാഠങ്ങളാണ് കത്തി എന്ന കഥ.
ഇത്തരം നല്ല ലക്ഷണങ്ങളെ, നേരത്തേ പറഞ്ഞ സിദ്ധിയുടെ സ്ഫുലിംഗങ്ങളെ നേരാംവിധം പരിപോഷിപ്പിക്കാന്‍ പ്രവീണയ്ക്ക് ആകട്ടെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

Content Highlights: G.R Indugopan, V..Praveena, Pullimgam, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented