ഫ്രെഡറിക് എംഗല്‍സ്: സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം


സുനില്‍ പി. ഇളയിടം

എംഗല്‍സിന്റെ ഈ വാക്കുകളുടെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജര്‍മനിയിലെ പ്രബലമായ ബൂര്‍ഷ്വാകുടുംബങ്ങളിലൊന്നില്‍ പിറന്നുവെങ്കിലും ബൂര്‍ഷ്വാപരിമിതികള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരാള്‍. ഇരുപതോളം ഭാഷകള്‍ വായിക്കാനും ഒരു ഡസന്‍ ഭാഷകളില്‍ സംസാരിക്കാനും കഴിയുമായിരുന്ന ഒരാള്‍. തത്ത്വചിന്തയും ചരിത്രവും സാമ്പത്തികശാസ്ത്രവും മുതല്‍ സൈനികശാസ്ത്രവും രസതന്ത്രവും ഗണിതവുംവരെ കൈകാര്യംചെയ്തിരുന്ന ഒരാള്‍.

ഫ്രെഡറിക് എംഗൽസ്

'In our eventful time... pure theorists on social affairs are found only on the side of reaction and for this reason these gentlemen are not even theorists in the full sense of the word, but simply apologists of reaction' - Frederick Engels.

1867 ഓഗസ്റ്റ് 16-ന് അര്‍ധരാത്രി കഴിഞ്ഞ് രണ്ടുമണിയോടെ മൂലധനം എന്ന മഹാഗ്രന്ഥത്തിന്റെ അവസാന കരടും തിരുത്തിയതിനുശേഷം ലണ്ടനിലെ മെയ്റ്റ്‌ലാന്‍ഡ് പാര്‍ക്കിലെ തന്റെ ചെറിയ വാടകവീട്ടിലിരുന്ന് മാര്‍ക്‌സ് മാഞ്ചസ്റ്ററിലുള്ള എംഗല്‍സിന് എഴുതി:

'പ്രിയപ്പെട്ട ഫ്രെഡ്,
പുസ്തകത്തിന്റെ അവസാന ഷീറ്റ് (49) ഇതാ തിരുത്തിക്കഴിഞ്ഞു. അനുബന്ധം -മൂലരൂപം- ചെറിയ അക്ഷരത്തില്‍ 11/4 വലുപ്പത്തിലുള്ള ഷീറ്റ്.
മുഖവുര ഇന്നലെ അയച്ചു. അങ്ങനെ ഈ വാല്യം പൂര്‍ത്തിയായിരിക്കുന്നു. താങ്കളെക്കൊണ്ടു മാത്രമാണ് ഇത് സാധ്യമായത്. എനിക്കുവേണ്ടി താങ്കള്‍ ചെയ്ത ആത്മത്യാഗം കൂടാതെ ഈ മൂന്നു വാല്യങ്ങളുടെ മഹാപ്രയത്‌നം എനിക്ക് ഒരിക്കലും ചെയ്തുതീര്‍ക്കാന്‍ കഴിയുമായിരുന്നില്ല. കൃതജ്ഞതാപൂര്‍വം ഞാന്‍ താങ്കളെ ആലിംഗനം ചെയ്യുന്നു.
തിരുത്തിയ പ്രൂഫിന്റെ രണ്ട് ഷീറ്റ് ഇതിനൊപ്പം അയക്കുന്നു.
താങ്കള്‍ അയച്ച 15 പൗണ്ട് നന്ദിപൂര്‍വം കൈപ്പറ്റി.
എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തേ,
അഭിവാദനങ്ങള്‍.
താങ്കളുടെ
മാര്‍ക്‌സ്'.

മാര്‍ക്‌സിസത്തിന്റെ ചരിത്രത്തിലെ, ഒരുപക്ഷേ ആധുനിക മനുഷ്യവംശത്തിന്റെ ചരിത്രത്തിലെത്തന്നെ, അത്യസാധാരണമായ സാഹോദര്യത്തിന്റെയും ബൗദ്ധികസൗഹൃദത്തിന്റെയും കഥയാണ് ഈ കത്തിലെ ചെറിയ വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. സാഹോദര്യഭാവനയ്ക്ക് ഇത്രമേല്‍ ഗാഢമായ വിപ്ലവമൂല്യം ചരിത്രത്തില്‍ ഏറെയൊന്നും കൈവന്നുകാണില്ല. മാര്‍ക്‌സിന്റെ വ്യക്തിജീവിതത്തിലെന്നതുപോലെ മാര്‍ക്‌സിസത്തിന്റെ ചരിത്രജീവിതത്തിലും എംഗല്‍സിനുള്ള അനന്യമായ സ്ഥാനം മാര്‍ക്‌സ് ഒരൊറ്റ വാക്യത്തില്‍ ഈ കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: 'താങ്കള്‍ മൂലമാണ് ഇതു സാധ്യമായത്'. മൂലധനത്തിന്റെ രചനയ്ക്കും അതിന്റെ പില്‍ക്കാലവാല്യങ്ങളുടെ പ്രസാധനത്തിനും മാത്രം ബാധകമായ ഒരു പ്രസ്താവനയല്ല ഇത്. മാര്‍ക്‌സിനും മൂലധനത്തിനുമെന്നപോലെ മാര്‍ക്‌സിസത്തിനും അതിന്റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പില്‍ക്കാലജീവിതത്തിനും ഈ പ്രസ്താവന അത്രതന്നെ ബാധകമാണ്. എംഗല്‍സിന്റെ അഭാവത്തില്‍ മൂലധനമെന്നതുപോലെ മാര്‍ക്‌സിസത്തിന്റെ ചരിത്രജീവിതവും ഇതുപോലെ സാധ്യമാവുമായിരുന്നില്ല.

ഒന്ന്

ഫ്രെഡറിക് എംഗല്‍സിന്റെ ജനനത്തിന് 2020 നവംബര്‍ 28-ന് 200 വര്‍ഷം തികയുന്നു. മാര്‍ക്‌സിസ്റ്റ് സമീക്ഷയുടെ സംസ്ഥാപനത്തിന്റെയും അതിന്റെ രാഷ്ട്രീയനിര്‍വഹണത്തിന്റെയും ചരിത്രത്തിലെ ഒന്നാംപേരുകാരിലൊരാളാണ് എംഗല്‍സ്. മാര്‍ക്‌സിന്റെ പിന്നണിപ്പാട്ടുകാരനായി (ലെരീിറ ളശററഹല ീേ ങമൃഃ) മാത്രമേ അദ്ദേഹം എപ്പോഴും സ്വയം പരിഗണിച്ചിരുന്നുള്ളൂ. എങ്കിലും മാര്‍ക്‌സിസത്തിന്റെയും തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെയും ചരിത്രത്തില്‍ എംഗല്‍സിന്റെ സ്ഥാനം മാര്‍ക്‌സിനൊപ്പംതന്നെയായിരുന്നു. മറ്റാരെക്കാളും കൂടുതലായി ഇക്കാര്യം തിരിച്ചറിഞ്ഞത് മാര്‍ക്‌സ് തന്നെയാണ്. അതദ്ദേഹം മറയില്ലാതെ എഴുതുകയും ചെയ്തു. തന്റെ സഹയാത്രികനാകുന്നതിനും മുന്‍പേ, സ്വന്തമായ ആലോചനകളുടെയും അനുഭവത്തിന്റെയും ബലത്തില്‍, തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രപരമായ രംഗപ്രവേശവും വ്യാവസായികമുതലാളിത്തത്തില്‍ നിലീനമായ ഗാഢവൈരുധ്യങ്ങളും എംഗല്‍സ് കണ്ടെത്തിയിരുന്നുവെന്ന് മാര്‍ക്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്. ധൈഷണികതയുടെ ഉദ്ധൃതഭാവങ്ങളേതുമില്ലാതെ, എപ്പോഴും സ്വയം പിന്‍വാങ്ങിനിന്നെങ്കിലും എംഗല്‍സ് ഒരു പിന്നണിപ്പാട്ടുകാരന്‍ മാത്രമായിരുന്നില്ല. ഏതുനിലയ്ക്കും അവരുടേത് ഒരു സംഘഗാനമായിരുന്നു.

ഒരര്‍ഥത്തില്‍, നവോത്ഥാനകാലബുദ്ധിജീവികളെക്കുറിച്ച് എംഗല്‍സ് എഴുതിയതിന്റെ നേര്‍ത്തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെയും ജീവിതം. പ്രകൃതിയുടെ വൈരുധ്യാത്മകത എന്ന കൃതിയില്‍ നവോത്ഥാന ബൗദ്ധികതയെക്കുറിച്ച് എംഗല്‍സ് എഴുതി:
'ചിന്താശക്തിയിലും വികാരപരതയിലും സ്വഭാവബലത്തിലും സാര്‍വത്രികതയിലും പാണ്ഡിത്യത്തിലും അതികായന്മാരായവരെ സൃഷ്ടിച്ച കാലമായിരുന്നു അത്. ബൂര്‍ഷ്വാസിയുടെ ആധുനികവാഴ്ചയ്ക്ക് അടിത്തറയിട്ടവരെ ബൂര്‍ഷ്വാപരിമിതികള്‍ തൊട്ടുതീണ്ടിയിരുന്നില്ല. നേരേമറിച്ച് ആ കാലത്തിന്റെ സാഹസികസ്വഭാവം അവരെ വിവിധ തോതുകളില്‍ ആവേശംകൊള്ളിക്കുകയാണ് ചെയ്തത്. വിപുലമായി സഞ്ചരിക്കുകയും നാലഞ്ചു ഭാഷകള്‍ സംസാരിക്കുകയും പല രംഗങ്ങളില്‍ ശോഭിക്കുകയും ചെയ്യാത്തവരായി ആരുംതന്നെ അന്നു ജീവിച്ചിരുന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല... അന്നത്തെ വീരപുരുഷന്മാര്‍ തൊഴില്‍വിഭജനത്തിന്റെ അടിമകളായിരുന്നില്ല. ഏകപക്ഷീയതയുളവാക്കുന്ന അതിന്റെ നിയന്ത്രണഫലങ്ങള്‍ അവരുടെ പിന്‍ഗാമികളില്‍ നാം പലപ്പോഴും കാണാറുണ്ടല്ലോ. അവരില്‍ ഏതാണ്ടെല്ലാവരും ജീവിച്ചതും പ്രവര്‍ത്തിച്ചതും സമകാലീന പ്രസ്ഥാനങ്ങളുടെ നടുവിലും പ്രായോഗികസമരരംഗത്തും ആണെന്നതാണ് അവരുടെ സവിശേഷലക്ഷണം. അവര്‍ സമരത്തില്‍ ഭാഗം പിടിക്കുകയും പങ്കെടുക്കുകയും ചെയ്തു. ചിലര്‍ എഴുത്തും പ്രസംഗവും വഴി; വേറെ ചിലര്‍ വാളെടുത്ത്; പലരും രണ്ടുതരത്തിലും. അവരെ തികഞ്ഞ മനുഷ്യരാക്കിത്തീര്‍ത്ത ആ സ്വഭാവബലത്തിനും മിഴിവിനും നിദാനം ഇതാണ്. പഠനമുറിയില്‍ കഴിച്ചുകൂട്ടിയവര്‍ അപൂര്‍വമായിരുന്നു. അവര്‍ ഒന്നുകില്‍ രണ്ടാംകിടക്കാരോ മൂന്നാം കിടക്കാരോ ആയിരുന്നു. അല്ലെങ്കില്‍ സ്വന്തം തൊലി നോവിക്കാന്‍ തയ്യാറല്ലാത്ത ജാഗരൂകരായ കേവലപണ്ഡിതന്മാരായിരുന്നു.'

weekly
പുസ്തകം വാങ്ങാം

എംഗല്‍സിന്റെ ഈ വാക്കുകളുടെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജര്‍മനിയിലെ പ്രബലമായ ബൂര്‍ഷ്വാകുടുംബങ്ങളിലൊന്നില്‍ പിറന്നുവെങ്കിലും ബൂര്‍ഷ്വാപരിമിതികള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരാള്‍. ഇരുപതോളം ഭാഷകള്‍ വായിക്കാനും ഒരു ഡസന്‍ ഭാഷകളില്‍ സംസാരിക്കാനും കഴിയുമായിരുന്ന ഒരാള്‍. തത്ത്വചിന്തയും ചരിത്രവും സാമ്പത്തികശാസ്ത്രവും മുതല്‍ സൈനികശാസ്ത്രവും രസതന്ത്രവും ഗണിതവുംവരെ കൈകാര്യംചെയ്തിരുന്ന ഒരാള്‍. കലയിലും സാഹിത്യത്തിലും മുതല്‍ പാനോത്സവങ്ങളില്‍ വരെ പങ്കുചേര്‍ന്ന് തന്റെയും തനിക്കൊപ്പമുള്ളവരുടെയും ജീവിതത്തെ ആഹ്ലാദനിര്‍ഭരമാക്കിയ ഒരാള്‍. പഠനമുറിയില്‍ മാത്രമായി ഒരിക്കലും കഴിച്ചുകൂട്ടാതെ, അപകടകരമായ ഏതു സന്ദര്‍ഭത്തിലും അതിന് നടുവിലിറങ്ങിനിന്ന ഒരാള്‍. നിറതോക്കുമായി കൊളോണിലെയും എല്‍ബെര്‍ഫില്‍ഡിലെയും തെരുവിലിറങ്ങി, തൊഴിലാളികള്‍ക്കൊപ്പം ബാരിക്കേഡുകള്‍ തീര്‍ത്ത ഒരാള്‍. ആധുനിക മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഭകളിലൊരാളായ മാര്‍ക്‌സുമായി നാലു പതിറ്റാണ്ടുകാലം അഭംഗുരമായ ബൗദ്ധികവിനിമയം സാധ്യമായ ഒരാള്‍. തത്ത്വചിന്തകരുടെ ലോകവ്യാഖ്യാനങ്ങളില്‍നിന്ന് ലോകത്തെ വിപ്ലവകരമായി പുതുക്കിപ്പണിയുന്ന കാര്യപരിപാടിയിലേക്കുള്ള മാര്‍ക്‌സിസത്തിന്റെ സഞ്ചാരപഥത്തിലെ എക്കാലത്തെയും വലിയ യാത്രികരിലൊരാള്‍. ചരിത്രത്തില്‍ അത്യപൂര്‍വമായി മാത്രം കാണാനാവുന്ന പരിത്യാഗബോധത്തോടെ തന്റെ ജീവിതത്തെയും ബൗദ്ധികതയെയും മാര്‍ക്‌സിനായി സമര്‍പ്പിച്ച സാഹോദര്യഭാവനയുടെ ഉടമയായ ഒരാള്‍..

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Friedrich Engels Article by Sunil P Ilayidam Mathrubhumi weekly

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented